Kadhajalakam is a window to the world of fictional writings by a collective of writers

സമ്മാനപ്പൊതി

സമ്മാനപ്പൊതി

രാവിലെ അപ്പു കുറച്ചു നേരത്തെ ഉറക്കം എഴുന്നേറ്റു. ശനിയാഴ്ച സാധാരണ പതിവുള്ളതല്ല ഇത്ര നേരത്തെ ഉള്ള എഴുനേൽപ്പ്‌. ശാന്തി അവനോടു കാര്യം തിരക്കി. " എന്നതാടാ രാവിലെ സ്കൂളിൽ പോണന്ന് കരുതി എഴുനേറ്റതാണോ. ഇന്ന് ശനിയാഴ്ചയാ മറന്നു പോയോ. മോൻ ഉറങ്ങിക്കോ 'അമ്മ വിളിക്കാം". അവൻ ഉത്തരം ഒന്നും പറഞ്ഞില്ല. ഒരു ചടങ്ങിനെന്ന പോലെ ഉമിക്കരി എടുത്തു പല്ലൊന്നു വെളുപ്പിച്ചു. മുറ്റത്തെ പൊട്ടിയ പ്ലാസ്റ്റിക് ബക്കറ്റിൽ ഇരുന്ന വെള്ളമെടുത്തു വായും മുഖവും ധൃതിയിൽ കഴുകി.

"അമ്മെ ഞാൻ പോവാ"

"എങ്ങോട്ടാ കഴിച്ചിട്ടു പോ അപ്പു" ശാന്തി വഴക്ക് പറഞ്ഞു.

"വിശപ്പില്ല അമ്മെ. വന്നിട്ടു കഴിക്കാം."

"പറയുന്നത് കേൾക്ക് അപ്പു" അവൾ പുറത്തേക് വന്നപ്പോഴേക്കും അപ്പു ഇറങ്ങി കഴിഞ്ഞിരുന്നു.

"നിൽക്ക് അപ്പു" എവിടെ കേൾക്കാൻ.

അവൻ റെയിൽവേ പാളത്തിലൂടെ ഓടി അകന്നു.

ഇത്ര തിരക്ക് പിടിച്ചു ഈ ചെറുക്കൻ ഇതെങ്ങോട്ടാ ..... ശാന്തി ആലോചിച്ചു.

അപ്പുവിനെ നമുക്കൊന്ന് പരിചയപ്പെടാം. അവനിപ്പോ ഒൻപത് വയസാകുന്നു. നാലാം ക്ലാസ്സിൽ പഠിക്കുകയാണ് . വഴക്കാളി ഒന്നും അല്ല കേട്ടോ. ഒരു പാവം. ഒരുത്തൻറെ പ്രണയത്തിൽ വിശ്വസിച്ചതിനു ശാന്തിക്ക് കിട്ടിയ സമ്മാനം. പക്ഷെ ഉപേക്ഷിച്ചില്ല അവനെ. ഹോട്ടലുകളിൽ പാത്രം കഴുകിയും തൂത്തുവാരിയും ഒക്കെ അവനെ വളർത്തി. പഠിപ്പിച്ചു. അമ്മയുടെ കഷ്ടപ്പാടുകൾ എല്ലാം ഈ ചെറു പ്രായത്തിൽ തന്നെ അവനു നല്ല പോലെ അറിയാം. ഇന്ന് വരെ ഒന്നിനും വാശി പിടിച്ചിട്ടില്ല . പുത്തൻ ഉടുപ്പും കളിപ്പാട്ടവും എല്ലാം അവന്റെ ഉള്ളിലെ ആഗ്രഹം മാത്രമാണ്. ഒന്നും അമ്മയോട് പറയാറില്ല. അമ്മയുടെ ബുദ്ധിമുട്ടുകൾ മനസിലാക്കാൻ പ്രായത്തിൽ കവിഞ്ഞ ഒരു പക്വത ഉണ്ടവന്.

"എന്താ ശാന്തിയെ ഇവിടെ നില്കുന്നെ" അയല്പക്കത്തെ ലളിത ചേച്ചി ചോദിച്ചു. ചേച്ചി ടൗണിലെ ആശുപത്രിയിൽ തൂപ്പുകാരിയാണ്.

"ഒന്നുല ചേച്ചി. ചെറുക്കനോട് കഴിച്ചിട്ടു പോകാൻ പറഞ്ഞതാ. അവൻ ഓടി. ചേച്ചി ആശുപത്രിലേക്ക ? "

"അതെ ...പോട്ടെ ശാന്തിയെ ഇപ്പഴേ വൈകി. നിനക്കിന്ന് പണിക്കു പോകണ്ടേ. "

"പോണം ചേച്ചിയെ...ഞാനും ഒരുങ്ങട്ടെ. " ശാന്തി വീട്ടിലേക്ക് നടന്നു.

അപ്പുവിനുള്ള ചോറും മറ്റും എടുത്തു വച്ചിട്ട് ശാന്തിയും ഒരുങ്ങി ഇറങ്ങി.

സമയം ഉച്ചക്ക് ഒന്നരയായി. ശാന്തി തന്റെ ഊണ് പൊതിയെടുത്തു. അപ്പോഴാണ് ലളിത ചേച്ചിടെ ഫോൺ. ശാന്തി ജോലി ചെയുന്ന ഹോട്ടലിൽ നിന്ന് വളരെ അകലെ അല്ല ലളിതച്ചേച്ചിയുടെ ജോലിസ്ഥലം. "ശാന്തിയെ നീ ഹോട്ടലിൽ ആണോ".

"അതെ ചേച്ചി എന്തെ"

"നീ വേഗം ആശുപത്രിടെ അടുത്തേക്ക് വന്നേ"

"എന്താ ചേച്ചി. കഴിച്ചിട്ട് വരാം"

"പിന്നെ കഴിക്കാം. നീ ഒന്ന് വേഗം വാ ശാന്തിയെ"

"ചേച്ചി കാര്യം പറ" അപ്പോഴേക്കും ലളിത ചേച്ചി ഫോൺ കട്ട് ചെയ്തു.

ഊണ് പൊതി മടക്കി വച്ചിട്ട് ശാന്തി പുറത്തേക്കിറങ്ങി.

ശാന്തിയുടെ മനസ്സിൽ ഭയം മുളപൊട്ടി. പതിവില്ലാത്ത ഒരു ഫോൺ വിളിയാണ്. എന്താ പ്രശ്നം എന്നെങ്കിലും ഒന്ന് പറഞ്ഞിരുന്നേ ആശ്വാസം ആയേനെ. ഈശ്വര ഇനി അപ്പൂന് എന്തെങ്കിലും ? ഒരായിരം ചോദ്യങ്ങൾ ശാന്തിയുടെ മനസിലൂടെ സഞ്ചരിച്ചു.

ശാന്തി ഒരു വിധം ഓടി കിതച്ച് ലളിതേച്ചിയുടെ അടുത്തെത്തി.

"എന്താ ലളിതേച്ചിയെ. ഇനിയെങ്കിലും നിങ്ങൾ കാര്യം പറ"

ആശുപത്രി ടെ അടുത്ത് ഒരു ചെറിയ തുണിക്കടയിലേക്കു ലളിത അവരെ കൊണ്ട് പോയി. അവിടെ ഒരു ചെറിയ ആൾകൂട്ടം ഉണ്ട് . ശാന്തി അവിടേക്കു ചെന്ന് നോക്കിയപ്പോൾ നടുക്ക് അപ്പു നിന്ന് കരയുന്നുണ്ട്.

"എന്താ മോനെ എന്ത് പറ്റി" പരിഭ്രാന്തിയോടെ ശാന്തി ചോദിച്ചു.

"നിങ്ങൾ ആരാ ഈ കൊച്ചിന്റെ " അവന്റെ അടുത്ത് നിന്ന ഒരു മധ്യവയസ്‌കൻ ചോദിച്ചു.

"എന്റെ മോനാ സാറേ. എന്ത് പറ്റി . എന്താ കാര്യം."

"ഈ ചെറു പ്രായത്തിലെ മോഷണം പഠിപ്പിച്ചു വച്ചേക്കുവാണോ ചെക്കനെ. ദേ തുണിക്കടയിൽ വച്ചിരുന്ന സാരീ അടിച്ചോണ്ടു പോവാൻ നോക്കി . എന്റെ പണിക്കാര് കണ്ടു കള്ളനെ കയ്യോടെ പിടിച്ചു. ഞാൻ ഈ കടേടെ മുതലാളിയാ. ഇവനെ ഒക്കെ ഇപ്പഴേ പോലീസിനെ കൊണ്ട് പാഠം പഠിപ്പിച്ചാലേ നന്നാവുള്ളു. "

അയാൾ ആക്രോശിച്ചു.

"അയ്യോ സാറെ പോലീസിനെ ഒന്നും വിളിക്കല്ലേ. എനിക്ക് അറിയാവുന്നവരാ. ഞങ്ങൾ അപ്പുറത്തെ കോളനിയിൽ താമസിക്കുന്നവരാ. അവൻ അങ്ങനെ ഒന്നും ചെയുന്ന കുട്ടി അല്ല. എന്തോ അബദ്ധം പറ്റിയതാ സാറെ . ക്ഷെമിക്കണം. " ലളിതേച്ചി കൈ കൂപ്പി പറഞ്ഞു.

"രാവിലെ കുറെ നാണയ തുട്ടുമായിട്ടു സാരി വേണംന് പറഞ്ഞു വന്നതാ. ഈ കാശിനു കിട്ടില്ലെന്നു പറഞ്ഞു മടക്കി അയച്ചു. അതിന്റെ ദേഷ്യം തീർക്കാൻ വന്നതാ അവൻ." കടക്കാരൻ പറഞ്ഞു.

ആൾക്കൂട്ടത്തിനിടയിൽ തന്റെ മകൻ കള്ളനായി നിക്കുന്നത് കണ്ട ശാന്തിയുടെ മനസ്സിൽ എന്തെന്നില്ലാത്ത സങ്കടവും ദേഷ്യവും വന്നു.

"എന്തിനാടാ മോഷ്ടിച്ചത്" ശാന്തി ചോദിച്ചു.

പേടിച്ചരണ്ട് നിന്ന അപ്പൂന് ഒന്നും മിണ്ടാൻ സാധിച്ചില്ല. കരയുക മാത്രം ചെയ്ത് അവൻ അങ്ങനെ നിന്നു.

"ചോദിച്ചാൽ എന്താടാ ഉത്തരം പറയാത്തെ"

കരച്ചിൽ അടക്കാനാകാതെ ശാന്തി അവനെ ആൾകൂട്ടത്തിൽ പൊതിരെ തല്ലി.

"കള്ളൻ ആകാനാണോടാ നിന്നെ ഞാൻ ഇത്രയും വളർത്തിയത് . പറയടാ" അവൾ എല്ലാ ദേഷ്യവും അവന്റെ കുരുന്ന് ശരീരത്തിൽ തല്ലി തീർത്തു.

ലളിത ശാന്തിയെ പിടിച്ചു മാറ്റി .

"തല്ലി കൊല്ലാതെ മോളെ അവനെ. അവൻ കുഞ്ഞല്ലേ"

"സത്യം പറയാതെ ഇവനെ വിടില്ല ലളിതേച്ചി ഞാൻ. ചേച്ചിക്ക് അറിയില്ലേ എന്റെ കഷ്ടപ്പാടുകൾ. മാനം കളയാനായിട്ടു" അവൾ കരഞ്ഞു.

ആൾകൂട്ടം പിരിഞ്ഞു തുടങ്ങി

"മോനെ . സത്യം പറ. എന്തിനാ അത് എടുത്തത്. ലളിതാമ്മയോടു പറ" ലളിത അവനെ തലോടി കൊണ്ട് ചോദിച്ചു.

"മോൻ കരയാതെ. അമ്മ വന്നില്ലേ. പറ" അവന്റെ കണ്ണുനീർ തുടച്ചു കൊണ്ട് അവർ ചോദിച്ചു

അവൻ പതിയെ പറഞ്ഞു തുടങ്ങി "ലളിതാമ്മ അല്ലെ പറഞ്ഞെ അമ്മേടെ പിറന്നാളാ അടുത്ത ആഴ്ച്ചേന്. അമ്മക്ക് സമ്മാനം മേടിക്കാൻ വന്നതാ. കൂട്ടുകാർ എല്ലാം അമ്മമാർക്ക് സമ്മാനം കൊടുക്കും. അപ്പു മാത്രം കൊടിത്തിട്ടില്ല. ഇത്തവണത്തെ പിറന്നാളിന് അമ്മക്ക് സമ്മാനം മേടിക്കാൻ വന്നതാ. എന്റെ കുടുക്കെലെ മുഴുവൻ പൈസയും ഈ മാമന് കൊടുത്ത സാരി മേടിക്കാൻ. ഈ പൈസക്ക് കിട്ടില്ലെന്നു പറഞ്ഞു എന്നെ പറഞ്ഞു വിട്ടു". കൈയിലെ പ്ലാസ്റ്റിക് കൂടിൽ കുറെ ചില്ലറ തുട്ടുകളുമായി അവൻ അയാളെ നോക്കി.

"അമ്മക്ക് സമ്മാനം കൊടുക്കണംന് കുറെ നാളായിട്ടു ആഗ്രഹിച്ചതാ. കിട്ടില്ലെന്നു പറഞ്ഞപ്പോ വിഷമം ആയി" അപ്പൂന് കരച്ചിൽ നിർത്താൻ കഴിഞ്ഞില്ല. ലളിതേച്ചി ശാന്തിയെ ഒന്ന് നോക്കി. അല്പനേരത്തേക്ക് ആരും ഒന്നും മിണ്ടിയില്ല. കടക്കാരനും അകത്തേക്കു കയറി പോയി.

"വാ നമുക്ക് വീട്ടിൽ പോകാം" ലളിതേച്ചി പറഞ്ഞു "വാ ശാന്തി "

അവർ വീട്ടിലേക്കു നടന്നു . "ഇനി കുഞ്ഞിനെ ഒന്നും ചെയ്യരുത് ശാന്തിയെ . അവൻ നല്ല പോലെ പേടിച്ചിരിക്കുവാ" . ശാന്തിയെയും അപ്പൂനേം വീട്ടിൽ വിട്ടിട്ടു ലളിതേച്ചി നടന്നു.

അപ്പുന്റെ കരച്ചിൽ മാറിയിട്ടില്ല . ശാന്തിക്കും അവന്റെ മുഖം കണ്ടപ്പോൾ സങ്കടം തോന്നി.

"മോൻ കരയണ്ട. അപ്പൊ അമ്മക്ക് വല്ലാതെ വിഷമം വന്നിട്ടു തല്ലി പോയതാ. എന്റെ അപ്പൂനെ ആരേലും കള്ളൻ നു വിളിച്ച അമ്മക്ക് സഹിക്കില്ല. " അവന്റെ നെറ്റിയിൽ ഒരു ഉമ്മ കൊടുത്തിട്ടു ശാന്തി പറഞ്ഞു.

"അമ്മക്ക് സമ്മാനം മേടിക്കണം നു ഒത്തിരി നാളായി ആഗ്രഹിച്ചതാ. ഇനി അടുത്ത പിറന്നാളിന് മേടിച്ചു തരാം. " ആഗ്രഹങ്ങൾ ഒന്നും ഇല്ലാത്ത അപ്പൂന്റെ കൊച്ചു ജീവിതത്തിൽ ഇങ്ങനെ ഒരു ആഗ്രഹം ഉണ്ടെന്നു അറിഞ്ഞ ശാന്തിക്ക് അവനോടു വല്ലാത്തൊരു വാത്സല്യം തോന്നി.

"സാരമില്ല. മോൻ വിഷമിക്കണ്ട . അതിനല്ലേ മോനെ സ്കൂളിൽ വിടുന്നത്. പഠിച്ചു വലിയ ജോലി ഒക്കെ മേടിച്ചിട്ടു അമ്മക്ക് സമ്മാനം തന്നാ മതി കെട്ടോ. ഒരിക്കലും മോഷ്ടിക്കരുത്" അവൾ അവനെ തലോടി കൊണ്ട് പറഞ്ഞു.

രാത്രി അപ്പൂനെ ഉറക്കിയിട്ടു ശാന്തിക്ക് ഉറക്കം വരുന്നില്ല. ആഗ്രഹങ്ങൾ ഒന്നും തന്നെ ഇല്ലാത്ത അവന്‌ ഈ ഒരു ചെറിയ ആഗ്രഹം നടക്കാതെ പോയത് ഒരു പക്ഷെ താങ്ങാൻ കഴിഞ്ഞു കാണില്ല. അവന്റെ ശരീരത്തിലെ അടിയുടെ പാടുകളിൽ തടവി ശാന്തി ഇരുന്നു. പാവം കുട്ടിയാണ് അവൻ. രാവിലെ ആഹാരം പോലും കഴിക്കാതെ ഒന്നും പറയാതെ രാവിലെ ഓടി പോയത് എന്ത് പ്രതീക്ഷയോടെ ആകും അവൻ. അത് കിട്ടില്ലെന്ന്‌ അറിഞ്ഞപ്പോ എന്റെ കുഞ്ഞിന്റെ മനസ് ഇടറിക്കാണും. അവന്റെ ആവശ്യങ്ങൾക്ക് ഇന്ന് വരെ ഒരു കള്ളവും അവൻ പറഞ്ഞിട്ടില്ല. ശാന്തിക്ക് കരച്ചിലടക്കാൻ സാധിച്ചില്ല.

ഓരോന്ന് ആലോചിച്ചും കരഞ്ഞും ശാന്തി എപ്പോഴോ ഉറങ്ങി പോയി.

രാവിലെ കതകിൽ ആരോ മുട്ടുന്നത് കേട്ടാണ് ശാന്തി എഴുനെല്കുനത്. ശബ്ദം കേട്ട് അപ്പുവും എഴുന്നേറ്റു

"ആരാണ് നോക്കട്ടെ അമ്മ" ശാന്തി എഴുന്നേറ്റു കതകു തുറന്നു. ആരാണ് വന്നതെന്ന് ശാന്തിക്ക് പെട്ടെന്നു മനസിലായില്ല.

"ഞാൻ ഇന്നലെ ..... ആ തുണിക്കടേടെ....."അയാൾ പറഞ്ഞു

ശാന്തി ഒന്ന് പേടിച്ചു. "എന്താ സാറേ കാര്യം."

അപ്പോഴേക്കും അപ്പുവും പുറത്തെത്തി. അയാളെ കണ്ടപ്പഴേ അപ്പു അമ്മയുടെ പിറകിൽ ഒളിച്ചു"

"മോൻ പേടിക്കണ്ട . മാമൻ വഴക്കു പറയാൻ വന്നതല്ല." അയാൾ ചിരിച്ചു കൊണ്ട് പറഞ്ഞു.

"രാത്രിയിൽ ഉറങ്ങാൻ പറ്റിയില്ല. ഒരു കുഞ്ഞിനെ ഇത്രയും ആളുകളുടെ മുന്നിൽ വച്ച് അപ്പോഴത്തെ ഒരു ദേഷ്യത്തിന് എന്തൊക്കെയോ പറഞ്ഞു. ക്ഷെമിക്കണം." അയാൾ ശാന്തിയോട് പറഞ്ഞു.

അയാൾ അപ്പോൺ മുൻപോട്ടു പിടിച്ചു നിർത്തി "മോൻ പോയി കഴിഞ്ഞു മാമൻ നോക്കിയപ്പോഴാ മോന്റെ പൈസക്ക് കിട്ടുന്ന സാരി അവിടെ ഇരിക്കുന്നത് കണ്ടത് . അതാ രാവിലെ ഇങ്ങോട്ടു കൊണ്ട് വന്നത്. ദാ ഇതാ നോകിയെ. നല്ലതാണോ?". തന്റെ കൈയിൽ ഇരുന്ന ഒരു കവർ അപ്പൂന് കൊടുത്തു അയാൾ ചോദിച്ചു. അപ്പു അതിലേക്കു നോക്കി. ഒരു സാരി. ഉറക്കച്ചടവ്‌ മാറാത്ത ആ കുഞ്ഞു മുഖത്തു ഒരു ചെറിയ ചിരി വിടർന്നു. "ഇതൊന്നും വേണ്ട സാറേ" ശാന്തി അയാളോട് പറഞ്ഞു.

"അങ്ങനെ പറയരുത്. ഇന്നലെ ഇവന്റെ കണ്ണുനീർ കണ്ടപ്പോ മുതൽ ഒരു സമാധാനം ഇല്ല. അതാ ഈ കോളനിയിൽ ആണെന്ന് ആ ചേച്ചി പറഞ്ഞതനുസരിച്ചു വീടന്യോഷിച്ചു വന്നത്." ഇപ്പൊ ഇവന്റെ സന്തോഷം കണ്ടപ്പോ എന്റെ മനസ്സ് അതിലേറെ സന്തോഷിച്ചു. എങ്കിൽ ഞാൻ ഇറങ്ങട്ടെ."

"മോനെ മാമൻ പോവാണ്. " അയാൾ അപ്പുവിന്റെ തലയിൽ ഒന്ന് തൊട്ടു കൊണ്ട് പറഞ്ഞു. അപ്പുവിന്റെ മുഖത്തെ അത്ഭുതം ഇപ്പഴും മാറിയിട്ടില്ല. അയാൾ നടന്നകന്നു. "കുറച്ചകലെ നടന്നകന്നപ്പോ പിറകിൽ നിന്നും ഒരു വിളി . "മാമാ"

അത് അപ്പുവാണ്. "എന്താ മോനെ.

" പൈസ തരാൻ മറന്നു " മുഷിഞ്ഞ പ്ലാസ്റ്റിക് കവറിലെ നാണയ തുട്ടുകൾ അവൻ നീട്ടി

അയാൾ സ്നേഹത്തോടെ അവന്റെ കവിളിൽ നുള്ളി. "അമ്മയുടെ പിറന്നാളല്ലേ. അപ്പൊ മുട്ടായി മേടിക്കാം . സൂക്ഷിച്ചു വെച്ചോ കേട്ടോ." അയാൾ നടന്നകന്നു . മനസ്സിൽ നിറയെ സന്തോഷമായി. തന്റെ അമ്മക്കുള്ള സമ്മാനം നെഞ്ചോട് ചേർത്ത് വച്ച് അപ്പു അയാളെ നോക്കിനിന്നു.

അണ്ണൻ

അണ്ണൻ

മണ്ണിന്റെ തണുപ്പ്

മണ്ണിന്റെ തണുപ്പ്