കഥാജാലകം

View Original

രാത്രിയെ പ്രണയിക്കുന്നവർ

മങ്ങിയ പ്രകാശത്തിൽ കണ്ട ബസിന്റെ മുൻവശത്തെ സ്ഥലപ്പേര് ഒന്നുകൂടി വായിച്ചുറപ്പിച്ച് ഇന്ദു ബസിനുള്ളിൽ കയറി. അഞ്ചാറുപേർ പല പല സീറ്റുകളിലായി ഇരിപ്പുണ്ട് . മദ്ധ്യഭാഗത്ത് രണ്ടുപേർക്ക് മാത്രമായി ഇരിക്കാവുന്ന ഒരു സീറ്റിൽ അവളിരുന്നു .ബസ് പുറപ്പെടുന്ന സമയം ആയിട്ടില്ല, ഇനിയും അരമണിക്കൂർ കൂടിയുണ്ട് . അവൾ ബാഗ് തുറന്ന് ഒരു ച്യൂയിംഗ് ഗം എടുത്ത് പൊതിതുറന്ന് വായിലേക്കിട്ടു. പരിഭ്രമമോ പേടിയോ ഒന്നും തോന്നുന്നില്ല. ആദ്യമായി ചെയ്യുന്നവർക്കല്ലേ ഈപ്പറഞ്ഞതെല്ലാം. എത്ര നാളായി ചെയ്യുന്നു ? രണ്ടുവർഷം! ഇതുവരെ പിടിക്കപ്പെട്ടിട്ടില്ല. മോഷണം! അതൊരു ഹരം തന്നെയാണ്. എത്ര ചെയ്താലും മതിവരാത്ത ഒന്ന് ! അവൾ സമയം നോക്കി. ഇനിയും ഇരുപത്തഞ്ചുമിനിറ്റ് കൂടിയുണ്ട് യാത്ര തുടങ്ങാൻ. മോഷണം നടത്താനായി തീരുമാനിച്ചുറപ്പിച്ചിരിക്കുന്ന വീട്ടിലേക്കെത്താൻ അവളുടെ മനസ്സ് തിടുക്കം കൂട്ടി.

ആരോ ബസിലേക്ക് കയറിവരുന്നത് കണ്ട് ഇന്ദു വാതിലിലേക്ക് നോക്കി. കടുംനീല സാരിയുടുത്ത ഒരു സ്ത്രീ എല്ലാ സീറ്റുകളിലേക്കും കണ്ണോടിച്ച് മുൻനിരയിലെ ഒരു സീറ്റിലിരുന്നു. എന്തൊരു തിളക്കമാണ് അവരുടെ വജ്രമുക്കുത്തിയ്ക്ക് ! ഇന്ദു ഓർത്തു. ഇന്ദു വീണ്ടും തന്റെ ലോകത്തേയ്ക്ക് മടങ്ങി വന്നു. രണ്ടാഴ്ച നന്നായി കഷ്ടപ്പെട്ട് വ്യക്തമായ ഒരു രൂപം തയ്യാറാക്കി തന്നെയാണ് ഇറങ്ങിയിരിക്കുന്നത്. പരാജയപ്പെടില്ലെന്ന് നൂറുശതമാനം ഉറപ്പുള്ള പദ്ധതി! ആ നിശബ്ദതയെ ഭേദിച്ചുകൊണ്ട് മൊബൈൽഫോണിൽ മനോഹരമായ ഒരു പ്രണയഗാനം കേൾക്കയായി. താര ഫോണെടുത്ത് ചെവിയോടടുപ്പിച്ചു.

" ഞാൻ ഒരരമണിക്കൂറിനുള്ളിലെത്തും. ധൃതി വയ്ക്കാതെ ".

അവൾ കുണുങ്ങിച്ചിരിച്ചു. അപ്പോൾ ആ വജ്രമുക്കുത്തി കൂടുതൽ തിളങ്ങി.

" നാണമില്ല ഈ ചെക്കന് , എന്തൊരു തിരക്കാണ്".

ശൃംഗാരം അവളുടെ കവിളുകൾക്ക് നേരിയ ചുവപ്പ്‌നിറം നൽകി. ഫോൺ വയ്‌ക്കുമ്പോഴും അവളുടെ ചുണ്ടിലെ പുഞ്ചിരി മാഞ്ഞിരുന്നില്ല. അവൾ ഹെഡ്സെറ്റെടുത്ത് ചെവിയിലേക്ക് തിരുകി. തന്റെ പ്രിയഗാനത്തെ ഒന്നുതൊട്ട് അതിൽ ലയിച്ചിരുന്നു. ഇന്നത്തേത് ഒരു പത്തൊൻപതുകാരൻ ചെറുക്കനാണ്. തനിക്കു വേണ്ടി എന്തും ചെയ്യാൻ തയ്യാറായിരിക്കുന്നവൻ . പഠനയാത്രയുടെ പേരും പറഞ്ഞ് ഇറങ്ങിയതാണ്, ഇന്നൊരു രാത്രിയ്ക്കായി. വരാൻ പോകുന്ന നിമിഷങ്ങളെക്കുറിച്ചോർത്തപ്പോൾ അവളുടെ രോമകൂപങ്ങൾ എഴുന്നേറ്റുനിന്നു. അവൾ അക്ഷമയായി വാച്ചിലേയ്ക്ക് നോക്കി. ഇനിയും പതിനഞ്ചുമിനിറ്റ് കൂടിയുണ്ട്.

പിന്നിൽ നിന്ന് ഷൂവിന്റെ കനത്ത ശബ്ദം കേട്ടാണ് ഇന്ദു മുഖമുയർത്തിയത്. പുരുഷനെന്നോ സ്ത്രീയെന്നോ പ്രഥമദൃഷ്ട്യാ മനസ്സിലാക്കാൻ കഴിയാതെ അവളൊന്നുകൂടി നോക്കി.സ്ത്രീ തന്നെ. അവൾ ബസിന്റെ പിന്നിലെ സീറ്റിലൊന്നിലിരുന്നു. തോളിൽനിന്ന് വലിയ ബാഗ് ഊരി ഒരു കുപ്പി വെള്ളം ആവേശത്തോടെ കുടിച്ചുതീർത്തു. ബാഗിൽ നിന്ന് ബ്രഡിന്റെ പൊതിയെടുത്ത് പൊട്ടിച്ച് കഴിക്കാൻ തുടങ്ങി. ജ്യോത്സ്നയ്ക്ക് വല്ലാത്തൊരു ആത്മവിശ്വാസം തോന്നി. തന്റെ ജീവിതത്തിലെ ഒൻപതാമത്തെ കൊലപാതകം! ഇതും ആസ്വദിച്ചുതന്നെ ചെയ്യണം. ഒൻപതും ഒൻപത് വിധം, ആർക്കും യാതൊരു സംശയത്തിനും ഇടം കൊടുക്കാതുള്ള വിദഗ്ധമായ ആസൂത്രണം. ഇന്നത്തെ കൃത്യം യാതൊരു മടിയും കൂടാതെ ഏൽപ്പിച്ചിരിക്കുന്നത് തന്റെ കഴിവിലുള്ള വിശ്വാസം കൊണ്ടുതന്നെ. പണമാണ് പ്രധാനം ! ലക്ഷങ്ങളോടും കോടികളോടും മാത്രമാണ് പ്രണയം. ചെറിയ തുകകൾ കിട്ടിയിട്ട് എന്തുചെയ്യാനാണ്? എന്തിന് തികയും അത്?

ബസിനു മുന്നിൽ തൂക്കിയിട്ടിരിക്കുന്ന ചുവപ്പും, മഞ്ഞയും, നീലയും നിറങ്ങളിലുള്ള ബലൂണുകൾ കാറ്റിലാടി. ഇന്ദു കുറച്ചുസമയം ബലൂണുകളെ തന്നെ നോക്കി. തന്റെ ആദ്യമോഷണം ബലൂണുകൾക്ക് വേണ്ടിയായിരുന്നു. കടയിൽ തൂക്കിയിട്ടിരുന്ന വർണബലൂണിനായി കരഞ്ഞപ്പോൾ അച്ഛന്റെ അടിയാണ് കിട്ടിയത്. കരഞ്ഞുകൊണ്ട് വീട്ടിലേക്ക് വന്നപ്പോൾ ഞാൻ വാങ്ങിത്തരാം മോളേ എന്ന് അമ്മയും പറഞ്ഞില്ല. രാത്രിയിലേറെ വൈകി മദ്യപിച്ച് വന്ന അച്ഛനെ കണ്ടപ്പോൾ പക തോന്നി. ഉറങ്ങിക്കിടക്കുന്ന അച്ഛന്റെ കീശയിൽ നിന്ന് നൂറിന്റെ നോട്ടുകൾ മോഷ്ടിച്ച് ഈ വഴി ആദ്യം കാട്ടിത്തന്നത് അമ്മയാണ് . പിറ്റേദിവസം നല്ല ഭംഗിയുള്ള ഒരു പുതിയ സാരി അമ്മ അലമാരയിൽ മടക്കിവയ്ക്കുന്നത് കണ്ടപ്പോൾ ആ ഏഴുവയസുകാരിയ്ക്ക് കാര്യം മനസിലായി. അന്നുരാത്രി അച്ഛന്റെ കീശയിൽ കൈകടത്തിയപ്പോൾ കിട്ടിയ അഞ്ചുരൂപാനാണയം - അതാണ് ആദ്യത്തെ സമ്പാദ്യം. പിന്നീട് എത്രയെത്ര മോഷണങ്ങൾ! ചെറുതിൽ നിന്ന് വലുതിലേക്ക്. യാതൊരു കുറ്റബോധവും തോന്നിയിട്ടില്ല. ഈ മോഷണങ്ങളൊന്നും ജീവിക്കാൻ വേണ്ടിയല്ല. അതിന് മാന്യമായൊരു ജോലിയുണ്ട്. ഇത്‌ ആത്മസംതൃപ്തിയ്ക്ക് വേണ്ടി, ആർഭാട ജീവിതത്തിന് വേണ്ടി.

താരയുടെ കണ്ണുകളും ബലൂണുകളിൽ ആയിരുന്നു. ഊതിവീർപ്പിച്ച വർണ ബലൂണുകൾ ! അവൾ ചുണ്ട് കടിച്ചു. രാത്രിയിൽ ഉറക്കിക്കിടത്തിയിട്ട് അമ്മയെങ്ങോട്ടാണ് പോകുന്നതെന്ന് ആ പഴയ ആറുവയസ്സുകാരിയ്ക്ക് അറിയില്ലായിരുന്നു. പിറ്റേദിവസം തളർന്നുകിടന്നുറങ്ങുന്ന ബലൂണുകൾ വാരിക്കൂട്ടി അമ്മ കത്തിക്കുന്നതെന്തിനെന്നും അറിയില്ലായിരുന്നു .

കുഞ്ഞുതാര വളരുന്നതമ്മ അറിഞ്ഞില്ല. അതോ അറിഞ്ഞിട്ടും അറിയാത്തതുപോലെ ഭാവിച്ചോ? പിന്നീട് ഒളിച്ചു നിന്ന് കണ്ട കാഴ്ചകളുടെ സുഖം അറിയണമെന്ന് തോന്നി. ഇരകളും സാഹചര്യങ്ങളും സ്വയമൊരുക്കി. പകയിൽ നിന്ന് തുടങ്ങിയത് ഇന്നൊരു ലഹരിയായിരിക്കുന്നു. സർക്കാർ ജോലിക്കാരനായ ഭർത്താവിനോട് ഔദ്യോഗികയാത്രയെന്ന് പറഞ്ഞിറങ്ങുമ്പോൾ യാതൊരു കുറ്റബോധവും തോന്നാറില്ല. സിരകളിൽ അനുഭവിക്കാൻ പോകുന്ന നിമിഷങ്ങളുടെ ലഹരി മാത്രം!

ബലൂണുകൾ ജ്യോത്സ്നയുടെ കണ്ണുകൾക്ക് മുന്നിൽ നൃത്തമാടി.അന്ന് തന്റെ പിറന്നാൾ ആയിരുന്നു.അച്ഛന്റെ കൈയിലിരുന്ന കത്തി മുത്തശ്ശന്റെ വയറ്റിലേക്ക് ആഴ്ന്നിറങ്ങുമ്പോൾ ചീറ്റിയ രക്തത്തിനാൽ ചുവന്ന തന്റെ കൈയിലെ ബലൂണുകൾ ! അപ്പോൾ അമ്മ വിഷം കലർന്ന കഞ്ഞി മുത്തശ്ശിയ്ക്ക് കോരിക്കൊടുക്കുകയായിരുന്നു. തൊട്ടടുത്ത മുറിയിൽ തലയിണയിൽ അമർത്തപ്പെട്ട് കുഞ്ഞമ്മ എന്നന്നേക്കുമായുള്ള ഉറക്കത്തിലായിരുന്നു. ചിറ്റപ്പൻ തൂക്കിലേറ്റപ്പെട്ടിരുന്നു. അമ്മയും അച്ഛനും തെളിവുകൾ ഇല്ലാത്തതിനാൽ രക്ഷപ്പെട്ടു. തെളിവുകൾ ഇല്ലായിരുന്നോ? മരണം ഇത്രയും ആഘോഷിക്കേണ്ടതാണെന്ന് അന്നാണ് മനസ്സിലാക്കിയത് . അത്രമേൽ സന്തുഷ്ടരായിരുന്നല്ലോ അച്ഛനും അമ്മയും. കൈവന്ന സമ്പത്തിന്റെ സന്തോഷം ! ഇന്നും ചുവപ്പിനോടാണ് തനിക്കിഷ്ടം, രക്തച്ചുവപ്പിനോട് , അച്ഛനും അമ്മയ്ക്കും ഇഷ്ടമുണ്ടായിരുന്ന അതേ ചുവപ്പിനോട്.

ബസ്‌ഡ്രൈവർ കയറി, പിന്നാലെ കണ്ടക്ടറും. കണ്ടക്ടർ ടിക്കറ്റെടുക്കാൻ ആരംഭിച്ചു. പുറത്ത് മഴ പെയ്യാൻ തുടങ്ങിയിരിക്കുന്നു.

"മഴ പെയ്യുന്നത് നല്ലതാണ് .കനത്ത മഴയ്ക്കിടയിലാരും ഒന്നും അറിയില്ല". ഇന്ദുവിന് സന്തോഷമായി.

മഴയിലേക്ക് കണ്ണും നട്ടിരുന്ന താരയുടെ വജ്ര മൂക്കുത്തി കൂടുതൽ തിളങ്ങി.

"വികാരങ്ങൾക്ക് തീകോരിയിടാൻ മഴ നല്ലതാണ് , ശക്തിയായി പെയ്യട്ടെ". അവൾ മന്ത്രിച്ചു. "മഴയിൽ നിലവിളികൾ അലിഞ്ഞുപോകും". ജ്യോത്സ്ന ഗൂഢമായി ചിരിച്ചു. ബസ് പുറപ്പെട്ടു കഴിഞ്ഞു. അത് മുന്നോട്ടുപോവുകയാണ്. ഇടയ്ക്കിടയ്ക്ക് നിർത്തുമ്പോഴെല്ലാം യാത്രക്കാർ കയറുന്നുണ്ട്. ഒഴിഞ്ഞ സീറ്റുകൾ അപ്രത്യക്ഷമായിക്കൊണ്ടിരിക്കുകയാണ്. രാത്രിയെ പ്രണയിക്കുന്നവരാൽ ബസ് നിറയുകയാണ് .ഓരോരോ ലക്ഷ്യവുമായി ഓരോ ഇടത്തേക്ക് പോകുന്നവർ. ഇന്ദുവും, താരയും, ജ്യോത്സ്‌നയും അവരിൽ ചിലർ മാത്രം.നാളത്തെ പ്രഭാതം പൊട്ടിവിടരുന്നത് രാത്രിയുടെ സമ്മാനം സ്വീകരിക്കാനായാവും.

ഇന്ദു വായിലെ ച്യൂയിംഗ് ഗം തുപ്പിക്കളഞ്ഞ് മറ്റൊരെണ്ണം വായിലേക്കിട്ടു. താര അടുത്ത ഗണത്തിലേക്ക് വിരൽ നീട്ടി.ജ്യോത്സ്ന വേറൊരു കുപ്പിവെള്ളം പൊട്ടിച്ച് വായിലേക്ക് കമിഴ്ത്തി. ബസ് യാത്രക്കാരെയും വഹിച്ച് മുന്നോട്ട് കുതിച്ചു. രാത്രികളിവിടെ അവസാനിക്കുന്നില്ല. രാത്രികളെ പ്രണയിക്കുന്നവരെ തേടി ബസ് നീങ്ങിക്കൊണ്ടിരിക്കുകയാണ്. രാവിന്റെ നിശബ്ദതയെ ഭേദിച്ച് ബസ് വലിയ ശബ്ദത്തിലൂടെ നിശാപ്രേമികളെ തന്നിലേക്ക് ആകർഷിക്കുകയാണ്. നാളെയാരൊക്കെയുണ്ടാവുമെന്ന് ആർക്കറിയാം!