Kadhajalakam is a window to the world of fictional writings by a collective of writers

അറബിപ്പൊന്ന്

അറബിപ്പൊന്ന്

കരിമ്പനകളുടെ നാട്ടിൽനിന്നും അറബിപൊന്നും മോഹിച്ച് മണൽവഴികളിൽ എത്തിയതാണ് ഞാൻ. ഇതിനു മുൻപും അറബിപൊന്നു കൊയ്യാനുള്ള മോഹവുമായി കുറേ പേര്‍ ഈ വഴിയിലൂടെ കടന്നുപോയിട്ടുണ്ട്‌. അതിലൊരാളാണ് റാവുത്തർ. ചെറുപ്പത്തിൽ ഏന്‍റെ ഗൾഫുമോഹങ്ങൾക്ക് അത്തറിന്റെ സുഗന്ധം പരത്തിയത് റാവുത്തറാണ്. രണ്ടുവർഷം കൂടുമ്പോൾ ആറുമാസത്തെ ലീവിൽ നാട്ടിലെത്തി, ഫോറിൻ കുർത്തയും, കൂളിംഗ്ഗ്ലാസ്സും ധരിച്ചു നടവഴികളിൽ പെർഫ്യുമിന്റെ സുഗന്ധം പരത്താറുള്ള പത്രാസുകാരൻ. ഇറുകിപിടിച്ച കുർത്തക്കു വെളിയില്‍ വരാൻ കൊതിക്കും വണ്ണം വീർത്ത വട്ടിവയർ, നാല്പതുകൾ പിന്നിട്ട അയാൾക്ക്‌ ഒരു അരങ്ങാണ്.

നാട്ടിലെത്തിയാൽപിന്നെ തിരിച്ചുപോകുന്നവരേയ്ക്കും എന്നും വായനശാലയുടെ മുന്നിലെ കല്പടവിൽ കാണാറുള്ള വായ്നോക്കികളിൽ പ്രധാനി റാവുത്തറാണ്. ഗൾഫുവിശേഷങ്ങൾ പറയുന്നതിനിടക്ക് തന്റെ കൈയ്യില്‍ കിടക്കുന്ന സ്വർണ്ണബ്രസിലേറ്റ് ഇടക്കിടെ കൈതണ്ടക്കു മുകളിലേക്ക് ഉരുട്ടിക്കയറ്റികൊണ്ടിരിക്കും. ഇടക്കിടക്ക് കൂളിംഗ് ഗ്ലാസ്സ് എടുത്ത് തന്നെ എല്ലാവരും ശ്രദ്ധിക്കുന്നില്ലേ എന്നും നോക്കാറുണ്ട്.

ഹൈസ്കൂൾ എത്തിയതുമുതല്‍ റാവുത്തര്‍ തന്ന അത്തറും പൂശിയാണ് ഞാന്‍ സ്കൂളില്‍ പോകാറുള്ളത്. കഴിഞ്ഞ ലീവിന് വരുമ്പോള്‍ അയാൾ കൊണ്ടുതന്ന അത്തര്‍ തീരാറായപ്പോൾ ഞാന്‍ അയാളുടെ ഭാര്യ മറിയതാത്തയോട് തിരക്കി, "താത്താ ഇക്ക ഇനി എപ്പഴാ വരാ"..

"അടുത്തമാസം വരണുണ്ട്.. ന്‍റെ മോന് ന്താ ബേണ്ടെ??? ഇത്ത കൊണ്ടരാന്‍ പറയാം ...

'ന്‍റെ അമ്മേ അടുത്ത മാസോ!!!! എന്റെ മുഖത്ത് സന്തോഷവും ചെറിയൊരു പേടിയും നിഴലിച്ചു.

"ന്താണ് ജ്ജ് പേടിച്ചോ?? പേടിക്കണ്ട ഇക്ക അതൊക്കെ മറന്നക്കണ്"

നാലാംക്ലാസ്സിൽ തോറ്റ എന്നെ കളിയാക്കിയ റാവുത്തറെ തിന്നുതീരാറായ പച്ചമാങ്ങവച്ച് മുഖത്തേക്കെറിഞ്ഞതും, കൂളിംഗ്ഗ്ലാസ്സ് പൊട്ടി നാലുകഷ്ണമായി താഴെ വീണതും, അയാളുടെ വായില്‍നിന്നും അള്ളോ!! എന്നു നിലവിളികേട്ടതും ഇന്നലെകഴിഞ്ഞപോലെ തോനുന്നു. ഇത്ര പെട്ടെന്ന് മറക്കാനോ? പിന്നീട് അയാൾ ലീവ് കഴിഞ്ഞുപോവോളം ആളുടെ കണ്ണിൽപെടാതെ കഴിച്ചുകൂട്ടിയത് എങ്ങനെയെന്ന് എനിക്ക് മാത്രേ അറിയൂ. മറന്നെങ്കില്‍ നന്നായി.

 'ന്‍റെ പെര്‍ഫ്യൂമു തീർന്നു. പിന്നെ ഒരു പച്ചകുർത്തയും, കൂളിന്‍ഗ്ലാസ്സും വേണം.. ഉള്ളിലൊരു ചെറുചിരിയോടെ ഞാന്‍ ഇത്തയെ അറിയിച്ചു.

'പച്ചകുർത്തയും കൂളിന്‍ഗ്ലാസും' സ്കൂള്‍തുറന്ന ആദ്യദിവസം ചെത്തിനടക്കാം എന്നുപ്ലാൻ ചെയ്തു ദിവസങ്ങള്‍ തള്ളിനീക്കി.

രാവുത്തരുടെ വീട്ടുമുറ്റത്തു നിന്നും സുലൈമാന്റെ അംബാസിടർ കാറിന്റെ കരച്ചില്‍ കേട്ടാണ് അന്നു ഞാൻ ഉണർന്നത്. തുറന്നിട്ട ജനാലയിലൂടെ ഞാൻ അവരുടെ വീട്ടുമുറ്റത്തേക്ക് നോക്കി. വെള്ളകുർത്തയിട്ട റാവുത്തർ കാറില്‍നിന്നും വലതുകാല്‍ വച്ചു പുറത്തേക്കിറങ്ങി.

അയാളുടെ മുഖത്തേക്ക് ഞാന്‍ സൂക്ഷിച്ചുനോക്കി. ഇല്ല കൂളിംഗ്ഗ്ലാസ് കാണാനില്ല. അപ്പൊ ഞാൻ എറിഞ്ഞുടച്ച ആ ഗ്ലാസ്സിനു ശേഷം പുള്ളി കൂളിംഗ്ഗ് ഗ്ളാസ് മേടിച്ചിട്ടില്ലേ?

പുകതുപ്പികൊണ്ടിരിക്കുന്ന സുലൈമാന്റെ കാറ് നോക്കി മൂക്കുപൊത്തികൊണ്ടു റാവുത്തർ ചോദിച്ചു,

"എന്തൊരു നാറ്റാ ഇത് ? ഇയീ വണ്ടി നീം മാറ്റീലേ ഹംക്കെ???!!! നിങ്ങള്‍ വിടണ ഗ്യാസിന്റെ മണത്തിനെക്കാളും ഭേദാ എന്നമട്ടില്‍ സുലൈമാന്‍ ചിരിച്ചുകൊണ്ടു ഇല്ലെന്നു തലയാട്ടി.

" ആ ഇന്ന് നേരത്തെ എണീച്ചൂലോ" എന്ന അമ്മയുടെ ചോദ്യത്തിനു മറുപടിപറയാതെ ഞാന്‍ ടാങ്കിലെ വെള്ളത്തില്‍ കൈയ്യിട്ടലുമ്പി പല്ലുതേച്ചെന്നുവരുത്തി റാവുത്തറുടെ വീട്ടിലേക്കോടി.

"എത്തിലോ നാലാംക്ലാസില്‍തോറ്റ തെമ്മാടി". എറിയാനോ തല്ലാനോ പാകത്തിൽ എന്റെ കൈയ്യിൽ ഒന്നുമില്ലെന്നു ഉറപ്പുവരുത്തിയ റാവുത്തർ ഹാസ്യരൂപത്തിൽ ചോദിച്ചു. കിട്ടാൻപോകുന്ന കുർത്തയുടെയും, കൂളിംഗ്ഗ്ലാസ്സിന്റെയും കാര്യമോർത്തപ്പോൾ അയാൾ പറഞ്ഞത് ഞാൻ കേട്ടതായി ഭാവിച്ചില്ല.

"ങ്ങള് ഞാൻ പറഞ്ഞ കുർത്തെം ഗ്ലാസും കൊണ്ടുവന്നീക്കണോ? ഓൻ അത് വാങ്ങാനാ വന്നേക്കണേ". മറിയ താത്തയുടെ ആ ചോദ്യത്തിനു ഒരുകൂസലുമില്ലാതെ അയാൾ പറഞ്ഞു. "ഇല്ല പച്ചകുര്‍ത്തെം തേടി ഞാൻ ദുബൈയില്‍ കയറി ഇറങ്ങാത്ത തുണിക്കടയില്ല". "അപ്പൊ കൂളിഗ്ഗ്ലാസ്സോ?". ഉടനെതന്നെയുള്ള താത്തയുടെ ചോദ്യം കേട്ടപ്പോൾ ഞാൻ വീഴാൻകൊതിച്ച കണ്ണുനീർ തുള്ളികളെ കണ്‍തടത്തിൾ തടഞ്ഞുനിർത്തി. "ഓനെന്തിനാ കൂളിംഗ്ഗ്ലാസ്സ്? ഓൻ ഞമ്മടെ ഗ്ലാസ്സ് എറിഞ്ഞുടച്ചോനല്ലേ?" ആഗ്രഹിച്ചതൊന്നും  കിട്ടാഞ്ഞിട്ടാണോ അതോ ഞാൻ മറന്നെന്നു വിചാരിച്ചതു റാവുത്തർ മറന്നിട്ടില്ലെന്നു അറിഞ്ഞിട്ടാണോ എന്നറിയില്ല വീഴാൻ കൊതിച്ച കണ്ണുനീർതുള്ളികള്‍ മണിമണിയായി പൊഴിഞ്ഞു. ഞാൻ തേങ്ങികരഞ്ഞു.

അത് റാവുത്തർ പ്രതീക്ഷിച്ചിരുന്നില്ല. കുർത്തയുടെ തലപ്പുകൊണ്ടു എന്റെ കണ്ണുനീർ തുടച്ച് തന്റെ വട്ടിവയറിനോടു ചേർത്തു മടിയിലിരുത്തികൊണ്ടു പറഞ്ഞു  "എന്ത് കരച്ചിലാ ഇത്? ആണ്ക്കുട്ട്യോള് കരയെ!! യ്യ് വല്യകുട്ട്യായില്ലേ?? ആണ്‍കുട്ടികള്‍ കരയാൻ പാടില്ലാത്രേ!!!  "ശരി കുര്‍തേം ഗ്ലാസ്സും അടുത്തപ്രാവശ്യം കൊണ്ടുവന്നാമതി." വലിയ കുട്ടിയായെന്ന അയാളുടെ പരിഗണനയിൾ ഞാൻ അഭിമാനംകൊണ്ടു കൊണ്ടുപറഞ്ഞു.

"ഹ ഹ ഹാ.... ഹ ഹ ഹാ...അടുത്ത പ്രാവശ്യോ?..." റാവുത്തർ ഉറക്കെ ചിരിച്ചു.ഉറക്കെ ഉറക്കെ ചിരിക്കുന്നതിനിടയിൽ അയാളുടെ കണ്ണിൾ നിന്നും പൊടിഞ്ഞ ഒരുതുള്ളി കണ്ണുനീർ എന്റെ മുഖത്തുതട്ടി ചിതറിയൊടുങ്ങി. "ഞമ്മലിനി പോണില്ല." റാവുത്തർ ഫുള്‍സ്റ്റോപ്പിട്ടു. ഒരുനിമിഷനേരത്തെ നിശബ്ദതയിൽ മറിയ താത്തയുടെ കൈയ്യിലെ കുപ്പിഗ്ലാസ്സ് നിലത്തുവീണുടഞ്ഞു.

'നിക്കും പോണം ദുബായിക്ക്.'  രാവുത്തരെ നോക്കികൊണ്ട് ഞാൻ പറഞ്ഞു. "എന്തിനാ ഇപ്പൊ ഇയ്യ് ദുബായീ  പോണെ?" അയാൾ തികഞ്ഞ നിഷ്കളങ്കതയോടെ എന്നെ നോക്കി. 'അറബിപ്പോന്നു കൊയ്യാൻ', ഞാന്‍ പറഞ്ഞു.

"അവിടുത്തെ പൊന്നൊക്കെ കഴിഞ്ഞിരിക്കുന്നു... യ്യെവിടേക്കും പോണ്ട.... ദുഷ്ടന്‍ ഞാൻ പണക്കാരനാവുന്നതിലുള്ള അസൂയകൊണ്ടാവും അങ്ങനെ പറഞ്ഞത് എന്ന ഭാവത്തില്‍ അയാളെ നോക്കിയ എന്നോട്, പോക്കറ്റില്‍ നിന്നും ഒരു ദിർഹത്തിന്റെ കോയിനെടുത്ത് കൈവെള്ളയില്‍ വച്ചുകൊണ്ടു എന്നോട് പറഞ്ഞു ഇതാ ഇതാണ് അവസാനത്തെ പൊന്ന്. അറബിപൊന്ന്!!! അത് എന്റെ മുന്നിലേക്ക്‌ നീട്ടികൊണ്ട് അയാൾ പറഞ്ഞു. "യ്യ് ഇത് വച്ചോ". ഇല്ല വീണ്ടും രാവുത്തറെന്നെ പറ്റിക്കാന്‍ നോക്കാ, പൊന്ന് കണ്ടാൽ തിരിച്ചറിയണ പ്രായമൊക്കെ എനിക്കായി  ഞാൻ മനസ്സിൽ പറഞ്ഞു.

'അപ്പൊ ങ്ങടെ ഇതുവരത്തെ സമ്പാദ്യോ? പ്രായത്തിനൊക്കാത്ത എന്റെ ചോദ്യം കേട്ട് വീണ്ടും റാവുത്തർ ചിരിച്ചു. ആ ചിരിക്കിടയിലും പൊഴിഞ്ഞു ഒരുതുള്ളി കണ്ണുനീർ.

"സമ്പാദ്യോക്കെ ഞാന്‍ പിന്നെ പറഞ്ഞുതരാം.. ഞമ്മളൊന്നു കുളിക്കട്ടെ.'

മറിയ താത്ത പൊതിഞ്ഞുതന്ന ചോക്ലേറ്റും എടുത്തുകൊണ്ടു ഞാൻ വീട്ടിലേക്കോടി. പിന്നീടെപ്പൊഴോ വീട്ടിലെത്തിയ മറിയ താത്ത അമ്മയോടായി പറയുന്നത്ത്‌ ഞാന്‍ കേട്ടു.

"ങ്ങളറിഞ്ഞോ ? ഓരിനി പോണില്ലാത്രേ!!!"  'ഉം ഇത്രേം കാലം കഷ്ടപെട്ടു സമ്പാദിച്ചില്ലേ ഇനി കുറച്ചു റെസ്റ്റെടുക്കട്ടെ' ...റാവുത്തരുടെ തീരുമാനത്തെ ന്യായീകരിച്ചുകൊണ്ടു അമ്മയുടെ മറുപടി.

"സമ്പാദ്യോ എന്ത് സമ്പാദ്യം? മൂന്നുപെങ്കുട്ടികള്‍ടെ നിക്കാഹ് നടത്തിനുള്ളത് നേരാ.. മൂക്കറ്റം കടത്തിലാ ഞമ്മള്." ഇപ്പൊ ഓര്‍ക്ക് ഇല്ലാത്ത അസുഖങ്ങളില്ല ഷുഗര്‍ , പ്രഷറു , ഗ്യാസ്, അള്‍സര്‍. മറിയ താത്ത വിരലുമടക്കി എണ്ണിതുടങ്ങി. കൈയ്യിൽ വിരലുകൾ പോരാതെ വരുമെന്നു തോന്നി എനിക്ക്.

ഇന്ന് പതിനഞ്ചുവർഷങ്ങൾക്കിപ്പുറം ഞാൻ മനസ്സിലാക്കി അയാളുടെ സമ്പാദ്യം, മറിയതാത്ത വിരലുമടക്കി പറഞ്ഞ ആ സമ്പാദ്യങ്ങള്‍... ഇതു തന്നെയായിരിക്കും റാവുത്തർ പിന്നെ പറയാം എന്നു പറഞ്ഞു നിർത്തിയതും. റാവുത്തരെകുറിച്ചോർക്കുമ്പോൾ ഇന്നും കണ്‍തടത്തില്‍ ഒരു തുള്ളി കണ്ണുനീർ പൊടിയാറുണ്ട്. എറിഞ്ഞുടച്ച ആ കൂളിന്‍ഗ്ലാസ്സിനെ കുറിച്ചോർത്തോ, ഉള്ളം കൈയിൽ വച്ചുതന്ന ആ അറബിപോന്നിനെകുറിച്ചോർത്തോ ആവാം....

തിരിച്ചു വരരുത്, ഇനിയൊരിക്കലും!

തിരിച്ചു വരരുത്, ഇനിയൊരിക്കലും!

പണയം

പണയം