അങ്ങ് മലകൾക്കപ്പുറത്ത്
യാത്രകളോട് എന്നും എനിക്ക് പ്രണയമാണ്. ആഗ്രഹം ഉണ്ട് അദ്ദേഹത്തിന്റെ കൂടെ യാത്രകൾ പോകണം എന്ന്. ഇതുവരെ അത് സാധിച്ചിട്ടില്ല. എന്നാൽ ഒരു ദിവസം അത് തീർച്ചയാണ്. എന്നെ ഒരു സ്വപ്നസഞ്ചാരിയാക്കിയത് അദ്ദേഹമാണെന്നൊരു തോന്നൽ. അല്ലെങ്കിലൊരിക്കലും, ചില ഊഹാപോഹങ്ങളുടെയും ഓർമകളുടെയൊക്കെ പേരിൽ ഞാനീ സഞ്ചാരം തുടരുകയില്ലല്ലോ.
എവിടെനിന്നാണ് യാത്ര തുടങ്ങിയതെന്ന് ഞാൻ കൃത്യമായി ഓർക്കുന്നില്ല. ഒരുപാട് ദേശങ്ങൾ താണ്ടി. ആർക്കുമറിയാത്ത വഴികളിലൂടെയുള്ള സഞ്ചാരം. പരിചിതമല്ലാത്ത കാടുകളും മനുഷ്യരും. ബസ്സിലായിരുന്നു മിക്കവാറും യാത്രകളും. ഇന്നിപ്പോൾ രാത്രി ഏറെ ഇരുട്ടിയിരിക്കുന്നു. അകലെക്കാണുന്ന ഗ്രാമങ്ങളിൽ അണഞ്ഞും തെളിഞ്ഞും മിന്നമിന്നിയെപ്പോലെ ചെറുവിളക്കുകൾ കാണാം. അകലങ്ങളിലേക്ക് വണ്ടിയോടുമ്പോൾ പിന്നിലായ വിളക്കുകൾ മങ്ങിമറയും. ബസ്സിന്റെ സഞ്ചാരവേഗതയിൽ ജനലിലൂടെ അകത്തേക്ക് കടന്നുവരുന്ന ചെറുതണുപ്പുള്ള കാറ്റ് എന്റെ നിറുകയിലേക്ക് ഉയർന്നുകിടന്ന മുടിയിഴകളെ തഴുകിക്കടന്നുപോയി. തണുത്ത കാറ്റിന്റെ മൂളലിൽ ചെവിയിൽ ആരോ മന്ത്രിക്കുന്നതുപോലെ. വഴിയോരത്ത് വിടർന്നു നിന്ന കാട്ടുചെമ്പകപ്പൂക്കളെ നോക്കി ബസ്സിന്റെ ജാലകപ്പടിയിൽ തലചായ്ച്ച് കുറേനേരം കാറ്റിന്റെ കിന്നാരത്തിന് ചെവികൊടുത്തു. പതിയെ എപ്പോഴോ ഉറക്കത്തിലേക്ക് വഴുതിവീണു.
കോടമഞ്ഞിന്റെ ഇടയിലൂടെ ഒളിച്ചെത്തിയ സൂര്യകിരണങ്ങൾ മെല്ലെ എന്റെ കവിളിൽ ചുംബിച്ചു. പുറത്തേക്ക് നോക്കിയപ്പോൾ കണ്ണെത്താ ദൂരത്ത് കോടമഞ്ഞിൽ മൂടിയ മലനിരകൾ. വഴിയോരത്ത് തലയുയർത്തി നിൽക്കുന്ന കരിംപാറകൂട്ടങ്ങൾ. അകലെ താഴ്‌വാരങ്ങളിൽ ചെങ്കല്ലിന്റെ നിറമുള്ള മണ്ണ്. ചോരവീണു നനഞ്ഞുചുവന്ന ചരിത്രമുറങ്ങുന്ന മാന്ദ്രിക നഗരം. ഹംപി! തകർന്നുമണ്ണടിഞ്ഞ സാമ്രാജ്യത്തിന്റെ ഒരറ്റത്തുനിൽക്കുമ്പോൾ മറ്റൊരറ്റത് അദ്ദേഹമുണ്ട് എന്ന് മനസ്സ് പറയുന്നു. നിണമൊഴുകിയ ഹംപിയുടെ കൽക്കെട്ടുകളിലൂടെ ഞാൻ യാത്ര തുടർന്നു. ദിവരാത്രങ്ങൾ കൊഴിഞ്ഞകന്നു. ഞാൻ നടത്തം തുടരുകയാണ്. പൊട്ടിപ്പൊളിഞ്ഞടർന്ന കൊട്ടാരക്കെട്ടുകൾ, പ്രതിഷ്ഠകൾ തൂത്തെറിയപ്പെട്ട ശ്രീകോവിലുകൾ, പ്രണയിനിയെക്കാത്ത് ജന്മാന്തരങ്ങളായി തപം ചെയ്യുന്ന കൽത്തൂണുകൾ. ഇവയെ എല്ലാം പിന്നിട്ട് മുന്നോട്ട് നടന്നെത്തിയത്ത് വാതിലുകളില്ലാത്ത ഒരു കൂറ്റൻ കവാടത്തിന്റെ മുന്നിലാണ്. ആശ്ചര്യത്തോടെ ഞാനൊരല്പനേരം ചുറ്റും നോക്കിനിന്നു. അപ്പോളാണ് ആ തുറന്ന കവാടത്തിനപ്പുറം ഞാൻ ആ കാഴ്ച കണ്ടത്. കുറച്ചകലെ പച്ചപ്പുൽത്തകിടിയിൽ സായാഹ്നസൂര്യന്റെ വെയിൽകാഞ്ഞ്‍ മേയുന്നൊരു കുതിരക്കൂട്ടം. സൂര്യൻ അസ്തമിക്കാറായിരിക്കുന്നു. പെട്ടെന്ന് ആരൊ നടന്നുവരുന്ന ശബ്ദം. ചുറ്റും നോക്കി, ആരുമില്ല. ഞാനൊരല്പം മുന്നോട്ട് നടന്നു. അയാൾ എന്റെ നേരെ നടന്നടുക്കുകയാണ്. ഞാൻ ഒന്നുറച്ചു നോക്കി. പെട്ടന്ന് ശ്വാസം നിലച്ചതുപോലെ. അടുത്തെത്തിയപ്പോഴാണ് അദ്ദേഹം ഒരു വൃദ്ധസന്യാസിയായിരുന്നു എന്നു മനസ്സിലായത്. ആശ്വാസം തോന്നി. ഒരുപാട് നേരത്തിനുശേഷം ഒരു മനുഷ്യജീവനെ കണ്ടു. ആ വൃദ്ധൻ എന്നോട് എങ്ങോട്ടേക്കാണെന്ന് ചോദിച്ചു. എനിക്കൊരുത്തരമില്ലായിരുന്നു. എന്റേത് നിശ്ചയമില്ലാത്ത യാത്രയാണെന്ന് അദ്ദേഹം ഒരുപക്ഷെ മനസിലാക്കിയിരിക്കണം.
"എന്റെ കൂടെ വരൂ... സൂര്യൻ അസ്തമിക്കാറായിരിക്കുന്നു. ഇവിടെ ഒരുപാട് നേരം നിൽക്കണ്ട", എന്ന് മാത്രം പറഞ്ഞുകൊണ്ട് സന്യാസി മുന്നോട്ട് നടന്നു. ഞാൻ അയാളെ പിൻതുടർന്നു. പാറക്കെട്ടുകൾക്കിടയിലുള്ള ഒരു ചെറിയ മന്ദിരത്തിന്റെ മുമ്പിൽ അയാൾ എത്തി. തൊട്ടരികിൽ ഇലകൾ പൊഴിഞ്ഞ ഒരു വൃക്ഷം, അതിനു താഴെ ചെറിയ തടാകം. സൂര്യൻ പൂർണമായും അസ്തമിച്ചിരിക്കുന്നു. എന്നിട്ടും ആകാശത്തിന്റെ പലയിടങ്ങളിലായി വർണങ്ങൾ ചിതറികിടക്കുന്നതുപോലെ.
"മുമ്പിവിടെ കണ്ടിട്ടില്ലല്ലൊ... സഞ്ചാരി ആയിരിക്കും അല്ലെ." അതെ എന്നെ മട്ടിൽ ഞാൻ തലയനക്കി.
"ഈ പ്രദേശത്തൊന്നും അങ്ങനെ ആരും വരാറില്ല... ഇരുട്ട് വീണുകഴിഞ്ഞാൽ പലരേയും ആ കാണുന്ന താഴ്ന്ന പ്രദേശത്തു നിന്നും കാണാതാവും. എങ്ങനെയാണെന്നറിയില്ല. അതുകൊണ്ടാണ് ഞാൻ ഇങ്ങോട്ട് കൂട്ടിക്കൊണ്ടുവന്നത്". അതുകേട്ടപ്പോൾ എന്റെ കണ്ണുകൾ അമ്പരന്നു.
"ശാപം പിടിച്ച ദേശമാണിത്. വർഷങ്ങൾക്കുമുമ്പ്‍ ശിഥിലമായിപ്പോയ ഈ സാമ്രാജ്യം ആയിരക്കണക്കിന് ആത്മാക്കളുടെ വിഹാരകേന്ദ്രമാണെന്നാണ് വിശ്വാസം. ഇവിടെ കാറ്റിന് ചിലപ്പോൾ രക്തത്തിന്റെ ഗന്ധമാണ്. ഇരുട്ട് വീണാൽ ഈ ദേശം വെറുമൊരു മായക്കാഴ്ചയാണ്. കിടന്നോളു..നേരം ഒരുപാട് വൈകിയിരിക്കുന്നു”.
ഉള്ളിൽ ചൂഴ്നിറങ്ങുന്ന ഒരു ഭയം തോന്നി. ഞാൻ മെല്ലെ അമ്പലത്തിന്റെ ഒരു മൂലയിൽ ചുരുണ്ടുകൂടി കിടന്നു. ആകാശം നിറയെ നക്ഷത്രങ്ങൾ. പൗർണ്ണമിയുടെ നിലാവിൽ അടുത്തുള്ള തടാകം വെട്ടിത്തിളങ്ങി. അതിന്റെ ഭംഗി ആസ്വദിച്ച് ഭയം ഉള്ളിലടക്കി ഞാൻ ഉറങ്ങാൻ ശ്രമിച്ചു. ഒന്നും കാണാൻ കഴിയുന്നില്ല. ചുറ്റും കൂരാകൂരിരുട്ട്. കുതിരക്കുളമ്പിന്റെ ശബ്ദം കേൾക്കുന്നുണ്ട് ഓരോ നിമിഷം കഴിയും തോറും. ശബ്ദം അടുത്തേക്ക് വന്നുകൊണ്ടേയിരുന്നു. പെട്ടെന്നാരോ കൈകളിൽ സ്പർശിച്ച എന്റെ പേര് വിളിച്ചു. ശ്വാസം ഉള്ളിലേക്കെടുക്കാൻ ശ്രമിച്ചു, ഒച്ച പുറത്തേക്കുവരുന്നില്ല. ഞാൻ ഞെട്ടിയെഴുന്നേറ്റു, സ്വപ്നമായിരുന്നു.
എഴുന്നേറ്റ് ചുറ്റും നോക്കി. സൂര്യൻ ഉദിക്കാറായിരിക്കുന്നു, വൃദ്ധന്റെ ഒരു പൊടിപോലുമില്ല, മരവും തടാകവും കാണുന്നില്ല. എന്റെ കണ്ണുകളിൽ ഭയം നിറഞ്ഞു. വൃദ്ധന്റെ വാക്കുകൾ വീണ്ടും ചെവിയിൽ പ്രത്യധ്വാനിച്ചു.. "ഇരുട്ട് വീണാൽ ഈ ദേശം വെറും മായക്കാഴ്ചയാണ്". അപ്പോൾ അദ്ദേഹം? മറ്റൊന്നും നോക്കിയില്ല ഞാൻ മന്ദിരത്തിന്റെ പുറത്തേക്കിറങ്ങിയോടി. ഓടിത്തളർന്നു. ഇനി വയ്യ എന്ന് ചിന്തിച്ചുനിൽക്കുമ്പോൾ കുറച്ചപ്പുറത്ത് വാഹനങ്ങൾ വന്നുപോകുന്നതുപോലെ തോന്നി. അല്‌പം മുമ്പിലേക്ക് നടന്നു, വരണ്ട ആ പ്രദേശത്തെ കുറ്റികാടുകൾക്കപ്പുറം ഞാൻ നിരത്ത് കണ്ടു. ഓടി ചെന്നു, അകലെ നിന്നൊരു ചെറിയ ബസ്സ് വരുന്നത് കണ്ടു, കൈകാണിച്ചു. നിർത്തുമെന്ന് യാതൊരുറപ്പുമില്ലായിരുന്നു. ബസ്സ് നിർത്തിയതും ഞാൻ ചാടിക്കയറി. അതിലുണ്ടായ ഏതാനും യാത്രക്കാർ ഒരത്ഭുതജീവിയെ കണ്ടത് പോലെ എന്നെ നോക്കി. പിറകുവശത്ത് ഒരൊഴിഞ്ഞ സീറ്റിൽ പോയി ഇരുന്നു. കൈകൾ കൊണ്ട് മുഖം മറച്ചുപിടിച്ച് എന്താണ് സംഭവിച്ചതെന്ന് ആലോചിക്കാൻ ശ്രമിച്ചു. ഭയം എന്ന വികാരം മനസ്സിൽ ഒരു വലയം തീർത്തുകഴിഞ്ഞിരുന്നു. വൃദ്ധന്റെ മുഖം മനസ്സിൽ നിന്നും പോകുന്നില്ല. കണ്ണുകൾ തുറന്ന് ഞാൻ അമ്പരപ്പോടെയിരുന്നു. ആ സ്വപ്നം ഓർത്തെടുക്കാൻ ശ്രമിച്ചു. ഒരു കൊള്ളിയാൻ പോലെ. വൃദ്ധൻ - വാക്കുകൾ - സ്വപ്നം - സ്പർശനം. അതെ അദ്ദേഹം. സ്വപ്നത്തിൽ എന്നെ സ്പർശിച്ചതും പേരുവിളിച്ചതും അദ്ദേഹമാണ്. ആ കണ്ണുകൾ, അതൊരിക്കലും തെറ്റില്ല. ആ സ്വപ്നം എന്റെ മനസ്സിനെ ഒന്നാകെ പിടിച്ചുലച്ചു. എന്നാൽ മനസ്സിനെ തളർത്തിക്കളയാതെ ഞാൻ നെഞ്ചോട് ചേർത്ത് പിടിച്ചു. പതിയെ ഏതൊ ഒരു ദേശത്ത് എന്നെയും കാത്ത് തീർച്ചയായും അദ്ദേഹമുണ്ട് എന്ന തോന്നൽ ഉള്ളാകെ പടർന്നു.
യാത്രകൾ തുടർന്നു. ഒരുപാട് ദൂരം ഞാൻ പിന്നെയും സഞ്ചരിച്ചു. ജയ്‌പൂരിലെ മഹലുകളും, ഡൽഹിയുടെ പ്രാന്തങ്ങളിലെ ചെറിയ പട്ടണങ്ങളിലും ചെന്നെത്തി. ഒരുപാട് തിരഞ്ഞു. അന്വേഷിച്ചു. കണ്ടില്ല. ഒടുവിൽ ബിയാസ് നദി ഒഴുകുന്ന, മഞ്ഞുവീണടിയുന്ന ഒരു താഴ്‌വാരത്തെത്തി. മണാലി! മണാലിയിൽ നിന്നും എകദേശം അൻപത് കിലോമീറ്ററുകൾക്കപ്പുറം റോഹ്തങ് പാസിലേക്കാണ് യാത്ര. ബസ്സ് ഇഴഞ്ഞു നീങ്ങി. റോഡിന്റെ രണ്ട് വശവും ഹിമക്കട്ടകൾ കൊണ്ട് മൂടിയിരിക്കുന്നു. സിരകളെ മരവിപ്പിക്കാൻ പാകത്തിനുള്ള തണുപ്പാണ് ചുറ്റും. ബസ്സ് ഒരു വിജനമായ പ്രദേശത്തുനിർത്തി. ഇനിയങ്ങോട്ട് വാഹനങ്ങൾ പോകില്ല. നടക്കണം. ഒരു നാല് കിലോമീറ്ററോളം കാൽനടയായി താണ്ടിയാൽ മലയുടെ ഉച്ചിയിലെത്തും. ബസ്സിലുണ്ടായ എല്ലാവരും ഉത്സാഹത്തോടെ ചാടിയിറങ്ങി. ഉള്ളുനിറയെ ആധിയുമായി ഞാനും. ജാക്കറ്റിന്റെ പുറത്തുകാണാവുന്ന വിരലുകളുടെ പാതി തണുത്ത് മരവിച്ചു. മലയോരങ്ങളിൽ അവിടവിടെയായി ചെമ്മരിയാടിൻ കൂട്ടങ്ങൾ. അതിനിടയിൽ ഒരിടയൻ. മനംമയക്കുന്ന ഭംഗിയുണ്ടായിരുന്നു ആ കാഴ്ചയ്‌ക്ക്. ഓരോ കാലടികളും മുന്നോട്ട് വയ്‌ക്കുമ്പോൾ അദ്ദേഹത്തെ കാണാനാവുമെന്ന ചിന്തയായിരുന്നു മനസ്സ് നിറയെ. നടന്നെത്താനാവുന്നില്ല. ഇടയനും ആട്ടിൻകൂട്ടവും മലയടിവാരത്തേയ്ക് പൊടുന്നനെ തെന്നിയിറങ്ങി. നടത്ത മലയുടെ ഉച്ചിയിൽ എത്തുന്നതിന്റെ ഏതാനും വാരകൾക്കിപ്പുറത്തുണ്ടായിരുന്ന ഒരു ചായക്കടയുടെ അടുത്തെത്തി. ചമരിക്കാളയുടെ പാലിലുണ്ടാക്കിയ ചായയാണ് ഇവിടെ വരുന്നവർക്ക് നൽകുന്നത്. ആവിപറക്കുന്ന ചായ തണുപ്പിന് ചെറിയൊരു ശമനം തന്നതുപോലെ. ഹിമസാഗരം പോലെ തോന്നിച്ച ആ വലിയ മലനിരയുടെ അങ്ങേയറ്റം നോക്കി വീണ്ടും ഞാൻ നടന്നു. ഇടയ്ക്ക് പാതിവഴിയിൽ കണ്ട ഒരുരുളൻ കല്ലിന്റെ മേൽ ചാഞ്ഞുനിന്ന്, കണ്ണുകളടച്ച്, ആകാശത്തിലേക്ക് തല ഉയർത്തികൊണ്ട് ഉള്ളിലേക്കൊരു തണുത്ത ശ്വാസമെടുത്തു. കണ്ണുകൾ മെല്ലെ തുറന്നു. മേഘങ്ങൾക്കിടയിലൂടെ തലനാരിഴയിൽ ഏതാനും സൂര്യരശ്മികൾ അകലെയുള്ള മഞ്ഞുമലകളിൽ ചെന്നുവീഴുന്നതു കാണാനായി. തിരിഞ്ഞ് ചുറ്റും നോക്കി. പലവർണ്ണങ്ങളിലുള്ള മേൽക്കുപ്പായങ്ങളണിഞ്ഞ് ഒരാൾക്കൂട്ടം നടപ്പുവഴിലൂടെ എന്റെ നേരെ മഞ്ഞുമലകൾ ലക്ഷ്യമാക്കി നടന്നടുക്കുന്നത് കണ്ടു. കണ്ണിമയ്ക്കാതെ അവരെ ഞാൻ കാത്തിരുന്നു. ഇല്ല അവർക്കിടയിലും ആദ്ദേഹമില്ല. എന്തോ, അറിയാതെ മിഴികൾ നിറഞ്ഞു. തിരികെ നടന്ന വഴിയിൽ ബിയാസ് നദിയിയ്‌ക്ക് ചേർന്ന ചെറിയ വലരിയുടെ ഒതുക്കു കടവിലിറങ്ങി മുഖത്ത് തണുത്തുറഞ്ഞു വടുക്കളായി മാറിയ കണ്ണുനീർച്ചാലുകൾ തിരുമ്മിക്കഴുകിക്കളഞ്ഞു ഞാനാ നടപ്പ് തുടർന്നു. യാത്രകൾ അവസാനിക്കുന്നില്ല. അദ്ദേഹത്തിനായുള്ള തിരച്ചിലുകളും.
Cover Image - Flow Of Life - Hampi, India by Kartik Kumar S