സൈറ്റ്
ആദ്യം തന്നെ പറയട്ടെ ഞാന്‍ ഒരു പോലീസ്കാരനോ സ്വകാര്യ ഡിക്റ്റട്ടീവോ അല്ല. കോട്ടയം പുഷ്പനാഥിന്‍റെയും ബാറ്റന്‍ ബോസിന്റെയും കഥകള്‍ വായിച്ചതും കുട്ടിക്കാലത്ത് കെ ജി ജോര്‍ജ് സിനിമകള്‍ കണ്ടതുമാണ് ഞാനും കുറ്റാന്വേഷണവും തമ്മിലുള്ള ബന്ധം.
ആ എന്‍റെ മുന്നിലാണ് ദുരൂഹസാഹചര്യത്തില്‍ ഒരു പെണ്‍കുട്ടിയുടെ ജഡം കിടക്കുന്നത്.
കൊന്നതാര് ?
എന്തിനു കൊന്നു ?
എങ്ങനെ കൊന്നു ?
ഈ ചോദ്യങ്ങള്‍ക്കുത്തരത്തിനൊപ്പം നിങ്ങളുടെ മനസ്സില്‍ ഇപ്പോള്‍ ഉണ്ടാവുന്ന ചോദ്യത്തിനും ഉത്തരം തരേണ്ടതുണ്ട്.
എങ്ങനെയാണ് ഈ മരണം ഞാന്‍ അന്വേഷിക്കാന്‍ ബാധ്യസ്ഥനാകുന്നത് ?
ഇതാര് ചെയ്തു എന്ന് തെളിയിച്ചില്ലായെങ്കില്‍, കൊന്നത് ഞാനാണെന്ന് സാഹചര്യത്തെളിവ് കൊണ്ട് പോലീസിനു സ്ഥാപിച്ചെടുക്കാനാവും. അത് കൊണ്ട് കൊലപാതകീ - നിന്നെ ഞാന്‍ കണ്ടെത്തേണ്ടത് ഇപ്പോള്‍ എന്റെ മാത്രം ആവശ്യമാണ്.
ഈ സൈറ്റില്‍ ഇപ്പോള്‍ ഞാനും ഈ മൃതശരീരവും മാത്രമേയുള്ളൂ. എന്‍റെ മുന്നില്‍ ഇളം പിങ്ക് ചുരിദാറിട്ട് , കമിഴ്ന്ന്‍ കിടക്കുന്നത് ബീന തന്നെയാണ്.
അവളെ ആദ്യം കാണുന്നത് മൂന്നു മാസം മുന്‍പാണ് .ഷെരീഫ് തന്നെയാണ് ബീനയെ പരിചയപ്പെടുത്തിയത്.
അത് ചെയ്യുമ്പോള്‍. എപ്പോഴത്തെയും പോലെ അയാളുടെ കണ്ണുകള്‍ ഭീതിദമാം വിധം ചുവന്നു കലങ്ങിയിരുന്നു.
“ ഇത് ബീന, ഹില്‍ടോപ്പ് കണ്‍സ്ട്രക്ഷന്റെ സൈറ്റ് ഇന്‍ ചാര്‍ജ്. ഇന്‍ ചാര്‍ജ് എന്ന് വെച്ചാല്‍ ആള്‍ ഇന്‍ ഓള്‍. ഇവരുടെ എം ഡി ഒരു ഉഴപ്പനാ. അയാള്‍ക്ക് ചെക്ക് മാറാന്‍ വരുമ്പോള്‍ മാത്രമേ നമ്മളെ ഓര്‍മയുള്ളൂ. ബീന അങ്ങനെയല്ല. നല്ല മിടുമിടുക്കിയാണ്”
ഇത് പറഞ്ഞപ്പോള്‍ അയാളുടെ മുഖത്ത് ശൃംഗാരമോ അശ്ലീലമോ നിഴലിച്ചില്ല എന്നെനിക്കു ഉറപ്പിച്ചു പറയാന്‍ കഴിയും.
അത് ഉണ്ടെങ്കില്‍ എന്‍റെ മനസ്സില്‍ മാത്രമായിരുന്നു.
ഇതെന്റെ രണ്ടാമത്തെ ജോലി സൈറ്റ് ആണ് . അര്‍ദ്ധസര്‍ക്കാര്‍ സ്ഥാപനമായ കണ്‍സ്ട്രക്ഷന്‍ കോര്‍പ്പറേഷന്‍റെ നഗരത്തിനു പുറത്തുള്ള സൈറ്റുകളില്‍ സൈറ്റ്.
എഞ്ചിനീയര്‍ ആയി പോവുക എന്നതായിരുന്നു എന്‍റെ ദൌത്യം . അതേ സ്ഥാപനത്തില്‍ സീനിയര്‍ സൂപ്പര്‍വൈസര്‍ ആണ് ഷെരീഫ്. യോഗ്യതയില്‍ എന്നെക്കാളും താഴ്ന്നവന്‍ എന്നാല്‍ ലോകപരിചയത്തിലും പ്രവര്‍ത്തിനൈപുണ്യത്തിലും അഗ്രഗണ്യന്‍.
മൂന്നു മാസം മുന്‍പ് ഷെരീഫിനായിരുന്നു ഈ സര്‍ക്കാര്‍ കോളേജ് ക്യാമ്പസിനകത്ത് സ്ഥിതി ചെയ്യുന്ന ഈ സൈറ്റിന്റെ ചുമതല . മൂന്നു നിലയുള്ള ഒരു പുതിയ ഇംഗ്ലീഷ്ഡിപ്പാര്‍ട്ട്മെന്റ് കെട്ടിടം ആണ് ഞങ്ങള്‍ ഏറ്റെടുത്തതെങ്കിലും വിദ്യാഭ്യാസ വകുപ്പും ധനകാര്യ വകുപ്പും തമ്മിലുള്ള വടംവലി കാരണം ഒന്നാം നില കോണ്‍ക്രീറ്റ് കഴിഞ്ഞു പണി നിര്‍ത്തി വെച്ചിരിക്കയാണ്. താഴത്തെ നിളയുടെ ഉള്‍മുറിയില്‍ , പോളിഷ് ചെയ്യാത്ത സിമന്റ് തറയില്‍ മലര്‍ന്നു കിടക്കുന്ന രീതിയില്‍ ആണ് ഞാന്‍ ഇന്ന് രാവിലെ ബീനയുടെ ചലനമറ്റ ശരീരം കാണുന്നത്.
മെലിഞ്ഞ ഒരു പെണ്‍കുട്ടിയായിരുന്നു എന്നത് അവള്‍ക്കു ജോലിയില്‍ ഒരു അനുഗ്രഹമായിരുന്നു മട്ടുപ്പാവിലെയ്ക്ക് ഇടയ്ക്കിടെ ഓടിക്കയറിയിരുന്ന അവളെക്കാണുമ്പോള്‍ എനിക്ക് തോന്നിയിട്ടുണ്ട്.
മുപ്പതുകളുടെ തുടക്കത്തിലുള്ള എന്നെക്കാള്‍ ചുറുചുറുക്ക് അവള്‍ക്കാണെന്നു ഹിൽ ടോപ്പിന്റെ സൈറ്റ് അസിസ്റ്റന്റ് ആയി വന്ന ദാസ് ഇടയ്ക്ക് എന്നോട് പറയാറുണ്ട്.
അതെ.അവന്‍ തന്നെ. ദാസ്.
അവനെന്താണ് ഇന്ന് വരാത്തത് ? ഇന്ന് ശനിയാഴ്ചയാണല്ലോ. ഇന്ന് അവനു വിമലിന്റെ വീട്ടുപണിയാണ്. ബീന ബസ്സില്‍ വരികയാണ് പതിവ്.
കുറ്റകൃത്യങ്ങള്‍ക്ക് മോട്ടീവും ഒരു മുഖ്യഘടകമല്ലേ. അങ്ങനെ നോക്കുമ്പോള്‍ ദാസിന് ബീനയോട് പക തോന്നേണ്ട സാഹചര്യം ഉണ്ട്.
ബീന വരുന്നതിനു മുന്‍പേ ഹില്‍ടോപ്പിന്റെ എല്ലാമെല്ലാം ദാസ് ആയിരുന്നു. അവള്‍ തന്നെ പറഞ്ഞിട്ടുള്ളതാണ്. എം ഡി വിമലിന്റെ വീട്ടിലെ മീന്‍ വാങ്ങല്‍ മുതല്‍ സൈറ്റില്‍ മേസ്തിരിക്ക് തേപ്പുകറണ്ടി വാങ്ങുന്നത് വരെ ദാസ് ആണ്. വിമൽ ആകട്ടെ ഉത്തരേന്ത്യന്‍ വേരുകള്‍ ഉള്ള മലയാളിയാണ്. അയാള്‍ക്ക് ഇവിടത്തെ പൊതുമരാമത്ത് കോണ്ട്രാക്ടറിന് വേണ്ട സൂത്രപ്പണികള്‍ ഒന്നും അത്ര വശമില്ലായിരുന്നു. ബാങ്കില്‍ ലോണ്‍ എടുത്തും ഭാര്യയുടെ സ്ഥലം പണയം വെച്ചും പണിക്കാര്‍ക്ക് കൂലിക്കായി അയാള്‍ കൊടുത്തു വിടുന്ന കാശിന്റെ നല്ലൊരു ഭാഗം ദാസിന്റെ പേഴ്സലേക്കാവും ചെന്നുചേരുക.
ബീന ഇവിടെ വന്നത് മുതല്‍ കാര്യങ്ങള്‍ കൃത്യമായി ചോദ്യം ചെയ്യാന്‍ തുടങ്ങി . പലപ്പോഴും സൈറ്റില്‍ നിന്ന് അവള്‍ നേരിട്ട് വിമലിനെ വിളിച്ചു കാര്യങ്ങള്‍ അറിയിച്ചു. ഇതെല്ലാം ദാസിന്റെ നോട്ടപ്പുള്ളിയാക്കി എന്ന് അവള്‍ എന്നോട് പലപ്പോഴും പറഞ്ഞിട്ടുണ്ട്.
ദാസിനെക്കുറിച്ച് ബീന എന്നോട് മുന്‍കരുതല്‍ എന്ന വിധം ഒരിക്കല്‍ പറഞ്ഞു.
“നമ്മളെപ്പറ്റിയും അവന്‍ സാറിനോട് എന്തെങ്കിലും പറഞ്ഞുകാണും. അതുറപ്പാ.”
“ നമ്മളെപ്പറ്റി എന്ത് പറയാന്‍ ?”
“ അല്ല ഞാന്‍ ഇപ്പോള്‍ ജോലി ചെയ്യുന്നത് ഹില്‍ ടോപ്പിനു വേണ്ടിയല്ല നിന്‍റെ ഓഫീസിനു വേണ്ടിയാണെന്ന് കഴിഞ്ഞ മീറ്റിങ്ങില്‍ അവന്‍ പറഞ്ഞു.
“ ഓ എന്നിട്ട് നീ എന്നോട് പറഞ്ഞില്ലല്ലോ “ ഞാന്‍ കെറുവിച്ചു.
“ ഓ പിന്നെ നിന്നോട് പറയാന്‍ നീ അല്ലെ എനിക്ക് സാര്‍ ശമ്പളം തരുന്നത് . പോടാ “
അവളല്ലെങ്കിലും ഇങ്ങനെയാണ്. ഇടത്തോട്ടു തിരിയും എന്ന് ഇന്‍ഡിക്കേറ്റര്‍ ഇട്ടു തൊട്ടു മുന്നില്‍ ബ്രേക്ക് ഇടുകയോ വലത്തോട്ടു തിരിയുകയോ ചെയ്യുന്ന ഓട്ടോറിക്ഷയെപ്പോലെ, എന്നോട് ആത്മരഹസ്യം തുറന്നു പറയുന്നതിന്റെ അടുത്ത നിമിഷം അവള്‍ തെന്നിമാറുന്നു.
അല്ലെങ്കിലും ഞങ്ങള്‍ കമിതാക്കള്‍ ഒന്നുമല്ല.
ചില ദിവസങ്ങളില്‍ അവള്‍ക്ക് പണിക്കാര്‍ക്ക് എന്തെങ്കിലും അത്യാവശ്യസാധനങ്ങള്‍ വാങ്ങാന്‍ ഹാര്‍ഡ്‌വെയര്‍ ഷോപ്പ് വരെ പോകേണ്ടി വരും. ഓട്ടോ ക്കൂലി തന്നെ അമ്പതു രൂപയാകും. മുതലാളിയോട് അതീവ സ്നേഹമുള്ള അവള്‍ അത് ലാഭിക്കാന്‍ എന്നെ കൂട്ടുപിടിക്കും.
എനിക്ക് ആവശ്യമില്ലാത്ത പണിയെങ്കിലും എന്തോ ആ സൈറ്റിന്റെ വിജനതയില്‍ നിന്ന് ഒരല്പം ശമനത്തിനായി ഞാന്‍ അവളെ ബൈക്കില്‍ കൊണ്ട് വിടും.അപ്പോള്‍ എന്നോട് ചേര്‍ന്നിരിക്കാതിരിക്കാന്‍ അവള്‍ പ്രത്യേകം ശ്രദ്ധിക്കും.എങ്കിലും ഈയിടെയായി ആളനക്കമില്ലാത്ത ആ സൈറ്റിലെ വിരസത ഞങ്ങളെ ഒന്നിപ്പിച്ചു എന്നത് സത്യമാണ്.
ഞാന്‍ മെല്ലെ പരുത്ത തറയില്‍ കുത്തി ഇരുന്നു അവളുടെ മുഖം തൊടാതെ സൂക്ഷ്മമായി നിരീക്ഷിച്ചു , വിരലടയാളം പതിഞ്ഞു സ്വയം കുഴിയില്‍ വീഴണ്ടല്ലോ.മൂക്കില്‍ നിന്നും അല്പം ചോര വാര്‍ന്നു കട്ടി പിടിച്ചിട്ടുണ്ട്. കഴുത്തില്‍ എന്തോ മുറുക്കിയതു പോലെ ഒരു പാടുണ്ട്.
സാധാരണ അവള്‍ ഷാള്‍ ഇല്ലാത്ത ചുരിദാറുകള്‍ ആണ് ഇടാറു. എങ്കില്‍ പിന്നെ എങ്ങനെ ആവും അവളുടെ കഴുത്ത് മുറുക്കിയിട്ടുണ്ടാവുക. ഇനി ഒരു പക്ഷെ ഷോളോ തോര്‍ത്തോ ആണെങ്കില്‍ ഈ പണി തീരാത്ത കെട്ടിടത്തിനു പുറകെ കാട് പിടിച്ചുകിടക്കുന്ന സ്ഥലത്ത് ഉപേക്ഷിക്കുക എളുപ്പമാണ്.
തെളിവുകള്‍ എത്രയും പെട്ടെന്ന് ശേഖരിക്കുകയത്രേ ഒരു കുറ്റാന്വേഷകന്‍റെ പ്രഥമവും പ്രധാനവും ആയ കര്‍ത്തവ്യം.
ജനല്‍ വഴി ചാടി അടുത്തുള്ള പറങ്കിമാവിന്‍ തോട്ടത്തിലേക്ക് ഇറങ്ങി നോക്കി. തലേരാത്രിയിലെ മഞ്ഞു നനഞ്ഞ പുല്‍ച്ചെടികള്‍ ഒരുപാട് പരതേണ്ടി വന്നില്ല. അവളുടെ എമ്പ്രോയിഡറി നിറഞ്ഞ ഷാള്‍ നിലത്തു ചുരുട്ടി എറിഞ്ഞ നിലയില്‍ കിട്ടി.
ഈ തെളിവുകള്‍ കണ്ടുപിടിച്ചു കൊടുത്തതിന് പോലീസ് തീര്‍ച്ചയായും തന്നെ അഭിനന്ദിക്കുമായിരിക്കും.
ശ്വാസംമുട്ടിച്ചാണ് കൊന്നിരിക്കുന്നത് എന്നുറപ്പായി. വിരലടയാളം പതിഞ്ഞോ എന്നു മറ്റോ ഭയന്ന് ചെയ്ത ആള്‍ തെളിവ് നശിപ്പിക്കാന്‍ ശ്രമിച്ചിരിക്കുന്നു.
അവളുടെ കമ്പനിയിലെ പണിക്കാരെ അങ്ങനെ കണ്ണുമടച്ച് എഴുതിത്തള്ളാന്‍ കഴിയില്ല. പലരും കൊല്ലത്ത് നിന്നും കോട്ടയത്ത് നിന്നും ഇവിടെ വീടൊക്കെ എടുത്ത് താമസിക്കുന്നവരാണ്. ഒരു പക്ഷെ അവളുടെ മേല്‍ ഒരു കണ്ണുണ്ടായിട്ടു , സൈറ്റിലെ എന്തെങ്കിലും അളവെടുക്കാന്‍ എന്ന പേരില്‍ വിളിച്ചു വരുത്തി ഉപദ്രവിക്കാന്‍ ശ്രമിച്ചതാനെങ്കിലോ.
അവള്‍ കാണാന്‍ ഒറ്റ നോട്ടത്തില്‍ സുന്ദരി അല്ലെങ്കിലും , അടുത്തറിയാവുന്നവര്‍ അവളുടെ ഇരു നിറവും കരിമണി മാലയിട്ട കഴുത്തും കണ്മഷി എഴുതിയ കണ്ണുകളും ശ്രദ്ധിക്കാതെ പോകില്ല.
ജോലിക്കാര്‍ എന്ന് പറഞ്ഞാല്‍.
സുരേന്ദ്രന്‍ മേസ്തിരി ആണ് ഈ സൈറ്റിലെ മുഖ്യ മേസ്തിരി. അയ്യപ്പനും ലൂക്കോസും വലിയ കോണ്‍ക്രീറ്റ് ഉണ്ടെങ്കില്‍ മാത്രമേ വരൂ.
സുരേന്ദ്രന്‍ നരച്ച താടിയൊക്കെ വെച്ച ഒരു ആജാനുബാഹുവാണ് . മാമാ എന്നാണ് ബീന സുരേന്ദ്രനെ വിളിക്കാറ്. എങ്കിലും അവള്‍ മാമനെ പണി എടുപ്പിക്കുമ്പോള്‍ ശെരിക്കും പതം വരുത്താറുണ്ട്. പതിനൊന്നു മണിക്ക് ചായയും ബിസ്കറ്റും പഴം പൊരിയും എല്ലാം കഴിച്ചു കയ്യാള്‍മാരുമായിയി സൊറ പറഞ്ഞിരിക്കുന്ന സുരേന്ദ്രനെ “ മാമാ നമുക്കിന്നു തീര്‍ക്കണ്ടേ “ എന്ന മൃദുസമ്മര്‍ദത്താല്‍ അവള്‍ ആട്ടിപ്പായിക്കാറുണ്ട്. കഴിഞ്ഞ ദിവസം മകളുടെ വയ്യായ്ക കാരണം രണ്ടു ദിവസത്തെ കൂലി അഡ്വാന്‍സ് ആയികൊടുക്കാന്‍ അവളോട് സുരേന്ദ്രന്‍ ചോദിക്കുന്നത് താനും കേട്ടിരുന്നു. നിര്‍ദയമായി അത് തള്ളിക്കളഞ്ഞ് അവള്‍ പറഞ്ഞത് ഇപ്പോഴും ഓര്‍ക്കുന്നു.
ഇത് ബാങ്ക് അല്ല മാമാ , മുന്‍കൂര്‍ പണം എടുത്തുതരാന്‍. എനിക്ക് കമ്പനിപണത്തില്‍ നിന്ന് എടുത്തു തരാന്‍ പറ്റില്ല. “ അയാളുടെ നിസ്സഹായഅവസ്ഥ കണ്ട് എനിക്ക് തന്നെ സങ്കടം തോന്നി.
നല്ല ആരോഗ്യം ഉള്ള സുരേന്ദ്രന് ബീനയെപ്പോലെ ഒരു കൊച്ചുപെണ്ണിനെ പെട്ടെന്ന് കീഴ്പ്പെടുത്താവുന്നതെയുള്ളൂ. എങ്കിലും പൈസ തന്നില്ല എന്നത് കൊല ചെയ്യാന്‍ ഉള്ള ഒരു ന്യായമാണോ ?
എന്‍റെ നിരീക്ഷണങ്ങള്‍ നന്നാകുന്നുണ്ട്. കുറ്റാന്വേഷണത്തില്‍ സാദ്ധ്യതകള്‍ വിശകലനം ചെയ്തു യുക്തിപൂര്‍വമല്ലാത്തവ തള്ളിക്കളയുന്ന എലിമിനേഷന്‍ രീതിയാണ് നല്ലത് . ദാസും സുരേന്ദ്രനും സാധ്യതപ്പട്ടികയില്‍ ഉണ്ടെങ്കിലും അവരെക്കാള്‍ കൌശലക്കാരനായ ഒരുത്തന്‍ ആകും പ്രതി എന്ന് മനസ്സ് പറയുന്നു.
ഞാന്‍ അന്ന് ബീനയോട് ചോദിച്ചു.
“ നീ എന്തിനാണ് ജോലിയുടെ കാര്യത്തില്‍ ഇത്രയും കണിശക്കാരി ആകുന്നത്. മുതലാളി നിന്റെ ബന്ധു ഒന്നും അല്ലല്ലോ “
“ അതല്ലെടാ. ഞാന്‍ ഇവിടുന്നു കിട്ടണ രണ്ടായിരം രൂപ കൊണ്ടാണ് വീട്ടിലെ കാര്യം നോക്കുന്നത്. ഇപ്രാവശ്യം കണ്ടപ്പോള്‍ സര്‍ പറഞ്ഞ ഒരേ ഒരു കാര്യം, നീ പുതിയ ആളാണ്. കോണ്‍ക്രീറ്റ് മിക്സിലോ കമ്പികെട്ടിലോ ചെറിയ തെറ്റ് വരുത്തിയാലും സാരമില്ല. പക്ഷേ ആത്മാര്‍ഥതയുണ്ടാവണം. എന്‍റെ കണ്ണുകളും കാതുകളും കയ്യുമാണ് നീ. കമ്പനി നഷ്ടത്തിലാണ്. ആ ഷെരീഫ് ഓരോ അപ്പപ്പോള്‍ കമ്മീഷന്‍ എണ്ണിവാങ്ങുന്നുണ്ട്. നീ അവനെക്കൂടി കയ്യില്‍ ഒതുക്കണം. “
“ എന്‍റെ കാര്യം ഒന്നും പറഞ്ഞില്ലേ “
“ ഏയ് നീയൊരു ലോലനാണെന്ന് സാറിന് അറിയാം. നിന്നെ ഒതുക്കാന്‍ ഒരു തുണിയില്‍ കമ്പ് കെട്ടി വെച്ചാല്‍ പോരെ “
“ അയ്യോ ഞാന്‍ ചുമ്മാ പറഞ്ഞതല്ലേ “. എന്‍റെ മുഖം വിവര്‍ണ്ണമായത് കണ്ട് അവള്‍ കൈപ്പടം കൊണ്ട് എന്‍റെ കയ്യില്‍ ശക്തിയായി അടിച്ചു.
ആ കയ്യുകളാണ് എന്‍റെ മുന്നില്‍ വിറങ്ങലിച്ച് കിടക്കുന്നത്.
എന്തോ ഒരു ഉള്‍പ്രേരണയാല്‍ ഞാന്‍ അവളുടെ കയ്യില്‍ മെല്ലെ തൊട്ടു. ചൂട് മാറിയിട്ടില്ല എന്ന് തോന്നി.അവളുടെ മുഖം മുഴുവനായി കാണാന്‍ തോന്നി. എന്‍റെ തൂവാല കൈപ്പടത്തില്‍ വിരിച്ചുകൊണ്ട് ഞാന്‍ അവളുടെ ശരീരം മറിച്ചിടാന്‍ നോക്കി.
പരിഭ്രമത്തില്‍ തൂവാല കയ്യില്‍ നിന്ന് താഴെ വീണു. വീണ്ടും ശ്രമിച്ചപ്പോള്‍ ആ കൃശഗാത്രത്തെ മറിച്ചിടാന്‍ എനിക്ക് കഴിഞ്ഞു.മൂക്കിനു താഴെയും കഴുത്തിലും ഉള്ള പാടുകള്‍ ഒഴിച്ചാല്‍ അവള്‍ക്കു മുന്‍പ് കണ്ടതില്‍ നിന്നും വലിയ മാറ്റമൊന്നും തോന്നിയില്ല.
അവളുടെ ചുണ്ടുകള്‍ ഒരല്‍പം തുറന്നിരുന്നു. അവള്‍ സംസാരിക്കുമ്പോള്‍ പലപ്പോഴും എന്റെ നോട്ടം ഉടക്കിയിരുന്ന അതെ ചുണ്ടുകള്‍.
“ ചെറുക്കാ നിനക്ക് വേറെ ജോലി ഒന്നുമില്ലേ, എന്നെ എന്തിനാ ഇങ്ങനെ വായിന്നോക്കി ഇരിക്കുന്നത് “ ഉച്ച ഭക്ഷണം കഴിഞ്ഞു വിരലുകളില്‍ ഒട്ടിയ
കറിയുടെ രസക്കൂട്ടുകള്‍ വിരലുകളില്‍ നിന്ന് രുചിക്കുന്ന ബീന എന്നോട് പറയുമായിരുന്നു.
“ അതൊക്കെ നിന്റെ തോന്നലാ. വായിനോക്കാന്‍ എനിക്ക് വേറെ ആരെയും കിട്ടില്ലേ ? ഈ കുരങ്ങിനെ മാത്രമേ കിട്ടിയുള്ളോ “
“ അതൊന്നും എനിക്കറിയില്ല. എന്നാല്‍ നിന്റെ മനസ്സിലിരിപ്പ് എനിക്കറിയാമെടാ ചെറുക്കാ “ എഴുന്നേറ്റു പോകുമ്പോഴും എന്നെ ഒന്ന് കുത്തി നോവിപ്പിക്കാന്‍ അവള്‍ മറക്കാറില്ല.
ഒരു ദിവസം അത് കണ്ടുകൊണ്ടാണ് ഷെരീഫ് കയറിവന്നത്. ഈ വിദൂര സൈറ്റില്‍ വരുന്ന ദിവസം അയാള്‍ മിക്കപ്പോഴും മദ്യപിച്ചിട്ടുണ്ടാവും. നേരെ വന്നു കെട്ടിടത്തിന്റെ വലതു വശത്തെ മുറിയില്‍ താല്‍കാലികമായി ഉള്ള പ്രൊജക്റ്റ് ഓഫീസില്‍ വന്നു എന്‍റെ മേധാവിയെപ്പോലെ കാലിന്മേല്‍ കാല്‍ കയറ്റി ഇരിക്കും.
കഴിഞ്ഞ ആഴ്ച നടന്ന നിര്‍മാണങ്ങളുടെ അളവും മറ്റും ചോദിക്കും. വാങ്ങിയ സാധനങ്ങളുടെയും അടുത്ത ആഴ്ച നടക്കേണ്ട ജോലിയുടെയും കാര്യങ്ങള്‍ ചോദിക്കും.
ആ ചോദ്യങ്ങള്‍ എന്നോടായിരുന്നെങ്കില്‍ സഹിക്കാം. .
ഷെരീഫിന്റെ ചോദ്യങ്ങള്‍ എപ്പോഴും ബീനയോട് മാത്രമാണ്. ഞാന്‍ എന്ന ഒരു വ്യക്തി അയാളുടെ കണക്കുകളിലും അളവുകളിലും അടയാളപ്പെട്ടിരുന്നില്ല എന്ന് തോന്നുന്നു.
മിക്കപ്പോഴും സംശയം തീര്‍ക്കാന്‍ അയാള്‍ ഫയലുകളോ ബില്ലുകളോ ബീനയെക്കൊണ്ട് എടുപ്പിക്കും. ഉയര്‍ന്നും നിറഞ്ഞും കവിഞ്ഞും നില്‍ക്കുന്ന അവളുടെ അവയവങ്ങളെ അയാള്‍ ആര്‍ത്തിയോടെ നോക്കിക്കൊണ്ടേയിരിക്കും, അവര്‍ക്കിടയില്‍ ഞാന്‍ ഇരിപ്പുണ്ടെന്ന പരിഗണന പോലും തരാതെ.
ഇക്കഴിഞ്ഞ ചൊവ്വാഴ്ചയും ഇത് സംഭവിച്ചു. ഇത്തവണ അയാള്‍ ഫയല്‍ തിരിച്ചുകൊടുക്കുമ്പോള്‍ വിരലില്‍ മൃദുവായി അമര്‍ത്തി എന്ന് ഒരു തെറിയും ചേര്‍ത്തു ബീന എന്നോട് പറഞ്ഞിരുന്നു.
അത് കഴിഞ്ഞാണല്ലോ അത് സംഭവിച്ചത്. വ്യാഴാഴ്ച.
മാസത്തില്‍ അവസാനത്തെ രണ്ടു ദിവസം എനിക്കും മറ്റു സൈറ്റ് എഞ്ചിനീയര്‍മാര്‍ക്കും ഹെഡ്ഓഫീസില്‍ പോകേണ്ടതുണ്ട്. ആ മാസത്തെ ഡ്രായിങ്ങുകള്‍ , ബാക്കി വന്ന സിമന്റ്,കമ്പി തുടങ്ങിനിര്‍മാണ സാമഗ്രികളുടെ ഒരു റിപ്പോര്‍ട്ടും ഞങ്ങളുടെ ലീവ് വിവരങ്ങളും ഈ വേളയില്‍ ആകും മെയിന്‍ ഓഫീസില്‍ കൊടുക്കുക. ഞങ്ങളുടെ ശമ്പളം എറ്റുവാങ്ങുന്നതും മറ്റു സൈറ്റുകളില്‍ ഉള്ളവരെ കാണാന്‍ അവസരം ഉണ്ടാകുന്നതും അപ്പോള്‍ തന്നെ. എന്റെ കൂടെ
പഠിച്ച രഹ്സിന , മിത്ര എന്നീ കൂട്ടുകാരും ഞാനും ഒത്തുള്ള കാപ്പികുടിയില്‍ ആണ് രഹ്സിനയില്‍ നിന്നും ആ രഹസ്യം പുറത്തു വന്നത്.
“ സൂരജ്, നിന്‍റെ സൈറ്റിലെ വര്‍ക്ക് ചെയ്യണ ആ കമ്പനി ഇല്ലേ. ടോപ് ഹില്‍.”
“ ഹില്‍ടോപ്പ് “ ഞാന്‍ തിരുത്തി.
“ ഹാ അതെ. അവരെക്കുറിച്ച് ഷെരീഫ് ഇവിടെക്കിടന്ന് ചാടുന്നുണ്ടായിരുന്നല്ലോ”
“ എന്താ കാര്യം ?”
“ അത് കഴിഞ്ഞ കോണ്‍ക്രീറ്റിന്റെ ക്വാളിറ്റി റിപ്പോര്‍ട്ട് മോശമായിരുന്നു. അവിടത്തെ ഇന്‍ ചാര്‍ജും പണിക്കാരും ഒന്നും കൊള്ളില്ലെന്നും, അവരുടെ ബില്ലുകള്‍ ഒന്നും പാസ്സാക്കരുതെന്നും ഷെരീഫ് നമ്മുടെ എം ഡിയോട് പറയുന്നുണ്ടായിരുന്നു”
“ഷെരീഫ് അന്നേ ദിവസം സൈറ്റില്‍ ഉണ്ടായിരുന്നതതാണല്ലോ. കോണ്ക്രീറ്റ് കുഴക്കുന്നതിന്റെ അനുപാതം ഞാന്‍ കൃത്യമായി നോക്കിയിരുന്നതുമാണല്ലോ “
“അതൊന്നും അറിയില്ല. ആ സൈറ്റില്‍ ആ പെണ്ണിന്റെ ഭരണം ആണ്. ആ സൂരജ് പറയുന്നതോന്നും അവള്‍ കേള്‍ക്കില്ല. നമുക്കിങ്ങനെ ഒരു കോണ്ട്രാക്ട്ടരെ ചുമക്കേണ്ട കാര്യമോന്നുമില്ലാന്നു”
എന്നെ വല്ലാതെ ബാധിച്ചിരുന്നു ഈ പിന്നില്‍ നിന്നുള്ള കുത്ത്. ഷെരീഫിന്റെ അനിഷ്ടം ബീനയോടായിരുന്നു എങ്കിലും എന്നെയും കൂടി ബാധിക്കുന്ന ഒന്നായി അത്. അവളുമായി അത് സംസാരിക്കാം എന്ന് കരുതി ഇന്നലെ ഞാന്‍ തിരിച്ചു സൈറ്റില്‍ വന്നു .ഇന്നലെയും ഇവള്‍ ഇതേ വസ്ത്രമായിരുന്നോ ? അത് ചുവപ്പിന്റെ ലാഞ്ചനയുള്ള ഒരു പിങ്ക് ആയിരുന്നില്ലേ.
എനിക്ക് നിന്നോട് ഒരു രഹസ്യം പറയാനുണ്ട് എന്ന് പറഞ്ഞു ദൂരെ നിന്ന് ആരെങ്കിലും വന്നാല്‍ കാണാവുന്ന പ്രൊജക്റ്റ് ഓഫീസില്‍ നിന്ന് ഞാന്‍ അവളെ വിളിച്ചു വലതു വശത്തുള്ള ഒരു മുറിയിലേയ്ക്ക് നീങ്ങി.
ജനാലയ്ക്കായി ഇട്ടിരുന്ന ചതുരശൂന്യതയുടെ താഴ്ഭാഗത്ത് എന്റെ നേരെ കാല്‍ നീട്ടി വെച്ച് അവള്‍ ഇരുന്നു. ഞാന്‍ ആകട്ടെ അകത്തു മുറിയില്‍ ഒരു കസേരയിട്ട് അഭിമുഖമായും.
സംസാരത്തിനിടയില്‍ അവള്‍ കാലുകള്‍ ആട്ടിക്കൊണ്ടിരുന്നു. വെള്ളി പാദസരങ്ങളുടെ അറ്റത്തെ മണികളില്‍ അവളുടെ പാന്റ്സിന്റെ നൂലുകളും എന്റെ ശ്രദ്ധയും ഉടക്കി നിന്നു.
“എന്താടാ എന്റെ സാറിനെക്കുറിച്ച് ഇത്ര വല്യ രഹസ്യം, പറയെന്നെ. “
എനിക്കൊരു കുസൃതി തോന്നി.
“അങ്ങനെ വെറുതെ പറയാന്‍ പറ്റില്ല. നിന്റെ ഈ കാല്‍ ഞാന്‍ ഒന്ന് തൊട്ടോട്ടെ.”
“പോടാ അലവലാതീ. നീ കാര്യം പറ”
ഞാന്‍ പിണങ്ങിയതായി അഭിനയിച്ചു.
“നിന്റെ ഒരു മുടിഞ്ഞ കാലു പിടുത്തം, ഇന്നാ എടുത്തോ. കാര്യം പറ”
ഞാന്‍ അവളുടെ കാലുകള്‍ എടുത്തു എന്‍റെ കാലുകള്‍ക്ക് പുറത്തേക്ക് വെച്ചു. കുറച്ചൊക്കെ വെടിച്ചുതുടങ്ങിയ ഉപ്പൂറ്റിയും ചുവന്ന നെയില്‍ പോളീഷ് അടിച്ചിരുന്ന വിരലുകളും ഉഴിഞ്ഞു.
“ എടീ ഷെരീഫ് സാര്‍ നിന്നെക്കുറിച്ചും നമ്മുടെ കമ്പനിയെക്കുറിച്ചും ഹെഡ് ഓഫീസില്‍ റിപ്പോര്‍ട്ട് ചെയ്തെന്ന് “
“ നമ്മളെക്കുറിച്ച് പറഞ്ഞാല്‍ എനിക്ക് കോപ്പാ. നീ സാറിനെക്കുറിച്ച് എന്ത് പറഞ്ഞൂന്നു വേഗം പറ “
ഞാന്‍ അവളുടെ കാല്‍വണ്ണകള്‍ ഉഴിഞ്ഞു തുടങ്ങിയിരുന്നു. അവളുടെ മുഖം ഒരേസമയം നിസ്സഹായവും അതെ സമയം കാര്യം അറിയാനുള്ള വ്യഗ്രത കൊണ്ട് നിറഞ്ഞും കാണപ്പെട്ടു .
“ഈ സൈറ്റ് നിന്‍റെ ഭരണത്തിലാണത്രേ. ഇനി ഹിൽ ടോപ്പിന് വര്‍ക്ക് കൊടുക്കണ്ടാ , കാരണം നിങ്ങടെ വര്‍ക്ക് ഒക്കെ മോശമാണത്രേ”
ഇത് പറഞ്ഞതും രക്തം നിറഞ്ഞു കലുഷിതമായ ഞരമ്പുകള്‍ എന്‍റെ കൈകളെ തീപ്പന്തം ആക്കുകയും നിയന്ത്രണം വിട്ട് അത് അവളുടെ ദേഹത്തിലേക്ക് കടന്നു ചെന്ന് പരതുകയും ചെയ്തു.
ഒരു നിമിഷം കൊണ്ട് അവളുടെ ഭാവം മാറി. ജനാലപ്പടിയില്‍ നിന്നും ചാടി ഇറങ്ങിയ അവള്‍ എന്റെ മുഖത്ത് നോക്കി പ്രഹരിച്ചു.
“ നീ എന്‍റെ ദേഹത്ത് കേറിപ്പിടിക്കും അല്ലെ. തെണ്ടിത്തരം കാണിക്കരുത്. ഒരു തമാശ എന്ന് വിചാരിച്ചാ ഇത്രേം നേരം ഞാന്‍ ക്ഷമിച്ചത്”
ഞാന്‍ ഒന്നും മിണ്ടാതെ തല കുനിച്ച് പ്രൊജക്റ്റ് ഓഫീസിലേക്ക് പോയി.
അവള്‍ തന്നെയാണ് രാത്രി എന്‍റെ മൊബൈല്‍ ഫോണിലേക്ക് വിളിച്ചത്. ഞാന്‍ എടുത്തില്ല.
അവളുടെ സോറി പറഞ്ഞുള്ള എസ് എം എസ്സുകള്‍ നാലെണ്ണം വന്നിരുന്നു.
വരാന്‍ ഞാന്‍ തന്നെയാണ് ഇന്ന് രാവിലെ സൈറ്റിലേക്ക് സന്ദേശമയച്ചത്. പതിവിലും കടുപ്പമേറിയ ഔദ്യോഗികഭാഷയുടെ മൂര്‍ച്ച ആയിരുന്നു അതിന്.
“കഴിഞ്ഞ കുറച്ചു നാളുകളായി ഈ സൈറ്റിനെ കുറിച്ച് വന്ന ആക്ഷേപങ്ങളെപ്പറ്റി സംസാരിക്കാന്‍ നാളെ രാവിലെ മെയിന്‍ ഓഫീസ് ഇന്‍സ്പെക്ഷന്‍ ഉണ്ടാവും എന്ന് അറിയിച്ചിട്ടുണ്ട്. ഇന്‍ ചാര്‍ജ് രാവിലെ സൈറ്റില്‍ എത്തുക. “
എത്ര തേച്ചുമാച്ചു കളഞ്ഞാലും ആ മെസ്സേജ് ഒരു കളങ്കം പോലെ അവളുടെ ഫോണില്‍ കാണും എന്നറിയാം.അത് കൊണ്ട് രാവിലെ കണ്ടപ്പോള്‍ ആദ്യം തന്നെ ഞാന്‍ അവളുടെ ഫോണ്‍ ആണ് ചോദിച്ചത് . അവളുടെ കണ്ണുകള്‍ അപ്പോള്‍ കരഞ്ഞുകലങ്ങിയിരുന്നുവോ ?
“എന്തിനാ സൂരജ് ഫോണ്‍ “ എത്രയോ മാസങ്ങള്‍ക്ക് ശേഷം അവള്‍ എന്റെ പേര് വിളിച്ചു.
“ സാര്‍ എന്നു വിളിക്കെടി.ഇനി നിന്‍റെ ഭരണം ഇവിടെ നടപ്പില്ല, എടുക്ക് ഫോണ്‍ “
“ അവള്‍ അല്പം സങ്കടത്തോട് കൂടി ഫോണ്‍ നീട്ടി. വിലകുറഞ്ഞ നോക്കിയ സെറ്റ്.
അടുത്ത് കണ്ട ഭിത്തിയില്‍ ആ സ്ക്രീന്‍ തച്ചുടച്ച് , അവള്‍ക്കെന്തെങ്കിലും ചെയ്യാന്‍ പറ്റുന്നതിനു മുന്‍പേ ഞാന്‍ അത് നീട്ടി കെട്ടിടത്തിന് മുകളിലൂടെ കാട്ടിലേക്ക് എറിഞ്ഞു. ഏതോ മരത്തിലോ മറ്റോ അത് തട്ടി ചിതറുന്ന ശബ്ദം വ്യക്തമായി കേട്ടു.
അവള്‍ കരഞ്ഞു തുടങ്ങി.
എവിടുന്നോ ഒരു വല്ലാത്ത ധൈര്യം എനിക്കുള്ളില്‍ നിറഞ്ഞു. അത് വരെ അടക്കിവെച്ച അധമവികാരങ്ങള്‍ പുറത്തേക്ക് പ്രവഹിച്ചു.
“ നിനക്ക് അറിയാമോടീ നിന്നെപ്പോലെ പോളിയില്‍ മൂന്ന് വര്‍ഷം ചെരച്ചിട്ടല്ല ഞാന്‍ ഈ പണിക്കിറങ്ങിയത് . നാലഞ്ച് വര്‍ഷം ഊണും ഉറക്കവും കളഞ്ഞു പഠിച്ചിട്ടാ ഇങ്ങോട്ട് വന്നിരിക്കണത്. അത് നിന്നെ പോലെ ഉള്ള അലവലാതികള്‍ക്ക് തലയില്‍ കയറി നിരങ്ങാന്‍ അല്ല.”
അവള്‍ മുഖമുയര്‍ത്തി നോക്കിയില്ല.
ഓ തന്റേടിക്ക് കരച്ചില്‍ ഒക്കെ വരുമോ. പുതിയ കാര്യം ആണല്ലോ. ആ മുഖം ഒന്ന് നോക്കട്ടെ
ദേഷ്യം കൊണ്ട് വിറയ്ക്കുന്ന കയ്കള്‍ കൊണ്ട് ഞാന്‍ ആ മുഖം പിടിച്ചുയര്‍ത്തി.
അവള്‍ എന്റെ കൈകള്‍ തട്ടിമാറ്റി.
എനിക്ക് അരിശം കയറി. ഞാന്‍ അവളെ ചുമരോട് ചേര്‍ത്തുനിര്‍ത്തി. അവളുടെ കയ്കള്‍ രണ്ടും ഇറുക്കിപ്പിടിച്ചു വെച്ചു. അവളുടെ മുഖത്ത് ഉമ്മ വെക്കാന്‍ നോക്കി.അവള്‍ എന്നെ ശക്തിയായി പുറകോട്ടു തള്ളി. എന്നിട്ട് ഉറക്കെ വിളിച്ചു പറഞ്ഞു.
“ എനിക്ക് നിന്നോട് ഒരു ഇഷ്ടം ഉണ്ടായിരുന്നു. നീ പാവം ആണെന്ന് വിചാരിച്ച് നിനക്ക് സ്വാതന്ത്ര്യം തരുകയും ചെയ്തിട്ടുണ്ട്. പക്ഷെ നീ തെണ്ടിത്തരം കാണിച്ചു .നിന്നെ ഞാന്‍ വെറുതെ വിടില്ല. കഴിഞ്ഞ കോണ്‍ക്രീറ്റിനു വന്ന സിമന്റില്‍ ബാക്കി വന്നത് ഇവിടുന്നു കടത്തിക്കൊണ്ടു പോയി എന്ന് എതിര്‍ ബ്ലോക്കിലെ വാച്ച്മാന്‍ എന്നോട് പറഞ്ഞിരുന്നു. നിന്റെ പേര് മോശം ആവണ്ട എന്ന് വിചാരിച്ചു ഞാന്‍ അത് ഞങ്ങളുടെ കണക്കിലും മാറ്റം വരുത്തി. ഇനി ഞാന്‍ എല്ലാം വിളിച്ചു പറയാന്‍ പോവുകയാണ്. നിന്റെ ജോലി പോണെങ്കില്‍ പോട്ടെ. എന്നെയാണ് പിരിച്ചുവിടുന്നതെങ്കില്‍ അങ്ങനെ. പക്ഷെ എന്റെ ശരീരം വിട്ടുതന്നുള്ള കളിക്ക് ഞാന്‍ അത്ര മോശം പെണ്ണല്ല .”
അപ്പോഴാണ് കണ്ണുകളില്‍ ഇരുട്ടു കയറി എന്‍റെ കാഴ്ച നഷ്ടപ്പെട്ടത്.
ഇപ്പോള്‍ എന്നോട് പരാജയം സമ്മതിച്ച് അവള്‍ വെറും തറയില്‍ മലര്‍ന്നു കിടക്കുന്നുണ്ട്.
ഷെരീഫ്
ദാസ്
സുരേന്ദ്രന്‍
ഞാന്‍
ഏറ്റവും ഒടുവില്‍ മാത്രം കൊലക്കത്തി പുറത്തെടുക്കുന്ന, ഒടുവില്‍ മാത്രം പിടി കൊടുക്കുന്ന ഒരു കൊലപാതകി എല്ലാരിലും ഒളിച്ചിരിപ്പുണ്ട്.