പാപ്പി
വെള്ളിതിരുത്തി എന്ന ഗ്രാമത്തെ സംമ്പന്ധിച്ചിടത്തോളം പാപ്പി എന്ന പേരിനു കൂടുതലായി ഒരു വിവരണം ആവശ്യമില്ല. കാരണം,സത്യവതി ടീച്ചറുടെ നഴ്സസറി മുതല്‍ രവിയേട്ടന്റെ ചായക്കടയിലെ ആഗോള വൃത്തങ്ങൾ വരെ ആ പേര് അത്രമേല്‍ സുപരിചിതമായ ഒന്നാണ്. അത്രയും സ്വാധീനമുളള മറ്റൊരു പേര് ഇവിടെ ഉണ്ടോ എന്നും സംശയമാണ്.....
പതിവ് സായാഹ്നന കുളിക്കായി കുളക്കടവിലൂടെ നടക്കവേയാണ് ഞാന്‍ ആദ്യമായി ആ നായക്കുട്ടിയെ കാണുന്നത്. കുട്ടിയെന്ന് പറയാന്‍ ക ഴിയിലെങ്കിലും ഒരൊത്ത നായയുടെ വളര്‍ച്ച അതിനുണ്ടായിരുന്നില്ല. കുളത്തിലെ ചണ്ടിയിലും അതില്‍ പടർന്നുവരുന്ന പുൽച്ചെടികളിലും കൂടി പിണഞ്ഞു അനങ്ങാന്‍ കഴിയാതെയാണ് അതു കിടന്നിരുന്നത്. സത്യത്തില്‍ എനിക്ക് ചിരിവന്നു. ഞാന്‍ അങ്ങേയറ്റം വെറുത്തിരുന്ന ആ മൃഗവര്‍ഗ്ഗത്തിന്റെ ഒരു പ്രതിനിധിയെ എന്തും ചെയ്യാന്‍ സൗകര്യത്തിന് അടുത്ത് കിട്ടിയിരിക്കുന്നു. വേണമെങ്കില്‍ ഒരു കല്ല് എടുത്തു തലയ്ക്കിടാം. പക്ഷെ അതിന്റെ ദയനീയമായ ശബ്ദം അതിനെ രക്ഷപെടുത്താനുള്ള ഒരു സാഹസത്തിലേക്ക് എന്റെ തീരുമാനത്തെ മാറ്റി. ഞാന്‍ പറമ്പില്‍ കയറി സൗകര്യത്തിലുള്ള രണ്ടു വടികള്‍ സംഘടിപ്പിച്ച് കുളത്തിലേക്കിറങ്ങി. ഒരു വടി, പുല്ലുകള്‍ മാറ്റുന്നതിനും, മറേറത് രക്ഷപ്പെടുന്ന നിമിഷത്തില്‍ അതെന്നെ ആക്രമിക്കാന്‍ ഒരുങ്ങിയാല്‍ തലക്കുത്തനെ അടിക്കാനുമായി. വടികളുമായി ഞാന്‍ അതിനു അടുത്തേക്ക് നീന്തി.ചുറ്റിപിടിച്ചിരുന്ന പുല്ലുകള്‍ മാറ്റുനതിനിടയിൽ അതിറെ കഴുത്തിലെ ബെല്‍ട്ട് ഞാന്‍ കണ്ടു.
“തത്തേടുത്തിയുടെ നായ” ഞാന്‍ പെട്ടെന്ന് പറഞ്ഞു. അതിനു ഇടയ്ക്ക് ചങ്ങല പൊട്ടിച്ചു ഓടുന്ന പരിപാടിയുണ്ട്. ഇതു അതുതന്നെ. ഞാന്‍ ധൈര്യപൂർവ്വം പുല്ലുകള്‍ മാറ്റി, വടികൊണ്ട് അതിന്റെ ബെല്‍ട്ടില്‍ കൊളുത്തി കരയിലേക്ക് നീക്കി. പുല്ലുകളില്‍ നിന്നും സ്വതന്ത്രമായതുമുതല്‍ അതു സ്വയം കരയ്ക്ക് കയറാൻ തുടങ്ങിയിരുന്നു. വീണിട്ടു മണ്ണികൂറുകള്‍ ആയിരിക്കണം,കാരണം അത്രമേല്‍ അവശനായിരുന്നു അത്. തണുത്തുവിറച്ചു അത് അവിടെ തന്നെ നിന്നു. ഞാന്‍ കുളത്തില്‍ ഇറങ്ങി. വിശാലമായ അതിന്റെ അടിത്തട്ടിലൂടെ മുങ്ങി നീന്തുക എന്നത് എന്റെ എന്നത്തേയും ഇഷ്ട്ടവിനോദങ്ങളില്‍ ഒന്നാണ്. ഇടയ്ക്ക് ഞാൻ കരയിലേക്ക് നോക്കി. നായയെ കാണുന്നില്ല. അത് വീണ്ടും എവിടെയെങ്കിലും പോകുവാന്‍ തുടങ്ങിയിരിക്കും. ഞാന്‍ കരയ്ക്ക് കയറി നോക്കി. തെങ്ങിന്‍ തൊപ്പുകളിലൂടെ നടന്നു നീങ്ങുന്ന നായയെ കണ്ടു. ഞാന്‍ അതിനെ തിരിച്ചു വിളിക്കാനായി പല ശബ്ദങ്ങളും ഉണ്ടാക്കി. അത് എന്നെ നോക്കി, പിന്നെ അടുത്തേക്ക് വന്നു. പിന്നെയും പോകുമെന്ന സംശയത്തില്‍ ഞാന്‍ അതിനെ വള്ളികളാല്‍ തൊട്ടടുത്ത ഒരു മരത്തില്‍ കെട്ടിയിട്ടു. പെട്ടെന്ന് കുളി കഴിച്ച് ഡ്രസ്സ് മാറി ഞാന്‍ തത്തേടുത്തിയുടെ വീട്ടില്‍ എത്തി.
“ഇവിടുത്തെ നായ കുളത്തില്‍ വീണു കിടക്കുവായിരുന്നു, ഞാന്‍ അതിനെപ്പിടിച്ചു അവിടെ കെട്ടിയിട്ടിട്ടുണ്ട്. ചങ്ങലയുമായി വന്നാല്‍ കൊണ്ടുപോകാം”, ഞാന്‍ പറഞ്ഞു.
തെല്ലു സംശയത്തോടെ പ്രേഷിചേച്ചി എന്നേ നോക്കി.
” ഇവിടുത്തെ നായയോ?”
“അതേയ് ഇവിടുത്തെ തന്നെ” ഞാന്‍ പറഞ്ഞു.
അവര്‍ പുറകിലേക്ക് പോയി അടുക്കള വാതില്‍ തുറന്നു. തന്റെ നേരെയുള്ള തെറ്റായ ആരോപണം കേട്ട് സഹനമറ്റ് അവിടെ കെട്ടിയിട്ടിരുന്ന ഒരു നായ എനിക്ക് നേരെ കുരച്ചു ചാടി.
“ഏതു നായയെ ആണ് പിടിച്ചു കെട്ടിയിട്ടിരിക്കുന്നത്?” ചിരിച്ചുകൊണ്ട്പ്രഷിചെച്ചി ചോദിച്ചു. ഞാന്‍ കുളത്തിലേക്ക് ഓടി. അത് അവിടെ തന്നെ നില്ക്കുന്നുണ്ടായിരുന്നു. ഞാന്‍ അതിനെ സ്വതന്ത്രനാക്കി. ആരുടെതെന്നു അറിയില്ല, അതു തന്നെ അവിടേക്ക് പോയ്ക്കൊള്ളട്ടെ, ഞാന്‍ കരുതി. ഞാന്‍ തിരിഞ്ഞു നടന്നു. അത് എന്റെ പുറകേയും.
“ആരുടെതാണ് ഈ നായ?” അമ്മ ചോദിച്ചു.
“കുളത്തില്‍ വീണു കിടക്കുവായിരുന്നു, തത്തേടുത്തിയുടെതാണെന്ന് കരുതി പിടിച്ചു കയറ്റി. നോക്കുമ്പോൾ അവരുടെതല്ല ”, ഞാന്‍ പറഞ്ഞു.
“ആരുടേതാണെങ്കിലും ഇവിടുന്നു പറഞ്ഞയച്ചേക്ക്, ഇവിടെ ഇനി നായയൊന്നും വേണ്ട”. കാണാന്‍ കുറച്ചു ഭംഗിയുണ്ടെങ്കിലും തെരുവ് നായയാണ്. ഞാന്‍ വീണ്ടും അതിനെ വിട്ടയച്ചു.കൂടുതല്‍ ദൂരെ പോകാനായി കല്ലുകള്‍ എടുത്തു എറിയുന്നതായി ആംഗ്യം കാണിച്ചു. ഒരുപരിധിക്കപ്പുറം അത് വിട്ടു പോയില്ല.ഞാന്‍ ശരിക്കും കല്ലുകള്‍ എടുത്തു അതിന്റെ ദേഹത്ത് കൊള്ളാത്ത രീതിയിൽ എറിഞ്ഞു. എനിക്ക് ഉന്നം തെറ്റി. ഒരു കല്ല് കൃത്യമായി അതിന്റെ ദേഹത്ത് തന്നെ കൊണ്ടു.
അപ്രതീക്ഷിതമായ ആ നിമിഷത്തില്‍ അവന്‍ അകന്നു മാറി നിന്നുകൊണ്ട് എന്നെ നോക്കി. പിന്നെ പതുക്കെ എന്റെ അരികിലേക്ക് വന്നു. കൂടുതല്‍ അടുത്തേക്ക്, എന്റെ പുറം കാലുകളില്‍ ദേഹമുരുമ്മികൊണ്ട് അവന്‍ എന്നോട് ചേര്‍ന്ന് നിന്നു. വെള്ളത്തിന്റെ സാന്നിധ്യം കൊണ്ടായിരിക്കാം അത് എന്റെ ഉള്ളിൽ ഒരു കുളിര്‍മ്മയുണ്ടാക്കി. ഞാന്‍ അകത്തുചെന്നു കാച്ചിവച്ചിരുന്ന ഒരു ഗ്ലാസ് പാലെടുത്തു, ഒരു ചിരട്ടയുമായി അവനടുത്തെത്തി. പാൽ ചിരട്ടയിലൊഴിച്ച് അവനു നല്‍കി. പിന്നീട് അവന്‍ പോയില്ല. വീടിന്റെ പലയിടങ്ങളിലായി അവന്‍ അങ്ങനെ ചുറ്റിപറ്റി നിന്നു.
നായയെ വളര്‍ത്താന്‍ മോഹമുള്ള എന്റെ കൂടുകാരോടെല്ലാം ഞാന്‍ പറഞ്ഞു. “താല്പര്യമുള്ളവര്‍ക്ക് കൊണ്ടുപോകാം. നോക്ക്, തൊപ്പിയുള്ളതാണു, ചെവി മടങ്ങിയതുമാണ്”.
അവനെ അടിമുടി വിലയിരുത്തുനതിനിടെ നന്തുവേട്ടന്‍ ചോദിച്ചു. “ഇതിനെ എന്താ വിളിക്കുന്ന്യേ?”. കൈസര്‍, ,ടൈഗർ, ജിമ്മി, ഷാഡോ.......... ഞാന്‍ ആലോചിച്ചു തുടങ്ങി.
“പാപ്പി”
എന്റെ മനസ്സിലെ ഇതിഹാസ പേരുകളെ മുഴുവന്‍ തകര്‍ത്തു തരിപ്പണമാക്കികൊണ്ട് അകത്തു നിന്ന് അമ്മ വിളിച്ചു പറഞ്ഞു. എനിക്ക് എതിര്‍ക്കാന്‍ കഴിയുന്നതിനു മുൻപ് ജിത്തുവും ആ പേര് എററു പിടിച്ചു.
"പാപ്പി , പാപ്പി ......."
പാപ്പിയെ ഏറ്റെടുക്കാന്‍ പലർക്കും താല്പര്യമുണ്ടായിരുന്നെങ്കിലും വീട്ടിലെ പ്രതികരണങ്ങളെ പേടിച്ച് ആരും മുന്നോട്ടു വന്നില്ല. ദിവസങ്ങള്‍ കൂടുന്തോറും അമ്മയുടെ പരാതികള്‍ ഓരോന്നായി കൂടിക്കൂടി വന്നു. പുറത്തിരിക്കുന്ന പാത്രങ്ങളിലെല്ലാം തലയിടുന്നു, അടുക്കളയില്‍ കയറുന്നു, വീട്ടില്‍ വരുന്നവരുടെ നേരെ കുരച്ചു ചെല്ലുന്നു. ഒരു ശല്യമായി എനിക്കും തോന്നിതുടങ്ങിയപ്പോള്‍ എന്റെ ഏറുകൾ ഉന്നങ്ങള്‍ തെറ്റാതെ അവനറെ ദേഹത്ത് തന്നെ കൊണ്ടു തുടങ്ങി. ആ സമയത്ത് മുൻസിപാലിറ്റിയില്‍നിന്നും വന്ന നായ പിടുത്തക്കാര്‍ പാപ്പിക്ക് പുതിയ മേൽവിലാസമുണ്ടാക്കി. പറമ്പുകളില്‍ കറങ്ങിത്തിരിഞ്ഞു നടന്നിരുന്ന പാപ്പിയെ നായപിടുത്തക്കാര്‍ പിടിക്കുമെന്ന ശങ്കയില്‍, മുകുന്തേട്ടന്‍, അവനെ പിടിച്ചു വീട്ടില്‍ ഒരു ദിവസം മുഴുവന്‍ കെട്ടിയിട്ടു. ആ സംഭവം പാപ്പിയെ മുകുന്തേട്ടന്റെ നായയാക്കിമാറ്റി.
മുകുന്തേട്ടന്റെ പരിപാലനത്തില്‍ പാപ്പി വളര്‍ന്ന് വളര്‍ന്ന് നല്ലൊരു നായയായി മാറി. പാപ്പി വളരുന്തോറും മുകുന്തേട്ടന്റെ തലവേദനയും വളര്‍ന്നു. വീട്ടില്‍നിന്നു മാത്രമല്ല ചുറ്റുവട്ടത്ത് നിന്നും പരാതികള്‍ മുകുന്തേട്ടന്റെ വീട്ടില്‍ എത്തി. വീടിനു പുറത്തു ആര്‍ക്കും ചെരുപ്പ് ഊരിയിടന്‍ പററുന്നില്ല., പുറത്തു തോരാനിടുന്ന തുണികള്‍ കാണാതാകുന്നു, കോഴികളെ ഓടിക്കുന്നു. പരാതികള്‍ കൂടിത്തുടങ്ങി. ചെരുപ്പുകൾക്കും , തുണികൾക്കും, ചെറിയ പാത്രങ്ങൾക്കുമായി പലരും മുകുന്തേട്ടന്റെ വീട്ടിനു പുറകിലെ തെങ്ങിന്‍കുഴിയെ സമീപിച്ചു. അങ്ങനെ മുകുന്തേട്ടനും പാപ്പിയെ ഒഴിവാക്കാന്‍ തുടങ്ങി.
“അതിവിടുത്തെ നായയൊന്നുമല്ലാ. ഉണ്ണിയുടെതാണു.” പാപ്പിയുടെ ശരീരം മെലിഞ്ഞു തുടങ്ങവേ, തൊട്ടടുത്ത ചില സ്ഥലങ്ങളിലുണ്ടായ മോക്ഷണ വാർത്തകള്‍ പല വീടുകളിലെക്കായുള്ള പാപ്പിയുടെ സ്വീകാര്യതക്കു കാരണമായി. പൂര്‍ണ്ണ വളർച്ചയെത്തിയ ഒരു നായയായി മാറിയതിനു ശേഷം പാപ്പി ശാന്ത ശീലനായി തീർന്നിരുന്നു. വിശന്നു നടന്നിരുന്ന തനിക്കായി വിളികള്‍ നീണ്ട ഓരോ വീടുകളുടെയും സംരക്ഷണ ചുമതല അവന്‍ സ്വയം ഏറ്റെടുത്തു. രാത്രികളിലെ അസാധാരണ വാഹനങ്ങളുടെയും, അപ്രതീക്ഷിത ശബ്ദങ്ങളുടെയും പുറകേ പാപ്പിയുടെ കുര ഉയര്‍ന്നു. പ്രാതലിനും, ഉച്ചയൂണിനും, അത്താഴത്തിനും,എന്തിന് ഇടനേരങ്ങളിലെ ലഘു ഭക്ഷണത്തിനു പോലും പാപ്പിക്ക് കൃത്യമായ ഇടങ്ങള്‍ കിട്ടി.
മുകുന്തേട്ടന്റെ നായയെന്ന വിളി മാറിയതോടെ ഉഷച്ചേച്ചി പ്രാതലില്‍ ഒരു പങ്കു അവനു നല്കി. ധാരാളം പാൽ ചേർത്തുണ്ടാക്കിയിരുന്ന ചായയില്‍ ഒരു ഗ്ലാസ്, വീട്ടില്‍ എത്തിയിരുന്ന അവനു കൃത്യമായ സ്ഥാനത്ത്, അവനായുള്ള ഒരു പാത്രത്തില്‍ അമ്മ കരുതി. അങ്ങനെ കൃത്യമായ ഭക്ഷണവും കൃത്യമായ സ്ഥലങ്ങളുമായി അവന്. വീട്ടിൽ അത്താഴം കഴിഞ്ഞ് ബാക്കി വരുന്ന ചോറ് അവന് മതിയാവുന്നിലെന്നു മനസ്സിലാക്കിയ അമ്മ അടുപ്പത്തിടുന്ന അരിയുടെ അളവിൽത്തന്നെ മാറ്റം വരുത്തി.വിശ്രമ സമയങ്ങളില്‍ പാപ്പി റോഡിനു നടുകില്‍ തന്നെ കിടക്കും. കാൽനടക്കാർ,സൈക്കിൾ യാത്രക്കാർ, ബൈക്ക് യാത്രക്കാർ ഇവരെല്ലാം സൈഡിലൂടെ പൊയ്ക്കൊള്ളണം. മറ്റു വണ്ടികള്‍ വരുമ്പോള്‍ അസൗകര്യമുണ്ടാക്കാതെ അവന്‍ മാറും. അപരിചിതമായ വണ്ടികൾക്ക് സ്ഥലം മാറികൊടുക്കുവാന്‍ അല്പം താമസമുണ്ടാകും. പാപ്പിയുടെ സാന്നിധ്യം വിപുലമായി തുടങ്ങി. ബസ് സ്റ്റോപ്പുകളിൽ കാത്തുനിൽക്കുന്നവർ അവനു വേണ്ടി ബിസ്ക്കറ്റ് പായ്ക്കറ്റ് വാങ്ങി നീട്ടി. ബസ് സ്റ്റോപ്പ്‌ലെ സായാഹ്ന സല്ലാപത്തിനിടെ, ബിസ്ക്കറ്റ് പായ്ക്കുമായി നീങ്ങുന്ന പാപ്പിയെ നോക്കി ഭാസ്കരേട്ടന്‍ പറയും, “നായിന്റെ മോന്‍, ഇന്നിതിപ്പോ നാലാമത്തെ പാക്കെറ്റാണ് കടിച്ചോണ്ടും പോണത്".
സന്ധ്യകളിലെ കുടുംബശ്രീ പിരിയാൻ സമയമാകുമ്പോള്‍ അമ്മയോട് രമണി ചേച്ചി ചോദിക്കും,
“ അങ്ങോട്ട് ആക്കി തരട്ടെ”
“വേണ്ട റൊഡില്‍ പാപ്പിയുണ്ട്”. അമ്മ മറുപടി പറയും. ആട്ടിൻകുട്ടികള്‍ തൊഴുത്തിൽ നിന്നിറങ്ങി മുറ്റത്തു ഓടിനടക്കുമ്പോള്‍ രാജേട്ടന്‍ വിളിച്ചുപറയും,
“പ്രേമേ ആട്ടിൻകുട്ടികള്‍ പുറത്തുണ്ടുട്ടോ, വല്ല നായയും വരും”.
അടുക്കളയില്‍ പണികളില്‍ മുഴുകിയ പ്രേമേച്ചിയുടെ മറുപടി കേള്‍ക്കാം, “സാരല്ല്യ പാപ്പിയുണ്ട് മുറ്റത്ത്”.
പിന്‍കാലുകളില്‍ മടക്കി, മുന്‍ കാലുകളില്‍ നിവർന്നിരിക്കുന്ന പാപ്പിയോട്, അമ്മയുടെ ചുരിദാറിന്റെ ഷാള്‍ സാരിയാക്കിച്ചുറ്റി, ചൂലിലെ ഈർക്കിൽ ചൂരലാക്കി, കൈയിലെ പുസ്തകത്തില്‍ നോക്കി, ക്ലാസ്സിലെ ടീച്ചറുടെ മുഖഭാവത്തോടെ ഉലാത്തിക്കൊണ്ട്, ചോദ്യങ്ങൾ ചോദിക്കും.
“ A for apple, B for bat, C for……..? “
ഉച്ച മയക്കത്തിന്റെ ആലസ്യം വിട്ടുമാറാത്ത പാപ്പി നാക്കുമുഴുവന്‍ പുറത്തേയ്ക്കു നീട്ടി കോട്ടുവായിടുമ്പോള്‍, കൈയിലെ ഈർക്കിൽ കൊണ്ട് അടിയ്ക്കാതെ അടിച്ചുകൊണ്ട് ഉത്തരം തനിയെ പറയും.
“ Cfor cat, D for….....…?”
പുറകിലേക്ക് മറച്ചു പിടിച്ച കല്ലുമായി ശ്യാം പാപ്പിയെ സ്നേഹത്തോടെ അടുത്തേക്ക് വിളിക്കും. അടുത്തെത്തുമ്പോൾ ഉന്നം തെറ്റില്ലെന്ന് ഉറപ്പു വരുമ്പോള്‍ മറച്ചു പിടിച്ചിരുന്ന കല്ല് കൃത്യമായി ശ്യാംഅതിനു നേരെ പ്രയോഗിക്കും.മോങ്ങി ഓടുന്ന പാപ്പിയെ നോക്കി അവന്‍ ചിരിക്കും. പല അനുഭവങ്ങള്‍ ഉണ്ടായിട്ടുപോലും വീണ്ടും ആ വിളി കേൾക്കുമ്പോൾ പാപ്പി ഓടിചെല്ലും, കാരണം മറച്ചുപിടിച്ചിരിക്കുന്ന കൈയ്യിൽ എല്ലായ്പ്പോഴും കല്ലുകള്‍ മാത്രമല്ല എന്ന് അവനു അറിയാമായിരുന്നു.
പണി കഴിഞ്ഞു തിരിച്ചെത്തുന്ന ഭാബേട്ടന്‍ പാപ്പിക് കൊടുക്കാനുള്ള ബിസ്ക്കറ്റ് വാങ്ങാന്‍ മറക്കുമ്പോൾ പൊന്നൂസ് പിണങ്ങും. മടങ്ങി കിടക്കുന്ന പാപ്പിയുടെ ചെവികള്‍ കൊണ്ട് അവന്റെ കണ്ണുകള്‍ മറയ്ക്കുകയും തുറക്കുകയും ചെയ്തുകൊണ്ട് കുഞ്ഞന്‍ പറയും,
“ ഒള്ളിച്ചേയ്............. കണ്ടേയെ്... ........”
മാളുവിനു പാപ്പിയെ പേടിയാണ്. പാപ്പിയുള്ളപ്പോള്‍ മാളു മുറ്റത്തിറങ്ങാറില്ല. എങ്കിലും ചില ദിവസങ്ങളില്‍ പാലും ബിസ്ക്കറ്റു മായി ഉമ്മറത്തെത്തുമ്പോൾ, മാളു അമ്മാമ്മയോട് ചോദിക്കും,
“ അമ്മാമേ പാപ്പിയെന്താ വരാഞ്ഞേ.......”
പാപ്പിയെ കുളിപ്പിക്കുന്നതും, പല്ലുതേപ്പിക്കുന്നതും കുട്ടിക്കൾക്കിടയിലെ കളിയുടെ ഭാഗമായിരുന്നു, പക്ഷെ മിഥു മാത്രം പാപ്പിയെ കാണുമ്പോള്‍ ഒഴിഞ്ഞുമാറി. ഞാന്‍ ചോദിച്ചു,
“അതെന്താ മിഥു പാപ്പിയെ പേടിക്കുന്നേ?”
“അതോ, ചിലപ്പോള്‍ അവന്‍ എന്റെ അടുത്ത് വരും, അവന്‍ എന്നെ തൊട്ടാല്‍ ഞാന്‍ ഏഴു തവണ കുളിക്കേണ്ടിവരും”.
ഒരു ഓണക്കാലത്ത് ഏട്ടന്‍ പാപ്പിയെ കൈയിൽ ശർക്കരനുറുക്കുമായി വിളിച്ചു വരുത്തി. എന്നിട്ട് ചെറിയൊരു കാർഡ്ബോർഡ് ചരടില്‍ കോര്‍ത്ത് അവന്റെ കഴുത്തില്‍ കെട്ടി. പതിവായി പോകുന്ന വീടുകളിലെല്ലാം അവന്‍ കൃത്യ സമയങ്ങളില്‍ എത്തി. മുൻകാലുകളില്‍ നിവർന്നിരിക്കുന്ന അവന്റെ കഴുത്തിലെ ബോര്‍ഡില്‍നിന്നു വീട്ടുകാർ വായിച്ചു,
“ഓണാശംസകളോടെ സ്വന്തം പാപ്പി”
പാപ്പി യുടെ സ്വീകാര്യതക്ക് ശേഷം മറ്റു വളർത്തു നായകള്‍ ഇവിടെ പേരെടുക്കാതിരുന്നില്ല. നിച്ചുവേട്ടന്റെ ബ്രിട്ടോയും, നന്തുവേട്ടന്റെ റാണിയും ജനുസ്സിന്റെ പിന്‍ബലത്തിലും ആഹാരത്തിന്റെ സംപുഷ്ട്ടതയിലും വളരെ പെട്ടന്ന് തന്നെ റോഡിനെ വിറപ്പിച്ചു. വിശാലമായ ലോകത്തിൽ നിന്ന്, തന്നെ ബന്ധിച്ചിരുന്ന ചങ്ങലയിൽ നിന്നും അപ്രതീക്ഷിതമായി ലഭിച്ച ഒരു മോചനത്തില്‍, ബ്രിട്ടോ വീടുവിട്ടു പോയി. പിന്നീട് അതു ഒരിക്കലും തിരികെ വന്നില്ല. തന്റെ വിശാല ലോകം ആ കൂടും മുറ്റവുമാണന്നു മനസ്സിലാക്കിയ റാണി ആ ചെറിയ ലോകത്തില്‍ തന്റെ ജീവിതത്തെ ഒതുക്കി.
വളര്‍ന്ന് വന്നപ്പോള്‍ പാപ്പിയുടെ കഴുത്തിലെ ബെല്‍ട്ട് ചെറുതായിപ്പോയതിനാല്‍, ആരോ അതിനെ അഴിച്ചുമാറ്റി. അതിനുശേഷം ഒരു ചരടുകൊണ്ട്പോലും ആരും എവിടെയും അവനെ ബന്ധിചിട്ടില്ല. എന്നിട്ടും വെള്ളിതിരുത്തി എന്ന ചെറിയ ഗ്രാമത്തിലേക്ക് തന്റെ ലോകത്തെ പാപ്പി ഒതുക്കി. വിശാലമായ ആ ലോകത്ത് ലഭിച്ചിരുന്ന ഭക്ഷണത്തിന്റെ അളവോ, പ്രാധാന്യമോ നോക്കി ഒരിടത്ത്മാത്രം ഒതുങ്ങുവാന്‍ അവന്‍ തയ്യാറായതുമില്ല. ഇവിടെ തനിക്കായ് ഉയരുന്ന വിളികൾക്കും അല്ലെങ്കിൽ ഒരു ചൂളം വിളിയുടെയും അപ്പുറത്ത് അവനുണ്ട്.
വർഷങ്ങൾ കണക്കാക്കുകയാണെങ്കില്‍ എന്റെ പള്സ് ടു പഠനം കഴിഞ്ഞിട്ട് ഏകദേശം ഏഴു വർഷങ്ങള്‍ ആയിരിക്കുന്നു. അതായതു ഇത്രയും കാലമായിട്ടും അവന്‍ ഇവിടെ ഉണ്ട്. ഇപ്പോള്‍ പഴയ പോല്ലുള്ള ഓട്ടങ്ങളൊന്നും ഇല്ല. തന്റെ സന്ദർശനങ്ങൾ അമ്പലപറമ്പിലും ബസ് സ്റ്റോപ്പിലുമായി അവന്‍ ചുരിക്കിയിരിക്കുന്നു. വാർദ്ധക്യം അവനെ കൂടുതല്‍ സമയവും വിശ്രമത്തില്‍ ആക്കിയിരിക്കുകയാണ്.
സമയം ഇപ്പോൾ പന്ത്രണ്ട്മണി കഴിഞ്ഞിരിക്കുന്നു. ചെറിയൊരു കൺക്ലൂഷനോടെ അവസാനിപ്പിക്കാന്‍ ഒരുങ്ങവേ, ഞാൻ വളരെ പതുങ്ങിയ ഒരു കാൽപ്പെരുമാറ്റം കേട്ടു. അത് ഞാന്‍ ഇരിക്കുന്ന റൂമിന്റെ ജനലിന്നരികെ വരെയെത്തി.ചരലുകൾമാറുന്നതിന്റെയും, പ്ലാസ്റ്റിക് കുപ്പി ഉരുളുന്നതിന്റെയും ശബ്ദംകേട്ടു.
“പാപ്പി........”
അത് എന്റെ റൂമിന്റെ പുറം ചുമരിനോട് ചേര്‍ന്നു കിടപ്പുണ്ട്. തെല്ലു അത്ഭുതത്തോടെ ഞാന്‍ പുറത്തിറങ്ങി ചെന്നു. നീട്ടി വച്ചിരുന്ന മുൻകാലുകളില്‍ തല വച്ച് കിടന്നിരുന്ന അവന്‍ പ്രത്യേക ഭാവങ്ങളൊന്നുമില്ലാതെ എന്നെ നോക്കി. ഞാന്‍ അടുത്തു ചെന്നു . ജനലിലൂടെ വന്നിരുന്ന വെളിച്ചമായിരിക്കണം ഒരുപക്ഷെ അതു വഴി പോയ അവനെ അവിടെ എത്തിച്ചത്. ജനലിലൂടെ, അതുവരെ എഴുതിയിരുന്ന കടലാസുകള്‍ ലെറ്റർപാഡോടെ പുറത്തേക്ക് എടുത്തു. അവനെ പറ്റി എഴുതിയത് അവന്റെ മുന്നിലാകട്ടെ ആദ്യത്തെ പ്രകാശനം.. ഞാന്‍ അത് അവനു നേരെ കാണിച്ചു. മണത്തു നോക്കുന്നതിനിടെ , മടങ്ങി നിന്നിരുന്ന ഒരു കടലാസ്സ് അവന്റെ മുക്കില്‍ കൊണ്ടു അവന്‍ ശക്തമായി ഒന്ന് തുമ്മി, ഞാന്‍ എഴുതിയിരുന്ന പേപ്പറുകളിലേക്ക്. എനിക്ക് കലശമായ ദേഷ്യം വന്നു. ഞാന്‍ ആ ലെട്ടെര്‍പാഡ് തിരിച്ചു പിടിച്ചു അവന്‍റെ തലയ്ക്കിട്ടൊരു തട്ടു കൊടുത്തു. അപ്രതീക്ഷിതമായ ആ നിമിഷത്തില്‍ അവന്‍ എന്നില്‍നിന്നും അകന്നു മാറി. അകന്നു നിന്നുകൊണ്ട്‍ എന്നെ നോക്കി, പിന്നെ പതുക്കെ എന്റെ അരികിലേക്ക് വന്നു. കൂടുതല്‍ അടുത്തേക്ക്, എന്റെ പുറം കാലുകളില്‍ ദേഹമുരുമ്മികൊണ്ട് എന്നോട് ചേർന്നു നിന്നു. വെള്ളത്തിന്റെ അസാന്നിധ്യം കൊണ്ടായിരിക്കാം അത് അപ്പോൾ എന്റെ ഉള്ളില്‍ തണുപ്പിന്റെ കുളിര്‍മ്മയുണ്ടാക്കിയില്ല!