Kadhajalakam is a window to the world of fictional writings by a collective of writers

കർണ്ണധർമ്മം

കർണ്ണധർമ്മം


നാളെ മഹാഭാരതയുദ്ധത്തിന്റെ പതിനൊന്നാം ദിവസം ആണ്. കൌരവപക്ഷത്തിലെ മഹാരഥന്‍ ഭീഷ്മർ യുദ്ധകളത്തിൽ വീണു ശരശയ്യയിൽ കിടക്കുകയാണ്. നാളെത്തെ യുദ്ധം നയിക്കാൻ ആര്‍ എന്ന ചോദ്യത്തിനു ദുര്യോദനന്‍ ഒന്നും ആലോചിക്കേണ്ടി വന്നില്ല. തന്‍റെ ജീവനേക്കാൾ താൻ സ്നേഹിക്കുന്ന കർണൻ, അവനെക്കാൽ യോഗ്യൻ ആര്‍.  കര്‍ണന്‍ ഉള്ളടത്തോളം തനിക്ക് പരാജയം എന്ന വാക്കില്ല എന്ന വിശ്വാസം ദുര്യോദനന് വേണ്ടു വോളം ഉണ്ട്. യുദ്ധ തുടക്കത്തിലെ തന്‍റെ ജീവനായ കർണ്ണനെ യുദ്ധക്കളത്തിൽ ഇറക്കാൻ ആഗ്രഹിച്ചതാണ്‌. പക്ഷെ ഭീഷ്മ പിതാമഹാന്റെ ശകാര വാക്കുകളും, അനാവശ്യ കടുംപിടുത്തവും ദുര്യോദനന്‍റെ കണക്കു കൂട്ടലുകൾ എല്ലാം തെറ്റിച്ചു. നാളെ ആ ദിനം വരുകയാണ്...ലോകത്തെ ഏറ്റവും മഹാനായ യുദ്ധ വീരൻ പടക്കളത്തിൽ ഇറങ്ങുന്നു....അതും സാക്ഷാൽ ഭഗവാന്‍ ശ്രീ കൃഷ്ണനും അർജുനനും എതിരെ.
ഉറക്കത്തിന്റെ നിന്ന് ഞാൻ മല്ലെ ഉണർന്നു, കണ്ണുകൾ തിരുമ്മി ഉറക്കത്തിന്റെ ആലസ്യത്തെ തെല്ലുമാറ്റി പതുക്കെ ആ കുരുക്ഷേത്ര യുദ്ധഭൂമിയിൽക്കൂടി ഞാൻ മെല്ലെ നടന്നുനീങ്ങി. എങ്ങും ചോരയുടെ ഗന്ധം മാത്രം. പാതി അടയുന്ന ശബ്ദങ്ങൾ എന്‍റെ കാതിൽ കേൾക്കാം, ഭാര്യമാരെയും മക്കളെയുമോർത്ത് വിലപിക്കുന്നവർ ഉണ്ട്. മുറിവേറ്റ, പാതി ജീവൻ നഷ്ടപെട്ട പതിനായിരങ്ങളുടെ ഞെരുക്കങ്ങളും നിലവിളികളും എല്ലാം കൂടി നിസഹായതയുടെ തണുത്തുകനത്ത ഓളങ്ങൾ ആയി അത് ഭൂമിയെ കരയിക്കുകയാണ്. അവയവങ്ങൾ നഷ്ടപെട്ട പാതിമനുഷ്യജീവനുകൾ ഉരഗസമാനമായി ഇഴയുന്നു, പാതിയുള്ള ജീവൻ നിലനിർത്താനുള്ള തന്ത്ര പാടുകൾ. ഒടിഞ്ഞ അമ്പുകൾ, തകർന്ന രഥങ്ങൾ. ആകെ രക്തപങ്കിലം.
ഞാൻ നടന്നു മുൻപോട്ടു നീങ്ങിയപ്പോൾ മുൻപിൽ കണ്ട ആ കാഴ്ച എന്നെ വല്ലാതെ തളർത്തി. മങ്ങിയ വെളിച്ചത്തിൽ  ഞാൻ കണ്ട ആ കാഴ്ച എനിക്ക് താങ്ങാവുന്നതിലും അധികമായിരുന്നു. ശരീരം മുഴുവൻ അമ്പുകൾ തറച്ചു ദേഹം മണ്ണിൽ തട്ടാതെ വായുവിൽ കിടക്കുകയാണ്, ഒരു മനുഷ്യ ശരീരം. രക്തം ശരീരത്തിൽ നിന്ന് വാർന്നൊഴുകുന്നുണ്ട്. ശരീരത്തിൽ അമ്പുകൾ തുളച്ച മുറിവുകൾ രക്തച്ചാലുകൾ വെട്ടിയിരിക്കുന്നു. അതെ ഭീഷ്മപിതാവ് ശരശയ്യയിൽ കിടക്കുന്ന കരളലിയിപ്പിക്കുന്ന കാഴ്ചയാണത്. പിതാമഹന്റെ വെളുത്ത മുടികളും താടികളും എല്ലാം രക്തത്താൽ കടും ചുവപ്പായിരിക്കുന്നു. ഞാൻ  അടുത്ത് ചെന്ന് നോക്കി. ആ കണ്ണുകൾ  പാതി അടഞ്ഞിരിക്കുന്നു. എന്നാലും നേർത്ത ശ്വാസം ഉണ്ട്. എനിക്ക് ആ കാഴ്ച കണ്ടു നില്ക്കാൻ കഴിഞ്ഞില്ല. അവിടെ നിന്ന് ഞാൻ ഓടിയൊളിച്ചു. 
ആ ഓട്ടം ചെന്നവസാനിച്ചത്‌ പടക്കോപ്പു കൂട്ടുന്ന കൂടാരത്തിന്‍റെ അടുക്കൽ ആണ്. അവിടെ പോരാളികൾ നാളത്തെയ്ക്കുള്ള യുദ്ധതന്ത്രങ്ങൾ മെനയുകയാണ്. അതൊന്നും ശ്രദ്ധിക്കാൻ എനിക്ക് കഴിഞ്ഞില്ല, കാരണം യുദ്ധം നടത്തുന്ന രക്തകളികൾ, ഞാൻ കണ്ട യുദ്ധാവശിഷ്ട ജീവിതങ്ങൾ എല്ലാം എന്‍റെ മുന്‍പിൽക്കൂടി കടന്നു പോകുന്നുണ്ട്. ആ ചിന്തകൾ എന്നെ വല്ലാതെ ഭീതി പെടുത്തി കൊണ്ടിരികുകയാണ്.
അങ്ങനെ ഇരിക്കുമ്പോളാണ് എന്‍റെ ചെവിയിൽ ഒരു നേർത്ത കാലൊച്ച വന്നു വീഴുന്നത്. ഞാൻ സസൂഷ്മം ശ്രദ്ധിച്ചു കൊണ്ടേയിരുന്നു. ആരോ ഒരാൾ ഞാൻ ഇരിക്കുന്ന ആ വിജനവഴിയെ വരുന്നുണ്ട്. ഞാൻ ശ്രദ്ധിച്ചു നോക്കി. ആ ഇരുട്ടിൽ എനിക്ക് ആ നിഴൽ വ്യക്തമായി കാണാം. അത് ഞാൻ നില്‍ക്കുന്ന സ്ഥലം ലക്ഷ്യമാക്കിയാണ് വരുന്നത്. ഞാൻ ആ രൂപത്തെ ശ്രദ്ധിച്ചു കൊണ്ടിരുന്നു.
കുറച്ചു സമയം കഴിഞ്ഞതും, ആ മനുഷ്യ രൂപം എന്നെ കടന്നു മുന്‍പോട്ടു പതിയെ നടന്നു പോയി. ഞാൻ അതിനെ മല്ലെ പിന്തുടർന്നു. കുറച്ചു മുന്‍പോട്ടു ചെന്ന് കഴിഞ്ഞപ്പോൾ ഒരു തുറസ്സായ സ്ഥലത്ത് ആ രൂപം മല്ലെ നിന്നു. ചുറ്റും നോക്കി, ശാന്ത സുന്ദരമായ അന്തരീക്ഷം, നല്ല ശുദ്ധ വായുവുള്ള തുറസ്സായ സ്ഥലം, അവിടെ പടക്കോപ്പ് കൂട്ടുന്ന ആലോചനകളോ , യുദ്ധമുണ്ടാക്കിയ നെടുവീർപ്പുകളോ ഇല്ല. അയാൾ ശ്വാസം നന്നായി ഉള്ളിലേക്ക് എടുക്കുകയും പുറത്തേക്കു വിടുകയും ചെയ്യുന്നുണ്ട്. നിലാവെളിച്ചത്തിൽ ഇപ്പോൾ എനിക്ക് ആ ശരീരം പൂർണ്ണമായും കാണാം. നല്ല വടിവൊത്ത ശരീരം, നെഞ്ച് വിരിവ്, ഭൂമിയിലെ ഏതൊരു പുരുഷപ്രജയും ആഗ്രഹിക്കുന്ന ശരീര ഭംഗി, മുടികൾ തോളൊപ്പം നീണ്ടു കിടക്കുന്നു. പുരുഷ പ്രതീകമായ മീശ ചുരുട്ടി വെച്ചിട്ടുണ്ട്. എന്നാൽ നെഞ്ചത്തും ചെവിക്കു ചുറ്റും എന്തോ വെള്ള തുണി വട്ടം ഇട്ടിട്ടുണ്ട്. ആ മുഖം എനിക്ക് അഭിമുകമായി തിരിഞ്ഞപ്പോഴാണ് ഞാൻ സ്തബ്ദനായത്. സൂര്യതേജസുള്ള ആ മുഖം എന്‍റെ എല്ലാ ചിന്തകളെയും ഒരു നിമിഷം എന്നിൽ നിന്ന് പിഴുത് മാറ്റി. ഞാൻ കണ്ട ആ മനോഹരമായ യോദ്ധാവിന്ടെ രൂപം പുരുഷ സൌന്ദര്യത്തിനെക്കുറിച്ച് എനിക്കുള്ള പുതിയ അറിവായിരുന്നു.
ഒരു നിമിഷത്തേക്ക് എല്ലാം മറന്നു ആ രൂപത്തെ ലക്ഷ്യമാക്കി ഞാൻ മുന്‍പോട്ടു നടന്നു നീങ്ങി. ആ മനുഷ്യനു എതിർഭാഗം ചെന്ന് നിന്നു. ആ മുഖത്ത് ഞാൻ ദർശിച്ച സൂര്യതേജസ്സെനിക്ക് പറഞ്ഞു തന്നു ആ യോദ്ധാവ് ആരാണെന്ന്.
”കർണ്ണൻ” 
അദ്ദേഹത്തെ കണ്ടപ്പോൾ  എനിക്ക് സംസാരിക്കണം എന്ന് തോന്നി...കൂടുതൽ അറിയണം എന്ന് തോന്നി. ഞാൻ പതിയെ അടുക്കൽ ചെന്ന് ചോദിച്ചു. "അങ്ങ് നാളെ യുദ്ധത്തിനു ഇറങ്ങുകയാണല്ലെ?
അദ്ദേഹം ഒന്ന് അമർത്തി മൂളി..."ഉം,,,".
ഇടറിയ ശബ്ധത്തോടെ ഞാൻ തുടർന്നു. "അങ്ങേക്ക് തോന്നുന്നുണ്ടോ താങ്കൾ നിൽക്കുന്നത് ധർമ്മപക്ഷത്താണെന്ന്? കാരണം സാക്ഷാൽ ഭഗവൻ വരെ അങ്ങേക്ക് എതിരാണ്?
കർണ്ണൻ എന്നെ ആകെ അടിമുടി നോക്കിയിട്ട് പറഞ്ഞു.
“ഭഗവൻ നില്‍ക്കുന്നത് ഭഗവാന് ധർമ്മം എന്ന് തോന്നുന്ന ഇടത്താണ്. അതെ പോലെ ഞാൻ നില്‍ക്കുന്നത് എനിക്ക് മാനവും, ജീവനും നല്‍കിയവനോടുള്ള കൂറ്, ഞാൻ കൊടുത്ത വാക്കിനോടുള്ള സത്യസന്തത എന്ന ധർമ്മത്തിൽ നിലകൊണ്ടാണ്. ലോകം നാളെ ഞാൻ അധർമ്മവാദി എന്നും, ദൈവവിരോധി എന്നും വിളിക്കുമായിരിക്കും. എന്നാലും എന്നെ സംബന്ധിച്ച്  എന്‍റെ ധർമ്മം വിശ്വസ്തത ആണ്.”
ആ മറുപടിക്ക് എനിക്കൊന്നും പറയാൻ ഇല്ലായിരുന്നു....
കർണ്ണനെ ഞാൻ അടിമുടി നോക്കി. അവിടെ ഞങ്ങളോട് ചങ്ങാത്തം കൂടി, ഞങ്ങളെ തൊട്ടിരുമി ഞങ്ങൾക്ക് ചുറ്റും വീശിയ കുളിർക്കാറ്റ് കർണന്റെ ശരീരം മൂടിയ ആ വെള്ള വസ്ത്രം തെല്ലൊന്നു മാറ്റി. ആ കാഴ്ച കണ്ടു ഞാൻ  ഞെട്ടിത്തരിച്ചു. കർണ്ണന്  ജന്മനാകിട്ടിയ കവചകുണ്ഡലങ്ങൽ അറുത്തു മാറ്റപ്പെട്ടിരിക്കുന്നു. അതിന്‍റെ മുറിവുകളിൽ നിന്നും ചോരപൊടിയുന്നു. ഞാൻ അത് കണ്ട പാടെ കർണ്ണനോട് ചോദിച്ചു. "എവിടെയാണ് നിന്‍റെ ശക്തിയുടെ ആധാരം? നിന്‍റെ ജീവന്‍റെ ബലം?"
കർണ്ണൻ  നെറ്റി ചുളിച്ചുകൊണ്ട് പറഞ്ഞു. "എന്‍റെ ശക്തി, .ഹ ഹ, എന്‍റെ ശക്തി. എന്‍റെ ശക്തിയുടെ ആയുധം എന്‍റെ മനസ്സാണ്. എന്‍റെ ഹൃദയം ആണ്.  ജീവിതത്തിൽ ഇന്നോളം അനുഭവിച്ച അപമാനങ്ങളെക്കാൾ വലുതായ പരീക്ഷണങ്ങൾ ഞാൻ ഒരു യുദ്ധത്തിലും നേരിട്ടിട്ടില്ല. അതിനെ ഞാൻ അതിജീവിചിട്ടുള്ളത് എന്‍റെ മനസിനോട് ഞാൻ സംസാരിച്ചുകൊണ്ടാണ്".
"അല്ല കർണാ, നിന്‍റെ കവചകുണ്ഡലങ്ങൾ?"
"അതോ...അത് ഞാൻ ഒരു ബ്രാഹ്മണന് ദാനം കൊടുത്തു". നിർവികാരനായി കർണൻ പറഞ്ഞു.
"എന്ത്?", ഞാൻ തുടർന്നു. കർണാ, ഇത് ചതിയാണ്! നിന്‍റെ ജീവൻ എടുക്കാനുള്ള ഏതോ ഒരു ചതി".
കർണൻ സ്വരം താഴ്ത്തി  മറുപടി പറഞ്ഞു: "ചതി, അതെനിക്കറിയില്ല. അതുകൊണ്ട് ഞാൻ അതിൽ വിശ്വസിക്കുന്നില്ല. സുതപുത്രൻ ആയി ജീവിച്ച എന്‍റെ ഏറ്റവും വലിയ അറിവാണ് ദാനം എന്നത്, അതിന്‍റെ മഹാത്മ്യം. ആവശ്യവുമായി ആര് വന്നാലും ഒരു വ്യവസ്ഥയും ഇല്ലാതെ ഉള്ളത് ദാനം നല്‍കുക എന്നത്. അതിൽ ഞാൻ നാളെയുടെ നഷ്ടങ്ങൾ നോക്കാൻ പഠിച്ചിട്ടില്ല. ഒന്നുമില്ലാതെ ജീവിച്ചവനെ ഇല്ലായ്മയുടെ ആഴം അളക്കാൻ കഴിയു. എന്നാലും നീ ചോദിച്ച ചോദ്യത്തിനുള്ള ഉത്തരം, ഞാൻ എന്‍റെ ജീവൻ തന്നെയാണ് അയാൾക്ക് ദാനം നല്‍കിയത്".
കുറച്ചു നേരം മൌനം പാലിച്ചിട്ടു കർണൻ തുടർന്നു. "അറിയാതെയല്ല, പഠിച്ചത് കർമ്മത്തിൽ വരുത്തണം എന്നുള്ള ഉൾക്കാഴ്ച ഉള്ളത് കൊണ്ടാണ്, അത് കൊണ്ട് ഞാൻ ഇനിയും പറയും, എന്നെ ആരും ചതിച്ചിട്ടില്ല എന്ന്".
എന്‍റെ കണ്ണുകൾ നിറഞ്ഞു. ഞാൻ ആകാശത്തേക്ക് നോക്കി കുറച്ചു നേരം നിന്നു. അപ്പോൾ ഞാൻ ശ്രദ്ധിച്ചു എന്നെ ചുറ്റും താഴുകിപോയ ആ കാറ്റിന്റെ ചതി. സാക്ഷാൽ ദേവേന്ദ്രൻ, ചിരിക്കുകയാണ്. തന്‍റെ മകൻ അർജുനന്‍റെ ജീവന് വേണ്ടിയുള്ള ഒരു പിതാവിന്റെ കൌശലം.
ഞങ്ങളുടെ സംസാരത്തിന് ഇടയിൽ ഞാൻ ഒരു കാലടി ശബ്ദം കേട്ടു. ഞാൻ മെല്ലെ അവിടെനിന്നുമാറി അടുത്ത കുറ്റികാട്ടിൽ ഒളിച്ചിരുന്ന് ആ സംഭാഷണം ശ്രദ്ധിച്ചു. പെട്ടന്ന് ആ രൂപം കണ്ടു ഞാൻ അമ്പരന്നു. സാക്ഷാൽ ഭഗവാൻ ശ്രീ കൃഷ്ണൻ. അദ്ദേഹം കർണനോട് സംസാരിക്കുകയാണ്.
"കർണാ....യുദ്ധത്തിൽ നിന്ന് നീ പിന്മാറണം. കാരണം പാണ്ഡവന്മാര്‍ നിന്‍റെ സഹോദരങ്ങൾ ആണ്. കുന്തി നിന്‍റെ അമ്മയാണ്. നീ ധർമ്മപക്ഷത്തു നില്‍ക്കണം. യുദ്ധം ജയിച്ചാൽ നീ ആണ് ഇന്ദ്രപ്രസ്ഥം നയിക്കുക. കൂടെ നീ ആഗ്രഹിച്ചതുപോലെ ദ്രൌപതിയെ നിനക്ക് ലഭിക്കും. ദയവു ചെയ്തു നീ ഈ യുദ്ധത്തിൽ പാണ്ടവ പക്ഷത്തെ അമരക്കാരനായി ഉണ്ടാകണം".
കർണൻ ഒന്നും മിണ്ടാതെ ഭഗവാന് മുഖം തിരിഞ്ഞു നില്‍ക്കുകയാണ്. അദ്ദേഹത്തിന്ടെ ശരീരം ആകെ വിറക്കുന്നുണ്ട്‌. കണ്ണുകളിൽ നിന്ന് കണ്ണുനീർ പൊടിയുന്നുണ്ട്. എന്നിട്ട് ഭഗവാനെ നോക്കി ചുവന്ന കലങ്ങിയ കണ്ണുകളുമായി തുടർന്നു.
"ജനാർദ്ദനാ, അങ്ങ് എന്നോട് ക്ഷമിക്കണം. എന്‍റെ യുദ്ധം എന്‍റെ സുഹൃത്തിനു വേണ്ടിയാണ്. ലോകം എന്നെ തള്ളി പറഞ്ഞപ്പോൾ എനിക്ക് കൈത്താങ്ങ് നല്‍കിയവന് വേണ്ടിയാണ്. പിന്നെ അർജുനൻ എന്‍റെ ശത്രു തന്നെയാണ്. നാളെയുടെ ശുഭജീവിതം കൊതിച്ചു ഇന്ന് എന്നെ ഞാനാക്കിയ എന്റെ ആത്മമിത്രത്തെ എനിക്ക് ചതിക്കാൻ കഴിയില്ല. ഭഗവാൻ, പെണ്ണും മണ്ണും മോഹിച്ചല്ല കർണ്ണൻ യുദ്ധത്തിന് ഇറങ്ങുന്നത്. സനാതനമായ സ്നേഹത്തിന്റെ ഒരു ആത്മബന്ധമാണിത്. അതിൽ പരാജയം ആണെങ്കിൽപ്പോലും ഞാൻ സന്തോഷത്തോടെ അത് സ്വീകരിക്കും. ഭഗവാൻ കർണന്റെ മറുപടിയിൽ സംതൃപ്തനാകാതെ അവിടെ നിന്ന് മടങ്ങി.
ഏറെത്താമസിയാതെ കർണനെ ലക്ഷ്യമാക്കി ഒരു സ്ത്രീരൂപം നടന്നു വരുന്നുണ്ട്. ഞാൻ ആ കുറ്റിച്ചെടികൾക്കിടയിൽക്കൂടി ശ്വാസം അടക്കിപിടിച്ച് ആ സ്ത്രീരൂപത്തെ സൂക്ഷിച്ചു നോക്കി. കുറച്ചു പ്രായം ഉണ്ട്. മുടികൾ പാതി വെള്ളകയറിത്തുടങ്ങിയിരിക്കുന്നു. അവർ കർണന്റെ അടുത്ത് ചെന്ന് നിന്നു. കർണന്‍ അവരെ കണ്ടതും, സ്തംഭിച്ച് നിൽക്കയാണ്. പതിയെ ആ ശരീരം വിറക്കാൻ തുടങ്ങി. ശരീരം മുഴുവനും ആ വിറയൽ പടർന്നുകൊണ്ടിരുന്നു. ഞാൻ സൂക്ഷിച്ചു നോക്കി. അതു മറ്റാരുമല്ല. കുന്തിദേവി. പാണ്ഡവരുടെ മാതാവ്. അവർ പൊട്ടിക്കരഞ്ഞുകൊണ്ട് കർണനെ "മകനെ" എന്ന് വിളിച്ചു. അവന്‍റെ അടുക്കൽച്ചെന്ന്, അവന്‍റെ കവിളുകളിൽ ഉമ്മ വെച്ച് പൊട്ടികരഞ്ഞു. ആ കരച്ചിൽ ഒരു ഏറ്റുപറച്ചിലായിരുന്നു. ഒരു ജന്മത്തിൽ ചെയ്ത ഏറ്റവും വലിയ പാപത്തെ ഏറ്റു പറച്ചിൽ. കുന്തിദേവിയുടെ വിറയാർന്ന ചുണ്ടുകൾ പതിയെ ചലിക്കാൻ തുടങ്ങി. "മകനെ, നീ എന്‍റെ മകന്‍ ആണ്, എന്‍റെ കടിഞ്ഞൂൽ പുത്രൻ. ദുർവാസവുമഹർഷിയുടെ വരത്താൽ ലോകത്തിനു പ്രഭ ചൊരിയും സൂര്യഭാഗവനാൽ എനിക്ക് ജനിച്ച പുത്രനാണ് നീ. അന്ന് കന്യകയായ എനിക്ക് സൂര്യ ഭഗവാന്‍റെ പ്രീതിയിൽ ജനിച്ചതാണ് നീ. എന്നാൽ കന്യകയായ എനിക്ക് പുത്രൻ ജനിച്ചാൽ ലോകം എന്നെ വിധിക്കുന്നത് ഓർത്തു നിന്നെ ഞാൻ ഉപേക്ഷിച്ചതാണ്. ഈ പാപിയായ അമ്മയോട് മാപ്പ് നല്‍കണം". കുന്തി നടന്ന കഥകളെല്ലാം കർണനോട് വിവരിച്ചു.
കർണ്ണൻ ഒന്നും മിണ്ടാതെ അങ്ങനെ നില്‍ക്കുകയാണ്. ശരീരം ആകെ വിറക്കുന്നുണ്ട്‌. കുന്തി തുടർന്നു. "പാണ്ഡവന്മാർ നിന്‍റെ സഹോദരങ്ങൾ ആണ്. നീ യുദ്ധത്തിൽ അവരോടൊപ്പം നില്‍ക്കണം. നിന്‍റെ ചോരയാണവർ". കർണ്ണൻ ഒരു നിമിഷം മൌനമായിരുന്നു. എന്നിട്ട് തുടർന്നു. 
"അമ്മേ, എനിക്ക് എന്‍റെ വാക്കിൽ നിന്ന് വ്യതിചലിക്കാൻ പറ്റുകയില്ല. സുതപുത്രന്‍ ആയി വളർന്ന എനിക്കുള്ള അറിവ് ചെറുതാണെങ്കിലും, ഞാൻ പഠിച്ചിട്ടുള്ളത് സ്നേഹം ആണ്, കടപ്പാട്. എന്‍റെ സുഹൃത്തായ ദുര്യോധനനെ ഞാൻ അത്രത്തോളം സ്നേഹിക്കുന്നു. ലോകമെന്നെ തള്ളിപ്പറഞ്ഞപ്പോളും എന്നെ ഒപ്പം നിർത്തിയവനെ തള്ളി പറയാൻ എന്‍റെ ഹൃദയം അനുവദിക്കുന്നില്ല".
കർണൻ തുടർന്നു. "അമ്മെ ഞാൻ നിങ്ങൾക്ക് ഒരുറപ്പു തരാം. യുദ്ധം കഴിയുമ്പോളും നിങ്ങള്ക്ക് അഞ്ചു മക്കള്‍ തന്നെ ഉണ്ടാകും. ഒന്നുകിൽ ഞാൻ, അല്ലെങ്കിൽ അർജുനൻ. പാണ്ഡവരിൽ വേറെ ഒരാളെയും ഞാൻ യുദ്ധത്തിൽ  കൊല്ലില്ല.
കുന്തി ഒന്നും മിണ്ടാതെ മുന്‍പോട്ടു നടന്നു. എന്നിട്ട് ഒരു നിമിഷം എന്തോ ഒന്ന് ആലോചിച്ചു നിന്നിട്ട് കർണനോട് പറഞ്ഞു.  "നിന്‍റെ കയ്യിലുള്ള നാഗാസ്ത്രവും രുദ്രസ്ത്രവും ഒന്നിൽ കൂടുതൽ തവണ നീ അർജുനന് നേരെ ഉപയോഗിക്കരുതേ". എന്നിട്ട് ദയനീയമായി അവനെ നോക്കി കുന്തിദേവി വിങ്ങിപ്പൊട്ടി. കർണൻ ഒരു നിമിഷം ശോകമൂകനായി, തന്‍റെ ജീവിതത്തിൽ ആദ്യമായി തന്‍റെ അമ്മ ഒരു കാര്യം തന്നോട് ആവശ്യപ്പെട്ടിരിക്കയാണ്. കർണൻ പിന്നീടു വേറൊന്നും ആലോചിച്ചില്ല. അമ്മയുടെ ആഗ്രഹ പ്രകാരം എന്ന് വാക്ക് കൊടുത്തു. കർണന്റെ വാക്ക് കേട്ട് കുന്തി സന്തോഷത്തോടെ അവിടെ നിന്ന് മടങ്ങി പോയി.
ഇത് കേട്ടുകൊണ്ടിരുന്ന എന്റെ കണ്ണുകളിൽ കണ്ണുനീർ നിറഞ്ഞു, തൊണ്ടയിലെ വെള്ളം പറ്റി. എനിക്ക് പൊട്ടിക്കരയാൻ മാത്രമേ നിർവാഹം ഉണ്ടായിരുന്നുള്ളു. കുന്തി പോയ മാത്രയിൽ ഞാൻ ആ കുറ്റിക്കാട്ടിൽ നിന്നും ചാടിയിറങ്ങി കർണന്റെ അടുത്തെത്തി. പൊട്ടിക്കരഞ്ഞു കൊണ്ട് പറഞ്ഞു. "ചതി, വീണ്ടും ചതി, സ്നേഹത്തിൽ ചാലിച്ച് കൊടിയവിഷം തരുന്ന ചതി. ഞാൻ ഉച്ചത്തിൽ കർണനോട് പറഞ്ഞു. നിന്‍റെ ജീവിതം ആണ് നീ കൊടുത്തത്. നിന്‍റെ വിജയം ആണ് നീ സ്വയം വേണ്ടാന്ന് വച്ചത്".
കർണൻ എന്നെ രൂക്ഷമായി ഒന്ന് നോക്കി. ഞാൻ കുറച്ചു സമയത്തേക്ക് ഒന്നും മിണ്ടിയില്ല. എന്‍റെ മനസ്സിൽ പെട്ടന്നുദിച്ച ഒരു സംശയം ഞങ്ങളുടെ നിശബ്ദ്തെയെ മുറിച്ചു. ഞാൻ ചോദിച്ചു.
"കർണാ, ഭഗവാൻ വന്നപ്പോളും മാതാവ് കുന്തി വന്നപ്പോളും നിന്റെ ശരീരം വിറക്കുന്നത് ഞാൻ കണ്ടു. എന്താ നിനക്ക് അവരോടു അത്രയ്ക്ക് കോപമാണോ"?
കർണൻ മുഖം താഴ്ത്തി എന്നോട് പറഞ്ഞു. "ഈ ചഞ്ചലത എന്‍റെ തുടക്കം മുതൽ എന്‍റെ കൂടെപ്പിറപ്പാണ്. ജനിച്ച ഉടനെ എന്നെ ഒരു പെട്ടകത്തിലാക്കി ഗംഗാ നദിയിലൂടെ ഒഴുക്കിവിടുമ്പോൾ, എന്‍റെ ശരീരത്തിലൂടെ അരിച്ചുകയറിയ അനാഥത്വത്തിന്റെ കുളിരാണ്. നദിയുടെ ഓളങ്ങൾ വെട്ടി ഒഴുകുമ്പോൾ, ശരീരം കോച്ചുന്ന ആ ആ തണുപ്പ് എന്‍റെ കുഞ്ഞു ശരീരത്തെ വല്ലാതെ ക്ഷീണിപ്പിച്ചിരുന്നു. സുതപുത്രനായി വളർന്ന എനിക്ക് പിന്നീട് ഈ തണുപ്പ് എന്റെ കുലത്തിന്റെ മഹിമയെയും, സുതപുത്രൻ എന്ന പരിഹാസവാക്കുകളാലും ഞാൻ അനുഭവിച്ചു കൊണ്ടിരിക്കുന്നു. ദ്രൌപതി തന്നെ വേണ്ടാ എന്ന് പറഞ്ഞവഹേളിച്ചപ്പോഴും, ഭീഷ്മർ തന്നെ തരം താഴ്ത്തിയപ്പോളും, നിനച്ചിരിക്കാതെ വന്ന ശാപങ്ങളും എല്ലാം എന്നെ ഓർമിപ്പിക്കുന്ന ഒരു അനാഥത്തിന്റെ, അവഹേളനയുടെ കൊടും തണുപ്പാണ്. അതാണ്‌ ഈ വിറയൽ, ഈ വിഹ്വലത.
എന്‍റെ അടുത്ത ചോദ്യത്തിന് കർണനെ നോക്കിയപ്പോൾ അവിടെ ആരുമില്ല. ഞാൻ ചുറ്റും നോക്കി, ആരുമില്ല. ഞാൻ കർണൻ പറഞ്ഞ ഓരോ കഥകളെക്കുറിച്ചും ചിന്തിച്ചു. എനിക്ക് വല്ലാത്ത വിഷമം തോന്നി.
എന്‍റെ ചിന്ത തെറ്റാണോ എന്നറിയില്ല. എന്നിരുന്നാലും എന്‍റെ മനസിൽ ഓടിയെത്തിയത് കുന്തിദേവിയാണ്, അതെ, ഒരമ്മ, ഒരു മകനോട്‌ ചെയ്ത ഏറ്റവും വലിയ അനീതിയാണത്. അധർമം ആണ് കർണനോട് ചെയ്തിരിക്കുന്നത്. ജനിച്ചപ്പോൾ അനാഥത്വത്തിലേക്ക് തള്ളി വിട്ടു, സ്വന്തം കണ്മുന്‍പിൽ വെച്ച് സുതപുത്രൻ എന്ന് അക്ഷേപിക്കപ്പെടുമ്പോളും കേട്ട് നിന്നതല്ലാതെ ഈ ലോകത്തോട്‌ സത്യം മറച്ചു പിടിച്ചു, ദുര്യോധനപക്ഷം പിടിച്ചപ്പോൾ തുടക്കത്തിലെ സത്യം തുറന്നു പറഞ്ഞു തിരുത്താൻ ശ്രമിച്ചില്ല. എല്ലാത്തിനുമുപരി സാക്ഷാൽ ഭഗവാൻ കൃഷ്ണനോട് അപേക്ഷിച്ചിരിക്കുന്നു, അർജുനന്റെ തേരാളിയാകുവാൻ, എന്തിനധികം? കർണനെ പരാജയപെടുത്തുവാൻ വേണ്ടിമാത്രം കർണനെ കണ്ട് പഞ്ചപാണ്ഡവമക്കളെ കൊല്ലരുതെന്നും, കർണന്റെ വിശിഷ്ട ആയുധങ്ങൾ ഒന്നിലധികം ഉപയോഗിക്കില്ലന്നും ഉറപ്പു വാങ്ങിയിരിക്കുന്നു. കർണന്റെ പരാജയത്തിന്  ഇതിൽകൂടുതൽ എന്ത് വേണം? ഈ ലോകത്തിൽത്തന്നെ ഒരു മാതാവ് സ്വന്തം മകനോട്‌ ചെയ്ത ഏറ്റവും വലിയ അനീതി.
പിറ്റെ ദിവസം കുരുക്ഷേത്ര യുദ്ധഭൂമിയിൽ കർണനുണ്ട്. വളരെ സൌമ്യനായി, സുര്യതേജസ്സോടെ നില്‍ക്കുന്ന കർണന്റെ വരവ് കൌരവർ ആഘോഷിക്കുന്നു. കർണന്റെ ആയോധന വീര്യത്തിനു മുൻപിൽ പലരും വീണു. പതിനാലാം ദിവസം അർദ്ധരാത്രിവരെയുള്ള പോരാട്ടത്തിൽ ഭീമപുത്രൻ ഘടോൽഖജനും കർണന്റെ മുന്‍പിൽ വീണു.
അങ്ങനെ പതിനാറാമത്തെ ദിവസം എത്തി. കൌരവ പടത്തലവൻ ദ്രോണർ യുദ്ധക്കളത്തിൽ വീണു. ഇന്ന് കർണൻ പടത്തലവൻ ആയി ചുമതല ഏറ്റു. സ്വർഗ്ഗവും ഭൂമിയും ഒരുപോലെ കാണുകയാണ്. ആ യോദ്ധാവിന്‍റെ വീരത്വം. കർണൻ തന്റെ വിജയ അസ്ത്രം കുലച്ചപ്പോൾ ലോകം മൊത്തം ഞെട്ടി വിറച്ചു. പഞ്ചപാണ്ഡവരിലെ നാല് പേരും കർണന്റെ മുന്‍പിൽ പരാജയപെട്ടു. കുന്തിക്ക് കൊടുത്ത വാക്ക് പ്രകാരം ആരെയും അദ്ദേഹം വധിച്ചില്ല .താൻ അനുഭവിച്ച അപമാനങ്ങൾ വാക്കുകളുടെ ശരമാക്കി കർണ്ണൻ അവരെ എല്ലവേരുടെയം മുന്‍പിൽ വെച്ച് ആ യുദ്ധ ഭൂമിയിൽ വെച്ച് കലി തീരുവോളം അപമാനിച്ചു.
എതിർപക്ഷത്തു നില്‍ക്കുന്ന ഭഗവാൻ കൃഷ്ണനുപോലും കർണന്റെ പോരാട്ടത്തെ പ്രശംസിക്കാൻ തുടങ്ങി. ഭഗവാൻ പറഞ്ഞു ഞാൻ ഭൂമിയിൽ കണ്ട ഏറ്റവും വലിയ പോരാളി ആണ് കർണൻ. ഭഗവാന്‍റെ ആ വാക്കുകൾ എന്നെ പുളകിതനാക്കി.
യുദ്ധം പതിനേഴാം ദിവസം എത്തി നില്‍ക്കുന്നു. ഭഗവാനും അർജുനനും അടങ്ങുന്ന തേര് കർണൻ രണ്ടടി പിന്നോട്ട് നീക്കിയിരിക്കുന്നു. അത് കണ്ടു ഭഗവാൻ കർണനെ പുകഴ്ത്താൻ തുടങ്ങി, അതിനെ ചോദ്യം ചെയ്ത അർജുനനോടു ഭഗവാൻ പറഞ്ഞു, നീ ഉൾക്കൊള്ളുന്ന ഈ തേരിൽ ഞാനും ഹനുമാനും ഉൾകൊള്ളുന്ന ശക്തിയുണ്ട്, അതായത് ഈ ഭൂമിയുടെ ഭാരം, ഒരു സാധാരണ മനുഷ്യനു ഒരിക്കലും അതിനെ ഒന്ന് അനക്കാൻ പോലും സാധിക്കുകയില്ല. പിന്നെ എനിക്ക് എങ്ങനെ അവനെ പുകഴ്ത്താതെ ഇരിക്കും.
യുദ്ധം തുടർന്നുകൊണ്ടേയിരുന്നു. കർണൻ മുന്നേറുകയാണ്. പെട്ടന്ന് ഒരു ദുരന്തം പോലെ കർണന്റെ രഥചക്രം ചെളിയിൽ പൂന്താൻ തുടങ്ങി. രഥത്തിന് മുന്‍പോട്ടു ചലിക്കാൻ കഴിയുന്നില്ല. എന്നിരുന്നാലും കർണൻ പോരാടി. എന്നാൽ തന്‍റെ പോരാട്ടത്തിന്റെ മൂർധന്യാവസ്ഥയിൽ തന്റെ ആവനാഴിയിലെ ബ്രഹ്മാണ്ട അസ്ത്രം ഉപയോഗിക്കാൻ കർണൻ ശ്രമിച്ചില്ല. ആ കാഴ്ച കണ്ടു ഞാൻ അന്ധാളിച്ചു പോയി. കയ്യിൽ ആയുധം ഉണ്ട് എന്നാൽ പ്രയോഗിക്കുന്നില്ല. പരാജയം അയാൾ സ്വയം ചോദിച്ചു വാങ്ങുന്നത് പോലെ. അപ്പോൾ ഞാൻ ഓർത്തു കർണൻ പറഞ്ഞ ശാപത്തിന്റെ കഥകൾ. ഗുരുവായ പരശുരാമനും കാനനത്തിൽ നിന്ന് അറിയാതെ സംഭവിച്ച ഒരു തെറ്റിന് കിട്ടിയ ശാപം എല്ലാം മനസ്സിൽ വന്നു നിറഞ്ഞു. ബ്രാഹ്മണൻ ആണെന്നു പറഞ്ഞ് പരശുരാമന്റെ കയ്യിൽ നിന്നും ആയോധനകലകൾ  കൈവശമാക്കിയ കർണൻ താൻ പിന്നീടു ക്ഷത്രിയനാണെന്ന്  അറിഞ്ഞപ്പോൾ പരശുരാമൻ ശപിച്ചു പറഞ്ഞു, "ആവശ്യസമയത്ത് നീ പഠിച്ച വിദ്യകൾ നിനക്ക് ഉപയോഗിക്കാൻ മറന്നു പോകട്ടെ. അതുപോലെ കാട്ടിൽ വേട്ടയാടിക്കൊണ്ടിരുന്നപ്പോൾ  ഒരു ബ്രാഹ്മണന്റെ പശുവിനെ അറിയാതെ കൊന്നപ്പോൾ അയാളും കർണ്ണനെ ശാപവാക്കുകൾ കൊണ്ട് മൂടിയിരുന്നു. "നീ ഈ പശുവിനെപ്പോലെ നിസഹായനായി മരിക്കും".
യുദ്ധനിയമം അനുസരിച്ച് കർണൻ അർജുനനോടു പറഞ്ഞു, "രഥം കരക്ക്‌ കയറ്റുന്നത് വരെ യുദ്ധം നിർത്താൻ. എന്നാൽ ഭഗവാൻ കൃഷ്ണൻ അർജുനനോടുപദേശിച്ചു, കർണനെ ആക്രമിക്കാൻ. നിരായുധൻ ആയിരുന്ന കർണനെ അർജുനൻ പുറകിൽ നിന്നും ആക്രമിച്ചു. യോദ്ധാക്കളുടെ രാജകുമാരന്‍ അതൊരു പ്രഹരം ആയിരുന്നില്ല. വില്ലാളി വീരൻ കർണൻ അർജുനനെ തിരിച്ചും ആക്രമിച്ചു, കർണന്റെ ആക്രമണത്തിൽ അർജുനന്റെ ഗാണ്ടീവ അസ്ത്രം അവന്റെ ജീവിതത്തിൽ ആദ്യമായി കയ്യിൽ നിന്ന് താഴെ വീണു. അർജുനൻ ബോധരഹിതനായി. യുദ്ധനിയമത്തെ മനസ്സാവരിച്ച കർണൻ ബോധരഹിതനായ അർജുനനെ തുടർന്ന് ആക്രമിക്കാതെ തന്‍റെ രഥം ഉയർത്താൻ വീണ്ടും ശ്രമിച്ചു കൊണ്ടിരുന്നു. എന്നാൽ ബോധം തിരിച്ചു കിട്ടിയ അർജുനൻ ഭഗവാൻ കൃഷ്ണന്റെ ഉപദേശ പ്രകാരം കർണനെ പുറകിൽ നിന്നും വീണ്ടും ആക്രമിച്ചു. തന്റെ അഞ്ജലിക അസ്ത്രം ഉപയോഗിച്ച് നിരായുധൻ ആയ ആ പോരാളിയെ പിറകിൽ നിന്നും ആക്രമിച്ചു വീഴ്ത്തി.
എനിക്ക് ആ വീഴ്ച കണ്ടു നില്‍ക്കാനായില്ല, കാരണം എന്‍റെ നായകൻ, അല്ല ഇഷ്ടപുരുഷൻ ചതിയിൽ വീഴ്തപെട്ടിരിക്കുകയാണ്. ആ യുദ്ധഭൂമിയിൽ ഞാൻ മറ്റൊന്നും ആലോചിച്ചില്ല. ഞാൻ കർണന്റെ അടുത്തേയ്ക്ക് ഓടി അടുത്തു. ഞാൻ ചുറ്റും നോക്കി. ദുര്യോധനൻ വിലപിക്കുകയാണ്. തന്‍റെ നേർ സഹോദരങ്ങൾ മരണപെട്ടപ്പോളും ഒരു തുള്ളി കണ്ണുനീർ പൊടിയാതിരുന്ന ദുര്യോധനൻ അലമുറയിട്ടു കരയുകയാണ്. എനിക്ക് ആ സ്നേഹം കണ്ടപ്പോൾ മനസിലായി കർണന്റെ ചിന്ത ധർമത്തിൽ ആയിരുന്നു. ഈ ലോകത്തിനു അനീതി എന്ന് തോന്നിയാലും പരസ്പരം വിശ്വസിക്കുന്ന രണ്ടു മനസുകൾ തമ്മിലുള്ള വ്യവസ്ഥാപിത ധർമം. ലോകം ദുഷ്ടൻ എന്നുവിളിച്ച ദുര്യോധനന്‍റെ സ്നേഹവും ആത്മാർത്ഥതയും എനിക്ക് അവിടെ കാണാൻ കഴിഞ്ഞു.
വീണു കിടക്കുന്ന കർണന്റെ അടുക്കൽ ഞാൻ മുട്ടുകുത്തിയിരുന്നു കരയുമ്പോൾ പാതി അടഞ്ഞ കണ്ണുകൾകൊണ്ട് എന്നെ നോക്കി കർണൻ എന്നോട് പുഞ്ചിരി തൂകി പറയുന്നുണ്ടായിരുന്നു. "മകനേ, ഇതാണ് കർണൻ, ഇതാണ് കർണന്റെ ധർമം. കർണന്റെ ജീവൻ. ആരെയും ചതിക്കാത്ത സ്നേഹത്തിന്റെ നിയമങ്ങൾ.
 

പറഞ്ഞു മറന്ന കഥ

പറഞ്ഞു മറന്ന കഥ

വേനലിന്റെ വരവും കാത്ത്‌

വേനലിന്റെ വരവും കാത്ത്‌