Kadhajalakam is a window to the world of fictional writings by a collective of writers

അന്ത്യരതി

അന്ത്യരതി

കാലം അഥവാ സമയം ! കാത്തു നിൽക്കാത്ത ഓട്ടക്കാരൻ. ഓട്ടമാണ് ധർമ്മം. നിൽക്കാൻ പാടില്ല, വേഗത കുറയ്ക്കാൻ പാടില്ല...നില നിൽപ്പിന്റെ പ്രശ്നമാണ്…ഭൂമിയുടെ,...സർവ ചരാചരങ്ങളുടെ ...!!!

വിജയകുമാർ- ജയിൽ സൂപ്രണ്ട്

ഒടുവിൽ ഞാൻ അവനെ വിവരമറിയിച്ചു. ഇരുപത്തിയേഴാം തീയതി വെളുപ്പിന് നാല് മണിയ്ക്കാണതെന്ന് . ഔദ്യോഗികമായി അറിയിയ്ക്കേണ്ടത് എന്റെ കടമയായിരുന്നു. നിർവികാരനായി അവനതു കേട്ടു. എന്തെങ്കിലും ആഗ്രഹങ്ങളുണ്ടങ്കിൽ അറിയിയ്ക്കാം എന്ന് പറഞ്ഞപ്പോൾ, പറയാം എന്ന് മാത്രം പറഞ്ഞ് അവൻ സെല്ലിലെ ഇരുട്ടിലേക്ക് നടന്ന് പോയി.

താൻ ഡ്യൂട്ടിയിൽ ചേർന്ന ശേഷം കഴുമരത്തിലേറാൻ പോകുന്ന നാലാമത്തെയാളാണവൻ. അപൂർവങ്ങളിൽ അത്യപൂർവങ്ങളായ കുറ്റങ്ങൾക്കാണ് വധശിക്ഷ. ഒരു കുടുംബത്തിലെ അച്ഛനും അമ്മയും രണ്ടു പിഞ്ചു കുഞ്ഞുങ്ങളുമടക്കം നാല് പേരെ കൊലപ്പെടുത്തിയതിനാണ് നിയമം അവനു വധശിക്ഷ വിധിച്ചിരിയ്ക്കുന്നത്. അപ്പീലുകളും ദയാ ഹർജികളും തള്ളപ്പെട്ടതിനൊടുവിൽ അനിവാര്യമായ വിധി അവനെത്തേടി വന്നിരിയ്ക്കുന്നു. ഒരു കുറ്റവാളിയോട് പോലും തനിയ്ക്ക് സഹതാപം തോന്നിയിട്ടില്ല.. തോന്നുകയുമില്ല. അത് പണ്ടേ തന്നെ മനസ്സിൽ തീരുമാനിച്ചുറപ്പിച്ചതാണ്. എന്നാൽ ഇവൻ...ഇരുപത്തിയൊന്ന് വയസ്സ് മാത്രമാണവന്റെ പ്രായം. വിടരുന്നതിനു മുൻപേ തന്നെ കൊഴിയേണ്ടി വരുന്ന പൂവ്!

ഇരുപത്തിയൊന്ന് വയസ്സിൽ അവൻ കാട്ടിക്കൂട്ടിയത് ഒരായുസ്സിന്റെ കുറ്റകൃത്യങ്ങളാണ്. ഒരായുസ്സിന്റെ മുഴുവൻ തെറ്റുകൾ!!

" സർ ചായ " ചായക്കപ്പ്‌ മേശയിൽ വെച്ച് ജമാൽ നടന്നു പോയി. കപ്പെടുത്ത് ജനലിനടുത്തു ചെന്ന് നിന്ന് പുറത്തേക്കു നോക്കി. വെളിയിൽ, ഇന്നലെ പെയ്ത മഴയുടെ ഓർമ്മപ്പെടുത്തലായി വെള്ളം കെട്ടിക്കിടന്നു. മതിലിനോട് ചേർന്ന്, ജയിലിലെ അന്തേവാസികൾ നട്ട ചെടികൾ ഇളം കാറ്റടിച്ച് നൃത്തം വച്ചു.

കണ്ണുകൾ അറിയാതെ കണ്ടംഡ് സെല്ലുകൾക്കു നേരെ പോയി. അവൻ....അവനെന്തെടുക്കുകയായിരിയ്ക്കും ഇപ്പോൾ??

പ്രോത്താസീസ്- കച്ചവടക്കാരൻ, രാഷ്ട്രീയക്കാരൻ, ഗുണ്ടാ തലവൻ

അയാൾ ഫോണിൽ ആരോടോ സംസാരിച്ചു കൊണ്ടിരിയ്ക്കുകയായിരുന്നു. തൊട്ടടുത്ത്, പതിവ് പോലെ മമ്മാലി ആജ്ഞകൾ കാത്തു നിന്നു. പ്രോത്താസീസിന്റെ പ്രിയ നായ സിംബോ കോഫി ടേബിളിന്റെ അടിയിലേക്ക് നുഴഞ്ഞു കയറിയ പാറ്റയെ തുരത്താൻ കിണഞ്ഞു പരിശ്രമിച്ചു കൊണ്ടിരുന്നു.

നീണ്ട സംസാരത്തിനു ശേഷം അയാൾ ഫോൺ താഴെ വച്ചു.

"മമ്മാലി..."

പ്രോത്താസീസിന്റെ വിളിയിൽ പതിവില്ലാത്ത മൃദുത്വം മമ്മാലി ദർശിച്ചു.

"ഓ...."

"ജയിലിൽ നിന്നു പ്രാഞ്ചിയാ വിളിച്ചേ. അവനെ തൂക്കാനുള്ള തീയതി നിശ്ചയിച്ചു. ഇനി നമുക്കൊന്നും ചെയ്യാനില്ല".

ചത്ത പാറ്റയുമായി കളിച്ചു കൊണ്ടിരുന്ന സിംബോയെ നോക്കി അയാൾ നെടുവീർപ്പിട്ടു.

"പണത്തിന്റെ കളികൾ കഴിഞ്ഞു...ഒക്കെ വെറുതെയായി". അയാൾ സോഫയിൽ കൂടുതൽ അമർന്നിരുന്നു.

മമ്മാലി നിശബ്ദത പാലിച്ചു.

"അവൻ ഒരാഗ്രഹം പറഞ്ഞിട്ടുണ്ട്. എന്ത് ബുദ്ധിമുട്ടു വന്നാലും , എത്ര പണം ചിലവായാലും, ആരെയൊക്കെ ഇടപെടുത്തേണ്ടി വന്നാലും അത് സാധിച്ചു കൊടുക്കണം"

"ഓ .."

പ്രോത്താസീസ് സോഫയിൽ നിന്നു എണീറ്റു. "വിശ്വസ്തനാണവൻ......ഞാൻ കണ്ടതിൽ വച്ച് ഏറ്റവും വിശ്വസ്തൻ.. "

അയാൾ ഒരു സിഗരറ്റിനു തീ കൊളുത്തി, മുറിയിലൂടെ രണ്ടു ചുവടു വച്ചതിനു ശേഷം തിരിഞ്ഞു നിന്നു .

"ഓർമ്മ വച്ചു തുടങ്ങിയപ്പോൾ കൂടെ കൂടിയതാണവൻ....മമ്മാലിയ്ക്കു അറിയാല്ലോ"

മമ്മാലി നിശബ്ദത പാലിച്ചു

"മന്ത്രിമാരെപ്പോലും താഴെ ഇറക്കാൻ സാധിച്ച എനിയ്ക്ക് ഇവനെ എന്ത് കൊണ്ട് രക്ഷിയ്ക്കാൻ സാധിച്ചില്ല മമ്മാലി?"

പ്രോത്താസീസ് ആദ്യമായി വികാരാധീനനാകുന്ന അത്ഭുതം മമ്മാലി കണ്ടു.

പ്രോത്താസീസിനെതിരെ നേർക്ക് നേർ യുദ്ധം ചെയ്യാൻ ധൈര്യപ്പെട്ടവരിലൊരുവനായിരുന്നു ഡെസ്‌മെൻ. പറങ്കിചോരയുടെ ഊറ്റത്തിൽ കച്ചവടത്തിലും, രാഷ്ട്രീയത്തിലും , പ്രോത്താസീസിനെതിരെ അയാൾ വാളെടുത്തു. പരിധിയ്ക്കപ്പുറം പോയ നിമിഷം, ഡെസ്‌മെൻറെ കുടുംബത്തെ തീർക്കാൻ പ്രോത്താസീസ് തീരുമാനിച്ചു. ആ നിയോഗം അവനായിരുന്നു. അങ്ങിനെ അവൻ ആ കുടുംബം അവസാനിപ്പിച്ചു.

എന്നാൽ ഇത്തവണ കറകൾ അത്രയെളുപ്പം മായിച്ചു കളയാൻ പ്രോത്താസീസിന്‌ കഴിഞ്ഞില്ല. അത്ര ശക്തമായിരുന്നു തെളിവുകൾ. കൂടെ ശക്തരായ സാക്ഷികളും. പ്രോത്താസീസിനെ ലക്‌ഷ്യം വച്ചിരുന്ന കമ്മിഷണർ ഉൾപ്പടെയുള്ളവർ അതി ശക്തമായി പിടി മുറുകിയതോടെ ജീവിതത്തിൽ ആദ്യമായി പണം പ്രോത്താസീസിനെ കൈ വിട്ടു. നീണ്ട നാളിലെ നിയമയുദ്ധങ്ങൾക്കും അപ്പീലുകൾക്കും ഹർജികൾക്കും ശേഷം പ്രോത്താസീസ് തോറ്റു പോയി, ജീവിതത്തിൽ ആദ്യമായി!

"എന്ത് വില കൊടുത്തും അവന്റെ ആഗ്രഹം സാധിച്ചു കൊടുത്തിരിയ്ക്കണം മമ്മാലി.." പ്രോത്താസീസിന്റെ ദൃഢമായ ശബ്ദം മമ്മാലിയെ ചിന്തകളിൽ നിന്നുണർത്തി.

മമ്മാലി മൊബൈലെടുത്തു.

സുഷമ - ശരീരം വിൽക്കുന്നവൾ

വിലകുറഞ്ഞ ലിപ്സ്റ്റിക്കിൽ നിന്നും കഷ്ടപ്പെട്ട് ഉരച്ചെടുത്ത ആകെയുള്ള ചായം സുഷമ കീഴ്ച്ചുണ്ടും മേൽചുണ്ടും പരസ്പരം അമർത്തി, ബാലൻസ് ചെയ്തെടുത്തു. മുക്കിലെ സാലിയണ്ണൻറെ കടയിലെ മുല്ലപ്പൂക്കളുടെ ഒരു ചെറു കുല അവളുടെ പിന്മുടിക്കെട്ടിൽ സ്ലൈഡിന്റെ പിന്ബലത്താൽ തൂങ്ങിക്കിടന്നു. മാറിടത്തിന്റെ സമൃദ്ധി ആവോളം വെളിവാക്കുന്ന തരത്തിൽ മുന്താണി പിടിച്ചിട്ട്, അവൾ കണ്ണാടിയിൽ സ്വയം വിലയിരുത്താൻ തുടങ്ങി.

"ഒരുക്കം കഴിഞ്ഞില്ലേ സുഷു"..തൊണ്ടക്കുഴിയിലെ കഫക്കെട്ടിനിടയിലൂടെ കഷ്ടപ്പെട്ട് ഞരങ്ങി നിരങ്ങി വെളിയിൽ ചാടിയ ശബ്ദത്തിനകമ്പടിയോടെ മെലിഞ്ഞു മധ്യവയസുള്ള രൂപം മുറിയിൽ പ്രത്യക്ഷപ്പെട്ടു.

"കഴിഞ്ഞ് അണ്ണാ….ഒന്ന് ക്ഷമി…. " സുഷമ അലമാരയുടെ ഡ്രോയറിൽ നിന്നെടുത്ത വില കുറഞ്ഞ പെർഫ്യൂം ബ്ലൗസിന് മീതെ ഇരു കക്ഷങ്ങളിലും , കൈ തണ്ടയിലും പൂശികൊണ്ട് പറഞ്ഞു.

"വേഗമാട്ട്….ഇച്ചിരെ റിസ്ക് ഒള്ള ഏർപ്പാട് തന്നെ ഇന്നത്തേത്" ശ്രീകണ്ഠൻ പച്ചനൂൽക്കെട്ടുള്ള ബീഡി ആഞ്ഞു വലിച്ചു.

"അല്ല എനിയ്ക്കറിയാമ്പാടില്ലാഞ്ഞിട്ടാണ് ...ഈ ചെറുപ്പക്കാരൊക്കെ ന്യൂ ജനെറേഷൻ ആണന്നൊക്കെ പറഞ്ഞിട്ട് ഈ പണിയ്‌ക്കെന്താണ് ഫീൽഡ് ഔട്ട് ആകാറായ നമ്മളെ വിളിയ്ക്കണത് '? സുഷമ കട്ടിലിൽ കിടന്നിരുന്ന തന്റെ റെക്സിൻ ഹാൻഡ്ബാഗെടുത്ത് കയ്യിൽ പിടിച്ചു.

"ഞാൻ പറഞ്ഞില്ലേ ചെല്ലക്കിളി ...അവൻ ജേലിലെ പ്രതി തന്നെ ...മറ്റന്നാൾ തൂക്കു മരത്തിലോട്ട് പൊണ്ട ചീളു ചെക്കൻ. പക്ഷേങ്കി അവന്റെ മുതലാളി സംഭവാണ്. യെവനെ രക്ഷിയ്ക്കാൻ അയാള് മാക്സിമം നോക്കി കെട്ടാ. ചെക്കന്റെ തലേ വിധി….തൂക്കം മാറ്റാൻ വയ്യന്നു പ്രസിഡന്റ് കൂടെ പറഞ്ഞതോടെ എല്ലാ വഴിയും അടഞ്ഞ്." ശ്രീകണ്ഠൻ മുതുകു പൊളിഞ്ഞു തുടങ്ങിയ സ്റ്റൂളിൽ ആസനം പകുതിയമർത്തിയിരുന്നു.

"എന്നിട്ട്..?? കൗതുകത്താൽ ഹാൻഡ്ബാഗിൽ തിരുപ്പിടിച്ച് സുഷമ അലമാരയിൽ ചാരി നിന്നു.

"ചെക്കനോട് അവസാന ആഗ്രഹം എന്തരേലുമുണ്ടോ എന്ന് ജയിലീന്ന് ചോദിച്ച്. സാദാരണ ഒരുമാതിരിപെട്ടവരൊന്നും ഒരു ആഗ്രഹവും പറയത്തില്ല കെട്ടാ... എന്നാ യെവൻ ...എല്ലാരേം ഞെട്ടിച്ച്. ചാകുന്നെനു മുന്നേ അവനൊരു പെണ്ണിന്റെ കൂടെ കിടക്കണം എന്ന് ഇടം വലം നോക്കാതങ്ങ് പറഞ്ഞു കളഞ്ഞു."

ശ്രീകണ്ഠൻ പുകയെടുക്കാൻ ഒരു നിമിഷം നിർത്തി. ആസ്വദിച്ച് പുറത്തേയ്ക്കു പുകയൂതി വിട്ടു കൊണ്ട് അയാൾ തുടർന്നു.

" ആദ്യം തമാശയാണെന്നാണ് ഏമാന്മാർ വിചാരിച്ചത്...പക്ഷെ സംഗതി തീരിയസ് ആണെന്ന് പിന്നീടവർക്കു മനസ്സിലായി. മര്യാദയ്ക്കും തെറി വിളിച്ചുമൊക്ക അവനെ പറഞ്ഞു മനസ്സിലാക്കാനാവർ ശ്രമിച്ചു. പക്ഷെ ഇത് പറ്റത്തില്ലേ വേറെ ആഗ്രഹമൊന്നും ഇല്ല എന്നവൻ പറഞ്ഞു കളഞ്ഞു. പോലീസുകാരുടെ കൂട്ടത്തീ അവന്റെ മുതലാളീടെ കാശ് മേടിയ്ക്കുന്ന ആരോ ഈ വിവരം അങ്ങേരെ അറിയിച്ചു. എന്ത് വില കൊടുത്തും അവന്റെ ആഗ്രഹം അങ്ങ് സാധിച്ചു കൊടുക്കാൻ മുതലാളിയും തീരുമാനിച്ചു. സൂപ്രണ്ട് അടക്കം പലരും അടങ്കലെതിർത്തു. പക്ഷേങ്കി സ്വത്തു മുഴുവൻ കൊടുത്തായാലും അവന്റെ ആഗ്രഹം സാധിച്ചു കൊടുക്കുമെന്ന് അവന്റെ മുതലാളിയും! അങ്ങിനെ എറിയേണ്ടിടത്തൊക്കെ കാശെറിഞ്ഞ് അയാളത് ഒപ്പിച്ചെടുത്ത് കേട്ടാ "

"അങ്ങനാണേ നല്ല പെടയ്ക്കണ കിളികള് വേറെയില്ലേ അണ്ണാ ഈ പട്ടണത്തില്? പിന്നെന്തിനാ എന്നെ പോലൊരെണ്ണം? സുഷമയ്ക്ക് ജിജ്ഞാസ അടക്കാനായില്ല.

"അതാണവനോട് തന്നെ ചോദിയ്ക്കണം ചെല്ലക്കിളി....ചിലപ്പോ വെറൈറ്റീന്റെ ആളാരിയ്ക്കും അവനെന്ന്" ശ്രീകണ്ഠൻ ഒരു വൃത്തികെട്ട ചിരി ചിരിച്ചു.

സുഷമ ജനലിലൂടെ വെളിയിലേക്കു നോക്കി....നഗരത്തിൽ ഇരുട്ട് വീണു തുടങ്ങിയിരുന്നു.

ഞാൻ .....??

നിമിഷങ്ങൾ അടുത്ത് കൊണ്ടിരിയ്ക്കുകയാണ്. സമയം കടന്നു പോകുന്നു...എന്റെ കാലവും കടന്നു പോകാറായിരിയ്ക്കുന്നു...ഭയമുണ്ടോ? അറിയില്ല ...സ്നേഹമായിരുന്നു എല്ലാത്തിനോടും...എല്ലാവരോടും.....മോഷണം ... കൊലപാതകങ്ങൾ.. ....പണം... നിലവിളികൾ , വേദനകൾ .....ഇഷ്ടമാണ് എനിയ്ക്ക് ... എല്ലാമെല്ലാം ഇഷ്ടമാണ്!!

"വാടാ വദൂരി...." പ്രാഞ്ചി പൊലീസാണ്. അയാൾ സെൽ തുറന്നു തന്നു.

വെളിയിൽ ഇരുട്ടും നിലാവും ഗുസ്തി നടത്തുന്നു. പതിയെ പ്രാഞ്ചിയുടെ പുറകെ നടന്നു.

സൂപ്രണ്ട് സാറിന്റെ മുറിയുടെ മുന്നിലെത്തിയപ്പോൾ അകത്തേയ്ക്കു നോക്കി..ആരുമില്ല!....ഈ ഏർപ്പാടിന് നിന്ന് കൊടുക്കാൻ സാറിനു തോന്നിക്കാണില്ല...മനസ്സ് പൊട്ടിച്ചിരിയ്ക്കുന്നത് കേട്ട് ഉല്ലാസത്തോടെ പ്രാഞ്ചിയുടെ പുറകെ നടന്നു ഞാൻ.

പുറം പണിയ്ക്കുള്ള ആയുധങ്ങളും മറ്റും വച്ചിരിയ്ക്കുന്ന സ്റ്റോറിന്റെ മുന്നിലെത്തിയപ്പോൾ പ്രാഞ്ചി നിന്നു.

" ഡാ...സാധനം അകത്തുണ്ട് ....നീ ഒത്തിരി ഒച്ചയൊന്നും ഉണ്ടാക്കിപ്പിയ്ക്കരുത് ...ഒരു മണിക്കൂര് കഴിഞ്ഞു വരം ഞാൻ ...” വികൃതമായി ചിരിച്ച് അയാൾ തിരികെ നടന്നു.

പതിയെ കതകു തുറന്നു. അകത്ത് അറുപതിന്റെ ഒരു ബൾബ് മങ്ങിക്കത്തുന്നുണ്ട്. വാതിലടച്ചപ്പോൾ കണ്ടു .....നിലത്ത് , പിഞ്ഞിക്കീറിയ പുൽപായിൽ....അവൾ!!

പതിയെ അടുത്ത് ചെന്നിരുന്നു. അവളെന്നെ നോക്കിയൊന്നു ചിരിച്ചു. അവളെ ഉറ്റു നോക്കി ഞാൻ നിലത്തു ചമ്രം പടഞ്ഞിരുന്നു.

"അല്ലാ... ഇങ്ങനെ ഇരുന്നാൽ മതിയോ .....സാരി അഴിയ്ക്കട്ടെ "?

ചായമിട്ട ചുണ്ടുകളുടെ ചലനം.

"വേണ്ട" ശബ്ദം വെളിയിൽ ചാടി.

" വേണ്ടേ ..പിന്നെ??" അവളുടെ ശബ്ദത്തിൽ അത്ഭുതം.

" കാലു നീട്ടി വെക്ക്"

അവൾക്കത്ഭുതമായി....ആശങ്കയോടെ അവൾ കാലുകൾ നീട്ടി ചുവരിൽ ചാരിയിരുന്നു.

ഞാൻ അവളുടെ തുടകളിൽ തല വെച്ച് കിടന്നു. പതിയെ കണ്ണുകളടച്ചു.

മുറിയിൽ ശ്വാസ നിശ്വാസങ്ങളുടെ താളം മാത്രം.

"നിനക്ക് മക്കളുണ്ടോ?"…………. എന്റെ ചോദ്യമുണ്ടാക്കിയ ചലനം അവളുടെ തുടകളിലൂടെ ഞാനറിഞ്ഞു.

കണ്ണ് തുറന്ന് അവളെ നോക്കി. അവളുടെ കണ്ണുകൾ നിറഞ്ഞിരുന്നു.

"ഒരുത്തനുണ്ട് ...നിന്റെ പ്രായമുണ്ടാകും" അവളുടെ ശബ്ദം കനം വച്ചിരുന്നു.

മനസ്സ് വീണ്ടും പൊട്ടിച്ചിരിയ്ക്കുന്നതു ഞാനറിഞ്ഞു.

"എന്ത് ചെയ്യുന്നു അവൻ"?

"ഉപേക്ഷിച്ചു പോയി ....വടക്കെവിടെയോ ഉണ്ട് ......" ഒരു തുള്ളി എന്റെ നെറ്റിയിൽ വീണലിഞ്ഞു .

"അവൻ...... .."

“ചരിത്രം ചോദിയ്ക്കരുത് ........ദയവു ചെയ്ത്" എന്തോ ചോദിയ്ക്കാൻ തുടങ്ങിയ എന്നെ അവൾ നിശ്ശബ്ദനാക്കി.

ഞാൻ വീണ്ടും കണ്ണുകളടച്ചു.

നിമിഷങ്ങൾക്ക് കനം വച്ച് കൊണ്ടിരുന്നു.

ഒടുവിൽ, ജില്ലാ ആശുപത്രിയിലെ പ്രസവ വാർഡിലെ കക്കൂസിന്റെ തൊണ്ണകുഴിയിൽ നിന്നും വലിച്ചുയർത്തപ്പെട്ട നിമിഷം മുതൽ എന്റെ മനസ്സിലൂറിക്കൂടിയ ആ ചോദ്യം ഞാൻ അവളോട് ചോദിച്ചു! ...എനിയ്ക്കത് ചോദിയ്ക്കാതെ വയ്യായിരുന്നു!

"പത്തു മാസം ചുമന്നു പ്രസവിച്ച മകനെ, എത്ര മാത്രം നീ സ്നേഹിയ്ക്കുന്നുണ്ട് സ്ത്രീയേ?"

അവൾ പൊട്ടിക്കരഞ്ഞു...കണ്ണുനീർ വീണ് എന്റെ നെറ്റി നനഞ്ഞു കൊണ്ടിരുന്നു.

അവളുടെ ശരീരം വിറകൊള്ളുന്നതു ഞാനറിഞ്ഞു.

തിരിഞ്ഞു കിടന്ന് അവളുടെ അരയിൽ കൈ ചുറ്റി ഞാൻ ചോദിച്ചു.

"ശേഷിയ്ക്കുന്ന മണിക്കൂറുകൾ ഞാൻ നിന്നെ അമ്മേ എന്ന് വിളിച്ചോട്ടെ?"

വിറയ്ക്കുന്ന കൈകളോടെ അവൾ എന്റെ മുഖം പിടിച്ചുയർത്തി. നെറ്റിയിൽ മൃദുവായി ചുംബിച്ചു….എന്നെ മാറോടു ചേർത്തു!

കണ്ണുകൾ അടഞ്ഞു പോകുന്നു.

വിവരിയ്ക്കാനാവാത്ത ഏതോ വികാരത്തിനടിമയായി ഞാനവിടെക്കിടന്നു!

സ്നേഹം

സ്നേഹം

ഗാന്ധര്‍വ്വം

ഗാന്ധര്‍വ്വം