ചരമക്കോളം
പുലരുന്നതെയുള്ളൂ! പതിവുപോലെ ഞാൻ പത്ര ഏജന്റിൽ നിന്നും എല്ലാ പത്രങ്ങളുടെയും ചരമക്കോളങ്ങൾ എടുത്തു മാറ്റി വച്ചു. പത്രക്കാരന്റെ വിഹിതം കൊടുത്തു, പാടത്തെ രണ്ടായി തിരിച്ച നെടുങ്ങനെയുള്ള റോഡിലൂടെ വേഗത്തിൽ നടന്നു. മഞ്ഞു വീണ റോഡും, പാടവും തണുത്ത നിലാവിൽ ആനക്കല്ല് ഹൌസിംഗ് കോളനിയോടൊപ്പം എഴുന്നേല്ക്കാൻ മടിയായി പുതപ്പു വലിച്ച് മൂടി ഒന്ന് കൂടെ ചുരുണ്ടു.
മിന്നിക്കൊണ്ടിരിക്കുന്ന സ്ട്രീറ്റ് ലൈറ്റിനടിയിലൂടെ ബീഡിക്കു തീകൊടുത്തുകൊണ്ട് ഒരാൾ ബ്രേക്കില്ലത്ത സൈക്കിളിൽ ഇറക്കം ഇറങ്ങിവന്നു. ശരവേഗത്തിൽ അയാൾ എന്നെ കടന്നു പോയി. 'കറവക്കാരൻ പപ്പുചേട്ടൻ'. മരിച്ചു പോയ അച്ഛന്റെ പിൻഗാമിയാണ് അയാൾ. നിലാവിൽ പപ്പുചേട്ടന്റെ ബീഡി റോഡിനു മുകളിൽ മറ്റൊരു പുക റോഡു സൃഷ്ടിച്ചു കൊണ്ട് മറുതലക്കലെത്തി.
പപ്പുചെട്ടൻ പോയ വഴിയെ ഞാനെന്റെ ഭൂതകാലത്തെ പുകമറ നീക്കി നോക്കി...
ഭാസ്കരാ... അച്ഛന്റെ കൂടെ വേഗം ഇറങ്ങിക്കോ ഇല്ലങ്കി നീ നടന്നു പോകേണ്ടി വരും.
കണ്ണ് തിരുമ്മി എണീറ്റു, പുതിയ തഴപായയുടെ മണം പിടിച്ചു വീണ്ടും ചുരുണ്ടു, പായ നെയ്തതിന്റെ അവസാന ചെത്തി മിനുക്കലിലാണ് അമ്മ. തലേദിവസം നെയ്യാൻ തുടങ്ങിയ തഴയുടെ ഇടയിൽ കിടന്നതാണ് വെളുക്കാറായപ്പോഴേക്കും പായ നെയ്തുകഴിഞ്ഞിരിക്കുന്നു.
ആ... ആ... മതി. എണീക്ക്, എണീക്. നെയ്ത പായ ചുരുട്ടി എടുത്തു കൊടുത്ത് കൊണ്ട് അമ്മ പറഞ്ഞു. ചുരുട്ടി അറ്റത്തെത്തിയപ്പോൾ ഞാൻ ഉരുണ്ടു തറയിൽ വീണു. സിമന്റു തറയുടെ തണുപ്പ് സഹിക്കാൻ പറ്റാതെ ചാടി മുറ്റത്തേക്കിറങ്ങി. പല്ലുതേപ്പ് കഴിഞ്ഞു അച്ഛൻ ഇറയത്തു വന്നിരുന്നു ബീടിക്കു തീ കൊടുത്തു.
മുഖം കഴുകി അച്ഛന്റെ സൈക്കിളിനു പുറകിലിരുന്നു.
പതിനെട്ട് രൂപയിൽ കുറച്ചാണ് അശോകചേട്ടൻ പറയുന്നതെങ്കിൽ കൊടുക്കണ്ട കേട്ടോ. ചുരുട്ടിയ പായ കയ്യിൽ തന്നു കൊണ്ട് അമ്മ പറഞ്ഞു. മൂന്നിഞ്ച്കല്ല് വിരിച്ച റോഡിലൂടെ അച്ഛൻ കട്ടകൾ ചാടിച്ചു തുരുംപ് പിടിച്ച സൈക്കിൾ വേഗത്തിൽ ചവിട്ടി. കട്ടയിൽ ചാടി എന്റെ ചന്തി വേദനയെടുക്കാൻ തുടങ്ങി. ഷർടിടാത്തതിനാൽ തണുപ്പടിച്ചു എന്റെ പല്ലുകൾ കൂട്ടിയടിച്ചു. തണുപ്പകറ്റാൻ പായ ശരീരത്തോട് ചേര്ത്തു പിടിച്ചു
എന്നെ കയറ്റത്തു വിട്ടു അച്ഛൻ പശുക്കളുടെ അകിടും തേടി വീണ്ടും ഇരുട്ടിലേക്ക് മറഞ്ഞു.
പായ വിൽക്കാൻ വന്ന എല്ലാ ചേച്ചിമാര്ക്കും അശോകചേട്ടൻ പായോന്നിനു ഇരുപതു രൂപ വച്ചു കൊടുത്തു, എനിക്കും.
തിരിച്ചപ്പോഴേക്കും നേരം വെളുത്തു തുടങ്ങി. കാൽ വേദനയെടുക്കുന്നു, കരിങ്കല്ലിന്റെ മുകളിൽ ചവിട്ടി നടക്കാൻ വയ്യ ഞാൻ പാടത്തെക്കിറങ്ങി നടന്നു. മഴ ചാറിയ ചെറിയ നനവുണ്ട് വരമ്പിൽ. പാടത്തിലെ വെള്ളക്കെട്ടിൽ കൊറ്റികൾ പറന്നിറങ്ങി തുടങ്ങി. വരമ്പിലെ കുറച്ചു ചെളിയെടുത്ത് നടത്തത്തിനിടയിൽ പല പല രൂപങ്ങളാക്കി. മേത്തു മുഴുവൻ ചളിയായി, പാടത്തിന്റെ വക്കിലുള്ള കുളത്തിൽ ഇറങ്ങി ചളിയെല്ലാം കഴുകിക്കളഞ്ഞു വേഗം നടന്നു.
രണ്ടു രൂപ കൂടുതൽ കിട്ടിയതിന്റെ ആഹ്ലാദത്തിൽ വഴിയിൽ നിന്നെ അമ്മയെ വിളിച്ചു.
അമ്മാ രണ്ടു രൂപ കൂടുതൽ കിട്ടി "അത് ഞാൻ എടുക്കും"
വീട്ടിലേക്കു തിരിഞ്ഞതും കുറച്ചാളുകൾ ചേർന്ന് അമ്മയെ എടുത്തു പുറത്തേക്ക് ഓടുന്നു. അമ്മ വയറു പോത്തിപിടിച്ച് കരയുന്നുണ്ടായിരുന്നു. വയറുവേദന അമ്മക്ക് പതിവുള്ളതാണ് പക്ഷെ അന്നെല്ലാം അമ്മതന്നെ കുറച്ചു ഇഞ്ചി മുറിച്ച് തിന്നു ഒരു ചൂട് കട്ടൻ ചായയും കുടിച്ചു വേദനയെ ആട്ടിപ്പുറത്താക്കാറുള്ളതാണ് ആലോചിച്ചു നിന്നപ്പോഴേക്കും അവർ അമ്മയുമായി പാടത്തിന്റെ നടുക്ക് എത്തി. ഇരുപതു രൂപയും ചുരുട്ടിപ്പിടിച്ചു ഞാൻ അവര്ക്ക് പിന്നാലെ പാഞ്ഞു.
കുറുക്കൻ കുന്നത്തെ വേണുച്ചേട്ടന്റെ വീടിന്റെ അരമതിലിൽ അമ്മയെ കിടത്തി. അമ്മ തന്നെ നിലത്തു ഇറങ്ങി കിടന്നു. വേദന അമ്മ കിടന്നിരുന്നിടത്തു നനവ് പടര്ത്തി, അമ്മയെ കെട്ടിപ്പിടിച്ചു ഞാനും കരഞ്ഞു. വേണുച്ചേട്ടൻ ഉറക്കമെണീച്ചു വന്നു. ചേട്ടന്റെ അച്ഛനായിരുന്നു വൈദ്യൻ അയാള് മരിച്ചതിനു ശേഷം ആ വൈദ്യശാല നടത്തുന്നു എന്ന് മാത്രം. ചാരായം വാറ്റിയതിനു രണ്ടു പ്രാവശ്യം പോലീസും പിടിച്ചിട്ടുണ്ട്, എങ്കിലും ഒരു വേദനയോ അസുഖമൊ വന്നാൽ ഇപ്പോഴും ആളുകൾ വേണുച്ചേട്ടന്റെ കടയിലെത്തും.
അയാൾ അമ്മയുടെ അരികത്തു വന്നിരുന്നു വയറിൽ ഒന്ന് മെല്ലെ അമർത്തി അമ്മ വേദന കൊണ്ട് പുളഞ്ഞു. വേഗം ആശുപത്ത്രിയിലേക്കു കൊണ്ടുപോക്കൊലാനും പറഞ്ഞു. കേട്ടതും കൂലിപ്പണിക്കാരായ അയൽപക്കക്കാർ പരസ്പരം നോക്കി. എന്റെ കയ്യിലുള്ള ഇരുപതു രൂപയെക്കാൾ കൂടുതലൊന്നും അവരിൽ കാണാൻ വഴിയില്ല.
ആരോ പറഞ്ഞറിഞ്ഞു അച്ഛൻ ഒരു കാറ് വിളിച്ചു അങ്ങോട്ട് വന്നു. ഞാനും കൂടെ കയറി, ആദ്യമായിട്ടാണ് ഞാൻ കാറിൽ കയറുന്നത്. പോകാൻ നേരത്ത് വേണുച്ചേട്ടൻ എന്തോ ഒന്ന് അമ്മക്ക് വായിൽ ഒഴിച്ചു കൊടുത്തു അതിൽ അമ്മക്ക് കുറച്ചു ആശ്വാസം ഉണ്ടെന്നു തോന്നുന്നു. അമ്മ കണ്ണ് തുറന്നു എന്നെ ഒന്ന് നോക്കി.
എന്നെ പുറത്തിരുത്തി അച്ഛനും അമ്മയും ഡോക്ടറുടെ മുറിയിലേക്ക് കയറി. അച്ഛൻ പുറത്തു വന്നു എല്ലാ പോക്കറ്റുകളും തപ്പി ഉള്ളതെടുത്ത് കാറുകാരനോട് എന്നെ വീട്ടിലാക്കി പൊക്കോളാൻ പറഞ്ഞു.
അമ്മയുടെ വയറ്റിൽ ഒരു മുഴയുണ്ടത്രെ അത് എത്രയും പെട്ടന്ന് ഓപറേഷൻ ചെയ്തു മാറ്റണം അല്ലെങ്കിൽ അമ്മ മരിച്ചു പോകും. കാർ ഡ്രൈവറിൽ നിന്നും കിട്ടിയ വിവരം ആണ്.
കറവയും കഴിഞ്ഞു അച്ഛൻ ഇപ്പോൾ എല്ലാ ദിവസവും നേരെ ആശുപത്രിയിലേക്ക് പോകും കുമാരചെട്ടന്റെ വീട്ടിൽ നിന്നും ഉമേഷിന്റെ കയ്യിൽ ഉച്ചക്ക് കഴിക്കാനുള്ള ഊണ് സ്കൂളിലേക്ക് കൊടുത്തയക്കും പൊതിഞ്ഞു തന്നയക്കുന്നത് ഭാഗ്യം, കുറച്ചു ബാക്കി വച്ച് രാത്രിയും കഴിക്കും. നേരെ കറവയ്ക്ക് പോകുന്നതുകൊണ്ട് അച്ഛൻ അമ്മയെ കാണാൻ ചോദിക്കുംപോളെല്ലാം വിലക്കിക്കൊണ്ടിരുന്നു.
അമ്മയുടെ പായ നെയ്യാനുള്ള തഴയും ഇരിക്കുന്ന പലകയും പൂപ്പൽ പിടിച്ചു തുടങ്ങി.
എടാ നിന്റെ തുണി വല്ലതും കഴുകി ഇടണേൽ ഇങ്ങു താ. കുമാരചെട്ടന്റെ ഭാര്യ ഓമനചേച്ചി ഉമ്മറത്ത് വന്നു ചോദിച്ചു, മാറിയിട്ട നിക്കറും പണ്ട് വെള്ളയായിരുന്ന യുണിഫോം ഷർട്ടും എടുത്തു ഓമനചേച്ചിയുടെ കയ്യിൽ കൊടുത്തു.
എടാ ദേ നിന്റെ നിക്കറിൽ ഒരു ഇരുപതു രൂപ. പൈസ നീട്ടികൊണ്ട് ഓമനചേച്ചി പറഞ്ഞു.
ആശുപത്രിയിൽ നിന്ന് വന്ന അച്ഛന് ഞാൻ ഇരുപതു രൂപയും കൊടുത്തു.
വേണ്ട, നീ വച്ചോ. സ്കൂളിൽ എന്തെങ്ങിലും ആവശ്യം വന്നാൽ വേണ്ടേ.
അമ്മ അവസാനമായി നെയ്ത പായയുടെ പണമാണിത്, എങ്ങിനെയെങ്കിലും അമ്മയെ കാണാൻ പോകുക തന്നെ. രണ്ടു സവാള വടക്ക് ഉമേഷ് ചേട്ടൻ തയ്യാറായി, സ്കൂളിൽ നിന്നും നേരെ ആശുപത്രിയിലെക്കുപോയി.
അമ്മയെ കണ്ടിട്ട് മനസ്സിലായതേയില്ല. വയറെല്ലാം വീർത്തു കയ്യിലും കാലിലും നീരുവന്നു എണീക്കാൻ പറ്റാതെ തറയിൽ കിടക്കുന്നു.
അമ്മയുടെ അരികിലായി പായിൽ ഇരുന്നു.
നാളെ അമ്മക്ക് ഓപറേഷൻ ആണ്, എന്റെ തലയിൽ തടവിക്കൊണ്ട് അമ്മ പറഞ്ഞു, കയ്യിലുള്ള മുക്കുവള നീരുകൊണ്ട് മാംസതിനുള്ളിൽ കിടന്നു ശ്വാസം മുട്ടി.
രണ്ടു രൂപ എനിക്ക് വേണം ഉമേഷ് ചേട്ടനെ നോക്കി ഞാൻ പറഞ്ഞു. ബാക്കി പതിനെട്ടു രൂപ, പായ വിറ്റതിന്റെ. നീ വച്ചോ അമ്മക്കിനി പായ നെയ്യാൻ കഴിഞ്ഞെന്നു വരില്ല...
പാട് വീണ അതെ പാതയിലൂടെ വീണ്ടും കണ്ണുനീരൊഴുകി. പൊക്കൊ ഇരുട്ടാവാൻ നിക്കണ്ട, അച്ഛൻ കണ്ടുകൊണ്ടു വന്നാൽ ചീത്തയും കേൾക്കും, ഇവനെക്കൂടി ഒന്ന് ശ്രദ്ദിക്കാൻ പറയണം അമ്മയോട് എന്റെ കൈ പിടിച്ചു മുത്തം നൽകി കൊണ്ട് ഉമേഷേട്ടനുനെരെ നേരെ അമ്മ പറഞ്ഞു.
എത്ര നിർബന്ധിച്ചിട്ടും ഉമേഷേട്ടൻ വട വാങ്ങാൻ സമ്മതിച്ചില്ല. ആശുപത്രിയിലെ അവസ്ഥ കണ്ടിട്ടായിരിക്കണം.
അമ്മക്കെന്തെങ്കിലും പാറ്റിയാൽ പിന്നെ ഞാൻ എങ്ങനെ ജീവിക്കും?
ഉമേഷേട്ടനെ തന്നെ ആ അമ്മ വീട് മുഴുവൻ ഓടിച്ചിട്ടു തല്ലുന്നത് ദിവസവും കാണുന്നതാണ് അത് കൊണ്ട് അവിടെ പോയാൽ ശരിയാവില്ല. സൈക്കിളിന്റെ പുറകിലിരുന്നു ചിന്തിച്ചത് മുഴുവൻ അമ്മയില്ലാതാവുന്നതിനെക്കുറിച്ചായിരുന്നു. വീടെത്തി ഇറങ്ങി ഉമേഷേട്ടന വിളിച്ചിട്ടും ഞാൻ മറുപടി പറയാതെ വീട്ടിലേക്കു കയറി.
അച്ഛൻ ഇനി ഇന്ന് വരുമെന്ന് തോന്നുന്നില്ല. പുറത്തു മഴ തകർത്ത് പെയ്യാനുള്ള തയ്യാറെടുപ്പിലാണ്. ഭയം തോന്നുന്നുണ്ട്, മിന്നലിൽ അച്ഛന്റെയും അമ്മയുടെയും കല്യാണ ഫോട്ടോ ഇടയ്ക്കിടെ കാണാം. പാടത്ത് നിന്നും കനത്ത കാറ്റ് വീടിന്റെ ഓലകളിളക്കി കടന്നു പോയി .
അമ്മക്കെന്തെങ്കിലും പാറ്റിയാൽ പിന്നെ ഞാൻ എങ്ങനെ ജീവിക്കും?
എത്ര ദിവസം ഓമന ചേച്ചി ഭക്ഷണം തരും... ആലോചിച്ചു ആലോചിച്ചു എപ്പോഴോ ഉറങ്ങിപ്പോയി.
മഴ കിടക്കപ്പായ മുഴുവൻ നനച്ചിരിക്കുന്നു, ചോർന്നൊലിച്ച വെള്ളം വീടിനകം മുഴുവൻ തളം കെട്ടി.
എണീറ്റ് അമ്മയുടെ താഴയെല്ലാം അട്ടിയിട്ടു മൂടി വച്ചു. ഉറങ്ങാൻ ഇനി പറ്റില്ല മഴ തകർത്ത് പെയ്യുകയാണ്. എണീറ്റ് വരാന്തയിൽ ഇരുന്നു. പുലര്ന്നിട്ടില്ല, മഴയും കാറ്റും പരസ്പരം ശക്തി തെളിയിക്കുകയാണ്. ഉമേഷേട്ടന്റെ വീട്ടില് ഒരു കൌങ്ങു മറിഞ്ഞു വീഴുന്നത് കണ്ടു. എന്റെ ഷർട്ടും നിക്കറും മുഴുവൻ നനഞ്ഞു. എന്നിട്ടും ഞാൻ ഏറെ ഭയമുള്ള ഇടിവെട്ടിനെയും മിന്നലിനെനെയും നേരെ നോക്കികൊണ്ട് ഞാൻ ദൂരെ പാടത്തേക്കു നോക്കി ഇരുന്നു...
നേരം ഒരു പാട് കഴിഞ്ഞു, മഴതൊർന്നു, ചോരുന്ന വെള്ളം തുള്ളി തുള്ളിയായി അപ്പോഴും എന്റെ പുറത്തു വീഴുന്നുണ്ട്, തലയുയർത്തി നടന്നിരുന്ന പപ്പുചെട്ടന്റെ പൂവൻ കോഴി വാല് മടക്കി വരാന്തയുടെ മൂലയിൽ പനിപിടിച്ചിരുന്നു. കൗങ്ങു കട പുഴകി വീണതിനു ഒമാനച്ചേച്ചി കുമാരച്ചേട്ടനെ പ്രാകി അലമുറയിട്ടു.
എന്റെ അമ്മ ഒരിക്കലും ഇത്ര ഉച്ചത്തിൽ സംസാരിക്കുന്നത് കേട്ടിട്ടില്ല,
അമ്മക്കെന്തെങ്കിലും പാറ്റിയാൽ പിന്നെ ഞാൻ എങ്ങനെ ജീവിക്കും?
കുറച്ചാളുകൾ അല്പം വേഗത്തിൽ അകലെ റോഡിലൂടെ വരുന്നത് കാണാം. ചുമലിൽ എന്തോ താങ്ങി പിടിച്ചുകൊണ്ടാണ് അവർ നടക്കുന്നത്. തെളിഞ്ഞു. അവർക് പുറകിലായി അച്ഛനെ പപ്പുചേട്ടൻ താങ്ങി പിടിച്ചിട്ടുണ്ട്.
അമ്മ എന്നെ വിട്ടു പോയിരിക്കുന്നു.
അലറി കരഞ്ഞു കൊണ്ട് ഞാൻ വഴിയിലേക്ക് ഓടി.
കണ്ണിൽ ഇരുട്ട് കയറി, ഇല്ല അമ്മ ഇല്ലാതെ തനിക്കു ജീവിക്കാൻ കഴിയില്ല...
സമാധാനമായിട്ടു പൊകാനനുവദിക്കതെ സ്ഫുടം ചെയ്യുന്നതിന് മുകളിലൂടെ മഴ വീണ്ടും പെയ്തു, വീണ കൌങ്ങിനു ഓമനചേച്ചി നന്ദി പറഞ്ഞു അത് മുറിച്ചു നാട്ടുകാർ അടക്കം ചെയ്യുന്നിടത്ത് മറ ഒരുക്കി.
കിടക്കാൻ സ്ഥലം ഇല്ലാത്തത് കൊണ്ട് ആരും വീട്ടിൽ നിന്നില്ല. വൈകുന്നേരം അച്ഛനും പപ്പുച്ചെട്ടനും ഉമ്മറത്തിരുന്നു ചാരായം കുടിച്ചു. പപ്പുച്ചെട്ടാൻ പോയതറിയാതെ അച്ഛൻ എന്തൊക്കെയോ പിച്ചും പേയും വിളിച്ചു പറഞ്ഞു കൊണ്ടിരുന്നു. അമ്മയോട് അത്ര സ്നേഹം ഒന്നും കാണിക്കുന്നത് ഇത് വരെ ഞാൻ കണ്ടിട്ടില്ലെങ്കിലും,
ഇല്ല അച്ഛനും, അമ്മ ഇല്ലാതെ ജീവിക്കാൻ കഴിയില്ല. എല്ലാം ശരി വച്ചു കൊണ്ട് അസ്ഥി എടുക്കുന്ന ദിവസം അച്ഛൻ കുമാരചെട്ടന്റെ വീട്ടിലെ മാവിൽ കെട്ടിതൂങ്ങി.
ഓമന ചേച്ചി വീണ്ടും പ്രാകി.
അതോടെ ഭക്ഷണവും നിലച്ചു, സ്കൂളിൽ പോക്ക് നിർത്തി, ഉണ്ടായിരുന്ന രണ്ടു ഷർട്ടും നിക്കറും സോപ്പും കല്ലുമില്ലാതെ തന്നെ പാടത്തിന്റെ നടുക്കുള്ള കുളത്തിൽ മുക്കിയെടുത്തു. ഇരുപതു രൂപ നനഞ്ഞു കുതിർന്നു. ആ പണത്തെ കുറിച്ച് മറന്നു പോയിരുന്നു. പൈസ കണ്ടതും ഉള്ളിലെ വിശപ്പ് പുറത്തേക്ക് ചാടി, ഉണക്കിയെടുക്കാൻ ഉച്ചവരെ സമയം എടുത്തു.
ഉണ്ണിബാലച്ചെട്ടന്റെ കുറച്ചു കൂടി അകലെ ആണെങ്കിൽ ഞാൻ വഴിയിൽ വീണു മരിച്ചേനെ അത്രയ്ക്ക് തളര്ന്നിരുന്നു.
രണ്ടു രൂപയ്ക്കു അവിലും ശർക്കരയും വാങ്ങി. വീട്ടിലെത്താൻ ക്ഷമയില്ലായിരുന്നു പാടത്തിന്റെ നടുവിലുള്ള കലുങ്കിൽ ഇരുന്നു അവിൽ പൊതി അഴിച്ചു ആര്ത്തിയോടെ കഴിച്ചു. ബാക്കിയുള്ള പതിനെട്ടു രൂപ കൂടെ കഴിഞ്ഞാൽ ഞാനെന്തു ചെയ്യും ? രൂപ കഴിയുന്ന ദിവസം അച്ഛൻ ചയ്ത പോലെ തൂങ്ങി ചത്താലോ ?
വിശപ്പ് അവിലും ശർക്കരയും മുഴുവനും വിഴുങ്ങി. വേറെ വഴിയില്ല ചാവുക തന്നെ, പക്ഷെ എങ്ങനെ ? പൊതിഞ്ഞു തന്ന കടലാസ് തോട്ടിലെക്കിടാൻ തുടങ്ങിയപ്പോഴാണ് അതിലെ ഒരു വാർത്ത കണ്ണിൽ പെട്ടു.
കടം മൂലം നാലംഗ കുടുംബം ആത്മഹത്യ ചെയതു.
എങ്ങനെയാണ് മരിച്ചതെന്ന് വായിച്ചു വന്നപ്പോഴേക്കും പേപ്പർ മുറിച്ചിടത്തു എത്തി. വേറെ ആരെങ്കിലും ഉണ്ണിബാലച്ചേട്ടന്റെ കടയിൽ എത്തുന്നതിനു മുൻപ് ഓടി ഒരു രൂപയ്ക്കു കൂടി അവിൽ വാങ്ങി, വാര്ത്ത മുഴുവനാക്കി, വിഷം കഴിച്ചാണ് മരിച്ചിരിക്കുന്നത്. വീട്ടിൽ വന്നു മുഴുവൻ സ്ഥലവും പരിശോധിച്ചു അവിടെ ഒരു വിഷവും കണ്ടില്ല ഉണ്ടായിരുന്നേൽ അച്ഛൻ തൂങ്ങിച്ചാവില്ലായിരുന്നിരിക്കണം.
അമ്മയുടെ അടക്കലിനു കൊണ്ട് വന്ന ചളി മഴയത്ത് കുതിര്ന്നു കിടന്നു. കുറച്ചെടുത്തു വരാന്തയിൽ വച്ചു അച്ഛന്റെയും അമ്മയുടെയും ഫോട്ടോ എടുത്തു വച്ചു അമ്മയുടെ രൂപം ഉണ്ടാക്കി. ഉണ്ടാക്കി ഇരുന്നപ്പോൾ രസം പിടിച്ചു അച്ഛന്റെയും രൂപം ഉണ്ടാക്കി. നടുക്കായി എന്റെയും എന്റെ മുഖചായ എന്താണെന്ന് മനസ്സിലാക്കാൻ ഫോട്ടോയും കണ്ണാടിയും ഉണ്ടായിരുന്നില്ല വീട്ടിൽ.
തരക്കേടില്ലല്ലോ നീ. നന്നായിട്ടുണ്ട്, ഉമേഷേട്ടൻ വരാന്തയിൽ വന്നിരുന്നു പറഞ്ഞു.
ആരാ നടുക്കിരിക്കുന്നത് ? നീയാ ?
അതെ.
അതിനു നീ ചാത്തിട്ടില്ലല്ലോ ? അല്പം തമാശയോടെ ഉമേഷേട്ടൻ പറഞ്ഞു.
ഞാൻ ചാവാൻ പോവല്ലേ അതാ ഉണ്ടാക്കി വക്കുന്നത്.
നീ ഒന്ന് മിണ്ടാതിരുന്നെ... ഞാൻ പോണു.
ഉമേഷേട്ടാ, വേദനയില്ലാതെ ചാവാൻ വല്ല വഴിയുമുണ്ടോ ?
പേടിയായിട്ടായിരിക്കണം തിരിഞ്ഞു നോക്കിയപ്പോൾ ഇരുന്നിടത്തു ഉമേഷേട്ടനെ കാണാനില്ല.
പിറ്റേ ദിവസം രാവിലെ നാലു രൂപക്ക് അവിൽ വാങ്ങി പൊതിയാനുള്ള പേപ്പർ ഞാൻ തന്നെ ഉണ്ണിബാലച്ചെട്ടനു എടുത്തു കൊടുത്തു.
ഒരു മുഴുവൻ പായ ചരമക്കോളം.
അവിൽ പാത്രത്തിലിട്ട് വച്ചു മുഴുവൻ വായിച്ചു. പലതും പേടിപ്പെടുത്തുന്നു. വായിച്ചാലറിയാം എല്ലാം വേദനിക്കുന്നതാണ്.
മരിക്കേണ്ട ദിവസം അടുത്തു തുടങ്ങി ഇനി പതിമൂന്നു രൂപയെ ഉള്ളു, അവിൽ ഇനിയും ബാക്കി. വേറെ എന്ത് വാങ്ങും.
ചോദിച്ചത് മാത്രമേ ഓർമ്മയുള്ളൂ. ചരമക്കോളം ചോദിച്ചതിനു ഉണ്ണിബാലച്ചെട്ടൻ ആട്ടി പുറത്താക്കി.
എങ്ങനെ എങ്കിലും വേദന എടുക്കാതെ മരിച്ചു അമ്മയുടെ അടുത്തെത്തണം തിരിച്ചു നടക്കവേ തീരുമാനം എടുത്തു.
അച്ഛന്റെ തുരുംപ് സൈക്കിൾ എടുത്തു. ആദ്യമായിട്ടാണ് വലിയ സൈക്കിൾ ചവിട്ടുന്നത് ഇടക്കാലിട്ടു ചവിട്ടി ചന്തയിലെത്തി. ഒരു രൂപയ്ക്കു പഴയ പത്രങ്ങൾ വാങ്ങി നാല് കിലോ കിട്ടി.
ചരമക്കൊളങ്ങളൊഴികെ ബാക്കി മുഴുവൻ വീടിനകത്തും പുറത്തുമായി പറന്നു നടന്നു. ആകെ പരിശോദനക്കിടയിൽ ഒന്ന് മനസ്സിലായി സയനൈഡ് എന്നൊരു സാദനം കഴിച്ചാൽ ഏറ്റവും പെട്ടന്ന് മരിക്കാം.
ഏതോ ഒരാൾ എഴുതിയ വിശധീകരണത്തിൽ നിന്നും അത് സ്വര്നപ്പനിക്കാരുടെ കയ്യിൽ മാത്രമേ ഉള്ളു എന്നും മനസ്സിലായി.
ചന്തയിൽ ഒരു തട്ടാനുണ്ട്. പപ്പുചെട്ടനെ കണ്ടു അവിടെ പണിക്കു കയറി തട്ടാനും മകനും മാത്രമാണ് അവിടെ പണിക്കുള്ളത്.
രൂപ അഞ്ചിലേക്ക് താന്നിരിക്കുന്നു ഇനിയും സയനൈഡ് കണ്ടുപിടിച്ചില്ലെങ്കിൽ എന്റെ കാര്യം പ്രശ്നമാകും.
വലിയ തട്ടാൻ പുറത്തുപോയപ്പോൾ അവശ്യം ബോധമില്ലാതെ മകനോട് തിരക്കി.
ഈ സയനൈഡ് എവിടെയാ ഇരിക്കുന്നത്.
അത് വീട്ടിലാ. മൂത്ത പണിക്കാർക്ക് മാത്രമേ അത് അച്ഛൻ കൊടുക്കു. ഞാനിതുവരെ അത് കണ്ടിട്ടില്ല. അച്ഛന്റെ കയ്യിലാ താക്കോൽ. സ്വർണ്ണപ്പണിയിൽ തീരെ താല്പര്യമില്ലാത്തവൻ വിളക്കികൊണ്ടിരിക്കുന്നത്തിൽ നിന്നും കണ്ണ് എടുക്കാതെ പറഞ്ഞു.
പിന്മാറാൻ തയാറായില്ല വലിയ തട്ടാൻ വന്നപ്പോൾ ചോദ്യം ഒന്ന് കൂടെ വ്യക്തമാക്കി.
എന്നാ എന്നെ സ്വർണമുരുക്കാൻ പഠിപ്പിക്കുന്നെ.
ഇന്നലെ പണിക്കു കയറിയതല്ലേ ഉള്ളു അപ്പോഴേക്കും മൂത്ത തട്ടനാവണോ നിനക്ക്, മം ?
മറുപടിയുടെ ശക്തിയിൽ വെളിച്ചെണ്ണ തേച്ചു ഒട്ടിച്ചു വച്ച നരച്ച നീണ്ട മുടി കഷണ്ടിയിൽനിന്നും ഊർന്നു ചെവിക്കു മുകളിൽ വീണു.
ഞാൻ വേഗം കഴുകാൻ തന്ന ഉപകരണങ്ങളിലേക്ക് തിരിഞ്ഞു.
ആര് വേഗം പണിയിൽ മിടുക്കനാകുന്നുവോ അവരെ ഞാൻ താക്കോൽ ഏൽപ്പിക്കും. മം, അതിപ്പോ നീയായാലും ന്റെ മോൻ ഇവനായാലും.
പതഞ്ഞു കൊണ്ടിരിക്കുന്ന സോപ്പ് കുമിളകളിൽ നോക്കി ഞാൻ മനസ്സറിഞ്ഞു ചിരിച്ചു. ആയിരം മുഖങ്ങൾ എന്നെ നോക്കിയും തിരിച്ചു ചിരിച്ചു.
തട്ടാന്റെ മകൻ മാത്രമേ മുന്നിലുള്ളൂ എത്ര കഷ്ടപ്പെട്ടിട്ടാണെങ്കിലും അവനെ മറികടന്നു പണി പഠിക്കണം.
എന്തായി തട്ടാനെ അമ്പലത്തിലെക്കൊരു വിഗ്രഹം സ്വർണം പൂശുന്ന കാര്യം പറഞ്ഞിട്ട്. മേൽശാന്തിയും സെക്രട്ടറിയും കടയിലേക്ക് കയറി.
അതിപ്പോ നല്ല വടിവൊത്ത ഗണപതി വിഗ്രഹം ഉണ്ടാക്കാൻ ഒരാളെ കിട്ടണ്ടേ ശാന്തി. ഇന്നലെയും പോയി ഞാൻ, അയാള് ബയങ്കര തിരക്കിലാ. ഞാൻ ഒന്ന് കൂടിപ്പോകാം.
ശരി ശരി. നാളെ ഒരു തീരുമാനം പറയു ഇല്ലേൽ വേറെ ആളെ നോക്കണം പ്രതിഷ്ട കഴിഞ്ഞിട്ട് വിഗ്രഹം വച്ചിട്ടു കാര്യമില്ലല്ലോ ? ഇറങ്ങിക്കൊണ്ട് അവർ പറഞ്ഞു.
വീട്ടിലേക്കുള്ള വഴിയിൽ ചിന്ത മുഴുവൻ ദൈവം കൊണ്ട് വന്ന അവസരം മുതലാക്കാനുള്ള ആവേശമായിരുന്നു. ചളിയെല്ലാം എടുത്തു വീടിനകത്തേക്ക് കയറി.
മുറി മുഴുവൻ ചെറുതും വലുതുമായ ഗണപതി ശില്പങ്ങളെ കൊണ്ട് നിറഞ്ഞു. വലിയ തട്ടാനെ പ്രീതിപ്പെടുത്തണം അത്രേ ഉള്ളു. വീണ്ടും ഉടച്ചും ചളി കുഴച്ചും ശില്പങ്ങൾ ഉണ്ടാക്കികൊണ്ടിരുന്നു, ഓരോന്ന് കഴിയുംതോറും ആവേശം കൂടി കൂടി വന്നു. ഇടയ്ക്കു ഒന്ന് അച്ഛനും അമ്മയും ചിരിച്ചോ എന്ന് തോന്നി,
ചിരിക്കണ്ട, ഇനി ഒരു രൂപ കൂടി ബാകിയുള്ളൂ അത് കഴിഞ്ഞാൽ ഞാനെന്തു ചെയ്യും, തട്ടാനാണെങ്കിൽ സയനൈടിൾ തൊടീക്കുന്നില്ല.
ഗണപതിയുടെ രൂപം നന്നായി വന്നിരിക്കുന്നു... നേരം പുലരാൻ നിന്നില്ല നേരെ വലിയതട്ടന്റെ വീട്ടിലേക്കു പോയി.
സൈക്കിളിൽ നിന്ന് വിഗ്രഹം എടുത്തു കാണിച്ചു.
ആഹാ... നീ ആള് കൊള്ളാലോ നന്നായിട്ടുണ്ടല്ലോടാ... വാ വാ കേറി ഇരിക്ക്....
മാധവീ ഒരു ചായ കൂടി എടുത്തോളുട്ടാ... എന്ന് പറഞ്ഞു അകത്തേക്ക് കയറി...
ചായയും കുടിച്ചു താക്കോലിട്ടു പൂട്ടിയ മുറിയുടെ അടുത്തു ചെന്ന് നിന്ന് നോക്കി.. ഇതായിരിക്കണം സയനൈഡ് വച്ചിരിക്കുന്ന മുറി.
വാ വാ അവിടെ അധികം കളി വേണ്ടാ... നമുക്കൊന്ന് അമ്പലം വരെ പോയി വരാം...
സൈക്കിളിവിടെ ഇരിക്കട്ടെ രാജൻ കൊണ്ടുവന്നോളും. നീ ആ വിഗ്രഹവുമെടുത്തു പുറകില കയറിക്കോളു.
തട്ടാന്റെ ലൂണയിൽ കയറി അംബലത്തിലെത്തി...
ഇവനെ കൊണ്ടുണ്ടാക്കിക്കാം ശാന്തി... പയ്യനാണ് അതിന്റെ ശുദ്ധിയുണ്ടാകും, പിന്നെ ഞാൻ ഒരു മേൽനോട്ടം നടത്തുകേം ചെയ്യാം, എല്ലാം ഉറപ്പിച്ച പോലെ വലിയ തട്ടാൻ പറഞ്ഞു....
അന്ന് വൈകുന്നേരം തന്നെ എനിക്ക് കിടക്കാൻ ഒരു സ്ഥലവും അവിടെ തന്നെ വിഗ്രഹം ഉണ്ടാക്കാനുള്ള ഒരു ചായ്പ്പും കളിമണ്ണും എല്ലാം എത്തിച്ചു തന്നു. ഒപ്പം സിദ്ധിവിനയക ക്ഷേത്രത്തിൽ നിന്നും പൂജിച്ച ഒരു കൊച്ചു ഗണപതി വിഗ്രഹവും. ഇത് നോക്കി ഉണ്ടാക്കിയാൽ മതി ഇതിന്റെ വലിയ രൂപമാണ് അവിടെ ഇരിക്കുന്നത്.
ഇറങ്ങുമ്പോൾ വലിയതട്ടാൻ പറഞ്ഞു...
അപ്പൊ എന്നെ സ്വർണ്ണം ഉരുക്കാൻ പടിപ്പിക്കില്ലേ ?
മം മം... പിന്നെ ഇത് നാളെ കാലത്തേക്ക് തീര്ക്കുക ഒന്നും വേണ്ട കേട്ടോ... സമയമെടുത്തു ചെയ്‌താൽ മതി, ചിരിച്ചു കൊണ്ട് തട്ടാൻ പറഞ്ഞു.
ഒരാഴ്ച്ച എങ്ങും പോയില്ല ഭക്ഷണവും ഉറക്കവും അവിടെത്തന്നെ.
തട്ടാന്റെ മകന്റെ പ്രധാന പണി ഇപ്പോൾ എനിക്ക് നേര നേരത്തിനു ഭക്ഷണം കൊണ്ട് തരുക എന്നുള്ളതാണ്.
രണ്ടടി ഉയരത്തിലുള്ള ഗണപതി വിഗ്രഹം ഉണ്ടാക്കി...
ശാന്തിയും സെക്രട്ടറിയും തട്ടാന്റെ കൂടെ കാണാൻ വന്നു.
വിനയക ക്ഷേത്രത്തിൽ നിന്ന് കൊണ്ട് വന്നതിനേക്കാൾ നന്നായിരിക്കുന്നു ശാന്തിയുടെ അഭിപ്രായത്തെ സെക്രട്ടറിയും ശരിവച്ചു.
എങ്കിൽ ഒരാഴ്ച കഴിഞ്ഞാൽ ചുട്ടെടുത്തു സ്വര്ണ്ണം പൂശാം...
മനസ്സിൽ സ്വർണ നിറത്തിൽ സൂര്യൻ ഉദിച്ചു വന്നു അവര്ക്ക് നടുവില അച്ഛനും അമ്മയും ശിവപാർവതിമാരെപോലെ പ്രഭയോടെനിന്ന് എന്നെ മാടിവിളിച്ചു. വരാം എന്ന ഭാവത്തിൽ ഞാൻ തല കുലുക്കി.
നന്നായി വരട്ടെ എന്ന് പറഞ്ഞു ശാന്തി എന്റെ തലയിൽ തൊട്ടു അനുഗ്രഹിച്ചു.
ഞാനും താട്ടാനും കൂടി വിഗ്രഹം ചുട്ടെടുത്തു.
നാളെ നേരത്തെ കുളിച്ചു വീട്ടിലീക്ക് വന്നോളു ബാസ്കരാ. സ്വർണം പൂശിത്തുടങ്ങാം.
നന്നായി ഉറങ്ങി. കുളിച്ചു അമ്പലത്തിൽ പോയി അച്ഛനോടും അമ്മയോടും ഉടൻ വരാം എന്ന് പറഞ്ഞു പ്രാർഥിച്ചു അൻപതു പൈസ ബാക്കി ഉണ്ട്, അത് ബണ്ടാരത്തിൽ ഇട്ടു തട്ടാന്റെ വീട്ടിലേക്കു നടന്നു.
തട്ടാന്റെ വീട്ടില് ശാന്തി പൂജതുടങ്ങി. കുറച്ചു ഭക്തരും സെക്രട്ടരിയോടൊപ്പം പറംബിൽ നിൽക്കുന്നുണ്ട്.
ആ വാ വാ. ആ മുണ്ടും തോര്ത്തും എടുത്തുടുത്തു വന്നോളു, ഉമ്മറത്ത് പൊതിഞ്ഞു വച്ചിരിക്കുന്ന പോതിയിലേക്ക് ചൂണ്ടി തട്ടാൻ പറഞ്ഞു.
പുതു വസ്ത്രത്തിന്റെ മണം കുറേക്കാലങ്ങൾക്കു ശേഷം അറിഞ്ഞു.
തട്ടാൻ വന്നു നെറ്റിയിൽ ഭസ്മവും ചന്ദനവും ചാർത്തി കൊണ്ട് സെക്രട്ടറിയോട് പറഞ്ഞു. "കൊടുത്തോളു"
ഒരു കടലാസ് പൊതി, രണ്ടു തുളസിയിലയോടൊപ്പം കയ്യിൽ വച്ചു തന്നു. മുന്നൂറു രൂപ! ശരീരം ചുട്ടു പൊള്ളുന്ന പോലെ തോന്നി കയ്യിലിരിക്കുന്ന പൊതി എനിക്ക് തെളിഞ്ഞു കാണാൻ വയ്യാതായി. കണ്‍പോളകളിൽ സങ്കടം പുറത്തോട്ടൊഴുകാതെ തളംകെട്ടി നിന്നു ഇത്രയും രൂപ ഉണ്ടായിരുന്നെങ്കിൽ ഒരു പക്ഷെ അമ്മയെ രക്ഷിക്കാൻ കഴിഞ്ഞേനെ. തട്ടാൻ വന്നുകെട്ടിപ്പിടിച്ചു കൊണ്ടുപറഞ്ഞു. വാ സ്വർണം ഉരുക്കാൻ പഠിക്കണ്ടേ. കണ്ണ് തുടച്ചു ഉറച്ച ചുവടുകളോടെ ഞാൻ തട്ടാനോപ്പം വീടിനകത്തേക്ക് കയറി.
ഒരു കാർ വന്നു മുറ്റത്തു നിന്നു.
തട്ടാൻ വിഗ്രഹം ഉണ്ടാക്കാൻ വേണ്ടി പുറകെ നടന്ന ശില്പി വന്നിരിക്കുന്നു.
മം, എന്ത് വേണം ? തട്ടാന്റെ സ്വരം കടുത്തതായിരുന്നു, ശാന്തി പൂജ നിർത്തി.
തട്ടാനെ ഒരു പയ്യനുണ്ടെന്നു കേട്ടു. മൈസൂരൊരു അമ്പലത്തിന്റെ വലിയ പണി വന്നിട്ടുണ്ട് ആളെ ഒന്ന് കിട്ടിയാൽ വലിയ സഹായം ആകുമായിരുന്നു.
എന്റെ കണ്ണ് നീര് വറ്റിയില്ലാതായി, അപകടം. തട്ടാൻ പോകാൻ പറഞ്ഞാൽ പോകേണ്ടി വരും. കണ്ണടച്ചു സകല ദൈവങ്ങളെയും പ്രാർഥിച്ചു.
അസ്ത്രം കണക്കെ ഒരു നോട്ടം മാത്രം മറുപടി കൊടുത്ത് തട്ടാൻ താഴ് തുറന്നു എന്നെയും കൂട്ടി അകത്തു കയറി.
നില വിളക്കിൽ തിരിതെളിയിച്ചു. വെളിച്ചത്തിൽ തട്ടാന്റെ മുഖം ദൈവത്തെപ്പോലെ സ്വർണ്ണനിറത്തിൽ തിളങ്ങി.
വാത്സല്യത്തോടെ ചിരിച്ചു.
നിനക്ക് പോണോ ? ചോദ്യം പെട്ടന്നായിരുന്നു.
തൊള്കൊണ്ട് ഞാൻ വേണ്ടാ എന്ന് മറുപടി പറഞ്ഞു. എനിക്ക് സ്വർണ്ണമുരുക്കാൻ പഠിക്കണം.
ജനലുകൾ ഇല്ലാത്ത ആ അടച്ചിട്ടമുറിയിൽ തട്ടാന്റെ പൊട്ടിചിരികേട്ട് ചുമരുകൾ കൂടെച്ചിരിച്ചു.
എടാ, മണ്ടാ... ഈ സ്വര്ണം പൂശലിലോന്നും ഒരു കാര്യവുമില്ല. വലിയ വലിയ ശിൽപികൾ ഉണ്ടാക്കുന്ന സൃഷ്ടികളിൽ വൃത്തിയായി പെയിന്റടിക്കുന്ന പണിയെ എനിക്കൊള്ളു. പുറത്തു നിന്നെ കാത്തു നിൽക്കുന്നത് വലിയ ഒരു അവസരമാണ്. അത് പാഴാക്കണ്ട. പൊക്കൊ. ഒരു കൊച്ചു സ്വർണ്ണനാണയം മോന്നൂര് രൂപയുടെ മുകളിൽ വച്ച് തന്നു.
തട്ടാൻ എന്നെയും കൊണ്ട് പുറത്തേക്കിറങ്ങി ആരും പരസ്പരം മിണ്ടുന്നില്ല, ശാന്തി ശില്പിയെയും തട്ടാനെയും മാറി മാറി നോക്കി.
തട്ടാൻ ഡോർ തുറന്നു എന്നെ അതിലിരുത്തി, ശില്പി എന്നെയും കൊണ്ട് യാത്രയായി. ചന്തയും, കവലയും, പാടവും, അശോകച്ചെട്ടനും ഉമേഷേട്ടനും, എല്ലാവരും പുറകിലേക്ക് മാഞ്ഞു മാഞ്ഞു പോയി.
കാലം കടന്നു പോയി, ചെയ്തതെല്ലാം വാനോളം പുകഴ്പെട്ടു. പണം പ്രശസ്തി അംഗീകാരങ്ങൾ. എല്ലാത്തിനുമിടയിൽ സയനൈഡിനും മരണത്തിനും യാതൊരു പ്രസക്തിയുമില്ലാതായി, അതെക്കുറിച്ചു ഓർക്കാൻ കൂടി സമയം ഇല്ലാതായി.
ഉത്തർ പ്രദേശിൽ ഒരു അംബലത്തിന്റെ പണി നടക്കുന്നതിനിടയിൽ തട്ടാന്റെ മകൻ രാജന്റെ ഒരു കത്ത് വന്നു.
വലിയ തട്ടാൻ മരണപ്പെട്ടിരിക്കുന്നു.
പോകണം, താൻ ഇത് മുഴുവൻ ഉണ്ടാക്കിയതിനു കാരണക്കാരനായ ആളാണ്. അമ്മയോടും അച്ഛനോടുമോപ്പം കാണെണ്ടയാൾ.
നാട്ടിലേക്ക് തിരിച്ചു. ചടങ്ങുകൾ എല്ലാം കഴിഞ്ഞിരുന്നു. വീടിനു പുറകില അല്പം മാറിനിന്നു ഒരു സിഗരറ്റിനു തിരി കൊടുത്തു. തട്ടാന്റെ ഭാര്യ നിര കണ്ണുകളോടെ ഒരു എഴുത്തും താക്കോലും കയീൽ തന്നു.
എഴുത്തിൽ സ്വർണമുരുക്കാനുള്ള വിദ്യ. ഒപ്പം താക്കോലും.
മുറിതുറന്ന് അൽപ നേരം തട്ടാനു വേണ്ടി പ്രാർധിച്ചു.
വീടിനു നേരെ ലക്ഷ്യമാക്കി നടന്നു. മഴ ചെറുതായി ചാറുന്നുണ്ട്. കുറേക്കാലത്തിനു ശേഷം നാട്ടിൽ വരുന്നതിന്റെ ഒരു സുഖമുണ്ട്. പാടത്തിന്റെ നടുക്കെത്തിയപ്പോൾ ചെറിയൊരു ഇരുചക്രവാഹനത്തിൽ രണ്ടുകുട്ടികലുമടങ്ങുന്ന ഒരു കുടുംബത്തെയും കൂട്ടി ബുദ്ധിമുട്ടി വന്നു നിറുത്തി.
വർത്തമാനത്തിലെ വെപ്രാളത്തിൽ നിന്നും വലതു വശത്തെ ഇടം പല്ലു മീശ മൂടത്തത് കണ്ടപ്പോൾ ആളെ പിടികിട്ടി. ഉമേഷേട്ടൻ.
ഡാ... നീ എപ്പോ എത്തി. തട്ടാൻ മരിച്ചിട്ട് വന്നതാ ? എടീ നീ ഇവരേം കൊണ്ട് നടന്നോ ഞാൻ പിന്നെ വരാം...
ആ സ്ത്രീ കുട്ടികളേം എടുത്തു നടന്നു കയറ്റം കയറി.
ഒരു മാസം ഞാൻ ഇവിടെ ഉണ്ട് ഒരു വാടക വീട് വേണം.
പാടത്തിന്റെ അങ്ങേ അറ്റത്തു ഏതോ വലിയ വില്ലകൽ വന്നിരിക്കുന്നു അതിൽ ഒന്ന് വാടകയ്ക്ക് ശരിയാക്കി.
ഉമേഷേട്ടൻ എന്തൊക്കെയോ പറഞ്ഞു കൊണ്ടിരുന്നു ആരൊക്കെയോ മരിച്ചതോ ജനിച്ചതോ, ഞാനൊന്നും കേള്ക്കുന്നില്ലെന്നു മനസ്സിലായപ്പോൾ നാളെ കാണാം എന്ന് പറഞ്ഞു ഉമേഷേട്ടൻ ഇറങ്ങി.
തട്ടാന്റെ വീട്ടില് നിന്നും കൊണ്ട് വന്ന ഭക്ഷണം ഇപ്പോഴും മേശപ്പുറത്തു ഇരിക്കുകയാണ്.
ഉറങ്ങാൻ കഴിയുന്നതേയില്ല.
നാട്ടിൽ വന്നതും ഓർമ്മകൾ എല്ലാം തികട്ടി വരാൻ തുടങ്ങി. അമ്മ മരിച്ചതും അച്ഛൻ തൂങ്ങിയതും. മരിക്കാൻ വേണ്ടി ഞാൻ ചരമക്കൊളങ്ങൾ വാങ്ങിക്കൂട്ടിയതുമെല്ലാം.
അവസാനത്തെ സിഗരട്റ്റും എടുത്തു മുറ്റത്തേക്കിറങ്ങി. വലിച്ചു കൊണ്ട് നിക്കവേ പത്രക്കാരാൻ വന്നു പത്രം നല്കി അടുത്ത വില്ലകളിലേക്ക് പോയി. അറിയാതെ തന്നെ ആദ്യം തുറന്നത് ചരമക്കോളം ആയിരുന്നു, തട്ടാന്റെ അടിയന്തിര കർമങ്ങളെക്കുറിച്ചു കൊടുത്തിട്ടുണ്ട്.
ചരമക്കോളം. ചെറുപ്പത്തിന്റെ, ഒറ്റപ്പെടലിന്റെ, വിശപ്പിന്റെ എല്ലാം ചിന്ത മരിക്കുക എങ്ങിനെയെങ്കിലും.
ഒരു പക്ഷെ ഇപ്പോഴും ആരെങ്കിലും അങ്ങനെ ഒക്കെ ഇല്ലെന്നാരുകണ്ടു, ഒരു പക്ഷെ ഉമേഷേട്ടന്റെ കുട്ടികൾ ? അല്ലെങ്കിൽ താനറിയാത്ത മറ്റേതെങ്കിലും കുട്ടികൾ ഈ ചരമക്കൊളത്തിനു വേണ്ടി കാത്തിരിക്കുന്നുണ്ടെങ്കിലോ ?
തിരിച്ചു വന്ന പത്രക്കാരനെ പിടിച്ചു നിർത്തി. നാളെ മുതാൽ താൻ ഇടുന്ന പത്രത്തിലെ ചരമക്കൊളങ്ങൾ എല്ലാം എനിക്ക് വേണം. ഇവിടെ വേണ്ട ഞാൻ കയറ്റത്തു വരാം. ചരമക്കോളം മാത്രമല്ല പൈസ തന്നാൽ പാത്രക്കട വരെ സാറിനു തരാമെന്നു പറഞ്ഞു അയാൾ ഗേറ്റ് കടന്നുപോയി.
നാളെ ഞാൻ തിരിക്കുകയാണ് കഴിഞ്ഞ ഒരു മാസമായ് ഈ ഗ്രാമത്തിൽ ആരും ചരമക്കോളം വായിച്ചിട്ടില്ല. കുറച്ചു പൈസ രാവിലെ പത്രക്കാരന് കയ്യില കൊടുക്കണം ഒരു കൊല്ലം ചരമക്കോളം ഇടാതിരിക്കാൻ.
നിലാവിൽ പപ്പുച്ചെട്ടാൻ സൃഷ്ടിച്ച പുക റോഡു അപ്പോഴും അനക്കമില്ലാതെ അന്തരീക്ഷത്തിൽ തങ്ങി നില്ക്കുന്നുണ്ടായിരുന്നു