ഹാര്‍ട്ട് അറ്റാക്ക്
അന്നൊരു മഴയുള്ള ദിവസമായിരുന്നു അവര്‍ യാത്ര പുറപ്പെട്ടത്. ഇടിയുടെ കാതടപ്പിക്കുന്ന ഗർജ്ജനവും പ്രകാശം പരത്തുന്ന മിന്നലും ഉള്ള ഒരു ദിവസം. മഴത്തുള്ളികളെ ദാക്ഷിണ്യം കൂടാതെ വൈപ്പറുക്കൊണ്ട് ഛിന്നഭിന്നമായി ചിതറിച്ചുകളഞ്ഞ് ആ കാര്‍ പായുകയാണ് .
“ദിസ് ഈസ് റിയലി ക്രേസി മാൻ...പ്ലീസ് സ്ലോ ഡൗണ്‍ ദി കാര്‍" സീറ്റ് ബെല്‍റ്റ് പൊട്ടിപ്പോകുമോ എന്ന ഭയത്തോടെ വില്‍സണ്‍ ജീവനോട് പറഞ്ഞു .ജീവന്‍ വില്‍സനെ നോക്കി .ടോപ് ഗിയറില്‍ എത്താന്‍ ,അവശേഷിച്ച ആ ഗിയറും വലിച്ചിട്ട് ജീവന്‍ കാറിന്‍റെ വേഗത വീണ്ടും കൂട്ടി .നല്ല മഴയായതുകൊണ്ട്
പുറത്തെ കാഴ്ചകള്‍ വികലമായിരുന്നു .വളരെ അടുത്തെത്തിയാലാണ് റോഡിലെ മറ്റു വാഹനങ്ങളെ കാണുന്നത് തന്നെ.
“ജീവന്‍...പ്ലീസ് ...പുറത്ത് നല്ല മഴയാണ് ...കാറിന്‍റെ വേഗം കുറയ്ക്കൂ “
“ഇനി അധിക സമയമില്ല വില്‍സണ്‍ ...എനിക്ക് എത്രയും പെട്ടെന്ന് അവിടെ എത്തിയെപ്പറ്റു “
സ്പീഡോ മീറ്ററിലെ സൂചി നൂറും കടന്ന് അടുത്ത അക്കത്തിലേയ്ക്കുള്ള പ്രയാണമാണ് .മറ്റു വാഹനങ്ങളെ തൊട്ടു തൊട്ടില്ല എന്ന രീതിയിലാണ് കാര്‍ പായുന്നത് .
“ജീവന്‍, പ്ലീസ് സ്പീഡ് കുറയ്ക്കൂ “ വില്‍സണ്‍ വീണ്ടും പറഞ്ഞു .ജീവനത് കേട്ടതായിപ്പോലും ഭാവിച്ചില്ല .അയാള്‍ ആക്സിലറേറ്ററില്‍ നിന്ന് കാല്‍ എടുക്കാതെ അമര്‍ത്തിപ്പിടിച്ചിരിക്കുകയാണ് .പെട്ടെന്ന് വലിയ ഒരു മരത്തിന്‍റെ ശാഖ റോഡിലേക്ക് തെറിച്ചു വീണു.
“ഹേയ് വാച്ച്ഔട്ട് “ വില്‍സണ്‍ ജീവന്‍റെ കൈയില്‍ കയറി പിടിച്ചു സ്റ്റിയറിംഗ് ഇടത്തോട്ടു തിരിച്ചു. ഒരു ടാങ്കര്‍ ലോറി അവരുടെ കാറിനെ തൊട്ടു തൊട്ടിലെന്ന രീതിയില്‍ അരികിലൂടെ കടന്നു പോയി .കാര്‍ വട്ടത്തിലൊന്ന് കറങ്ങി ഇലക്ട്രിക് പോസ്റ്റിനെ ചുംബിക്കാനെന്നപ്പോലെ അരികത്തായി പതിയെ വന്നു നിന്നു . ഒരു നിമിഷം ശ്വാസം നിലച്ച വില്‍സണ്‍ അപകടം കടന്നുപോയ സന്തോഷത്തില്‍ ഒരു ദീര്‍ഘശ്വാസമിട്ടു . ജീവനപ്പോള്‍ രണ്ടു കൈയില്‍ സ്റ്റിയറിംഗ് പിടിച്ച് അതിനു അഭിമുഖമായി മുഖംവെച്ചു കണ്ണുകള്‍ അടച്ചിരിക്കുകയായിരുന്നു .വില്‍സണ്‍ ഡോര്‍ തുറന്ന് പുറത്തിറങ്ങി ഡ്രൈവിംഗ് സീറ്റിന്റെ വശത്തേക്ക് നടന്നു. പതിയെ ഡോര്‍ തുറന്ന വില്‍സണ്‍ ജീവന്‍റെ പുറകില്‍ തട്ടിക്കൊണ്ടു പറഞ്ഞു,
“മതി ജീവന്‍ ...ഇനി ഞാന്‍ ഓടിക്കാം “ ജീവന്‍ തിരിഞ്ഞു നോക്കിയില്ല. വില്‍സണ്‍ വീണ്ടും തട്ടി വിളിച്ചു.
“ജീവന്‍ ….ജീവന്‍ ഞാന്‍ ഓടിക്കാം ഇനി “ ജീവന്‍ തിരിഞ്ഞു നോക്കാത്തതുകൊണ്ട് വില്‍സണ്‍ പതിയെ ജീവനെ പിടിച്ചു സീറ്റിലെയ്ക്ക് ചാരിക്കിടത്തി .ജീവന്‍റെ കണ്ണുകള്‍ നിറഞ്ഞിരിക്കുന്നു .
“ഹേയ് ….ജീവന്‍ എന്താ ഇത് ..ചെറിയ പിള്ളാരെപ്പോലെ “
“എനിക്ക് അവളെ കാണണം വില്‍സണ്‍ “അയാള്‍ വില്‍സനോട് പറഞ്ഞു .
“ഹേയ് റിലാക്സ് .നമ്മള്‍ പോവുകയല്ലേ .ജീവന്‍ ഇനി കാര്‍ ഓടിയ്ക്കേണ്ട .ഞാന്‍ ഓടിക്കാം “
ജീവനെ പതിയെ അപ്പുറത്തെ സീറ്റിലെയ്ക്ക് വില്‍സണ്‍ മാറ്റിയിരുത്തി ഡ്രൈവിംഗ് സീറ്റിലെയ്ക്ക് കയറിയിരുന്നു .കർചീഫ് എടുത്ത് കൊടുത്ത് കണ്ണുകള്‍ തുടച്ചു കൊള്ളുവാന്‍ വില്‍സണ്‍ ജീവനോട് പറഞ്ഞു .വില്‍സണ്‍ കാര്‍ സ്റ്റാര്‍ട്ട് ചെയ്തു.
“നമ്മള്‍ പോവുകയാണ് ജീവന്‍". കാര്‍ പതിയെ ചലിക്കാന്‍ തുടങ്ങി ..മഴയുടെ ഗാംഭീര്യം കുറഞ്ഞിരിക്കുന്നു. കാറില്‍ നിന്നു പുറത്തേക്കുള്ള കാഴ്ചകള്‍ക്കു കുറച്ച് വ്യക്തത തോന്നിയതിനാല്‍ വില്‍സണ്‍ കാറിന്‍റെ വേഗത കുറച്ചു കൂട്ടി .കുറച്ചു നേരം രണ്ടുപേരും ഒന്നും മിണ്ടിയില്ല. നിശബ്ദതയ്ക്ക് വിരാമമിട്ടത് വില്‍സണ്‍ ആയിരുന്നു.
"എങ്ങനെ ആയിരുന്നു നിങ്ങള്‍ കണ്ടു മുട്ടിയത് ? അല്ല രണ്ടു മണിക്കൂര്‍ യാത്രയുണ്ട് ഇനിയും “ അത് കേട്ടതും ശോകമായിരുന്ന ജീവന്‍റെ മുഖം പതിയെ പ്രസന്നമായത് വില്‍സണ്‍ ശ്രദ്ധിച്ചു .ജീവന്‍ കാറിന്‍റെ സണ്‍റൂഫ് പതിയെ താഴ്ത്തി എണീറ്റ് നിന്നു .കൈകളും തലയും പുറത്തിട്ടുകൊണ്ട് മഴത്തുള്ളികളെ സ്വാഗതം ചെയ്തു .മഴയുടെ ഗാംഭീര്യം നഷ്ടപ്പെട്ട് വെറും ചാറ്റല്‍മഴ ആയിരുന്നു അപ്പോള്‍.
“ജീവന്‍...എന്താ ഈ കാണിക്കുന്നേ? വെള്ളം അകത്തേക്ക് വീഴുന്നു ….സണ്‍റൂഫ് ക്ലോസ് ചെയ്തേ വേഗം “ വില്‍സന്‍ കുറച്ച് ദേഷ്യത്തോടെ പറഞ്ഞു .അത് വക വെക്കാതെ ജീവന്‍ രണ്ടു കൈകളും വിടര്‍ത്തിക്കൊണ്ട് മഴ നനയുകയാണ്.
"അവളെ കണ്ടതില്‍ പിന്നെയുള്ള ഓരോ മഴയും എനിക്ക് പ്രിയപ്പെട്ടതായിരുന്നു.ഓരോ തവണ മഴ നനയുമ്പോഴും എന്നിലേയ്ക്ക് ഓടിയെത്തുന്നത് ഞാനവളെ ആദ്യമായി കണ്ട ആ ദിനമാണ് “
****
1990.
ഫേസ്ബുക്കും സ്മാര്‍ട്ട്‌ഫോണും അരങ്ങത്തില്ലായിരുന്ന കാലം .പ്രീ ഡിഗ്രി കഴിഞ്ഞ് ജീവിതത്തില്‍ ഇനിയെന്ത് എന്ന് ആലോചിച്ചിരിക്കുന്ന സമയം.സിരകളില്‍ ഫുട്ബോള്‍ ആളിക്കത്തിയിരുന്ന ആ കൊല്ലമാണ് ജര്‍മ്മനി അര്‍ജന്‍റീനയെ തകര്‍ത്ത് കപ്പ് നേടിയത് .പാടത്തും പറമ്പിലും എങ്ങും ഫുട്ബോള്‍ മാത്രം. ചാലിശ്ശേരി മൈതാനത്ത് നിന്ന് കളിയും കഴിഞ്ഞ് ഞാന്‍ വരുകയായിരുന്നു .മഴക്കാലം ആയതിനാല്‍ മഴ നനയാതെ പെട്ടെന്ന് വീട് പിടിക്കണം എന്ന ചിന്ത സൈക്കിളിന്‍റെ വേഗത്തിനും കാരണമായി .അടയ്ക്ക മാര്‍ക്കറ്റിന്‍റെ പിന്നിലൂടെ കടന്നു നീരോലങ്ങാടിയിലൂടെ മുട്ടിപ്പാലം വഴി വീട്ടിലേയ്ക്ക്. അതായിരുന്നു പതിവ് .അടയ്ക്ക മാര്‍ക്കറ്റിന്‍റെ പിന്നിലൂടെ കവുങ്ങിന്‍ തോട്ടത്തിന്‍റെ ഇടയിലൂടെ ഉള്ള യാത്ര കുറച്ച് ഭീതിയുള്ളതായിരുന്നു .ഏക്കര്‍ കണക്കിന് കവുങ്ങും തോപ്പാണ് രണ്ടു വശത്തും .ഇടയില്‍ ഒരു വീടുപോലും ഇല്ലായിരുന്നു .പേടി മാറ്റാന്‍ ചുണ്ടില്‍ ഒരു മൂളിപ്പാട്ടും വരുത്താറുണ്ട് .നീരോലങ്ങാടിയിലെ പടിഞ്ഞാറെ പള്ളിയുടെ മുന്നില്‍ എത്തിയപ്പോള്‍ സൈക്കിളിന്‍റെ ചെയിന്‍ തെറ്റി .പള്ളിയില്‍ പോകാത്തതുകൊണ്ട് ദൈവം മനപ്പൂര്‍വ്വം ചെയിന്‍ തെറ്റിച്ചതായിരിക്കും എന്ന് മനസ്സില്‍ കരുതിക്കൊണ്ട് ഞാന്‍ സൈക്കിളില്‍ നിന്ന് ഇറങ്ങി ചെയിന്‍ ശരിയാക്കിയിടാന്‍ തുടങ്ങി .പെട്ടെന്ന് മഴയും തുടങ്ങി.
“നാശം! ഇടി വെട്ടേറ്റവനെ പാമ്പ് കടിച്ചപോലെ ആയല്ലോ".ഞാൻ മനസ്സിൽ പറഞ്ഞു. ഞാന്‍ സൈക്കിള്‍ പതിയെ ഉന്തി പള്ളി കോംബൗണ്ടിലേക്ക് കയറ്റി വെച്ചു .രക്ഷയില്ല നല്ല മഴയാണ് . ഇനി മഴ മാറിയെ സൈക്കിള്‍ എടുക്കാനാവൂ .ഞാന്‍ പള്ളി വരാന്തയിലേയ്ക്ക് കയറിനിന്നു. പള്ളിയ്ക്ക് തൊട്ടുള്ള സെമിത്തേരിയില്‍ മരിച്ചവന്‍റെ ബന്ധുക്കള്‍ അവനവന്‍റെ കൈയിലെ സമ്പത്തിനും സ്റ്റാറ്റസിനും ഉതകുന്ന തരത്തിലുള്ള ശവകുടീരങ്ങള്‍ തീര്‍ത്തിരിക്കുന്നു .ചിലത് മാര്‍ബിളില്‍, ചിലത് ടൈല്‍സ് കൊണ്ടുള്ളത്, മറ്റുചിലത് ഇഷ്ടികയും സിമെന്റും മാത്രം വേറെ ചിലത് മണ്ണ് മാത്രം മൂടിയിട്ട് .ജീവിച്ചിരുന്നപ്പോഴും സമ്പത്തിന്‍റെ തുലാസ്സില്‍ വേര്‍തിരിക്കപ്പെട്ടവര്‍ മരിച്ചും മാറ്റമില്ലാതെ ….അവിടെയും വിവേചനം…മഴത്തുള്ളികള്‍ ശവക്കല്ലറയില്‍ തട്ടി ചിതറി , മഴവില്ലിന്‍റെ പല നിറങ്ങളും തുള്ളികളില്‍ പ്രതിഫലിക്കുന്നുണ്ട്. ഒരു മാര്‍ബിള്‍ ശവക്കല്ലറയുടെ അരികത്തായി കുട ചൂടി നില്‍ക്കുന്ന ഒരു പെണ്‍കുട്ടിയുടെ ചിത്രം എന്‍റെ കണ്ണില്‍ അവിചാരിതമായി തെളിഞ്ഞു .കുട മറച്ച് പിടിച്ചത് കൊണ്ട് മുഖം അവ്യക്തം.
”കഷ്ടമായല്ലോ അത്...കുട ഒന്ന് മാറ്റി പിടിയ്ക്കു കുട്ടി" ഞാന്‍ അത് മനസ്സില്‍ പറഞ്ഞതായിരുന്നു. പക്ഷെ ഞാന്‍ പോലും അറിയാതെ ശബ്ദം പുറത്തേക്ക് വന്നു .ഞാന്‍ പറഞ്ഞത് അവള്‍ കേട്ടെന്നു വ്യക്തമാക്കും വിധം അവൾ എന്നെയും നോക്കി. ഞാന്‍ തിരിച്ച് നോക്കുമ്പോഴേക്കും അവള്‍ ഒരു പ്രതിഷേധത്തോടെ കുട കൊണ്ട് മുഖം മറച്ചു പിടിച്ചു . “ഛെ ...മിസ്സായി “ സെമിത്തേരിയില്‍ നിന്ന് കുടമറച്ചു പിടിച്ചു കൊണ്ട് അവള്‍ പള്ളിയുടെ അകത്തേക്ക് പ്രവേശിച്ചു .കുര്‍ബാന ഇല്ലാത്ത ദിവസം ആയതുകൊണ്ട് പുറകിലുള്ള വാതില്‍ മാത്രമേ തുറന്നിട്ടുള്ളു.ഞാനും ആ വാതിലിലൂടെ അകത്തേക്ക് കയറി .വാതിലുകള്‍ എല്ലാം അടഞ്ഞു കിടക്കുന്നതിനാലും വെളിച്ചത്തിന് ബള്‍ബുകള്‍ ഓഫ് ആയതുകൊണ്ടു. നടുവില്‍ കത്തുന്ന വിളക്കിന്‍റെ വെളിച്ചം പരിമിതമായതിനാലും മുഖം ഇപ്പോഴും അവ്യക്തം .അവള്‍ പതിയെ വിളക്കിന്‍റെ അടുത്തേക്ക് വന്നു . അവള്‍ കൈയ്യിലുള്ള മെഴുകുതിരി കത്തിച്ചതും വിളക്കിന്‍റെ വെളിച്ചവും കൂടിയായപ്പോള്‍ ആകാംക്ഷക്കൊടുവിൽ അവളുടെ മുഖം എനിയ്ക്ക് കാണാന്‍ പറ്റി.
“ ഹോ ….ഇതാര് ഗബ്രിയേല്‍ മാലാഖ ഭൂമിയില്‍ പെണ്ണായി അവതരിച്ചതോ !“ മെഴുകുതിരി കത്തിച്ച ശേഷം അവള്‍ എന്‍റെ മുന്നിലൂടെ കടന്നു പോയി .എന്തോ ഒരു ആകര്‍ഷണം എന്നെ അവളിലേയ്ക്ക് അടുപ്പിച്ചു.
”പോ…..പോയി അവളോട് സംസാരിക്ക് “
ആരോ ഒരാള്‍ എന്നോട് മന്ത്രിക്കുന്നതു പോലെ എനിക്കു
തോന്നി .പേരെങ്കിലും അറിയാനുള്ള എന്‍റെ ആഗ്രഹം എന്നെ അസ്വസ്ഥനാക്കി . ഞാന്‍ അവളെ അനുഗമിച്ചു .പള്ളിയുടെ പുറത്തേക്ക് കടന്നത് നേരെ കപ്യാരുടെ മുന്നിലേക്കാണ് .
“ടാ... നീയാ ജോസഫിന്‍റെ മോനല്ലേ …..ഇവിടെ ഇങ്ങനെയൊരു പള്ളി ഉള്ളതൊക്കെ നിനക്ക് അറിയോടാ ….നിന്നെയൊക്കെ ഒന്ന് ഉപദേശിക്കാന്‍ കാത്തിരിക്കുകയായിരുന്നു “. പെട്ടു ഇനി രക്ഷയില്ല. ഞാന്‍ അവളും പോകുന്നതും നോക്കി നിന്നു .
”പ്ലീസ് …...ഒന്ന് തിരിഞ്ഞു നോക്കടി “ ഞാന്‍ മനസ്സില്‍ പറഞ്ഞു.
”ടാ ആരെയാടാ നോക്കുന്നേ “കപ്യാര്‍ വിടാന്‍ ഉള്ള ഭാവത്തിലല്ല .അവള്‍ കണ്ണില്‍ നിന്ന് മറഞ്ഞു .കപ്യാരെ കൊല്ലേണ്ട ദേഷ്യം വന്നു എനിയ്ക്ക് .പക്ഷെ അത് പുറത്ത് കാട്ടാതെ അയാളുടെ ഉപദേശം കേട്ട് നിന്നു .ക്ഷമകെട്ട് ഞാന്‍ പറഞ്ഞു.
“ഇനി നാളെയാവാം ഉപദേശം.ഇതൊക്കെ കേട്ട് ഇന്ന് തന്നെ ഞാന്‍ നന്നായാലോ.പിന്നെ എന്‍റെ പേരിലും നാളെ നിങ്ങള്‍ക്ക് പള്ളി പണിയേണ്ടിവരും.അതുകൊണ്ട് ഇനി നാളെ ഞാന്‍ വരാം.ബാക്കി ഉപദേശം അപ്പൊ...പോട്ടെ “.
ഞാന്‍ മുന്‍ഭാഗത്തേക്ക് ഓടി വന്നു അവളെ നോക്കിയെങ്കിലും നിരാശനായി നില്‍ക്കാനേ പറ്റിയുള്ളൂ .അവള്‍ പോയിരുന്നു. മഴ ഒന്ന് തോര്‍ന്നപ്പോള്‍ ഞാന്‍ ചെയിന്‍ ശരിയാക്കി സൈക്കിളില്‍ കയറി വീട്ടിലെയ്ക്ക് തിരിച്ചു .കുറുഞ്ചിരിക്കാവ് അമ്പലം കഴിഞ്ഞാല്‍ കുത്തനെയുള്ള ഒരു ഇറക്കമുണ്ട് .അത് കഴിഞ്ഞാല്‍ മുട്ടിപ്പാലം എത്തും വരെ ഒരൊന്നര കിലോമീറ്റര്‍ പാടമാണ് .പാടത്തിന്‍റെ നടുവിലൂടെ ഒരു മണ്‍പാതയെ ഉള്ളു .മഴക്കാലത്ത് വെള്ളം നിറഞ്ഞ് പാതയേതാ പാടമേതാ എന്ന് തിരിച്ചറിയാനാവാത്ത അവസ്ഥ ഉണ്ടാവാറുണ്ട് .മണ്‍പാത ആകെ ചെളിയില്‍ നിറഞ്ഞിരിക്കുന്നു .ആ ചെളിയിലൂടെ ഞാന്‍ പതിയെ സൈക്കിള്‍ നീക്കി. കഷ്ടി ഒരു അഞ്ചു മിനിറ്റ് ചവിട്ടിക്കാണും.ദേ വീണ്ടും സൈക്കിളിന്‍റെ ചെയിന്‍ തെറ്റി .മഴയും ചെളിയും സൈക്കിള്‍ ചെയിനും എല്ലാം കൂടി ആയപ്പോള്‍ തല അങ്ങോട്ട് പെരുത്ത് വന്നു .പതിയെ ചെയിന്‍ വലിച്ചിടാന്‍ നോക്കി .കൈയില്‍ ആണെങ്കിലോ തുടച്ചിട്ടും പോവാത്ത ഗ്രീസ്.
”ആരെയാവോ ഇന്നു കണി കണ്ടത്!" സൈക്കിള്‍ ചെയിന്‍ ഫ്ലൈവീലിന്‍റെ ഇടയില്‍ പെട്ടിരിക്കുകയാണ്. ചെയിന്‍ വലിച്ചിടുന്നതിന്‍റെ ഇടയിലാണ് ഒരു കാറിന്‍റെ ഹോണടി കേട്ടത് . തിരിഞ്ഞു നോക്കിയതും അത് എന്‍റെമേല്‍ ചെളി തെറിപ്പിച്ചുകൊണ്ട് മുന്നിലൂടെ കടന്നുപോയതും ഒരുമിച്ചായിരുന്നു .ഇതുംകൂടി ആയപ്പോള്‍ സമനില തെറ്റിയ ഞാന്‍ അടുത്ത് കിടന്നിരുന്ന ഒരു വലിയ കല്ലെടുത്ത് കാറിനെ നോക്കി ഒരൊറ്റയേറ് കൊടുത്തു.കാറിന്‍റെ പിന്നിലെ ചില്ല് ഉടഞ്ഞു .കാര്‍ അവിടെ നിന്നു .ഞാന്‍ ആണെങ്കിലോ ചെളിയില്‍ മുങ്ങി നില്‍ക്കുകയാണ് .ഗ്രീസ് പുരണ്ട കൈ കൊണ്ട് മുഖം തുടച്ചപ്പോള്‍ നല്ല വെളുത്ത മുഖം ഗ്രീസ് കൊണ്ട് കറുത്ത നിറമായി .കാറിന്‍റെ ഡോര്‍ പതിയെ തുറന്നു. ഒരു കാല്‍ ആദ്യം പുറത്തേയ്ക്ക് വന്നു .തൊട്ടു പിന്നാലെ രണ്ടാമത്തെ കാലും ഒരു കുടയും പുറത്തേക്ക് വന്നു .കാറില്‍ നിന്ന് ഒരു പെണ്‍കുട്ടി പുറത്തേക്ക് ഇറങ്ങി .കുറച്ചു മുന്നേ പള്ളിയില്‍ കണ്ട ആ പെണ്‍കുട്ടിയല്ലേ അത് .ഞാന്‍ ഒരു സംശയത്തോടെ അവളുടെ മുഖത്തേക്ക് നോക്കി. അതെ അവള് തന്നെ ഗബ്രിയേല്‍ മാലാഖ .ചെളിയില്‍ കുതിര്‍ന്ന് നില്‍ക്കുന്ന എന്‍റെ അടുത്തേക്ക് അവള്‍ പതിയെ വന്നു .കൈയില്‍ ഉണ്ടായിരുന്ന ഞാന്‍ എറിഞ്ഞ ആ കല്ല് എനിയ്ക്ക് നേരേ അവള്‍ നീട്ടി .അവളുടെ നെറ്റിയില്‍ നിന്ന് ചെറുതായി ചോര പൊടിഞ്ഞിരുന്നത് ഞാന്‍ ശ്രദ്ധിച്ചു.സന്തോഷം കൊണ്ടും ആശ്ചര്യം കൊണ്ടും ദേഷ്യം കൊണ്ടും നിന്നിരുന്ന എനിയ്ക്ക് എന്തെങ്കിലും പറയാന്‍ പറ്റാതെ വിധം നാക്കും പണിമുടക്കി .ഞാന്‍ അവളുടെ കൈയില്‍ നിന്ന് ഒരു കുറ്റബോധത്തോടെ ആ കല്ല് വാങ്ങി . .കല്ല് തിരിച്ചേല്‍പ്പിച്ച് അവള്‍ കാറിന്‍റെ അടുത്തേക്ക് തിരിഞ്ഞു നടന്നു. ഞാന്‍ അവള്‍ പോകുന്നത് നോക്കി നിന്നു.
********
It's been so long That I haven't seen your face … ജീവന്‍റെ ഫോണ്‍ റിംഗ് ചെയ്യാന്‍ തുടങ്ങി .ജീവന്‍ കോള്‍ കട്ട് ചെയ്തു.
“Wow....Awesome!
അതിനുശേഷം അവളെ പിന്നെ കണ്ടില്ലേ ?" വില്‍സന്‍ ഒരു സംശയത്തോടെ ജീവനോട് ചോദിച്ചു.
“കണ്ടിരുന്നു. പലവട്ടം കണ്ടിരുന്നു “
*********
അടുത്ത ഞായറാഴ്ച ,അമ്മ മരിച്ചതില്‍ പിന്നെ പള്ളി പരിസരം കാണാത്ത ഞാന്‍ അവളെ കാണാന്‍ വേണ്ടി മാത്രമായി പള്ളിയില്‍ പോയി .അവള്‍ അന്ന് വരുമെന്ന് എനിക്ക് ഉറപ്പായിരുന്നു .എന്‍റെ ഉറപ്പിന് മാന്യത നല്‍കിക്കൊണ്ട് അവളും വന്നു.കുര്‍ബാന സമയത്തും ദൈവത്തെ ശ്രദ്ധിക്കാതെ ഞാന്‍ അവളെ നോക്കി നിന്നു. അവള്‍പോലും അറിയാതെ.അങ്ങനെയങ്ങനെ പള്ളിയിലെ സ്ഥിര ഭക്തനായി ഞാന്‍ .ഉപദേശം കൊണ്ട് ഞാന്‍ നന്നായെന്ന് കപ്യാരും കരുതി. അങ്ങനെയൊരു ഞായറാഴ്ച ഞാന്‍ അവളെ നോക്കി നില്‍ക്കവേ പെട്ടെന്ന് അവളും എന്നെ തിരിഞ്ഞ് നോക്കി .ഞാന്‍ ചമ്മി മുഖം തിരിച്ചു. കുര്‍ബാന കഴിഞ്ഞു മടങ്ങവേ ഞാന്‍ ആള്‍കൂട്ടത്തില്‍ അവളെ തിരഞ്ഞു. പെട്ടെന്ന് പിന്നില്‍ നിന്ന് ഒരു ചോദ്യം,
“എന്നെയാണോ തിരയുന്നെ ?” അവളുടെയായിരുന്നു
പെട്ടെന്നുള്ള ആ ചോദ്യം. ഞാന്‍ ഒരു നിമിഷം സ്തംഭിച്ചുപോയി .വാക്കുകള്‍ ഒന്നും പുറത്ത് വരാതെ ഞാന്‍ ഒരു നിമിഷം അങ്ങനെ നിന്നു.
“എന്താ ആലോചിക്കുന്നെ ? “
എന്‍റെ നില്‍പ്പ് കണ്ട് അവള്‍ ചോദിച്ചു
“ദാസപ്പേട്ടാ എവിടെയാ ? “
“ദാസപ്പേട്ടനൊ ...അതാരാ ?” അവള്‍ സംശയത്തോടെ ചോദിച്ചു
"അത് എന്നെപ്പോലെ ഒരാള്‍ ഇവിടെ എവിടെയെങ്കിലും കറങ്ങി നടക്കുന്നുണ്ടാവും.പെട്ടെന്ന് സുന്ദരിയായൊരു പെണ്‍കുട്ടി അടുത്ത് വന്ന് സംസാരിക്കുമ്പോള്‍ ഒന്ന് പതറി വാക്കുകള്‍ കിട്ടാതെ സ്തംഭിച്ചു നില്‍ക്കുന്ന ഒരാള്‍ “
അത് കേട്ടതും അവള്‍ പൊട്ടിച്ചിരിച്ചു.
“എന്നാലും, കല്ല് വെച്ചൊന്നും എറിയണ്ടായിരുന്നു “ നെറ്റിയിലെ മുറിവില്‍ തൊട്ടു കൊണ്ട് അവള്‍ പറഞ്ഞു.
“ക്ഷമിയ്ക്കു. പറ്റിപ്പോയി “ ഞാന്‍ ഒരു കുറ്റബോധത്തോടെ അവളോട് പറഞ്ഞു .
“ക്ഷമിച്ചിരിക്കുന്നു...നമ്മുക്കെന്നാല്‍ നടന്നാലോ ?”
“ഇന്ന് കാറില്ലേ ?”
“ഉണ്ട്…..പക്ഷെ നടക്കാമെന്നുവെച്ചു “
ഞങ്ങള്‍ പതിയെ നടന്നു.
“പേരെന്താ?"
"മീര"
".ഞാന്‍ ജീവന്‍ ...അല്ല മുന്നെയൊന്നും ഇവിടെ കണ്ടിട്ടില്ലല്ലോ ?”
“ഞങ്ങള്‍ കര്‍ണ്ണാടകയില്‍ ആയിരുന്നു ….വെക്കേഷന്‍ ആയതുകൊണ്ട് ഡാഡിയുടെ വീട്ടുകാരെ കാണാമെന്ന് വെച്ച് വന്നതാണ് “
“ഓ വെക്കേഷന്‍ കഴിഞ്ഞാല്‍ തിരിച്ച് പോവും ല്ലേ ?”
“ഹ്മം ...തിരിച്ച് പോകാതെ പിന്നെ “
അതും പറഞ്ഞ് അവള്‍ എന്നെ നോക്കി .ഞങ്ങള്‍ രണ്ടുപേരും ഒരു സെക്കന്റ് അവിടെ നിന്നു.അവളുടെ മുഖം പെട്ടെന്ന് വാടിയപ്പോലെ തോന്നിയെനിക്ക് .ഞങ്ങള്‍ നടത്തം തുടര്‍ന്നു.
“നമ്മുടെ ഈ നാടിന്‍റെ അത്രയ്ക്കും ഭംഗിയുണ്ടോ കര്‍ണ്ണാടകം ?…..തിരിച്ച് പോകണോ ? ഇവിടെ നിന്നൂടെ ? “
അവള്‍ മറുപടിയായി ഒന്നും പറഞ്ഞില്ല. മഴ വീണ്ടും ചെറുതായിട്ട് ചാറുവാന്‍ തുടങ്ങി .മഴ കൊള്ളാതിരിക്കാന്‍ അവള്‍ പതിയെ ഷാള്‍ ഊരി തലയ്ക്ക് മുകളില്‍ പിടിച്ചു.
“ഓഹോ...അപ്പൊ ഞാന്‍ മഴ കൊണ്ടോട്ടെ അല്ലേ ? “ ഞാന്‍ ചിരിച്ച് കൊണ്ട് അവളോട് ചോദിച്ചു.
“എന്നാ ഈ അറ്റം പിടിയ്ക്കു “ അവള്‍ ഷാളിന്‍റെ ഒരറ്റം കൈയില്‍ തന്നു കൊണ്ട് പറഞ്ഞു.
“ഹേയ്...ഞാന്‍ ചുമ്മാ പറഞ്ഞതാ ….മീര പിടിച്ചോളൂ “
“എന്നാ പിന്നെ എനിയ്ക്കും വേണ്ടാ “
അവള്‍ ഷാള്‍ ഊരി കഴുത്തിലെയ്ക്കിട്ടു .അത് കണ്ട് ഞാനും ചിരിച്ചു.
“അതാണ് എന്‍റെ വീട്”
അവളുടെ വീട് ചൂണ്ടിക്കാട്ടി അവള്‍ എന്നോട് പറഞ്ഞു .വീടിന്‍റെ അടുത്തെത്തിയപ്പോള്‍ ഞാന്‍ അവളോട് ചോദിച്ചു
“ഇനി അടുത്ത ഞായറാഴ്ച പള്ളിയില്‍ വരില്ലേ ?“
“അടുത്ത ഞായറാഴ്ച പള്ളിയില്‍ വരില്ല ….ഒരു കല്യാണം ഉണ്ട് ...അതിന് പോകണം “
“ആരുടെ?"
“വല്യച്ഛന്റെ മോളുടെ “
“മുട്ടിപ്പാലത്തിനു അടുത്തുള്ള വല്യച്ഛന്റെയൊ ?”
“അതെ"
“ഹ്മും...ഹേയ് മീര ….ഞാന്‍ ഒരു കാര്യം പറഞ്ഞോട്ടെ ?"
അവള്‍ പറയു എന്ന് തലയാട്ടി
"അനുവാദമില്ലാതെ പെയ്തിറങ്ങുന്ന ഒരു മഴയായി മാത്രം എന്നെ കാണുക …..ഇഷ്ട്മാണെങ്കില്‍ നനയുക ..ഇല്ലെങ്കില്‍ ,ഒരു കുടയുടെ മറവില്‍ നടന്നകലുക”
അവള്‍ ഒന്നും മനസ്സിലാകാതെ എന്നെ നോക്കി .ഞാന്‍ തുടര്‍ന്നു,
“എനിക്കിഷ്ട്ടമാണ് മീരയെ ..“ ഒരു നിമിഷത്തെ മൗനത്തിന് ശേഷം അവള്‍ ഒന്നും മിണ്ടാതെ വീടിന്‍റെ ഗേറ്റ് തുറന്നു അകത്തേക്ക് കയറി .അവളുടെ മറുപടിയ്ക്കായി ഞാന്‍ പുറത്ത് കാത്തു നില്‍ക്കവേ അവള്‍ തിരിഞ്ഞു നോക്കി ചിരിച്ചുകൊണ്ട് പറഞ്ഞു .
“എനിയ്ക്കും ഇഷ്ട്ടമാണ് ഈ മഴയേ …..എനിയ്ക്കും ഇഷ്ട്ടമാണ് ഈ മഴയില്‍ നനയാന്‍ “
അവള്‍ ചിരിച്ചുകൊണ്ട് അകത്തേക്ക് നടന്നു.
*******
വില്‍സന്‍ വഴിയോരത്തെ ഒരു ചായക്കടയുടെ മുന്നില്‍ കാര്‍ പാര്‍ക്ക് ചെയ്തു .മഴ ര്‍ണ്ണമായും പെയ്തൊഴിഞ്ഞിരുന്നു.
“ചേട്ടാ രണ്ടു ചായ “
വില്‍സന്‍ കടക്കാരനോട് പറഞ്ഞു .ജീവനും കാറില്‍ നിന്ന് പുറത്തേക്ക് ഇറങ്ങി. .കടക്കാരന്‍ അവര്‍ക്ക് ചായ കൊടുത്തു .
“പിന്നെ എന്നാ അവളെ കണ്ടത് ?” വില്‍സന്‍ ചോദിച്ചു .
“അവളുടെ വല്യച്ഛന്റെ മോളുടെ കല്യാണത്തിന്‍റെ അന്ന് “
“ആഹാ ...നീയും പോയിരുന്നോ “
“മം ...പോയിരുന്നു “
********
അടുത്ത ആ ഏഴു ദിനങ്ങള്‍ എനിക്കേഴു സംവത്സരങ്ങൾ പോലെയായിരുന്നു..അടുത്ത ഞായറാഴ്ചക്കായി ഞാന്‍ കാത്തിരുന്നു.ഒടുവില്‍ കാത്തിരുന്ന ആ ദിനം വന്നെത്തി.കുളിച്ച് സുന്ദരനായി ഉള്ളതിലെ ഏറ്റവും നല്ല ഷര്‍ട്ടും പാന്റ്സും എടുത്തിട്ട് അവളെ കാണാനായി ഞാന്‍ പുറപെട്ടു .അഞ്ചു മിനിറ്റ് ചവിട്ടുമ്പോഴെക്കും എന്‍റെ രഥത്തിന്റെ ചെയിന്‍ തെറ്റി .
”കാലത്ത് തന്നെ അപശകുനമാണല്ലോ “
ചെയിന്‍ ശരിയാക്കി വീണ്ടും ഞാൻ യാത്രയായി.പത്ത് മിനിട്ടിനുള്ളില്‍ മുട്ടിപ്പാലത്ത് എത്തി. .അവളുടെ വല്യച്ഛന്റെ വീടിനു മുന്നില്‍ പ്രൗഡിയോടെ കല്ല്യാണ പന്തല്‍ തീര്‍ത്തിരിക്കുന്നു. ആളുകള്‍ വന്നു തുടങ്ങിയിട്ടെ ഉണ്ടായിരുന്നുള്ളു അപ്പൊൾ. വിളിക്കാത്ത കല്ല്യാണമായതുകൊണ്ട് സൈക്കിള്‍ റോഡരുകില്‍ വെച്ച് ഒരു മാന്യനെപ്പോലെ അവളുടെ വരവിന് വേണ്ടി പാലത്തിന്‍റെ മുകളില്‍ കാത്തു നിന്നു. അധികം താമസിയാതെ അവളുടെ കാര്‍ പന്തലിന് മുന്നില്‍ വന്നു നിന്നു. എന്‍റെ കണ്ണുകള്‍ തിടുക്കത്തോടെ അവളെത്തേടി.കാറില്‍ നിന്ന് അവസാനം ഇറങ്ങിയത് അവളായിരുന്നു .വെളുത്ത ചുരിദാറായിരുന്നു വേഷം .ആ വേഷത്തില്‍ അവള്‍ ഒരു മാലാഖ അല്ലെന്ന് ആരും പറയില്ലായിരുന്നു .മുടിയിഴകള്‍ വശങ്ങളിലേക്ക് ഒതുക്കി ഇടകണ്ണിട്ട് അവള്‍ എന്നെയും നോക്കി.ഞാന്‍ കൈ കൊണ്ട് വേഷം നന്നായിട്ടുണ്ട് എന്ന് കാണിച്ചു. അവള്‍ ചെറിയൊരു പുഞ്ചിരി സമ്മാനിച്ച് പന്തലിനുള്ളിലേക്ക് കയറിപ്പോയി. വിളിക്കാത്ത കല്യാണം ആയതുകൊണ്ട് അകത്തേക്ക് കയറാന്‍ അഭിമാനബോധം സമ്മതിച്ചില്ല .അവളെ കാത്തുനിന്നെന്‍റെ ഹൃദയമിടിപ്പിന്‍റെ വേഗത ഇരട്ടി ആവുന്നത് ഞാന്‍ അറിഞ്ഞു.
”എങ്ങനെയാ ഇപ്പോ ഒന്ന് അവളോട് മിണ്ടാന്‍ പറ്റുക “
നീണ്ട ആലോചനയ്ക്ക് ഒടുവില്‍ ഒരു ആശയം മനസ്സില്‍ തെളിഞ്ഞു.കൈയില്‍ ഉണ്ടായിരുന്ന രണ്ടു രൂപ നോട്ട് ഞാന്‍ പോക്കറ്റില്‍ നിന്ന് എടുത്തു .കല്യാണ വീട്ടില്‍ പൈസ തരുന്നവരുടെ പേര് എഴുതി വെക്കുന്നവരുടെ അടുക്കല്‍ നിന്ന് ഞാന്‍ പേനയും വാങ്ങി നോട്ടില്‍ ഇത്രയും എഴുതി,
“ഇവിടെ വരെ വന്നത് മുട്ടിപ്പാലത്തിന്‍റെ താഴെക്കൂടെ ഒഴുകുന്ന നദിയില്‍ നിന്ന് മീന്‍ പിടിക്കാനോ വെള്ളത്തിന്‍റെ അളവെടുക്കാനോ അല്ല . അധികം നേരം കാത്ത് നിറുത്തരുത് “
ഇതിപ്പോ എങ്ങനെ അവളെ ഏല്‍പ്പിക്കും? നേരിട്ട് കൊടുത്താല്‍ ചിലപ്പോള്‍ എന്‍റെ അവസാനത്തെ കൊടുക്കല്‍ ആവും എന്നറിയാവുന്നത് കൊണ്ട് അതിന് മുതിര്‍ന്നില്ല .അഭിമാനം പന്തലിന് മുന്നില്‍ ഇറക്കി വെച്ചുകൊണ്ട് ഞാന്‍ അവളുടെ അടുത്തുപോയി പതിയെ ആ രണ്ടു രൂപ നോട്ട് നിലത്തിട്ടു .കണ്ണുകള്‍ കൊണ്ട് ആംഗ്യം കാണിച്ചുകൊണ്ട് അത് എടുക്കാന്‍ പറഞ്ഞ് ഞാന്‍ പന്തലില്‍ നിന്ന് വേഗം പുറത്തിറങ്ങി.എന്നെ അധിക നേരം കാത്തു നിറുത്താതെ അവളും വന്നു.അവള്‍ ഞാന്‍ കൊടുത്ത രണ്ടു രൂപ നോട്ട് എനിക്ക് നേരെ നീട്ടി .അവളുടെ കൈയ്യിലെ കുപ്പിവളകള്‍ ചെറുതായിട്ടൊന്നു ഉരസി ശബ്ദമുണ്ടാക്കി. .
“ഹേയ് പെണ്ണെ …..ഞാന്‍ ഒരു കാര്യം ചോദിച്ചോട്ടെ? “
അവള്‍ ചോദിയ്ക്ക് എന്ന വിധം തലയാട്ടി
“മാലാഖമാര്‍ സുന്ദരികള്‍ ആണെന്ന് കേട്ടിട്ടുണ്ട് ….. അപ്സരസ്സുകള്‍ സുന്ദരികള്‍ ആണെന്നും കേട്ടിട്ടുണ്ട് ….നീ അപ്സരസ്സോ മാലാഖയോ പെണ്ണെ...മാലാഖയായി കാണാനാ എനിക്കിഷ്ട്ടം...നിനക്ക് എതിര്‍പ്പുണ്ടോ? “
അവള്‍ ഇല്ലായെന്ന് തലയാട്ടി. അവളുടെ കണ്‍പോളകള്‍ക്കിടയില്‍ നിന്ന് കണ്മഷി കൈ കൊണ്ട് ഒപ്പിയെടുത്ത് അവളുടെ കവിളത്ത് ഒരു പൊട്ടുകുത്തി ഞാന്‍.
“അല്ലെങ്കില്‍ എന്‍റെ മാലാഖയെ ആരെങ്കിലും കണ്ണുവെക്കും” അത് കേട്ടപ്പോള്‍ അവള്‍ ചിരിച്ചു .
“സൈക്കിളിലെക്ക് കയറ്….ഞാന്‍ ഒരു സ്ഥലത്ത് കൊണ്ട് പോവാം"
അവള്‍ എങ്ങോട്ട് എന്ന് തലയാട്ടി ചോദിച്ചു.
“അതൊക്കെയുണ്ട് .നീ ആദ്യം കയറ് “
“അത് വേണ്ട ..ആരെങ്കിലും കണ്ടാലോ?"
“ആരും കാണില്ല “
“ശരി"
മനസ്സില്ലാമനസ്സോടെ അവള്‍ സൈക്കിളിന്‍റെ പിന്നില്‍ കയറി.
“അയ്യടാ...അവിടെ അല്ല …..ഇവിടെ..ഇവിടേക്ക് കയറിയിരിക്ക് “ ഞാന്‍ അവളോട് മുന്നില്‍ കയറാന്‍ പറഞ്ഞു.
“അയ്യോ അത് വേണ്ടാട്ടോ ...എനിക്ക് പേടിയാ ...ആരെങ്കിലും കാണും “
“ആരു കാണാന്‍ പെണ്ണെ ….നീ കയറുന്നുണ്ടോ “
കുറച്ച് അധികാരത്തോടെയുള്ള ആ ചോദ്യം കേട്ട് പേടിച്ചോ എന്തോ അവള്‍ മുന്നില്‍ കയറി ഇരുന്നു. ഞാന്‍ വയലുകള്‍ക്കിടയിലൂടെ മഴവെള്ളം നിറഞ്ഞ ആ മണ്‍പാതയിലൂടെ സൈക്കിള്‍ പതിയെ ഉരുട്ടി.ആരെങ്കിലും കാണുമോ എന്നുള്ള ഭയം അവളുടെ മുഖത്ത് വ്യക്തമായിരുന്നുവെങ്കിലും സൈക്കിളിലുള്ള യാത്ര അവള്‍ ആസ്വദിക്കുന്നുണ്ടെന്ന് ഞാന്‍ മനസ്സിലാക്കി. സൈക്കിളിന്‍റെ ചെയിന്‍ എങ്ങാനും തെറ്റി നാണക്കേടാവുമോ എന്നൊരു ഭയം എനിക്കുണ്ടായിരുന്നു.പക്ഷെ അപ്പൊൾ മാത്രം എന്‍റെ രഥം എന്നെ ചതിച്ചില്ല.
“ഇറങ്ങ് സ്ഥലമെത്തി. ഇവിടുന്ന് അങ്ങോട്ട് സൈക്കിള്‍ പോവില്ല.നടക്കണം “ അയ്യന്‍ കുന്ന് ചൂണ്ടിക്കാട്ടി ഞാന്‍ പറഞ്ഞു .അവള്‍ ഒരു അത്ഭുതത്തോടെ അയ്യന്‍ കുന്നിനെ നോക്കി. ഞങ്ങള്‍ ചാല്ലിശ്ശേരിക്കാരുടെ സ്വകാര്യ അഹങ്കാരവും ആനമുടിയും എവറസ്റ്റും എല്ലാമായിരുന്നു അയ്യന്‍ കുന്ന്‍.
“വാ"
ഞാന്‍ അവള്‍ക്ക് നേരെ കൈ നീട്ടി .വിജനമായ ഒരിടം ആയതുകൊണ്ടായിരിക്കാം അവളുടെ മുഖത്ത് ഭയം പരക്കുന്നത് ഞാന്‍ ശ്രദ്ധിച്ചു.
“ഹേയ്
പെണ്ണെ ….പേടിയാണോ? …..അതോ എന്നെ വിശ്വാസമില്ലേ ? “
അവള്‍ എന്‍റെ കൈയില്‍ കയറി പിടിച്ചു .മറ്റേ കൈകൊണ്ട് എന്‍റെ വായ പൊത്തിപ്പിടിച്ചു.
"വിശ്വാസമില്ലേ എന്ന് മാത്രം ചോദിക്കരുത് ….വിശ്വാസമാണ് ….വേറെ ആരെക്കാളും വിശ്വാസമാണ് ...വേറെ എന്തിനേക്കാളും വിശ്വാസമാണ്”
അവള്‍ കൈയില്‍ നിന്ന് പിടുത്തം വിട്ട് ഒരു ചെറിയ ദേഷ്യത്തോടെ അയ്യന്‍ കുന്ന്‍ കയറാന്‍ തുടങ്ങി.അവള്‍ക്ക് എന്‍റെ മേലുള്ള വിശ്വാസം എന്നെ അമ്പരപ്പിച്ചു
“ഹേയ്
പെണ്ണെ ...നില്‍ക്ക് “
അവള്‍ അത് കേള്‍ക്കാതെ അയ്യന്‍ കുന്ന്‍ കയറികൊണ്ടിരിക്കുകയാണ്.
“ഹേയ്
മീരാ ….നില്‍ക്ക് “
എനിക്ക് അവളോടൊപ്പം എത്താന്‍ ചെറുതായിട്ടൊന്നു ഓടേണ്ടി വന്നു .അവളുടെ മുഖത്ത് ദേഷ്യം അലയടിച്ച് നില്‍ക്കുകയാണ് എന്ന് മനസ്സിലായി.
“സോറി...ഇനി ഞാന്‍ അങ്ങനെയൊന്നും ഒരിക്കലും ചോദിക്കില്ല ..ഈ പ്രാവശ്യം ഒന്ന് ക്ഷമിയ്ക്ക് ….പ്ലീസ് …...പ്ലീസ് ….പ്ലീസ് “
മൂന്നാമത്തെ പ്ലീസ് പറഞ്ഞപ്പോള്‍ അവള്‍ ചിരിച്ചു.
“ഹോ...എന്‍റെ പെണ്ണെ ….നീ മാലാഖയല്ല ….രക്ഷസിയാടി …..രാക്ഷസി “
അവള്‍ക്ക് നേരെ ഞാന്‍ കൈകള്‍ വീണ്ടും നീട്ടി .അവള്‍ എന്‍റെ കൈയ്യില്‍ പിടിച്ചു .ഞങ്ങള്‍ അയ്യന്‍ കുന്ന്‍ കയറാന്‍ തുടങ്ങി . മരങ്ങള്‍ക്കിടയിലൂടെ ചെറു പാറക്കഷ്ണങ്ങള്‍ക്കിടയിലൂടെ പതിയെ നീങ്ങി ഞങ്ങള്‍. അയ്യന്‍കുന്ന്‍, ഞങ്ങളുടെ വരവിനെ സ്വാഗതം ചെയ്തു .ഉരുളന്‍ കല്ലുകളും പാറക്കഷ്ണങ്ങളും പച്ചപ്പും നിറഞ്ഞ അയ്യന്‍ കുന്ന്‍ അവള്‍ ഒരു കൗതുകത്തോടെ നോക്കി നിന്നു.
“എങ്ങനെയുണ്ട് ഞങ്ങളുടെ അയ്യന്‍ കുന്ന്‍ ? ഇഷ്ട്പ്പെട്ടോ? നിങ്ങളുടെ കര്‍ണാടകത്തില്‍ ഇത്ര ഭംഗിയുള്ള ...ഇത്രക്കും പ്രകൃതിരമണീയമായ വല്ല സ്ഥലങ്ങള്‍ ഉണ്ടോ പെണ്ണെ ?“
ഇല്ലായെന്ന് അവൾ തലയാട്ടി.
“അതാ പറഞ്ഞെ ...ഇവിടെ വിട്ടിട്ട് എങ്ങോട്ടും പോകണ്ട “ .ഞാന്‍ ഇവിടെ നിന്ന് പോകുന്നില്ല ജീവന്‍ എന്ന മറുപടിയാണ് ഞാന്‍ അവളില്‍ നിന്ന് പ്രതീക്ഷിച്ചത്.പക്ഷെ അവള്‍ മറുപടിയൊന്നും പറഞ്ഞില്ല.
“അഞ്ചുവയസ്സുള്ളപ്പോള്‍ അമ്മ അടിക്കാന്‍ വടിയുമായി പിന്നാലെ വന്നപ്പോള്‍ ഓടി കയറിയതാണ് ഈ അയ്യന്‍ കുന്ന്‍ …..ഇടയ്ക്കെപ്പോഴോ അമ്മയും എന്നോട് വിട പറഞ്ഞു പോയി ….അതില്‍ പിന്നെ എന്‍റെ സ്ഥിര താവളമായി ഈ അയ്യന്‍ കുന്ന്‍.എന്‍റെ ജീവിതത്തിലെ ഓരോ സന്തോഷവും സങ്കടവും ഇവിടുത്തെ ഓരോ പുല്‍നാമ്പിനും പാറക്കല്ലുകള്‍ക്കും `അറിയാം.എന്‍റെ ഉള്ളിലെ പരിഭവങ്ങളും ദുഃഖവും ഞാന്‍ ഇവരോട് പങ്കു വെച്ചിരുന്നു. എന്തോ അറിയില്ല, മീരയെ ഇവിടെ കൊണ്ട് വരണമെന്ന് തോന്നി “ പെട്ടെന്ന് ഒരു ഇടി വെട്ടി തൊട്ടു പിന്നാലെ മഴയും പെയ്യാന്‍ തുടങ്ങി.
“വാ….മഴ കൊള്ളാതിരിക്കാന്‍ പറ്റിയ ഒരു സ്ഥലമുണ്ട് “
കൂറ്റന്‍ രണ്ടു പാറക്കെട്ടുകള്‍. ഒരു ഗുഹ പോലെ തോന്നിക്കും പ്രത്യക്ഷത്തില്‍ .അവളെ ഞാന്‍ അവിടേക്ക് കൊണ്ട് പോയി.മഴ ശക്തിയോടെ പെയ്യാന്‍ തുടങ്ങി.
“ഇതാര് എഴുതിയതാ “ പാറയുടെ മുകളില്‍ കല്ലുകൊണ്ട് എന്തോ എഴുതി വെച്ചിരിക്കുന്നത് ചൂണ്ടിക്കാട്ടി അവള്‍ ചോദിച്ചു.
“പാതി പ്രാണന്‍ നിന്നിലായതിനാലാവാം തനിച്ചാകുന്ന യാത്രയില്‍ പാതിവഴിയില്‍ കിതക്കുന്നതും പിന്നെയും നിന്നിലേക്ക് ഓടിയെത്തുന്നതും “
അവള്‍ അത് ഉറക്കെ വായിച്ചു.
“ജീവന്‍ എഴുതിയതാണോ ഇത് “
“ഹ ഹ"
“എന്താ ജീവന്‍ ചിരിച്ചേ ….ജീവന്‍ എഴുതിയതാണോ ഇത് ?”
“സീരീസ് ആയിട്ട് കഥ എഴുതാന്‍ ഇരുന്നപ്പോള്‍ മറവിരോഗം വന്ന് വാക്കുകള്‍ മറന്നുപോയ ഒരു അപ്പുപ്പന്‍ ഉണ്ടായിരുന്നു എനിക്ക് .അത് ഓര്‍ത്തപ്പോള്‍ ചിരിച്ചതാ പെണ്ണെ ഞാന്‍ എഴുതിയതൊന്നുമല്ല അത് ...എന്‍റെ ഒരു കൂട്ടുകാരന്‍ എഴുതിയതാ.ഞങ്ങള്‍ ഇടയ്ക്കിടക്ക് ഇവിടെ വരാറുണ്ടയിരുന്നു...അവന്‍റെ അച്ഛന്‍ ഒരു കള്ള് ചെത്തുകാരന്‍ ആണ് ചെത്തിയ കള്ളില്‍ നിന്ന് കുറച്ച് അടിച്ചുമാറ്റി അവന്‍ ഇവിടെ വരാറുണ്ടായിരുന്നു. ...എന്നെയും വിളിക്കും …..എന്നോ അടിച്ച് പൂസായിട്ട് ..അവന്‍ എഴുതിയതാ ...അവന്‍റെ പൊളിഞ്ഞ പ്രണയത്തിന്‍റെ സ്മാരകമായി”
“നല്ല വരികള്‍ ….കൂട്ടുകാരന്‍ എന്ത് ചെയുന്നു ഇപ്പോ “
“ദിബിഷ്.അവന്‍ ഇപ്പോ …...അവന്‍ ഇപ്പോ ഇല്ല .ഒരിക്കല്‍ മുട്ടിപ്പാലാത്തിന് മുകളില്‍ ഇരിക്കവെ അപസ്മാരം വന്നു നദിയില്‍ വീണു .ഒഴുക്ക് അവനെയും കൊണ്ട് പോയി .രാത്രി ആയതുകൊണ്ട് ആരും അറിഞ്ഞില്ലതാനും.പിറ്റേന്ന് കാലത്തായിരുന്നു അവന്‍റെ …”
കലങ്ങിയ കണ്ണുകളോടെ ഞാന്‍ പറഞ്ഞു നിർത്തി.
“സോറി"
“ഹേയ്..അതിന്‍റെ ആവശ്യമില്ല .മഴ മാറി. .പോവാം നമുക്ക് ?” ഞങ്ങള്‍ കുന്ന് ഇറങ്ങാന്‍ തുടങ്ങി.
“ജീവന്‍"
“എന്താ പെണ്ണെ ?“
“ജീവന് വെക്കേഷന്‍ കഴിഞ്ഞു...നാളെ ഞാന്‍ തിരിച്ച് പോവാണ് “.
അത് കേട്ടതും പാറക്കല്ലുകൾ ഉരുണ്ട് തലക്ക് മേലെ വീണതുപോലെ തോന്നി എനിയ്ക്ക് .ഭൂമി വേഗത്തില്‍ തിരിയുന്നതൊ അതോ എനിക്ക് തല കറങ്ങുന്നതാണോ എന്ന സംശയത്തോടെ ഞാൻ സ്തംഭിച്ചു നിന്നു.
“ദാസപ്പേട്ടാ ….ഈ പെണ്ണ് എന്തോ പറഞ്ഞല്ലോ “
“അതെ ജീവന്‍ ...ഞാന്‍ നാളെ തിരിച്ച് പോവുകയാണ് “
എന്‍റെ കാലുകള്‍ക്ക് ബലം കുറയുന്നതും കാലുകള്‍ തളരുന്ന പോലെയും അനുഭവപ്പെട്ടു.കണ്ണുകളിലേക്ക് ഇരുട്ട് പടര്‍ന്നു.ആ നിമിഷം ഞാന്‍ അവിടെ കുഴഞ്ഞു വീഴുമെന്ന് തോന്നി എനിയ്ക്ക് .ഉള്ളിലെ കരച്ചില്‍ അടക്കി പിടിച്ച് ഞാന്‍ ഒന്ന് ചിരിക്കാന്‍ ശ്രമം നടത്തി .അത് വിജയിച്ചോ എന്ന് അറിയില്ല .ചിരി പോലെ എന്തോ മുഖത്ത് വന്നു.അതിനുശേഷം ഞാനും അവളും സംസാരിച്ചില്ല .യാന്ത്രികമായി ഞങ്ങള്‍ അയ്യന്‍ കുന്നിറങ്ങി.അവളുടെ വീടിന്‍റെ ഗേറ്റ് തുറന്ന് അവള്‍ അകത്തേക്ക് കയറി .ഞാനും പതിയെ സൈക്കിള്‍ നീക്കി .അവള്‍ അപ്പോള്‍ എന്നെ തിരിഞ്ഞു നോക്കുന്നുണ്ടായിരുന്നു .ഞാന്‍ തിരിഞ്ഞു നോക്കിയില്ല .എന്‍റെ കണ്ണിലെ നനവ് അവള്‍ കണ്ടാലോ എന്ന പേടിയായിരുന്നു എനിക്ക് .ഒടുവില്‍ നിയന്ത്രിക്കാന്‍ പറ്റാതെ ജല കണികകള്‍ എന്‍റെ കണ്ണില്‍ നിന്നുതിർന്നു വീണു.
*****
“ലെഫ്റ്റോ. റൈറ്റോ” വില്‍സണ്‍ ജീവനോട് ചോദിച്ചു
“റൈറ്റ്"
വില്‍സണ്‍ വലത്തോട്ട് കാര്‍ തിരിച്ചു .കാര്‍ കുറിഞ്ചിരിക്കാവ് ക്ഷേത്രത്തിന്‍റെ മുന്നിലൂടെ കുത്തനെയുള്ള ഇറക്കം പതിയെ ഇറങ്ങി.വര്‍ഷങ്ങള്‍ക്ക് ശേഷം വീണ്ടും ഈ വഴിയിലൂടെ…. ഇവിടെയ്ക്ക് നീ വീണ്ടും വരേണ്ടി വരുമെന്ന് വിചാരിച്ചിരുന്നോ ?എല്ലാം അവസാനിപ്പിച്ച് പോയതല്ലേ നീയിവിടെ നിന്ന്? പിന്നെ എന്തിനാ വീണ്ടും വന്നത്?.. എന്താ നിന്‍റെ ഇവിടെ ബാക്കിയുള്ളത് ? ഓര്‍മ്മകളോ ? അതും ചാരമാക്കിയല്ലേ നീ ഇവിടം വിട്ടത്? ജീവന്‍റെ കാതില്‍ ആരോ പരിഭവം പറയുന്നതുപോലെ തോന്നി ജീവന്. പഴയ മണ്‍പാത മാറി ടാറിട്ട റോഡ് ആയിരിക്കുന്നു. വയല്‍പ്പാടങ്ങള്‍
തരിശുനിലമായിരിക്കുന്നു. മുട്ടിപ്പാലത്തിന്‍റെ പഴയ പ്രൗഡി നഷ്ടപ്പെട്ടിരിക്കുന്നു. താഴെ ഒഴുകുന്ന നദി ഇപ്പോൾ ഒരു കൈത്തോട് പോലെ ആയിരിക്കുന്നു. ഈ മാറ്റങ്ങള്‍ക്കിടയിലും ജീവനെ അത്ഭുതപ്പെടുത്തിയത് തല ഉയര്‍ത്തി നില്‍ക്കുന്ന അയ്യന്‍ കുന്ന് തന്നെയാണ്.ഈ മുപ്പത് വര്‍ഷങ്ങള്‍ക്കുള്ളില്‍ പലതും മാറിയിരിക്കുന്നു .പക്ഷെ അയ്യന്‍ കുന്നിനു മാത്രം ഒരു മാറ്റവും ഇല്ല.
”എത്ര കാലമായി ജീവാ നീ വഴി വന്നിട്ട് ...എന്നെ മറന്നോ ജീവാ? “
അയ്യന്‍ കുന്ന് തന്നോട് സംസാരിക്കുന്നത് പോലെ തോന്നി ജീവന്.കാര്‍ മുന്നോട്ട് നീങ്ങി.
“ഇതല്ലേ വീട്?“
ആള്‍ക്കൂട്ടം കണ്ട് വില്‍സണ്‍ ഒരു വീടിന് മുന്നില്‍ കാര്‍ നിർത്തി വില്‍സണ്‍ ചോദിച്ചു.
“അതെ“, ജീവന്‍ കാറിന്‍റെ ഡോര്‍ തുറന്ന് പുറത്തേക്കിറങ്ങി. ആള്‍ക്കൂട്ടത്തിന്‍റെ ഇടയിലൂടെ ജീവനും വില്‍സനും പതിയെ നടന്ന് ആ വലിയ വീട്ടിലേയ്ക്ക് കയറി.
ജീവന്‍റെ നാസാരന്ധ്രങ്ങളിലൂടെ കുന്തിരിക്കത്തിന്‍റെയും ചന്ദനത്തിന്‍റെയും ഗന്ധം തുളഞ്ഞു കയറി. ”അക്കരയ്ക്കു യാത്ര ചെയ്യും സീയോന്‍ സഞ്ചാരി ഓളങ്ങള്‍ കണ്ടു നീ ഭയപ്പെടേണ്ട “
എന്ന ഗാനം ആരൊക്കെയോ പാടുന്നുണ്ട്. ജീവന് സ്വന്തം കാലുകള്‍ കുഴയുന്നതു പോലെ തോന്നി. മുന്നില്‍ കിടന്നിരുന്ന കസേരയില്‍ കാൽ കൊണ്ട് ജീവന്‍ നിലത്ത് വീണു .വില്‍സണ്‍ ജീവനെ പിടിച്ചഴുന്നേല്‍പ്പിച്ചു .ജീവന്‍റെ കണ്ണില്‍ നിന്ന് കണ്ണുനീർ തെറിച്ച് വില്‍സന്‍റെ കൈകളില്‍ വന്നു പതിച്ചു .വീണ്ടും ഇനിയും എവിടെയെങ്കിലും ഇടിച്ച് വീഴാതിരിക്കാന്‍ വില്‍സണ്‍ ജീവനേ പിടിച്ചിട്ടുണ്ട്. വീടിന്‍റെ ഹാളില്‍ ശുഭ്ര വസ്ത്രധാരിയായി അവളെ കിടത്തിയിരിക്കുന്നു .അവളുടെ ഭര്‍ത്താവും രണ്ടു കുട്ടികളും അവളുടെ അരികില്‍ കരഞ്ഞു മടുത്ത കണ്ണുകളോടെ മൃതദേഹത്തെ പറ്റി പിടിച്ചിരിക്കുന്നു .ജീവന്‍ വില്‍സനെ നോക്കി.
“എന്‍റെ മാലാഖയാടാ ഈ കിടക്കുന്നെ", എന്നതായിരുന്നു ആ നോട്ടത്തിന്‍റെ അര്‍ത്ഥം. അവളുടെ മുടിയിഴകള്‍ക്ക് നര ബാധിച്ചിരിക്കുന്നു എങ്കിലും ഇപ്പോഴും അവളുടെ ഭംഗിയെ വിവരിക്കാന്‍ പതിനെട്ട് ഭാഷകളിലും വാക്കുകള്‍ ഇല്ല.റീത്തുകള്‍ കൊണ്ട് നിറഞ്ഞിരിക്കുന്നു അവളുടെ ശരീരം .അവളുടെ നെറ്റിയില്‍ ഒരു ചുംബനം നല്‍കണം എന്ന് തോന്നി അവന് .അതിനായി മുന്നോട്ട് നടന്നെങ്കിലും വില്‍സന്‍റെ പിടുത്തം ശക്തമായിരുന്നു. ജീവന്‍റെ മനസ്സ് വായിച്ചപോലെ അത് വേണ്ടായെന്ന് വില്‍സണ്‍ തലയാട്ടി. അവളുടെ കുട്ടികളുടെ മുടിയിഴയിലൊന്ന് തലോടി ഭര്‍ത്താവിനെ ഒന്ന് നോക്കി ജീവന്‍ അവിടെ നിന്നിറങ്ങി.
”ജീവാ ...ജീവാ ….എന്നെ തനിച്ചാക്കി പോവുകയാണോ ജീവാ?“
മീര വിളിക്കുന്ന പോലെ തോന്നി ജീവന് .ജീവന്‍ തിരിഞ്ഞു നോക്കി. വില്‍സണ്‍ തിരിച്ചു അങ്ങോട്ട് പോകേണ്ട എന്ന രീതിയില്‍ തലയാട്ടി പിന്നെ തോളില്‍ തട്ടി പോകാം എന്ന് പറഞ്ഞു .വീടിന് പുറത്തേക്ക് ഇറങ്ങിയതും മഴ പെയ്യാന്‍ തുടങ്ങിയിരുന്നു. വില്‍സണ്‍ ജീവന് കാര്‍ ഡോര്‍ തുറന്നുകൊടുത്തു കൊണ്ട് കാറില്‍ കയറാന്‍ പറഞ്ഞു .ജീവന്‍ ഡോര്‍ അടച്ച് കാറിന്‍റെ പിറകോട്ട് നടന്നു.
“വില്‍സാ നീ പൊയ്ക്കോ ... എനിയ്ക്കീ മഴ നനയണം “ ജീവന്‍ രണ്ടു കൈ വിരിച്ചുപിടിച്ചു പതിയെ മഴയിലൂടെ നടന്നു .മഴ ജീവന്‍റെ കണ്ണീര്‍ തുള്ളികളെ ഇടയ്ക്കിടക്ക് തുടച്ചു കൊടുത്തു .മുട്ടിപ്പാലം കടന്നു വയലുകള്‍ക്കിടയിലൂടെ അയാള്‍ നടന്നു .ആരോ തന്നെ അയ്യന്‍ കുന്നിലേക്ക് വിളിക്കുന്ന പോലെ തോന്നി ജീവന്. തല നരച്ചതും പ്രായം ഇത്ര കൂടിയതും ഓര്‍ക്കാതെ അയ്യന്‍ കുന്ന്‍ ഒരു പതിനെട്ടുകാരനെ പോലെ ഓടിക്കയറാന്‍ എന്തോ ഒരു ഊര്‍ജ്ജം ജീവന് കിട്ടിയപ്പോലെ .ചാരമാവാതെ ഇപ്പോഴും ഉറങ്ങി കിടക്കുന്ന ഓര്‍മ്മകളോ വിരഹത്തിന്‍റെ വേദനയോ നഷ്ടപ്പെട്ടത് എന്തോ തിരയാനുള്ള തീവ്ര ആഗ്രഹമോ ആകാം ആ ഊര്‍ജ്ജം .അന്ന് ജീവനോട് യാത്ര പറഞ്ഞ് മീര കര്‍ണ്ണാടകയില്‍ പോയതില്‍പ്പിന്നെ ജീവന്‍ തകര്‍ന്നു പോയിരുന്നു .അവളുടെ അടുത്ത അവധിക്കാലത്തിന് കാത്തിരിക്കുമ്പോഴാണ് അവളില്‍ നിന്ന് ഒരു കത്ത് ജീവന് ലഭിക്കുന്നത് .കുറച്ചൊന്നുമല്ല ജീവനത് ആശ്വാസം നല്‍കിയത്. ജീവനും അവള്‍ക്ക് മറുപടി കത്തയച്ചു .അടുത്ത അവധിക്കാലം വരെ കത്തുകളിലൂടെ അവര്‍ പ്രണയം പങ്കുവെച്ചു .അവധിക്കാലത്ത് അയ്യന്‍ കുന്നും മുട്ടിപ്പാലവും അവരുടെ തീവ്ര പ്രണയത്തിന് സാക്ഷികളായി .നീണ്ട ആറു വര്‍ഷത്തെ പ്രണയത്തിന് ശേഷം ഒരു നാള്‍ അവള്‍ അവനോട് അയ്യന്‍ കുന്നിലേക്ക് വരാന്‍ പറഞ്ഞു ...
“മതി നിറുത്തിക്കോ …..ഇനി എന്താ ഉണ്ടാവാന്‍ പോകുക എന്ന് ഊഹിക്കാം “
പ്രൊഡ്യൂസർ കഥ പറച്ചില്‍ നിറുത്താന്‍ ലിജിനോട് ആവശ്യപ്പെട്ടു.
“കഴിഞ്ഞില്ല സാര്‍ …..ഇനിയാണ് പ്രധാന സീന്‍ വരുന്നത് ….അവർ എന്തിന് വേണ്ടി പിരിഞ്ഞു അതാണ് പറയാന്‍ പോകുന്നെ “
“കേള്‍ക്കണമെന്നില്ല ലിജിന്‍ ….ലവ് സ്റ്റോറി ആണെന്ന് പറഞ്ഞപ്പോള്‍ മണിരത്നത്തിന്‍റെ ഒരു ദില്‍സേ ,റോജ ,ബോംബൈ ,കന്നത്തില്‍ മുത്തമിട്ടാല്‍ അങ്ങനെയുള്ള ഒന്നായിരുന്നു വിചാരിച്ചത് ….ഇത് മൊത്തം ക്ലിഷേ സീന്‍ ആണ്"
“എന്നാ പിന്നെ ഈ കഥയില്‍ ഇത്തിരി തീവ്രവാദമോ ആഭ്യന്തര കലഹങ്ങളോ ചേര്‍ക്കാം ..അല്ലെങ്കില്‍ നായകന്‍ നായികയെ തേടി ശ്രീലങ്ക പോകുന്ന പോലെയാക്കാം ….അതൊക്കെ ചേര്‍ത്താല്‍ മണിരത്നം ഫിലിം ആയി സാര്‍ …..പിന്നെ പ്രണയം എന്നും ഇത്തിരി ക്ലിഷേ ആണ് സാര്‍...ക്ലിഷേ ആണത്രേ ക്ലിഷേ“
ലിജിന്‍ ബാഗ് എടുത്ത് പ്രൊഡ്യൂസറുടെ വീട്ടില്‍ നിന്ന് ഇറങ്ങി.അയാള്‍ നടന്നു എത്തിയത് അയ്യന്‍ കുന്നിന്‍റെ മുകളിലെയ്ക്കായിരുന്നു .പാറകള്‍ക്കിടയില്‍ അയാള്‍ എന്തോ തിരഞ്ഞു .കല്ല് കൊണ്ട് കൊത്തി വെച്ച ആ എഴുത്തുകള്‍ അയാള്‍ പതിയെ തലോടി
“പാതി പ്രാണന്‍ നിന്നിലായതിനാലാവാം തനിച്ചാകുന്ന യാത്രയില്‍ പാതിവഴിയില്‍ കിതക്കുന്നതും പിന്നെയും നിന്നിലേക്ക് ഓടിയെത്തുന്നതും“