Kadhajalakam is a window to the world of fictional writings by a collective of writers

ആത്മഹത്യ

ആത്മഹത്യ

ഇല്ല... ഇനിയാകില്ല. മരണത്തിൽ നിന്നും ഇനിയെന്നെ ഭയപ്പെടുത്തി പിന്തിരിപ്പിക്കാമെന്നു കരുതണ്ട. അത് തീർച്ചയാണ്. തീവണ്ടിയുടെ എത്ര വലിയ ചിന്നം വിളിയാണെങ്കിലും ഇനിയതിനെന്നെ ഭയപ്പെടുത്തി പിൻതിരിക്കാനാവില്ല. എന്നാലും, ചെവികൾ തുളച്ചുകയറുന്ന എന്തൊരു ഭയപ്പെടുത്തുന്ന ശബ്ദമാണീ തീവണ്ടിയുടെ ഹോൺ വിളിക്ക്. അല്ലെങ്കിൽ തന്നെ എന്തിനാണീ തീവണ്ടിക്കിങ്ങനെ ഒരു ശബ്ദം. റോഡിലൂടെ ഒന്നുമല്ലല്ലോ ഇത് പോകുന്നത്. ഹോണടിച്ചാൽ മറ്റു തീവണ്ടികൾ വഴിമാറിത്തരികയുമില്ല. ങ്ഹാ ... എന്തെങ്കിലുമാകട്ടെ. മരിക്കാൻ വന്ന ഞാനെന്തിനാണീ വേണ്ടാത്ത കാര്യങ്ങൾ ചിന്തിച്ച് തലപുണ്ണാക്കുന്നത്? അടുത്തതായി വരുന്ന തീവണ്ടി, അത് വരെയേയുള്ളു. അതുവരെ മാത്രം! ഒരുപാട് നടന്നിട്ടാണ് ഇങ്ങനെയൊരു വിജനമായൊരു ഇടം കണ്ടെത്താനായത്. ശല്യപ്പെടുത്താനായി ചുറ്റുമെങ്ങും ആരുമില്ല. സമാധാനം. റെയിൽപാളത്തിൽ തലവച്ച് ആകാശം നോക്കി കിടന്നു. ഒരു നക്ഷത്രം പോലുമില്ല. കയ്യുയർത്തി വാച്ചിൽ നോക്കി. ഇല്ല, ഒന്നും കാണാനില്ല. അല്ലെങ്കിൽ തന്നെ ഇനി സമയം നോക്കുന്നതെന്തിനാണ്. ട്രെയിൻ വരുന്നതിന്റെ ഒരു ഒരു സൂചനപോലുമില്ല. ഓർമ്മകൾ ഒരൊറ്റ ബോഗിയിലെന്നപോലെ ചീറിപ്പാഞ്ഞു മുന്നിൽ വന്ന് നിന്നു.

വിമൻസ് ഹോസ്റ്റലിൽ എന്റെ റൂമിലേക്ക് വന്ന പുതിയ സുഹൃത്ത്- മീര. ബി എഡിനു തന്നെ. മറ്റേതോ ഹോസ്റ്റലിൽ നിന്നു മാറിവന്നതായിരുന്നു മീര. മീരക്ക് ഒരു വയസ്സ് പ്രായമുള്ള കുട്ടിയും ബാങ്കുദ്യോഗസ്ഥനായ ഭർത്താവും എല്ലാമുള്ളതാണ്. എന്നിട്ടും ഞങ്ങൾ.. എങ്ങനെയാണ് ഇതൊക്കെ സംഭവിച്ചതെന്ന് എനിക്ക് ഒരു പിടിയും കിട്ടിയില്ല. സ്കൂൾ സമയം തൊട്ടേ ഹോസ്റ്റലുകൾ എനിക്ക് ശീലമാണ്. എത്രയോ കൂട്ടുകാരികളുമായി ഒരുമിച്ചു വർഷങ്ങൾ ഒരുമിച്ചു കഴിഞ്ഞിരിക്കുന്നു. എന്നിട്ടും...കുറ്റം... കുറ്റം ആരുടേതായിരുന്നു. അല്ലെങ്കിൽ തന്നെ ഇതൊരു കുറ്റമാണോ. ആയിരിക്കാം. അതുകൊണ്ടായിരിക്കാമല്ലോ മറ്റു കുട്ടികൾ ഹോസ്റ്റൽ മുഴുവൻ ഞങ്ങളുടെ അടുപ്പം ചർച്ചാവിഷയമാക്കാൻ തിരഞ്ഞെടുത്തത്. ഹോസ്റ്റൽ വാർഡൻ ഞങ്ങളെ വിളിച്ച് ശാസിച്ചതും അത്കൊണ്ട് തന്നെയായിരിക്കുമല്ലോ. ഒരു കൂസലുമില്ലാതെ എന്റെ കയ്യും പിടിച്ചു അവിടെ നിന്ന് ഇറങ്ങിവന്ന മീരയുടെ ധൈര്യം. എങ്കിലും... എങ്കിലും എല്ലാരെക്കാളും എനിക്കറിയാവുന്നതായിരുന്നല്ലോ മീരക്ക് ഒരു കുഞ്ഞും ഭർത്താവുമൊക്കെയുള്ളത്. ഞാൻ പിന്മാറണമായിരുന്നു. എന്നിട്ടും സംഭവിച്ചത് മറിച്ചായിരുന്നു. കോളേജിലെ മറ്റു കുട്ടികളും തട്ടുകടയിലെ ചേട്ടന്മാരുമെല്ലാം ഞങ്ങളെ കാണുമ്പോൾ ഒളിഞ്ഞും തെളിഞ്ഞും കമന്റുകൾ പറയാൻ തുടങ്ങും. അതുകേൾക്കുമ്പോൾ മീര തോളിലൂടെ കയ്യിട്ട് എന്റെ കവിളിലൊരുമ്മ തരും. ക്ലാസിൽ പോകാതെ പലപ്പോഴും ഞങ്ങൾ മുറിയിൽ തന്നെയിരുന്നു. പഠനത്തിലുമുള്ള എന്റെ ശ്രദ്ധയൊക്കെ നഷ്ടപ്പെട്ടിട്ട് ദിവസങ്ങളായിരിക്കുന്നു. എപ്പോഴും മീരയുടെ ചൂടുപറ്റി.

ആഴ്ചയിൽ ഒന്നെന്നകണക്കിൽ വീട്ടിൽ പോയിരുന്ന മീരയിപ്പോൾ മാസത്തിലൊരിക്കലാക്കി ആ യാത്ര. ആ രണ്ടു ദിവസങ്ങളെക്കുറിച്ച് എനിക്ക് ചിന്തിക്കാനേ കഴിയുമായിരുന്നില്ല. അത് മനസിലാക്കിയ മീര എന്നെ ഒരിക്കൽ വീട്ടിലേയ്ക്ക് കൊണ്ടുപോയതുമാണ്. രാത്രി കൂട്ടിയെയുമെടുത്ത് അവരുടെ ബെഡ്റൂമിൽ കയറി വാതിലടക്കുന്നത് നോക്കി നിന്നത് മീരയും കണ്ടതാണ്. തിരിച്ചുള്ള യാത്രയിൽ ഞാൻ മീരയോട് മിണ്ടിയതേയില്ല. മീരയും. കൂറേനേരം കഴിഞ്ഞു മീര പറഞ്ഞു. നീയിനി എന്റെ കൂടെ വീട്ടിലേക്ക് വരണ്ട. നിനക്ക് വിഷമമാകും, പോകാൻ എനിക്കും ഇഷ്ടമുട്ടുണ്ടായിട്ടല്ല. മീര പാതിയിൽ നിർത്തി. കൺകോണുകളിൽ ഈർപ്പം പൊടിയുന്നുണ്ടായിരുന്നു. മീര എന്റെ കൈ മുറുകെ ചേർത്ത് പിടിച്ചു.

വാതിലിൽ ആരോ തട്ടുന്നത് കേട്ടാണ് ഞങ്ങൾ എഴുന്നേറ്റത്. മറ്റു കുട്ടികൾ വരാന്തയിലൂടെ നടക്കുമ്പോൾ ഞങ്ങൾക്ക് ഒരു ശല്യമാകട്ടെ എന്ന് കരുതി ഒന്ന് തട്ടിപ്പോകുന്നവരുണ്ട്. ഇതതല്ല. അല്പം ശക്തിയിൽ തന്നെയാണ് തട്ടുന്നത്. മാത്രമല്ല. വാതിലിനപ്പുറത്തു ആരൊക്കെയോ കൂട്ടം കൂടിയിട്ടുള്ള പോലെ. എന്തോ ഒരു ശരിയല്ലാത്തപോലെ. ഞങ്ങൾ പരസ്പരം നോക്കി. മീര എഴുന്നേറ്റു വാതിൽ തുറന്നു. മീരയുടെ ഭർത്താവും ഹോസ്റ്റൽ വാർഡനും കുറച്ചു കുട്ടികളും. വീട്ടിൽ പോയപ്പോൾ കണ്ട ശാന്തസ്വഭാവക്കാരനെയല്ല അയാളിപ്പോൾ. അയാൾ വെട്ടിവിയർക്കുന്നുമുണ്ടായിരുന്നു. പന്ന കഴുവേറീടെ... എന്തൊക്കെയോ അയാൾ പറയാൻ ശ്രമിക്കുന്നുണ്ടെങ്കിലും വാക്കുകൾ കിട്ടാത്തപോലെ. അയാൾ മീരയെ ഉടുപ്പോട് ചേർത്തു പുറത്തേക്ക് വലിച്ചു. ദേഷ്യം കൊണ്ടയാൾ വിറച്ചു, ഞാൻ ആകെ ഭയന്നു. കണ്ണിലിരുട്ട് കയറുന്നതുപോലെ. മീരയുടെ അലർച്ചകേട്ടാണ് എനിക്ക് സ്‌ഥലകാല ബോധമുണ്ടായത്. അയാളുടെ കൈ മീര ശക്തിയിൽ തട്ടിമാറ്റി. വീഴാൻ പോയ അയാൾ വരാന്തയിലെ തൂണിൽ പിടിച്ചുനിന്നു. ഞാൻ വരുന്നില്ല. തന്നെ കാണുന്നതേ എനിക്കിഷ്ടമല്ല. അലറിക്കൊണ്ടാണ് മീരയത് പറഞ്ഞൊപ്പിച്ചത്. അയാളെപ്പോലെതന്നെ ഹോസ്റ്റൽ വാർഡനും കുട്ടികളും എല്ലാവരും സ്തബ്ധരായി.അലർച്ച മീരയിൽ കരച്ചിലായി. പുറകിൽനിന്നും മീരയെ ചേർത്തു പിടിച്ചു കരഞ്ഞു.അയാളിൽ കോപം ആളിക്കത്തി. മീരയെ കടന്നുപിടിച്ച്‌ അയാളിലേക്കടുപ്പിച്ചു. മീര അയാളെ തള്ളി മാറ്റാൻ ശ്രമിക്കുമ്പോഴേക്കും അടിയേറ്റു മീര താഴെ വീണിരുന്നു. കൊണ്ടുപോകരുതെന്ന് മീരയെ കെട്ടിപ്പിടിച്ച് ഞാനയാളോട് പറഞ്ഞു. ആരുമെന്നെ സഹായിക്കാനും മുന്നോട്ടു വന്നില്ല. ഞാൻ കരഞ്ഞു പറഞ്ഞു. വലിച്ചിഴച്ച് മീരയെ അയാൾ പുറത്ത് കൊണ്ടുപോയി കാറിലേക്ക് വലിച്ചറിഞ്ഞു. തടയാനെനിക്കും കഴിഞ്ഞില്ല. അയാളെക്കൂടാതെ രണ്ടു മൂന്നുപേർ വേറെയുമുണ്ടായിരുന്നു കാറിൽ.ആരുടേയും മുഖത്തു നോക്കാതെ അയാൾ കാറിൽ കയറിപോയി. ഗേറ്റ് കടന്നും ഞാൻ കാറിനു പുറകിലൂടെ കുറച്ചു ദൂരം ഓടി. ഒരു വട്ടം മീരയെന്നെ കരഞ്ഞുകൊണ്ട് തിരിഞ്ഞു നോക്കി. ഞാൻ നിന്നു. പതിയെ നിലം ചെന്നിരുന്നു. എത്ര നേരം അവിടെയങ്ങനെ വഴിയിലിരുന്നു എന്നറിയില്ല. ഇല്ല, തിരികെപ്പോകാൻ കഴിയില്ല. മീരയില്ലാതെ...എന്തൊക്കെയായിരിക്കും മറ്റുള്ളവർക്ക് ചോദിക്കാനുണ്ടാകുക. മീരയില്ലാതെ ഞാനെങ്ങനെ ഇതിനൊക്കെ മറുപടിപറയും. മീരയായിരുന്നല്ലോ എല്ലാവർക്കും ചുട്ടമറുപടി കൊടുത്തിരുന്നത്. മീരയില്ലാതെ ഞാൻ അശക്തയാണ്. വേറെ വഴിയില്ല. ആത്മഹത്യ ചെയ്യുക. അതെ ആത്മഹത്യ ചെയ്യുക. യാത്രപറയാനാരുമില്ല. കാര്യങ്ങളൊക്കെ എല്ലാവർക്കുമറിയാവുന്നതുകൊണ്ടു ഒരു കുറിപ്പെഴുതിവെക്കേണ്ട സാഹചര്യവുമില്ല.

നേരം ഇരുട്ടിത്തുടങ്ങി. വഴിയോരത്തെ തിരക്കും ആളുകളുടെ ബഹളവുമൊന്നും എന്നെ ബാധിച്ചതേയില്ല. റെയിൽവേ ഗേറ്റിലൂടെ പാളത്തിന്നരികിലൂടെ ഏറെ ദൂരം നടന്നു. എന്തൊരു നശിച്ചനാടാണിത്. എവിടെയും വീടുകളാണല്ലോ. റോഡും കടകളും കടന്ന് റെയിൽപാളങ്ങൾക്കരികിലൂടെ എത്ര ദൂരം നടന്നുവെന്നറിയില്ല. നടക്കുന്നതിനിടെ ട്രെയ്‌നുകൾ തലങ്ങും വിലങ്ങും കടന്നുപോയി. ഇരുട്ടിൽ ഒന്ന് രണ്ടിടത്ത് വീഴുകയും ചെയ്തു. ആളൊഴിഞ്ഞ സ്‌ഥലമെത്തിയപ്പോഴേക്കും സമയം പാതിരാത്രിയായി.പാളത്തിനോട് ചേർന്ന് ഇരുന്നു. ഒച്ചയിട്ടു കരഞ്ഞു.ദീർഘമായി ശ്വസിച്ചു, നെടുവീർപ്പിട്ടു. സമയമായിരിക്കുന്നു. അടുത്ത ട്രെയിൻ ഉറപ്പായും. അതുവരയെയുള്ളു. എല്ലാം അവസാനിക്കട്ടെ.വീണ്ടും പാളത്തിൽ തലവെച്ച് കിടന്നു. ചീറിപ്പാഞ്ഞുകൊണ്ട് ട്രെയിൻ അടുത്തെത്തി. ഞാൻ കണ്ണുകളിറുക്കിയടച്ചു. അടുത്തെത്തിയതും വീണ്ടും കാതടപ്പിക്കുന്ന ട്രെയിനിന്റെ സയറൻ. അതിനു മുന്നിൽ ഒന്നുകൂടെ പിടിച്ചു നിൽക്കാനായില്ല. പാളത്തിൽ നിന്നും ചാടി പുറത്തുകടന്നു. ആ ട്രെയിനും കടന്നുപോയി. തൊട്ടു മുന്നേ വന്ന ട്രെയിനിന്റെ ഡ്രൈവറും ഇതേ വിദ്യതന്നെയാണ് പ്രയോഗിച്ചത്. ഇപ്പോളെനിക്ക് കാര്യം പിടികിട്ടിയിരിക്കുന്നു. ഈ സയറന്റെ മുന്നിൽ ആർക്കും പിടിച്ചു നിൽക്കാനാവില്ല. എന്നെ ആത്മഹത്യയിൽ നിന്നും പിന്തിരിപ്പിക്കാനാണ് അയാളീ സയറൺ മുഴക്കുന്നത്. എനിക്ക് മുന്നേ ആത്മഹത്യ ചെയ്തവരും ഇതെല്ലാം കടന്നുപോയവർതന്നെയായിരിക്കണം. ഇല്ല... ഇനിയാകില്ല. ചിന്തകളിൽ നിന്ന് പിൻവാങ്ങി. ഇനി ചിന്തിക്കാനുള്ള സമയമൊന്നുമില്ല. ഇപ്പോൾ എല്ലാം വ്യക്തമായിക്കാണാം, ഇരുട്ട് തൽക്കാലത്തേക്ക് പിന്മാറിയിരുന്നു. അകലെ പാളത്തിൽ നിന്നും അവശിഷ്ടങ്ങൾ ഭക്ഷിക്കുന്ന എലികളെയും തൊട്ടടുത്തു കൂടെ വരിവരിയായി കടന്നുപോകുന്ന ചെറിയ ഉറുമ്പുകളെയും കാണാം. പാളത്തിൽ വീണ്ടും ചെറിയൊരനക്കം ഒരു വിറയൽ പോലെ. പാളത്തിൽ ചെവിചേർത്തുപിടിച്ച് കിടന്നു. തന്റെ ജീവനെടുക്കാനായി വരുന്ന തീവണ്ടിയുടെ ഇരമ്പൽ ഒരുന്മാദത്തിലെന്നപോലെ ആസ്വദിച്ചു. കാടിളക്കി ചിന്നം വിളിച്ചുവരുന്ന ഒരു കൂട്ടം കാട്ടാനക്കൂട്ടങ്ങളെ അത് അകലെക്കാണുന്ന പാടശേഖരങ്ങളെ മുറിച്ചു വരുന്നത് കാണാം. നിമിഷങ്ങൾക്കുള്ളിൽ അത് എന്നെ മറികടന്നുപോകും. എല്ലാം അവസാനിക്കും....കണ്ണുകൾ മുഴുവൻ തുറന്ന് മരണം വരിക്കാൻ തയ്യാറായി.

ഈ മരണം അറിഞ്ഞുകൊണ്ടുതന്നെ ഞാനെനിക്ക് സമ്മാനിക്കുന്നതാണ്. ജീവനെടുക്കുക്കാൻ വരുന്ന തീവണ്ടിയെന്ന കാലനെ നേരിൽ കാണാനായി. ട്രെയിനിന്റെ മുൻപിൽ മുഴുവൻ നിറയെ ഒരു കല്യാണവീട്ടിലെന്ന പോലെ മിന്നിമറയുന്ന ലൈറ്റുകൾ പ്രകാശിക്കുന്നു. ട്രെയിൻ അടുത്തെത്തിയിരിക്കുന്നു. ഞാൻ തരിച്ചുപോയി. ട്രെയിൻ ഓടിക്കുന്നത്. തന്റെ മരിച്ചു പോയ അച്ഛൻ. അച്ഛനെന്നെ മനസിലായതേയില്ല. എങ്കിലും അച്ഛന്റെ മുഖത്ത് ഒരു ഭാവവുമുണ്ടായിരുന്നില്ല. ഞാൻ അച്ഛന്റെ മുഖത്തുതന്നെ നോക്കിയിരുന്നു. തൊട്ടടുത്തെത്തിയതും അച്ഛനൊന്ന്‌ പുഞ്ചിരിച്ചു, സയറണിൽ കൈ ആഞ്ഞമർത്തി. വെളിച്ചത്തോടൊപ്പം വന്ന ആ കാതടപ്പിക്കുന്ന ശബ്ദം എന്റെ തലയിൽ കിടന്നുകറങ്ങി.

ഉറുമ്പുകൾ വരിയിൽ നിന്നുമാറി എന്റെ തലമുടിക്കുപിന്നിൽ കൂട്ടത്തോടെ കടിച്ചു തൂങ്ങിക്കിടന്നു. തെറിച്ചു അടുത്തുള്ള പൊന്തക്കാട്ടിലേക്ക് വീണു. ട്രെയിൻ കടന്ന് പോയിക്കൊണ്ടിരിക്കുന്നത് അവിടെ കിടന്ന് കൊണ്ട് കണ്ടു. ഹോ. ഇത്തവണയും. ഒന്ന് മരിക്കണമെങ്കിൽ... ഓരോ കംപാർട്ട്മെന്റിലെയും വെളിച്ചം ഇടവിട്ട് മുഖത്ത് അടിച്ചുകൊണ്ടിരുന്നു. ഞാൻ ശ്രദ്ധിച്ചു, അതിലൊന്നിൽ മീരയിരിക്കുന്നു. ഒന്നുകൂടെ നോക്കി. അതെ മീരതന്നെ.ട്രെയിൻ അല്പം പതുക്കെയായിട്ടാണ് ഇപ്പോൾ പോകുന്നത്. ഒന്ന് ശ്രമിച്ചാൽ എനിക്ക് കയറിപ്പറ്റാവുന്നതേയുള്ളു, ഇപ്പോളല്ലേൽ മീരയെ ഇനി ഒരിക്കലും കാണാൻ സാധിച്ചെന്നുവരില്ല.

"മീരാ... മീരാ..."

സർവ ശക്തിയുമെടുത്ത് ട്രെയിനിന് പുറകെ ഓടി. ഞാൻ ഓടിവരുന്നത് കണ്ടിട്ടെന്നപോലെ ഇപ്പോൾ വേഗത വളരെ പതുക്കെയായിട്ടുണ്ട്.എത്ര കമ്പാർട്മെന്റുകൾക്കപ്പുറമാണ് മീര, അറിയില്ല. എന്തായാലും. ഈ വണ്ടിയിലുണ്ടല്ലൊ. കയറാൻ ഒട്ടും തന്നെ പ്രയാസമുണ്ടായിരുന്നില്ല. എങ്കിലും നന്നായി കിതച്ചു. ഇല്ല സമയമില്ല. എത്രയും പെട്ടന്ന് മീരയുടെ അടുത്തെത്തണം. അവളും എന്നെത്തേടി തിരിച്ചു വരുന്നതാകണം. ധൃതിയിൽ മുന്നോട്ടു കടന്നു. കിതപ്പുകൊണ്ട് കയറിപ്പിടിച്ചത് തൂക്കിയിട്ടിരുന്ന ഒരു യൂറിൻ ഡിസ്പോസ് ചെയ്യുന്ന ബാഗിലായിരുന്നു. വൃദ്ധരായ ഭാര്യയും ഭർത്താവും ഏക മകനെ ഹോസ്പിറ്റലിൽ നിന്നും ഡിസ്ചാർജ് ചെയ്ത് വീട്ടിലേയ്ക്ക് മടങ്ങുകയാണെന്ന് ഒരനോട്ടത്തിൽ പിടികിട്ടും. ബാഗ് അവിടെ വച്ചതിനു വൃദ്ധ കണ്ണുകൾകൊണ്ട് എന്നോട് ക്ഷമ ചോദിച്ചു. അവർ മകന്റെ വലത് കൈ അവരുടെ കയ്യിൽ വച്ച് തഴുകിക്കൊണ്ടിരിക്കുകയായിരുന്നു. വൃദ്ധൻ പുറത്തേക്ക് തന്നെ നോക്കിയിരിക്കുന്നു. അയാൾ മകന്റെ നല്ല നിമിഷങ്ങൾ ആലോചിക്കുകയായിരിക്കണം. രണ്ടുപേരെയും കണ്ടാലറിയാം ശരിക്കൊന്നുറങ്ങിയിട്ട് കാലങ്ങളായിക്കണം. മകന് യാതൊരനക്കവുമില്ല, ചെറുപ്പമാണ് കണ്ടാലറിയാം. നിൽക്കാതെയൊഴുകുന്ന കണ്ണുനീർ വൃദ്ധ സാരിത്തലപ്പുകൊണ്ട് തുടച്ചുകൊണ്ടിരുന്നു. അവരുടെ കയ്യിലുള്ളതെല്ലാം ഊറ്റിയെടുത്ത് ആശുപത്രിക്കാർ ഇറക്കിവിട്ടതാകണം. ആ വൃദ്ധ ദയനീയമായ മുഖത്തോടെ എന്നെ നോക്കി. ഞാൻ മുന്നോട്ടു നടന്നു.

ഒരലർച്ചകേട്ടാണ് അടുത്ത കമ്പാർട്മെന്റിലേക്ക് കടന്നത്. വയസായ പിതാവിനോട് ഉച്ചത്തിൽ ധിക്കാരം പറയുന്ന ഒരു മകൻ.

"വയസ്സായാൽ നിങ്ങൾക്കൊരിടത്ത് അടങ്ങിയൊതുങ്ങി ഇരുന്നൂടെ. വെറുതെ മനുഷ്യനെ മെനക്കെടുത്താനായിട്ട്. പണ്ടാരമടങ്ങാൻ"

"ഇനിയിപ്പോ ഇറങ്ങുന്ന സ്റ്റേഷനിലാവാം".

തനിക്ക് ഒന്നുകൂടെ മൂത്രമൊഴിക്കാൻ പോകണം എന്നു പറഞ്ഞെണിറ്റതിനാണ് മകന്റെ ശകാരം. അയാൾ വീണ്ടും സീറ്റിലിരുന്നു. ഗദ്ഗദത്തോടെ ആ വയസൻ എന്നെ നോക്കി. അവരെമുറിച്ചു കടക്കുന്നതിനിടയിൽ ആ വയസൻ പുറകിൽ നിന്ന് വീണ്ടും പറയുന്നത് കേൾക്കാമായിരുന്നു.

"എനിക്കൊന്നൂടെ മൂത്രമൊഴിക്കണം". പിന്നാലെ മകന്റെ ഉച്ചത്തിലുള്ള അലർച്ചയും.

പട്ടാളക്കാർക്കുള്ള കമ്പാർട്ട്മെന്റാണെന്നു തോന്നുന്നു. ഒരു തെരുവുബാലികയിൽ ടി ടി ആർ തന്റെ അധികാരം കാണിക്കും കണക്കെ അയാളുടെ കാമം തീർക്കുന്നു. മുഷിഞ്ഞ അവളുടെ പാവാടകൊണ്ട് തോൾസഞ്ചി മൂടിയിട്ടിരിക്കുന്നു. അയാളുടെ തലയടിച്ചുപൊളിക്കാൻ പറ്റിയ എന്തെങ്കിലും കിട്ടുമോയെന്ന് ഞാൻ ചുരുട്ടും നോക്കി. പെട്ടന്നയാൾ എഴുന്നേറ്റു. എന്നെ തറപ്പിച്ചു നോക്കിക്കൊണ്ട് ഞാൻ വന്ന വഴിയേ കടന്നുപോയി. വേച്ചു വേച്ച് ആ പെൺകുട്ടി മുന്നിലേക്ക് നടന്നു. അവളെന്നെ കണ്ടതേയില്ല. അവൾക്കു പിന്നാലെ ഞാനും നടന്നു. ഈച്ചയാർക്കുന്ന ഒരു കഷണം പാലക്കാടൻ ഹൽവ അവൾ തെന്റെ തോൾ സഞ്ചിയിലേക്കിട്ടു. പിന്നാലെ ആർത്തലച്ച് കുറെ ഈച്ചകളുടെ ഒരു കൂട്ടവും. അടുത്ത കമ്പാർട്ട്മെന്റിലേയ്ക്ക് മെല്ലെക്കയറി തന്റെ പതറുന്ന ശബ്ദത്തിൽ അവൾ പാടുവാൻ തുടങ്ങി. തൊട്ടടുത്ത് ഒരു കുട്ടിയുടെ ചിരികേട്ട് ഞാൻ നിന്നു. ഭർത്താവിന്റെ തോളിൽ ചാഞ്ഞിരുന്ന് മകളെ ഓമനിക്കുന്ന മീര. അവർ എവിടേയ്ക്കൊ പുറപ്പെട്ടുപോവുന്നതുപോലെ. ഹോസ്റ്റലിൽ കണ്ട ക്രൂരനായ ആളല്ല ഇപ്പോഴയാൾ. പണ്ട് മീരയുടെ വീട്ടിൽ വെച്ചു് കണ്ട അതേ മാന്യനായ മനുഷ്യൻ. രണ്ടുപേരും എന്നെ കണ്ടതേയില്ല.

ഇല്ല. ഇനിയിവിടെ നിന്നാൽ ശരിയാവില്ല. അത് വീണ്ടും എല്ലാം താളം തെറ്റാനുള്ള കാരണമായേക്കാം. കമ്പാർട്മെന്റുകൾക്കിടയിലൂടെ ആവുന്ന വേഗത്തിൽ ഞാൻ പിന്തിരിഞ്ഞോടി . എത്രയോ കമ്പാർട്മെന്റുകൾ ഇനിയും ഈ വണ്ടിയിലുണ്ട്. അവരിൽ താങ്ങാനാകാത്ത എത്രയോ പ്രശ്നങ്ങളുണ്ടാകാം. ഈ കണ്ടതിലൊക്കെ വലുതായിരുന്നൊ തന്റെ പ്രശ്നം? ഓട്ടത്തിനിടയിൽ ഇതുതന്നെയായിരുന്നു എന്റെ ആലോചനാവിഷയം. ട്രെയിനിന്റെ അവസാനത്തെ കമ്പാർട്മെന്റിലേയ്ക്ക് കയറാൻ നേരം എനിക്ക് ലജ്ജതോന്നി. മരിച്ചിരുന്നെങ്കിൽ എല്ലാരുടെയും മുന്നിൽ ഞാനൊരു പടുവിഡ്ഢിയായേനെ. ഒരു പക്ഷെ മീരയും അത് തന്നെയാകും എന്നെക്കുറിച്ച് കരുതുക.

ഞാൻ പൊടുന്നനെ ഓട്ടം നിർത്തി. സ്റ്റേഷനെത്തിയതിന്റെ ഒരു സൂചനയും കാണുന്നില്ലെങ്കിലും ട്രെയിൻ പൂർണമായും നിർത്തിയിരിക്കുന്നു. കുറച്ചാളുകളൊക്കെ പുറത്തേക്ക് ഇറങ്ങുന്നുണ്ട്. വയസായ അപ്പൂപ്പൻ ഈ തക്കം നോക്കി പാളത്തിന്റെ വശം ചേർന്ന് മൂത്രമൊഴിക്കാനിരുന്നു. പുറത്തിറങ്ങിയ കുറെയാളുകൾ ഞാൻ തെറിച്ചു വീണ പൊന്തക്കാടിനടുത്തേക്ക് നടന്നടുക്കുന്നതുകണ്ടു. ഒപ്പം ഞാനും കൂടി. പൊന്തക്കാട്ടിനുള്ളിൽ ചിതറിക്കിടക്കുന്ന എന്റെ തലയിൽ നിന്നൊലിക്കുന്ന ചുടുചോരക്കുവേണ്ടി അപ്പോഴും ഉറുമ്പുകൾ വട്ടം കൂടിക്കൊണ്ടിരുന്നു.

കഥാവശേഷം

കഥാവശേഷം

 ഷിഫ്റ്റ് ഡിലീറ്റ്

ഷിഫ്റ്റ് ഡിലീറ്റ്