തുമ്പപ്പൂവ് പോലൊരു പെണ്ണ്
“നല്ല താമര ഇതള് പോലുള്ള കണ്ണ്.. ചുരുണ്ടു ഇടുപ്പറ്റം വരെ പനങ്കുല പോലെ ഉള്ള മുടി.. നല്ല മുല്ലപ്പൂ മൊട്ടു പോലുള്ള പല്ല്.. അവളുടെ കൈകളിലെ കുപ്പിവളകൾ അവളെ കിന്നാരം പറഞ്ഞു ചിരിപ്പിക്കാറുണ്ടാവാം.. അവളുടെ കാലുകളിൽ കിടക്കുമ്പോൾ ആ സ്വർണ പാദസരങ്ങൾക്കു ചിലപ്പോ നാണം തോന്നീട്ടുണ്ടാവാം..“
രാവിലെ കുളിച്ചു ഒരു തുളസിക്കതിർ മുടിയിൽ ചൂടി ചന്ദന കുറിയിട്ടു അയലത്തെ കൂട്ടുകാരീടെ കൂടെ അടക്കം പറഞ്ഞു ചിരിച്ചു അവൾ കടന്നു പോവുമ്പോൾ ഞങ്ങൾക്കൊക്കെ സ്വർഗം കിട്ടിയ ഒരു പ്രതീതി.. ഇതിനല്ലെങ്കിൽ ഒരു പണിയും ഇല്ലാത്ത ഞാനും കണ്ണനും രവിയും ഒക്കെ അതിരാവിലെ എഴുന്നേറ്റു ക്ഷേത്ര പരിസരത്തു പോയി ചുറ്റിപറ്റി നിൽക്കോ!
ഞങ്ങടെ നാട്ടിൻപുറത്തിന്റെ ഒരു സ്വകാര്യ അഹങ്കാരം എന്ന് വേണമെങ്കിൽ അവളെ പറയാം.. ഗ്രാമപച്ചയിൽ പട്ടു പാവാട ഉടുത്തു ഒരു പൂമ്പാറ്റയെ പോലെ അവൾ പാറി നടക്കും.. ഇത്ര ശാലീനതയും ചന്തവും ഉള്ള ഒരു പെണ്ണ്..ഞങ്ങളാരും മറ്റൊരിടത്തു കണ്ടിട്ടില്ല! സത്യം! ഞങ്ങൾക്കൊക്കെ അവൾ ഒന്ന് നോക്കണേ എന്ന ഒരു പ്രാർത്ഥന മാത്രം!
പത്താം ക്ലാസും ഗുസ്തിയും കളിച്ചു നടക്കുന്ന ഞങ്ങൾക്കൊക്കെ അവളോട് വലിയ ബഹുമാനമാ. അവൾക്കു പന്ത്രണ്ടാം ക്ലാസ്സിൽ റാങ്ക്!
ആഹ്, അത് പോട്ടെ.. അവളെ ഫാഷൻ ഡിസൈനിങ് ഏതാണ്ട് പഠിപ്പിക്കാൻ കഴിഞ്ഞ മാസം ബാംഗ്ലൂർ കോളേജിൽ കൊണ്ടാക്കി.. അന്ന് അമ്പലത്തിൽ വന്നത് ഒരു മാമ്പഴ മഞ്ഞ പാട്ടുപ്പാവാട ഉടുത്തു ആയിരുന്നു.. ശോ! ഇപ്പഴും കണ്ണിൽ ഇങ്ങനെ നില്ക്കാ അവളുടെ രൂപം! കവലയിൽ സൊറ പറഞ്ഞിരുന്ന ഞങ്ങൾ അണ്ടി പോയ അണ്ണാന്മാരെ പോലെ അവളുടെ വണ്ടി ദൂരേക്ക് മായുന്നത് നോക്കിയിരുന്നു..
കണ്ണനാണ് കുറച്ചു മുൻപ് പറഞ്ഞത് അവൾ അവധിക്കു വന്നിട്ടുണ്ട് എന്ന്.. പിന്നെ ഒന്നും ഓർത്തില്ല.. സൈക്കിളും എടുത്തു ഞങ്ങൾ മൂവർസംഘം അവളുടെ വീടിന്റെ പിന്നാമ്പുറത്തുള്ള ഇടവഴിയിലേക്ക്..
ഞങ്ങളുടെ ദിവസങ്ങൾക്കു വന്ന നിറം മങ്ങൽ അവൾക്കു അറിയില്ലല്ലോ..
പശുവിനെ കൊണ്ട് പോവുന്നതിനിടയിൽ ശാരദേടത്തി ഞങ്ങളെ ഒന്ന് തുറിച്ചു നോക്കി ഒരു ഡയലോഗ്," ഇങ്ങനെ മൂന്നെണ്ണം ഇവിടെയൊക്കെ ഉണ്ടോ!" ചൂളിപ്പോയി! തല താഴ്ത്തി ഞങ്ങൾ അവളുടെ വീടിന്റെ മതിലിനോട് ചേർന്ന് എത്തി വലിഞ്ഞൊന്നു നോക്കി.. ഞങ്ങൾ ആരാധിക്കുന്ന ഞങ്ങളുടെ തുമ്പപ്പൂ പെണ്ണിനെ കാണാൻ!
ഞങ്ങൾ കണ്ടു.. ചൂല് പോലെ തോളറ്റം മാത്രം വരെ മുടിയുള്ള.. ഒരു ജീൻസും ടോപ്പും ഇട്ട.. പരിഷ്കാരിയായ.. ഒരു ബാംഗ്ലൂർകാരിയെ..
തിരിച്ചു കവലക്കു സൈക്കിൾ ചവുട്ടുമ്പോൾ ആദ്യം ആരും ഒന്നും മിണ്ടിയില്ല..
പിന്നെ എന്നത്തേയും പോലെ കണ്ണൻ മൗനം ഭേദിച്ചു!
"തുമ്പപ്പൂ പോലൊരു പെണ്ണ്! അയ്യേ! ഇവളോ? "
അന്ന് കണ്ണ് നിറയുന്ന വരെ ഞങ്ങൾ ചിരിച്ചു ..
ഞങ്ങൾക്ക് ഓർത്തു പൊട്ടിച്ചിരിക്കാൻ അങ്ങനെ ഒരു കാരണം കൂടെ!