കഥാജാലകം

View Original

ഞാനും ആക്ടിവിസവും കുറെ കാക്കകളും

പഴുത്ത വേനലിൽ പൊള്ളിക്കിടക്കുന്ന ഹോംസ്റ്റേയുടെ  മുൻപിലെ ടൈലുകളിലും കടന്ന് നോട്ടം തിളങ്ങുന്ന പച്ചപ്പുൽത്തകിടിയിലും, അരുകിൽ നിരനിരയായി നിൽക്കുന്ന ചുമന്ന പേരറിയമരവും ചുറ്റി കറങ്ങി. എങ്ങും ഇല്ല. മതിലിനു പുറത്തെ ചതുപ്പിലോ ടാർ റോഡിലോ നിന്നൊരു കാക്കയുടെ ശബ്ദം പോലും കേൾക്കുന്നില്ല. നഗരത്തിരക്കിൽ നിന്ന് ദൂരെ ഗ്രാമീണ അന്തരീക്ഷത്തിൽ പഴയ തറവാടു പൊളിച്ചമരം കൊണ്ട് പണിത പ്രശസ്തമായ ഹോം സ്റ്റേയിൽ മൂന്നാമത്തെ ഡ്രിങ്കിൽ അലിയുന്ന ഐസ് കഷണങ്ങളെ നോക്കിയിരുന്ന എന്റെ ചിന്തയിൽ പെട്ടെന്ന് കയറിവന്ന നഷ്ട്ടബോധം.

കാക്കകൾ...

പണ്ട് അടുക്കളവശത്തെ വേലിയിലോ മരത്തിലോ ഇരുന്ന് പാളി നോക്കിയിരുന്ന കറുത്ത സുന്ദരൻമാരും  സുന്ദരികളും. ഗ്രാമത്തിൽ എവിടെയും പാറി പറന്നിരുന്ന, കൂട്ടത്തിൽ ഒന്നിനെ ആരെങ്കിലും തൊട്ടാൽ സംഘബലം കാട്ടി വിരട്ടിയിരുന്ന, വൈകുന്നേരം വഴക്കുകൂടി ചേക്കേറിയിരുന്ന കാക്കകൾ. ഒന്നിനെപ്പോലും ഇപ്പോൾ കാണുന്നില്ല. രാവിലെ റൂം സെർവീസിനു വന്ന ബീഹാറിയോടു കാക്കകഥ പറഞ്ഞപ്പോൾ അവൻ വിചിത്രമായി തുറിച്ചു നോക്കി. ഐസ് ക്യൂബുമായി വന്നവനോടും അന്യോഷിച്ചു കാക്കകളെ പറ്റി. കഴിഞ്ഞ കുറച്ചു ദിവസത്തെ പരിചയത്തിന്റെ സ്വാതന്ത്രത്തിൽ ഇതു എഴുത്തുകാർക്കുള്ള സ്വാഭാവിക ഭ്രാന്താണെന്ന് അവൻ പുച്ഛിച്ചു. ആണോ? എന്നെ മാത്രമാണോ ഇവയുടെ അസാന്നിധ്യം അലട്ടുന്നത്? ചിന്തിപ്പിക്കുന്നത്? അറിയപ്പെടുന്ന കവിയും പരിസ്ഥിതി വാദിയും സോഷ്യൽ നെറ്റവർക്ക്കളിലെ ജന്തുസ്നേഹപ്പുലിയും ആയ എന്നെ അത് ചിന്തിപ്പിച്ചില്ലങ്കിലേ അത്ഭുതം ഉള്ളു. എടുത്ത ഡ്രിങ്ക് പാതിയിൽ ഉപേക്ഷിച്ച് പുറത്തെ വെയിലിലേയ്ക്ക് ഇറങ്ങി. അകത്തുനിന്നും കാണുന്നപോലല്ല. തീ വെയിൽ ആണ്. പാതയോരങ്ങളിലെ മരങ്ങളിലെ ശുഷ്കമായ ഇലകൾക്ക് തടയാൻ പറ്റാത്ത വെയിൽ താഴത്തെ റോഡിനെയും പൊള്ളിച്ചു പടരുന്നു. ഇടയ്ക്കുള്ള ഉഷ്ണക്കാറ്റിൽ പറക്കുന്ന പൊടിയും കരിയിലകളും. വഴിയോരത്തിലെ മരങ്ങളിലും കുറ്റികാടുകളിലും ഇലക്ട്രിക്ക് പോസ്റ്റുകളിലും എല്ലാം ഞാൻ പരതിനടന്നു. ഒരു കാ കാ ശബ്ദം... ഒരു കറുത്ത ചിറകടി. ഒരു പാളി നോട്ടം. ലക്ഷ്യമില്ലാതെ ലക്ഷ്യത്തെ തേടി ഞാൻ നടന്നു. നിരാശനായി.

നിശബ്ദതയെ ഭേദിയ്ച്ചു പായുന്ന വാഹനങ്ങളുടെ അലർച്ച മാത്രം. പട്ടണത്തിലെ തിരക്ക് ഗ്രാമത്തിലേയ്ക്കും വ്യാപിച്ചിരിക്കുന്നു. വണ്ടിയിൽ നിന്ന് പുറന്തള്ളുന്ന എ സി യിലെ വെള്ളം നിമിഷം പോലും ബാക്കി വയ്ക്കാതെ റോഡ് വിഴുങ്ങുന്നു. മുമ്പോട്ടു പോകും തോറും വാഹനങ്ങളുടെ എണ്ണം കുറഞ്ഞുവരുന്നു. പരിചിതമല്ലാത്ത സ്ഥലവും ചുറ്റുപാടുകളും. വെയിലിന്റെ കാഠിന്യം അല്പം കുറഞ്ഞപോലെ. ഇലകൾക്ക് പച്ചനിറവും കൂടിതുടങ്ങി. ഇറങ്ങിയിടത്തുനിന്ന് നല്ല ദൂരം ആയിട്ടുണ്ട്. ഇടവഴി വളഞ്ഞും ചിലയിടങ്ങളിൽ പലതായി പിരിഞ്ഞും പോകുന്നു. തിരിച്ചുപോക്ക് വിഷമമായിരിക്കും എന്ന ചിന്ത മനസ്സിന്റെ ഏതോ മൂലയിൽ മാത്രം. അതിന്റെയെല്ലാംമുകളിൽ ഒരേയൊരു ആഗ്രഹം മാത്രം. ഒരു കാക്കയെ കാണണം.

ദൂരെ ഒരു ചെറിയ കാടുപോലെ. വള്ളികൾ പടർന്നു മൂടിയിരിക്കുന്നു. കുറച്ചടുത്തെത്തിയപ്പോൾ ഒരു പഴയ കെട്ടിടമാണെന്ന് മനസ്സിലായി. ചെറിയ മരങ്ങളും കുറ്റിച്ചെടികളും നിറഞ്ഞിരിക്കുന്നു . കുറെ നാളായി മനുഷ്യ സ്പർശനം ഇല്ലാത്ത ഇടം പോലെ തോന്നി . ഒറ്റപ്പെട്ട് ആരും കാണാതെ ഒളിച്ചിരുന്ന പച്ചപ്പ് . പഴയ റെയിൽ പാളത്തിന്റെ ഇരുമ്പും തടികളും ഇലയ്ക്കും പുല്ലിനുമിടയിലൂടെ ചിലയിടങ്ങളിൽ പുറത്തേയ്ക്കുകാണാം . ദൂരെ കാണുന്ന കെട്ടിടം ഒരു പഴയ റെയിൽവേ സ്റ്റേഷൻ പോലെ തോന്നി. പൊളിഞ്ഞ പ്ലാറ്റ്ഫോമിന്റെ ഇടയിലേക്ക് നീളുന്ന റയിലുകൾ . പ്ലാറ്റ്ഫോമിനെക്കാൾ ഉയരത്തിൽ പടർന്ന  പുല്ലുകൾ . ഒടിഞ്ഞ സിമന്റ് ബെഞ്ചുകൾ . പൊട്ടിപ്പൊളിഞ്ഞ ആസ്ബറ്റോസ് മേൽക്കൂര , ഉപേക്ഷിച്ച റെയിൽ ബോഗികൾ .   താഴെ ഇലകൾക്ക് മേലെ ചവിട്ടുന്ന കാലുകൾ താഴ്ന്നു പോകുന്നു . മുന്പോട്ടുള്ള പോക്ക് വിഷമമായി തുടങ്ങി . പലയിടത്തും വെച്ചുപോയി .പടർപ്പു മുള്ളുകൾ പൈജാമയും കടന്ന് കാലുകളിൽ ചോര പൊടിപ്പിച്ചു . നിശബ്ദമായ അന്തരീക്ഷം . ചീവീടില്ല , പക്ഷികളുടെ ഒച്ചയില്ല . ഞെരിഞ്ഞമരുന്ന കരിയിലകളുടെ ശബ്ദം മാത്രം . പക്ഷെ കുറച്ചുകൂടി മുൻപോട്ട് പോയപ്പോൾ ദൂരെ എന്നപോലെ ഒരു മുരളിച്ച കേട്ടുതുടങ്ങി . ഒരു നേർത്ത കൂട്ടക്കരച്ചിൽ പോലെ ....

കാക്കകൾ  ???? കാക്കകളുടെ ശബ്ദമല്ലേ അത്? ഇതു പോലുള്ള ചെറു കാടുകളിൽ സാധാരണ കാക്കകൾ കാണാറില്ല. ജനവാസമുള്ളടുത്താണ് കാക്കകൾ കൂടാറുള്ളത്. കാക്കയെക്കുറിച്ചു മാത്രം ചിന്തിച്ചു നടക്കുന്ന എന്റെ മനസ്സിന്റെ വികൃതിയാണോ ഇത്? അല്ല. കാക്കകൾ തന്നെ. പക്ഷെ ശബ്ദം എവിടുന്ന് വരുന്നു എന്ന് ഊഹിക്കാൻ പറ്റുന്നില്ല. അല്പം ദൂരത്തുനിന്നാണ്. അകലെ ഒറ്റപ്പെട്ടുകിടക്കുന്ന കുറച്ചു ബോഗികൾ കണ്ണിൽപെട്ടു. അവയെ ലക്ഷ്യമാക്കി നടന്നപ്പോൾ ശബ്ദത്തിലേയ്ക്ക് അടുക്കുന്ന പോലെ തോന്നി. കാട്ടുവള്ളികൾ കൊണ്ട് മൂടിയ ബോഗിയുടെ അടുത്തെത്താൻ നല്ല സമയം എടുത്തു. അടുക്കുംതോറും കാക്കക്കരച്ചിൽ വ്യക്തമായി. അതോടെ രൂക്ഷമായ ദുർഗന്ധവും. ചുറ്റുമുള്ള ഇലകളിൽ നിറയെ കാക്ക കാഷ്ഠത്തിന്റെ വെള്ള നിറം. വള്ളിപ്പടർപ്പുകൾ വകഞ്ഞുമാറ്റി ബോഗിയിലേയ്ക്ക് വലിഞ്ഞുകയറി. കാലും കയ്യും എല്ലാം നീറുന്നു. ആയിരക്കണക്കിന് കാക്കകളുടെ ശബ്‌ദവും ബോഗിക്കകത്തെ ഇരുട്ടും മുഖത്തുവന്നിടിച്ചു.

പുറത്തെ വെളിച്ചത്തിൽ നിന്ന് ബോഗിക്കകത് എത്തിയപ്പോൾ കൂരിരുട്ട് . കണ്ണിനുപെട്ടെന്ന് ഭാരം വച്ച പോലെ . കാക്കകളുടെ കരച്ചിൽ കർണപുടം വിറപ്പിച്ചു . കൂടെദുർഗന്ധവും .എല്ലാ  ഇന്ദ്രിയങ്ങളും തിരിച്ചു പോകാൻ ഉപദേശിച്ചു . പക്ഷെ മനസ്സ് അത്മുന്നോട്ടുതന്നെ കുതിച്ചു . അകത്തെ ഇരിട്ടിനോട് പൊരുത്തപ്പെടാൻ അല്പസമയംഎടുത്തു . മുൻപിൽ അവ്യക്ത രൂപങ്ങൾ തെളിഞ്ഞു വന്നു . കാക്കകൾ .... സീറ്റുകളിലും ,ജനൽ കമ്പികളിലും , ലഗേജ് ബെർത്തുകളിലും , ഫാനുകളിലും പൊട്ടിപ്പൊളിഞ്ഞബോഗിക്കകത്ത് എല്ലായിടവും നിറച്ചും കാക്കകൾ . നൂറുകണക്കിന് ആയിരക്കണക്കിന്അതോ അതിലും കൂടുതലോ ?? കാക്കകൾ ...നാട്ടിലെ സകല കാക്കകളും ഈ ഒഴിഞ്ഞ റയിൽ ബോഗ്ഗിക്കകത്ത് വന്നു ചേക്കേറിയിരിക്കുന്നു . അവിശ്വസനീയം! അകത്തെ ഇരിട്ടിനോട് കണ്ണ് സമരസപ്പെട്ടു. കാഴ്ച വ്യക്തമായി . എന്റെ മുഖതേയ്ക്കു തുറിച്ചു നോക്കിയിരിക്കുന്ന കാക്കക്കുട്ടങ്ങൾ . കറുത്ത തിളങ്ങുന്ന കണ്ണുകൾ , കരയുമ്പോൾ ചുണ്ടുപിളർത്തി പുറത്തേയ്ക്കു തെറിക്കുന്ന ചുമന്ന നാവുകൾ ...മനസ്സിൽ എവിടെയോ ഭയത്തിന്റെ ഒരു അണുപോട്ടി . അത് പതിയെ ശരീരത്തിലേയ്ക്ക് വ്യാപിച്ചു. പെട്ടന്ന് കരച്ചിൽ നിന്നു . ഒരുമിച്ച്  സ്വിച്ച്ഓഫ് ചെയ്തപോലെ . ഭീകരമായ നിശബ്ദത . എന്റെ നെഞ്ചിടിപ്പിന്റെ ശബ്ദം ചുറ്റും  പ്രതിധ്വനിക്കുന്നതുപോലെ . വിറയാർന്ന കരങ്ങളോടെ വിയർത്ത ശരീരത്തോടെ ഞാൻ മുന്നോട്ട് നടന്നു . അല്ല ....ആരോ എന്നെ നയിച്ചു. 

മുൻപോട്ടു നീങ്ങുന്ന എൻ്റെ പുറകെ നീങ്ങുന്ന ഓരോ കാക്കക്കണ്ണും ഞാൻ അറിയുന്നുണ്ടായിരുന്നു . മുൻപോട്ട് പോകുംതോറും അവയുടെ എണ്ണം ഞാൻകരുതിയതിലും അധികമാണെന്ന് എനിക്ക് മനസ്സിലായി. അതോടൊപ്പം അസാമാന്യ വലിപ്പമുള്ള കാക്കകളും കാണപ്പെട്ടു. മുട്ടയ്ക്ക് അടയിരിക്കുന്ന ചില കാക്കകളും അതിൽ ഉണ്ടായിരുന്നു . ചില കുഞ്ഞികാക്കകൾ അമ്മയുടെ ചിറകിനടിയിലൂടെ എത്തിനോക്കുന്ന ബോഗിയിലെ സീറ്റുകളും മറ്റു ഭാഗങ്ങളും പൊട്ടി അടർന്ന് ഒരു ഹാളുപോലുള്ള ഒരു സ്ഥലത്തെത്തി. ഒരറ്റത്തായി ഒരു വലിയ കാക്ക ഇരിക്കുന്നു. കത്തുന്ന കണ്ണുകൾ,  ചൂഴ്ന്നിറങ്ങുന്ന നോട്ടം. അതിന്റെ വലിയ കൊക്കുകൾ എന്നെ കൊത്തിവലിക്കാനെന്നപോലെ തുറന്നു. ഒരു ഭീകര ശബ്‌ദം അവിടുന്ന് വന്നു. അതിന്റെ തുടർച്ചയെന്നോണം എല്ലാ കാക്കകളും ചിറകടിച്ചുയർന്നു കരയാൻ തുടങ്ങി. ഞാൻ തിരിഞ്ഞോടി. തിങ്ങിപ്പറക്കുന്ന കാക്കകളെ കൈയ്യിൽ കിട്ടിയ പലകകഷ്ണം കൊണ്ട് അടിച്ചു വഴിയുണ്ടാക്കി, വാതിൽ ലക്‌ഷ്യം വയ്ച്ചു ഞാൻ പാഞ്ഞു. പെട്ടെന്ന് തറയിലെ ഇളകിയ ഇരുമ്പുപലകയിൽ തട്ടി ഞാൻ വീണു. തലയെവിടെയോ ശക്തമായി ഇടിച്ചു.

എത്രനേരം കിടന്നു എന്നെനിക്കൊര്മയില്ല. കണ്ണ് തുറന്നിട്ടും കുറ്റാകൂരിരുട്ടാണ്. ഞാൻ മരിച്ചോ? ഇതാണോ മരണം? മുഖത്തു തൊട്ടപ്പോൾ എന്തോ വഴുവഴുക്കി. തല അനക്കാൻ പറ്റാത്ത വേദന. ഞാൻ മരിച്ചിട്ടില്ല. കാക്കകൾ എന്നെ കൊന്നിട്ടില്ല! തലയിൽ എന്തോ അരിക്കുന്നുണ്ട്, ഉറുമ്പാണ്. കിടന്നകിടപ്പിൽ പോക്കറ്റിൽ തപ്പി നോക്കി, ഭാഗ്യം മൊബൈൽ ഫോൺ വീഴ്ചയിൽ നഷ്ടപ്പെട്ടിട്ടില്ല. പതിയെ എഴുന്നേറ്റിരുന്നു, മൊബൈലിലെ ടോർച്ച് തെളിച്ചു. ഞാൻ പഴയ ബോഗിയിൽ തന്നെയാണ് കിടക്കുന്നത്. സംഭവിച്ച കാര്യങ്ങൾ ഓർത്തെടുത്തു. കാക്കകൾ ആക്രമിച്ചതും ഞാൻ രക്ഷപ്പെടാൻ ശ്രമിച്ചതും വീണതും എല്ലാം. ജനൽക്കമ്പിയിൽ പിടിച്ച് എഴുനേൽക്കാൻ ശ്രമിച്ചു. ഒരു കാലുകുത്താൻ സാധിക്കുന്നില്ല. കഠിനമായ വേദന . എങ്കിലും പിടിച്ചു വാതിലിലേക്ക് നടന്നു. അപ്പോഴാണ് ഒന്ന് ശ്രദ്ധിച്ചത്. കാക്കകൾ ഒന്നിനേയും കാണുന്നില്ല. ശബ്‌ദം ഒന്നും കേൾക്കുന്നില്ല. അവിടെ പൊഴിഞ്ഞു കിടക്കുന്ന തൂവലുകൾ മാത്രം . ഞാൻ ടോർച്ച് പുറകോട്ടു തെളിച്ചു. ഇല്ല, എങ്ങും ഇല്ല. ധൈര്യം സംഭരിച്ച് കാക്കകളുടെ നേതാവിനെ കണ്ട ഹാളിലേക്ക് ഞാൻ തിരിഞ്ഞു നടന്നു. ഇനി അവയെല്ലാം അവിടെ എന്നെ ആക്രമിക്കാൻ പതുങ്ങി ഇരിക്കുകയാണോ? ഏയ് ഇല്ല. എങ്കിൽ ഞാൻ ബോധമറ്റുകിടന്ന സമയത്തു അവർക്കതാവാമായിരുന്നു. ആ ഒരു ചിന്തയുടെ ബലത്തിൽ ഞാൻ മുൻപോട്ടു നടന്നു. മുൻപിൽ കണ്ട കാഴ്ച്ച ദാരുണമായിരുന്നു. പല കാക്കകളും ചത്തുകിടക്കുന്നു. കഴുത്തൊടിഞ്ഞും, തല തകർന്നും, വയറു പിളർന്നും പലയിടത്തായി ചിതറിക്കിടക്കുന്നു. കാക്കമുട്ടകൾ വീണു പൊട്ടിക്കിടക്കുന്നു. കാക്കക്കുഞ്ഞുങ്ങളെ ചവിട്ടി അരച്ചിരിക്കുന്നു. ഇത്ര ക്രൂരത ആരു ചെയ്തു? ഞാൻ ബോധമില്ലാതെകിടന്നപ്പോൾ എന്തോ വലിയ അക്രമം ഇവയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. കഷ്ടം!

അപ്പോഴാണ് ശ്രദ്ധിച്ചത് ഒരു മൂലയിൽ ചെറിയ ഒരനക്കം . ഒരു കാക്ക വളരെ കഷ്ടപ്പെട്ട് മൂലയിലേക്ക് നിരങ്ങി നീങ്ങുന്നു . ഞാൻ അതിന്റെ അടുത്തേയ്ക്കു ചെന്നു . ടോർച്ചടിച്ചപ്പോൾ ഒരു വയസ്സൻ കാക്ക . പിറകോട്ടുപോകാന് ഇടമില്ലാതെ മൂലയിൽ ചാരി ഇരിക്കുന്നു . കോർത്ത കാലുകൾ, കൊഴിഞ്ഞ തൂവലുകൾ പക്ഷെ കത്തുന്ന ചുവന്ന കണ്ണുകൾ! ആ നോട്ടം നേരിടാനാവാതെ ഞാൻ തിരിഞ്ഞു. പെട്ടെന്ന് ഒരു സ്വരം.

മതിയായില്ലേടാ നിനക്ക്?

ഞാൻ ഞെട്ടി. ആ വയസൻ കാക്ക മനുഷ്യസ്വരത്തിൽ എന്നോട് സംസാരിക്കാൻ തുടങ്ങി. ഞാൻ ഒരു സ്വപ്നത്തിൽ എന്നപോലെ കേട്ടുനിന്നു. മാവും പ്ലാവും വെട്ടി അക്കേഷ്യയും യൂക്കാലിയും വയ്ച്ചതും, ഭൂമി മുഴുവൻ സിമന്റും ടാറും കൊണ്ട് മൂടിയതും, വിഷമടിച്ചു തവളെയും മീനെയും കൊന്നതും, വെള്ളം കുടിക്കാൻ വയ്യാതാക്കിയതും, വായു ശ്വസിക്കാൻ കൊള്ളതാക്കിയതിനെക്കുറിച്ചുമാണ് അവൻ പറയുന്നത്. മനുഷ്യന്റെ ഈ ഹുങ്കിനെ എതിർത്തു തോൽപിക്കാൻ ശേഷിയില്ലാത്ത സാധുക്കളായ കാക്കകൾ ഈ ഒളിത്താവളത്തിൽ വന്നു ചേക്കേറിയ കഥ. ഒടുക്കം അവസാനത്തെ ഒളിത്താവളവും കണ്ടുപിടിച്ച പരമ ദുഷ്ടനായ എന്നെ കത്തുന്ന മിഴിയോടെ അവൻ ആവർത്തിച്ചു ശപിച്ചു . വലിയ വായിൽ കരഞ്ഞുതളർന്ന് കഴുത്തൊടിഞ്ഞു ചത്തുമലച്ചു.

ഞാൻ തിരിഞ്ഞു നടന്നു. കൈയിലെ മൊബൈൽ വീണുപോയത് ഞാൻ അറിഞ്ഞില്ല. കാലിലെ വേദന ഞാൻ മറന്നു. ഇരുട്ടിൽ ചെന്നിടിക്കുന്ന ഭാഗമൊഴിഞ്ഞു ഞാൻ നടന്നു. കാക്കത്തലവന്റെ കണ്ണിൽ അഗ്നി ആയിരുന്നില്ല, നിസ്സഹായതയുടെ കണ്ണുനീരായിരുന്നു. കാക്കകളുടെ കരച്ചിൽ അക്രമത്തിനായിരുന്നില്ല രക്ഷപെടലിനായിരുന്നു. ഞാൻ പേടിച്ചോടിയപ്പോൾ തകർത്തതായിരുന്നു ആ കാക്കകളുടെ ജീവനും, ചവിട്ടിപ്പൊട്ടിച്ച മുട്ടകളും. തങ്ങളുടെ അവസാന താവളവും നഷ്ടപ്പെട്ടു പറന്നകലുന്ന കാക്കകളുടെ കരച്ചിലിന് മനുഷ്യകുലം മുഴുവൻ മുടിക്കാനുള്ള ശക്തിയുണ്ട് എന്നുഞാനറിയുന്നു. ഭൂമിക്ക് അധികപ്പറ്റായ മനുഷ്യൻ എന്ന ജീവിയുടെ ഒരു പ്രതിനിധിയായി ഈ ഇരുട്ട് ഇനി മായല്ലേ എന്നാഗ്രഹിച്ചു കൊണ്ട് ഞാൻ നടന്നു.