Kadhajalakam is a window to the world of fictional writings by a collective of writers

ഗുൽക്കണ്ട

ഗുൽക്കണ്ട

പതിവുപോലെ നോട്ട്സ് കംപ്ലീറ്റ് ചെയ്തിട്ടില്ല. ശ്യാം സാറിന്റെ പുകഴ്‌ത്തലുകൾ കേൾക്കാൻ താൽപര്യം ഇല്ലാത്തതുകാരണം ഞാനും ഭാസിയും മാത്തമാറ്റിക്സ് ക്ലാസ് കട്ട് ചെയ്ത് നടക്കുകയായിരുന്നു. കള്ളക്കർക്കിടകമാണ്, തോരാത്ത മഴ. കാന്റീനിൽ കയറി നിൽക്കാൻ തീരുമാനിച്ചു.അപ്പോഴാണ് സൈദിക്കാ കാന്റീനിൽ പുതിയ ഒരു ഐറ്റം ഇറക്കിയെന്ന് കേട്ടത്.

"സൈദിക്കാ , പുതിയ സാധനം ഇറക്കിയെന്ന് കേട്ടല്ലോ ! അത് ഒരെണ്ണം"."ഏത് ? ആ... ജ്!! മ്മ്‌ടെ ഗുൽക്കണ്ട !", തിടുക്കത്തോടേ സൈദിക്ക പറഞ്ഞു.പേരിൻറെ വൈവിധ്യം കേട്ട് കമ്പം തോന്നിയ ഞങ്ങൾ ഗുൽക്കണ്ടക്ക് വേണ്ടി ആകാംഷയോടെ കാത്തു നിന്നു. മഴ ശക്തമായി പെയ്തതുകൊണ്ടിരുന്നു. രണ്ട് വർഷമായി പിന്നാലെ നടന്നിട്ടും, ഒരു നോക്ക് പോലും തിരിഞ്ഞ് നോക്കാത്ത ഇസയുടെ എഫ്‌ബി പിക്‌സ് നോക്കണ തിരക്കിലായിരുന്നു ഭാസി. കാന്റീനിൽ തിരക്ക് കൂടിക്കൊണ്ടിരുന്നു. പത്തു മിനിറ്റ് കഴിഞ്ഞപ്പോൾ സൈദിക്ക "ഗുൽക്കണ്ട റെഡി !" എന്ന് പറഞ്ഞ് ഒരു റോസ് ഗ്ലാസ് നീട്ടി. റോസാപ്പൂവിന്റെ മണമുണ്ടയിരുന്നു അതിന്. എടുക്കാൻ വേണ്ടി ഞാൻ കൈ നീട്ടിയതും, വേറൊരു കൈ അതേ ഗ്ലാസ് എടുക്കാൻ വന്നു. തിരിഞ്ഞ് നോക്കിയപ്പോൾ കണ്ടത് രണ്ട് പൂച്ച കണ്ണുകൾ.

ചെറിയൊരു ചമ്മലിൽ ആ കണ്ണുകൾ നാണം കൊണ്ട് താഴ്ന്നിരുന്നു. നാണം കലർന്ന ചിരിയോടെ അവൾ "സോറി " പറഞ്ഞു. കാന്തം പോലെ അദൃശ്യമായ എന്തോ ഒന്ന് എന്നെ അവളിലേക്ക് അടുപ്പിക്കുന്നത് പോലെ എനിക്ക് തോന്നി. "സോറി . ഞാൻ ഓർഡർ ചെയ്‌തത്‌ വേറെയാണ്." എന്ന് പറഞ്ഞ് ഞാൻ അത് അവൾക്ക് നേരെ നീട്ടി. ഒരു ചെറുപുഞ്ചിരിയോടെ അവൾ എന്നെ നോക്കി "ഇറ്റ്‌സ് ഓക്കേ" എന്ന് പറഞ്ഞ് എന്നിൽനിന്നും ഗ്ലാസ്സിലെ 'ഗുൽക്കൊണ്ട മേടിച്ചു. അവളുടെ ചിരിയിൽ മരവിച്ചു പോയ ഞാൻ ഭാസിയുടെ വർത്തമാനമൊന്നും കേട്ടതേയില്ല. ഞാനറിയാതെ അവൾ എന്നിലേക്ക് പെയ്‌തിറങ്ങിയതുപോലെ.

അവൾ ആരാണെന്നറിയാനുള്ള ആകാംഷയുടെ ദിവസങ്ങളായിരുന്നു പിന്നീടുള്ളവ. ക്ലാസ് കഴിഞ്ഞ് കോളേജ് ഗേറ്റിനരികിൽ ആ പൂച്ചകണ്ണുകളെ ഒന്നുകൂടി കാണുവാൻ ഞാൻ കാത്തുനിന്നു. ഒരുദിവസം ഞാനും ഭാസിയും കൂടി ലൈബ്രറിയിലേക്ക് പോയി.  പുസ്തകം വായിക്കാനോ, എടുക്കാനോ പോയതല്ല. അവൻറെ ഉമ്മയുടെ താത്തയാണ് ഞങ്ങളുടെ പ്രധാന ലൈബ്രറേറിയൻ. താത്തക്കൊരു പിറന്നാൾ സമ്മാനം കൊടുക്കുക എന്നതുമാത്രമായിരുന്നു ഈ ലൈബ്രറി സന്ദർശനം കൊണ്ട് ലക്ഷ്യമാക്കിയത്..

സൈഡ് റാക്കിൽ  "ബഷീറിന്റെ പ്രേമലേഖനങ്ങൾ " കണ്ട്, വെറുതെയൊന്ന് മറിച്ചുനോക്കാൻ പോയപ്പോഴാണ്, പുസ്തക്കെട്ടുകളുടെ ഇടയിൽ , ഏറ്റവും അറ്റത്തെ റാക്കിന്റെ അടുത്ത് ആ പൂച്ചകണ്ണുകളെ വീണ്ടും കണ്ടത്. പെട്ടെന്ന് അവളെ കണ്ട ആകംഷയിൽ, തിരിഞ്ഞപ്പോൾ, സൈഡ് റാക്കിലെ പുസ്തകങ്ങൾ എൻറെ കൈ തട്ടി വീണു. പെട്ടന്നാണ് അവൾ തിരിഞ്ഞ് നോക്കിയത്. ചുണ്ടുകളിൽ അന്ന് കണ്ട അതേ കള്ളച്ചിരി. എനിക്ക് അന്ന് തോന്നിയ അതേ ഞെട്ടൽ വീണ്ടും തോന്നി. ഒന്ന് തിരിഞ്ഞ മാത്രയിൽ ആ കണ്ണുകൾ എങ്ങോ ഓടിയൊളിച്ചു. ഭാസിയെ കൂട്ടി അവളെ ഞാൻ എല്ലായിടത്തും തിരഞ്ഞു. എന്നാൽ കാണാൻ കഴിഞ്ഞില്ല.

രാത്രിയിൽ നിലാവെളിച്ചത്തിൽ പ്രണയം എന്ന വികാരത്തിന് ശക്തി കൂടും എന്ന് എനിക്ക് അന്ന് തൊട്ട് മനസ്സിലായി. തിരിഞ്ഞും മറിഞ്ഞും കിടന്നു. ഉറക്കം വരാത്ത രാത്രികൾ. വിശപ്പ് എന്ന വികാരം പൂർണമായും നഷ്ടപ്പെട്ട പോലെ. എന്റെ മാറ്റങ്ങൾ കണ്ട ഭാസി എന്നോട് കാര്യങ്ങൾ ചോദിച്ചു മനസ്സിലാക്കി. ഒരു മണിക്കൂർ എടുത്തിട്ടും ഇന്റഗ്രേഷൻ പൂർത്തിയാക്കാൻ പറ്റാത്ത അവന്റെ മണ്ടയിൽ സെക്കന്റുകൾക്കകമാണ് ഇതിനുള്ള പരിഹാരം ഉദിച്ചത്.

ഈ പ്രപഞ്ചത്തിൽ എന്തോ അസാധാരണമായ ഒന്ന് കണ്ടുപിടിച്ച ഭാവത്തോടെ അവൻ പറഞ്ഞു "പ്രഭ !!!". ഒരു ഞെട്ടലും ഇല്ലാത്ത ഭാവത്തോടെ ഞാൻ ചോദിച്ചു "എന്തു പ്രഭ ?". അവൻ എന്റെ തോളിൽ കൈയിട്ട് വരാന്തയിലേക്ക് കൂട്ടികൊണ്ടുപോയി. ബി എസ് സി കെമിസ്ട്രി ക്ലാസ്സിലേക്ക് ചൂണ്ടിക്കാണിച്ച്  പറഞ്ഞു, "പ്രഭ ദേവ്! എന്റെ സ്‌കൂളിൽ പഠിച്ചതാ. അവളോട് പറഞ്ഞാൽ എന്തെങ്കിലും വഴി പറഞ്ഞ് തരാണ്ടിരിക്കില്ല". പ്രതീക്ഷയോടെ ഞാൻ അവനെ നോക്കി.

പ്രഭയോട് കാര്യങ്ങൾ പറഞ്ഞ് പിറ്റേ ദിവസം തന്നെ ആളെ കണ്ടുപിടിച്ചു. സന .ബി എസ് സി ഫിസിക്സ് ഒന്നാം വർഷ വിദ്യാർത്ഥിനി. ഹോസ്റ്റലിൽ പ്രഭയുടെ മുറിയുടെ തൊട്ടപ്പുറത്തെ മുറിയിലാണ് അവൾ. എനിക്ക് അവളോട് സംസാരിക്കണം എന്നുണ്ടായിരുന്നു. പക്ഷെ അവളെ കാണുമ്പോൾ ഉണ്ടാകുന്ന മരവിപ്പിൽ എനിക്ക് അവളോട് സംസാരിക്കാൻ പറ്റില്ലാന്ന് മനസിലാക്കിയ ഞാൻ, എല്ലാവരെയും പോലെ കത്തെഴുതാൻ തീരുമാനിച്ചു. പ്രഭയുടെ കൈയിൽ കൊടുത്തുവിട്ടു. എന്തായിരിക്കും മറുപടി എന്ന് ചിന്തിച്ച് ആ രാത്രി കടന്നു പോയി. പിറ്റേദിവസം, ക്ലാസ് തുടങ്ങുന്നതിന് മുൻപ് തന്നെ ഞാനും ഭാസിയും കൂടി പ്രഭയെ കാണാൻ പോയി.സന മറുപടി കത്ത്  എഴുതിയില്ല. പകരം കാന്റീനിൽ ആദ്യത്തെ ബ്രേക്കിൽ കാണണമെന്ന് പറഞ്ഞു.

ഒരു അടി ഏറ്റുവാങ്ങാൻ മനസ്സിനെ തയ്യാറാക്കി ഞാൻ കാന്റീനിലേക്ക് പോയി. സൈദിക്ക വേഗം എനിക്ക് ഒരു ഗ്ലാസ് ഗുൽക്കണ്ട നീട്ടി അടുക്കളയിലേയ്ക്ക് നടന്നു. തിരിഞ്ഞ് നോക്കിയത് ആ പൂച്ചക്കണ്ണുകളിലേക്കാണ്. അവളുടെ ചിരിയിലും നോട്ടത്തിലും പ്രണയം തുളുമ്പിയിരുന്നു. പിന്നീട് ഞങ്ങൾ കത്തുകളിലൂടെ പരസ്പരം അറിഞ്ഞു. പ്രണയമെന്ന ദിവ്യാനുഭൂതിയെ ഞാൻ അന്ന് മുതൽ അറിഞ്ഞു. അനുഭവിച്ചു. ആസ്വദിച്ചു.പൂർണചന്ദ്രനെ സ്നേഹിച്ചു തുടങ്ങിയിരുന്ന കാലഘട്ടം.

അവധിക്കാലം കഴിഞ്ഞ് കോളേജിലേക്ക് തിരിച്ചുവന്നപ്പോഴാണ് ഞാൻ ആഹൃദയം നുറുങ്ങുന്ന വാർത്തയറിഞ്ഞത്. സനയുടെ ബാപ്പയ്ക് വയ്യായ്മ കൂടിയപ്പോൾ, അവളുടെ വീട്ടുകാർ അവളെ കല്യാണം കഴിപ്പിച്ചയച്ചു. ഒരുപക്ഷേ അവൾ അച്ഛനെ ഓർത്തുകൊണ്ടായിരിക്കാം ആ കല്യാണത്തിന് സമ്മതം മൂളിയത്. എങ്കിലും എന്തുകൊണ്ടായിരിക്കും അവൾ എന്നോട് കല്യാണത്തിനെക്കുറിച്ച് ഒരുവാക്കുപോലും പറയാതിരുന്നത്? അവൾ ഇപ്പോഴുമെന്നെ സ്നേഹിക്കുന്നുണ്ടായിരുക്കുമോ? എന്നിങ്ങനെ ഉത്തരം കിട്ടാത്ത നൂറായിരം ചോദ്യങ്ങളുടെ മുമ്പിൽ ഓരോ നിമിഷവും ഞാൻ നീറിജിവിച്ചു. പ്രപഞ്ചമാകെ നിശ്ചലമായെന്നപോലെ. മിഴികൾ എന്തിനെന്നറിയാതെ നനഞ്ഞു. പതിയെ നിർജീവമായി.

"മോനേ കിച്ചൂ ...ദാ കഴിക്ക്", ചുളിവുകൾ വീണ കൈകളിൽ ഒരു ഗ്ലാസ് ഗുൽക്കണ്ട സൈദിക്ക സ്നേഹത്തോടെ എനിക്കുനേരെ നീട്ടി. അടുത്തുവന്നിരുന്ന് ഇക്ക ചോദിച്ചു ,"ഇജ്ജ് മ്മ്‌ടെ കടേന്ന് ഗുൽക്കണ്ട കഴിച്ചിട്ട്, ഇത്രനാളായിട്ടും ഇയ്‌ന്റെ രസന്താണെന്നു പറഞ്ഞിട്ടില്ലലോ". ഒരു ചെറുപുഞ്ചിരിയോടെ ഞാൻ സൈദിക്കയെ നോക്കി പറഞ്ഞു, "ഇയ്ന്  മൊഹബത്തിന്റെ രസാ". ഇരുപത് വർഷം പിന്നിട്ടിട്ടും അന്ന് ഞാൻ ആദ്യമായി രുചിച്ച ഗുൽകണ്ടയ്ക്കും പ്രണയത്തിനും ഒരേ സ്വാദാണ്. ഒരുപക്ഷേ യാഥാർഥ്യങ്ങളുടെ ഈ ലോകത്ത് ഇനിയും നിന്നെ ഞാൻ പ്രണയിച്ചാൽ, അത് തെറ്റാണ്. എന്നാൽ, ജാതിക്കും മതത്തിനും ബന്ധനങ്ങൾക്കും മറ്റു പുറംമോടികൾക്കൊന്നിനും സ്ഥാനമില്ലാത്ത മിഥ്യയുടെ ആ ലോകത്ത്, സന, നിന്നെ ഞാൻ ഇന്നും പ്രണയിച്ചുകൊണ്ടിരിക്കുകയാണ്.

നിന്‍റെ വിരലുകള്‍

നിന്‍റെ വിരലുകള്‍

ഞാനും ആക്ടിവിസവും കുറെ കാക്കകളും

ഞാനും ആക്ടിവിസവും കുറെ കാക്കകളും