ഇന്നലെക്കണ്ടൊരാൾ
ഇങ്ങനെ ഞാനൊരാളെ കണ്ടു.
ആഴങ്ങളിൽ ആത്മാവ് വേർപെട്ടവരുടെ,
മീനുകൾതിന്നു ബാക്കിവച്ചുപോയ
ശരീരങ്ങൾ
മുങ്ങിയെടുക്കൊന്നൊരാളെ.
പാതാളത്താഴ്ച്ചകളിൽ,
കിടങ്ങുകളിൽ,
കയങ്ങളിൽ,
ചെളികെട്ടിയ താമരക്കുളങ്ങളിൽ...
ചതുപ്പിന്റെ കറുത്തുതണുത്ത
ചതിയിടങ്ങളിൽ
പതുങ്ങിയുലയുന്ന
പാവം ശരീരങ്ങളെ
ശ്വാസം നെഞ്ചിൽക്കുടുക്കിയിട്ട്,
മുങ്ങാംകുഴിയിട്ടു
തേടുന്നൊരാളെ.
'ദൈവ കൽപനയാടാ
അതൊന്നു മാത്രാടാ...'
'പേടി?'
'പേടിയൊന്നുമില്ലടാ,
പമ്മി പുറകീന്ന് പണിതരാൻ
അതെന്റെ കൂട്ടുകാരനല്ല.
എന്റെ ചോരയുമല്ല.
പകയും വെറുപ്പുമെല്ലാം
അലിഞ്ഞുപോയ,
പാവം.
വെറുമൊരു ശവം.'