സംഭവാമി
"അന്യന്റെ ഭാര്യയെ കാംഷിക്കരുത്, മറ്റുള്ളവരുടെ വസ്തുക്കൾ നിങ്ങൾ ആഗ്രഹിക്കരുത്"...നീണ്ട ഒരു പ്രസംഗത്തിന് ഒടുവിൽ അച്ചൻ അതു അവസാനിപ്പിക്കാനുള്ള ഒരുക്കത്തിൽ ആയിരുന്നു. വർക്കിച്ചൻ വായ്ക്കോട്ടയിട്ടു. പള്ളീൽ പോകുന്ന കാലംതൊട്ടു കേൾകുന്നതാണിത്; പിന്നെ 'സക്കായി മരത്തിൽ കേറുന്നതും!'. കുർബ്ബാന അവസാനിച്ചതും വർക്കിച്ചൻ തന്റെ പഴയ ചെരിപ്പു തപ്പിപ്പിടിച്ചു ഇറങ്ങി നടന്നു. വീട്ടിലേക്കു ഒരു കിലോമീറ്റർ ദൂരമേയുള്ളൂ. ഓട്ടോ കൂലി കയ്യിൽ ഉണ്ട്. പക്ഷെ, നടക്കാം. മുട്ടിനു അല്പം വേദന തോന്നി. മകൻ കാർ വാങ്ങിയതിൽ പിന്നെ നടപ്പു ശീലം കുറഞ്ഞു ഇന്നയാൾ മറ്റൊരു കാര്യത്തിന് പോയിരിക്കുകയാണ്.
ബസ് സ്റ്റോപ്പിൽ എത്തിയപ്പോഴേക്കും ഒന്നിരുന്നാൽ കൊള്ളാമെന്നായി. ഞായറാഴ്ച അതിലെ ബസ് കുറവാണ്. എന്നാലും കടകളൊക്കെ തുറക്കാറുണ്ട്. ഇവിടിങ്ങനെ ഓർമകൾ അയവിറക്കി ഇരിക്കാൻ ഒരു സുഖമാണ്. മൊബൈൽ എടുത്തു സമയം നോക്കിക്കൊണ്ട് ചുറ്റുപാടും വെറുതെ ഒന്നു കണ്ണ് മ്പോ ഓടിക്കുമ്പോൾ, അവിടെ ഒരു പ്ലാസ്റ്റിക്ക് കവറിൽ എന്തോ കെട്ടി വച്ചിരിക്കുന്നത് കണ്ടു. അഴിച്ചു നോക്കി, പച്ചക്കറി!. ആരോ മറന്നു വച്ചിരിക്കുന്നു. കഷ്ടം! അയാൾ അതു തന്നിലേക്കു അടുപ്പിച്ചു വച്ചു. പിന്നെ വീട്ടിലേക്കു നടന്നു. ആ പൊതിക്കെട്ടിനെ അവിടെ അനാഥമാക്കി ഉപേക്ഷിക്കാതെ.
"ഹോ ഇറച്ചിക്കറിയെ ഉള്ളൂ പച്ചക്കറി വാങ്ങാൻ പറയാൻ മറന്നു. എന്നാലും വാങ്ങിയല്ലോ".
'അതു പിന്നെ..'വർക്കിച്ചൻ പറയാൻ തുടങ്ങിയപ്പോഴേക്കും അന്നമ്മ അടുക്കളയിൽ എത്തി.
അലസമായി പത്രം മറിച്ചു ഇരിക്കുമ്പോൾ അന്നമ്മ വീണ്ടും വന്നു "അറിഞ്ഞോ കുഞ്ഞുമോൻ പെണ്ണ് കാണാൻ പോയിടത്തെ പാപ്പി പാപ്പൻ വഴിയിൽ വീണെന്ന്. ആശുപത്രിലേക്കു കൊണ്ടോയിട്ടുണ്ട്.ഇന്ന് പെണ്ണ് കാണാതെ ഇങ്ങു പോരാൻ പറഞ്ഞു. നിങ്ങളെ കുറെ വിളിച്ചു അവൻ."
"ഞാൻ പള്ളീൽ അല്ലാരുന്നോ?"
."അമ്മച്ചീ ദാ ഈ കൂടിൽ ഒരു ആസ്പത്രി ചീട്ട്. പാപ്പി 70 വയസ്സ്"
വേലക്കാരി പെണ്ണ് ഒരു കടലാസു കഷ്ണവുമായി എത്തി.
"അപ്പൊ നിങ്ങൾ എല്ലാം അറിഞ്ഞാരുന്നോ? പുള്ളിയെ കണ്ടേച്ചാണോ വരുന്നത്?"
അന്നമ്മ ചോദ്യങ്ങൾ ചോദിച്ചുകൊണ്ടിരുന്നു.
വർക്കിച്ചൻ അതൊന്നും കേൾക്കുന്നില്ല,
പറഞ്ഞ പോലെ മൊബൈൽ ഇവിടെ? വർക്കിച്ചൻ സ്വയം ചോദിച്ചു.
"അച്ചാച്ചാ 'സംഭവാമി' എന്നു വച്ചാൽ എന്നാ?" കൊച്ചുമോൾ സംശയം ചോദിച്ചുകൊണ്ടവിടേക്കു വന്നു. അയാൾക്ക് കലിപ്പ്.
എന്റെ മൊബൈൽ... എവിടെ??
ഒന്നും വേണ്ടാരുന്നു. അർഹിക്കാത്ത മുതൽ: പച്ചക്കറി!
ഇതൊന്നും അറിയാതെ, ബസ്റ്റോപ്പിൽ എത്തിയ ഒരു ചെറുപ്പക്കാരനോടൊപ്പം വർക്കിച്ചന്റെ മൊബൈൽ യാത്ര തുടങ്ങിയിരുന്നു.