മേഘങ്ങളിലെ എന്റെ കിനാപ്പക്ഷി
ഓഫീസിൽനിന്ന് വൈകിയാണ് അന്ന് വീട്ടിലെത്തിയത്. വർഷാവസാനമായതുകൊണ്ട് പിടിപ്പതുജോലിയുണ്ടായിരുന്നു. എത്ര കിണഞ്ഞു പരിശ്രമിചിട്ടും നോക്കിത്തീർക്കാനുള്ള ഫയലുകൾ പിന്നെയും ബാക്കി. അസര് നിസ്കാരം കഴിഞ്ഞു ആ പായയിൽത്തന്നെ കണ്ണടച്ചു കുറേനേരം വെറുതെ കിടന്നു. നല്ല ക്ഷീണമുണ്ട്. അറിയാതെ ഒന്ന് മയങ്ങിപ്പോയോ. ഒരു കിളിയുടെ ശബ്ദം കേട്ടാണ് കണ്ണ് തുറന്നത്. ചില്ല് വാതിലിനപ്പുറം ബല്ക്കണിയിൽ എന്റെ പുതിയ കൂട്ടുകാരിയിരിക്കുന്നു. നീണ്ട കഴുത്തും, തൂവെള്ള ചിറകുമുള്ള ആ സുന്ദരിപക്ഷി. ഇയിടെയാണ് ബാല്ക്കണിക്കപ്പുറത്തുള്ള വിളക്കുകാലിൽ അവളെ കാണാൻ തുടങ്ങിയത്.
“ഏയ് കിളിമകളെ, ഏത് ഭൂഖണ്ടത്തിൽ നിന്നാണ് നിന്റെ വരവ്? ഈ മരുഭൂമിയിൽ വഴി തെറ്റി വന്നു പെട്ടതാണോ...എവിടെക്കാണ് നിന്റെ യാത്ര?”
ആദ്യം കണ്ട ദിവസം തന്നെ ഞാനവളോട് ചങ്ങാത്തം കൂടാനൊരു ശ്രമം നടത്തി. കിളി പക്ഷെ സഹകരിച്ചില്ല. എന്റെ വനജോത്സ് നയിൽ പുതുതായി വിടർന്ന കുടമുല്ലപ്പൂക്കളിലായിരുന്നു അവളുടെ ശ്രദ്ധ. അടുത്ത മുറിയിൽ ടി.വി. കണ്ടുകൊണ്ടിരുന്ന ഭർത്താവിനെ തിരക്കിട്ട് വിളിച്ചുകൊണ്ടുവന്നപ്പോഴേക്കും അവൾ പറന്നു പൊയ്ക്കളഞ്ഞു. പിറ്റേന്ന് വീണ്ടും പ്രത്യക്ഷപ്പെട്ടു, അതേ വിളക്കുകാലിൽ തന്നെ.
“ചെല്ലക്കിളീ, എന്റെയീ വൃന്ദാവനത്തിലേക്ക് സ്വാഗതം. ഒരു കൊച്ചു പർണശാല ഞാനിതിനകത്ത് സജ്ജമാക്കാം. കഴിക്കാൻ ധാന്യമണികളും പഴവർഗ്ഗങ്ങളും നല്കാം” വിരളിലെണ്ണാവുന്ന പൂചെടികൾ മാത്രമുള്ള എന്റെകൊച്ചുതോട്ടത്തിലേക്ക് ഞാനവളെ കാവ്യാത്മകമായി ക്ഷണി ച്ചു. പെൺകിളി ആ ക്ഷണവും കാര്യമായെടുത്തില്ല മനോഹരമായ കൊക്കും, ചിറകും ചലിപ്പിച്ചു അത് വിളക്കുകാലിൽ തന്നെയിരുന്നു.
“നിന്നോടൊപ്പം ഞാനും വരട്ടെ... കാടും, മലകളും, താഴ്വാരങ്ങളുമെല്ലാം നിന്റെ പുറത്തിരുന്നു ഒന്ന് ചുറ്റിക്കാണാൻ മോഹം. ഏഴാം കടലിനപ്പുരമുള്ള കാണാദേശങ്ങളിലേക്കു എന്നെ നീ കൊണ്ടുപോകുമോ?” ഞാനവളോട് കിന്നാരം ചോദിച്ചു. പക്ഷി അടുക്കുന്ന ലക്ഷണമില്ല.
തുടർന്നുള്ള ദിവസങ്ങളിൽ ഓഫീസിലെ തിരക്ക് കാരണം സന്ധ്യ കഴിഞ്ഞാണ് വീട്ടിലെത്തിയത്. അതിനിടെ പുതിയ ചങ്ങാതിയെ കാണാനും, ഓർക്കാനും നേരം കിട്ടിയില്ല. അപ്പോഴാണ് ഇന്ന് എന്നെ അന്വേക്ഷിച്ചെന്നൊണംഅവളീ ബാല്ക്കണിയുടെ അരമതിലിലെത്തിയത്. നിസ്കാരപ്പായയിൽ നിന്നെഴുന്നെല്ക്കാതെ, കയ്യെത്തിച്ച് ഞാൻ പുറത്തേക്കുള്ള വാതിൽ തുറന്നു, വളരെ മെല്ലെ. പക്ഷി പറന്നു പോകരുതല്ലോ. എന്നാൽ, എന്നെ ആശ്ച്ചര്യപ്പെടുത്തിക്കൊണ്ട് ബാല്ക്കണിയിൽ നിന്ന് പറന്നു വന്നു അവളെന്റെ പായയിൽ ഇരുന്നു.
“നമുക്ക് പോകാം, നീ പറഞ്ഞതുപോലെ അനന്തമായ ആകാശത്തു പറന്നുനടക്കാൻ.....” മധുരമായ സ്വരത്തിൽ ആദ്യമായികിളിയെന്നോട് സംസാരിച്ചു. അത്ഭുതവും ആനന്ദവും കാരണം കുറെ നേരത്തേക്ക് എനിക്കൊന്നും മിണ്ടാൻ കഴിഞ്ഞില്ല.
“കാടും, മേടും, പുഴകളും, മഹാസമുദ്രങ്ങളും കാണണ്ടേ നിനക്ക്...വരൂ, ഞാൻ കൊണ്ട് പോകാം. ”
“എന്റെ പൈങ്കിളീ ഞാനത് തമാശയായി പറഞ്ഞതല്ലേ..നിനക്കാവുമോ, എന്നെ പുറത്തേറ്റി പറക്കാൻ? എല്ലാം എന്റെവെറും മോഹങ്ങൾ മാത്രം. ” ഞാൻ ചിരിച്ചു.
“കഴിയും, നീ തയ്യാറായിക്കോ. ” പക്ഷി ഉറച്ച സ്വരത്തിൽ പറഞ്ഞു.
“എന്നാലും ഇന്ന് പറ്റില്ലല്ലോ, പൈങ്കിളീ, എന്റെ ഭർത്താവ് ഉച്ചയുറക്കംകഴിഞ്ഞ് ഉണരാനായി. മകൾ ഓഫീസ് വിട്ടു ഉടനെതിരിച്ചെത്തും. ഇടവേളയിൽ കാര്യമായി ഭക്ഷണം കഴിക്കാത്തത് കൊണ്ട് അവൾ വിശന്നാണ് വരിക. പിന്നെ കൊച്ചുമോന് ഡിന്നറും ശരിയാക്കാനുണ്ട്. ഇതെല്ലാം കഴിഞ്ഞുവേണം ഓഫീസിൽ നിന്നും കൊണ്ടുവന്ന ഫയൽ ഒന്ന് ശരിയാക്കി എടുക്കാൻ. ഇന്നെന്റെ മനസ്സ് ഊര് ചുറ്റാനുള്ള മൂഡിലല്ല” കൂടെ ചെല്ലാതിരിക്കാനായിഒരായിരം കാരണങ്ങൾ നിരത്തി, ഞാൻ.
“സാരമില്ല, എനിക്ക് വളരെ ഉയരത്തിൽ പറക്കാൻ കഴിയും... ആ വെൺമേഘങ്ങൾക്കിടയിൽ കുറേനേരം പറന്നുനടന്നാൽ, ശുദ്ധമായ തണുത്ത കാറ്റേറ്റാൽ, നിന്റെ അസ്വസ്ഥതകളെല്ലാം പറന്നകലും”പക്ഷി വിടാനുള്ള ഭാവമില്ല.
“നമുക്കീയാത്ര വാരാന്ത്യത്തിലേക്ക് മാറ്റിയാലോ. അതിരാവിലെ എല്ലാവരും ഉണർന്നുന്നെഴുന്നേൽക്കുന്നതിനു ഏറെമുംബെ..പുലരിയിൽ പ്രകൃതിക്ക് എഴഴകല്ലേ?”
“നിനക്കറിയാമല്ലോ. ... അവസരങ്ങൾ ജീവിതത്തിൽ അപൂർവമായേ വരൂ..അത് പാഴാക്കുന്നവർ മൂഢരാണ് ”. കിളി പരിഭവത്തോടെ പിന്തിരിഞ്ഞുനടക്കാൻ തുടങ്ങി.
“പിണങ്ങല്ലേ പൈങ്കിളി, ഞാൻ വരാം.. പക്ഷെ എന്നെ വേഗം തിരിച്ചുകൊണ്ടാക്കണം. ” അവൾ തല കുലുക്കി തത്തി, തത്തിതിരിച്ചു വന്നു... പിന്നെ, അല്പം കുനിഞ്ഞു, ചിറകുകൾ താഴ് ത്തി എനിക്ക് അതിന്റെ പുറത്ത് കയറാൻ സ്കര്യമുണ്ടാക്കിത്തന്നു. ഞാൻ പെട്ടെന്ന് ചെറുതായിപ്പോയതുകൊണ്ടാണോ, അതല്ല, എന്റെ ശരീരത്തിനൊത്ത് കിളി വലുതായതാണോ എന്നറിയില്ല, വളരെ സുഖമായി അതിന്റെ ചിറകുകൾക്കിടയിൽ ഇരിക്കാൻ എനിക്ക് സാധിച്ചു. എന്നാലും രണ്ടുകൈകളുംകൊണ്ട് പക്ഷിയുടെ കഴുത്തിൽ ഞാൻ മുറുകെ പിടിച്ചിരുന്നു.
“നമുക്ക് യാത്ര ആരംഭിക്കാം...” കിളി സാവധാനം ഉയർന്നുപൊന്തി. നിമിഷനേരത്തിനുള്ളിൽ നാല്പ്പത് നിലയുള്ള ആകെട്ടിടത്തിനു മുകളിലെത്തി, ഞങ്ങൾ.
“പേടിക്കണ്ട, ധൈര്യമായി താഴേക്കു നോക്കിക്കൊള്ളൂ..” കിളി പ്രോത്സാഹിപ്പിച്ചു. ആ വാക്കുകളിൽ വിശ്വാസമർപ്പിച്ചു ഞാൻ മെല്ലെ ഭൂമിയിലേക്ക് കണ്ണോടിച്ചു.
റോഡിലൂടെ ചീറിപ്പായുന്ന വാഹനങ്ങൾക്ക് കൊച്ചുതീപ്പെട്ടിയുടെ വലുപ്പം മാത്രം. എന്നാലും, അവയുടെ ഉൾഭാഗവും യാത്രക്കാരെയുമെല്ലാം എനിക്ക് വ്യക്തമായിക്കാണാം, ഒരു ബൈനോക്കുലറിലൂടെ നോക്കുന്നത് പോലെ. അവർ സംസാരിക്കുന്നത് പോലും കേൾക്കാൻ കഴിയുന്നുണ്ട്. എന്തൊരു മറിമായം! എത്രയോ അകലെയാണ് ഞാനവരിൽ നിന്ന്. എന്നിട്ടും...
“ലോകത്തിലെ ഏറ്റവും ഉയരംകൂടിയ ഗോപുരത്തിന് മുകളിലാണ് നമ്മളിപ്പോൾ.” പക്ഷി പറഞ്ഞു. ശരി തന്നെ.. താഴെ നിന്ന്നോക്കുമ്പോൾ കാണുന്ന ബുർജു ഖലീഫയുടെ സൂചിപോലുള്ള കൂർത്തയറ്റം എന്റെ തൊട്ടരികെ. കൈനീട്ടി ഞാനതിനെ ഒന്നുതൊട്ടു.
“ എന്തൊക്കെ കാഴ്ചകളാണ്, അത്ഭുതങ്ങളാണ് നിനക്ക് കാണേണ്ടത്? ആമസോൺ വനാന്തരങ്ങളോ, നയാഗ്ര വെള്ളച്ചാട്ടമോ, മഹാസമുദ്രങ്ങളോ, ഹിമാലയാൻ പർവ്വത നിരകളൊ, എവിടെവേണമെങ്കിലും കൊണ്ടുപോകാം... നീയെന്റെ അഥിതിയാണിന്നു.”
എനിക്ക് സന്തോഷമായി. ഞാനിപ്പോൾ ഏറെധൈര്യവതിയാണ്, കിളിയെ മുറുകെ പിടിച്ചിരിക്കുന്ന കൈകൾ അയഞ്ഞിട്ടുണ്ട്. കണ്ണുകൾ മുഴുവാൻ തുറന്ന് ഓരോ നിമിഷവും ആസ്വദിക്കയാണ്. മേഘമാലകൾക്കിടയിലൂടെ എന്റെ അരയന്നക്കിളി ഒഴുകിനടന്നു. കേട്ടറിവ് മാത്രമുള്ള ഒരുപാട് സ്ഥലങ്ങളിൽ അതെന്നെ കൊണ്ട് പോയി. പുരാതാന നഗരമായ ഗിസായിലെ പിരമിഡുകളും നൈൽ നദിയും താണ്ടി ഞങ്ങൾ അലെക്ക്സാന്ദ്രിയായിലെ ദീപസ്തംഭത്തിനു മുകളിലെത്തി. ഷാജഹാന്റെ പ്രേമകുടീരത്തിന്റെ മുന്നിലൂടെയൊഴുകുന്ന യമുനാ നദിയുടെ തീരത്തിരുന്നു, അകലെ ഗ്രീസിൽ തലയുയർത്തിനിൽക്കുന്ന സീയൂസ് ദേവന്റെ കഥ പറഞ്ഞു, കിളി. മഞ്ഞുമൂടി കിടക്കുന്ന നിൽക്കുന്ന ആല്പ്സ് പർവതനിരകളും, ആകാശത്ത് നിന്ന് കുതിക്കുന്ന വെള്ളച്ചാട്ടങ്ങളും, താഴ് വാരങ്ങളും, തടാകങ്ങളും ഞാനത്ഭുതത്തോടെ നോക്കിക്കണ്ടു.
“രാത്രിയായി, ഈ ഭൂമിയിലിനി നിനക്ക് കാണാൻ ഒന്നും അവശേഷിക്കുന്നില്ല.. നമുക്ക് ആകാശലോകത്തിലേക്ക് പറന്നാലോ?” കിളി.
“എവിടേക്ക് വേണമെങ്കിലും പോവാം, നീയാണല്ലോ എന്റെ ടൂർ ഗൈഡു” ഞാൻ സന്തോഷത്തോടെ പറഞ്ഞു. ഭർത്താവും,മകളും, ഓഫീസിലെ തിരക്കിട്ട ജോലിയുമൊന്നും എന്നെയിപ്പോൾ ശല്യപ്പെടുത്തുന്നില്ല. കൈകൾ സ്വതന്ത്രമാക്കി, കാലുകൾ രണ്ടും ഒരുവശത്തേക്കിട്ട് കാഴ്ചകൾ
ആസ്വദിക്കയാണ് ഞാനിപ്പോൾ. മുകളിൽ നക്ഷത്രങ്ങൾ നിറഞ്ഞ ആകാശം. അവക്ക് നടുവിൽ പൂർണ്ണചന്ദ്രൻ ഉദിച്ചുയർന്നു നിൽക്കുന്നു. മന്ദമാരുതൻ ഞങ്ങളെ തഴുകുന്നുമുണ്ട്. നക്ഷത്ര മണ്ഡലങ്ങളിലൂടെയുള്ള യാത്ര അവാച്യമായിരുന്നു. സൗരയൂഥങ്ങളും താരപഥങ്ങളുമെല്ലാം ഞാൻ കണ്ണ് നിറയെകണ്ടു. സ്വർണമേഘമാലാപ്പിലൂടെ ഒഴുകി, ഒഴുകി അങ്ങനെപോകവേ, പക്ഷി പറഞ്ഞു.
“ഞാൻ നിന്നെ ഒരു സ്ഥലം കാണിക്കാം...” അനേകായിരം നക്ഷത്രങ്ങൾ പരവതാനിവിരിച്ച വീഥിയിലൂടെ ഞങ്ങൾ മുന്നോട്ടുനീങ്ങി. പെട്ടെന്ന് പുലരിയുടെ പൊൻകിരങ്ങൾ അവിടമാകെ പരന്നു. സുഗന്ധം പൊഴിക്കുന്ന പൂമരങ്ങളും, കണ്ണീര് പോലത്തെ തെളിഞ്ഞ തടാകങ്ങളുമുള്ള മനോഹരമായ ഒരു പൂങ്കാവനത്തിന്റെ ചില്ല് വേലിക്കപ്പുറം ഞങ്ങൾ നിന്നു. ദിവ്യശോഭയാൽ ആ പരിസരമാകെ പൂത്തുലഞ്ഞിരുന്നു. എവിടെനിന്നോ ഒഴുകിവരുന്ന നേർത്ത ഗാനത്തിന്റെ അലയൊലി. ആകെ സംഗീതസാന്ദ്രമായ ഒരു അന്തരീക്ഷം. “ആ കാണുന്നത് സ്വർഗ്ഗലോകമാണ്. അകത്തു പ്രവേശിക്കാൻ നമുക്കനുവാദമില്ല”. കിളിപറഞ്ഞു. കേട്ടത് സ്വപ്നമോ,യാഥാർത്ഥ്യമോ എന്നറിയാതെ സ്തംഭിച്ചുനിന്നുപോയി, ഞാൻ. പൂത്തുംബികളും, വെള്ളരിപ്രാവുകളും പാറിനടക്കുന്ന ആ അല്കിക സ്ന്ദര്യത്തിനു മുമ്പിൽ എല്ലാം മറന്നു കോരിത്തരിച്ചു നില്ക്കേ കിളി എന്നെ മാടി വിളിക്കുന്നുണ്ടായിരുന്നു! പലവട്ടം. ഒരക്ഷരം മിണ്ടാൻ കഴിഞ്ഞില്ല, ഒന്നനങ്ങാൻ കഴിഞ്ഞില്ല, എനിക്ക്. എത്ര അവാച്യമായ അനുഭവം! എന്തൊരു മാസ്മരിക ലോകം.!!.
തിരികെ പോരുമ്പോൾ എന്റെ കണ്ണിൽ നിന്ന് ധാരധാരയായി കണ്ണീരൊഴുകാൻ തുടങ്ങി.
“നീയെന്തിനാ കരയുന്നത്?” പക്ഷി ചോദിച്ചു. “ഒരിക്കൽ പോലും അതിനകത്ത് കയറാൻ ഞാനർഹയല്ലല്ലോ എന്നോർക്കുമ്പോൾ ഹൃദയം തകർന്നു പോകുന്നു.” തികഞ്ഞ നിരാശയും സങ്കടവുമായിരുന്നു എന്റെ വാക്കുകളിൽ. “അങ്ങനെ പറയാൻ കഴിയില്ല, മഹാമയനായ ദൈവമല്ലേ എല്ലാം തീരുമാനിക്കുന്നത്.” അവളെന്നെ ആശ്വസിപ്പിക്കാൻ ശ്രമിച്ചു.
“ഒരു പാട് തെറ്റുകൾ ഞാൻ ചെയ്തിട്ടുണ്ട്, അറിഞ്ഞും അറിയാതേയും, ഇത്രയും സുന്ദരമായലോകം നിസ്സാരമായ കാരണങ്ങൾകൊണ്ട് ഞാൻ പാഴാക്കിക്കളഞ്ഞില്ലെ”, എന്റെ തേങ്ങലിന് ആക്കം കൂടി.
നീ ദൈവത്തോട് എന്നും പ്രാർത്ഥിക്കാറുണ്ടല്ലോ, പശ്ചാത്തപിക്കാറുണ്ടല്ലോ, പിന്നെ സങ്കടപ്പെടുന്നതെന്തിന്? ദൈവംകരുണാമയനാണെന്നു അറിയില്ലേ?“
”എന്റെ പ്രാർത്ഥനകൾ കുചേലന്റെ അവില്പ്പൊതിപോലെ കല്ലും മണ്ണും നിറഞ്ഞതാണ് .. നമസ്കരിക്കാൻ കൈകെട്ടി നിൽക്കുംബോഴും. ഇടക്കുവെച്ച് നിർത്തിപ്പോന്ന ടി.വി.യിലെ രംഗങ്ങളായിരിക്കും മനസ്സ് നിറയെ. സത് കർമങ്ങൾക്ക് പ്രതിഫലമായ ആ വാഗ്ദത്തലോകം എന്നിൽ നിന്ന് എത്രയോ അകലെയാണ്“
”എല്ലാവിധ ദ്ര്ബ്ബല്ല്യങ്ങളോടും കൂടിയാണ് ദൈവം മനുഷ്യനെ സൃഷ്ടിച്ചിരിക്കുന്നത്. നിന്റെ നമസ്കാരങ്ങൾകൊണ്ട് അവനൊന്നും നേടാനില്ല. കരയാതിരിക്കൂ..“ പിന്നെ, എന്നെ ആശ്വസിപ്പിക്കാനായി സ്വർഗ്ഗത്തോപ്പിൽ നിന്നും കേട്ട ഗാനത്തിന്റെ ഈരടികൾ കിളി പതുക്കെ പാടാൻതുടങ്ങി. സർവശക്തനായ അല്ലാഹുവിന്റെ സ്നേഹവും,മഹത്വവും കാരുണ്യവും വർണ്ണിക്കുന്ന മനോഹരമായ വരികൾ. അതിന്റെ മാസ്മരികതയിൽ ലയിച്ച്, എല്ലാവിധ ആശങ്കകളും മറന്നു, ഞാനറിയാതെ ഉറങ്ങിപ്പോയി. ഉറക്കത്തിൽ പലതവണ ആ തേജോഹാരിത എന്റെ സ്വപ്നത്തിൽ തെളിഞ്ഞു വന്നു.
സൂര്യകിരണങ്ങൾ മുഖത്ത് പതിച്ചപ്പോഴാണ് കണ്ണു തുറന്നത്. പ്രഭാതമായിരിക്കുന്നു. ആകാശലോകത്ത് നിന്ന് ഞങ്ങളേറെ താഴേക്കു വന്നിട്ടുണ്ട്.
”എന്തിനാ പക്ഷീ, നീ ഭൂമിയിലേക്ക് വന്നത്. അവിടെ ആ അനന്തതയിൽ പാറിനടന്നു എനിക്ക് കൊതിതീർന്നില്ല “ഞാൻ നിരാശയോടെ പറഞ്ഞു.
”നിനക്ക് ഞാനൊരു കാര്യം കാണിച്ചു തരാം. അതാ താഴേക്കു നോക്കൂ, ആ സ്ഥലം പരിചയമുണ്ടോ? “ കിളി പറഞ്ഞിടത്തേക്ക് ഞാൻ കണ്ണയച്ചു.
”എനിക്കറിയാം, അവിടെ, എന്റെ ഗ്രാമം ആണത്....എന്റെ തറവാട്.. പരിസരം..“ ഞാൻ താഴേക്കു സൂക്ഷിച്ചു നോക്കി. ”അതാ, എന്റെ ഭർത്താവും, മക്കളും, സഹോദരിമാരുമെല്ലാമാണ് അവിടെയുള്ളത്. കൂടെ ഞാനറിയുന്ന ബന്ധുക്കളും, അയല്ക്കാരുമൊക്കെയുണ്ട്. ... എന്തോ ആഘോഷം നടക്കുകയാണെന്ന് തോന്നുന്നു...“ ഞാൻ വലിയ താല്പ്പര്യമില്ലാതെ പറഞ്ഞു.
”നമുക്ക് കുറേക്കൂടി താഴേക്കുപോകാം..“ പക്ഷി ഊളിയിട്ടു പറന്ന്, വീടിനു മുൻപിലുള്ള മുവാണ്ടൻ മാവിന്റെ കൊമ്പിൽ വന്നിരുന്നു.
”ആരുടെയെങ്കിലും, കല്യാണമോ, പിറന്നാളോ ആയിരിക്കും...“ പതിവിനു വിപരീതമായി അതെന്താണെന്നറിയാൻ എനിക്ൿആകാംഷ തോന്നിയില്ല. പക്ഷെ, ഒന്നുകൂടി സൂക്ഷിച്ചു നോക്കിയപ്പോൾ ഒരുകാര്യം മനസ്സിലായി. ആരുടേയും മുഖത്ത്ചിരിയോ സന്തോക്ഷമോ കാണാനില്ല..എന്ത് പറ്റി ? ആർക്കോ, എന്തോ അപകടം സംഭവിച്ചെന്നുതോന്നുന്നു. എന്റെ പ്രിയപെട്ടവരെല്ലാം അവിടെയുണ്ട്. ”ഞാൻ മാത്രം... ഞാൻ മാത്രം ഒന്നും അറിഞ്ഞില്ലല്ലോ. ..ആരും എന്നോട് ഒന്നും പറഞ്ഞില്ല“ തെല്ലൊരു അവിശ്വസനീയതയോടെ ഞാൻ മന്ത്രിച്ചു.
”ആര് പറഞ്ഞു, നീ അവിടെയില്ലെന്ന്..?അതാ, ആ പൂമുഖത്തേക്ക് നോക്കൂ, അവിടെ തറയിൽ കിടത്തിയിരിക്കുന്നത്ആരെയാണ്? “ കിളി അല്പംകൂടി താഴ്ന്നുപറന്നു മുറ്റത്തെ ചെമ്പരത്തി ചെടിയിൽ വന്നിരുന്നു. ഞാൻ സൂക്ഷിച്ചുനോക്കി,ശരിതന്നെ.. കുളിപ്പിച്ച്, വെള്ള വസ്ത്രത്തിൽ പൊതിഞ്ഞു കിടത്തിയിരിക്കുന്നത് എന്റെ ശരീരമാണ്. ഭർത്താവും മക്കളുമെല്ലാം നിറഞ്ഞവേദനയോടെ ചുറ്റുമിരിക്കുന്നുണ്ട്. സഹോദരിമാരിൽ ആരൊക്കെയോ കരയുന്നുമുണ്ട്.
”ഇന്നലെ വൈകുന്നേരമായിരുന്നു. നിസ്കാരപ്പായിൽ മരിച്ചു കിടക്കുന്നതാണ് കൊച്ചുമോൻ കണ്ടത്. ഹൃദയസ്തംഭനം ആയിരുന്നത്രെ... വല്ലാത്ത കഷ്ടം തന്നെ..“
”ഭാഗ്യത്തിന് അവിടത്തെ ഫൊർമാലിറ്റികൾ പെട്ടെന്ന് കഴിഞ്ഞു. അതിരാവിലത്തെ ഫ്ലൈറ്റിന് നാട്ടിലേക്ക് കൊണ്ടുവരാൻ കഴിഞ്ഞു. “ആരൊക്കെയോ അടക്കം പറയുന്നത് കാതിലെത്തി.
കിളിയുടെ പുറത്തിരുന്ന്, നിസ്സംഗതയോടെ ഞാനെല്ലാം നോക്കിക്കണ്ടു. ആളുകൾ വരുന്നത്, പോകുന്നത്, ബന്ധുക്കൾ മയ്യത്തിനു ചുറ്റും വിഷാദത്തോടെയിരിക്കുന്നത്, ആരോ ഖുറാൻ നീട്ടിയോതുന്നത്..പിന്നെ വരിവരിയായി സ്ത്രീകളും, കുട്ടികളും എനിക്കായി മയ്യത്ത് നമസ്കരിക്കുന്നത്. “പോകാം” മൃതശരീരവുമായി ആളുകൾ പള്ളിയിലേക്ക് പുറപ്പെട്ടപ്പോൾ ഞാൻ മന്ത്രിച്ചു.
“എവിടേക്ക്?” എന്റെ വാക്കുകൾക്കായി പക്ഷി കാതോർത്തിരിക്കയായിരുന്നെന്നു തോന്നി. ഞാൻ മുകളിലേക്ക് നോക്കി.വെൺമേഘങ്ങൾ നിറഞ്ഞ ആകാശത്തിന് ഒരു പ്രത്യേകഭംഗി. അതെന്നെ മാടിവിളിക്കുന്നത് പോലെ. കിളി സാവധാനം എന്നെയും വഹിച്ചു പന്നുയർന്നു . മേഘമാലകളിലേക്ക്, ബന്ധങ്ങളും, ബന്ധനങ്ങൾളുമില്ലാത്ത, അക്രമവും, അനീതിയും തൊട്ടുതീണ്ടാത്ത മറ്റൊരു ലോകത്തേക്ക്.