Kadhajalakam is a window to the world of fictional writings by a collective of writers

അറബിപ്പൊന്ന്

അറബിപ്പൊന്ന്

ജീവിതത്തിൽ ആദ്യമായിട്ടാണ് ഒരു സീക്രെട്ട് എജെന്റിനെ കാണുന്നത്, സംസാരിക്കുന്നത്, ഒന്ന് തൊടുന്നത്. അതും സൗദി അറേബ്യയില്‍ വച്ച്. പാലസിലെ ഒരു ടെലിഫോണ്‍ ലൈന്‍ ക്ലിയര്‍ ചെയ്യുമ്പോള്‍ ആണ് ഓഫീസില്‍ നിന്നും വിളി.

"താല്‍ മഖതബ് സുറ സുറ".

ഓഫീസിലേക്ക് ചെല്ലാന്‍ , അതും പെട്ടെന്ന്. ഓഫീസില്‍ ചെന്നപ്പോള്‍ പ്രൊജക്റ്റ്‌ മാനേജറിനെ കാണാന്‍ പറഞ്ഞു. അവിടെ മാനേജറിന്റെ മുറിയില്‍ മറ്റു രണ്ടു പേര്‍ കൂടിയുണ്ട്.

  "കം സജിത്ത്,  ദീസ് ഗയ്സ് നീഡ് ടു ടോക്ക് ടു യു".

കറുത്ത കണ്ണട വെച്ച രണ്ടു പേര്‍, ഒരാള്‍ പാന്റും ഷര്‍ട്ടും മറ്റേയാള്‍ തോപ്പും ആണ് വേഷം. അവര്‍ എനിക്ക് ഷെയ്ക്ക് ഹാന്‍ഡ്‌ തന്നു. പിന്നെ എന്നെയും വിളിച്ച് ഓഫീസിന്‍റെ പുറത്തു വന്നു പറഞ്ഞു, അവര്‍ സിക്രെട്ട് എജെന്റ്റ് ആണെന്നും ഹുസൈനെ പറ്റി ചോദിയ്ക്കാന്‍ വന്നതാണെന്നും. അവരുടെ ചോദ്യത്തിന് ഞാന്‍ സത്യസന്ധമായിട്ടു മറുപടി പറഞ്ഞു. കാരണം എനിക്ക് അറിയാവുന്നിടത്തോളം അവന്‍ തെറ്റുകാരന്‍ അല്ല.

ഞാന്‍ സൗദിയില്‍ എത്തിയ നാള്‍ തൊട്ടു ഹുസൈനെ അറിയാം. ശ്രിലങ്കയിലെ കട്ടാങ്കുടിയാണ് അവന്റെ നാട്. ആളു തമിഴ്വംശജന്‍ ആണെങ്കിലും പച്ചവെള്ളം പോലെ മലയാളം പറയും. ഹുസൈന്‍ സൗദിയില്‍ എത്തിയിട്ട് നാല് വര്‍ഷമായി. ജിദ്ദയില്‍ ഉള്ള ഒരു കൊട്ടാരത്തിലെ അടുക്കള ജോലിക്കാരന്‍ ആണ്. വലിയ ഗുണം ഒന്നുമില്ല. അഞ്ഞൂറ് റിയാലും കഴിക്കാന്‍ ആഹാരവും കിട്ടും.

ഞാന്‍ ആ കൊട്ടാരത്തിലെ ഇലക്ട്രോണിക്സ് വിഭാഗത്തിലാണ് ജോലി ചെയ്തിരുന്നത്. അവന്‍ ഉള്ളത് കാരണം എനിക്കും അവിടുന്ന് ആഹാരം ഫ്രീ ആയിട്ട് കിട്ടിരുന്നു. ടെലിഫോണ്‍ ഡിപാര്‍ട്ട്‌മെന്‍റ് എന്‍റെ കൈയ്യില്‍ ആയത് കൊണ്ട്, ചില വെള്ളിയാഴ്ചകളില്‍ നാട്ടിലോട്ട് വിളിക്കാന്‍ ഞാന്‍ അവനു ലൈന്‍ ഓപ്പണ്‍ ചെയ്തു കൊടുക്കും.

ഒരു വ്യാഴാഴ്ച രാവിലെ അവന്‍ വന്നു പറഞ്ഞു.

"മച്ചാ ഒരു നൂര്റിയാല്‍ കൊട്. ജുമാ കാലെലെ തിരുമ്പി തരാം"

ഞാന്‍ പൈസ കൊടുത്തിട്ട് ചോദിച്ചു:"എന്ത് പറ്റി,നല്ല കോള് വല്ലതും കിട്ടിയോ?"

"തെരിയില്ല. പോയീ താന്‍ പാക്കണം. നമ്മ ഊരിലെ ഒരു പൊമ്പിള്ള ഇരിക്ക് ഇങ്കെ ഷറഫിയായില്. അവളുടെ കഫീല്‍ വന്ത് റിയാദില്‍ ഉണ്ട്. ഓടി പോയി വന്തിരിക്ക്‌... അവരെ പാക്കാന്‍ പോണം."

"അവര് ഷറഫിയായില്‍ എന്ത് ചെയ്യുന്നു? നിനക്ക് പണിയായോ?"

"ചെയ് അപ്പടിയോന്നുമില്ല മച്ചാ. അവരിങ്കെ പെരിയ പെരിയ അമീര്‍ ബെയ്തില്‍ ഗധാമവേല ചെയ്യും. യദാവത് പെരിയ വേലയിരുന്നാല്‍ അവര്‍ കൂപ്പിടും, പോയി സെയ്താല്‍ നല്ല സല്ലി കെടക്കും."

അവനിത് ഇടയ്ക്കു പതിവുള്ളതാണ്. പാര്‍ട്ട് ടൈം ജോലി. ഇവിടെ കൊട്ടാരത്തിലെ ഡ്രൈവര്‍മാര്‍ അവനെ കൊണ്ട് പോയീ വീടു കഴികിക്കും. പിന്നെ നല്ല പൈസയും കൊടുക്കും. അവന്‍ പൈസ എല്ലാം ശ്രിലങ്കയിലെ ഏതോ ഒരു ബാങ്കില്‍ ആണിട്ടിരിക്കുനത്. വീട്ടില്‍ കൊടുക്കില്ല.

അവന്‍റെ ബാപ്പ മരിച്ചപ്പോള്‍ ഉമ്മ വേറെ കല്യാണം കഴിച്ചു. അതില്‍ രണ്ടു കുട്ടികള്‍ ഉണ്ട്. ഹൈസ്കൂള്‍ കഴിഞ്ഞപ്പോള്‍ അവന്റെരണ്ടാം ബാപ്പ തന്നെ ആണ് ഹൗസ് കീപിംഗ് എന്നും പറഞ്ഞ്ഈ കമ്പനിയിലേക്ക് കയറ്റി വിട്ടത്. പിന്നീടാണ് അവനു മനസിലായത് ഹൗസ് കീപിംഗ് എന്ന് പറഞ്ഞാല്‍ തൂപ്പും തുടപ്പും ആണെന്ന്. അവനു ഇലക്ട്രോണിക്സില്‍ വലിയ താത്പര്യം ആയിരുന്നു. പ്രത്യേകിച്ച് ടിവി റിപയറിങ്ങില്‍.. ഞാന്‍ ടിവി റിപയര്‍ ചെയ്യുമ്പോള്‍ അവന്‍ വന്നു ചോദിക്കും:

"മച്ചാ, ഈ പിക്ചര്‍ ട്യൂബ് ഉള്ളെ നഹം വച്ച് അനുപ്പിയാല്‍ യാരും പിടിക്കമാട്ടെ, സറിതാനേ?"

"അതു നിന്‍റെ ടൈം പോലെ ഇരിക്കും ഡാ."

അടുത്ത ദിവസം വെള്ളിയാഴ്ച. അവന്‍ പൈസ തിരിച്ചു തന്നു. അഞ്ഞൂറ് റിയാല്‍ അധികവും തന്നു, അവന്റെ കൈയില്‍ ഇരുന്നാല്‍ ചിലവായി പോകും. പിന്നെ മേടിച്ചോളാം എന്ന് പറഞ്ഞു. ഞാന്‍ ചോദിച്ചു;

"എന്താരുന്നു അവിടെ ജോലി കാശ് കിട്ടുമെങ്കില്‍ ഞാനും വന്നേനെയെല്ലോ?"

"ചെയ്, നിനക്ക് പറ്റിയ പണിയല്ല അങ്കെ. പെരിയ പാര്‍ട്ടിയെന്നാല്‍ പെരിയ പാര്‍ട്ടി. ആടും കോഴിയും എല്ലാം ഇരിക്ക്. സാഹന്‍ എല്ലാം ക്ലീന്‍ പണ്ണണം. രാത്രി ഫുള്ളാവേല. അതും ഒരു പെരിയ ഗസല്‍ താന്‍.. അങ്കെ ഒരു ശ്രിലങ്കി ഡ്രൈവര്‍ ഇരിക്ക്. അവന്‍ കൊഞ്ചം ഹെല്‍പ്‌ ചെയ്തു, അതിനാല്‍ സുറ സുറ വേല എല്ലാം മുടിഞ്ഞു. അവന്റെ നമ്പര്‍ ഇരിക്ക്, ഇപ്പടി പാര്‍ട്ടി ഇരുന്നാല്‍ കണ്ടിപ്പാ വിളിക്കാം എന്ന് പറഞ്ഞു."

അങ്ങനെ ഒരാഴ്ച കഴിഞ്ഞു അവന്‍ വീണ്ടും വിളിച്ചു. ഇത്തവണ കുറച്ചു പ്രധാനപെട്ട കാര്യമാണ്. ഡ്യൂട്ടി കഴിയുമ്പോള്‍ ഒന്ന് കാണണം എന്ന് പറഞ്ഞു. വൈകിട്ട് കണ്ടപ്പോള്‍ കാര്യം അവന്‍ വിശദമായി പറഞ്ഞു.

റിയാദില്‍ ഉള്ള കഫീലിന്റെ അടുത്ത് നിന്ന് ഒളിച്ചോടി വന്നത് അവന്റെ അകന്ന ബന്ധത്തിലുള്ള ഒരു പെണ്ണാണ്. ഇവിടെ ജിദ്ദയില്‍ വലിയ വീടുകളില്‍ ജോലി ചെയ്തു ജീവിക്കുന്നു. ജോലി ചെയ്യുന്ന വീട്ടില്‍ വല്ല പാര്‍ട്ടിയോ മറ്റോ ഉണ്ടെകില്‍ പുറത്തു നിന്നും ആളെ വിളിക്കാന്‍ അവളുടെ മുദീര്‍ പറയും. അങ്ങനെ ആണ് നമ്മുടെ ഹുസൈനെ വിളിക്കുന്നത്‌...

ഇന്നലെ അവള്‍ ഹുസൈനെ വിളിച്ചിട്ട് പറഞ്ഞു, അവളുടെ കൈയില്‍ കുറച്ചു സ്വര്‍ണ്ണവും പണവും ഉണ്ട്, അത് നാട്ടില്‍ എത്തിക്കണം എന്ന്. ഇത്രയും നാള്‍ ജോലി ചെയ്തു ഉണ്ടാക്കിയതാണ്. അവളുടെ ആകെയുള്ള സമ്പാദ്യം. അവളുടെ പാസ്പോര്‍ട്ട് കഫീലിന്റെ കൈയില്‍ ആയത് കൊണ്ട് പുറത്തിറങ്ങി പൈസ അയക്കാന്‍ പറ്റില്ല. ഇനി ഇപ്പോള്‍ നാട്ടില്‍ പോണമെങ്കില്‍ അത് പോലീസിനു പിടികൊടുത്തിട്ടു വേണം. അപ്പോള്‍ സ്വര്‍ണ്ണവും പണവും കൊണ്ടുപോകാന്‍ പറ്റില്ല. അത് കൊണ്ട് അത് ഹുസൈനെ ഏല്പിച്ചു. അവനു ചെറിയ കമ്മിഷന്‍ കൊടുക്കാം എന്നും പറഞ്ഞു. നാല് വര്‍ഷമായിട്ടു നാട് കണ്ടിടിലാത്ത അവനു നാട്ടില്‍ പോകാന്‍ ഒരു വഴിയും അയീ.

കാര്യം എല്ലാം കേട്ട് കഴിഞ്ഞു ഞാന്‍ ചോദിച്ചു:"ശരി, അപ്പോള്‍ ഞാന്‍ എന്ത് സഹായമാണ് ചെയ്യേണ്ടത്?"

"കൊഞ്ചം നഹം ഇരിക്ക് പിന്നെ കൊഞ്ചം സല്ലിയിരിക്കു , അത് ഒരു വാരം ഉങ്കള്‍താ വെക്കണം."

"പൈസ ഞാന്‍ സൂക്ഷിക്കാം.എനിക്ക് ഇവിടെ സാലറി അക്കൗണ്ട്‌ ഉണ്ട് അതില്‍ ഇട്ടോളാം. പക്ഷെ സ്വര്‍ണ്ണം പറ്റത്തില്ല. എനിക്ക് റൂമില്‍ അലമാരിയില്ല. പിന്നെ എന്റെ ബാഗും അത്ര സുരക്ഷിതമല്ല. ആരെങ്കിലും പോക്കികൊണ്ട് പോയാല്‍ പണി കഴിഞ്ഞില്ലേ. റൂമിലാണേ പരിചയമില്ലാത്ത പല നാട്ടുകാരും"

അവന്റെ ലേബര്‍ വിസ ആയതുകൊണ്ട് അധികം പൈസ നാട്ടില്‍ അയക്കാന്‍ പറ്റില്ല. അതുകൊണ്ട് കുറച്ചു പൈസ അവന്‍ പറഞ്ഞ അക്കൗണ്ട്‌ നമ്പറില്‍ ഞാന്‍ അവന്‍റെ നാട്ടിലേക്കു അയച്ചു. സ്വര്‍ണ്ണം അവന്‍ ബീഹാറുകാരന്‍ ഒരു യാദവിനെ ഏല്പിച്ചു. യാദവ് ഇവിടെ പ്ലംബര്‍ ആണ്.

അടുത്ത ദിവസം ഉച്ചക്ക് ഊണ് കഴിക്കാന്‍ ചെന്നപ്പോള്‍ അവന്‍ പറഞ്ഞു അവനു ഒരു ഫാക്സ് അയക്കാന്‍ ഉള്ള ഫോര്‍മാറ്റ്‌ എഴുതി കൊടുക്കാന്‍. അവന്‍ ലീവനു അപേക്ഷിച്ചപ്പോള്‍ റമദാന്‍ കഴിഞ്ഞിട്ടെ കൊടുക്കാൻ കഴിയൂഎന്നവന്റെഇന്‍ചാര്‍ജ് പറഞ്ഞത്രെ. അതിനാൽ നാട്ടില്‍ നിന്നും ഉമ്മക്ക് വയ്യ എന്നും പറഞ്ഞ് എമര്‍ജന്‍സി ലീവിന് അപേക്ഷിക്കാനാണ്. ഞാന്‍ എഴുതി കൊടുത്തു.

അന്ന് വൈകിട്ട് അവന്‍ ചെറിയ ഷോപ്പിംഗ്‌ ഒക്കെ നടത്തി. അവന്റെ ശമ്പളം വച്ച് നോക്കുണെങ്കില്‍ അത് ഒരു വലിയ ഷോപ്പിംഗ്‌ എന്ന് വേണം പറയാൻ. ടിവി, ഡിവിഡി പ്ലയർ, ടാങ്ക്, നിഡൊ, വാഷിംഗ്‌ മെഷീന്‍ എന്ന് വേണ്ടാ. അവനു നടത്താമല്ലോ കൈയില്‍ കാശുണ്ടല്ലോ. അത് മാത്രമല്ല ശ്രിലങ്കയിലേക്ക് കാര്‍ഗോ അയക്കുമ്പോള്‍ അവര് ഭാരം അല്ല നോക്കുന്നത് സൈസ് ആണ്. ഒരു സ്കൊയര്‍ ഫീറ്റിനാണ് പൈസ. അതുകൊണ്ട് വലിയ ഒരു മരപ്പെട്ടിക്കുള്ളില്‍ എല്ലാം കയറ്റി അയക്കാം. അങനെ അവന്‍ ഒരു കാര്‍ഗോയും അയച്ചു.

അവന്‍റെ ഫാക്സ് ഓഫീസില്‍ വന്നു. ക്ലിയറെന്‍സെല്ലാം ഓക്കെ ആയീ. ടിക്കറ്റ്‌ നാളെ രാത്രിലേക്ക് ആണ്. മറ്റെന്നാള്‍ അവന്‍ അവന്‍റെ വീട്ടില്‍ കൈയില്‍ നിറയെ കാശുമായെത്തും, ഭാഗ്യവാൻ.

വൈകിട്ട് ഞങ്ങള്‍ ഒരുമിച്ചാണ് ഓഫീസില്‍ നിന്നും റൂമിലേക്ക്‌ പോയത്. സാധാരണ അവനു ഓവര്‍ ടൈം ഉള്ളതാണ്. നാളെ നാട്ടില്‍ പോകുന്നത് കൊണ്ട് അവനിന്ന്അഞ്ചുമണിക്കേ ഇറങ്ങി.

ക്യാമ്പില്‍ ബസ്‌ നിന്നപ്പോള്‍ തന്നെ ക്യാമ്പ്‌ ബോസ് വന്നു ബസില്‍ കയറി, ഹുസൈന്‍ എവിടെഎന്ന് ചോദിച്ചു. അവന്‍ ഇറങ്ങി ചെന്നു. നാളെ പോകുകയല്ലേ അവന്റെബെഡ്‌ മറ്റാർക്കെങ്കിലുംകൊടുക്കുവാന്‍ ആയിരിക്കും. ഇതൊക്കെ സാധാരണ ആണ്.

പക്ഷെ ഇത് അസാധാരണം ആണെന്ന് എനിക്ക് മനസിലായത് അന്ന് രാത്രിയില്‍ ആണ്. അവനെ ഫോണില്‍ വിളിച്ചപ്പോള്‍ സ്വിച്ച് ഓഫ്‌ ആണ്. അവന്‍റെ റൂമില്‍ ചെന്ന് ചോദിച്ചപ്പോള്‍ അവന്‍ വന്നില്ല എന്നാണ് അറിഞ്ഞത്. നേരെ ക്യാമ്പ്‌ ബോസിന്‍റെ അടുത്തെത്തി.ക്യാമ്പ്‌ ബോസ് ആളു പാകിസ്ഥാനി ആണ്. പണ്ട് എനിക്ക് ബെഡ് താരാത്തത്തിന്റെ പേരില്‍ കുറച്ചു ഉടക്കിയതാ. അതിനു ശേഷം അയാളുടെ കമ്പ്യൂട്ടര്‍ ഞാന്‍ ഫോര്‍മാറ്റ്‌ ചെയ്തു കൊടുത്തു. പിന്നെ നല്ല ദോസ്ത് ആണ് ഞങ്ങള്‍ .

അയാള്‍ കാര്യങ്ങള്‍ എല്ലാം വിശദമായിട്ടു പറഞ്ഞു തന്നു. അന്ന് ഒരു വ്യാഴാഴ്ച രാത്രിയില്‍ , അവന്‍ പാര്‍ട്ട്‌ ടൈം ജോലിക്ക് പോയ വീട്ടില്‍ നിന്നും സ്വര്‍ണ്ണവും പണവും മോഷണം പോയത്രേ. പാര്‍ട്ടി കഴിഞ്ഞു എല്ലാവരും ഉറങ്ങാന്‍ കിടന്ന നേരത്ത്, അവിടെ ജോലിക്ക് നിന്ന പെണ്ണ് സ്വര്‍ണ്ണവും പണവും മോഷ്ടിച്ച് രക്ഷപെട്ടു. അടുത്ത ദിവസം അവള്‍ അത് ഹുസൈനെ ഏല്പിച്ചു, തന്റെ ഇത്രയും നാളത്തെ സമ്പാദ്യം ആണെന്നും, ഇത് നീ നാട്ടില്‍ അയക്കണം എന്നും പറഞ്ഞു.

രാവിലെ ഉറക്കം ഉണര്‍ന്ന വീട്ടുകാര്‍ മോഷണം നടന്നതായിട്ടു മനസിലാക്കി പോലീസ്നെ വിവരം അറിയിച്ചു. പോലീസ് പലരെയും ചോദ്യം ചെയ്ത കൂട്ടത്തില്‍ അവിടുത്തെ ഡ്രൈവര്‍ ആയ ശ്രിലങ്കനേയും പിടിച്ചു. ആ ഡ്രൈവര്‍ ആണ് ഹുസൈന്റെ കാര്യം പറഞ്ഞത്. കളവു പോയ സ്വര്‍ണ്ണവും പണവും തിരിച്ചു പിടിക്കാന്‍ രഹസ്യാന്വോഷണവിഭാഗം അങ്ങനെ ഞങ്ങള്‍ ജോലിചെയ്യുന്ന ഓഫീസിലും എത്തി. ഹുസൈന്‍ അയച്ച കാര്‍ഗോ പോലീസ് പിന്തുടർന്ന് പിടിച്ചു. ഒരു ടിവിയുടെ പിക്ചര്‍ ടുബില്‍ നിന്നും കളവു പോയ സ്വര്‍ണ്ണവും അവര്‍ക്ക് കിട്ടി. ഇപ്പോള്‍ അവന്‍ പോലീസിന്‍റെ കസ്റ്റഡിയില്‍ ആണ്.

എനിക്ക് വല്ലാത്ത ഭയം തോന്നി. ഇനി എന്നെയെങ്ങാണം പിടിക്കുമോ. എന്റെറെസിഡന്‍സി പ്രൂഫില്‍ നിന്നുമാന് അവന്റെഅക്കൗണ്ടിലേക്ക് പൈസ അയച്ചിരിക്കുന്നത്. ഓഫീസില്‍ എല്ലാവരും അവനെ പറ്റി പല കഥകള്‍ ആണ് പറയുന്നത്. ഇതിന്‍റെ ഇടയില്‍ നമ്മുടെ യാദവ്, ഹുസൈന്‍ സ്വര്‍ണ്ണം സൂക്ഷിക്കാന്‍ കൊടുത്ത കക്ഷിഎമര്‍ജന്‍സി ലീവെടുത്ത്നാട്ടില്‍ പോയീ, അതും ആരോടും പറയാതെ. എങ്ങനെ ഒക്കെയോ വാര്‍ത്തകള്‍ പുറത്തു വന്നു. യാദവ് സ്വര്‍ണ്ണവുമായിട്ടു നാട് വിട്ടു എന്ന് വരെ കേട്ടു. എനിക്കും അത് സത്യമാണെന്ന് തോന്നി. അവന്‍റെ കൈയില്‍ ആണ് ഹുസ്സൈന്‍ സ്വര്‍ണം സൂക്ഷിക്കാന്‍ കൊടുത്തത്. ഹുസൈനെ പോലീസ് പിടിച്ചപ്പോള്‍ യാദവ് നാട് വിട്ടു.

പ്രത്യേകിച്ച് വിശേഷങ്ങള്‍ ഒന്നും ഇല്ലാതെ രണ്ടു ആഴ്ചകള്‍ കടന്നു പോയീ. ഒരു ദിവസം എനിക്ക് ഒരു ഫോണ്‍ വന്നു. സേവ് ചെയ്തിട്ടില്ലാത്ത ഒരു നമ്പറില്‍ നിന്നും. ഞാന്‍ കാള്‍ അറ്റന്‍ഡ് ചെയ്തു.

"ഹലോ"

"ഹലാ, സലാം അല്ലെയിക്കും"

"വാ അലെക്കും ഉസലാം, മിന്‍" ഇന്ത" (ആരാണ് നിങ്ങള്‍)

"സജിത്ത് ആണോ?"

"അതെ, ആരാണ് മനസിലായില്ലല്ലോ"

"എന്‍റെ പേര് ജാഫേര്‍ന്നാണ്. നിങ്ങള്ക്ക് ഒരു ഹുസൈനെ അറിയാമോ ജയിലില്‍ ഉള്ള"

"അറിയാം എന്താ?"

"എന്നാ ഒരു മിനിറ്റ്‌""

"മച്ചാ, ഞാന്‍ ഹുസൈന്‍..., എന്നാ കഥ അങ്കെ?"

"എടാ ഹുസൈനെ എന്ത് പറ്റി നിനക്ക്. നീ എങ്ങനാ ഈ ഫോണ്‍ വിളിക്കുന്നെ"

അവന്‍ കാര്യങ്ങള്‍ എല്ലാം പറഞ്ഞു. ഷോപ്പിംഗ്‌ നടത്തിയ ദിവസം തന്നെ അവന്‍ യാദവിന്റെ കൈയില്‍ നിന്നും സ്വര്‍ണ്ണം തിരികെ മേടിച്ചു ടിവിക്കകതാക്കി കാര്‍ഗോ അയച്ചു. പോലീസ് പിടിച്ച ദിവസം രാത്രി കാര്‍ഗോ ഓഫീസില്‍ കൊണ്ട് പോയീ സ്വര്‍ണ്ണം കണ്ടെടുത്തു. അവന്‍ സത്യം തുറന്നു പറഞ്ഞു. അവനെ ഒരു പെണ്ണ് പറ്റിച്ചതാണ് എന്ന്. ജിദ്ദയില്‍ വച്ച് തന്നെ ആ പെണ്ണിനെയും പോലീസ് പിടിച്ചു.

ആ വീട്ടില്‍ നിന്നും കളവു പോയ മൊത്തം പൈസയും ആ പെണ്ണിന്‍റെ കൈയില്‍ നിന്നും കിട്ടി. ആ പെണ്ണ് കുറ്റം ഏറ്റെടുത്തു. അടുത്ത ദിവസം അവനെ കോടതിക്ക് മുന്നില്‍ ഹാജരാക്കും. ജെയിലിന്റെ മെയിന്‍റെനന്‍സ് നടത്തുന്ന ഒരു കമ്പനിയിലെ ആളാണ്‌ ജാഫേര്‍ ....... അയാളുടെ നമ്പറില്‍ നിന്നാണ് ഇപ്പോള്‍ വിളിക്കുന്നത്‌.

ജയിലില്‍ ഒരു നേരം ഖുബൂസും രണ്ടു നേരം നല്ല ഖബ്സയും കിട്ടും. പിന്നെ സലാ സമയത്തെ വെള്ളം വരൂ. കുളിക്കണമെങ്കില്‍ അപ്പോള്‍ കുളിച്ചോണം. പോലീസ്കാരോക്കെ നല്ല കമ്പനിയാണ്. അവള് കുറ്റം സമ്മതിച്ച സ്ഥിതിക്ക് അവനു മൂന്നു വര്‍ഷത്തെ തടവും ചാട്ട അടിയും മാത്രമേ ഉണ്ടാകൂ എന്നാണ് കൂടെ ഉള്ളവര്‍ പറയുന്നത്. പിന്നെ ഈ സൗദി അറേബ്യയില്‍ നിന്നും ആര്‍ക്കും ഒന്നും പറ്റിച്ചു കൊണ്ട് പോകാന്‍ പറ്റില്ല. ഇത് സത്യമുള്ള മണ്ണാണ്. അവനും ഇപ്പോൾ അവന്‍റെ കൂടെ ഉള്ളവരും ഇതിനു വേണ്ടി ശ്രമിച്ചവരാണ്. ആരും ഗുണം പിടിച്ചിട്ടില്ലത്രേ.

അവനിപ്പോൾ മാറിയിടാന്‍ തുണിയില്ലെന്നും അത് മേടിക്കാന്‍ കുറച്ചു കാശു വേണം എന്നും പറഞ്ഞു. അവന്‍റെ അഞ്ഞൂറ് റിയാല്‍ എന്‍റെ കയ്യില്‍ ഉണ്ട്. അവന്‍ പറഞ്ഞു നൂറു റിയാലിന്റെ എസ്‌..ടി.സി. റീചാര്‍ജ്‌ കാര്‍ഡ്‌ എടുത്തു അതിന്റെ നമ്പര്‍ മെസ്സേജ് ചെയ്‌താല്‍ അവന്‍ അത് എമ്പത് റിയാലിന് അവിടുത്തെ പോലീസ്കാര്‍ക്ക് വിറ്റ്‌ കാശാക്കികൊള്ളാം എന്ന്. അങ്ങനെ പല ദിവസങ്ങളിലായി അവന്‍റെ പൈസ ഞാന്‍ അയച്ചു കൊടുത്തു.

ഒരു ദിവസം ഈ ജാഫറിനെ വിളിച്ചപ്പോള്‍ അറിയാന്‍ കഴിഞ്ഞു, ഹുസൈനെ മറ്റൊരു ജയിലിലേക്ക് മാറ്റിയെന്ന്. അതിനു ശേഷം അവനെ പറ്റി യാതോരു വിവരവുമില്ല. അവനു എത്ര നാളത്തെ ശിക്ഷ കിട്ടിയെന്നോ അവന്‍ നാട്ടില്‍ പോയോ എന്നോ ഒന്നും അറിയില്ലാ. ഇനി പോയാലും അവനെ കാത്തിരിക്കുന്ന ആ ഭീമമായ തുക കൊണ്ട് അവന്‍ രക്ഷപെടുമോ?

നഷ്ടമാകുന്ന പോളിസികൾ

നഷ്ടമാകുന്ന പോളിസികൾ

അരോഹ

അരോഹ