കഥാജാലകം

View Original

നിഴലുകൾ

പടിയിറങ്ങി വന്ന രേണുക പുഴക്കഭിമുഖമായി നിൽക്കുന്ന രവിയെ നോക്കി അല്‍പ്പനേരം നിന്നു. പിന്നെ പതിയെ നടന്ന് രവിയുടെ ഇടത് വശത്ത് ചെന്നു നിന്നു. രവി തോളിനു മുകളിലൂടെ തല ചെരിച്ചു അവളെ നോക്കി, നിശബ്ദനായി ആ നിൽപ്പ് തുടർന്നു. രേണുക നോട്ടം പിൻവലിച്ചു പുഴയിലെ വെള്ളം കുറഞ്ഞ ഇടങ്ങളില്‍ കളിച്ചുതിമിര്‍ക്കുന്ന കുട്ടികളെ നോക്കി.

“എല്ലാം എത്ര പെട്ടെന്നാണ് മാറിയത്” അവള്‍ അത്ഭുതപ്പെട്ടു.

രവി ചിരിച്ചു.

“പെട്ടന്നല്ലല്ലോ. യാത്ര പറയാനൊരു വാക്ക് പോലുമില്ലാതെ കടന്നു പോയത് നാലു വര്‍ഷങ്ങളാണ്”. അയാള്‍ വീണ്ടും ചിരിച്ചു.

രേണുക മുഖം കുനിച്ചു. മുഖമുയര്‍ത്തി വീണ്ടും പുഴയെ നോക്കി.

“അന്ന് കണ്ട പുഴയുടെ നിഴല്‍ മാത്രമായി. ഒഴുക്ക് കൂടി നിലച്ചു പോയി!! അവളുടെ സ്വരത്തിലൊരു വേദന നിഴലിച്ചു.

“മാറ്റം...അത് അങ്ങനെ തന്നെയാവണ്ടേ? രവിയുടെ സ്വരം പതിഞ്ഞു.

അപ്പോള്‍ വീശിയൊരു ചെറുകാറ്റില്‍ രേണുകയുടെ സാരിത്തുമ്പ് പറന്നു പൊങ്ങി. അവളത് പിടിച്ചു തോള്‍ മറച്ചു പുതച്ചു, തണുത്തിട്ടെന്നവണ്ണം.

“സുഖമാണോ രവി?

“സുഖം....” അയാള്‍ മന്ത്രിച്ചു.

നിശബ്ദത അവര്‍ക്കിടയില്‍ അല്‍പനേരം കൂടി തുടര്‍ന്നു.

“സുജാതയും മകനും സുഖമായിരിക്കുന്നോ? അവള്‍ അന്വേഷിച്ചു. അയാള്‍ പുഞ്ചിരിച്ചു. “സുജി ഇടയ്ക്കിടയ്ക്ക് പരാതിപ്പെടാറുണ്ട്, ഒരു ഫോണ്‍ കാള്‍ പൊലുമില്ലാത്തവിധം അവളെ മറക്കാന്‍ അവള്‍ എന്ത് തെറ്റ് ചെയ്തെന്ന്. ഇടക്ക് എന്നോട് പെട്ടെന്ന് ഓര്‍ത്തിട്ടെന്നപോലെ രേണുക വിളിക്കാറുണ്ടോ എന്ന് ചോദിക്കും. ഇല്ല, എന്ന് എന്‍റെ മറുപടി കേട്ടാല്‍ പിന്നെ ഒന്നും ചോദിക്കില്ല. പക്ഷെ അവള്‍ ഒത്തിരി സന്തോഷത്തിലാണ്. രേണുക പറഞ്ഞത് പോലെ അവളൊരു ജോലി സമ്പാദിച്ചു. സ്വന്തം കാലില്‍ നില്ക്കാന്‍ പ്രാപ്തയായി. വീട്ടുകാരെ വിട്ടു എന്‍റെ കൂടെ പോരുമ്പോള്‍ രേണുകയുടെ വാക്കുകളായിരുന്നല്ലോ അവളുടെ ശക്തി”.

രേണുക രവിയെ നോക്കി. “സുജിയെയും മോനെയും കാണാന്‍ എനിക്കിടക്ക് വരണം എന്നൊക്കെ തോന്നാറുണ്ട്. പക്ഷെ അത് മറ്റു പലതിലേക്കുമുള്ള തിരിച്ചു പോക്കാകുമോ എന്നോർത്ത് സ്വയം നിയന്ത്രിച്ചു”.

എന്തോ തിരയുന്നത് പോലെ രവി രേണുകയുടെ മിഴികളിലേക്ക് നോക്കി. ആ നോട്ടം നേരിടാന്‍ രേണുകയ്ക്കു ധൈര്യമുണ്ടായില്ല.

മുഖത്തെ കണ്ണട കൈയിയെടുത്ത് വിരലുകളാല്‍ കണ്ണുകള്‍ അമര്‍ത്തി രവി വീണ്ടും പുഴയിലേക്ക് നോക്കി.

“എന്തിനായിരുന്നു....? ഒരു വാക്കുപോലും പറയാതെ.?

അവള്‍ നിശബ്ദം നിന്നു.

“ഉത്തരം അറിയാന്‍ വേണ്ടി അല്ല. കുറേക്കാലം ഈ പുഴക്കരയിലിങ്ങനെ ഒരുമിച്ച് നിന്നിട്ട് പെട്ടെന്ന് ഒറ്റക്കായതിന്‍റെ കാരണം അറിയാന്‍ ഒരു ആകാംക്ഷ, അത്രയേ ഉള്ളൂ?

“രവിക്ക് അറിയില്ലേ ഉത്തരം?

“ആലോചിച്ചിട്ടില്ല കൂടുതല്‍.”

“ഞാനും...” രവി അവളുടെ കണ്ണുകളിലേയ്ക് നോക്കി.

ദൂരെ കളിക്കുന്ന കുട്ടികളില്‍ നിന്നു മുഖമുയര്‍ത്താതെ രേണുക തുടര്‍ന്നു.

“വൈകുന്നേരങ്ങളിലെ ഒരുമിച്ചുള്ള നടത്തം, പുഴക്കരയിലെ വര്‍ത്തമാനങ്ങള്‍, ചായകുടി, ഒരുമിച്ചുള്ള മടക്കയാത്രകള്‍ ഇതിലേതാണ് കാരണം എന്നെനിക്ക് ഇന്നും അറിയില്ല. അതിലേതെങ്കിലും ഒന്ന് ഒരു കാരണം ആയിരുന്നോ എന്നും ആലോചിച്ചിട്ടില്ല.” അവള്‍ ചുമല്‍ മൂടിയ സാരിത്തുമ്പില്‍ പിടിച്ചു കൈകള്‍ കെട്ടി നിന്നു.

“പിന്നെന്തു കൊണ്ടിപ്പോള്‍ ഈ കണ്ടുമുട്ടല്‍..ഇത്ര കാലത്തിനു ശേഷം”? അയാള്‍ അവളെ നോക്കി.

“അങ്ങനെ വേണമെന്ന് തോന്നി...വന്നു..” അവള്‍ മറുപടിയായി പറഞ്ഞു.

രവി നിശ്വസിച്ചു. “ഞാന്‍ പിന്നെയും ഇവിടെ വന്നു കൊണ്ടിരുന്നു...ഈ കരയില്‍... ഒറ്റക്കിങ്ങനെ നിന്നു... മഴ കണ്ടു...കാറ്റ് കൊണ്ടു. പിന്നെ.....രവി ഒരു നിമിഷം നിര്‍ത്തി “..പുഴയിങ്ങനെ മെലിഞ്ഞു മെലിഞ്ഞു വരുന്നത് ഞാന്‍ കണ്ടു കൊണ്ടേ ഇരുന്നു” അയാളുടെ വാക്കുകളിലെ വേദന തൊട്ട് രേണുകയുടെ കണ്ണുകള്‍ നീറി.

“ഞാന്‍...പോട്ടേ ..രവി..” അവളുടെ സ്വരം പതിഞ്ഞു.

“ഉം..പൊയ്ക്കോളൂ...ഞാന്‍ ഇവിടെ തന്നെ ഉണ്ടാകും. അതെനിക്കിപ്പോള്‍ ഒരു ശീലമാണ്”

എന്തോ മറന്നു പോയത് പോലെ രേണുക അയാളെ നോക്കി. തിരിഞ്ഞു താന്‍ ഇറങ്ങിവന്ന പടികളെ നോക്കി.

“രേണൂ...” അയാള്‍ വിളിച്ചു.

“എന്താ രവി?!

അയാള്‍ തന്‍റെ ഇടതു കരം അവള്‍ക്കു നേരെ നീട്ടി.

“ഈ കണ്ടുമുട്ടലിന്‍റെ ഓര്‍മ്മയ്ക്ക്‌ വേണ്ടി, ഒരു നിമിഷം.......” അയാള്‍ പെട്ടെന്ന്‍ നിര്‍ത്തി.

അവളയാളുടെ കണ്ണുകളിലേക്ക് നോക്കി ഒരു നിമിഷം നിന്നു. പിന്നീട് ആ കരം ഗ്രഹിച്ചു. തന്‍റെ വിരല്‍ത്തുമ്പില്‍ തൊട്ട് വിദൂരതയിലെവിടെയോ കണ്ണുംനട്ട് നിശബ്ദനായി നില്‍ക്കുന്ന ആ മനുഷ്യനെ രേണുക കൌതുകത്തോടെ നോക്കി.

അവള്‍ പെട്ടെന്ന് ചിരിച്ചു. രവി ചോദ്യഭാവത്തില്‍ അവളെ നോക്കി.

“രവിയുടെ വിരലിനു തണുപ്പ്.” രഹസ്യം പറയുന്ന പോലെ മുഖം അയാള്‍ക്ക് അടുത്തേക്ക് നീട്ടിക്കൊണ്ട് അവള്‍ വീണ്ടും ചിരിച്ചു.

ആ ചിരി വീണ്ടും കാണാനെന്ന പോലെ തന്നെ നോക്കുന്ന അയാളുടെ മിഴികളിലെ ആര്‍ദ്രത തൊട്ടിട്ടെന്നോണം രേണുകയുടെ ശരീരം കുളിര്‍ന്നു.

രവി ആകാശത്തേക്ക് നോക്കി. “മഴ പെയ്യുമെന്ന് തോന്നുന്നു”

രേണുക ഇരുളുന്ന മാനത്തേക്ക് കണ്ണയച്ചു. അവളുടെ വിരലുകളിലെ പിടി വിടാതെ രവി അന്വേഷിച്ചു.

“ദിലീപനു സുഖമാണോ?

“ഉം.....അപകടത്തിനു ശേഷം രണ്ട് വര്‍ഷത്തോളം ചികിത്സയിലായിരുന്നു. നാട് മൊത്തം ഓടി നടന്നൊരു പൊതുപ്രവര്‍ത്തകന്‍ പെട്ടെന്ന് നടക്കാന്‍ പോലും ആവാതെ കിടപ്പിലായാലുള്ള അവസ്ഥ അറിയാലോ?! ആകെ നിരാശ..സങ്കടം..വിരക്തി...ഒരു നിമിഷം പോലും മാറാതെ അരികില്‍ തന്നെ നിന്നു ഞാന്‍. ഇപ്പോള്‍ പഴയതിലും ഊര്‍ജ്ജത്തോടെ ഓടി നടക്കുന്നു.” രേണുക ചിരിച്ചു.

അവര്‍ക്കിടയിലേക്ക് മഴയുടെ തണുപ്പുള്ളോരു കാറ്റ് വീശി. രേണുക പതിയെ തന്‍റെ വിരലുകള്‍ തിരിച്ചെടുത്തു ചുമല്‍ മൂടിയ സാരിത്തുമ്പ് ഒന്നുകൂടി മുന്നോട്ട് വലിച്ച് പുതച്ചു.

“ഞാന്‍ പോവാ രവി..ഇനി നിന്നാല്‍ മഴയത്ത് യാത്ര ബുദ്ധിമുട്ടാകും.” അത് ശ്രദ്ധിക്കാത്തപോലെ രവി പറഞ്ഞു “ഈ ഒരു മഴക്ക് വേണ്ടി ആയിയിരിക്കാം പുഴയിങ്ങനെ കാത്തു കിടക്കുന്നത്..”

രേണുക ഒന്നും മിണ്ടിയില്ല. യാത്ര പറയാതെ അവള്‍ തിരിഞ്ഞു നടന്നു. അവള്‍ പോകുന്നതും നോക്കി രവി നിന്നു. പെട്ടെന്ന് എന്തോ ഓര്‍മ്മ വന്നത് പോലെ അയാള്‍ വിളിച്ചു.

“രേണു...?!

അവള്‍ തിരിഞ്ഞു നിന്നു.

“എനിക്ക്.....ഞാന്‍ ഇടയ്ക്കൊന്നു വന്നു കണ്ടോട്ടേ?

അവള്‍ അയാളുടെ മുഖത്തേക്ക് തന്നെ നോക്കി നിന്നു. മറുപടി പറയാതെ തിരിഞ്ഞു നടന്നു. രവി അവള്‍ പോകുന്നതും നോക്കി നിശ്ചലം നിന്നു. മഴത്തുള്ളികള്‍ ഊര്‍ന്നു വീണു തുടങ്ങിയിരുന്നു. ധൃതിയില്‍ പടികള്‍ കയറി മുകളിലെത്തിയതും രേണുകയുടെ മൊബൈല്‍ഫോണ്‍ ശബ്ദിച്ചു. ബാഗിനുള്ളില്‍ നിന്നു ഫോണിനൊപ്പം അവള്‍ കുടയും തപ്പിയെടുത്തു. ഫോണിന്‍റെ കാള്‍ബട്ടണ്‍ അമര്‍ത്തി ചെവിയില്‍ വച്ച് അവള്‍ കുട നിവര്‍ത്തി. മറുതലക്കല്‍ ദിലീപനായിരുന്നു.

“കണ്ടോ?!” അയാള്‍ അന്വേഷിച്ചു.

ഒരു നിമിഷത്തെ മൌനത്തിനു ശേഷം അവള്‍ പറഞ്ഞു.

“ഉം....കണ്ടു...ഞാന്‍ അങ്ങോട്ടേക്ക് വരികയാണ് ”

“ഞാന്‍ ജങ്ഷനിലേക്ക് വരണോ?!

“വേണ്ട...ഞാനൊരു ഓട്ടോ പിടിച്ചു വന്നോളാം.”

“ശരി..വേഗം വാ..ഞാന്‍ കാത്തിരിക്കുകയാണ്.”

അവള്‍ പുഞ്ചിരിച്ചു കൊണ്ട് കാള്‍ കട്ട്‌ ചെയ്തു.

ഊർന്നു വീഴുന്ന മഴത്തുള്ളികളുടെ വേഗവും താളവും വർദ്ധിച്ചു കൊണ്ടിരുന്നു. കുട ഇടതു കൈയിലേക്ക് മാറ്റി പിടിച്ച് വലതു കൈയാല്‍ സാരിത്തുമ്പ് ഉയർത്തി രേണുക, മഴയുടെ വേഗത്തിനൊപ്പം നടന്നു.