പണയം
പൊളിഞ്ഞുവീണ ഓട്ടുകമ്പനിയുടെ ഗേറ്റിനു മുന്നിൽ അയാൾ കാത്തു നിന്നു.
*****
തെളിഞ്ഞ ആകാശത്തിനു കീഴേ പേരാലിൻ ചുവട്ടിൽ ആ പഴഞ്ചൻ ബസ്സ്‌റ്റോപ്പിൽ അവൾ ഇറങ്ങുബോൾ സമയം ഉച്ചകഴിഞ്ഞിരുന്നു. ചുറ്റും കണ്ണോടിച്ചു ഫുട്പാത്തിലൂടെ അവൾ നടന്നു. ചുവപ്പിൽ വെളുത്ത അക്ഷരങ്ങൾ പാകിയ ബോർഡിൽ നോട്ടം ഉറച്ചു. അകത്ത് ആളൊഴിഞ്ഞ കവുണ്ടറിനടുത്തെക്ക് അവൾ നടന്നു. ബാഗിനുള്ളിൽ നിന്നെടുത്ത റോസ്കടലാസ്പൊതി തുറന്ന് മാല വിടവിനുള്ളിലൂടെ അകത്തെക്കു കൊടുത്തു. ഇലക്ട്രോണിക് ത്രാസിൽ തെളിഞ്ഞ അക്ഷരങ്ങളിൽ നോക്കിനില്‍ക്കുന്ന അവളുടെ കഴുത്ത് ശൂന്യമായിരുന്നു.
കിട്ടിയ പണം ബാഗിൽതിരുകി അവൾ പുറത്തേക്കു നടന്നു. ശീതികരിച്ച ജ്വലറികളും സ്വർണകടകളും ഹോട്ടെലുകളും താണ്ടി അവൾ മുക്കുപണ്ടങ്ങൾ വില്‍ക്കുന്ന കടക്കുമുന്നിലെത്തി. മുന്‍പിൽ നിരത്തിയ ആഭരണങ്ങൾക്കിടയിൽനിന്നും ഒന്നു തിരഞ്ഞുപിടിച്ച് കഴുത്തിലണിഞ്ഞു.
ചുവന്ന ഇഷ്ടികകൾ പാകിയ ഇടവഴിയിൽ വച്ച് അകലെനില്ക്കുന്ന അയാളെ അവൾ കണ്ടു. അയാൾ നോക്കി. അവരുടെ കണ്ണുകൾ ഉടക്കി. അയാൾ അവള്‍ക്കു നേരേ നടന്നു അവൾ നെറ്റിയിലെ വിയര്പ്പുതുള്ളികൾ തൂവാലകൊണ്ട് ഒപ്പി. അയാളുടെ കൈകൾ അവള്‍ക്കു നേരേ നിണ്ടു.
നീറുന്ന കഴുത്ത് വിരലുകൾകൊണ്ടു തടവി നിറഞ്ഞൊഴുകുന്ന കണ്ണുകളോടെ തന്‍റെ മാലയുമായി ഓടി മറയുന്ന അയാളെ നോക്കി അവൾ ഉറക്കെ വിളിച്ചു., കള്ളൻ... കള്ളൻ…