Kadhajalakam is a window to the world of fictional writings by a collective of writers

കഥാവശേഷം

കഥാവശേഷം

നിങ്ങളെയും എന്നെത്തന്നെയും അമ്പരപ്പിച്ചുകൊണ്ട് , കാലംതെറ്റി മഴപെയ്യുന്ന ഒരു വ്യാഴാഴ്ച രാത്രിയാണ് ഞാന്‍ മരിച്ചുപോവുക.

ഈ ലോഡ്ജ് മുറിയുടെ നരച്ച് വിളറിയ തിരശ്ശീലകള്‍ മാറിയിട്ടുണ്ടാവില്ല. മഴ കനക്കുമ്പോള്‍ എപ്പോഴുമെന്നപോലെ താഴെ നിന്ന് എട്ടാമത്തെ വരിയില്‍ മൂന്നാമത്തെ ഓടിനിടയിലൂടെ മഴവെള്ളം കനമുള്ള തുള്ളികളായി താഴേക്ക് പതിക്കുന്നുണ്ടാവും. തലേന്നാള്‍ ഞാന്‍ പാതികുടിച്ച് മാറ്റിവച്ച സ്മിര്‍നോഫ് വോഡ്കയുടെ കുപ്പിയാവും ലോഡ്ജ് മുറിയുടെ ദുര്‍ബലമായ വാതില്‍ തല്ലിത്തകര്‍ത്തു കയറുമ്പോള്‍ നിങ്ങള്‍ ആദ്യം കാണുക. അത് നിങ്ങളെ ചിന്തിപ്പിക്കും. എന്റെ സദാചാരമില്ലായ്മയെ കുറിച്ച്; ഞാന്‍ നിങ്ങളുടെ മുന്നില്‍ എടുത്തണിയാറുള്ള മുഖംമൂടികളെ കുറിച്ച്. താളുകള്‍ അടര്‍ന്നുപോയി മഞ്ഞച്ച 'കരമസോവ് സഹോദരന്‍മാരുടെ ' കട്ടിപ്പുസ്തകം അനാഥമെന്നോണം മേശപ്പുറത്ത് കിടപ്പുണ്ടാവും.

അല്ലെങ്കിലും എന്റെ മരണശേഷം ഞാനവകാശം സ്ഥാപിച്ചതെല്ലാം അനാഥമാവുകയും അന്യാധീനപ്പെടുകയും ചെയ്യുമല്ലോ!! പുസ്തകവും നിങ്ങളെ ചിന്തിപ്പിക്കും. ഈ കള്ളപ്പന്നി ദുനിയാവിലെ സകലതടിച്ച പുസ്തകങ്ങളും വാങ്ങി വായിച്ചിട്ട് എന്ത് നേടിയെന്ന്? പിന്നെ നിങ്ങളൊപ്പം മുറിയില്‍ കടന്ന മറ്റേയാളോട്, പുസ്തകം ചൂണ്ടിപ്പറയും 'കണ്ടോടേയ്.. കപ്പലണ്ടിക്കാര്‍ക്ക് വിൽക്കാന്‍ ബെസ്റ്റ് സാധനം! ആ അലമാര തല്ലിപ്പൊട്ടിച്ചാല്‍ ഇനിയും കാണും!!

മലര്‍ന്ന്, കണ്ണടച്ച്, കൈകള്‍ സാമാന്യം വലിയ കുമ്പയില്‍ ചേര്‍ത്ത് വച്ച്, കാലുകളിലെ തള്ളവിരലുകള്‍ തമ്മില്‍ കെട്ടാന്‍പാകത്തില്‍ അടുപ്പിച്ച് വച്ച്, ചുണ്ടില്‍ ഒരു പുഞ്ചിരിവിരിയിച്ച് അങ്ങനെ മരിച്ചു പോകണം എന്നാണ് ഞാനാഗ്രഹിച്ചിരുന്നത്. പക്ഷെ നിങ്ങള്‍ കാണുമ്പോള്‍ എന്റെ വായ ഇടതു വശത്തേക്ക് വികൃതമായി കോടിയിട്ടുണ്ടാവും. അതിലൂടെ മഞ്ഞയും ചോപ്പും കലര്‍ന്ന കൊഴുത്ത ദ്രാവകം ഒലിച്ചിറങ്ങി കിടക്കപ്പായയും താണ്ടി നിലത്തേക്ക് പരന്നിട്ടുണ്ടാവും.

തുറിച്ച കണ്ണുകള്‍ മേല്‍ക്കൂരക്കപ്പുറത്തുള്ള ആകാശത്തേക്കുറ്റു നോക്കുന്നപോലെ ആകാംക്ഷാഭരിതങ്ങളാവും. നിങ്ങള്‍ തഴുകിയും പിടിച്ചു വലിച്ചും അടക്കാന്‍ ശ്രമിച്ചാലും കണ്‍പോളകള്‍ തുറന്നു തന്നെ കിടക്കും. 'ചത്താലും കുരിപ്പ് മനുഷ്യനെ സ്വസ്ഥായിറ്റിരിക്കാന്‍ സമ്മയിക്കൂല', നിങ്ങള്‍ എന്റെ ചത്ത കണ്ണുകള്‍ നോക്കി പേടിയോടെ പിറുപിറുത്തേക്കും. വൃത്തിഹീനമായ ചുമരുകളില്‍ ഞാനൊട്ടിച്ചുവച്ച സുന്ദരികളുടെ അര്‍ദ്ധനഗ്‌നചിത്രങ്ങള്‍, ബ്രാണ്ടിയുടേയും ബിയറിന്റേയും പരസ്യങ്ങളോട് കൂടിയവ, എന്റെ മൃതദേഹത്തെ അവഗണിച്ച് നിങ്ങള്‍ ഏറെനേരം നോക്കിനില്‍ക്കും. പിന്നെ ശൂ എന്നും ഹോ എന്നും ശബ്ദമുണ്ടാക്കി ചിത്രങ്ങള്‍ ശ്രദ്ധയോടെ പറിച്ചെടുത്ത് ട്രൗസറിന്റെ കീശയിലേക്ക് തിരുകും. നേരം ഇച്ചിരികൂടി വെളുക്കട്ടെ എന്ന് ആരോ കേള്‍ക്കാനെന്നോണം ഉറക്കെപ്പറഞ്ഞ് നിങ്ങള്‍ കുളിമുറിയിലേക്ക് കയറും. മറ്റേയാളന്നേരം കോച്ചിവലിച്ച് കോടിപ്പോയ എന്റെകാല്‍, കൈവിരലുകളിലേക്ക് പേടിച്ചിട്ടെന്നോണം മാറിമാറി നോക്കുന്നുണ്ടാവും. കുളിമുറിയില്‍ നിന്ന് ഇറങ്ങിവന്ന നിങ്ങള്‍ ഒരിളിഭ്യച്ചിരിയോടെ മറ്റേയാളോട് പറയും. 'കൊറേ കയിഞ്ഞ് വരാം.. ഇവനൊക്കെ അത്രമതി.' നേരമപ്പോള്‍ പരപരാ വെളുക്കുന്നുണ്ടാവും.

അന്നേരം, ലോഡ്ജിന്റെ ഇച്ചിരിദൂരെ അനന്തേട്ടന്റെ ചായക്കട എന്നത്തേയുമെന്നപോലെ തുറക്കാന്‍ അയാളുടെ മകന്‍, കിരകിരാശബ്ദം വമിക്കുന്ന പഴയ സൈക്കിളില്‍ കിതച്ച് കിതച്ച് വരും. വൈകിപ്പോയോ വൈകിപ്പോയോയെന്ന് അവന്‍ പേടിക്കുന്നുണ്ടാവും. വരുംവഴി റോഡുവക്കിലെ വീട്ടില്‍ ഫ്‌ലൂറസെന്റ് ലാമ്പിന്റെ കീഴില്‍ ബേജാറോടെ പാഠപുസ്തകം വായിച്ചുകൊണ്ടിരുന്ന പ്ലസ്ടു സുന്ദരിയെ ഈ ജന്മത്തിലിനി നോക്കിനില്‍ക്കില്ലെന്ന് അവന്‍ പ്രതിജ്ഞ ചെയ്യുകയായിരിക്കും. നാളെ നാളെയെന്നാക്കി മടിപിടിച്ച് മാറ്റിവച്ച ഗ്രിസിടാത്ത വര്‍ഷങ്ങളുടെ പഴക്കമുള്ള റോളിംഗ് ഷട്ടര്‍ കരകരേയെന്ന് തള്ളിത്തുറന്നതും ‘ഹമ്മോ’ എന്ന അലര്‍ച്ചയോടും കട്ടിപ്പുകയുടെ അകമ്പടിയോടും അവന്‍ പുറത്തേക്ക് ചാടും. അവന്റെ പ്ലാസ്റ്റിക്ക് ചെരിപ്പ് കടയുടെ തറയില്‍ ഉരുകി ഒട്ടിപ്പിടിച്ചു പോയിട്ടുണ്ടാകും. കട നിറയെ തീ പുകയുന്നുണ്ടാവും. അനന്തന്‍ ചേട്ടനെ വിളിച്ചുണര്‍ത്താന്‍ പുകയുന്ന കാലുകളുമായി അവന്‍ സൈക്കളില്‍ തിരിച്ച് കിതക്കുമ്പോള്‍, നിങ്ങളവനോട് എങ്ങോട്ടാടാ രാവിലെ മണ്ടുന്നതെന്നും, കട തുറന്നിട്ടില്ലേടാ എന്നും, ഒരുചായമിട്ടു തന്നിട്ടു പോടായെന്നും, വിളിച്ചുപറയും. അവനതൊന്നും കേള്‍ക്കാതെ ചിരട്ടത്തീയിലെ ശൂകാരമായി പറക്കുമ്പോള്‍ നിങ്ങളവന്നെ എമ്പോക്കി എന്ന് നാമകരണം ചെയ്യും.

ചായകിട്ടാത്ത നിരാശ നിങ്ങളെ ഭരിക്കുകയില്ല, കാരണം എന്റെ സ്മിര്‍നോഫ് കുപ്പി പകുതി നിറഞ്ഞിരിപ്പാണല്ലോ. പോലീസ് സ്‌റ്റേഷന് പിറകിലെ പെട്ടിക്കടയില്‍ നിന്നും ഒരുകെട്ട് ബംഗാള്‍ ബീഡിയും രണ്ട് ഗോള്‍ഡ്ഫ്‌ലാക്ക് സിഗരറ്റും നാല് പാളയം കോടന്‍ പഴവും ഒരു കൊച്ചു സാഷേയില്‍ നാരങ്ങാ അച്ചാറും വാങ്ങി നിങ്ങള്‍ കൂട്ടുകാരനൊപ്പം തിരിച്ചുവരും. അങ്ങനെ വരുമ്പോഴാണല്ലോ, ചത്തുപോയ എന്റെ തണുത്ത, അനക്കമില്ലാത്ത, നെഞ്ചോട് പറ്റിക്കിടന്ന് അവള്‍ നിലവിളിക്കുന്നത് നിങ്ങള്‍ കാണുക.

അന്നേരം, വീട്ടിനടുത്ത് കിതച്ച് കിതച്ച്, കിരികാരാ ശബ്ദം കേൾപ്പിച്ചടുത്തെത്തുന്ന സൈക്കിള്‍ നിര്‍ത്തുമ്പോള്‍, വീട്ടുമുറ്റത്തെ ആള്‍ക്കൂട്ടം കണ്ട് അനന്തേട്ടന്റെ മകന്‍ ഞെട്ടും. അച്ഛനെ വിളിക്കാന്‍ മുറ്റത്തേക്ക് വച്ച അവന്റെ പൊള്ളിപ്പോയ കാല് ഏതോ ആപല്‍ശങ്കയില്‍ പിന്നോക്കം നീങ്ങും. പിന്നെ പടപടായെന്ന് മിടിക്കുന്ന ചങ്കുമായി, അവനെ സഹതാപത്തോടെയെന്ന് അവന്‍ കരുതിയ നോട്ടം നോക്കുന്നവരോട്, ഹെന്താ.. ഹെന്താ .. എന്നവന്‍ ചിരട്ടക്കനലില്‍ വെള്ളം വീഴുന്ന ശൂ.. ശൂശബ്ദത്തില്‍ ചോദിക്കും.

പെട്ടെന്ന്, കോമരത്തിന്റേതെന്ന് തോന്നിക്കുന്ന ഭീതിതമായ അലര്‍ച്ചയോടെ അനന്തേട്ടന്‍ പുറത്തേക്ക് പാഞ്ഞുവരും. വലത്തെ കൈയില്‍ സവാള അരിയാനുപയോഗിക്കുന്ന കത്തിയുണ്ടാവും. ഇടത്തെ കൈകൊണ്ട് ഊര്‍ന്നുപോകാന്‍ തുടങ്ങുന്ന കാവിമുണ്ട് അരയില്‍ ചേര്‍ത്ത് പിടിച്ചിട്ടുമുണ്ടാവും. മുറ്റത്തേക്ക് ചാടിയിറങ്ങിയ നേരം വിഷണ്ണപരവശനായ പുത്രനെ അനന്തേട്ടന്‍ കാണും. അല്‍പ്പം പകച്ചു നിന്ന് , കൈയിലെ കത്തി ദൂരെയെറിഞ്ഞ്, മുണ്ട് മുറുക്കിയുടുത്ത്, തൊണ്ടയില്‍ നിന്ന് കറകറയെന്നുയരുന്ന വിചിത്രമായൊരു തേങ്ങലോടെ അയാള്‍ മകന്റെയടുത്തേക്ക് നടക്കും. അച്ഛനിപ്പോള്‍ തന്നെകെട്ടിപ്പിടിക്കുമെന്ന്, ജീവിതത്തില്‍ ഇതുവരെ അങ്ങനെ ഉണ്ടായിട്ടില്ലെങ്കിലും, ഏതോ കാരണത്താല്‍ ഓര്‍ത്തുപോയ മകനെയും, തടിച്ചുകൂടിയ ജനത്തേയും അമ്പരപ്പിച്ചുകൊണ്ട്, താഴെകിടന്ന മുളംകീറിനാല്‍ മകനെ തലങ്ങും വിലങ്ങും അനന്തേട്ടന്‍ ആഞ്ഞ് പ്രഹരിക്കാന്‍ തുടങ്ങും. ഞെട്ടിപ്പോയ മകന്‍ സങ്കടത്തേയും വേദനയെക്കാളും ഏറെ അപമാനത്താല്‍ താണ തലയുമായി, മുതുകത്തും കാലിലും കഴുത്തിലും നെഞ്ചിലും മര്‍ദ്ദനമേറ്റുവാങ്ങിക്കൊണ്ടിരിക്കും. ജനം, ‘ശ്ശോ, വേണ്ടനന്താ, മതി’, എന്നീ ശബ്ദങ്ങള്‍ പുറപ്പെടുവിക്കുകയല്ലാതെ നിന്നിടത്തുനിന്ന് ഇളകുകയോ അനന്തേട്ടനെ പിടിച്ചു മാറ്റുകയോ ചെയ്യുകയില്ല. അവര്‍, വിചാരിക്കാതെ കിട്ടിയ വിനോദം ആസ്വദിക്കുമ്പോള്‍, അവന്റെ ഉള്‍ക്കണ്ണില്‍, അകമാകെ കത്തിപ്പോയ കടയില്‍ പുകനിറഞ്ഞ്, വിങ്ങി വിങ്ങി നില്‍ക്കുന്നത് തെളിയും. തന്നെയെന്തിന് മര്‍ദ്ദിക്കുന്നുവെന്ന് അവര്‍ ചോദിക്കില്ല. പല്ലുകടിച്ച് കണ്ണു മിഴിച്ച് വേദനയേറ്റുവാങ്ങവേ, വെയിലിന്റെ ആദ്യത്തെപൊട്ട് മുറ്റക്കല്ലില്‍ മുളച്ച പുതിയ കറുകനാമ്പിലെ വെള്ളത്തുള്ളിയെ തൊടുന്നതവന്‍ കാണും. അന്നേരം, തുളുമ്പാന്‍ വെമ്പിയ ഒരു തുളളിക്കണ്ണീര്‍ അവനറിയാതെ കവിളിലേക്കുരുളും.

ആ സമയം നിങ്ങള്‍ എന്റെ മുറിയിലെത്തി, പെണ്ണൊരുത്തിയെ എന്റെ ശരീരത്തിനൊപ്പം കണ്ട ഞെട്ടല്‍ മാറാതെ പകച്ച് നില്‍ക്കുകയായിരിക്കും. പകപ്പിലും മദ്യക്കുപ്പിക്ക് സ്ഥാനമാറ്റം സംഭവിച്ചിട്ടില്ലെന്ന് നിങ്ങള്‍ ഇടംകണ്ണിട്ട് നോക്കി ഉറപ്പ് വരുത്തും. ഞാനാവട്ടെ ശരീരത്തില്‍ വീണൊഴുകുന്ന കണ്ണീരും അവളുടെ തേങ്ങലിനൊപ്പമുള്ള ശരീരത്തിന്റെ ചലനവുമറിയാതെ ലോകത്തോടാകമാനം പുച്ഛം പ്രകടിപ്പിക്കുന്ന കോടിയ ചുണ്ടുമായി മേല്‍ക്കൂരയിലേക്ക് തുറിച്ചുനോക്കി കിടക്കുകയാവും. രാത്രി മഴ നിലത്ത് തീര്‍ത്ത കുഞ്ഞിത്തടാകത്തില്‍ അറിയാതെ ചവിട്ടിപ്പോയ നേരം നിങ്ങള്‍ ‘ച്ഛേ’ എന്ന് ശബ്ദമുണ്ടാക്കും. ആ ശബ്ദമാണ് അവളില്‍ പരിസരബോധം സൃഷ്ടിക്കുക. നിങ്ങളെ കാണുന്നത് അവളില്‍ പ്രത്യേകിച്ച് ഭാവവ്യത്യാസമൊന്നും ഉണ്ടാക്കുകയില്ല. തലപൊക്കി നിങ്ങളെ നോക്കി, മൂക്കു പിഴിഞ്ഞ്, മണ്ണിന്റെ നിറമുള്ള സാരിയുടെ തുമ്പില്‍ കണ്ണും മൂക്കും തുടച്ച് അവള്‍ വീണ്ടും കരയാനായവേ, ‘നീ ഏതാ പെണ്ണേ’, എന്ന് നിങ്ങള്‍ ചോദിച്ച ചോദ്യത്തിന്, ‘നിങ്ങളൊക്കെ ആരാ ചേട്ടാ’, എന്നവള്‍ ചിലമ്പിച്ച ഒച്ചയില്‍ മറുചോദ്യം ചോദിക്കും. ‘നീയെങ്ങനെ ഉള്ളില്‍ കടന്നു’, എന്ന ചോദ്യത്തിന് ‘ചേട്ടന്‍മാര്‍ എങ്ങനെ, എന്തിന് അകത്തുകടന്നു’, എന്ന മറുചോദ്യമാകും മുപടി. നിങ്ങളുടെ ചോദ്യങ്ങള്‍ക്കൊന്നും ഉത്തരംപറയേണ്ട ആവശ്യം തനിക്കില്ലെന്ന ഭാവം അവളുടെ മുഖത്ത് നിഴലിക്കുന്നുണ്ടാവും. ‘നീയിവന്റെയാരാ’ എന്ന് നിങ്ങള്‍ ചോദിച്ചതിന്, ‘പറയാന്‍ മനസ്സില്ല’, എന്നഭാവത്തിലവള്‍ കഴുത്ത് വെട്ടിക്കും. പരിഭ്രമമൊളിക്കാന്‍ നിങ്ങള്‍ ഒരു ബീഡി തപ്പിയെടുത്ത് ചുണ്ടില്‍ വെക്കുകയും, അത് കത്തിക്കാന്‍ തീപ്പെട്ടിയില്ലെന്ന് കണ്ട് പോയൊരു തീപ്പെട്ടി വാങ്ങിവാടായെന്ന് കൂട്ടാളിയോട് അലറുകയും, കൂട്ടാളി, തൊഴികിട്ടിയ നായ്ക്കുട്ടിയെപോലെ ശബ്ദമുണ്ടാക്കികൊണ്ട്, അതേ ശരീരഭാഷയോടെ മുറിയില്‍ നിന്ന് പുറത്തേയ്ക്കിറങ്ങുകയും ചെയ്യുമ്പോള്‍ ചാറ്റല്‍ മഴയുടെ ആദ്യവര വന്നുവീണ്, ചായക്കടയുടെ പൊള്ളിപ്പഴുത്ത ഓടുകളിലൊന്ന് ഞെരിഞ്ഞ് പൊട്ടി, ശീയെന്ന് പുകയുയരും.

അമ്മയില്ലാത്ത നിന്നെയും അവളെയും ഞാനൊറ്റക്കിത്ര കാലം പോറ്റിയത് ഇതിനു വേണ്ടിയിട്ടാണോടായെന്ന് പൊട്ടിപ്പിളര്‍ന്ന ഗദ്ഗദത്തോടെ അനന്തേട്ടന്‍ മകനോട് ചോദിക്കുക അന്നേരത്താണ്. ‘അച്ചാ, ചായപ്പീട്യ, ചായപ്പീട്യ’, എന്നവന്‍ പറഞ്ഞത്, അനന്തേട്ടന്‍ കേള്‍ക്കുകയേയില്ല. മകനെ ഏകാന്തനായി അമ്പരപ്പിന്റെ ആഴങ്ങളില്‍ ഊളിയിടാന്‍ വിട്ട് അനന്തേട്ടന്‍ വീടിന്റെ തിണ്ണയില്‍ കൈയില്‍ മുഖം താങ്ങി ശബ്ദമില്ലാതെ കരഞ്ഞുകൊണ്ടിരിക്കും. ആള്‍ക്കൂട്ടത്തില്‍ നിന്നൊരാള്‍ ‘എന്തുപറ്റി അനന്താ’, എന്ന് സ്വാന്തന സ്വരത്തില്‍ അന്വേഷിക്കും. ജനം അന്നേരംവരെ ഒരെത്തും പിടിയും കിട്ടാതെ പൊരിയുകയായിരുന്നല്ലോ! അനന്തേട്ടനില്‍ ചോദ്യം ഒരു പ്രതികരണവുമുളവാക്കുന്നില്ലെന്ന് കണ്ട് അയാള്‍ മടിച്ചു മടിച്ച് പിന്‍വാങ്ങുകയും, മെല്ലെമെല്ലെ, പിറുപിറുത്തും അടക്കം പറഞ്ഞും , എന്തിനെന്നില്ലാതെ ചിരിച്ചും നിരാശാഭരിതമായ ജനക്കൂട്ടം പിരിഞ്ഞു പോവുകയും, പിതാവും പുത്രനും ഒറ്റക്കാവുകയും ചെയ്യുമ്പോഴാണ് വീട്ടിനു മുന്നില്‍ ഒരു പോലീസ് ജീപ്പ് കുതിച്ചെത്തി ശബ്ദത്തോടെ ബ്രേക്കിടുക. അനന്തേട്ടന്റെ മകന്‍ അമ്പരപ്പില്‍ നിന്ന് ഭയത്തിലേക്ക് ഞെട്ടിവീഴുകയും അച്ഛാ പോലീസ് എന്ന് ഉറക്കെ അലറുകയും ചെയ്യും. എന്നാല്‍ അവന്റെ വരണ്ട തൊണ്ട ശബ്ദം പുറപ്പെടുവിക്കാന്‍ കഴിയാത്തത്രയും ക്ഷീണിച്ചു പോയിട്ടുണ്ടാവും. മൂന്നുപേരടങ്ങുന്ന ഒരു സംഘമാവുമത്. ബൂട്ടിന്റെ ശബ്ദം പടികളില്‍ കേട്ടതും നിങ്ങളുടെ മുഖത്തേക്ക് രക്തം ഇരച്ചുകയറുന്നതും പിരിച്ച് മുകളിലേക്ക് വച്ച മീശയുടെ അഗ്രം വിറക്കുന്നതും എന്റെ ശരീരത്തില്‍ വീണുകിടന്ന പെണ്ണ് വ്യക്തമായി കാണുന്നുണ്ടാവും. കൂട്ടാളി കൊണ്ടു വന്ന തീപ്പട്ടിയില്‍ നിന്നൊരു കൊള്ളിയെടുത്ത്, നിങ്ങള്‍ ബീഡി കൊളുത്താന്‍ തുടങ്ങുന്നേയുണ്ടാവൂ. സ്മിര്‍നോഫിന്റെ കുപ്പി അന്നേരവും പകുതി നിറഞ്ഞു തന്നെയിരിപ്പുണ്ടാവും. എന്റെ ദേഹത്ത് കിടന്ന് കരഞ്ഞുകൊണ്ടിരുന്ന പെണ്ണന്നേരം ഞെട്ടിയെണീറ്റ് മണ്ണിന്റെ നിറമുള്ള സാരിത്തുമ്പിലേക്ക് മൂക്ക് ചീറ്റി ചീര്‍ത്തമുഖത്തോടെ കളിമുറിയിലേക്ക് വേഗത്തില്‍ നടക്കും. അവള്‍ കുളിമുറിയുടെ കതകടച്ചതും തകര്‍ന്ന മുന്‍വാതിലിലൂടെ മൂന്നുപോലീസുകാര്‍ അകത്തേക്ക് കടക്കും.

ഒരു പോലീസുകാരന്‍ ജീപ്പിനടുത്തുതന്നെ, റോഡിലേക്കിറങ്ങി നിന്ന ഒരോലയില്‍ നിന്ന് ഈര്‍ക്കില്‍ ചീന്തിയെടുത്ത്, പല്ലിടകുത്തിക്കൊണ്ട് നില്‍ക്കും. മറ്റു രണ്ടുപേര്‍ അനന്തേട്ടന്റെ മുറ്റത്തേക്ക് കയറി, അടികൊണ്ടു പരവശനായി , ഭയന്ന് വിറച്ച് നില്‍ക്കുന്ന അനന്തേട്ടന്റെ മകനെ അവഗണിച്ച് വരാന്തയുടെ തിണ്ണയില്‍ കരഞ്ഞുകൊണ്ടിരിക്കുന്ന അനന്തേട്ടന്റെയടുത്തേക്ക് നടക്കും. അന്നേരം അനന്തേട്ടന്റെ മകന്‍ മുട്ടുകുത്തിനിലത്തേക്ക് വീഴുകയും, മുകളിലേക്ക് കൈകളും മുഖവുമുയര്‍ത്തി ദൈവത്തോടെന്നോണം ഞങ്ങളുടെ ചായക്കട കത്തിപ്പോയേയെന്ന് ചിലമ്പിച്ച ഒച്ചയില്‍ ഉറക്കെയുറക്കെ കരയാന്‍ തുടങ്ങുകയും ചെയ്യും. അത് കേട്ട ഞെട്ടലില്‍ തലയുയര്‍ത്തിയ അനന്തേട്ടന്‍ നേരെമുന്നില്‍ പോലീസിനെക്കണ്ട് നടുങ്ങും. ‘താനൊരു കുപ്പായവുമെടുത്തിട്ട് ഞങ്ങളോടൊപ്പം വാ’, എന്ന സാന്ത്വനപൂര്‍ണ്ണമായ പോലീസ് വിളിയില്‍ വിപത്തിന്റെ പാടുകളാണ് അനന്തേട്ടന്‍ കാണുക. എന്റെ മോള്‍ക്കെന്തുപറ്റി സാറേയെന്ന് കരളുവിങ്ങിയ കരച്ചില്‍ അയാളില്‍ നിന്നുയരും. മോള്‍ക്കെന്തു പറ്റാനെന്ന പോലീസിന്റെ മറുചോദ്യത്തിന്, ഇന്ന് പുലര്‍ച്ചെ മുതല്‍ തന്റെ മകള്‍ വീട്ടില്‍ നിന്ന് അപ്രത്യക്ഷയായെന്ന് അനന്തേട്ടന്‍ മറുപടി പറയും. പെണ്ണാരോടെങ്കിലുമൊപ്പം ഓടിപ്പോയതാകുമെന്ന പരിഹാസത്തിന്, കണ്ണുകാണാത്ത കാതുകേള്‍ക്കാത്ത തന്റെ മകള്‍ ആരുടെകൂടെ പോകാനെന്ന് അയാള്‍ വിങ്ങിപ്പൊട്ടും. ഇതൊരു കുരിശാകുമല്ലോയെന്ന പോലീസിന്റെ വിചാരത്തിനു മീതെ, അനന്തേട്ടന്റെ മകന്‍ ചേച്ചീയെന്ന്, നെഞ്ചുനീറി, തൊണ്ടവറ്റി, മോഹാലസ്യപ്പെടും. അന്നേരം, നിരത്തോരത്ത് വീണുകിടക്കുന്ന, കിരുകിരാ ശബ്ദമുതിര്‍ക്കുന്ന സൈക്കിളിന്റെ ചിത്രം അവന്റെ ബോധമാകെ നിറയും.

'താന്‍ വാടകക്ക്‌ കൊടുത്ത മുറിയില്‍ താമസക്കാരന്‍ ചത്തു കിടക്കുന്നത് പറയാനാണ് ഞങ്ങള്‍ വന്ന' തെന്ന് പോലീസുകാര്‍ പറയവേ കാലില്‍ നിന്ന് മൂര്‍ധാവിലേക്കുയര്‍ന്ന തരിപ്പ്, അനന്തേട്ടനെവീണ്ടും തിണ്ണയിലേക്ക് പിടിച്ചിരുത്തും.

മുറിയാകെ പരിശോധിച്ച്, എന്റെ ശരീരത്തിന്റെ കണ്ണില്‍ തഴുകി, പോള പിടിച്ച് വലിച്ച് കണ്ണടപ്പിക്കാന്‍ കിണഞ്ഞ് ശ്രമിച്ച് പരാജയപ്പെട്ട്, പുസ്തകങ്ങളും കടലാസുകളും വലിച്ചുവാരിയിട്ട് പോലീസുകാര്‍ തെളിവ് തിരയും. നിങ്ങളപ്പോള്‍ മുറിയിലൊരു മൂലയില്‍ മാറിനില്‍ക്കുകയാവും. നിങ്ങളുടെ കൂട്ടുകാരന്റെ കാല്‍മുട്ടുകള്‍ ഇടക്കിടെ കൂട്ടിയിടിക്കുന്നുണ്ടാവും. ‘സാറമ്മാരേ ഞങ്ങള് നിക്കണോ’, എന്ന ചോദ്യത്തിന് നിറഞ്ഞ അസഭ്യ പദങ്ങളോടെ അവര്‍ മറുപടി തന്നിട്ടുണ്ടാവും. കള്ളന് കഞ്ഞിവച്ചനായിന്റെ മക്കള്‍ എന്നാവും നിങ്ങള്‍ക്ക് അവര്‍ തരുന്ന പേര്. കളിമുറിയുടെ വാതിലില്‍ പോലീസുകാരന്‍ ഏറെനേരം ലാത്തിയാല്‍ പ്രഹരിച്ച ശേഷമാവും അവള്‍ നാണത്തോടെ പുറത്തേക്ക് വരിക. ഏതാടായിവള്‍ എന്നചോദ്യത്തിന് നിങ്ങള്‍ ആ ... യെന്ന് മറുപടിപറയും. അപ്പോള്‍ ഒരു പോലീസുകാരന്‍, ഓ ഇവള്‍ അവളല്ലേയെന്ന് പരിഹാസപൂര്‍വം പറയുകയും, മറ്റേ പോലീസുകാരന്‍ മനസ്സിലായെന്ന ഭാവത്തില്‍ തലയിളക്കുകയും ചെയ്യും. മൂലയിലേക്ക് മാറിനില്ലെടിയെന്ന ഗര്‍ജ്ജനത്തില്‍ ഞെട്ടി, അവള്‍ മൂലയിലേക്കൊതുങ്ങും.

അന്നേരം അനന്തേട്ടനുമായുള്ള പോലീസ് സംഘം, താഴെ വന്ന് നില്‍ക്കുകയും, കരമസോവ് സഹോദരന്‍മാരുടെ അടിയില്‍ നിന്ന് കിട്ടിയ കടലാസില്‍ നിന്ന് പോലീസുകാരുടെ നേതാവ് ഇങ്ങനെവായിച്ചു തുടങ്ങുകയും ചെയ്യും. 'നിങ്ങളെയും എന്നെത്തന്നെയും അമ്പരപ്പിച്ചുകൊണ്ട് , കാലം തെറ്റി മഴപെയ്യുന്ന ഒരു വ്യാഴാഴ്ച രാത്രിയാണ് ഞാന്‍ മരിച്ചുപോവുക.'

ഒരു മതിഭ്രമ അനുഭവം

ഒരു മതിഭ്രമ അനുഭവം

ആത്മഹത്യ

ആത്മഹത്യ