മതമില്ലാത്ത കള്ളൻ
ആളുകൾ പള്ളിക്കുമുന്നിൽ തടിച്ചു കൂടി എല്ലാവരുടേയും മുഖത്ത് പിരിമുറുക്കം ,പള്ളിയിൽ കള്ളൻ കേറി. പള്ളിക്കവലയിൽ നിന്ന് ചിലർ കണക്കു കൂട്ടുന്നു, എന്നാലും വഞ്ചിയിൽ എത്ര രൂപ ഉണ്ടായിരിന്നിരിക്കും?
ചില്ലറ തുട്ടുകൾ അവിടവിടെ ചിതറി കിടക്കുന്നു.
ചായക്കടയിൽ നല്ല തിരക്ക്, ചായ കടക്കാരന് ചർച്ചയിൽ പങ്കുചേരാൻ കഴിയുന്നില്ലെങ്കിലും, അയാൾ ചെവി കൂർപ്പിച്ചു ന്യൂസ് പിടിക്കുന്നുണ്ട്. പോലീസിന്റെ വരവിനായി എല്ലാവരും കാത്തുനിന്നു .
"എന്നാലും ആരായിരിക്കും കള്ളൻ?"
"ഒരു കാര്യം ഉറപ്പാ, ഒരു ക്രിസ്ത്യാനിക്കള്ളനും സ്വന്തം പള്ളിയിൽ കേറി മോഷ്ടിക്കില്ല". ഒരു കൂട്ടർ ഉറപ്പിച്ചു.
"എന്തായിരിക്കും അവന്റെ ഉദ്ദേശം?"
പള്ളിയിൽ കേറിയവനെ അങ്ങനെ വിട്ടാൽ പറ്റില്ല . ചിലർ ആക്രോശിച്ചു.
ഉച്ചയ്ക്ക് കള്ളൻ കൂട്ടുകാരനെ ഫോണിൽ വിളിച്ചു.
"ഡാ …എന്താടാ നാട്ടിൽ വിശേഷം?"
"വിശേഷം നിനക്ക് അറിയില്ലേ? നാട്ടിലിപ്പോൾ ആളുകൾ കള്ളന്റെ ജാതിയും മതവും തിരഞ്ഞു നടക്കുവാ".
"ഡാ, നിനക്കറിയാമല്ലോ ജാതിയും മതവും നോക്കിയാണോടാ നമ്മൾ കള്ളന്മാർ മോഷ്‌ടിക്കുന്നത്?"
"അല്ലെങ്കിൽ തന്നെ പണത്തിനെവിടെ ജാതിയും, മതവും? വിശപ്പ് കൊന്തയണിഞ്ഞാണോ നടക്കുന്നത്? എന്റെ മക്കളിടുന്ന കീറയുടുപ്പ് കാവിയോ കറുപ്പോ പച്ചയോ? അയാൾ ദീർഘ ശ്വാസം വിട്ടു.
കള്ളന് വൈകിട്ടു ചായ കുടിക്കാൻ പുറത്തിറങ്ങാൻ തോന്നിയില്ല. നാട്ടിൽ സംഘർഷത്തിന്റയും, സംശയത്തിന്റയും കാർമേഘങ്ങൾ ഉരുണ്ടുകൂടുന്നത് അയാൾ മനസ്സിലാക്കി. അയാൾ അസ്വസ്ഥനായി. കാര്യങ്ങൾ സങ്കീർണ്ണമാകുകയാണ്. കാലം മാറിയത് അറിയാതെയാണ് താൻ മോഷണം നടത്തിയതെന്നു അയാൾ തിരിച്ചറിഞ്ഞു. അടിയന്തിരമായി എന്തെങ്കിലും ചെയ്‌യണം .ഈ കലാപഭൂമിയിൽ കള്ളനായ തനിക്കു ജീവിക്കാൻ കഴിയില്ല. പ്രതിസന്ധിയിലായ മതേതരത്വത്തെ സംരക്ഷിക്കുന്നത് ആരായിരിക്കും? അയാൾ പ്രതീക്ഷയോടെ കാത്തിരുന്നു. എന്നാൽ ആരും മുന്നോട്ട് വന്നില്ല.
പിറ്റേന്ന് നേരം പുലർന്നത്, ഞെട്ടിക്കുന്ന മറ്റൊരു വാർത്തയുമായാണ്. അമ്പലത്തിലെ വഞ്ചി കുത്തിത്തുറന്നിട്ടിരിക്കുന്നു. നാട്ടുകാർ വട്ടം കൂടിനിന്നു ചർച്ചചെയ്തു. അവർ ഒരുമിച്ചൊരു തീരുമാനത്തിലെത്തി. ഈ കള്ളൻ ഒരു ഭയങ്കരൻ തന്നെ.
"എന്നാലും അവനു രണ്ടെടത്തും കൂടെ എത്ര രൂപ കിട്ടി കാണും? ഇവൻ വഞ്ചി മാത്രം കുത്തി തുറക്കുന്ന കള്ളനായിരിക്കും". അവർ ഉറപ്പിച്ചു.
"അവൻ നമ്മുടെ നാട്ടുകാരനായിരിക്കില്ല…….!"
ആളുകൾ ഇരുകൂട്ടമായി പിരിഞ്ഞു. നിരത്തിന്റെ ഇരുപുറവുമായി അവർ സംഘടിച്ച് നിന്നു.
"നമ്മുടെ ജാതിക്കാരനാണെങ്കിൽ നമ്മുടെ വഞ്ചിയിൽ നിന്ന് അവൻ മോഷ്ടിക്കില്ല". അവർ അടക്കം പറഞ്ഞു.
കള്ളൻ തൻറെ കൂട്ടുകാരനെ ഫോൺ വിളിച്ചു. അയാൾ എടുത്തില്ല ,
"ഇവൻ എന്തരാള് ….?"
കള്ളന്റെ മനസ്സ് വല്ലാതെ അസ്സ്വസ്ഥമായിരുന്നു. ഉറക്കം വരാതെ അയാൾ വീട്ടിൽ തലങ്ങും വിലങ്ങും നടന്നു. ഒടുവിൽ അയാൾ വീണ്ടും പള്ളിമതിൽ ചാടിക്കടന്നു ശ്മശാനത്തിന്നരുകിലെത്തി. മിന്നാമിനുങ്ങുകൾക്ക് ഇടയിലൂട അയാൾ ഇലയനക്കം കേൾപ്പിക്കാതെ നടന്നു. ആ സ്ഥലം അയാൾക്ക് പരിചിതമായിരുന്നു. ശവക്കല്ലറക്കുമുകളിൽ അയാൾ മലർന്നു കിടന്ന് ആകാശത്തേയ്ക്ക് നോക്കി, രാക്ഷസരൂപമുള്ള മേഘങ്ങൾ ദൂരേയ്ക്ക് ഒഴുകി പോകുന്നു, നക്ഷത്രങ്ങൾ ഉല്ലസിച്ചുചിരിക്കുന്നു.
അയാൾ ആലോചിച്ചു. മതേതരത്വം അതെന്തായിരുന്നു...
അയാളുടെ ശരീരത്തിന്റെ ഭാരം താനെ കുറഞ്ഞു വന്നു. ആവിയായി, പിന്നെ ഘനീഭവിച്ചു മഞ്ഞു തുള്ളിയായി കല്ലറയ്ക്കു മുകളിൽ പറ്റിച്ചേർന്നുകിടന്നു....
പുറത്ത് കവലയിൽ ആംബുലൻസുകളുടെ സൈറൺ ഉയർന്നുകേൾക്കായി.