തിരികെ നടക്കണം
അരങ്ങൊഴിഞ്ഞ വേദി... പൂരപ്പറമ്പിന്റെ ഇങ്ങേക്കോണിൽ ഞാനുണ്ട്, ചൂട്ടുകറ്റ കെട്ടുപ്പോയിരിക്കുന്നു. എങ്കിലും ഇനിയുമേറെ നടക്കണം പാടവരമ്പിലൂടെ. അതിരിലൂടൊഴുകും തോട്ടിൽ കാലൊന്നു മുങ്ങി തണുവിൻ കുളിരുപേറി. കൊന്നകൾ വേലിതീർത്ത ഇടവഴിയിലൂടെ ഇനിയും നടക്കണം. ദൂരെയാകുന്നിൻ ചെരുവിലാണെന്റെ കൂര.
പാടവരമ്പത്ത് എന്തിത്ര ശോകം. കുറുകെ മലർന്നൊരു തവള; വിളറി വെളുത്ത് ? ചീവിട്ടുകൾക്ക് താളം തെറ്റിയോ അതോ ഞാൻ കേട്ടത് മറ്റെന്തോ? പാടം കേറി തോട്ടുവക്കിലെൻ കാലമർത്തവെ കുളിർവറ്റിയ കര. കാൽ പൂഴ്ന്നിരുന്നൊരാമണൽ മറഞ്ഞു പോയോ ? ഇടവഴികളിലെ കൊന്നയും കണ്ടില്ല. മതിലുകളാണ്. അതിരിട്ടു മതിലുകളങ്ങനെ അപ്പുറവും ഇപ്പുറവും തീർത്ത്. അദൃശ്യമായ മതിലുകളേക്കാൾ ദൃശ്യമാണിവയെന്നു മാത്രം! വാതിൽപ്പടിയിൽ കൊടിയുണ്ട് മഞ്ഞയും വെള്ളയും കാവിയും പച്ചയും. പക്ഷെ ഞാൻ നടന്നിരുന്ന വഴിയിലെ കൊന്നപ്പൂമണം മാത്രമില്ല. അതിരു തീർക്കാത്ത പറമ്പും കണ്ടില്ല? വേഗം നടക്കണം കൂമൻ കൂവുന്നതിന് മുൻപേ കുന്നിൻ ചെരിവിലെ കൂരയിലെത്തണം.
വഴി തീരാറായ്. മഴമേഘങ്ങളെ തടഞ്ഞ് മഹാകായകനായ് നിന്ന മലയെവിടെ? ചരുവിലെ എന്റെ കൂരയെവിടെ? അതും നിരത്തപ്പെട്ടൊ? ഇനിയെങ്ങോട്ട്? അറിയില്ല. തിരികെ നടക്കാൻ വഴി മറഞ്ഞു. അരങ്ങൊഴിഞ്ഞ വേദി എന്നെയും കാത്തിരിക്കാൻ ഞാൻ ആരാണ്? ചൂട്ട് ആഞ്ഞൊന്നു വീശി. ചിതറിയ തീപ്പൊരി വെളിച്ചത്തിൽ അവ്യക്തമാണെങ്കിലും കാണാം തേന്മാവ് ഉണങ്ങിപ്പോയിരിക്കുന്നു! എങ്കിലും പണ്ട് കെട്ടിയ കുടുക്കുണ്ട്. പൂരപ്പറമ്പിലാരോ പറയുന്ന കേട്ടു. സന്ധ്യയായ്, ആ വഴി പോകെണ്ടാ... പണ്ട് ആ പാടത്ത് പണിയെടുത്തവനാരോ സ്വയം പിടഞ്ഞ് പോയ പാഴ്ന്നിലമാണത്രെ.
കൂമൻ കൂവുന്നുണ്ട് തിരിച്ച് പോകണം.... ഞാൻ നടന്ന വഴികൾ മറഞ്ഞ് പോയിരിക്കുന്നു.... അരങ്ങൊഴിഞ്ഞ വേദിയിൽ വേഷം ആടിത്തീർത്തതാണ്. ചൂട്ടുകറ്റയിലെ ഇത്തിരി വെട്ടവും മങ്ങി.... നെഞ്ചിലെരിയുന്ന നെരിപ്പൊടുണ്ട് ഇനി തിരിച്ച് നടക്കണം.....