കഥാജാലകം

View Original

മഴയിൽ മാത്രം പൂക്കുന്ന പ്രണയവള്ളികൾ

ഓർമ്മകൾ പുറകിലേക്ക് പോകും തോറും മഴയങ്ങനെ നിർത്താതെ പെയ്യുകയാണ്. വീടിനു മുന്നിലെ ഇളം തിണ്ണയിൽ മഴ നോക്കി നിൽക്കുന്ന ആറു വയസ്സുകാരിയുടെ പെറ്റിക്കോട്ട്  മുഴുവൻ നനഞ്ഞിരുന്നു. ബാല്യത്തിന്റെ കൗതുകങ്ങളും കുസൃതികളും നിറഞ്ഞ മഴക്കാലത്തിൽ മതിമറന്നു നിന്നിരുന്ന ഒരുകുറുമ്പത്തിപെണ്ണ് . പിന്നീട്  നീണ്ട  ഇടവഴികളിലൂടെ  ആലിലകൾ  വീണുകിടക്കുന്ന അമ്പലപ്പടികൾ ഓടിക്കയറി, മുനിഞ്ഞുകത്തുന്ന തിരിനാളങ്ങളുടെ പ്രഭയിൽ കള്ളച്ചിരിയോടെ തന്നെ നോക്കുന്ന കണ്ണനോടുള്ള പ്രണയത്തിനു അവൾ കുട്ടുപിടിച്ചതും മഴപ്പെണ്ണിനെത്തന്നെയായിരുന്നു. പിന്നിട്  എപ്പോഴോ അംഗഭംഗം വന്ന മഴപ്രേമം പൊടിതട്ടിയെടുത്തത് ഇരുപതിന്റെ വക്കുകൾ പൊട്ടിനിൽക്കുന്ന ചില പാതിരാത്രികളിൽ ആയിരുന്നു.

കോളേജ്  പഠനത്തിന്റെ അവസാന തിരക്കിലായിരുന്ന അവളുടെ മനസിലേക്ക് ഒളികണ്ണ് എറിഞ്ഞ അവനോടുള്ള പ്രണയം തികട്ടിവന്ന സമയം. എന്നാൽ തികട്ടൽ സെമസ്റ്റർ പരീക്ഷകളുടെയും വൈവോസികളുടെയും വലയ്‌ക്കുള്ളിൽ കുരുങ്ങി ഇടയ്ക്കെപ്പോഴോ നിന്ന്  പോയി. എന്നാൽ അതിതീവ്രതയോടെ സടകുടഞ്ഞ്   എണീറ്റത് മറ്റൊരു മഴക്കാലത്തും. ഒരു തുറന്നു പറച്ചിലിൽ അവസാനിച്ചു പോകരുത്  എന്നാഗ്രഹിച്ചത് കൊണ്ട്  ആ കണ്ണുകളെ സ്വപ്നം കണ്ട രാത്രിയിൽ മാത്രം പെയ്യുന്ന മഴയ്ക്ക് ഒപ്പമായിരുന്നു. കരിപ്പുതപ്പിനുള്ളിൽ മുടിയഴിച്ച്  ഉന്മാദവദിയാക്കാൻ എത്തുന്ന മഴപ്പെണ്ണിനോട്  അവൾ സ്വപ്നങ്ങൾ പങ്കുവെച്ചു തുടങ്ങി.

സ്വപ്നങ്ങൾക്കു സ്വയം ചിറകു നൽകി.

അവനറിയാതെ അവൾ അവനെ പ്രണയിച്ചു. ഓരോ മഴയിലും പ്രണയവള്ളികൾ തളിർത്തു തുടങ്ങി.

തളിരിടുന്ന പ്രണയവള്ളികൾ വേനൽക്കാലത്തു കത്തിക്കരിയുകയും ചെയ്തു. ശരീരമാകെ തണുപ്പിക്കുന്ന രാത്രിമഴയിൽ  മാത്രം അവൾ അവനെ കുറിച്ച്  ഓർത്തു.

ഒരുനോട്ടം മാത്രം ബാക്കി വെച്ച് മറ്റുപലരെയും പ്രണയിക്കുന്നവനെന്നു മനസിനെ പറഞ്ഞു പഠിപ്പിച്ച് ഇടയ്ക്കൊക്കെ പരിഭവം പൂണ്ടു.

രണ്ടു വർഷക്കാലത്തെ പ്രണയമഴ ഒരുവേനൽ പകുതിയിൽ ഉരുകിയിറങ്ങി. 

അടുത്ത വർഷകാലത്ത് അവൻ മറ്റൊരാളുടെ കൈപിടിക്കും എന്നറിഞ്ഞത്  കൊണ്ടാണോ എന്തോ ഇടയ്ക്കു വിരുന്നെത്തിയ വേനൽമഴ ഒരു പുഞ്ചിരി പോലും തരാതെ കടന്നുകളഞ്ഞു.

അടുത്ത മഴയിൽ അവൾ അയ്യപ്പപ്പണിക്കരുടെ കവിതയിലെ വരികളെഴുതി ഫേസ്ബുക്കിലൊരു പോസ്റ്റുമിട്ടു.

'' ഒരു വാതിൽ മെല്ലെ തുറന്നിറങ്ങുന്നപോലെ

 കരിയില കൊഴിയുന്നപോലെ

 ഒരു മഞ്ഞുകട്ടയലിയുന്നപ്പോലെത്ര

 ലഖുവായി ലളിതമായി നീ മറഞ്ഞു ''