ഉണ്ണിക്കുട്ടനും ചിലത് പറയാനുണ്ട്
മാഷും, ടീച്ചറും, അച്ഛനുമമ്മയും പറയുന്നത് എല്ലാം ശരിയാണോ? ഉണ്ണിക്കുട്ടൻ എപ്പോഴും ആലോചിക്കുന്നതാണ് ഇക്കാര്യം. മുഖത്തുനോക്കി ചോദിക്കണമെന്നുണ്ട്, പല കാരണങ്ങൾ കൊണ്ടും വേണ്ടെന്ന് വച്ചതാണ്. ഇവർക്കാർക്കും എന്നെ ഇഷ്ടമല്ല, പഠിക്കാത്തത് തന്നെ കാരണം, പഠിച്ചിട്ടെന്താവാനാ? അച്ഛൻ ഒരുപാട് പഠിച്ച് എഞ്ചിനീയർ ആയി, എന്നിട്ട് എന്തായി? ഇവിടെ ഒന്നും സംഭവിച്ചില്ല, അമ്മ ടീച്ചർ ആണ്, നല്ല കാര്യം.
എട്ടാം ക്ലാസിലെ എത്തിയുള്ളൂ എങ്കിലും ഉണ്ണിക്കുട്ടന് ഇപ്പോൾ തന്നെ എല്ലാം മടുത്തു. ഈ (a+b)2 ഉം Cos ,Sin ഉം ഒക്കെ എന്തിനാ നമ്മൾ പഠിക്കുന്നത്? ബാലേട്ടന്റെ കടയിൽ പോയി സാധനം മേടിക്കാൻ കൂട്ടലും, കിഴിക്കലും പഠിച്ചാൽ പോരേ? പ്രായോഗിക ജീവിത ത്തിൽ ആരെങ്കിലും (a+b)2 വച്ച് കണക്ക് കൂട്ടുന്നത് ഉണ്ണി ക്കുട്ടൻ ഇന്നേവരെ കണ്ടിട്ടില്ല. കണക്ക് മാഷ് ക്ലാസിൽ വരുമ്പോളെ മനസിന് ആധിയാണ്. ആരോട് ചോദ്യം ചോദിച്ചില്ലെങ്കി ലും മാഷ് എന്നെ വിടില്ല. അച്ഛന്റെ അടുത്ത സുഹൃത്താണ് മാഷ്. പ്രത്യേക ശ്രദ്ധവേണമെന്ന് അച്ഛൻ പറഞ്ഞേൽപ്പിച്ചിരിക്കുന്നു, എന്റെ വിധി അല്ലാതെ എന്തു പറയാൻ? ഹരിദാസ് (a+b)2 ഈസ് ഈക്വൽ ടു? ഹരിദാസ് അതാണ് ഉണ്ണിക്കുട്ടന്റെ ശരിയായ പേര്, എഴുനേറ്റ് നിന്നു, പഠിച്ചിരുന്നു പക്ഷെ ഒക്കെ മറന്നു പോയി എന്ന ഭാവത്തിൽ മാഷെ നോക്കി ഒരു നിൽപ് നിൽക്കും. മാഷ് കുറെ ശകാരിക്കും, ചിലപ്പോൾ ചെവിയിൽ നുള്ളും, അത് കഴിഞ്ഞാൽ ഇരുന്നോളാൻ പറയും, ചിലപ്പോൾ ഇമ്പോസിഷനും കാണും. മടുത്തു, എല്ലാം മടുത്തു.
SSLC ഭയങ്കര സംഭവമാണത്രേ, അതിൽ നല്ല മാർക്ക് ഉണ്ടെങ്കിലെ പ്ലസ് വണ്ണിന് സയൻസ് ഗ്രൂപ്പ് എടുത്ത് പഠിക്കാൻ പറ്റുള്ളൂ. ആർക്ക് വേണം സയൻസ് ഗ്രൂപ്പ്? ഈ വിദ്യാഭ്യാസ രീതിയോട് യോജിച്ചു പോകാൻ ഒന്നാം ക്ലാസ് മുതലേ ഉണ്ണിക്കുട്ടന് കഴിഞ്ഞിരുന്നില്ല. ആനയോടും, മാനിനോടും, കുരങ്ങനോടും മരം കേറാൻ പറയുന്നു, മരം കേറാൻ കഴിവുള്ള കുരങ്ങൻ ഭയങ്കരൻ, അല്ലാത്തവർ ഒന്നിനും കൊല്ലാത്തവർ, ആനയുടെയും മാനിന്റെയും കഴിവുകൾ വേർതിരിച്ച് കണ്ട് പ്രോത്സാഹിപ്പിക്കാൻ ഇവിടെ ഒരു വിദ്യാഭ്യാസ രീതിയോ, അതിന് മനസുള്ളവരോ ഇല്ല, ഉണ്ണിക്കുട്ടൻ ഇതിനെല്ലാം എതിരാണ്, മനസ് കൊണ്ട് ഓരോ നിമിഷവും പ്രതിഷേധിക്കുന്നു.
വീണപൂവിന്റെ നിരൂപണ ത്തിൽ കുമാരനാശാൻ മനസ്സിൽ പോലും വിചാരിക്കാത്ത കാര്യങ്ങൾ ആണ് മലയാളം മാഷ് പറയുന്നത്. കവി അങ്ങനെ ഉദേശിച്ചിരിക്കുന്നു, ഇങ്ങനെയാണ് കവിയുടെ മനസ്സിൽ, എന്നിങ്ങനെ പോകുന്നു നിരീക്ഷണങൾ. വീണപൂവ് എഴുതി എന്നലാതെ ഇത്രതോളമോന്നും കുമാരനാശാൻ ഓർത്തു കാണില്ല എന്നതാണ് ഉണ്ണിക്കുട്ടന്റെ പക്ഷം. വീട്ടിലെത്തി വല്ല കാർട്ടൂണോ സിനിമയോ കാണാമെന്ന് വച്ചാൽ അമ്മ സമ്മതിക്കില്ല.പഠിക്കേണ്ട സമയം ആണത്രേ.
ജീവിതത്തിൽ ആരായിത്തിരണമെന്ന ചോദ്യത്തിന് ഉണ്ണിക്കുട്ടന് ഓരോകാലത്തും ഓരോ ഉത്തരമായിരുന്നു. സ്കൂളിൽ അത്ഭുതങ്ങൾ കാണിച്ച മജീഷ്യനോട് ഒരു ആരാധനതോന്നി, അന്ന് മജീഷ്യൻ ആവാൻ മോഹിച്ചു. പിന്നെ കുറെ നാൾ പോലീസ് ആവാൻ ആഗ്രഹിച്ചു, ഓട്ടോ ഡ്രൈവർ ആവാനും പൈലറ്റ് ആവാനും ആഗ്രഹിച്ചു. അങ്ങനെ എന്നും മാറി മറിഞ്ഞുകൊണ്ടിരികുന്നതായിരുന്നു ഉണ്ണിക്കുട്ടന്റെ സ്വപ്നങ്ങൾ.
സ്കൂളിൽ ഓരോ വിഷയങ്ങൾ പഠിപ്പിക്കാൻ ഓരോ ടീച്ചർമാരാണ്, എല്ലാ വിഷയവും ഒരു ടീച്ചർക്ക് പഠിപ്പിക്കാൻ കഴിയുന്നില്ലെങ്കിൽ കുട്ടിയായ ഉണ്ണിക്കുട്ടന് അതെങ്ങനെ എല്ലാ വിഷയവും ഒരുമിച്ച് പഠിക്കാൻ കഴിയും, ഇവിടെ ആർക്കും ഉണ്ണിക്കുട്ടന്റെ അത്ര ബുദ്ധിയില്ല, ഉണ്ണിക്കുട്ടന് തന്നെപ്പറ്റി അഭിമാനം തോന്നി. ഒരുനാൾ എല്ലാവരെക്കാളും മുകളിൽ ഞാനെത്തും. ഉണ്ണിക്കുട്ടനായിരുന്നു ശരി എന്ന്, അന്ന് എല്ലാരും പറയും.