യക്ഷി
ഇരുപത്തിയൊന്നു നിലകളുള്ള ഫ്ലാറ്റിന്‍റെ പതിനേഴാംനിലയിലെ ഏസി മുറിയിലിരുന്ന് അവർ യക്ഷിയെ പറ്റി സംസാരിച്ചു. നിഷാദും ഉണ്ണിയെന്ന് വിളിക്കുന്ന ഉണ്ണികൃഷ്ണനും കോളേജ് കാലംമുതലേ സുഹൃത്തുക്കൾ. പഠനകാലത്ത് ആദ്യമായി കണ്ട അന്നുമുതൽ ഇന്നുവരെ മാറ്റമില്ലാതെ തുടരുന്ന സിനിമാക്കമ്പം ഇവരെ അടുത്ത സുഹൃത്തുക്കളാക്കി. ജോലി രാജിവച്ച് സിനിമാ സംവിധാനമോഹവുമായി ഉണ്ണി ദുബായിൽ നിന്ന്‍ മൂന്ന്‍ വര്‍ഷംമുമ്പ് വണ്ടി കയറി പുറകെ നിഷാദും. മാസങ്ങളുടെ പരിശ്രമങ്ങള്‍ക്ക് ശേഷം ഉണ്ണി സംവിധാനസഹായിയായി ചില സിനിമകളിൽ പ്രവര്‍ത്തിച്ചു നിഷാദ് ഒന്നുരണ്ടു ചെറിയ സിനിമകളിൽ മുഖം കാണിച്ചു.
കണ്‍സ്ട്രക്ഷൻ കമ്പനിയിലെ ജോലിയിൽ നിന്ന് സംബാധിച്ച പണം തീര്‍ന്നതുകൊണ്ട് നിഷാദിനൊപ്പം അവന്‍റെ വാപ്പാടെ സുഹൃത്തിന്‍റെ ഫ്ലാറ്റിലാണ് ഉണ്ണി താമസം. നിഷാദിനെ നായകനാക്കി ഒരു ലോബഡ്ജറ്റ് സിനിമക്ക് തിരക്കഥ തയ്യാറാക്കുന്ന തിരക്കിലാണ് രണ്ടുപേരും. സാമ്പത്തിക നേട്ടങ്ങളുടെ പെരുപ്പിച്ച കണക്കുകൾ കേട്ട് നിഷാദിന്റെ വാപ്പ പണം മുടക്കാമെന്ന് സമ്മതിച്ചിട്ടുണ്ട് പക്ഷെ ഒ.വി.വിജയന്‍റെ കഥകളും പദ്മരാജന്‍റെ സിനിമകളും ഇഷ്ട്ടപ്പെടുന്ന ഉണ്ണിപറഞ്ഞ കഥകളൊന്നും നിഷാദിന് ഇഷ്ട്ടപ്പെട്ടില്ല. എല്ലാ കഥകള്‍ക്കും ഉണ്ണി നല്‍കുന്ന ട്രാജിക് എന്‍ഡിങ്ങാണ് നിഷാദിന്‍റെ പ്രശ്നം.
ലോബഡ്ജറ്റ് സിനിമകളുടെ സാദ്യതകളെ പറ്റിയും പരിമിതികളെ പറ്റിയും ചര്‍ച്ചചെയ്താണ് അവര്‍ ഹൊറർ സിനിമയിലെത്തിയത്. ഒരു അര്‍ബൻ യക്ഷികഥയെന്ന ആശയം ആദ്യം പറഞ്ഞത് നിഷാദാണ്. ഒരു പ്രേതകഥ ഇക്കാലത്ത് ഏക്കുമോ എന്ന ഉണ്ണിയുടെ സംശയത്തിനു പ്രേതവും പ്രണയവും എല്ലാകാലത്തും ഏല്‍ക്കുമെന്നായിരുന്നു നിഷാദിന്‍റെ മറുപടി.
നായികമാരായി തന്‍റെ പെണ്‍സുഹൃത്തുക്കളെ ആരെയെങ്കിലും പരിഗണിക്കാമെന്നും അതുവഴി വിണ്ടും പണചിലവുകുറക്കമെന്നും നിഷാദ് പറഞ്ഞെങ്കിലും ഉണ്ണി സമ്മതിച്ചില്ല. നിഷാദിന്‍റെ വുഡ്ബി ഉണ്ണിയുടെ പഴയ ക്ലാസ്മേറ്റ് ആണ്. വിവാഹം ഉറച്ചിട്ടും നിഷാദിന്‍റെ രീതികളിൽ മാറ്റമൊന്നും വരാത്തതിൽ ഉണ്ണിക്ക് നിഷാദിനോട് ദേഷ്യവും ആ പെണ്‍കുട്ടിയോട് സഹതാപമുണ്ട്.
മുന്‍പ് കേട്ടിട്ടുള്ള ഏതെങ്കിലും യക്ഷി കഥകൾ പുതിയ സാഹചര്യങ്ങളിലേക്ക് പറിച്ച്നടുന്നതിനായിരുന്നു ഉണ്ണി ശ്രമിച്ചത്. മലയാറ്റൂര്‍ രാമകൃഷ്ണന്‍റെ യക്ഷിയെ പോലെ യക്ഷി എന്ന സങ്കല്‍പ്പത്തെ പുരുഷലൈഗികഭാവങ്ങളുടെ സക്ഷാല്‍ക്കരമാക്കി അതുവഴി ആളുകളുടെ ലൈഗിഗഅരക്ഷിതാവസ്ഥ എങ്ങനെ സമുഹത്തെ സ്വാധീനിക്കും എന്നത് ചിത്രികരിക്കാനായിരുന്നു ഉണ്ണിയുടെ ശ്രമം.
ചെറുപ്പത്തിൽ പേടിയോടെ കണ്ടിരുന്ന യക്ഷി പടങ്ങൾ പിന്നിട് തേടിപിടിച്ച് കണ്ടതിനെപറ്റി നിഷാദ് അന്ന്‍ വാചാലനായി. വെളുത്ത ഷിഫോണ്‍ സാരിയുടുത്ത് കുര്‍ത്ത നെഞ്ചും വിരിച്ച് ഇരുട്ടിലേക്ക് എട്ട് പത്ത് താളത്തിൽ നടന്ന് പോകുന്ന ബ്ലാക്ക് ആന്‍ഡ് വൈറ്റ് യക്ഷിയെപറ്റി പറഞ്ഞുചിരിക്കുന്നതിനിടയിലാണ് ഉണ്ണി യക്ഷിയമ്പലത്തെ പറ്റി നിഷാദിനോട് പറഞ്ഞത്. കഥ കേട്ട് നാളെത്തന്നെ ഇവടെ പോകണമെന്നും ഈ കഥതന്നെ പടമാക്കണമെന്നും പറഞ്ഞപ്പോ കള്ളുമൂത്ത് ബോധമില്ലാതെ പറയുന്നതാകുമെന്ന് ഉണ്ണി കരുതി.
ഒരു തമാശക്ക് പറഞ്ഞു തുടങ്ങിയ്തയിരുന്നെങ്ങിലും നിഷാദ് അതിത്ര സിരിയ്സ്സായി എടുക്കുമെന്ന് ഉണ്ണി കരുതിയില്ല. പിറ്റേന്ന് നിഷാദിന്‍റെ സുഹൃത്തിന്‍റെ കാറിൽ അവര്‍ രണ്ടു പേരും യക്ഷിയമ്പലത്തിലേക്ക് പുറപ്പെട്ടു. യുവാക്കളെ വശികരിച്ച് അവരുടെ ചോര കുടിച്ച് മരച്ചുവട്ടിൽ ഉപേക്ഷിക്കുന്ന ക്ലിഷേ യക്ഷികഥയിൽ എന്തായിരിക്കാം നിഷാദിനെ സ്വധിനിച്ചിട്ടുണ്ടാവുക എന്ന് ഉണ്ണിക്ക് എത്ര ആലോചിച്ചിട്ടും മനസിലായില്ല.
ഡ്രൈവിംഗിനിടയിൽ നിഷാദ് പിന്‍സിറ്റിലേക്ക് കൈനിട്ടി അടുക്കിവച്ചിരുന്ന ബിയര്‍കാനുകളിൽ തണുത്ത ഒരെണ്ണം തിരഞ്ഞുപിടിച്ചു. രണ്ടു കവിൾ അകത്താക്കി കാൻ ഉണ്ണിക്കുനേരേ നീട്ടി. ഇന്നാ ഇത് കുറച്ച് ട്രൈ ചെയ്തോ തലവെദനക്ക് നല്ലതാ.
ബിയര്‍ നുണഞ്ഞ് കുറച്ച് നേരം പുറത്തേക്ക് നോക്കി ഇരുന്നിട്ട് ഉണ്ണി ചിരിച്ച്കൊണ്ട് ചോദിച്ചു. കല്യാണമൊക്കെ കഴിഞ്ഞാൽ പിന്നെ ഇതുപോലെ ഒക്കെ പിന്നെ നടക്ക്വോ.
നിഷാദ് കുറ്റിത്താടി ചൊറിഞ്ഞ് പതിവ് ചിരി ചിരിച്ചു. നീ എന്നേ അതുപോലെ ഒരുത്തനായിട്ടാണോ കണ്ടെക്കണേ? കല്യാണോം നടക്കും ഇതും നടക്കും കൂടെ മറ്റ്പലതും നടക്കും.
ഉണ്ണിക്ക് ദേഷ്യം വന്നു. നിഷാദെ അതുശരിയല്ല നിനക്ക് താല്‍പര്യമില്ലേല് ചെയ്യരുത് വെറുതെ എന്തിനാ അവള്‍ടെ ജീവിതം നശിപ്പിക്കണത്.
നിഷാദ് ഉച്ചത്തിൽ ചിരിച്ചു. നീ ആളൊരു പഴഞ്ചനാ, ഈ അറെന്‍ജ്ട് മരേജ്ന്ന് പറഞ്ഞാ തന്നെ വീട്ടുകാര് തമ്മി നടത്തണ ബിസിനസ്സ് ഡീലല്ലേ.
ഇക്കാര്യത്തി ഞാൻ പഴഞ്ചൻ തന്നെയാ അവളെ എനിക്ക്നന്നായിട്ടറിയാം കല്യാണം കഴിഞ്ഞാ നിന്‍റെ ഒരു തോന്നിവാസ്സത്തിനും പിന്നെ ഞാൻ കുടെ ഉണ്ടാവില്ല.
നി പോയാ വേറെ ആള് വരും ചെലവാക്കാൻ കശോണ്ടേൽ കൂട്ടുകാര്ക്കാണോ പഞ്ഞം. നിഷാദ് ഉച്ചത്തിൽ ചിരിച്ചു.
സമയം പോകുംതോറും റോഡ് വിജനമായിക്കൊണ്ടിരുന്നു. വീടുകളും കെട്ടിടങ്ങളും ഇടക്കുമാത്രം ഇരുവശവും മരങ്ങൾ നിറഞ്ഞ വഴിയിലൂടെ വണ്ടി മുന്നോട്ടുപാഞ്ഞു.
നിഷാദിന്‍റെ ഫോണ്‍ ബെല്ലടിച്ചു. ഫോണെടുത്ത് ഡ്രൈവിങ്ങിനിടെ സംസാരം തുടര്‍ന്നു. കുറച്ചുനേരം സംസാരിച്ച് ഫോണിന്‍റെ ലൌഡ്സ്പിക്കര്‍ ഓണ്‍ ചെയ്തു. ഫോണിലെ സ്ത്രീശബ്ദം കേട്ട് ഉണ്ണിയുടെ മുഖം ചുവന്നു ഫോണ്‍ പിടിച്ചുവാങ്ങി കട്ട് ചെയ്തു. നിഷാദ് പിന്നെയും ചിരിച്ചു.
കാലിയായ ബിയര്‍ ക്യാനുകൾ ഇടക്കിടെ പുറത്തേക്കു വീണുകൊണ്ടിരുന്നു. സൈഡ് സീറ്റിലിരുന്ന്‍ മയങ്ങിയ ഉണ്ണി വണ്ടി ഗട്ടറിൽ ചാടിയ ആഘാതത്തിൽ ഞെട്ടി എഴുന്നേറ്റു. നിഷാദ് എന്തോ പറഞ്ഞു അയാളുടെ ശബ്ദം കുഴഞ്ഞിരുന്നു. ആളിയാ ഞാൻ പൂസ്സായന്നാ തോന്നണേ ഇനി നീ വണ്ടി ഓടിച്ചോ.
ഉണ്ണി കാറിൽ നിന്നിറങ്ങി നിഷാദിനെ താങ്ങി സൈഡ് സീറ്റിലിരുത്തി യാത്ര തുടര്‍ന്നു. സൈഡ്സീറ്റിലിരുന്ന് കൂര്‍ക്കം വലിച്ചുറങ്ങുന്ന നിഷാദ് ഇന്തോക്കെയോ പിറുപിറുത്തു കൊണ്ടിരുന്നു. ഉണ്ണിക്ക് വല്ലാത്ത ദേഷ്യം തോന്നി. തലേന്ന് വെറുതേ പറഞ്ഞ കാര്യങ്ങളാണ് ഇതുവരെ കാര്യങ്ങൾ എത്തിച്ചത്. ഉണ്ണി സ്വയം പഴിച്ചു.
ദേടാ ഒരൈറ്റം!. വിജനമായ റോഡരികിലൂടെ ഒറ്റയ്ക്ക് നടന്ന്പോകുന്ന ആ സ്ത്രിയെ നിഷാദാണ് ആദ്യം കണ്ടത്. എത്ര ബോധമില്ലാതെ കിടന്നാലും ഇതിനുമാത്രം ഒരു കുറവുമില്ലല്ലേ?. സുക്ഷിച്ചോ വല്ല യക്ഷിയുമായിരിക്കും. ഉണ്ണി ചിരിച്ചു.
ചുരിദാറിട്ട യക്ഷിയോ ഒന്ന് പോടാ കോപ്പേ!.
ഇരുവരുടെയും പ്രതിക്ഷ തെറ്റിച്ച് ആ സ്ത്രി വണ്ടിക്ക് കൈ കാണിച്ചു.
ഉണ്ണി വണ്ടി നിറുത്തി. അവര്‍ ഓടി അടുത്ത് വന്നു.
എന്‍റെ വണ്ടി സ്റ്റാര്‍ട്ട്ആകുന്നില്ല ഒന്ന് സഹായിക്കണം, പ്ലീസ്.
നിഷാദ് എന്തോ പറയാൻ തുടങ്ങിയെങ്കിലും നാക്ക് കുഴഞ്ഞതുകൊണ്ട് ഇടയ്ക്കു പിന്മാറി.
സോറി, ഞങ്ങൾ ഒരിടം വരെ പോകുകയാണ് ഇപ്പോഴെ ലേറ്റ് ആയി, ഉണ്ണിപറഞ്ഞു.
നോക്കു ഇവടെ ഫോണിനും റേഞ്ചില്ല. എന്നേ അടുത്ത കവലയിൽ ആക്കി തന്നാ മാത്രം മതി.
ഉണ്ണി എന്തെങ്കിലും പറയും മുന്പേ നിഷാദ് പുറകോട്ടു കൈനീട്ടി പിന്‍വശത്തെ ഡോറ് തുറന്നുകൊടുത്തു.
ഞങ്ങൾ ഒത്തിരി കാലം കൂടിയാണ് ഇതുവഴി അതുകൊണ്ട് സ്ഥലം നിശ്ചയമില്ല വണ്ടി ഓടിക്കുന്നതിനിടെ ഉണ്ണി പറഞ്ഞു.
എനിക്കും വഴി അത്ര നിശ്ചയമില്ല ഇതാവുമ്പോ നടക്കാതെ കഴിചുകൂട്ടാല്ലൊ.
എറണാകുളത്തെക്കാണെങ്കിൽ തിരിച്ച് പോകുമ്പോ ഞങ്ങൾ ആക്കിത്തരാം.
വേണ്ടാ, താമസം ഇവടെ അടുത്താണ്. നിങ്ങൾ എങ്ങോട്ടാണ് യാത്ര?.
നിഷാദ് ഇടയ്ക്കിടെ റിയര്‍ വ്യു മിററിലൂടെ ആ സ്ത്രീയെ നോക്കികൊണ്ടിരുന്നു. എന്തോക്കെയോ ചോദിക്കണമെന്ന് ആഗ്രഹമുണ്ടയിരുന്നെങ്കിലും നാക്കുകുഴയുമോ എന്ന് ഭയന്ന് മിണ്ടാതിരുന്ന് ഇരുവരുടെയും സംസാരം ശ്രദ്ധിച്ചു.
ഉണ്ണി ചിരിച്ചു. അതു പറഞ്ഞാ ചിരിക്കരുത് ഞങ്ങൾ ഒരെക്ഷിയെ തേടി പോകുവാ.
യക്ഷിയോ? അതും ഈ പട്ടികാട്ടിലോ?. അവർ ഉച്ചത്തിൽ ചിരിച്ചു. അവരുടെ നീണ്ട വെളുത്തപല്ലുകൾ നിഷാദ് കണ്ണാടിയിലൂടെ കണ്ടു.
ടാറിടാത്ത ഒരു ഇടവഴിക്ക്മുന്നിൽ വണ്ടി നിന്നു. ഉണ്ണി പുറകോട്ട്തിരിഞ്ഞ് ആ സ്ത്രിയോടായി പറഞ്ഞു ഞങ്ങള്‍ക്ക് പോകേണ്ടത് ഇതുവഴിയാണ്. അവര്‍ പുറത്തേക്ക്
നോക്കി ഓ കുഴപ്പമില്ല കുറച്ച് നടന്നാൽ ഒരു കവലയുണ്ട് ഞാൻ അവിടുന്ന് ഓട്ടോ പിടിച്ചോളാം. അവര്‍ പുറത്തിറങ്ങി ഡോർ അടച്ചു.
വേണേൽ കവല വരെ ആക്കിതരം ഉണ്ണി പറഞ്ഞു.
ഓ വേണ്ടാ ഇനി ഞാൻ പോയ്ക്കോളം ,സഹായത്തിന് താങ്ങ്സ്. അവര്‍ റോഡിലൂടെ അകലേക്ക് നടന്ന് പോയി.
'അടിപൊളി ഐറ്റമായിരുന്നു' നിഷാദ് അടക്കം പറഞ്ഞു.
വണ്ടി ടാറിടാത്ത ഇടുങ്ങിയ വഴിയിലൂടെ മുന്നോട്ട് പോയി.
അവര്‍ അവിടെ അതിയപ്പോൾ വൈകുന്നേരമായിരുന്നു. മയങ്ങുന്ന നിഷാദിനെ ഉണ്ണി തട്ടി വിളിച്ചു. പുറകിലേക്ക് കൈ നീട്ടി ബിയറെടുക്കാൻ തുടങ്ങിയ നിഷാദിന്‍റെ കൈ തട്ടിമാറ്റി ഉണ്ണി പറഞ്ഞു സ്ഥലമെത്തി.
നിഷാദ് പുറത്തിറങ്ങി കയ്യുംകാലും കുടഞ്ഞു പിന്നെ ചുറ്റും നോക്കി. വലിയ മരങ്ങള്‍ക്ക് നടുവിൽ തുറസ്സായ ചെറിയൊരു കുന്ന്‍ അവിടെ വലിയ ഒരു പേരാൽ മരം കുറച്ചുമാറി ഇടിഞ്ഞു പൊളിഞ്ഞുവീണ ചെറിയ ഒരമ്പലം.
ഈ കോപ്പ് കാണാനാണോ എറണാകുളത്ത് നിന്ന്‍ ഇത്രേം ദൂരം വണ്ടി ഓടിച്ചുവന്നത്. യക്ഷിയമ്പലംന്ന് കേട്ടപ്പോ ഞാൻ ഒരു വരിക്കാശ്ശേരിമന സെറ്റപ്പാണ് മനസീ കണ്ടത്, ഇതൊരുമാതിരി...
നിന്‍റെ പറച്ചില് കേട്ടാ തോന്നും ഞാൻ പറഞ്ഞിട്ടാണ് നീ വന്നതെന്ന്. ഉണ്ണി ഗര്‍വിച്ചു.
ഉണ്ണി അമ്പലത്തിനടുത്തെക്ക് നടന്നു. പുറകെ നിഷാദും. പേരാലിനുച്ചുറ്റും തകിടുകൾ ജപിച്ചു കെട്ടിയിട്ടുണ്ട് ഇടിഞ്ഞുവീണ അമ്പലത്തിന്‍റെ തറയിൽ കുങ്കുമവും മഞ്ഞളും ഒലിച്ചിറങ്ങിയിട്ടുണ്ട്. കാഴ്ചകൾ കാണുന്നതിനിടെ നിഷാദ് പറഞ്ഞു ഇപ്പൊ വിട്ടാ പതിരാത്രിയാവുമ്പോ റും എത്താം.
ആരുവണ്ടിയോടിക്കും എനിക്ക് വയ്യാ ഇവടെ അവിടെ എങ്കിലും ലോഡ്ജ് റും അടുത്ത് തങ്ങി രാവിലെ തിരിച്ച് പോകാം അതേ ഇനി നടക്കു ഉണ്ണി പറഞ്ഞു.
നിഷാദ് അന്തോക്കെയോ പിറുപിറുത്തുകൊണ്ട് ആല്‍മരച്ചുവട്ടിലെക്ക് നടന്നു ഉണ്ണി അതൊന്നുംശ്രേദ്ധിക്കാതെ അമ്പലത്തിനു ചുറ്റും നടന്നു. അയാൾ അമ്പലത്തിന്‍റെ പഴയ രൂപം ഓര്‍ത്തെടുക്കുകയായിരുന്നു.
നിഷാദിന്‍റെ ഉച്ചത്തിൽ ഉള്ള ചിരികേട്ടാണ് ഉണ്ണി അങ്ങോട്ട് ചെന്നത്.
നിന്‍റെ യക്ഷി കൊള്ളാം ആള് മോഡേണ്‍ കക്ഷിയാണെന്നു തോന്നുന്നു. മദ്യകുപ്പി കാലുകൊണ്ട് തട്ടി നിഷാദ് ഉണ്ണിയുടെ മുന്നിലെക്കിട്ടു. ഉണ്ണി ചിരിച്ചു.
അല്ലളിയ ഈ യക്ഷിക്കൊക്കെ എയ്ഡ്സ് വരുവോ?. ഉപയോഗിച്ചുപേക്ഷിച്ച ഒരു കോണ്ടം കോലുകൊണ്ട് തോണ്ടി ഉയര്‍ത്തികാട്ടി നിഷാദ് ഉണ്ണിയെ കളിയാക്കി ചിരിച്ചു.
നിഷാദെ നീ ഇന്ന് കൊറച്ച് ഒവറാ. ബാ നമക്ക് പോവാം ഇനി ഇവടെ നിക്കണ്ടാ.
ഒന്ന് പോടാ. ഒരു വിശ്വാസി വന്നിരിക്കണു.
അതേടാ ഞാൻ വിശ്വാസിയാ നിന്നെപ്പോലെ എല്ലാരും വായിൽ വെള്ളികരണ്ടിമായിട്ടല്ല ജനിച്ചത്.
അതുകൊള്ളം വായിവെള്ളികരണ്ടി ഇല്ലാത്തതുകൊണ്ടാണോ നീ ഈ ജാതി പൊട്ടതരമോക്കെ ഇപ്പഴും കൊണ്ടുനടക്കണേ. നിഷാദ് പിന്നെയും ഉണ്ണിയെ കളിയാക്കി ചിരിച്ചു.
ഇനി ഇവടെ നിക്കണ്ടാ പോവാം. ഉണ്ണി കാറിനടുത്തെക്ക് ദേഷ്യത്തിൽ നടന്നു.
ഇരുട്ട് വീണുതുടങ്ങിയിരുന്നു. താക്കോൽ തിരിച്ച് വണ്ടി സ്റ്റാര്‍ട്ടാക്കാൻ ശ്രമിച്ചു. ഓരോതവണയും വണ്ടി മുരണ്ട് നിശബ്ധമായി. ഉണ്ണിയെ മാറ്റി നിഷാദ് ശ്രമിച്ചു പക്ഷെ വണ്ടി സ്റ്റാര്‍ട്ടായില്ല. ഉണ്ണി ദേഷ്യത്തിൽ മുഷ്ട്ടി ചുരുട്ടി ബോണട്ടിലിടിച്ചു.
അതുവരെ ചിരിച്ചുനിന്ന നിഷാദ് തലയിൽ കൈവച്ചു. നിഷാദ് ആരെയൊക്കെയോ ഫോണിൽ വിളിക്കാൻ ശ്രമിച്ചെങ്കിലും നടന്നില്ല.
തിരിച്ച് റോഡിലേക്ക് നടക്കാൻ തുടങ്ങിയ നിഷാദിനെ ഉണ്ണിതടഞ്ഞു. ഈ രാത്രിയിൽ ഒറ്റക്ക് നടക്കുന്നത് അപകടാ. നമുക്ക് രാത്രി ഇവടെ തങ്ങാം. നേരം വെളുക്കുമ്പോ നടക്കാം. അതേ ഇനി നടക്കു.
രാത്രി എവടെതങ്ങാന്ന്‍. ഈ കാട്ടിലോ?. എന്നിട്ടുവേണം വല്ല പുലിയും പിടിക്കാൻ.
വേറെ എന്തു ചെയ്യാനാ. ഈ ട്രിപ്പ് മൊത്തം നിന്‍റെ ഐഡിയ അല്ലേ. രാത്രി കാറികത്ത് കിടക്കാം, രാവിലെ റോഡിലിറങ്ങി വല്ല വണ്ടിക്കും കൈ കാട്ടാം.
നേരം ഇരുട്ടി. വണ്ടിയിലിരുന്ന ബാക്കി ബിയറും അകത്താക്കി നിഷാദ് പുറകുവശത്ത് ചുരുണ്ടുകിടന്നു. ഉറക്കം വരാത്തതുകൊണ്ട് ഉണ്ണി മുന്‍വശത്തെ സിറ്റിൽ പുറത്തേക്കും നോക്കി ഇരുന്നു. പണ്ട് പേടിയോടെ കേട്ടിരുന്ന യക്ഷികഥയും യക്ഷിയമ്പലവും ഗ്രഹാതുരമായ ഓര്‍മകളായി മാറിയിരുന്നു. പൊളിഞ്ഞുവീണ യക്ഷിയമ്പലവും ആല്‍മരവും നിലാവും ആകാശവും നക്ഷത്രങ്ങളും നോക്കി അയാൾ മുന്സീറ്റില് ഇരുന്നു. കാതടപ്പിക്കുന്ന ചീവീടുകളുടെ ശബ്ദവും കൊതുകുകളും അയാളെ ഉറങ്ങാൻ അനുവദിച്ചില്ല.
ചെറുതായി ഒന്നുമയങ്ങിയപ്പോഴാണ് ആ ശബ്ദം കേട്ട് ഉണ്ണി ഞെട്ടി എഴുന്നേറ്റത്. ആരോ തങ്ങളെ നിരിക്ഷിക്കുന്നത് പോലെ ഉണ്ണിക്ക് തോന്നി. നിഷാദിനെ തട്ടിവിളിക്കാൻ പുറകോട്ട്തിരിഞ്ഞു അവിടെ നിഷാദ് ഇല്ല. പെരുവിരൽ മുതൽ മുകളിലോട്ട് എന്തോ ഒരു തരിപ്പ് ഉണ്ണിക്ക് അനുഭവപ്പെട്ടു. ഹൃദയം കൂടുതൽ വേഗത്തിൽ ഇടിച്ചു. നിഷാദിനെ വിളിക്കാൻ ശ്രമിച്ചെങ്കിലും ശബ്ദം പുറത്തുവന്നില്ല. വളരെ ശ്രമപ്പെട്ട് ഉണ്ണി നിഷാദിനെ വിളിച്ചു മറുപടിക്കായി കാത് കൂര്‍പ്പിച്ചു.
കുറച്ചകലെ ആരോ വിളികേട്ടതായി ഉണ്ണിക്ക് തോന്നി. അകലെ നിലാവിൽ ആല്‍മരച്ചുവട്ടിൽ ആരോ നില്‍ക്കുന്നതായി ഉണ്ണിക്ക് തോന്നി. അത് നിഷാദ് തന്നെ അയാൾ അവിടെ എന്തോ ചെയ്യുകയാണ്.
ഉണ്ണി മുന്നോട്ടാഞ്ഞ് വണ്ടിയുടെ ഹെഡ് ലൈറ്റ് ഓണാക്കി. അയാൾ നിഷാദിനെ കണ്ടു ഹെഡ് ലൈറ്റ് വെളിച്ചം ഇരുട്ടിൽ തിര്‍ത്ത ഗുഹയുടെ അറ്റത്ത് ആല്‍മരച്ചുവട്ടിൽ നിഷാദ് നില്‍ക്കുന്നു. അയാൾ ആല്‍മരച്ചുവട്ടിലേക്ക് മൂളിപാട്ടും പാടി മുത്രമൊഴിക്കുകയായിരുന്നു.
ഉണ്ണി പുറത്തേക്കിറങ്ങി വേഗത്തിൽ ആല്‍മരച്ചുവട്ടിലേക്ക് നടന്നു.
നി ഇതുവരെ ഉറങ്ങിയില്ലേ?. നിഷാദ് കുഴഞ്ഞ ശബ്ധത്തിൽ ചോദിച്ചു.
മറുപടി പറഞ്ഞ ഉണ്ണിയുടെ മുഖത്ത് വെളിച്ചമുണ്ടായിരുന്നില്ല. നീ എന്താ ഇവിടെ ചെയ്യുന്നെ?.
നിഷാദ് ചിരിച്ചു ഈ യക്ഷിക്ക് ചോര മാത്രം പോരല്ലോ കുറച്ച് മുത്രവും കൊടുക്കാമെന്നു വച്ചു മൂത്രത്തിന്‍റെ ഔഷധഗുണത്തെ പറ്റി നീ കേട്ടിട്ടില്ലേ യുറിന്‍തെറാപ്പിയെ...
പറഞ്ഞു മുഴുവിക്കും മുന്നേ ഉണ്ണി മുഷ്ട്ടി ചുരുട്ടി നിഷാദിന്‍റെ മുഖത്ത് ആഞ്ഞിടിച്ചു. നിഷാദ് നിലത്തേക്ക് വീണു. ഇരുവരുടെയും മുഷ്ടികൾ വായുവിൽ ഉയര്‍ന്നു താണു.
ഉണ്ണി കണ്ണു തുറക്കുമ്പോൾ നേരം വെളുത്തിരുന്നു. ശരിരത്തിലെ മണ്ണ് തട്ടികളഞ്ഞ് ഉണ്ണി എഴുന്നേറ്റു. കൈയിലും നഖത്തിലും പറ്റി പിടിച്ച ഉങ്ങിയ ചോര അയാൾ ശ്രദ്ധിച്ചു. തലേന്ന് നടന്ന കാര്യങ്ങൾ ഓര്‍ത്തെടുക്കാൻ ശ്രമിച്ചുകൊണ്ടിരിക്കുന്നു.
ഉണ്ണി നിഷാദിനെ തിരഞ്ഞു. ആല്‍മരച്ചുവട്ടിൽ ചോരവാര്‍ന്ന് മരിച്ചുകിടക്കുന്ന നിഷാദിനെ കണ്ടയാൾ നിലത്തേക്ക് വീണു. ഉണ്ണി ശ്വാസമെടുക്കാൻ പ്രയാസ്സപ്പെട്ടു. അയാൾ തലേന്ന് നടന്ന കാര്യങ്ങൾ ഓരോന്നായി ഓർത്തെടുത്തു.
നീണ്ട മുടിയുള്ള വെളുത്ത സാരി ധരിച്ച ഒരു രൂപം ഉറങ്ങുകയായിരുന്ന അവരുടെ അടുത്തേക്ക് വന്നു. ചുറ്റും പാലപൂവിന്‍റെ ഗന്ധം പരന്നു. അതിന്‍റെ കാലുകൾ നിലത്ത് മുട്ടിയിരുന്നില്ല . ഉറങ്ങി കിടക്കുകയായിരുന്ന നിഷാദിനെ ആ രൂപം ആല്ച്ചുവട്ടിലെക്ക് ആനയിച്ച് കൊണ്ടുപോകുന്ന രംഗം ഉണ്ണി വ്യക്തമായി ഓര്‍ത്തെടുത്തു. പക്ഷെ എത്ര ആലോചിച്ചിട്ടും ആ രൂപത്തിന് വഴിയിൽ കണ്ട സ്ത്രിയുമായി സാമ്യമുണ്ടെന്ന് ഉണ്ണിക്ക് ഉറപ്പിക്കാൻ കഴിഞ്ഞില്ല.