Kadhajalakam is a window to the world of fictional writings by a collective of writers

തിരിച്ചു വരരുത്, ഇനിയൊരിക്കലും!

തിരിച്ചു വരരുത്, ഇനിയൊരിക്കലും!

അന്ന് ഞാൻ അങ്ങനെ ഒരു സ്വപ്നം കണ്ടില്ലായിരുന്നുവെങ്കിൽ എത്ര നന്നായിരുന്നു. ഇന്ന് ഞാൻ സഹിക്കുന്ന ഈ ഉൾനോവ് എനിക്ക് അനുഭവിക്കേണ്ടി വരില്ലായിരുന്നു. എന്നെ ഇത്രയും തളർത്തിക്കളഞ്ഞ ആ സ്വപ്നം ഞാൻ എന്നാണ് കണ്ടത്. ഏതാണ്ട് ഒരു മാസം മുൻപാണ്. അന്ന് മുതൽ ഞാൻ ആ സ്വപ്നത്തിലൂടെ സഞ്ചരിക്കുകയായിരുന്നു. ഇന്ന് അവിടം കാണുന്നതുവരെ എന്നെ ജീവിക്കാൻ പ്രേരിപ്പിച്ചത് ആ പുലർകാല സ്വപ്നമാണ്. എന്നാൽ ഇപ്പോൾ അത് വേദനാജനകമായ ഒരു പരിസമാപ്തിയിലേക്കെത്തിയിരിക്കുന്നു. എന്തിനായിരുന്നു അന്ന് ഞാൻ ആ സ്വപ്നം കണ്ടത്.

ബാംഗ്ളൂർ എന്ന തിരക്കേറിയ നഗരത്തിൽ വന്നു താമസമാക്കിയതിനു ശേഷം ഓർക്കാൻ സുഖമുള്ള ഒരു സ്വപ്നം പോലും ഞാൻ കണ്ടിട്ടില്ല. അരണ്ട വെളിച്ചത്തിൽ കുമിഞ്ഞുകൂടുന്ന കടലാസുകളും കണക്കുകളും ജീവിതപ്രാരാബ്‌ധങ്ങളും മാത്രമായിരുന്നു മനസ്സിൽ. എന്നാൽ അന്ന് കണ്ട സ്വപ്നം....അതെന്നിൽ പുതുമഴ നനഞ്ഞ അനുഭൂതിയുണ്ടാക്കി.ഞാൻ അറിയാതെ ഉറക്കത്തിൽ ചിരിക്കുകയായിരുന്നു.ഞങ്ങളുടെ ആ പഴയ ഇരിപ്പിടം.ജീവിതത്തിന്റെ അതിതീക്ഷ്ണ കൗമാരകാലത്തെ കുളിരണിയിച്ച ആ സ്ഥലം എന്റെ സ്വപ്നത്തിൽ ഞാൻ കണ്ടു. ഒരുകാലത്തു   ഞങ്ങൾ നാലുപേരുടെയും സ്വർഗ്ഗമായിരുന്ന ആ ആലിൻചുവട്. സ്വപ്നത്തിൽ ആണെങ്കിൽപോലും ഞാൻ അതിന്റെ ആസ്വാദ്ത്യത അനുഭവിക്കുകയായിരുന്നു. ആ ആലിന്ചുവട്ടിൽ ഞങ്ങൾ നാലുപേരും ഇരിക്കുകയാണ്.അമ്പലത്തിൽ നിന്നുവരുന്ന ഭക്തിഗാനം നേർത്ത ശബ്‌ദത്തിൽ കേൾക്കാം. ആലിന്ചുവട്ടിനടുത്തുള്ള പാടവരമ്പത്തിരുന്നു കരയുന്ന തവളകളുടെ ശബ്‌ദവും ഞാൻ കേട്ടു. മന്ദമാരുതൻറെ തഴുകലേറ്റു ഞാൻ അവിടെ കിടക്കുമ്പോൾ ഒരു പഴുത്ത ഇല എന്റെ ദേഹത്തു വന്നു വീണു.ശുഷ്കമായ അതിന്റെ ഞരമ്പുകളിൽ കൈയോടിച്ചുകൊണ്ടിരിക്കെഅതിന്റെ പുറകിൽ എന്തോ എഴുതിയിരിക്കുന്നതായി എനിക്ക് തോന്നി. അതെന്താണ് എന്നറിയാൻ മനസ്സ് വെമ്പൽ കൊണ്ടു നിൽക്കുമ്പോളാണ് എന്റെ പ്രിയ പത്നി ആ സ്വപ്നത്തെ എന്നെന്നേക്കുമായി നശിപ്പിച്ചത്. വല്ലാത്തൊരു ഉത്സാഹത്തോടെയാണ് അന്ന് ഞാൻ എണീറ്റത്. വർഷങ്ങൾക്കു ശേഷം  ഞാൻ അനുഭവിച്ച ആ ആനന്ദം പറഞ്ഞറിയിക്കാവുന്നതിലും അധികമായിരുന്നു. അപ്പോൾ തന്നെ അജ്മലിനെയും ഡെന്നിയെയും വിഷ്ണുവിനെയും വിളിച്ചു.

സത്യത്തിൽ അവരെല്ലാവരും അങ്ങനെയൊരു വിളി പ്രതീക്ഷിച്ചിരിക്കുകയായിരുന്നു. ഒത്തുകൂടണമെന്നുള്ള ഒരു ആഗ്രഹം എപ്പോഴൊക്കെയോ അവരിലും ശക്തമായിരിക്കുന്നു. വർഷങ്ങൾക്കു ശേഷം ആ ആലിന്ചുവട്ടിൽ വീണ്ടും ഒരു സന്ധ്യ കൂടി കാണാൻ ഞങ്ങൾ നാലുപേരും ആത്മാർത്ഥമായി ആഗ്രഹിക്കുന്നു. തീരുമാനങ്ങൾ എല്ലാം പെട്ടന്നായിരുന്നു. അങ്ങനെയാണ് ഈ യാത്ര ഞങ്ങൾ തീരുമാനിച്ചത്.നീണ്ട ഒരു മാസം ഞാൻ ആ സ്വപ്നത്തിലൂടെ ഒഴുകിനടക്കുകയായിരുന്നു. നഗരവീഥികളിലെ തിരക്കും ഓഫീസിലെ കണക്കുകൂട്ടലുകളും ഭാര്യയുടെ പരാതികളും ഒന്നും എന്റെ മനസ്സിൽ ഉണ്ടായിരുന്നില്ല. നാട്ടിലേക്ക് പോകാൻ തീരുമാനിച്ചത് മുതൽ എന്റെ ആത്മാവ് മറ്റെവിടെയോ ആയിരുന്നു. പെട്ടെന്നു നാട്ടിലേക്ക് പോകുന്നതിൽ ഭാര്യയ്ക്കു താല്പര്യമുണ്ടായിരുന്നില്ല.എന്നാൽ ഇത് എനിക്ക് പോയെ പറ്റു.എന്റെ ഭൂതകാല സ്മരണകളിലേക്കുള്ള ഒരു എത്തിനോക്കലാണ് ഈ യാത്ര.

   നാട്ടിൽ ആദ്യമെത്തിയത് ഞാൻ ആയിരുന്നു.അവരെല്ലാവരും യാത്ര തുടങ്ങിയതേ ഉണ്ടായിരുന്നുള്ളു. വീട്ടിലെത്തിയതും വൈകുന്നേരമാവാൻ ഞാൻ കാത്തിരിക്കുകയായിരുന്നു.വർഷങ്ങൾക്കു ശേഷം ഹെർക്കുലീസ് സൈക്കിളിൽ കയറി ഞാൻ ഇറങ്ങി.അപ്പോൾ ഞാൻ എന്റെ കൗമാരകാലത്തേക്കു പറക്കുകയായിരുന്നു.വികാരവും വിചാരവും വിപ്ലവവും എല്ലാം ഉടലെടുത്തു തുടങ്ങിയ ആ പഴയ കാലത്തിന്റെ ആവേശം എനിക്ക് തിരിച്ചുകിട്ടിയത് പോലെ.അപ്പോൾ വീശിയ കാറ്റിനു ഞങ്ങളുടെ സൗഹൃദത്തിന്റെ മണം ഉണ്ടായിരുന്നു.അസ്തമയ സൂര്യൻ താഴുന്നതിനു മുൻപ് ഞാൻ അവിടെയെത്തി. പക്ഷെ എല്ലാം മാറിയതു പോലെ. വർഷങ്ങൾക്കു ശേഷം വന്നപ്പോൾ എനിക്ക് വഴി തെറ്റിയതാണോ. ഞങ്ങളുടെ പ്രിയപ്പെട്ട ആൽമരം അവിടെയില്ല. ചുറ്റുപാടും എന്തൊക്കെയോ സംഭവിച്ചിരിക്കുന്നു.ഇന്നിപ്പോൾ ഇവിടെയിതാ ഒരു സൂപ്പർമാർക്കറ്റ്.ഇത് അവിടമാവാൻ വഴിയില്ല എന്ന് മനസിനെ ആശ്വസിപ്പിച്ചു പിന്നെയും കുറച്ചു ദൂരം സൈക്കിളിൽ പോയി. അവിടെയെങ്ങും ആ ആലിൻചുവടു ഞാൻ കണ്ടില്ല. ആ തിരക്കേറിയ നഗരത്തിൽ നിന്നും ഞാൻ ഓടിവന്നത് ഈ പൊള്ളുന്ന യാഥാർഥ്യം അറിയാൻ വേണ്ടിയായിരുന്നോ. കാലചക്രം എന്നിൽ നിന്നും അടർത്തിയെടുത്തത് ജീവിക്കാൻ പ്രേരിപ്പിച്ച കുറെ നല്ല ഓർമകളെയായിരുന്നു. ഇപ്പോഴിതാ ഞങ്ങളുടെ പ്രിയപ്പെട്ട ഇടവും ഒരു ഓര്മയായിരിക്കുന്നു. ഞങ്ങളുടെ സൗഹൃദത്തെ പരിപാലിച്ച ആ ആൽമരവും അത് നൽകിയ തണലും ഇന്നില്ല. ഒരിക്കൽക്കൂടി അവിടേക്കു നോക്കുവാൻ എനിക്ക് തോന്നിയില്ല. എനിക്കതിനു കഴിയുമായിരുന്നില്ല.

   

       ഞാൻ തിരിഞ്ഞു നടന്നു. വീട്ടിലെത്തിയപ്പോൾ അജ്മൽ വിളിച്ചിരുന്നു എന്ന് അമ്മ  പറഞ്ഞു. ഞാൻ  അവനെ വിളിച്ചു.

   "നിങ്ങൾ എത്താറായോ? "

  "ഞങ്ങൾ എത്താറായെടാ. ഒരു അരമണിക്കൂർ..നീ അവിടെ പോയോ ? "

  "ആ പോയിരുന്നു "

   "നമ്മുടെ ആലിക്ക എന്ത് പറയുന്നു. മൂപ്പർക്ക് വയസായോ. അടുത്തുള്ള പാടത്തു ഇപ്പോളും കൃഷിയുണ്ടോ ?  "

    "എല്ലാം പഴയതു പോലെയുണ്ടെടാ.. നമുക്ക് നഷ്ടപെട്ടെന്നു തോന്നിയതെല്ലാം ഇവിടുണ്ട്. നിങ്ങളിങ്ങോട്ടു വാ..നമുക്ക് പഴയതു പോലെ കൂടാം."

           "നമുക്ക് കൂടാമെടാ..പറ്റുമെങ്കിൽ ഇന്ന് നമുക്ക് അതിന്റെ ചുവട്ടിൽ കിടന്നുറങ്ങാം..പഴയതുപോലെ..എല്ലാം പഴയതുപോലെ "

    ഞാൻ ഫോൺ കട്ട് ചെയ്തു. കൂടുതലൊന്നും അവനോട് പറയാൻ എനിക്ക് കഴിഞ്ഞില്ല. പറഞ്ഞതെല്ലാം കള്ളമായിരുന്നു. വർഷങ്ങളുടെ പ്രതീക്ഷയുമായി വരുന്ന അവരുടെ സന്തോഷം നശിപ്പിക്കാൻ എനിക്ക് തോന്നിയില്ല. നമ്മുടെ സൗഹൃദത്തിന്റെ സ്മാരകം അവിടെയില്ല എന്ന് അവരോട് പറയാൻ എനിക്ക് കഴിഞ്ഞില്ല.

    അന്ന് കണ്ട ആ സ്വപ്നത്തിന്റെ ബാക്കി എന്താണെന്നു ഇപ്പോൾ എനിക്ക് ഊഹിക്കാം. ആ ഇലയുടെ പുറകിൽ എഴുതിയിരുന്നത് "ഇനിയൊരിക്കലും തിരിച്ചു വരരുത് " എന്നായിരിക്കാം.

തുമ്പപ്പൂവ് പോലൊരു പെണ്ണ്

തുമ്പപ്പൂവ് പോലൊരു പെണ്ണ്

അറബിപ്പൊന്ന്

അറബിപ്പൊന്ന്