ഇന്നലെ നീ എന്നെ കണ്ടുവോ?
ഒരിക്കലും വേർപിരിയരുതെന്നോർത്തു
കൈകൾ മുറുക്കെക്കോർത്തു നാം
നടന്നു തീർത്ത ദൂരങ്ങളിൽ
ഇന്നലെ ചെറിയൊരു
പ്രതീക്ഷയുടെ വിളക്കും പേറി
ഞാൻ ഒറ്റയ്ക്ക് നടന്നു പോയ്.
മഴ ചാറുന്നുണ്ടായിരുന്നു
ഇലകളും ചുവന്ന പൂക്കളും
പെയ്തുകൊണ്ടേയിരുന്ന മരത്തിൻ ചുവട്ടിൽ
ഇടയ്ക്കിടെ കൈകൾനീട്ടി
മഴത്തുള്ളികൾ തെറിപ്പിച്ചു
മറ്റൊരു യൌവ്വനം.
പ്രണയം പൂത്തുലഞ്ഞു ചിരിക്കുന്നുണ്ടായിരുന്നു.
എന്തിനെന്നറിയാതെ കോളെറക്കാലത്തെ പ്രണയം
എന്ന് ഞാൻ വെറുതെ ഓർത്ത് ചിരിച്ചു പോയ്.
ഇതാണ് ജീവിത രേഖയെന്നു
കാക്കാത്തിയെ കടംകൊണ്ടു
നീയെന്റെ കൈവെള്ളയിൽ വരയ്ക്കുന്ന നേരത്ത്
നാം ഇരുന്നിരുന്ന മുല്ലച്ചുവട്ടിലെ മരബെഞ്ചു
അവിടെ ഒന്നും കാണാനേയില്ല
തളിർ വാകതൻ കുളിർനാമ്പെന്നു
പടു സാഹിത്യം പറഞ്ഞു നാം
ചാഞ്ഞിരുന്ന മരച്ചുവട്ടിൽ
കുറെ കുരുന്നുകൾ മഴയിൽ കുതിര്ന്നു
ഉഴുതുലയുന്നുണ്ടായിരുന്നു.
ഹാ, അല്ലൽ തെല്ലുമെശാത്ത ബാല്യം.
ചരിത്രം കാവൽ നിന്ന കൊട്ടാരക്കെട്ടിലെ
ചുവന്ന പടിയിലും
ഉദ്യാനപാതയിലെ പച്ച മേലാപ്പിനുള്ളിലും
ഗുൽമോഹറിന്റെ തണുത്ത തണലിലും
പിന്നെ, നാം ഒന്നെന്നു മന്ത്രിച്ചു
നടന്നു തീർത്ത വീഥികളൊക്കെയും
ഇന്നലെ ഞാൻ വീണ്ടും പോയി വന്നു.