ആ സ്പന്ദനങ്ങൾ എന്റേതു കൂടിയാണ്
ഈ പൊണ്ണത്തടി കുറയ്ക്കണമെന്ന് കുടുംബഡോക്ടർ പലവട്ടം ഉപദേശിച്ചു കഴിഞ്ഞതാണ്. ആറടി രണ്ടിഞ്ചു പൊക്കവും നൂറ്റിയിരുപത്തിയാറു കിലോ ഭാരവും ആരോഗ്യ ശാസ്ത്രം അനുവദിക്കുന്ന അനുപാതത്തിലുള്ള അളവുകളല്ല. പൊണ്ണത്തടി മൂലമുണ്ടാകുന്ന ഒരു മാതിരിപ്പെട്ട എല്ലാ അസ്കിതകളും ശരീരത്തെ ബാധിച്ചു തുടങ്ങിക്കഴിഞ്ഞു.
ആറുമാസങ്ങൾക്കു മുൻപാണ് ടൈപ് റ്റു ഡയബെറ്റിസ് ബാധിച്ചിട്ടുണ്ടെന്നു രക്ത പരിശോധനയിൽ കണ്ടെത്തിയത്. അമിതവണ്ണം ഈ രോഗത്തിന് ഒരു കാരണമാകാവുന്നതാണെന്ന് അന്ന് ഡോക്ടർ പറയുന്പോൾ വെറുതെ മൂളിക്കേൾക്കുക മാത്രം ചെയ്തു. കൂടാതെ രക്തസമ്മർദ്ദതോതും കൊളസ്‌ട്രോൾ അളവും ചില വർഷങ്ങളായി അനുവദനീയമായതിലും മേലെ തന്നെയാണ്. ഈയടുത്തയിടയ്ക്ക് ഷോപ്പിംഗ് മോളിൽ വെച്ച് നെഞ്ചുവേദനയനുഭവപ്പെട്ട് ആശുപത്രിയിൽ അഡ്മിറ്റായപ്പോഴാണ് ഹൃദ്രോഗവും പിടികൂടിക്കഴിഞ്ഞു എന്ന് തിരിച്ചറിഞ്ഞത്. ആഹാരനിയന്ത്രണത്തോടൊപ്പം ദിവസവും ഒരു മണിക്കൂർ നടത്തം നിർബന്ധമായും ശീലമാക്കണം എന്ന കർശനനിർദേശത്തോടെയാണ് ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്തത്.
മുപ്പത്തിനാല് വയസ്സുമാത്രമുള്ള ഒരു ചെറുപ്പക്കാരന്റെ ശാരീരിക അവസ്ഥകളെക്കുറിച്ച് സ്വയം ഉണ്ടാകേണ്ട ആകുലതകൾ എന്നെയൊരിക്കലും അലട്ടിയിരുന്നില്ല. എന്തോ, കർശനമായ ആഹാരനിയന്ത്രണങ്ങളിലൂടെയും വ്യായാമം എന്ന പേരിൽ ചെയ്യുന്ന ശാരീരികപീഡനത്തിലൂടെയുള്ള മേനിസംരക്ഷണത്തോട് എനിക്ക് വലിയ മതിപ്പു തോന്നിയിരുന്നില്ല എന്നതാവാം കാരണം. നാവിനു രുചി തോന്നിയ ഭക്ഷണത്തെയൊന്നും ഞാനെനിക്ക് വിലക്കിയിരുന്നില്ല. പ്രത്യേകിച്ച് ഏറ്റവുമിഷ്ടമുള്ള ഐസ്ക്രീമും ചോക്കലേറ്റും.
ഇനിയിപ്പോൾ കുറെയെങ്കിലും ഡോക്ടറെ അനുസരിക്കാതെ നിവൃത്തിയില്ലെന്ന അവസ്ഥയിലായിക്കഴിഞ്ഞു കാര്യങ്ങൾ. അമിതമായ ക്ഷീണവും ബാങ്കിൽ കസ്റ്റമേഴ്സിന്റെ മുന്പിലിരിക്കുന്പോൾ പോലും ശരിയായ വിധം മനസ്സിനെ കേന്ദ്രീകരിക്കുവാൻ കഴിയാതെ പോകുന്ന അവസ്ഥയും ഓർത്തപ്പോൾ ഇഷ്ടപ്പെട്ട ചിലവയെ വർജ്ജിക്കാൻ തന്നെ തീരുമാനിച്ചു. എന്നിട്ടും ജിമ്മിൽ പോയുള്ള ഒരു വർക്ക് ഔട്ടിന് മനസ്സ് തയ്യാറായില്ല. അങ്ങനെയാണ് ദിവസവും ഒരുമണിക്കൂർ നടക്കുവാൻ തീരുമാനിച്ചത്.
ഒരു മണിക്കൂർ നടത്തം! തുടക്കത്തിൽ അതിത്തിരി ബുദ്ധിമുട്ടായിരുന്നു. കാലുകൾക്ക് കഴപ്പും ശരീരത്തിന് അമിതമായ തളർച്ചയും ആദ്യദിവസങ്ങളിൽ ശക്തമായി തോന്നിയിരുന്നു. ക്രമേണ അതു കുറഞ്ഞുകുറഞ്ഞു വന്നു. എന്നുമാത്രമല്ല, നടത്തം ഞാൻ കുറേശ്ശെ ആസ്വദിക്കാനും തുടങ്ങി.
എന്റെ അയൽവാസി അമ്മൂമ്മയുടെ കറുന്പൻ പൂച്ചക്ക് നന്ദി! തോറ്റു പിൻവാങ്ങാത്ത, നേരിട്ടുകണ്ട അവന്റെ പരിശ്രമമാണ് നെപ്പോളിയന്റെ കഥയേക്കാൾ എനിക്ക് ശരിക്കും പ്രചോദനമായത്.
തെരുവിന്റെ ഇരുവശങ്ങളിലുമായി നേർക്കുനേർ നോക്കിനിൽക്കുന്ന മാതിരിയാണ് ഞങ്ങളുടെ വീടുകൾ. എന്റേത് രണ്ടു നിലകളിലായുള്ള മൂന്നുമുറികളുള്ള ഒറ്റവീടാണെങ്കിൽ അവരുടേത് ഒരു വലിയ വീടിന്റെ പാതിവരുന്ന യൂണിറ്റാണ്. എന്നെപ്പോലെ തന്നെ അമ്മൂമ്മയും തനിയെയാണ് താമസം. ഏക വ്യത്യാസം, കറുപ്പ് നിറമുള്ള ഒരു തടിയൻപൂച്ച അവർക്കു കൂട്ടിനുണ്ട് എന്നതാണ്. അവരുടെ വീടിന്റെ അതിര് തിരിക്കുന്ന, മരവേലിയിലേക്കു പടർത്തി വളർത്തിയിരുന്ന ചുവന്ന പൂക്കളുണ്ടാകുന്ന ബൊഗെൻ വില്ലയുടെയരികിൽ ചില്ലകളിൽ നിന്നും ചില്ലകളിലേക്കു പറന്നുനടക്കുന്ന കുരുവികളെ നോക്കി കുത്തിയിരിക്കുന്ന ആ മാർജാരനെ ഞാൻ മുകളിലത്തെ മുറിയിൽ നിന്നും ഇടക്കൊക്കെ കാണാറുണ്ട്. ചിലപ്പോൾ ആകാംക്ഷയോടെ ഞാനും ആ കാത്തിരിപ്പിൽ പങ്കാളിയാകും. ഏറ്റവും അടുത്ത ചില്ലയിലേക്കു പറന്നിരിക്കുന്ന കുരുവിയെ പിടിക്കുവാൻ വായുവിലേക്കുയർന്നു ചാടുന്ന അവന്റെ പ്രയത്നം പക്ഷെ പലപ്പോഴും വിജയത്തിലെത്താതെ പോകുന്പോൾ ഞാനറിയാതെ ഒരു ചിരി എന്റെ ചുണ്ടിൽ വിടരും. പക്ഷെ ഒന്നും സംഭവിക്കാത്ത മട്ടിൽ കറുന്പൻ തന്റെ കാത്തിരിപ്പ് തുടരും. ആ ക്ഷമയാണ് എനിക്കേറെയിഷ്ടം. ശാന്തമായ ഒരിക്കലും മടുക്കാത്ത കാത്തിരുപ്പ്.
നിതാന്തപരിശ്രമിയുടെ വിജയം ഒരിക്കലും കയ്യെത്തുന്ന ദൂരത്തു നിന്നും അകലത്തിലല്ലെന്ന് ആ മാർജാരനിൽ നിന്നുമാണ് ഞാൻ യഥാർത്ഥത്തിൽ പഠിച്ചെടുത്തത്. വായിൽ കടിച്ചുപിടിച്ച പക്ഷിയുമായി പറമ്പിന്റെ മറവുള്ള മൂലയിലേക്ക് പാഞ്ഞുപോകുന്ന അവനെ ഞാൻ ഒരു ദിവസം എന്റെ ജനാലവാതിലിലൂടെ കണ്ടു.
ദക്ഷിണധ്രുവത്തോട് ചേർന്നുകിടക്കുന്ന പസഫിക്കിലെ ഈ കൊച്ചു രാജ്യത്ത് വേനൽക്കാലത്തെ പകലുകൾക്ക് ദൈർഘ്യം കൂടുതലായതിനാൽ ഇരുട്ടാകുവാൻ ഒൻപതുമണി കഴിയണം. ജോലി കഴിഞ്ഞു വീട്ടിൽ വന്നശേഷം ആറര മണിയോടെയാണ് ഞാൻ നടക്കാനിറങ്ങുന്നത്. എന്റെ അയൽവാസി അമ്മൂമ്മ മുൻവശത്തെ ചെടികൾക്ക് വെള്ളമൊഴിക്കുന്നതും ഏകദേശം ആ സമയത്തു തന്നെയാണ്. സ്പ്രിങ്ക്ലറിൽ നിന്നും തൂകിപ്പരക്കുന്ന ജലകണങ്ങൾ ഇലകളിലും തണ്ടുകളിലും കുളിർമയുടെ സുഖം പകർന്നു കൊണ്ട് ഒഴുകി മണ്ണിലേക്കൂർന്നു വലിയുമ്പോൾ ദേഹത്ത് വെള്ളത്തുള്ളികൾ വീഴാത്ത അകലത്തിൽ അവർക്കു കാവലിരിക്കുന്ന കറുമ്പനെ ഞാനെന്നും തന്നെ കാണാറുണ്ട്.
ഒരു വർഷം മുൻപ് ക്രിസ്തുമസിന് തലേന്ന് ഈ വീട്ടിലേക്കു താമസം മാറിയതിനു ശേഷം അമ്മൂമ്മയെ പലപ്പോഴും മുറ്റത്തു കണ്ടിട്ടുണ്ടെങ്കിലും മനഃപൂർവ്വമായ ഒരു പരിചയപ്പെടലിനോ പരിചയപ്പെടുത്തലിനോ ഞാൻ തുനിഞ്ഞിരുന്നില്ല. ഒരുപക്ഷ കുറച്ച് വിചിത്രമായിരിക്കാം എന്റെ ചിന്ത. സ്വയം മുൻകൈയെടുത്തുള്ള പരിചയപ്പെടലുകൾ മറ്റുള്ളവരുടെ സ്വകാര്യതയിലേക്ക് ക്ഷണിക്കപ്പെടാതെയുള്ള കടന്നുകയറ്റമാണെന്നാണ് എന്റെ തത്വശാസ്ത്രം. എങ്കിലും റോഡിന്റെ ഇരുപുറങ്ങളിലുമായി വീടുകളുടെ വേലികൾക്കുള്ളിൽ നിന്നും ഇടക്കെങ്ങാനും കാണേണ്ടിവരുന്ന സന്ദർഭങ്ങളിൽ പരസ്പരം പുഞ്ചിരിച്ചുകൊണ്ട് കൈയുയർത്തി ഹാലോ പറഞ്ഞ് ഞങ്ങൾ ആ തെരുവിലെ ഞങ്ങളുടെ അസ്തിത്വവും പരിചയവും പുതുക്കിപ്പോന്നു.
അമ്മൂമ്മക്കധികം സന്ദർശകരുള്ളതായി കണ്ടിട്ടില്ല. സദാസമയവും ഗാരേജിനു പുറത്തു പാർക്ക് ചെയ്തിട്ടിരിക്കുന്ന നീല കാറിൽ അവർ ഇടയ്ക്കിടെ ഷോപ്പിംഗിനായി പുറത്തേക്കു പോകുന്നതും വരുന്നതും കാണാറുണ്ട്. മുകളിലത്തെ നിലയിലെ എന്റെ കിടപ്പുമുറിയുടെ ദർശനം വാസ്തവത്തിൽ അവരുടെ മുൻവശത്തെ ഓരോ ചലനങ്ങളെയും വേലിയുടെ മറനീക്കി എനിക്ക് കാണിച്ചു തരുന്നുണ്ടായിരുന്നു. ചെടികൾക്കിടയിൽ നിന്ന് കള നീക്കുകയും, അവയുടെ ചുവട്ടിൽ കംപോസ്റ് നിക്ഷേപിക്കുകയും വെള്ളമൊഴിക്കുകയും ചെയ്യുമ്പോഴൊക്കെ നിഴൽ പോലെ ചേർന്നുനടക്കുന്ന തടിയൻ കറുമ്പൻ പൂച്ചയാണ് പക്ഷെ എന്റെ ശ്രദ്ധയെ കൂടുതൽ ആകർഷിച്ചത്.
ഒരിക്കൽ അമ്മൂമ്മ അവനെ വഴക്കുപറയുന്നതും കണ്ടു. ചെടികളുടെ ഇടയിലെ കള നീക്കുന്നതിനിടയിൽ പൊക്കം കുറഞ്ഞ ഒലിവുചെടിയുടെ ചില്ലയിൽ വന്നിരുന്ന കുരുവിയുടെ അടുക്കലേക്കു അവൻ പതുങ്ങി നീങ്ങുമ്പോഴായിരുന്നു അത്. തുറന്നിട്ട ജനലിന്റെ സുതാര്യമായ ഷീർ കർട്ടനിലൂടെ എനിക്കവരെ കാണുക മാത്രമല്ല ചെറുതായി കേൾക്കുകയും ചെയ്യാമായിരുന്നു.
"ഓസ്ക്കാർ, പക്ഷികളെ ഉപദ്രവിക്കരുതെന്നു ഞാൻ നിന്നോട് എത്രവട്ടം പറഞ്ഞിരിക്കണൂ” അമ്മൂമ്മയുടെ ശകാരത്തിന്റെ ശബ്ദത്തിൽ ഭയപ്പെട്ട് പറന്നുപോകുന്ന കുരുവിയെയും അനുസരണയോടെ തിരികെവന്ന് അവരുടെ ദേഹത്തുരുമ്മി പിണക്കം തീർക്കുന്ന കറുമ്പനെയും (ഓസ്‌കാർ എന്നാണവന്റെ പേരെന്ന് അന്നാദ്യമായി മനസ്സിലായെങ്കിലും, എനിക്കിപ്പോഴും അവൻ കറുമ്പനാണ്) കണ്ടപ്പോൾ ഞാനറിയാതെ ചിരിച്ചുകൊണ്ട് മനസ്സിൽ പറഞ്ഞു. ‘സൂത്രക്കാരൻ!’
വാസ്തവത്തിൽ അമ്മൂമ്മയുമായുള്ള ആദ്യത്തെ കൂടിക്കാഴ്ചക്ക് കാരണക്കാരനായതും ഓസ്കാർ എന്ന പേരുകാരൻ കറുന്പൻ പൂച്ച തന്നെയാണ്. എഴുത്തുപെട്ടിയിൽ പതിപ്പിച്ചിരുന്ന ‘no junk mail’ സ്റ്റിക്കർ പറിഞ്ഞുപോയതിനു ശേഷം പെട്ടിയിൽ കമ്പനികളുടെയും ഷോപ്പുകളുടെയും പരസ്യങ്ങളടങ്ങുന്ന മെയിലുകളുടെ പ്രളയമായിരുന്നു. ആയിടക്ക് ആഴ്ചയിലൊരിക്കൽ കളക്ഷന് വയ്ക്കുന്ന റീസൈക്കിൾ ബിന്നിൽ ഭൂരിഭാഗവും ഈ പരസ്യക്കടലാസുകൾ മാത്രമായിരുന്നു. മാസത്തിലൊരിക്കൽ വരുന്ന ബാങ്ക് ട്രാൻസാക്ഷൻ സ്റ്റേറ്റ്മെന്റോ, കറന്റ് ബില്ലോ അല്ലെങ്കിൽ ഹോസ്പിറ്റൽ അപ്പോയിന്റ്‌മെന്റ് സംബന്ധിച്ചുള്ള ഒരു അറിയിപ്പോ മാത്രമേ തനിക്കായി സാധാരണ മെയിലിൽ വരാറുള്ളൂ. ഇവയിലേതെങ്കിലും ഒന്ന് വന്നിട്ടുണ്ടോയെന്ന് നോക്കണമെങ്കിൽ സകല പാഴ് ക്കടലാസുകളും മെയിൽ ബോക്സിൽ നിന്നും പുറത്തെടുക്കേണ്ടി വരും. ഇത്തരമൊരു തിരച്ചിലിനിടയിൽ പൂച്ചകൾക്കുള്ള തീറ്റിയുണ്ടാക്കുന്ന ഒരു കമ്പനിയുടെ പരസ്യക്കടലാസിനൊപ്പം ഒരു സാംപിൾ പാക്കറ്റ് പൂച്ചത്തീറ്റയും കണ്ടുകിട്ടി. അത് കണ്ടപ്പോൾ ഓസ്കാറിനെയാണ് ഓർമവന്നത്, കളയുവാൻ തോന്നിയില്ല. ആ പൂച്ചത്തീറ്റയുമായാണ് ഞാൻ അമ്മൂമ്മയുടെ വീട് ആദ്യമായി സന്ദർശിക്കുന്നത്.
പരിചയപ്പെടലിന്റെ സന്ദർഭത്തിൽ അമ്മൂമ്മയുടെ പേര് കാതറിൻ എന്നാണെന്നും, പക്ഷെ എല്ലാവരും അവരെ ‘കാത്തി’ എന്നാണു വിളിക്കുന്നതെന്നും പറയുമ്പോൾ അവരുടെ സ്വരത്തിൽ വാർദ്ധക്യത്തിന്റെ വിറയൽ പ്രകടമായിരുന്നു. സംസാരിക്കുമ്പോൾ ഇരുവശങ്ങളിലേക്കും വെട്ടികൊണ്ടിരിക്കുന്ന തലയുടെ ചലനവും വാർദ്ധക്യത്തിന്റെ ലക്ഷണമായിത്തന്നെയാണ് എനിക്ക് തോന്നിയത്. അവർക്കു ചുരുങ്ങിയത് എൺപതുവയസ്സെങ്കിലും പ്രായമുണ്ടാകണം എന്നു ഞാൻ മനസ്സിൽ കണക്കുകൂട്ടി. ഞങ്ങളുടെ സംസാരത്തിനിടയിൽ ഓസ്കാർ എന്റെ കാലുകളിൽ ഉയർത്തിപ്പിടിച്ച വാലുകൊണ്ടും മേലുകൊണ്ടും അരുമയോടെ ഉരുമ്മി സൗഹൃദം പ്രകടിപ്പിക്കുകയും ചെയ്തു.
എന്റെ കയ്യിൽ നിന്നും നന്ദി പറഞ്ഞുകൊണ്ട് തീറ്റ വാങ്ങുമ്പോൾ കാത്തി പറഞ്ഞു, "ഓസ്കാർ കുറുമ്പനാണ്. അവനു ഷോപ്പിൽ നിന്നും വാങ്ങിക്കുന്ന തീറ്റയേക്കാൾ പിന്നാമ്പുറത്തെ ചെടികളിലൂടെ തത്തിക്കളിക്കുന്ന കുരുവികളുടെ മാംസമാണ് പഥ്യം." ഞാൻ ചിരിച്ചുകൊണ്ട് ഒന്നു മൂളി, എനിക്കതറിയരുതോ എന്ന ഭാവേന. ഈ കൂടിക്കാഴ്ച പക്ഷെ ആറുമാസങ്ങൾക്ക് മുൻപായിരുന്നു.
കഴിഞ്ഞ മാസം ഷോപ്പിംഗ് മോളിൽ തലചുറ്റിവീണപ്പോൾ ചുറ്റുംകൂടിയവരുടെ കൂട്ടത്തിൽ കാത്തിയമ്മൂമ്മയുമുണ്ടായിരുന്നു എന്ന് കുറച്ചു ദിവസങ്ങൾക്കുശേഷം അവർ എന്റെ വീട് സന്ദർശിച്ചപ്പോൾ മാത്രമാണ് ഞാനറിഞ്ഞത്. ഒരു സായാഹ്നനേരത്ത് അവർ എന്റെ വീടിന്റെ പടിവാതിൽ കടന്നുവന്ന് കോളിങ് ബെല്ലിൽ വിരലമർത്തുമ്പോൾ അതാരായിരിക്കും എന്ന് എനിക്ക് ആകാംക്ഷ തോന്നി. ഏകദേശം പത്തു മാസത്തെ താമസത്തിനിടയിൽ ബന്ധുവായ ജെയിൻ ഡുനെഡിനിൽ നിന്നും ജോലിസംബന്ധമായ ഒരു കോൺഫറൻസിനു വെല്ലിങ്ടണിൽ വന്നപ്പോൾ ഒരു ദിവസം കൂടെത്താമസിച്ചത് മാത്രമാണ് ആകെയുണ്ടായിട്ടുള്ള ഒരു അതിഥിസന്ദർശനം. സുഹൃത്തുക്കളോടൊത്തുള്ള ഔട്ടിങ്ങിനെക്കാൾ എനിക്കേറെയിഷ്ട്ടം പ്രകൃതിയുടെ വിവിധ ഭാവങ്ങളെ ക്യാൻവാസിൽ പകർത്തുന്നതോ, ഇഷ്ട്ടപ്പെട്ട പുസ്തകം വായിക്കുന്നതോ ആയിരുന്നു.
മുൻവാതിൽ തുറന്ന എന്റെ മുൻപിൽ വെള്ളയിൽ വലിയ ചുവന്ന പുള്ളിക്കുത്തുകളുള്ള, ക്ളിങ് റാപ്പ് കൊണ്ട് മൂടിപ്പൊതിഞ്ഞ വലിയൊരു കോപ്പയുമായി ചിരിച്ചുകൊണ്ട് കാത്തിയമ്മൂമ്മ നിന്നു. ഞാനവരെ അകത്തേക്ക് ക്ഷണിക്കും മുൻപേ വിറയലുള്ള ശബ്ദത്തിൽ തല ഇരുവശങ്ങളിലേക്കും ചലിപ്പിച്ചുകൊണ്ട് അവർ പറഞ്ഞു, കുറച്ചു സൂപ്പാണ്, ചിക്കൻ ബോണും, സെലറിയും, കുരുമുളകും ചേർത്തുണ്ടാക്കിയത്. ക്ഷീണം കുറക്കും.” നന്ദിയോടെ കോപ്പ വാങ്ങി ഞാനവരെ അകത്തേക്ക് ക്ഷണിച്ചു. സോഫയിൽ ഇരിക്കുമ്പോൾ കാത്തിയമ്മൂമ്മ പറഞ്ഞു, ഷോപ്പിംഗ് മോളിൽ തലചുറ്റിവീഴുമ്പോൾ ഞാനുമവിടെയുണ്ടായിരുന്നു. പേര് മറന്നുപോയതുകൊണ്ട് ഹോസ്പിറ്റലിൽ പിന്നീട് വിളിച്ചെങ്കിലും വിവരങ്ങളറിയാൻ പറ്റിയില്ല.
ചുളിവുകൾ വീണ നിഷ്കളങ്കമായ മുഖത്തുനോക്കി ഞാൻ പുഞ്ചിരിച്ചുകൊണ്ട് പറഞ്ഞു,
“ജെയ്‌സൺ”.
“ആ അതെ ജെയ്‌സൺ. പക്ഷെ എത്ര ശ്രമിച്ചിട്ടും അപ്പോൾ ആ പേര് ഓർമ്മയിൽ കിട്ടിയില്ല. വയസ്സ് എൺപത്തിരണ്ടു കഴിഞ്ഞേ.” ആദ്യത്തെ കൂടിക്കാഴ്ചയിലെ എന്റെ ഊഹം തെറ്റിയില്ലല്ലോ എന്നു ഞാൻ ചിന്തിച്ചു.
“ഇപ്പോൾ എങ്ങനെയുണ്ട്? മരുന്നുണ്ടോ? എന്താണ് അന്നു സംഭവിച്ചത്?”
“ചെറിയൊരു നെഞ്ചുവേദന. മരുന്നുണ്ട്. കൂടെ എക്സർസൈസ് ചെയ്യുകയോ നടക്കുകയോ ചെയ്യണമെന്ന് കർശനമായി നിർദേശിച്ചിട്ടുമുണ്ട്. ആഹാരത്തിലും നിയന്ത്രണങ്ങളുണ്ട്.”
കാത്തിയമ്മൂമ്മ എന്നെ ആകമാനം ഒന്നുനോക്കി. പിന്നെ പറഞ്ഞു. “വേണം. അമിതവണ്ണം പല രോഗങ്ങൾക്കും കാരണമാണ്.”
അവരുടെ മറയില്ലാത്ത തുറന്ന സംസാരം എനിക്കിഷ്ടമായി. ഞാൻ പുഞ്ചിരിച്ചുകൊണ്ട് അവരെ നോക്കി തലയാട്ടുക മാത്രം ചെയ്തു. എന്തോ അവരോടെനിക്ക് ആ നിമിഷം ഒരു പ്രത്യേക ഇഷ്ട്ടം തോന്നി.
പിന്നീട്, കാത്തി കുടുംബസമേതം മെൽബോണിൽ താമസിക്കുന്ന തന്റെ ഏകമകനെക്കുറിച്ചും വർഷങ്ങൾക്ക് മുൻപ് മരിച്ചുപോയ ഭർത്താവിനെക്കുറിച്ചുമെല്ലാം സംസാരിച്ചു. പോകുന്നതിനു മുൻപ് അവർ ഒരു തുണ്ടുകടലാസിൽ കുറിച്ച ഫോൺനമ്പർ എനിക്ക് നൽകി. എന്റെ ഫോൺനമ്പറും കുറിച്ച് നൽകാനാവശ്യപ്പെട്ടു. തിരികെ പോകുമ്പോൾ വിറയലുള്ളതെങ്കിലും ചടുലമായ അവരുടെ നടത്തം റോഡുകുറുകെ കടക്കുന്നതുവരെ ഞാൻ കൗതുകത്തോടെ വെറുതെ നോക്കിനിന്നു.
ദിവസങ്ങൾ കൊഴിഞ്ഞുപോകുന്പോൾ പുഴയരികത്തെ സൈക്കിൾ ട്രയലിലൂടെയുള്ള നടത്തം ഞാൻ ശരിക്കും ആസ്വദിച്ചുതുടങ്ങിയിരുന്നു. കുറച്ചുദിവസങ്ങളെ ആയിട്ടുള്ളുവെങ്കിലും ആകെയൊരു ഉന്മേഷവും ഊർജവും അനുഭവപ്പെടുന്നതായി എനിക്ക് തോന്നിത്തുടങ്ങി. മധുരവും ചോക്ലേറ്റും പൂർണമായിത്തന്നെ ഒഴിവാക്കി കഴിഞ്ഞിരുന്നു. കൊഴുപ്പു നിറഞ്ഞ ഭക്ഷണങ്ങൾ കഴിക്കുന്നതും മിതപ്പെടുത്തി. പകരം ആവികയറ്റിയ പച്ചക്കറികൾ കഴിച്ചു, കൂടെ പഴവർഗ്ഗങ്ങളും. ചിട്ടയോടു കൂടിയ ഭക്ഷണവും പതിവായ നടത്തവും പ്രയോജനം ചെയ്തുതുടങ്ങിയിരിക്കുന്നുവെന്ന് എന്റെ ശരീരത്തിൽ അനുഭവപ്പെട്ട മാറ്റങ്ങളിൽ നിന്നും ഞാൻ തിരിച്ചറിഞ്ഞു. അത് കൂടുതൽ ഉത്സാഹം പകർന്നുനൽകി.
ഈ കാലയളവിൽ കാത്തി അമ്മൂമ്മയുടെ നീല കാർ ഇടയ്ക്കിടെ ഗേറ്റുകടന്നു പോകുന്നതും അല്പസമയത്തിനുശേഷം തിരികെവരുന്നതും ഞാൻ പല സന്ദർഭങ്ങളിലായി കണ്ടുകൊണ്ടിരുന്നു. എൺപത്തിരണ്ടാമത്തെ വയസ്സിലും അവരുടെ നടത്തത്തിന്റെ ചടുലത എന്നെ ഏറെ ആകർഷിച്ചു. ഇതിനിടയിൽ ഒന്നുരണ്ടുവട്ടം സുഖവിവരങ്ങൾ ചോദിച്ചുകൊണ്ട് അവർ സെൽഫോണിലേക്ക് വിളിക്കുകയും ചെയ്തിരുന്നു.
പക്ഷെ കഴിഞ്ഞ രണ്ടാഴ്ചകളായി ഞാൻ അമ്മൂമ്മയെ അധികം പുറത്തേക്കു കണ്ടതേയില്ല. ഒലിവുചെടിയുടെ ചുവട്ടിലും ബോഗൺവില്ലയുടെ അരികിലും മരവേലിയുടെ മുകളിലും ഞാൻ ഓസ്കറിനെ ഇടക്കിടെ കാണാറുണ്ട്. അതുകൊണ്ട് അവർ മറ്റെങ്ങും പോയിട്ടില്ലെന്ന് എനിക്കുറപ്പായിരുന്നു. മാത്രമല്ല, രാത്രികാലങ്ങളിൽ ഞാനവരുടെ ഉൾമുറികളിൽ നിന്നും വെളിച്ചം കാണാറുമുണ്ടായിരുന്നു. പക്ഷെ എന്തോ പതിവിനു വിപരീതമായ ഒരു വ്യത്യാസം ഉള്ളിൽ വെറുതെ തോന്നി. ഒരുപക്ഷെ അവർ പുറത്തിറങ്ങുന്ന സമയങ്ങളിൽ ഞാൻ കാണാത്തതു കൊണ്ടാകാം എന്ന് സ്വയം ഉത്തരവും ഞാനതിന് കണ്ടെത്തി. അവരുടെ ഫോൺ നമ്പർ കുറിച്ചുതന്ന പേപ്പറും എവിടെയാണ് വെച്ചതെന്നറിയാതെ നഷ്ടപ്പെട്ടതു കൊണ്ട് അവരെ വിളിക്കുവാനും കഴിഞ്ഞില്ല. എന്തായാലും അമ്മൂമ്മയെ സന്ദർശിക്കുവാൻ തന്നെ ഞാൻ തീരുമാനിച്ചു.
ഒരു ചെറിയ ബോക്സ് ചോക്ലേറ്റും വാങ്ങി അടുത്ത ദിവസം നടക്കാനിറങ്ങിയ വഴി അവരുടെ പടിവാതിൽ ഞാൻ വീണ്ടും കടന്നു. ഡോർബെല്ലിൽ വിരലമർത്തി കാത്തുനിൽക്കുന്പോൾ മേൽപ്പാളി അല്പം മാത്രം തുറന്നിട്ടിരിക്കുന്ന ജാലകത്തിലൂടെ അരിച്ചുവരുന്ന ഫിൽറ്റർ കാപ്പിയുടെ ഉന്മേഷമുളവാക്കുന്ന മണം മൂക്കിൽ പതിഞ്ഞു. വാതിൽ തുറന്ന അമ്മൂമ്മയോട് ഞാൻ കുശലം ചോദിച്ചു. അവരുടെ മുഖത്തെ ക്ഷീണവും മ്ലാനതയും ഞാൻ ആദ്യമേ ശ്രദ്ധിച്ചു കഴിഞ്ഞിരുന്നു. കൈയിലിരിക്കുന്ന ബോക്സ് നീട്ടിക്കൊണ്ട് ഞാൻ പറഞ്ഞു, “കുറച്ച് ചോക്ലേറ്റാണ്. നടക്കാനിറങ്ങിയപ്പോൾ തന്നിട്ട് പോകാമെന്ന് കരുതി.” വിറക്കുന്ന കരങ്ങളോടെ അവർ ചോക്ലേറ്റ് വാങ്ങി. ഇടർച്ച വീണ അവരുടെ നന്ദിവാക്കുകൾക്ക് വർധക്യം നൽകിയതിനേക്കാൾ പതർച്ചയേറെ ഉണ്ടായിരുന്നു. ഒരു തേങ്ങലിന്റെ ധ്വനി പോലെയാണ് ആ വാക്കുകൾ എന്റെ കാതുകളിൽ പതിഞ്ഞത്. മിഴികളിൽ നിന്നും കവിളിലേക്ക് കിനിഞ്ഞിറങ്ങാൻ തുടങ്ങിയ നീർമുത്തുകളെ വലംകൈയുടെ ചൂണ്ടുവിരൽ കൊണ്ട് തുടച്ചുനീക്കി അവർ ആലിംഗനത്തിനായി എന്റെ നേരെ കരങ്ങൾ വിടർത്തിനീട്ടി. അമ്മൂമ്മയുടെ ദുർബലമായ ആ കരവലയത്തിൽ ഒതുങ്ങിനിന്നുകൊണ്ട് ഞാനവരെ എന്നോട് കൂടുതൽ ചേർത്തുപിടിച്ച് പുറത്ത് മൃദുവായി തട്ടിക്കൊണ്ടിരുന്നു. ഓസ്‌കാറിന്റെ പതുപതുത്ത രോമങ്ങൾ എന്റെ കാലുകളിൽ ചൂടു പകരുന്പോൾ ഞാൻ മന്ത്രിക്കുന്ന സ്വരത്തിൽ അവരോടു ചോദിച്ചു, “എന്താണ്? എന്തെങ്കിലും കുഴപ്പം?”
അവർ എന്നിൽനിന്നും സ്വയം അടർന്നുമാറി ആദ്യം ഞാൻ നൽകിയ ചോക്ലേറ്റിലേക്കു നോക്കി, പിന്നെ എന്നെയും. നെടുവീർപ്പോടെയുള്ള ഒരു ദീർഘനിശ്വാസം അവരുടെയുള്ളിൽ നിന്നും പുറത്തുചാടി. “ഇന്നെന്റെ പിറന്നാളാണ്. എന്റെ മകൻ പീറ്റർ മാത്രമാണ് എല്ലാ ജന്മദിനത്തിലും എനിക്ക് ചോക്ലേറ്റ് സമ്മാനമായി നല്കാറ്. എനിക്കേറ്റവുമിഷ്ടപ്പെട്ട ‘റോസ്’ ചോക്ലേറ്റ്. എത്ര തിരക്കുണ്ടെങ്കിലും ഈ ദിവസം മെൽബണിൽ നിന്നും അവനിവിടെയെത്തും. ഇത്തവണ പക്ഷെ...” ഒരു തേങ്ങൽ അമ്മൂമ്മയുടെ തൊണ്ടയിൽ കുരുങ്ങി. “അവൻ വന്നില്ല, ഇനിയൊരിക്കലും വരികയുമില്ല.” ഇടറുന്ന വാക്കുകളുടെ ഒഴുക്ക് നിലച്ചു. അറിവില്ലാത്ത കുട്ടിയെപ്പോലെ ഞാൻ ചോദിച്ചു, “എന്തുപറ്റി? എന്താണ് വരാഞ്ഞത്?”
“ഹൃദയസ്തംഭനം… അവൻ മരിച്ചു. രണ്ടാഴ്ചകൾക്ക് മുൻപ്”
ഓസ്‌കാർ എന്റെ കാൽച്ചുവട്ടിൽ നിന്നും അമ്മൂമ്മയുടെ കാൽച്ചുവട്ടിലേക്കു മാറിയിരുന്നു. അവനറിഞ്ഞുവോ അവരുടെ ഹൃദയത്തിന്റെ വേപഥു? ഒരു നിമിഷം എനിക്കു തോന്നി, ഞാനൊരു ഊമയാണെന്ന്. കണ്ണുകളിലെ പെട്ടെന്നുള്ള പ്രളയത്തെ അവഗണിച്ചുകൊണ്ട് ഞാൻ അമ്മൂമ്മയെ എന്റെ കരവലയത്തിലേക്ക് ഒരിക്കൽക്കൂടി ചേർത്തണച്ചു. ഏറെനേരം ഒരു പൂച്ചക്കുട്ടിയെപ്പോലെ അവരെന്റെ കരവലയത്തിൽ ഒതുങ്ങിനിന്നു. തേങ്ങലുകൾ ഹൃദയത്തിന്റെ അറിയാത്ത അറകളിൽ എവിടെയോ മറച്ചുപിടിച്ചുകൊണ്ട്. സാവകാശം ഞാൻ അമ്മൂമ്മയുടെ കാതുകളിൽ മന്ത്രിച്ചു, “കരയരുത്, പ്രത്യേകിച്ചും ഇന്നത്തെ ദിവസം. ഹാപ്പി ബർത്ത് ഡേ!”
അവരുടെ ഹൃദയത്തിന്റെ വിങ്ങുന്ന തുടിപ്പുകൾ ഞാൻ എന്നിലേക്ക് ഏറ്റുവാങ്ങുകയായിരുന്നു, അവ എന്റേതുകൂടിയാണെന്നു തോന്നി എനിക്കപ്പോൾ!