അരോഹ
വർത്തമാനം
ചൂട് കുറഞ്ഞു തുടങ്ങിയ അരോഹയുടെ ശരീരത്തിനടുത്ത് ഡാൻ മുട്ടുകുത്തിയിരുന്നു. അവളുടെ കണ്ണുകൾ പകുതി തുറന്നിരുന്നു. അവളുടെ ശോഷിച്ച കാലുകളിലൂടെ കുഞ്ഞുറുമ്പുകൾ വരിവരിയായി മുകളിലേയ്ക് കയറിത്തുടങ്ങിയിരിക്കുന്നു. താൻ സമ്മാനിച്ച കളർബോക്സിലെ നിറങ്ങൾ അപ്പോഴും അവളുടെ കറുത്ത് മരവിച്ച കൈകളിൽപ്പറ്റിച്ചേർന്നിരിക്കുന്നതും നോക്കി ഒരു നിമിഷമവൻ നിന്നു. ഒറ്റമുണ്ട്മാത്രമുടുത്ത അവളുടെ അപ്പൻഎല്ലാം കണ്ട് തേങ്ങലടക്കാൻ ബദ്ധപ്പെട്ട് ആ കുടിലിന്റെ മൂലയിൽ തലതാഴ്ത്തി ഇരുന്നു.
ഡാൻ പതിയെ എണീറ്റ് പുറത്തു കടന്നു. നടന്നു തെളിഞ്ഞ കാട്ടുവഴിയിലൂടെ അവൻ റിസോർട്ട് ലക്ഷ്യമാക്കി നടന്നു. കുടിയിലെ അർദ്ധനഗ്നരായ
ആളുകൾ കുടിലിനുള്ളിലേയ്ക്ക് വരികയും പോകുകയും ചെയ്തുകൊണ്ടിരുന്നു. പതിയെ അവന്റെ കണ്ണുകളിൽ നനവു പടരാൻ തുടങ്ങി.
ഭൂതം
തങ്ങൾ പിന്നിലാക്കി കടന്നു പോകുന്ന മരങ്ങളെയും ഭൂപ്രദേശങ്ങളെയുമോർത്ത് അമുദ ഒന്നുകൂടി ലെതെർ സീറ്റിൽ അമർന്നിരുന്നു.അതേസമയം മുകുളിന്റെ ശ്രദ്ധ മുഴുവൻ നിരത്തിലെ തിരക്കിലേയ്ക്കായിരുന്നു. പിന്നിലെ സീറ്റിൽ ഡാൻ തന്റെ ഐ പാഡിൽ ടെമ്പിൾ റണ്‍ കളിച്ചു കൊണ്ടിരിക്കുന്നു.
അയാൾ നഗരത്തിൽ സ്വന്തമായി ഒരു റിയൽ എസ്റ്റേറ്റ് കമ്പനി നടത്തുകയാണ്. ഒരു റിസോർട്ടിന്റെ റിനൊവെഷനുമായി ബന്ധപ്പെട്ടാണ് ആഴ്ചകളോളം നീളുന്ന ഈ യാത്ര. കാടിന്റെ ഉള്ളിലാണ് ഈ റിസോർട്ട്. യാത്രയെപ്പറ്റി പറഞ്ഞപ്പോൾ തന്നെ താനും വരുന്നു എന്നായി അമുദ. അങ്ങിനെയെങ്കിൽ ഇതൊരു ഫാമിലി കം ഒഫീഷ്യൽ ട്രിപ്പ് ആക്കിമാറ്റമെന്ന് മുകുളും തീരുമാനിച്ചു. ഒരു വീട്ടമ്മ മാത്രമായി ഫ്ലാറ്റിൽ അടച്ചിരിയ്ക്കുന്നു എന്ന അമുദയുടെ പരാതിതീർക്കാൻ ഇതൊരവസരമാണെന്നു അയാൾ കണ്ടു. എന്നാൽ ഡാനിനു ഈ യാത്രയോട്തീരെ താൽപര്യമുണ്ടായിരുന്നില്ല.
സ്കൂളടച്ച സമയമായിരുന്നെങ്കിലും അവനു താല്പര്യം കൂട്ടുകാരുടെ കൂടെ വീഡിയോഗെയ്മ്സും ക്രിക്കറ്റും കളിയ്ക്കുന്നതിലായിരുന്നു. ഒടുവിൽ അമുദ വളരെയധികം നിർബന്ധിച്ചിട്ടാണ് ഡാൻ യാത്രയ്ക്ക്തയാറായത്. നഗരത്തിലെ പ്രശസ്തമായ സ്കൂളിൽ ആറാം ക്ലാസ്സ് വിദ്യാർത്ഥിയാണ് ഡാൻ.
മേഘത്തുണ്ടുകൾ മലനിരകളെതൊട്ടുരുമ്മി നിൽക്കുന്നമേഘമലക്കാടുകളുടെ അതിർത്തിക്കുള്ളീലേയ്ക്ക് അവർകടന്നപ്പോഴേയ്ക്കും നേരം വൈകിയിരുന്നു. വീണ്ടുമൊരു മുക്കാൽ മണിക്കൂർ യാത്രയ്ക്ക്ശേഷം അവർ റിസോർട്ടിൽ എത്തി.
യാത്രാക്ഷീണത്താൽ ചെന്നയുടനെ ഉറങ്ങിയ ഡാൻ കാട്ടുപക്ഷികളുടെ കരച്ചിൽ കേട്ടാണ് ഉറക്കമുണർന്നത്. സ്വർണ്ണനിറമുള്ള സൂര്യകിരണങ്ങൾ തെന്നിയിറങ്ങിയ മുറിയിൽ തനിയ്ക്ക്ചുറ്റുമുള്ള ലോകം മാറിയത് വളരെപ്പെട്ടന്ന് ഡാൻ തിരിച്ചറിഞ്ഞു. പുറത്തേയ്ക്ക്നോക്കിയ അവൻ മാനംമുട്ടെ നില്ക്കുന്ന കൂറ്റൻമരങ്ങൾ കണ്ടു. തണുത്ത കാറ്റ് അവന്റെ
മുടിയിഴകളെത്തഴുകി മുറിക്കുള്ളിലെയ്ക്ക് കടന്നു. ഇതുവരെ കണ്ടിട്ടില്ലാത്ത പ്രകൃതിയുടെ വിസ്മയിപ്പിക്കുന്ന സൗന്ദര്യം അവനെ ആകർഷിച്ചു. അച്ഛനും അമ്മയും ഇതുവരെ ഉറക്കംഎണീറ്റില്ല. അവൻ പതിയെ കോട്ടേജിന്റെ
പുറത്തേയ്ക്കിറങ്ങി. ആ വർണ്ണപ്രപഞ്ചത്തിൽ മയങ്ങി അറിയാതെ അവന്റെ കാലുകൾ മുന്നോട്ടു നീങ്ങിത്തുടങ്ങി. ഒറ്റയ്ക്കായിട്ടും അവനു യാതൊരുവിധ ഭയപ്പാടും തോന്നിയില്ല. അവർണ്ണനീയമായിരുന്നു അവനു ചുറ്റുമുള്ള
മനോഹരപ്രകൃതി. എല്ലാം മറന്ന്ഡാൻ മുന്നോട്ടുനടന്നു.
വളർന്നു നില്ക്കുന്ന മരങ്ങളുടെ ഇടയിലെ ഒറ്റയടിപ്പാതയിലൂടെ മുന്നോട്ടുനീങ്ങിയ അവന്റെ കാലുകൾ പെട്ടന്ന്നിശ്ചലമായി. തൊട്ടുമുന്നിലെ മരച്ചുവട്ടിൽ ഒരു പെണ്‍കുട്ടി! ഇടതു കയ്യിൽ മുളങ്കുറ്റിയും പിടിച്ചു, മറ്റേ കൈകൊണ്ട്പൂട പൊഴിഞ്ഞ ഒരു പൂച്ചകുട്ടിയെ താലോലിച്ചു കൊണ്ടിരിയ്ക്കുന്ന അവൾക്ക് ഏകദേശം അവന്റെ അത്ര തന്നെ പ്രായമുണ്ടായിരിക്കും. ശോഷിച്ച ശരീരമുള്ള, മുട്ടറ്റം വരെയെത്തുന്ന മുഷിഞ്ഞ ഒറ്റയുടുപ്പിട്ട, കരുവീട്ടിപോലെ കറുത്ത ഒരു പെണ്‍കുട്ടി. അവൾ തന്റെ കയ്യിലിരുന്ന മുളങ്കുറ്റിയിൽനിന്നും എന്തോ ദ്രാവകം ആ പൂച്ചയുടെ വായിൽ ഒഴിച്ച്കൊടുക്കാൻ ശ്രമിയ്ക്കുകയായിരുന്നു. അവനെ കണ്ട പെണ്‍കുട്ടി തന്റെ കൈ ഉടുപ്പിൽ തുടച്ചുകൊണ്ട്ചാടി എണീറ്റു. അടുത്ത നിമിഷം അവൾ
തന്റെ പൂച്ചക്കുട്ടിയെയുമെടുത്ത് പുറകോട്ട് തിരിഞ്ഞോടി.
അവളെ വിളിയ്ക്കാൻ തുടങ്ങിയെങ്കിലും പിന്നെയെന്തോ ഓർത്ത് ഡാൻ
കോട്ടെജിലേയ്ക്ക്തിരിഞ്ഞു നടന്നു.
***************
ജോലി കുറവുള്ള ദിവസങ്ങളിൽ മുകുൽ തന്റെ കുടുംബത്തെയും കൊണ്ട് കാട്കാണാനിറങ്ങി. ഡ്രൈവർ കരിം കൂടെയുണ്ടായിരുന്നു. ഇടതൂർന്നുനില്ക്കുന്ന മരങ്ങളും, കോടമഞ്ഞണിഞ്ഞ മലനിരകളും അവരുടെ മനം കുളിർപ്പിച്ചു.
കാട്ടരുവിക്കരയിൽ വിശ്രമിയ്ക്കുകയായിരുന്നു ഒരുനാളവർ. മുകുൽ അരുവിയിലെ മീനുകളുടെ ചിത്രങ്ങൾ എടുക്കുന്നു. അമുദ വെള്ളത്തിൽ കാലിട്ട് അരുവിക്കരയിലുള്ള പാറമേൽ ഇരുന്നു. ഡാൻ കല്ലുകളെടുത്തു വെള്ളത്തിലൂടെ തെന്നിച്ചു കളിച്ചുകൊണ്ടിരിയ്ക്കുകയായിരുന്നു. പിന്നിലെന്തോ അനക്കംകേട്ട ഡാൻ തിരിഞ്ഞുനോക്കി. അവന്റെ പിറകിൽ, മരങ്ങൾക്കിടയിൽ, പൂടപൊഴിഞ്ഞ പൂച്ചക്കുട്ടിയെയും പിടിച്ച്
നില്ക്കുന്ന മുഷിഞ്ഞ വസ്ത്രങ്ങളുള്ള ആ പെണ്‍കുട്ടിയെ വീണ്ടുമവൻ കണ്ടു. അവൾ അമുദയെതന്നെ ഉറ്റുനോക്കിനില്ക്കുകയായിരുന്നു. ഡാൻ അവളുടെ അടുത്തേയ്ക്ക്ചെന്നു.
"എന്റെഅമ്മയാ". അവൻ അവളോട് പറഞ്ഞു
അവൾ ഒന്നും മിണ്ടിയില്ല. "എന്റെ പേര്ഡാൻ.എന്താ നിന്റെ പേര്"?
"അരോഹ"അവൾ കാട്ടുചുവയുള്ള മലയാളത്തിൽ പറഞ്ഞു..
"എവിടെയാ നിന്റെവീട്"?
"ആടെ..."അവൾ ദൂരെയുള്ള മലനിരയുടെ ചുവട്ടിലേയ്ക്കു വിരൽചൂണ്ടി.
"ഡാൻ..ആരാ അത്" അമുദയുടെ വിളികേട്ട്ഡാൻ തിരിഞ്ഞുനോക്കി.
"ആദിവാസികോളനിയിലുള്ള കുട്ടിയാ മാഡം". ജീപ്പിലെ ആവശ്യത്തിനു വെള്ളമെടുക്കാൻവന്ന ഡ്രൈവർ കരിം പറഞ്ഞു.
കരിം പല തവണ കാടിനോട് ചേർന്നുള്ള ആ ആദിവാസികോളനിയിൽ പോയിട്ടുണ്ടായിരുന്നു. കാട്ടിൽനിന്നും തേനും, മറ്റു ഔഷധങ്ങളും ശേഖരിച്ചു നാട്ടിൽവിറ്റാണ് ആ കോളനിയിലുള്ളവർ ജീവിയ്ക്കുന്നതെന്ന് അവൻ അവരോടു പറഞ്ഞു. സർക്കാരിന്റെ പുനരധിവാസപദ്ധതിയ്ക്ക് അത്രയധികം വഴങ്ങികൊടുക്കാത്ത കൂട്ടരാണത്രെ അവർ.
തേൻവിറ്റ് ഉപജീവനം കഴിയുന്ന മാരന്റെ മകളാണ് ഈ കുട്ടി. അവളുടെ അമ്മ എന്തോ അസുഖം വന്നു ഇവൾക്ക്മൂന്നുവയസുള്ളപ്പോൾ മരിച്ചത്രേ. പിന്നീടവളെ വളർത്തിയത് മാരനാണ്. ആദിവാസികൾക്ക്പഠന സൌകര്യം ഒരുക്കാൻ ഇപ്പൊ അധികൃതർ മുന്നോട്ടുവരുന്നുണ്ടെങ്കിലും മാരന്മകൾ പഠിയ്ക്കുന്നതിനോട്താൽപര്യമുണ്ടായിരുന്നില്ല. അയാൾ അവളെ കാടിന്റെ മകളായിതന്നെ വളർത്തി. കാട്ടിൽനിന്നും തേനെടുക്കാൻ പഠിപ്പിച്ചു.
"കനി എന്നായിരുന്നു ഇവളുടെ അച്ഛനിട്ട പേര്. കോട്ടജിൽ താമസിയ്ക്കാൻ വന്ന ഒരു ആസ്ട്രെലിയക്കാരൻ സായിപ്പ് ഇവളെ അരോഹ എന്ന് വിളിയ്ക്കാൻ തുടങ്ങി. പിന്നെ അതങ്ങുറച്ചു". കരിം ബക്കറ്റിൽ വെള്ളം നിറയ്ക്കുന്നതിനിടെ പറഞ്ഞു.
അമുദ അവളെ അടുത്തേയ്ക്ക് വിളിച്ചു. ബാഗിൽ നിന്നും ഒരു സാന്ഡ്വിച് അവളുടെ നേരെ നീട്ടി. അവൾ നിഷേധരൂപേണ തലകുലുക്കി.
"മേടിച്ചോ കൊച്ചെ...."കരിം.
മടിയോടെ അവളതുവാങ്ങി തിരിഞ്ഞുനടന്നു.
"പാവം കുട്ടി" അമുദ അരുവിയ്ക്കക്കരെയുള്ള മലനിരകളിലെയ്ക്ക്നോക്കി പറഞ്ഞു.
ഡാൻ ആരോഹ പോകുന്നതും നോക്കി . കയ്യിലെ സാന്ഡ്വിച്മുറിച്ച്, പകുതി അവൾ ആ പൂടപൊഴിഞ്ഞ പൂച്ചയ്ക്ക്കൊടുക്കുന്നത് അവൻ കണ്ടു.
വീണ്ടും പല തവണ ഡാൻ അവളെ കണ്ടു.
കാണുമ്പോളൊക്കെ അവൻ അവളോട് സംസാരിയ്ക്കാൻ ശ്രമിച്ചു.
ആദ്യമൊക്കെ നാണംകുണുങ്ങി നിന്നെങ്കിലും പതിയെ അവൾ ഡാനിനോടും കുടുംബത്തോടും അടുത്തു തുടങ്ങി.
ദിവസങ്ങൾ കഴിഞ്ഞു. ഓരോ തവണ കാണുംതോറും അരോഹ ഡാനിനോട്കൂടുതൽ സംസാരിയ്ക്കാൻ തുടങ്ങി.അവർ കാട്ടിലെ വിശേഷങ്ങളും നാട്ടിലേ വിശേഷങ്ങളും പരസ്പരം പങ്കു വച്ചു. കുറഞ്ഞ ദിവസങ്ങൾ കൊണ്ട് അവർ നല്ല സുഹൃത്തുക്കളായി മാറി.
ഒരിയ്ക്കൽ അവൻ അവൾക്കു ഒരുകളർബോക്സ് സമ്മാനമായി നല്കി.അവളുടെ കണ്ണുകൾ തിളങ്ങുന്നത് അവൻ കണ്ടു. അന്നാണ് അരോഹ ഏറ്റവും കൂടുതൽ സന്തോഷിച്ചു ഡാൻ കണ്ടത്.
അതിനു പകരമെന്നോണം അരോഹ പിറ്റേന്ന് ഡാനിനെ കാട്ടിലെ അവളുടെ ഏറ്റവും പ്രിയപ്പെട്ട സ്ഥലം കാണിയ്ക്കുവാൻ കൂട്ടിയ്ക്കൊണ്ടു പോയി. കാടിനോട് ചേർന്നു കിടക്കുന്ന മലനിരകളിലൊന്നിൽ ആ കാട് മുഴുവൻ നോക്കികാണാൻ പറ്റിയ തുറസ്സായ ഒരു പ്രദേശമുണ്ടായിരുന്നു. കാടിന്റെ മക്കൾ അതിനെ ആനമല എന്ന് വിളിച്ചു. അവിടെയ്ക്കാണ് അരോഹ അവനെ കൊണ്ട് പോയത്.
ഡാനിന്റെ കൂടെ കരീമിനെ കൂടെ അമുദവിട്ടിരുന്നെങ്കിലും അയാൾ പകുതിവഴിയിൽ ആദിവാസികോളനിയിലെ വാറ്റുചാരായം അന്വേഷിച്ചുപോയി. അമ്മയോട്പറയെരുതെന്ന് അയാൾ ഡാനിനോട് അപേക്ഷിച്ചിരുന്നു.
നേരം ഉച്ചകഴിഞ്ഞിരുന്നുവേഉള്ളു എങ്കിലും മലമുകളിൽ മേഘക്കൂട്ടം മൂടി നിന്നിരുന്നു. തണുത്ത അന്തരീക്ഷം. മലമുകളിൽനിന്നും താഴേയ്ക്ക്നോക്കിയ ഡാൻ തന്റെജീവിതത്തിലെ ഏറ്റവും സുന്ദരമായ കാഴ്ചകണ്ടു. പച്ചപ്പ്‌നിറഞ്ഞ കാടിന്റെ മുകളിലൂടെ ഒഴുകിക്കിടക്കുന്ന കോടമഞ്ഞ്. കണ്ണെത്താത്ത ദൂരത്തോളം പരന്നുകിടക്കുന്ന വനസൌന്ദര്യം.
അവൻ നിമിഷങ്ങളോളം ആ ദൃശ്യഭംഗിയിൽ മുഴുകിനിന്നു.
"ഇതാ ഏന് ഈ കാട്ടിൽഏറ്റം പിടിച്ച ഇടം"അരോഹ അവനോടു പറഞ്ഞു.
"അരോഹ...യു ആർ മൈ ബെസ്റ്റ്ഫ്രണ്ട്", ഡാൻ നിറഞ്ഞ മനസ്സോടെ അവളോട് പറഞ്ഞു.
ഒന്നും മനസിലായില്ലങ്കിലും അവൾ അവനെനോക്കി ചിരിച്ചു.
അവർ മലയിറങ്ങി. കാട്ടിലൂടെ കോട്ടേജിലേയ്ക്കുള്ള വഴിയിലൂടെനടന്നു. ആദ്യമായിട്ടാണ് അവൻ അച്ഛനും അമ്മയുമില്ലതെ കാട്ടിലൂടെ ഇത്രദൂരം സഞ്ചരിച്ചത്. പെട്ടന്നെത്താൻ വേണ്ടി അവർ വേഗത്തിൽ നടക്കുവാൻ തുടങ്ങി.
പോകുന്ന വഴിയിൽ അവർക്ക് ഒരു അരുവി കടക്കണമായിരുന്നു. താഴേയ്ക്ക് ഒഴുക്കുള്ള ആ അരുവിചെന്നു ചേരുന്നത്കാട്ടിലുള്ള ഒരു വെള്ളച്ചാട്ടത്തിലായിരുന്നു.
അരുവിയിലെ പാറകളിൽ നല്ല തെന്നൽ ഉണ്ടായിരുന്നു. "സൂഷിച്ചുനടക്ക്, അരോഹ അവനോടു പറഞ്ഞു. “അരോഹ.ഐ നോ ഹൌറ്റു ഡൂദിസ്”, ഡാൻ ഒരു ചെറുപുച്ഛത്തോടെ പറഞ്ഞു. പെട്ടന്ന് അവന്റെ കാൽ പാറയിൽനിന്നും തെന്നി. അവൻ താഴേയ്ക്ക് ഒഴുകാൻ തുടങ്ങി. ഡാൻ വിറച്ചുപോയി.ഫ്ലാറ്റിലെ സ്വിമ്മിംഗ്പൂളിൽ നീന്തിയുള്ള എക്സ്പീരിയൻസ്പോലും ഉണ്ടായിരുന്നില്ല. പാറകളിൽ തട്ടി അവൻ പതിയെ ഒഴുകി താഴേയ്ക്ക് നീങ്ങിക്കൊണ്ടിരുന്നു. ഒഴുക്ക്കുറവായിരുന്നെങ്കിലും പരിഭ്രമത്തിൽ ഡാനിനു എങ്ങും പിടുത്തം കിട്ടുന്നുണ്ടായിരുന്നില്ല. താൻ മരിയ്ക്കാൻ പോകുകയാണെന്ന് അവനു തോന്നി.പതിയെ അവന്റെ കണ്ണുകളിൽ ഇരുട്ട്കയറി.
ഓർമ്മവരുമ്പോൾ താൻ അരുവിക്കരയിലുള്ള മരച്ചുവട്ടിൽ കിടക്കുകയാണ് എന്നവൻ കണ്ടു. അവന്റെ അടുത്തായി അരോഹ മുട്ട്കുത്തി ഇരുപ്പുണ്ടായിരുന്നു. അവൾ ആകെ നനഞ്ഞിരുന്നു. അവളുടെ മുടിയിലൂടെ വെള്ളം ഇറ്റു വീഴുന്നുണ്ടായിരുന്നു.
"ചത്ത് പോയീന്നു ഭയന്നാ", അവൾ അവനെ നോക്കി ചിരിച്ചു.
"നീ ഇത്രേം സ്ട്രോങ്ങ്‌ആ"? വിക്കിവിക്കി അവൻ ചോദിച്ചു.
ഒന്നും മനസ്സിലാകാതെ അരോഹ വീണ്ടും ചിരിച്ചു. എന്നിട്ട്പറഞ്ഞു
“ഞാള്കാടിന്റെ സൊന്താ. ഏനറിയാ ഈ കാടിനെ”.
ആ സംഭവത്തോടെ അവരുടെ സൗഹൃദം കൂടുതൽ ഊഷ്മളമായി.
ദിവസേന അവർ കണ്ടുമുട്ടി. കാടിന്റെ സൌന്ദര്യം കാണിച്ചു കൊടുത്തു കാട്ടുവിശേഷങ്ങൾ ആരോഹ ഡാനിനു കൈമാറിയപ്പോൾ , നാട്ടിലെ സ്കൂളിനെപ്പറ്റിയും, കൂട്ടുകാരെക്കുറിച്ചും , മറ്റു സൌകര്യങ്ങളെക്കുറിച്ചും ഡാൻ അരോഹയ്ക്ക് വിവരിച്ചു കൊടുത്തു.
ഒരുനാൾ പതിവ്പോലെ ഡാൻ ആരോഹയെ കാത്ത് ചെങ്കീരിപ്പാറയുടെ ചുവട്ടിലിരുന്നു. അന്നവൾവന്നില്ല. അടുത്ത ദിവസങ്ങളിലൊന്നും അവൾ അവനെ കാണാൻ വന്നില്ല. അവളെ കാത്തിരുന്നു മടുത്ത് ഒരുനാൾ അവൻ അവളുടെ കുടിയിലെത്തി. അതിന് അവനെ സഹായിച്ചത്കരീമായിരുന്നു. ആദ്യമായി ആയിരുന്നു അവൻ അവിടെ പോകുന്നത്. ആരോഹ പലപ്രാവശ്യം അവനെ ക്ഷണിച്ചിരുന്നെങ്കിലും അവൻ പിന്നീടാവട്ടെ എന്ന്പറഞ്ഞു നീട്ടിവെയ്ക്കുകയായിരുന്നു.
ഏതാനം നിമിഷങ്ങൾക്കകം ഇടിഞ്ഞുവീഴും, എന്ന്തോന്നിച്ച ഒരുകുടിലിന്റെ മുൻപിൽ കരീം ഡാനിനെ കൊണ്ടു നിർത്തി. ഓല കൊണ്ടുണ്ടാക്കിയ വാതിൽ തുറന്നു ഡാൻ അകത്തുകയറി.
അകത്ത്, വിരിച്ചിട്ട ഒരു ചാക്കിന്മുകളിൽ ആരോഹകിടക്കുന്നുണ്ടായിരുന്നു. അവൾ രോഗിയായിരുന്നു. അവൾ ചെറുതായി വിറയ്ക്കുന്നുണ്ടായിരിരുന്നു.
അവളുടെ ചുണ്ടുകൾ വിളറിയിരുന്നു. കണ്‍പോളകൾ തുറന്നുപിടിയ്ക്കാൻ അവൾ ബുദ്ധിമുട്ടി. നെറ്റിയിൽ വന്നിരുന്ന ഈച്ചയെ കൈയ്യുയർത്തി അകറ്റാൻപോലും അവൾക്കാവുന്നില്ല. അവളുടെ പ്രിയപ്പെട്ട പൂച്ചക്കുട്ടി അവൾ കിടന്നിരുന്ന പായയിൽ മാന്തിക്കൊണ്ടിരുന്നു.
അവനെ കണ്ടു അരോഹ ഒരു വിളറിയ ചിരി ചിരിച്ചു.
"ഓൾക്ക്കാട്ടുപനിയാ", ഒറ്റമുണ്ടുടുത്ത് അവളുടെ അടുത്തിരുന്ന ഒരുമധ്യവയസ്ക്കൻ പറഞ്ഞു. അതവളുടെ അപ്പനാണെന്ന് അവനുമനസിലായി.
"മരുന്ന്കൊടുത്തില്ലേമാരാ",കരീം ചോദിച്ചു.
"കാട്ടുമരുന്ന്പിഴിഞ്ഞ്കൊടുത്തുമ്ബ്രാ". "നാട്ടിൽനിന്നു വൈദ്യൻവരാൻ നോക്കിയിരിയ്ക്കുവാ"
"നീ നോക്കിയിരിയ്ക്കാതെ കൊച്ചിനേം എടുത്തു ആശുപത്രീ പോ മാരാ".
"അസുഖം മാറുമ്പ ഏൻ വരാം ...നമുക്ക് ആനമലെ പോവാം", പതറിയ സ്വരത്തിൽ അരോഹ പറഞ്ഞു.
ഡാനിനു വിഷമം തോന്നി.
"പതുക്കെ മതി.നിന്റെ അസുഖംമാറട്ടെ" അവൻ പറഞ്ഞു
"ഒത്തിരിനിക്കണ്ട..ചെലപ്പെങ്കി പകരും"അവളുടെ ശബ്ദം വീണ്ടും പതറി.
"ശരിയാകുഞ്ഞേ നമുക്ക്പോകാം "കരീം.
ഡാൻ എണീറ്റു. കുടിലിൽനിന്നു പുറത്തുകടക്കുന്നതിനുമുൻപ് അവൻ തിരിഞ്ഞ്ഒരിയ്ക്കൽകൂടി ആരോഹയെ നോക്കി. അവൾ അവനെ തന്നെനോക്കികിടക്കുകയായിരുന്നു. അവൻ നോക്കിയപ്പോ അവൾ കയ്യുയർത്തി കാണിച്ചു.
ഡാൻ തിരിച്ചു കോട്ടേജിൽ എത്തിയപ്പോൾ രാത്രിയായിരുന്നു. ആദിവാസികോളനിയിൽ പോയതിനു അമുദ ഡാനിനെ ശകാരിയ്ക്കുകയും അവനു പനി വരുമോ എന്നഭയത്താൽ മുന്കരുതലായുള്ള മരുന്നുകൾ കൊടുക്കുകയും ചെയ്തു. നന്നായി ക്ഷീണിച്ചിരുന്ന അവൻ അന്ന്നേരത്തെ കിടന്നുറങ്ങി.
പിറ്റേന്ന് പതിവിൽ കൂടുതൽ നേരം കിടന്നുറങ്ങി എണീറ്റ ഡാൻ കണ്ടത് മുറ്റത്ത് അച്ഛനോടും അമ്മയോടും സംസാരിച്ചു കൊണ്ട് നില്ക്കുന്ന കരീമിനെയാണ്. എന്തോ ഗൗരവമുള്ള കാര്യമാണ് അവർ സംസാരിയ്ക്കുന്നത് എന്നവനു തോന്നി.അവൻ മുറ്റത്തേയ്ക്ക് ഇറങ്ങി ചെന്നു. അമുദയുടെ മുഖം വല്ലതിരിയ്ക്കുന്നത് അവൻ കണ്ടു. അവനോടു എന്തോ പറയാൻ അമ്മ ബുദ്ധിമുട്ടുന്നതായി അവനു തോന്നി.
ഡാനിന്റെ തോളിൽ കയ്യിട്ടു അമുദ പതിയെ അവനോടു പറഞ്ഞു.
“മോനെ ...നിന്റെ ഫ്രണ്ട്,….ആ കോളനിയിലെ കുട്ടി മരിച്ചു പോയി..!”
ഡാൻ ഒന്ന് ഞെട്ടി. . ഉള്ളിലെവിടെയോ ആരോ കരയുന്നതായി അവനു തോന്നി. ചുറ്റുമുള്ള മരങ്ങളും , അച്ഛനും അമ്മയും കരീമും ജീപ്പും ഒക്കെ മങ്ങിപ്പോകുന്നതായി അവനു തോന്നി...
ഭാവി
കോണ്‍ക്രീറ്റ് വനത്തിൽ മിടുക്കനായി ഡാൻ വളരും. അവന്റെ അച്ഛന്റെയും അമ്മയുടെയും പ്രതീക്ഷകൾക്കൊത്ത് അവൻ ജീവിത വിജയം നേടും. അവന്റെ ജീവിതത്തിലൂടെ വളരെയധികം സ്ത്രീകൾ കടന്നു പോവും. അതിലൊരാളെ അവൻ വിവാഹം കഴിയ്ക്കും. അവർക്ക് ഒരു പെണ്കുഞ്ഞുണ്ടാകും. ആ കുഞ്ഞിന്റെ ഓമനത്തം കണ്ടു എല്ലാരും അവളുടെ താടിയിലോ കവിളിലോ പിടിയ്ക്കുകയോ, വേദനിപ്പിയ്ക്കാതെ ഞ്ഞുള്ളുകയോ ചെയ്തു കൊണ്ട് ചോദിയ്ക്കും
“എന്താ മോളുടെ പേര്”?
നാണിച്ചു കൊണ്ട് ആ ഓമന പറയും “അരോഹ....”!
അത് കേൾക്കുമ്പോൾ ഡാനിന്റെ മനസ്സ് കുതിച്ചു പായും ...ദൂരെ..അങ്ങ് ദൂരെ മേഘമല കാടുകളിലേയ്ക്ക്.... മഞ്ഞുമൂടിയ ആനമലയുടെ മുകളിലേയ്ക്ക്...കാട്ടരുവിയുടെ തീരത്തേയ്ക്ക്.
അപ്പൊ അവന്റെ കണ്‍കോണുകളിൽ ചെറുമുത്തുകൾ വന്നു തിളങ്ങും.