കഥാജാലകം

View Original

ഗർഭിണിയുടെ ഓർമ്മകൾ

ജോയിസ്സ് നല്ല ഉറക്കത്തിലാണ്.സമയപരിധിയില്ലാത്ത ജോലിയും ആ ജോലിയോട് പുലർത്തുന്ന ആത്മാർത്ഥതയും അയാളെ സുഖമുള്ള നിദ്രയിലാഴ്ത്തി. ലില്ലിക്ക്  ജോയിസ്സിന്റെ ഉറക്കംപോലൊരു ഉറക്കം ലഭിക്കുക അസാധ്യമായിരുന്നു. കാരണം അവൾ ഗർഭിണിയാണ്. അവൾക്ക് ക്ഷണിക്കാതെ വരുന്ന ഒരു അതിഥിയായിരുന്നു വിശപ്പ്. ആ വിശപ്പ് അടക്കാനെന്നവണ്ണം അവളുടെ തലച്ചോറും ആമാശയവും തമ്മിലുള്ള ഒത്തുകളിയുടെ ഫലമാണ് ഈ ഉറക്കമില്ലായ്മ.

ലില്ലി എഴുന്നേറ്റ് അടുക്കളയിലേയ്ക്ക് പോയി. പാലും പഴവർഗ്ഗങ്ങളും എന്നുവേണ്ട കണ്ണിൽ കണ്ടതൊക്കെ ഞൊടിയിടയിൽ അകത്താക്കി.അങ്ങനെ വിശപ്പിന് ഒരു ശമനമായപ്പോൾ അവൾ പിന്നെയും ഉറങ്ങാൻ കിടന്നു. ഉറക്കത്തിൽപ്പോലും ബുദ്ധിപ്രവർത്തിപ്പിക്കുന്ന ജോയിസ്സ് അവളെ തട്ടിയുറക്കാൻ തുടങ്ങി. അതുകണ്ട അവൾക്ക് ചിരി വന്നു. കാരണം ഈ ബുദ്ധിപ്രവർത്തനത്തെക്കുറിച്ച് ബോധമുള്ളപ്പോൾ ചോദിച്ചാൽ അയാൾക്കൊന്നും അറിയില്ല. ഈ തലച്ചോറിന്റെയോരോ പരിപാടികളേ!

പ്രസവം നാട്ടിൽത്തന്നെ മതിയെന്ന് ജോയിസ്സും ലില്ലിയും ചേർന്നെടുത്ത തീരുമാനമായിരുന്നു. എന്നിട്ടും നാട്ടിൽപോകാനുള്ള ദിവസം അടുത്തുവരുന്നത് അയാൾക്ക് സഹിക്കാൻ പറ്റുന്നയൊന്നായിരുന്നില്ല. ഭാര്യയെ പിരിഞ്ഞിരിക്കാനുള്ള ബുദ്ധിമുട്ട് അയാളെ കൂടുതൽ അസ്വസ്ഥനാക്കിയിരുന്നു.

അവളുടെ ചിന്തകൾ കാടുകയറാൻ തുടങ്ങി. ഈ കഴിഞ്ഞ ആഴ്ചകൊണ്ട് എന്തെല്ലാം സംഭവിച്ചു! സംഭവബഹുലമായ ദിനങ്ങൾ. ലില്ലി ഓർത്തു:

ലില്ലിയുടെ അമ്മയുടെ സഹോദരപുത്രിയാണ് മായ. മായയുടെ ഭർത്താവ് മലയാളിയായിരുന്നില്ല. അവരുടേത് പ്രേമവിവാഹമായിരുന്നു. മൂന്നുവർഷം വീട്ടുതടങ്കലിലായിരുന്നിട്ടും മായ തന്റെ പ്രണയത്തിൽനിന്നും പിന്മാറിയിരുന്നില്ല. ഒടുവിൽ മായയുടെ വാശി ജയിച്ചു. അവർ വിവാഹിതരായി. ഇപ്പോൾ ദുബായിലാണ് താമസം. ലില്ലി ഗർഭിണിയാണെന്നറിഞ്ഞ് മായയും സുഖ്ദീപും അവളെ കാണാൻവന്നു. അവരുടെ സ്നേഹവും കരുതലൂം ലില്ലിയേയും ജോയിസ്സിനേയും വല്ലാതെ ആകർഷിച്ചു.

‘ലില്ലി നാട്ടിൽ പോയിക്കഴിഞ്ഞാൽ ജോയിസ്സിന്റെ പദ്ധതിയെന്താണ്’? സുഖ്ദീപ് ആരാഞ്ഞു.

എന്ത് പദ്ധതി?, ജോയിസ്സ് ഒന്നും മനസ്സിലാകാതെ ചോദിച്ചു.

ആല്ല ഈ ഫ്ളാറ്റിൽത്തന്നെ താമസിക്കാനാണോ അതോ മുറി പങ്കിട്ടുതാമസിക്കാൻ സൗകര്യമുള്ളിടത്തേയ്ക്ക് പോകുമോ?

മുറി പങ്കിട്ടുതാമസ്സിക്കേണ്ട ആവശ്യകത മനസ്സിലാകാഞ്ഞ ജോയിസ്സ് പിന്നെയും ചോദിച്ചു, എന്തിനു പങ്കിടണം?

ലോകപരിചയം കുറഞ്ഞ ആളെ കണ്ടുമുട്ടിയ സന്തോഷത്തിൽ സുഖ്ദീപ് വിശദീകരിക്കാൻതുടങ്ങി. ലില്ലി നാട്ടിൽപൊയ്ക്കഴിഞ്ഞാൽ പ്രസവവും ശുശ്രൂഷയും കഴിഞ്ഞ് തിരിച്ച് ദുബായിൽ വരുമ്പോഴേയ്ക്കും ഒരുവർഷമെടുക്കും. അത്രയും നാൾ ഈ ഫ്ളാറ്റിൽ വൻ തുക വാടകയും കൊടുത്ത് താമസ്സിക്കേണ്ടുന്ന ആവശ്യമുണ്ടോ? അതേ സമയം മുറിപങ്കിട്ടുതാമസ്സിച്ചാൽ തുച്ഛമായ ഒരു തുകയേയാവുന്നുള്ളൂ. ബാക്കിമൊത്തം ലാഭം! അങ്ങനെ ലാഭിക്കുന്ന തുക കൂട്ടിവെച്ചാൽ അടുത്ത വർഷം സ്വന്തമായി ഒരു ഫ്ളാറ്റുവാങ്ങാൻ മുൻകൂറടയ്ക്കേണ്ടുന്ന തുകയാകും. സുഖ്ദീപിന്റെ ആ ചിന്തകൾ ജോയിസ്സിനെ ആകൃഷ്ട്ടനാക്കിയെങ്കിലും അയാൾ കാത്തിരുന്നു വാങ്ങിയ വീട്ടുസാധനങ്ങൾ എന്തുചെയ്യുമെന്നറിയാതെ ആ ആശയത്തെ നിരസ്സിച്ചു.

അതുവേണ്ട കാരണം ഈ വീട്ടുസാധനങ്ങളൊക്കെ പിന്നെ എന്തുചെയ്യും? ഇതൊന്നും വിൽക്കാൻ എനിക്ക് മനസ്സുവെരുന്നില്ല. ഇവിടെയുള്ള ഓരോ സാധനങ്ങളുമായി ഞങ്ങൾ ആത്മബന്ധം പുലർത്തുന്നുണ്ട്. അതുകൊണ്ട് ഞാൻ ഇവിടെത്തന്നെ താമസിക്കാൻ തീരുമാനിച്ചു, ജോയിസ്സ് വിശദമാക്കി.

ഈ സാധനങ്ങളൊക്കെ ദുബായിൽത്തന്നെ സൂക്ഷിച്ചുവെയ്ക്കാനുള്ള ഏർപ്പാടുണ്ടല്ലോ. ഒരു തുക എല്ലാ മാസവും അടയ്ക്കണം. എന്നിരുന്നാലും ലാഭം തന്നെ, സുഖ്ദീപ് തന്റെ അറിവുപകർന്നു നല്കി. ’അതുകൊള്ളാമല്ലോ, പക്ഷേ എനിക്ക് മറ്റുള്ളവരുമായി മുറി പങ്കിടുന്നതിനോട് താത്പര്യമില്ല. ഒരു പരിചയവുമില്ലാത്തവരുടെകൂടെ എങ്ങനെ താമസിക്കും?വേണ്ട അത് ശരിയാകില്ല, ജോയിസ്സ് പിന്നെയും നിരസ്സിച്ചു.

അതിനെന്താ എന്റെ വീട്ടിൽ താമസ്സിക്കാമല്ലോ, സുഖ്ദീപ് വെട്ടിത്തുറന്നു. ഭർത്താവിന്റെ എടുത്തടിച്ച മറുപടിയിൽ മായ ഞെട്ടി. ആ ഞെട്ടൽ ലില്ലി പെട്ടെന്ന് തിരിച്ചറിഞ്ഞു. ആ ഞെട്ടലിൽ ഒരു തെറ്റുമില്ല കാരണം ഭാര്യയോട് ചോദിക്കാതെ ഒരാളെ താമസ്സിക്കാൻ ക്ഷണിച്ച ബോധമില്ലായ്മയെ കൈയ്യടിച്ച് പ്രോത്സാഹിപ്പിക്കാൻ പറ്റില്ലല്ലോ! പക്ഷേ ഞെട്ടലിനെ അതിവേഗം മറികടന്ന് മായയും ജോയിസ്സിനെ സ്വാഗതം ചെയ്തു. ’വിദേശരാജ്യങ്ങളിൽ താമസമായാൽ സ്വന്തക്കാർ പരസ്പരം സഹായിച്ചില്ലെങ്കിൽപിന്നെ നിലനിൽപ്പില്ല’, മായ കൂട്ടിച്ചേർത്തു. സുഖ്ദീപിന്റെയും മായയുടെയും സ്നേഹോഷ്മളമായ ക്ഷണത്തിൽ ആത്മാർത്ഥത കണ്ട ജോയിസ്സ് പെട്ടെന്നൊരു മറുപടി പറയാനാകാതെ കുഴഞ്ഞു.’ ഞാൻ ആലോചിച്ചിട്ടു പറയാം’, ജോയിസ്സ് മറുപടി നല്കി.

അങ്ങനെ ആഴ്ച്ചയൊന്ന്കഴിഞ്ഞു. ജോയിസ്സും ലില്ലിയും മനസ്സിരുത്തി ചിന്തിച്ചു. സുഖ്ദീപിന്റെ കൂടെ താമസ്സിക്കാം, അവർ തീരുമാനിച്ചു. ആ വിവരം സുഖ്ദീപിനെ നേരിട്ടുകണ്ട് പറഞ്ഞു. അത്ഭുതമെന്ന് പറയട്ടെ, ആ വാർത്തകേട്ട് സുഖ്ദീപ് നിർവികാരനായി ഇരുന്നു. ഒരാഴ്ച മുൻപുകണ്ടയാളല്ല ഇന്ന് കാണുന്നയാൾ. കുറച്ച് നിമിഷങ്ങൾ ചിന്തിച്ചശേഷം അയാൾ പറഞ്ഞു, ’എന്റെ അമ്മ ഡിസംബറിൽ വരും അപ്പോൾ..? മായ പെട്ടെന്നിടപെട്ടു, ’അതിനെന്താ, അമ്മയും ഞാനും ഒരു മുറിയിലും സുഖ്ദീപും ജോയിസ്സും വേറെ മുറിയിലും കിടക്കണം അതുമാത്രമല്ല അമ്മയ്ക്ക് ഒറ്റയ്ക്ക് ദുബായിൽ വരാൻ സാധിക്കില്ലല്ലോ, പിന്നെങ്ങനെ അമ്മ വരും’?

അതുകേട്ട സുഖ്ദീപ് അക്ഷമനായിക്കൊണ്ട്, ’അമ്മയൊറ്റയ്ക്കല്ല,അനുജത്തിയും ഭർത്താവും പിന്നെ കസ്സിനും കുടുംബവും വരുന്നുണ്ട്’.’എന്നിട്ട് ഞാൻ അറിഞ്ഞില്ലല്ലോ? ഇത്രയും പേർക്ക് വെച്ചുവിളമ്പാൻ എനിക്കുപറ്റില്ല’, മായ വെച്ചുകാച്ചി. അതിനുശേഷം എന്തുണ്ടായെന്ന് ഊഹിക്കാമല്ലോ! അടിപിടികോലാഹലം!! അവരുടെ അടിപിടിക്കിടയിൽ എപ്പോഴോ ജോയിസ്സും ലില്ലിയും യാത്രപറഞ്ഞിറങ്ങി. മഴപെയ്തുതോർന്ന സുഖം. ഇവരുടെകൂടെയുള്ള താമസം വേണ്ട. സ്വന്തംവീടുതന്നെ പരമസന്തോഷം. ലാഭം കുറഞ്ഞാലുംവേണ്ടീല്ല, അവർ തീരുമാനിച്ചു.

ദുബായിലെ വീട്ടുവാടക ഒരു നിയന്ത്രണവുമില്ലാതെ കുതിച്ചുപൊങ്ങുകയാണെന്നത് വാസ്തവംതന്നെ. നാട്ടിലുള്ളവർക്കു കേട്ടാൽ ഒരുപക്ഷേ ദഹിക്കില്ല. ഒരു കിടപ്പുമുറി ഫ്ളാറ്റിന് മാസം ആറായിരം ദിർഹം. അതായത് മാസം ഒരുലക്ഷത്തിച്ചില്വാനം ഇന്ത്യൻ റുപ്പിക.ഞെട്ടിയില്ലേ? പഴയ ദുബായി ആണോ ഇന്നത്തെ ദുബായി എന്നു ചോദിച്ചാൽ അറിയില്ല. അന്ന് ഇന്ത്യക്കാർക്ക് ഇവിടെ വിലയുണ്ടായിരുന്നു പക്ഷേ ഇന്നത്രവിലയില്ല. വെള്ളക്കാരാണ് ഇവിടെ ആധിപധ്യം സ്ഥാപിച്ചിരിക്കുന്നത്. സ്വന്തം രാജ്യത്ത് നല്ല ജോലികിട്ടാത്തവരാണ് ഇവിടെത്തിപ്പെട്ട വെള്ളക്കാർ എന്ന് കേൾക്കുന്നുണ്ട്. എന്നിരുന്നാലും ശമ്പളം അവർക്കുതന്നെയാണ് കൂടുതൽ. അരലക്ഷം ദിർഹം മുതൽ മേൽപ്പോട്ടാണ് അവരുടെ മാസ വരുമാനം. എത്ര ബുദ്ധിയുണ്ടെങ്കിലും ഇന്ത്യക്കാർക്ക് ഇത്രകിട്ടില്ല. പിന്നെ ഒരുപണിയും ചെയ്യാത്ത സ്വദേശികൾ തലപ്പത്തിരിക്കുന്ന നാടാണിത്. ഇവരുടെ കീഴിൽ പണിയെടുക്കുന്ന ഇന്ത്യക്കാരുടെ മെച്ചത്തിൽ അവർ സുഖിച്ചിരിക്കുന്നു. 1950 കാലഘട്ടത്തിൽ ഇന്ത്യൻ റുപ്പിക്ക് നല്ല മൂല്യമുണ്ടായിരുന്നതായി പൊറ്റെക്കാട്ടിന്റെ പാതിരാസൂര്യന്റെ നാട്ടിൽ എന്ന പുസ്തകത്തിൽ വായിച്ചിട്ടുണ്ട്. ഒരുപക്ഷേ ഇന്ത്യൻ റുപ്പിക്ക് ഇന്നും നല്ല മൂല്യമുണ്ടായിരുന്നെങ്കിൽ ഇവിടുത്തെ സ്വദേശികൾ വിദേശികളായി നമ്മുടെ നാട്ടിൽ പണിയെടുത്തേനേ.

വെള്ളക്കാരാണ്  ലോകത്തെ നിയന്ത്രിക്കുന്നത് എന്നുതോന്നുന്നുണ്ടെങ്കിൽ ഒരു തെറ്റുമില്ല.കാരണം ഡിമാന്റ് അവർക്കാണ്. അവർ സംസാരിക്കുന്ന ഭാഷയ്ക്കാണ്.അവരുടെ വസ്ത്രധാരണത്തിനാണ്. അവരുടെ ഭക്ഷണരീതിക്കാണ്. അങ്ങനല്ലാത്തവരെ ലോകം പുച്ഛിക്കുന്നു. അതുകൊണ്ടുതന്നെ ബ്രിട്ടീഷ് സ്കൂളിൽ കുട്ടികളെ ചേർക്കാൻ മാതാപിതാക്കൾ കടിപിടികൂടുന്ന കാലമാണിത്, വരുമാനമില്ലെങ്കിൽകൂടി. അങ്ങനെ ഉള്ളവനേയും ഇല്ലാത്തവനേയും ആരൊക്കെയോചേർന്ന് എന്തൊക്കെയോ മായകാട്ടി പറ്റിച്ചുകൊണ്ട് കഷ്ടപ്പെട്ട് അദ്ധ്വാനിച്ചുണ്ടാക്കുന്ന കാശ് പിടുങ്ങിയെടുക്കുന്നു.

ഗൾഫിൽ താമസിച്ചവർക്കേ നാടിന്റെ വിലയറിയൂ. ഇവിടുത്തുകാർ തിരിച്ചെത്തിയാൽ മണ്ണിനെ സ്നേഹിച്ച് സ്വന്തം പറമ്പുകളിൽ കൃഷിയിലേർപ്പെടുന്നു. അതേ സമയം നാട്ടിലുള്ളവർ അത് അന്തസില്ലാത്ത പണിയാണെന്ന് ചിന്തിക്കുന്നു. വൈറ്റ്കോളർ ജോലിക്കായി കുട്ടികളെ ഒരുക്കിയെടുക്കുന്നു. ഇങ്ങനെപോയാൽ ഉറപ്പായും അൻപതു വർഷങ്ങൾക്കുള്ളിൽത്തന്നെ മാറ്റത്തിന്റെ കൊടിപാറും. ഡോക്ടർമാരും ഏഞ്ചിനിയർമാരും മറ്റും എണ്ണത്തിൽ ക്രമാതീതമായി വർദ്ധിച്ച് ഒടുക്കം ജോലികിട്ടാതെ വീട്ടിലിരിക്കേണ്ടുന്ന അവസ്ഥയുണ്ടാകും. അതേസമയം കൃഷിക്കാർക്കും മറ്റുകന്നുകാലികളെ വളർത്തുന്നവർക്കും ഗവൺമെന്റ് വക നല്ലൊരു സംഖൃ വീട്ടിലെത്തിച്ചുകൊടുക്കാനുള്ള അവസ്ഥയുമുണ്ടാകും. ദീർഘവീക്ഷണമുള്ള ജോയിസ്സും ലില്ലിയും തങ്ങളുടെ കുഞ്ഞുങ്ങളെ  മനുഷ്യസ്നേഹികളായ വിദ്യാഭ്യാസമുള്ള കർഷക വ്യാപാരികളാക്കാൻ തീരുമാനിച്ചു.

പിറ്റേന്ന് രാവിലെ ജോയിസ്സ് ഓഫീസിൽ ജോലിചെയ്തുകൊണ്ടിരിക്കേ സുഖ്ദീപിന്റെ ഫോൺകോൾ വന്നു. ‘ഇന്നലെ പറഞ്ഞപോലെ അമ്മയും സ്വന്തക്കാരും വരുന്നില്ല പക്ഷേ മായ പറഞ്ഞു ദുബായ് പോലീസിന്റെ ചെക്കിങ്  വന്നാൽ പ്രശ്നമാണെന്ന്’, അങ്ങനെ പിന്നെയും പുതിയ പുതിയ  ന്യായമായ ഒഴിവുകഴിവുകൾ പറഞ്ഞുകൊണ്ടേയിലുന്നു. അവസാനം ജോയിസ്സും തന്റെ തീരുമാനം തുറന്നുപറഞ്ഞു, ’ഞാൻ എന്റെ വീട്ടിൽത്തന്നെ താമസിക്കാൻ തീരുമാനിച്ചു, കുറച്ചു ലാഭം മതിയെന്ന് ഞങ്ങളുംവെച്ചു’. എന്തുപറയണമെന്നറിയാതെ ഇളിഭ്യനായി സുഖ്ദീപ് ഫോൺവെച്ചു.

പക്ഷേ എത്രയാലോചിച്ചിട്ടും ലില്ലിക്ക് ഉത്തരംകിട്ടാത്ത ചോദ്യമായി സുഖ്ദീപ് അവശേഷിച്ചു. എന്തിനായിരുന്നു സുഖ്ദീപ് ആ വാചകക്കസർത്ത് നടത്തിയത്? എന്തിനായിരുന്നു ജോയിസ്സിന് വെറുംവാക്ക് നല്കിയത്? ലില്ലി തിരിഞ്ഞും മറിഞ്ഞും കിടന്നു. ജോയിസ്സ് വീണ്ടും ഒരു യന്ത്രം പോലെ അവളെ തട്ടിയുറക്കാൻശ്രമിച്ചു. ദാ വീണ്ടും വിശപ്പ് മാടി വിളിക്കുന്നു. അവൾ ആ വിളി കേട്ടെന്നോണം അടുക്കളയിലേയ്ക്ക് പോയി.