Kadhajalakam is a window to the world of fictional writings by a collective of writers

ചാവിനപ്പുറമുള്ള ചിന്തകൾ

ചാവിനപ്പുറമുള്ള ചിന്തകൾ

ഇങ്ങനെ കരയാന്‍ മാത്രം എന്ത് സംഭവിച്ചു? തികച്ചും സ്വാഭാവികം. ജനിക്കുമ്പോള്‍ സന്തോഷവും മരിക്കുമ്പോള്‍ ദുഖവുമുണ്ടാകും. എന്നാല്‍ ജനിക്കുമ്പോഴാരുംതന്നെ പൊട്ടിച്ചിരിക്കാറില്ല. എന്നാൽ മരിക്കുമ്പോള്‍ നെഞ്ചത്തടിച്ച് കരയുന്നു. കരയുന്നതിലുമില്ലെ ഒരു മാന്യതയൊക്കെ? വരുന്നവരുടെയെല്ലാം മനസ്സില്‍ ഒരു നീറലുണ്ടാക്കുന്ന കരച്ചില്‍ ദയവായി നിറുത്തു എന്നുച്ചത്തില്‍ വിളിച്ചു കൂവണമെന്നു തോന്നി. എന്നാൽ കഴിയുന്നില്ല.

മനസ്സില്‍ തിങ്ങിനിറഞ്ഞ ദുഃഖം വായിലുടെ നിലവിളിയായി, കണ്ണിലൂടെ ധാരയായി പുറത്തേക്ക് ഒഴുകി ഇല്ലാതെയാകുന്നു. വാസ്തവമല്ലേ, പ്രിയ ബന്ധു മരിച്ചെന്നു കരുതി ആരും പിന്നിട് ചിരിക്കാതെ ഇരുന്നിട്ടില്ല. ഒരു ദിവസത്തെ കടുത്ത ദുഖാചരണത്തിന്റെ ഭാഗം കരഞ്ഞുതീർക്കട്ടെ. ചിലര്‍ വാവിട്ടു നിലവിളിക്കുന്നു. ചിലര്‍ മൌനമായി കണ്ണീര്‍ വാര്‍ക്കുന്നു വീണാല്‍ ചിരിക്കാത്തവനും മരിച്ചാല്‍ കരയാത്തവരുമായി ആരുമില്ലത്രേ.

ഒരുത്തന്‍ അശ്രദ്ധയില്‍ ഭൂമിയെ വന്ദിച്ചു. ദേഹത്തെവിടെനിന്നോ ഉള്ള നീറ്റലിനെയോ, ചോരയുടെ നനവിനെയോ ഗൌനിക്കാതെ ആരെങ്കിലും കണ്ടുവോ എന്ന ചിന്തയില്‍ ചുറ്റില്ലും നോക്കുന്നതില്‍ എന്താണിത്ര ചിരിക്കാന്‍? തീര്‍ത്തും നര്‍മ രഹിതമായ ഒരു സന്ദര്‍ഭം പക്ഷെ കാഴ്ച്ച കണ്ട് താനും ചിരിച്ചു പോയിട്ടുണ്ട്. മറ്റുള്ളവര്‍ക്ക് ചിരിക്കാന്‍ ഇടയും നല്‍കിയിട്ടുമുണ്ട്.

പലരും വന്നുപോയിക്കൊണ്ടിരുന്നു. പാര്‍ട്ടി പ്രവര്‍ത്തകരും സംഘടന പ്രതിനിധികളും പുഷ്പചക്രം സമ്മാനിച്ചു. ഒരേ വേഷവിധാനതിലെത്തിയ മഹിളാരത്നങ്ങള്‍, കണ്മഷി മായാതെ കണ്ണോപ്പി, ലിപ്സ്റ്റിക് മായാതെ വപ്പോത്തി. മരണം പ്രചാരണത്തിന്റെ ഭാഗമാക്കിയവര്‍ അതും ചടങ്ങിന്റെ ഭാഗം തന്നെ.

മൃതദേഹത്തെ കുളിപ്പിച്ച് അന്ത്യകര്‍മ്മത്തിനായി കിടത്തിയിരിക്കുന്നു. ഇതുവരെ കുറിയിടാത്ത നെറ്റിയില്‍ ഭസ്മം വരച്ചു കണ്ടപ്പോഴാണ് മുഖത്തിന്‌ ഇത്രയും ശ്രീ ഉണ്ടെന്ന് മനസ്സിലായത്. കുറിവരച്ച സ്ഥിതിക്ക് രണ്ടു പൂ ചെവിയില്‍ വെക്കാമായിരുന്നു. തന്റെ അഭിപ്രായം ആരു കേള്‍ക്കാന്‍. തലചുറ്റി കെട്ടിയിട്ടും തുറന്നിരിക്കുന്ന വായ ശരിക്കുമൊരു ഭംഗികേടുതന്നെ.

രണ്ടുപേര്‍ പെട്ടിയുമായെത്തി. “ഇന്നു ഞാന്‍ നാളെ നീ “ ഹാ എന്തൊരു വാചകം. ഇത്രയും തീക്ഷ്ണമായ  മറ്റൊരു വാചകം വേറെയില്ല. മരണം തീർച്ചയുള്ളത് തന്നെ. എന്നുവെച്ച് അതിനെ വിളിച്ചിറക്കണോ? എങ്കിലും ആ വാചകം ഒരു താക്കീതാണ്. ആശ്വാസവും.

കര്‍മ്മി വിശിഷ്ട മന്ത്രചരണത്തോടെ കര്‍മ്മം ആരംഭിച്ചു. സ്വര്‍ണമാല, മോതിരം, കൈചെയിന്‍ കര്‍മ്മി പരിഷ്ക്കരിച്ചിരിക്കുന്നു. മരണത്തെ ഉപജീവനത്തിലുപരി വ്യാപാരമാക്കിയവര്‍. ഉയര്‍ന്നുവരുന്ന മന്ത്രോച്ചാരണത്തോടൊപ്പം യാന്ത്രികമായി കര്‍മ്മം ചെയ്യുന്ന മക്കള്‍.

കര്‍മ്മം കഴിഞ്ഞു. കര്‍മ്മിക്ക് പോകണം. ആള്‍ക്കിന്ന് മറ്റൊരു കര്‍മ്മംകുടി ഉണ്ടെന്ന്. കുഴിവെട്ടിക്ക് കൂലി കൊടുത്തില്ലേ? ആ വിളക്ക് ഇനിയെടുക്കാം, നിലപായില്‍ ചവിട്ടരുത്, ആ വസ്ത്രങ്ങള്‍ എല്ലാം കത്തിച്ചു കളഞ്ഞേക്കു. മണ്ണാത്തികളുടെ വംശം അറ്റിരിക്കുന്നു, ഉണ്ടെങ്കില്‍ തന്നെ ആര്‍ക്കാണ് പരേതന്റെ  വസ്ത്രം വേണ്ടത്.

അല്ല തന്നെയെന്താ ആരും ഗൌനിക്കാത്തത്? തനിക്കെന്താ ഇവിടെ ഒരു സ്ഥാനവും ഇല്ലേ? .ഇപ്പോള്‍ തനിക്കല്ലേ ഏറ്റവും പ്രാധാന്യം?

എന്നാലും...

മാന്ത്രിക മുട്ട

മാന്ത്രിക മുട്ട

അയാളും ആ മരവും

അയാളും ആ മരവും