Kadhajalakam is a window to the world of fictional writings by a collective of writers

കള്ളൻ

കള്ളൻ

നിലാ വെട്ടം മുഖത്ത് വീഴ്ത്താതെ കള്ളൻ നിഴലുകൾക്കു കീഴെ റോഡിന്റെ വശം ചേർന്ന് നടന്നു. റോഡിനോട് ചേർന്ന ഒരു ഓട് മേഞ്ഞ വീടിന്റെ വേലി ചാടി അയാൾ പുറകു വശത്തേക്ക് വേഗത്തിൽ നടന്നു.

കള്ളന്റെ കരവിരുത് കൊണ്ട് വാതിൽ ശബ്ദമുണ്ടാക്കാതെ വേഗത്തിൽ തുറന്നു. ഇരുട്ടിൽ അയാൾ അടുക്കള അന്വേഷിച്ചു നടന്നു. ഉച്ചമുതൽ ഒന്നും കഴിച്ചിട്ടില്ല. ഇരുട്ടാവുംവരെ റോഡരികിലെ ഒരു പൊന്തയിൽ ഒളിച്ചിരുപ്പായിരുന്നു. എന്തെങ്കിലും വയറ് നിറയെ കഴിക്കണം. വെള്ളമൊഴിച്ചിട്ട ചോറ് കുറെ ഒരു കലത്തിൽ നിന്നും വാരി ഒരു പാത്രത്തിലേക്ക് ഇട്ട് മറ്റൊരു കലത്തിൽ നിന്നും എന്തോ കറിയും, കുടിക്കാൻ വെള്ളം ഒരു മൊന്തയിൽ എടുത്തു വച്ചു.

ആദ്യത്തെ ഉരുള ഉരുട്ടി വിഴുങ്ങുന്നതിനു മുമ്പേ അകത്തു നിന്നും ഒരു ആണിന്റെയും പെണ്ണിന്റെയും ശബ്ദം കേട്ടു. പിന്നാലെ ലൈറ്റും തെളിഞ്ഞു. കള്ളന്റെ ഉള്ളിൽ ഒരു വെള്ളിടി വെട്ടി. കുഴച്ച ചോറുരുള തിരികെ പ്ളേറ്റിലേക്കിട്ടു. നാശം ! ഇത്ര അധികം വീടുകളുണ്ടായിട്ടും ഈ വീടെ കണ്ടുള്ളു, അതും ഒരു പ്ലേറ്റ് ചോറിന്.

കള്ളൻ വാതിലിനു പുറകിൽ ചുമരോട് കൂടുതൽ ചേർന്ന് നിന്നു ഇപ്പോൾ അയാൾക്ക് ജനാലയിലൂടെ മറ്റു മുറികളിലെ കാഴ്ചകൾ വ്യക്തമായി കാണാം.

മൂന്നോ നാലോ വയസ്സ് പ്രായം തോന്നിക്കുന്ന ഒരാൺകുട്ടി തൊട്ടടുത്ത മുറിയിൽ ക്ഷീണിച്ചവശനായി ഉറങ്ങുന്നു. മറ്റൊരു മുറിയിൽ ഒരു പോലിസുകാരനും ഒരു വെളുത്തു മെലിഞ്ഞ പെണ്ണും.

പോലീസുകാരൻ ഷർട്ടിന്റെ ബട്ടണുകൾ വേഗത്തിലിട്ടു പോകാൻ ഒരുങ്ങുകയാണ്. പെണ്ണ് പോലീസുകാരനോട് ചോദിച്ചു.

"സാറെ , കാശ്.. "

പോലീസുകാരൻ: "ഓ ഇപ്പൊ ഒന്നും ഇല്ലെടി, പിന്നെ ആവട്ടെ".

പെണ്ണ്: "അത് പറ്റില്ല സാറെ. കുഞ്ഞിനെ ആശുപത്രിയില് കാണിക്കണം. ഞാൻ ആദ്യമേ പറഞ്ഞതല്ലേ".

പോലീസുകാരൻ: "പഫാ" കൂത്തച്ചി...പോലീസുകാരന്റെ അടുത്താണോ നിന്റെ വിളച്ചിൽ. നാട്ടുകാരുടെ മുന്നിൽ കൂടെ ജീപ്പിൽ കേറി പോകുമ്പോളും കാണണം ഈ അഹങ്കാരം".

പോലീസുകാരൻ അത്രയും പറഞ്ഞ് വേഗത്തിൽ പുറത്തേക്കിറങ്ങി. പെണ്ണ് കുഞ്ഞിന്റെ അടുത്തുവന്ന് കുറെ നേരം ഇരുന്നു.

പാതിവെളിച്ചത്തിൽ അവളുടെ കണ്ണുനീര് വെട്ടിത്തിളങ്ങുന്നതായി കള്ളന് തോന്നി. കള്ളൻ ഉരുട്ടിവച്ച ചോറുരുള വായിലേക്കിട്ടു. വയ്യാ! ചോറ് നെഞ്ചിൽ കെട്ടുന്നതുപോലെ. മൊന്തയിലെ വെള്ളത്തിൽ കയ്യ് കഴുകി കള്ളൻ വേഗം പുറത്തേക്കിറങ്ങി നടന്നു.

ആളൊഴിഞ്ഞ വഴിയിലൂടെ തിരികെ നടക്കുമ്പോളും അയാളുടെ കണ്ണുകളിൽ നിറയെ ആ പെണ്ണിന്റെയും കുഞ്ഞിന്റെയും മുഖങ്ങളായിരുന്നു. വല്ലതും കഴിച്ചു സുഖമായി ഉറങ്ങണം എന്ന് കരുതിയതാണ്. ദിവസവും എത്ര പേരെ കാണുന്നു. എന്തെല്ലാം ചെയ്തു കൂട്ടുന്നു. എന്നിട്ടും.

കള്ളൻ നടത്തം നിർത്തി, തിരികെ ആ വീട്ടിലേക്കു കയറി. അടുക്കള തുറന്നു, മടിക്കുത്തിൽ നിന്നും കുറെ പണം എടുത്ത് ഒരു പാത്രത്തിൽ ഇട്ടു. പിന്നെ വെളിച്ചത്തെ ഭയക്കാതെ മനുഷ്യരെ ഭയക്കാതെ എങ്ങോട്ടോ വേഗത്തിൽ നടന്നു.

ചുവപ്പ് പാളങ്ങള്‍

ചുവപ്പ് പാളങ്ങള്‍

ഹാര്‍ട്ട് അറ്റാക്ക്

ഹാര്‍ട്ട് അറ്റാക്ക്