നൈർമല്യ.ജെ@ ജിമെയിൽ.കോം
സഹാ (ഇപ്പൊഴെങ്ങനെ അഭിസംബോധന ചെയ്യണം എന്ന് അറിയില്ലാത്തത് കൊണ്ടാണ് സഹാ എന്നു മാത്രമാക്കിയത്. സ്നേഹമുള്ള സഹാ എന്നായിരുന്നു അന്നൊക്കെ ഞാൻ കത്തുകളിൽ വിളിച്ചിരുന്നത്, സഹദേവന് അതായിരുന്നു ഏറെയിഷ്ടം)
ഓർമ്മകളിൽ എത്താറുണ്ടൊ പഴയകാലത്തിന്റെ നന്മകളൊക്കെ? പലതിനും സമയം കിട്ടാറില്ല എന്നെനിക്കറിയാം. പിന്നെ പുതിയതിനു വേണ്ടി കഴിഞ്ഞതിനെയൊക്കെ തൂത്തുവെടിപ്പാക്കാൻ ഒത്തിരിയൊന്നും മിനക്കെടേണ്ടതുമില്ല. മുറിവുപാടുകൾ ഉണങ്ങിപ്പൊഴിയുന്നതുപോലെ, മുടിയിഴകളിൽ വെളുപ്പുനിറം പടരുന്നതുപോലെ, ഒക്കെ അറിയാതെതന്നെ സംഭവിച്ചുകൊണ്ടേയിരിക്കുന്നു.
നീണ്ട പതിനഞ്ചുവർഷങ്ങൾ, ജീവിതത്തിലെ വളരെ വലുതും മറക്കാൻ കഴിയാത്തതുമായ കുറെയേറെ സംഭവങ്ങൾക്ക് ഇക്കാലയളവിടയാക്കി. എനിക്കിപ്പൊൾ കുട്ടികൾ മൂന്നുപേരുണ്ട്. നടാഷ ആറാം ക്ളാസ്സിൽ. അവൾക്കിപ്പൊ നിറയെ ഹോം വർക്കുകൾ ചെയ്യാനുണ്ടാവും, എല്ലാ ദിവസവും. അമേരിക്കയിലെ സ്കൂളുകളിലെ അധ്യായന നിലവാരത്തെക്കുറിച്ച് ജോണിനെന്നും പരാതിയാണ്. നാട്ടിലെ ഡി.പി.ഇ.പി യുടെ ഏതാണ്ടൊരു നേർഛേദമാണ് ഇവിടത്തെ സർക്കാരു പള്ളിക്കുടങ്ങളെന്ന് എനിക്കും പലപ്പോഴും തോന്നിയിട്ടുണ്ട്. നീതക്കും നയനക്കും രണ്ടു വയസ്സിന്റെ അകലമുണ്ട്. നീത കിൻഡർ ഗാർട്ടനിൽ പോയിത്തുടങ്ങിയതെയുള്ളൂ.
ഇക്കഴിഞ്ഞ വലിയ അവധിക്ക് ഞാനും കുട്ടികളും മാത്രം ഈരാറ്റുപേട്ടക്ക് പോയിരുന്നു. ജോണിന് നാടെന്ന് പറഞ്ഞു കേൾക്കുന്നതുപോലും ഇഷ്ടപ്പെടില്ല. പിന്നെയാണോ പോകുന്നതിനെക്കുറിച്ചു പറയുന്നത്. അവസാനമായി ജോൺ നാട്ടിൽ വന്നത് 13 വർഷങ്ങൾക്ക് മുൻപാണ്, നടാഷമോളുടെ മാമ്മോദീസായ്ക്ക്. എനിക്ക് ശരിക്കും ഓർമ്മയുണ്ടത്. അന്നു ജോൺ മാത്രമെ അമേരിക്കയിൽ താമസമാക്കിയിട്ടുള്ളൂ. പിന്നെ അധികകാലം കഴിയുന്നതിനുമുൻപേ, ഞാനും മോളും കൂടി ഇങ്ങോട്ടുപോന്നു. വേലത്തുശ്ശേരിയിലെ ഇരുണ്ട മലനിരകളുടെ സ്വകാര്യതകളിൽ നിന്നും, അമേരിക്കയുടെ കിഴക്കെ തീരദ്വീപായ ലോങ്ങ് ഐലന്റിന്റെ തിരക്കുകളിലേയ്ക്ക്.
തനിച്ചായിപ്പോകുന്നതുപോലെ തോന്നുന്നു മിക്കപ്പൊഴും. കുട്ടികളുടെ കുസ്രുതികൂടലുകൾക്ക് ഇടയില്പ്പെടുന്നതൊഴിച്ചാൽ പിന്നെയൊക്കെ യന്ത്രങ്ങളുടെ ജീവിതമാണ്, കാലത്ത് അഞ്ചുമണിക്ക് ഉറക്കമുണരുന്നതുമുതൽ. നീതക്കുട്ടികൂടി സ്കൂളിൽ പോയിത്തുടങ്ങിയതോടെ മണിക്കൂറുകൾക്ക് നീളം കൂടിയതുപോലെ തോന്നുന്നു. ജോൺ വീട്ടിൽ വന്നിട്ട് ഇന്നു 15 ദിവസങ്ങളായി. ലാസ് വേഗാസിൽ ഏതോ ബിസ്സിനസ്സ് മീറ്റാണത്രെ. അദ്ദേഹം വീട്ടിൽ നിന്നു പോയാലിങ്ങനെ തന്നെയാ, എല്ലാത്തവണയും. അങ്ങനെ ഇരുന്നപ്പോഴാണ് വളരെക്കാലം കൂടി പ്രദീപിനെ ഞാൻ ഫിലാഡൽഫിയയിൽ വച്ചു കാണുന്നത്. ഒരു മലയാളി അസോസിയേഷന്റെ പരിപാടിക്കിടയിൽ വച്ച്. ജോണിന്റെ കമ്പനിയുടെ ഒരു വെണ്ടറാണ് പ്രദീപിന്റെ തൊഴിൽദാതാക്കൾ. പ്രദീപിനെ സഹായ്ക്കു, ക്ഷമിക്കണം, സഹദേവന് ഓർമ്മയില്ലെ? നമ്മൾ രണ്ടാം വർഷ ബിരുദക്ക്ലാസ്സിലായിരിക്കുമ്പോൾ എസ്സ് എഫ് ഐ യുടെ തോറ്റ കൗൺസിലർ, കക്ഷിയിപ്പൊ കോൺഗ്രസ്സായി, ഓവർസീസ് നാഷണൽ കോൺഗ്രസ്സിന്റെ മിഡ് അറ്റ്ലാന്റിക് പ്രസിഡന്റാണ്. അവസ്താന്തരങ്ങൾ, അല്ലാതെന്തു പറയാനാ. എം എൽ എ ആകണമെന്നാഗ്രഹിച്ച സഹദേവന്റെ സുഹ്രുത്ത് ഷെറിമോനിപ്പോൾ നോർത്തേൺ അയർലന്റിലെ ഏതോ ഒരു ഗ്രാമത്തിലെ റയിൽവേ സ്റ്റേഷനിലാണത്രെ ജോലി. നമ്മളൊക്കെ നേടണമെന്ന് ആഗ്രഹിക്കുന്നതൊന്ന് ലഭിക്കുന്നത് മറ്റൊന്ന്.
എങ്ങനെ പോകുന്നു സഹദേവന്റെ വിശേഷങ്ങൾ? പ്രദീപ് പറഞ്ഞറിഞ്ഞു, സഹായ്ക്ക് രണ്ട് കുട്ടികളാണെന്ന്. ഭാര്യയുടെ പേര് സുമിത്ര എന്നാണല്ലെ. സുമിത്ര സഹദേവൻ, ഞാൻ കേട്ടിട്ടുണ്ട് സുമിത്രയെക്കുറിച്ച്. അവരുടെ രചനകൾ ഞാൻ ആനുകാലികങ്ങളിൽ വായിക്കാറുണ്ട്. പെണ്ണെഴുത്തുകളിൽ സുമിത്രയുടെ ചിന്തകൾ ഏതോ വേറിട്ടവഴികളിലൂടെ നടക്കുന്നതുപോലെ എനിക്കു പലപ്പോഴും തോന്നിയിട്ടുണ്ട്. എവിടെയോ നഷ്ടപ്പെട്ടതിനെ തിരയുന്നതുപോലെ. അവരുടെ രചനകളിലെ, നഷ്ടപ്പെട്ട ഗ്രാമ്യചിന്തകൾക്ക് നിങ്ങളുടെ ദില്ലി ജീവിതം ഒരു ഹേതുവായി എന്നും ഞാൻ കരുതുന്നു. സഹദേവൻ എനിക്കെഴുതിയ ഒന്നുരണ്ടു കത്തുകൾ ഈയിടെ ജോൺ കാണുവാനിടയായി. ലോങ്ങ് ഐലന്റ് സർവ്വകലാശാലയിൽ നിന്നും എനിക്കുകിട്ടിയ സാമൂഹികശാസ്ത്ര ബിരുദ സർട്ടിഫിക്കറ്റിനായി പരതിയതിനിടയിലാണ് പഴകി മടങ്ങിയ ആ നീളൻ കടലാസ്സ്‌കക്ഷണങ്ങൾ ജോണിനു കിട്ടിയത്. വിശദമായി രണ്ടുകത്തുകളും വായിച്ചതിനു ശേഷം എന്നോടു ചോദിച്ചു, ആരാണീ സഹാ എന്ന്, ഞാൻ പറഞ്ഞു “എനിക്കു വഴിയിൽ നഷ്ടപ്പെട്ടു പോയ ഒരു വിങ്ങലാണയാൾ” എന്ന്. ഒന്നും പറയാതെ ജോൺ ആഫീസിലെയ്ക്ക് പോയി. വൈകുന്നേരവും ഒക്കെ തലേന്നത്തേതുപൊലെ തന്നെ. ഒക്കെയും ജോണിന് നിർവികാരതകളാണ് സമ്മാനിക്കുന്നത്. പ്രൊഡക്റ്റ് ലോഞ്ചുകളും ബിസ്സിനസ് മീറ്റുകളുമൊഴികെ മറ്റെന്തും.
അന്നു നീതക്കുട്ടിയെ സ്കൂളിലാക്കി തിരികെ വണ്ടിയോടിച്ചു വരുന്ന വഴിയിൽ എനിക്കൊരു ചെറിയ അപകടമുണ്ടായി. വീട്ടു മുറ്റത്തേയ്ക്കു കയറുന്ന വീതികുറഞ്ഞ വഴിയിലേയ്ക്ക് തിരിഞ്ഞ നേരത്ത് എതിരെവന്ന പിക് അപ് വാനിനെ കാണുവാൻ ഒരുനിമിഷം താമസിച്ചുപോയി. വേഗം കുറവായിരുന്നതിനാൽ ചുണ്ട് സ്റ്റിയറിംഗ് വീലിലിടിച്ച് ചെറുതായൊന്നു പൊട്ടിയതല്ലാതെ അധികമൊന്നും പറ്റിയില്ല. എങ്കിലും ബാല്ക്കണിയിലെ ജനാലവിരി നീക്കി സ്വീകരണമുറിയിലെ തുകൽ സോഫയിൽ പുറത്തെ തടാകക്കരയിലേയ്ക്ക് കണ്ണയച്ചു വെറുതെ കിടന്നു. കൂടൊരുക്കാം, കൂട്ടിൽ നിന്നെയും കൂട്ടാം എന്ന് പരസ്പരം നുണ പറഞ്ഞ് വാത്തയിണകൾ കല്ക്കെട്ടുകളിളകിയ തടാക മതിലിന്റെ പടവുകളിറങ്ങുന്നു. കോലാഹലമേട് കുന്നുകളിൽ നിന്നും പശ്ചിമ മലനിരകളുടെ താഴ്വാരങ്ങളിലേയ്ക്ക് പറന്നിറങ്ങുന്ന പാരാഗ്ളൈഡറെപ്പോലെ മനസ്സ് തെന്നിയും പാളിയും നീങ്ങിക്കൊണ്ടിരുന്നു. പതിയെ എണീറ്റ് സർട്ടിഫിക്കറ്റുകളുടെ കൂനകൾക്കുള്ളിൽ നിന്നും സഹാ എഴുതിയ കത്തുകളെടുത്തു, വർഷങ്ങൾക്കുശേഷം വീണ്ടും ആ അക്ഷരങ്ങളിലൂടെ കണ്ണോടിച്ചു, അതിലൊന്നിലുണ്ടായിരുന്ന ഗദ്യശകലങ്ങളിൽ കണ്ണുടക്കി.
“നമ്മളൊക്കെ ഒന്നാണ്, ഒരേ വിചാരങ്ങളും സ്വപ്നങ്ങളും ഉള്ളവർ, എന്നാൽ ലക്ഷ്യങ്ങളിലെയ്ക്കുള്ള തിടുക്കപ്രയാണങ്ങളിൽ നാം പലതിനെയും അറിയാതെ വഴിയിൽ ഉപേക്ഷിക്കൂന്നു. ഒക്കെ കൈവെള്ളയിൽ നേടിയെന്നോർത്ത്, വിരലുകൾ നിവർത്തി നോക്കുമ്പോൾ, നേടിയതൊന്നുമില്ല, കുറെ ചളുങ്ങിയുടഞ്ഞ സ്മ്രുതിരേഖകൾമാത്രം”.
പരസ്പരം കത്തുകളയച്ചിരുന്നെങ്കിലും ഒരിക്കലൂം നമ്മൾ പ്രണയം എന്ന വാക്ക് ഉപയോഗിച്ചിരുന്നില്ല, വാക്കുകൾക്കുമപ്പുറത്തെങ്ങൊ എത്തിപ്പെട്ട മനസ്സുകളുടെ കൂടിച്ചേരൽ. “ശരിക്കും സഹദേവൻ എന്നെ പ്രണയിച്ചിരുന്നോ?”. തിരിച്ചെന്നോടീ ചോദ്യം സഹദേവൻ ചോദിച്ചാൽ എനിക്കു മറുപടി പറയാനൊന്നുമില്ല. ഇപ്പൊഴുമെനിക്ക് ഉത്തരം കിട്ടാത്ത ഒരു ചോദ്യമാണത്. ബിരുദാവസാനത്തിലെ ആ അവധിക്കാലത്ത് ജോണിന്റെ വിവാഹാലോചന വന്നപ്പൊഴും എനിക്ക് ഈ ചോദ്യത്തിനൊരു വ്യക്തമായ ഉത്തരം കണ്ടുപിടിക്കാൻ കഴിഞ്ഞിരുന്നില്ല.
ഇപ്പോൾ ഇടയ്ക്കൊക്കെ പ്രദിപ് വരാറുണ്ട്. വിഹിതവും അവിഹിതവും വേർതിരിക്കുന്നതു നമ്മളാണല്ലൊ. തെറ്റുകളിലൂടെ കടന്നുപോകുമ്പൊൾ പല ചോദ്യങ്ങളും എന്റെ മനസ്സിലൂടെ കയറി ഇറങ്ങാറുണ്ട്. പക്ഷെ ഏറെക്കുറെ ഒന്നിനുംതന്നെ മതിയായ ഉത്തരങ്ങൾ കണ്ടുപിടിക്കാൻ എനിക്കാവുന്നില്ല. ഇന്നലെ പ്രദിപ് വന്നപ്പോൾ വെറുതെ തോന്നിയ ഒരു ജിജ്ഞാസയിൽ അയാളുടെ കയ്യിൽ നിന്നും വിലാസം ചോദിച്ച് കുറിച്ചതാണിതൊക്കെ, വെറുതെ…
എനിക്കൊരു ഇ-മെയിൽ വിലാസം ഉണ്ട്, സമയം കിട്ടുമ്പൊൾ നൈർമല്യ.ജെ@ജിമെയിൽ.കോമിൽ മറുപടി അയയ്ക്കുക.
നിർത്തട്ടെ,
സ്നേഹപൂർവ്വം,
നൈർമല്യ
ദില്ലിയുടെ പകൽച്ചുട് ആറിത്തുടങ്ങിയതെയുള്ളൂ.
സുമിത്ര കത്തു വായിച്ച് തിരികെ തപാല്ക്കവറിൽ ഇടുന്നതിന്റെ കൂടെ ചോദിച്ചു, “സഹാ, ആരാ ഈ പുതിയ കക്ഷി?”
“എനിക്കു വഴിയിൽ നഷ്ടപ്പെട്ടു പോയ ഒരു വിങ്ങലാണവൾ”, മൂന്നായി വഴങ്ങി നിവരുന്ന തവിട്ടുനിറത്തിലുള്ള തുകൽ സോഫയിൽ തലചായ്ച്കിടന്നുകൊണ്ട് സഹദേവൻ മറുപടി പറഞ്ഞു. മെട്രൊ റെയിലിന്റെ രാത്രിവണ്ടിയിലൊന്ന് പാളം കുലുക്കി അകലേയ്ക്കോടുന്നതിന്റെ കാതടപ്പിക്കുന്ന സ്വരം വളരെപ്പെട്ടന്ന് അവരെ കടന്നുപോയി.