കഥാജാലകം

View Original

ശ്മശാനത്തിന്റെ കഥാകൃത്ത്

കഥയുടെ രണ്ടാം അദ്ധ്യായത്തിലാണ് കഥാകാരൻ വിൻസെന്റ് പെരേര എന്ന തൊപ്പിക്കാരനെ അയാൾ പോലും അറിയാതെ സ്വന്തം കഥയിൽ കാണുന്നത്. അതുവരെ അങ്ങനെയൊരു കഥാപാത്രത്തെ കുറിച്ച് അയാൾ ആലോചിചിട്ടേയില്ലായിരുന്നു. കഥാകാരൻ അറിയാതെയാണ് ആ കഥാപാത്രം പിറന്നത്‌ എന്നു പറഞ്ഞാലും അത്ഭുതപെടേണ്ടതില്ല, കുന്നിൻപുറത്തെ കാടിനുതൊട്ടുളള ആളൊഴിഞ്ഞ സ്മശാനത്തിൽ ആടുകളെയും കൊണ്ടെത്തിയ ത്രേസ്യാമ്മ വർഗ്ഗീസിനെയാണ് വിൻസെന്റ് പെരേര കഥയിൽ ആദ്യമായി അഭിമുഖീകരിക്കുന്നത്, ത്രേസ്യാമ്മ എന്നും ആടുകളെകൊണ്ടും അല്ലാതെയും നിരവധി തവണ കടന്നു വരാറുളള കുന്നിൻപുറത്തെ ആ പഴകിയ സ്മശാനം ചെറുവളളി കവലയിൽ നിന്ന് ഒന്നരകിലോമീറ്ററിലേറെ കുന്നുകയറി നടന്നു പോവാനുളളതു കൊണ്ടും, ആരും പെടുന്നനെ അവിടേക്ക് കയറിവരില്ലെന്ന വിശ്വാസമുളളതിനാലും ത്രേസ്യാമ്മ വർഗീസ് എന്ന പെണ്ണ് പുതിയ കഥാപാത്രത്തെ കണ്ട് ഞെട്ടിത്തരിച്ചു, തന്റെ കഥാകൃത്തിന്റെ അനുവാദത്തിനു പോലും കാത്തു നിൽക്കാതെ അവർ പെട്ടെന്ന് പ്രതിഷേധിച്ചു.

"ആരാണിത്"

തന്റെ കഥാപാത്രത്തിന്റെ അപ്രതീക്ഷിതവും അത്യന്തം അഹന്ത നിറഞ്ഞതുമായ പ്രവർത്തി കണ്ട് എഴുത്തുകാരൻ തെല്ലധികം പരിഭ്രമിച്ചു. പിന്നീട് സ്വബോധം വീണ്ടെടുത്ത് തന്റെ കഥാപാത്രത്തോട് കയർത്തു.

"ത്രേസ്യാമ്മ വർഗ്ഗീസ് നിങ്ങൾ നിങ്ങളുടെ ജോലി മാത്രം ചെയ്യുക എന്റെ കഥയുടെ വഴി ഞാൻ നിശ്ചയിച്ചു കൊള്ളാം"

അത്ഭുതത്തോടെയാണ് അവൾ ഗ്രാനൈറ്റ് പതിച്ച കുഴിമാടത്തിന് മുകളിൽ ഇരുന്നത്, മുഖത്ത് പരമാവധി പുച്ഛഭാവം സ്രഷ്ടിച്ച് അവർ തന്റെ എഴുത്തുകാരനോട് വീണ്ടും സംസാരിച്ചു. സംസാരം തുടങ്ങുന്നതിന് മുന്നെ തന്നെ കഥയിലെ ആ ഭാഗത്തിലെ മറ്റു കഥാപാത്രങ്ങളായ ആടുകൾ മതിൽ കെട്ടിയുയർത്തിയ സ്മശാനത്തിൽ മേഞ്ഞു നടന്നു, അവയിൽ ചിലത് പാവപ്പെട്ട ക്രിസ്ത്യാനികളുടെ മണ്ണുമാത്രം മൂടിയ കുഴിമാടങ്ങൾക്ക് മുകളിൽ വിശ്രമിക്കുകയും അവിടെ മുളച്ചു പൊന്തിയ തുമ്പക്കതിരുകൾ നാക്കു നീട്ടി ഭക്ഷിക്കുകയും ചെയ്തു. തന്റെ കഥാപാത്രങ്ങളെ വളരെ ശ്രദ്ധയോടെ വരച്ചിടുന്ന അപ്രശസ്തനായ ഒരു കഥാകരനായിരുന്നു അദ്ദേഹം.

"നിങ്ങൾ ഇതെന്നാ അറിഞ്ഞിട്ടാ മിസ്റ്റർ, രണ്ടോ മൂന്നോ വീടുമാത്രമുളള ഈ കുന്നുപുറത്ത്, അതും അടച്ചുപൂട്ടി ബന്ദൂസാക്കിയ ഈ ശവപ്പറമ്പില് ഇതാരു വരാനാണ്."

ത്രേസ്യാമ്മ വർഗ്ഗീസിന്റെ നിഗമനം ശരിയാണ്, കവലയിൽ നിന്ന് ചെറുവള്ളിയാറിന്റെ തീരത്തെ പാറക്കല്ലുകൾ പതിച്ച റോഡിലൂടെ അരമണിക്കൂറിലേറെ ക്ലേശിച്ചു കയറ്റം കയറിയാൽ മാത്രമാണ് ഇവിടെ എത്തുന്നത്, അത് മാത്രമല്ല ഒന്നാം അദ്ധ്യായത്തിൽ സഭാതർക്കത്തിന്റെ പേരിൽ ഏറെ വർഷങ്ങളായി അടച്ചിട്ട് കാടുപടർന്ന ഈ സ്മശാനത്തിലും അതിന്റെ പിറകിലെ ത്രേസ്യാമ്മ വർഗ്ഗീസിന്റെ ഓടുമേഞ്ഞ വീട്ടിലും എത്തിചേരാനുളള ക്ലേശം കഥാകാരൻ വളരെ വിശദമായി എഴുതി ചേർത്തതുമാണ്, അതുകൊണ്ട് തന്റെ കഥാപാത്രം പറഞ്ഞത് ഒരു പരിധിവരെ ശരിയാണെന്ന് അയാൾക്ക് തോന്നി, പണക്കാരിയോ പഠിപ്പുകാരിയോ അല്ലാതിരുന്നിട്ടും ബുദ്ധിമതിയായ ത്രേസ്യാമ്മയുടെ കഥപറയാൻ തോന്നിയതിന് അയാൾ സ്വയം അഭിമാനം കൊള്ളുകയും ചെയ്തു. തന്റെ കഥയിലെ ബാക്കി ഭാഗത്ത് ത്രേസ്യാമ്മക്ക് കരുത്ത് കാട്ടാനുളള രംഗങ്ങൾ എഴുതി ചേർക്കണമെന്ന് അയാൾ മനസ്സിൽ കരുതി.

അപ്പോൾ പിന്നെ വിൻസെന്റ് പെരേര എവിടെനിന്നു വന്നു. കഥാകാരന്റെ ആധിയറിയാതെ ത്രേസ്യാമ്മ ആടുകൾക്ക് പുറകെ പാഞ്ഞു. അവളുടെ മുഷിഞ്ഞ തോർത്ത് നിറം മങ്ങിയ കല്ലറയിൽ വീണു കിടന്നു. ആളൊഴിഞ്ഞ സ്മശാനത്തിൽ ഇരുന്ന് ത്രേസ്യാമ്മ തന്റെ കുഞ്ഞുങ്ങളില്ലാത്ത ആടിനോട് പരിഭവം പറയുന്ന രംഗത്തിലാണ് ഇപ്പോൾ ആളറിയാതെ പുതിയ അതിഥി വന്നു കയറിയത്. കഥാകാരന് തലയ്ക്കകത്ത് പെരുപ്പ് കയറി, ഇടതുക്കൈയ്യിലെ സിഗരറ്റിന്റെ പുക ആ റൂമിൽ അലഞ്ഞു നടന്നു. അയാൾ കണ്ണടച്ചിരുന്നു.

ഈ കഥ നാളെ വാരികക്കാരന് എഴുതി തീർത്ത് കൊടുക്കണം എന്നു കരുതിയതാണ്, പെട്ടെന്ന് തരണമെന്ന് പത്രാധിപർ കാണുമ്പോഴൊക്കെ പറയാറുണ്ട്, അദ്ദേഹത്തിന്റെ ആ പഴയ പ്രിൻ്റിങ്ങ് മിഷ്യനിൽ കഥ അച്ചടിച്ചു കിട്ടാൻ ഏറെ ദിവസങ്ങൾ എടുക്കാറുണ്ടത്രേ. ചിലപ്പോഴൊക്കെ കഥാകാരന്റെ സൃഷ്ടികൾക്ക് ആയിരമോ രണ്ടായിരമോ അയാൾ പ്രതിഫലം കൊടുക്കാറുണ്ട് ഈ കഥക്കും അങ്ങനെയെന്തെങ്കിലും കിട്ടുമെന്ന് കരുതിയിരുന്നു. ആ കിട്ടുന്ന കാശുകൊണ്ട് തീർക്കാൻ കരുതിവെച്ച ആവശ്യങ്ങളുടെ ലിസ്റ്റ് കഥാകാരൻ മനസ്സിൽ നിറച്ചുവെച്ചിട്ടുണ്ട്. പക്ഷേ ഈ അപ്രതീക്ഷിത സംഭവങ്ങൾ എല്ലാ പ്രതീക്ഷകളും തെറ്റിച്ചിരിക്കുന്നു.

കുന്നുംപുറത്തെ ആ സ്മശാനത്തിൽ അപ്പോൾ വിൻസെന്റ് പെരേര അനാഥനെപ്പോലെ നിൽക്കുകയായിരുന്നു. ആടുകളെ തെളിച്ച് ഒരു വശത്താക്കി ത്രേസ്യാമ്മ തിരിഞ്ഞു നോക്കുമ്പോൾ വിൻസെന്റ് പെരേര രൂപക്കൂട്ടിലെ അന്തോളിസ് പുണ്യാളനെ പോലെ നിൽക്കുന്നു, ആയമ്മക്ക് കാലിൽ നിന്ന് കോപം ഇരച്ചു കയറി.

"ഇയാള് പോയില്ലേ"

കഥാകാരൻ അപ്പോഴാണ് ഞെട്ടി ഉണർന്നത്, പുതിയ കഥാപാത്രത്തിന്റെ കടന്നു വരവ് ആ എഴുത്തുകാരനെ വല്ലാതെ തളർത്തിയിരുന്നു.

"എവിടേക്ക് പോണം "

അതുവരെ മൗനം തുടർന്നിരുന്ന വിൻസെന്റ് പെരേര ത്രേസ്യാമ്മയുടെ മുഖത്ത് നോക്കി ചോദിച്ചു.

"ദാണ്ടെ അങ്ങേരോട് ചോദിക്ക്"

ത്രേസ്യാമ്മ കഥാകാരന്റെ നേർക്ക് വിരൽ ചൂണ്ടി, വിൻസെന്റ് പെരേരയുടെ നോട്ടവും അയാളിൽ പതിഞ്ഞു

"അതിനു നിങ്ങൾ എവിടെ നിന്നാണ് വന്നത് മിസ്റ്റർ, എന്റെ കഥയിൽ താങ്കളെ ചേർത്തതായി ഞാൻ ഓർക്കുന്നില്ലല്ലോ"

കഥാകാരന്റെ സംസാരം കേട്ടതും വിൻസെന്റ് പെരേര ഉറക്കെ ചിരിച്ചു. അയാളുടെ ചിരികേട്ടപ്പോൾ ഇയാളൊരു ആംഗ്ലോ ഇന്ത്യകാരനാവുമെന്ന് കഥാകാരന്റെ മനസ്സിൽ തോന്നി, തലയിലെ തൊപ്പി ഊരി വിൻസെന്റ് പെരേര ത്രേസ്യാമ്മയുടെ അടുത്തേക്ക് നടന്നു. അയാളുടെ നടത്തം പഴയകാല സിനിമാ വില്ലൻമാരെ അനുസ്മരിക്കുന്നുണ്ടായിരുന്നു. തന്റെ കഥയിൽ അരുതാത്തതായി വല്ലതും നടക്കുമോയെന്ന് കഥാകാരൻ തെല്ല് ആശങ്കപ്പെട്ടു.

"ചേനൻ മാപ്പിളയെ നിനക്ക് അറിയാവോ ത്രേസ്യാമ്മേ"

വിൻസെന്റ് പെരേര ത്രേസ്യാമ്മേടെ തൊട്ടടുത്തെത്തി വല്ലാത്തൊരു കൗതുകത്തോടെ ചോദിച്ചു

"നിനക്കറിയാവോടാ"

അയാൾ തിരിഞ്ഞ് കഥാകാരനെ നോക്കി, താനെന്തിനറിയണമെന്ന മട്ടിൽ കഥാകാരൻ തലകുമ്പിട്ടിരുന്നു. ത്രേസ്യാമ്മയുടെ അവസ്ഥയും ഏകദേശം ഇതു തന്നെ ആയിരുന്നു.

"അതായത് നിന്റെ കെട്ടിയോൻ വർഗ്ഗീസിന്റെ അപ്പാപ്പൻ ചങ്ങനാശ്ശേരിക്കാരൻ നായർ ചേനൻ, അങ്ങേര് അയൽവക്കത്തെ ഒരു ക്രിസ്ത്യാനിച്ചിയേയും ചാടിച്ച് ഈ കിഴക്കൻ മലകയറി ആദ്യം വന്നത് ചെറുവള്ളി പള്ളിമുറ്റത്താ"

വിൻസെന്റ് പെരേര കഥാകാരനെ നോക്കി വീണ്ടും തുടർന്നു.

"പിറ്റേന്ന് തന്നെ ആനാവെളളം തളിച്ച് മാർഗ്ഗം കൂടി പള്ളിപ്പറമ്പിന്റെ മൂലക്ക് കുടിലും കെട്ടി കൂടി, അതിയാൻ ചേനൻമാപ്പിളയായതു മുതൽ എന്റെ കൂട്ടാർന്നു ."

മാർഗ്ഗം കൂടി വന്ന് പള്ളിയും സ്മശാനവും പണിയാൻ ഏറെ നാൾ വിയർപ്പൊഴുക്കിയ ഒരു കാരണവർ തനിക്കുണ്ടായിരുന്നെന്ന് തന്റെ കെട്ടിയവൻ വീമ്പിളക്കുന്നത് ത്രേസ്യാമ്മ ഓർത്തെടുത്തു. പിരിഞ്ഞു വേറെയായ സഭയും തന്റെ അപ്പനപ്പുപ്പൻ മാരുടെ അധ്വാനമാണെന്നും വർഗ്ഗിച്ചായൻ ഇടയ്ക്കിടെ പറയുന്നതും അവൾ നെഞ്ചിലിട്ടു ചികഞ്ഞു.

ത്രേസ്യാമ്മ വിനീത വിധേയത്തോടെ വിൻസെന്റ് പെരേരയുടെ കഥ കേൾക്കാനിരുന്നു. തന്റെ രചന കൈവിട്ട് അകന്നു പോകുന്നതായി കഥാകാരനുതോന്നി. അയാൾ വലതുകൈയ്യിലെ പേന അടച്ച് മേശപ്പുറത്ത് വച്ചു. കാലിയായ സിഗരറ്റ് പേക്കറ്റെടുത്ത് ആധിയോടെ വലിച്ചെറിഞ്ഞു. പെരേര തുടരുകയാണ് .

"എടീ ത്രേസ്യാമ്മേ നീയാകല്ലറേടെ മുകളീന്ന് ഉടുത്തു കുളിക്കണ തോർത്തൊന്നെടുത്തേ"

ത്രേസ്യാമ്മ തോർത്തെടുക്കാൻ പാഞ്ഞു, കഥാകാരൻ തന്റെ അക്ഷരങ്ങളെ തുറിച്ചു നോക്കി, ത്രേസ്യാമ്മ തോർത്തെടുത്ത് തോളിലിട്ടു. ഇടതുകൈകൊണ്ട് മുഖത്തെ വിയർപ്പുകണങ്ങൾ തോർത്തുമുണ്ടിൽ ഒപ്പിയെടുത്തു.

"എന്നാ ഇനി ആ കല്ലറയിലെ പേരു വായിച്ചെടി"

ത്രേസ്യാമ്മ വലതുകൈ കൊണ്ട് നെറ്റി മറച്ച് , കുനിഞ്ഞു കല്ലറയിലെ മണ്ണുതട്ടി പേരു വായിക്കുകയാണ്

"വിൻസെന്റ് പെ രേ രാ.... കൊല്ല വർഷം"

"വേണ്ട വേണ്ട അതൊന്നും കാണുകേല ഈ പറമ്പിലെ ആദ്യത്തെ കല്ലറയല്ല്യയോ"

കഥാകാരൻ ഞെട്ടി വിയർത്തു, അപ്പോൾ വിൻസെന്റ് പെരേര മരിച്ചവനാണ്, ഈ ശവപ്പറമ്പിലേക്ക് അയാൾ വെറുതെ വന്നു കയറിയതല്ല. കുന്നിൻ പുറത്തെ സ്മശാനത്തിന്റെയും അയൽവാസി ത്രേസ്യാമ്മ വർഗ്ഗീസിന്റെയും കഥപറയാൻ തോന്നിയ നിമിഷത്തെ കഥാകാരൻ ശപിച്ചു.

"നീ എന്നതാടാ ആലോചിക്കുന്നേ, ഇവിടുത്തെ കഥപറയുമ്പോൾ എന്നെ ഓർക്കണ്ടായോ"

"അതു വേണം "

അതുവരെ അന്തംവിട്ടു നിന്ന ത്രേസ്യാമ്മ വിൻസെന്റ് പേരേരയുടെ പക്ഷം ചേർന്നു. കഥാകാരൻ മൗനം തുടർന്നു. ഒരു സിഗരറ്റ് കിട്ടിയിരുന്നെങ്കിൽ അയാൾ അതിയായി ആശിച്ചു.

"ഇതു പറയാൻ വന്നതാന്നോ"

ത്രേസ്യാമ്മയുടെ ചോദ്യത്തിന് വലിയൊരു ചിരി മറുപടി കൊടുത്ത് വിൻസെന്റ് പെരേര ആടുകൾ വിശ്രമിച്ച കുഴിമാടം ചാടികടന്ന് തന്റെ കല്ലറയുടെ മുകളിൽ തലകുനിച്ചിരുന്നു .

"എനിയിപ്പം എന്നതാ കാട്ടുന്നേ"

ത്രേസ്യാമ്മ അത്ഭുതം മറച്ചു വെച്ച് കഥാകാരനെ നോക്കി, അയാൾ തന്റെ മുറിയുടെ പലഭാഗത്തും സിഗരറ്റിനായി തിരയുകയായിരുന്നു. മറുപടിക്ക് കാക്കാതെ ത്രേസ്യാമ്മ ആടുകളെ തെളിച്ചു കൂട്ടി മതിലിടിഞ്ഞ വിടവിലൂടെ ആരുടേയും അനുവാദത്തിനു കാക്കാതെ നടന്നുപോയി, അവളെ വല്ലാതെ ഭീതി വിഴുങ്ങിയിട്ടുണ്ടാവുമെന്ന് കഥാകാരൻ മനസ്സിൽ കരുതി.

കഥാകാരന്റെ മുറിയിലും, കഥയിലെ സ്മശാനത്തിലും നിശബ്ദത നിറഞ്ഞു.

കുറ്റികാടുകളെ ഇളക്കി മറിച്ച് ഒരു കാറ്റെങ്കിലും വന്നു പോകുമെന്ന് അവരിരുവരും പ്രതീക്ഷിച്ചു. നേരം പടിഞ്ഞാറു ചാഞ്ഞിരുന്നു ,കരിവാളിച്ച പോക്കുവെയിലിൽ വിൻസെന്റ് പെരേരയുടെ ഇരുപ്പു കണ്ട് മനസ്സലിഞ്ഞ് കഥാകാരൻ മൗനമറത്തു.

"താങ്കൾ എന്നോടെന്തെങ്കിലും പറയു "

തന്റെ കല്ലറയുടെ അരികിലേക്ക് വിരൽ ചൂണ്ടിക്കാട്ടി വിൻസെന്റ് പെരേര തലയുയർത്തി പറഞ്ഞു. അയാളുടെ മുഖമപ്പോൾ ഇരുണ്ടിരുന്നു.

"എന്റെ അരികിൽ പത്തിരുപത് കൊല്ലം മുമ്പെ ഒരു കല്ലറയുണ്ടാർന്ന്, ചേനൻ മാപ്പളേടെ, ഇപ്പോൾ അതില്ലകേട്ടോ"

"അതെവിടെ പോയി"

കഥാകാരൻ മറുപടി കാത്ത് തന്റെ അക്ഷരങ്ങളിലേക്ക് മുഖം പൂഴ്ത്തി , വിൻസെന്റ് പെരേര ഇടതുകൈ ആകാശത്തേക്ക് ഉയർത്തി പറഞ്ഞു

"കർത്താവിനെ വിഭജിച്ച് പുതിയ സഭയുണ്ടാക്കിയപ്പോ അവർ ഞങ്ങളെയും പിരിച്ചു , അവന്റെ കുഴിയിലെ മണ്ണടക്കം വാരി പുതിയ ശവപ്പറമ്പിലേക്ക് കൊണ്ടൊയിന്നാ"

ഇപ്പോൾ ശവപ്പറമ്പിൽ കാറ്റ് വീശി തുടങ്ങി, മരത്തലപ്പുകൾ ഇളകിമറിഞ്ഞു. ത്രേസ്യാമ്മയുടെ ആടുകളുടെ കരച്ചിൽ രംഗത്ത് ഇടക്ക് വന്നു കയറി മടങ്ങി.

"എത്ര കാലങ്ങൾ ഒരുമിച്ച് കഴിഞ്ഞോരാ ഞങ്ങൾ ഇപ്പോൾ ഒന്ന് കാണണോന്ന് കരുതീട്ട് വർഷങ്ങളായി എവിടാന്നു വെച്ചിട്ടാ"

വിൻസെന്റ് പെരേര തലയുയർത്തി കഥാകാരന്റെ നേരെ നോക്കി,

"താനൊന്ന് അന്വേഷിക്കാവോ എനിക്കങ്ങനെ കറങ്ങി നടക്കാനൊക്കത്തില്ലന്നേ, ആത്മാവല്ലയോ"

തന്റെ കുഴിമാടത്തിന്റെ മുകളിൽ വിൻസെന്റ് പെരേര അലിഞ്ഞില്ലാതാവുന്നതു വരെ അവർ പരസ്പരം മിഴി പങ്കിട്ടു.

കഥാകാരൻ ഏറെ നേരത്തെ ആലോചനക്ക് ശേഷം ചേനൻ മാപ്പിളയേയും വിൻസെന്റ് പെരേരയെയും തിരഞ്ഞ് സ്മശാനത്തിന്റെ കുന്നിറങ്ങി നടന്നു, പൂർത്തിയാക്കാതെ ഉപേക്ഷിക്കപ്പെട്ട അയാളുടെ കഥാപാത്രങ്ങളൊക്കെയും നിശബ്ദ്ധമായി അയാളെയും കാത്തിരുന്നു.

ആ മുറിയിൽ എന്നോ മറന്നു വെച്ച ഒരു സിഗരറ്റ് പുകച്ച് അയാൾ ആ യാത്ര തുടർന്നു കൊണ്ടേയിരുന്നു.