വേനലിന്റെ വരവും കാത്ത്
വേനൽകാലങ്ങളിൽ തുരുമ്പിച്ച ജനാലക്കമ്പികൾക്കിടയിലൂടെ തന്റെ അച്ഛൻ നടന്നകന്ന പാടവരമ്പിലേക്കു കണ്ണും നട്ടിരിക്കുന്നത്‍്‍് അവൾക്കൊരു പതിവായിരുന്നു. നന്ദിനി അവസാനമായി അച്ഛനെ കാണുന്നത്‍് അവൾക്ക് ആറുവയസ്സുള്ളപ്പോഴാണ്. ജോലിക്കെന്നും പറഞ്ഞു വിദേശത്തുപോയ അച്ഛൻ എവിടെ പോയെന്നതിന് അമ്മപോലും അവൾക്ക് ഉത്തരം നൽകിയിരുന്നില്ല.
“നന്ദൂന്റെ അച്ഛൻ ഒരു വേനലിലല്ലേ പോയത്, അപ്പൊ അടുത്ത വേനലിൽ ന്റെ മോളെ കാണാൻ വരൂല്ലോ”. ഇങ്ങനെയുള്ള അമ്മയുടെ ഒരുപാടു മറുപടികളും ഒരുപാടു വേനലുകളും കഴിഞ്ഞിരുന്നു.
പണ്ടൊക്കെ മമ്മദ്ക്കാക്കാന്റെ പീടികയിലേക്കു വിളി വന്നീരുന്നു, ഇടക്കിടക്കു ഓരോ കത്തും. പിന്നെ ഒന്നും ഇല്ലാതായി. എല്ലാ വർഷവും സ്ക്കൂൾ തുറക്കുമ്പോൾ പുതിയ യൂണീഫോമും, ബാഗുമൊക്കെയായി തങ്ങളുടെ അച്ഛന്റെ കൂടെ തന്റെ കൂട്ടുകാർ വരുമ്പോൾ മമ്മദ്ക്കാക്കയുടെ കറുത്ത കാലൻകുടയിൽ തൂങ്ങി സ്ക്കൂളിൽ പോയിരുന്ന ഒരു കാലമുണ്ടായിരുന്നു നന്ദിനിക്ക്.
അമ്മയെയും തന്നേയും തനിച്ചാക്കി അകന്നുനിൽക്കുവാൻ അച്ഛന് എങ്ങിനെ കഴിയുന്നു, ചിലപ്പോഴൊക്കെ വെറുപ്പ് തോന്നുമായിരുന്നു. പക്ഷേ ഉള്ളകാലത്ത് അച്ഛൻ തന്ന വാത്സല്ല്യത്തിന്റെ മധുരവും, അമ്മ പറഞ്ഞു തന്നിരുന്ന അച്ഛനെ കുറിച്ചുള്ള ഒരുപാടു നല്ല ഓർമ്മകളും തെല്ലുമായാതെ അവളുടെ മനസ്സിൽ കിടന്നിരുന്നു.
പഴയകാലങ്ങൾ ഓർത്ത് അവളുടെ ചഞ്ചലമായ മനസ്സ് വിങ്ങി, മിഴികൾ വാർന്നൊഴുകി അവളിന്ന് ഒരുപാടു വളർന്നിരിക്കുന്നു. അവൾ ഇന്ന് നഴ്സായി ജോലി ആരംഭിക്കുകയാണ്. ഒരു കുടുംബം പുലർത്തുവാനുള്ള പ്രാപ്തി വന്നിരിക്കുന്നു.
അമ്മ സൗദാമിനിയുടെ കാൽ തൊട്ടുതൊഴുത് അവൾ ഇറങ്ങാൻ തുടങ്ങി. നെറുകയിൽ ചുംബിച്ച് സൗദാമിനി പറഞ്ഞു. “ന്റെ കുട്ടി എല്ലാം അറിയാൻ സമയമായിരിക്കുന്നു. നീ കുഞ്ഞിലേ മുതൽ എന്നോടു ചോദിച്ച ചോദ്യങ്ങൾക്കൊന്നും ഞാൻ ഉത്തരം നൽകിയിരുന്നില്ല, ഇതാണ് അതിനുള്ള ഉത്തരം. `ഇത്രയും പറഞ്ഞുനിർത്തിക്കൊണ്ട് സൗദാമിനി ഒരു കടലാസ് അവളുടെ നേരെ നീട്ടി. അവൾ ആകാംഷയോടെ അതിലേക്കു കണ്ണോടിച്ചു. അത് അവളുടൈ അച്ഛൻ അമ്മക്കെഴുതിയ അവസാനത്തെ കത്തായിരുന്നു.
തന്റെ സ്വന്തം കുടുംബത്തെ വിട്ടു വിദേശത്തു പോയി മറ്റൊരു സ്ത്രീയുമായി ജീവിക്കാൻ തുടങ്ങിയ തന്റെ അച്ഛന്റെ കഥ അവൾക്കു വിശ്വസിക്കാനായില്ല. ആ മനുഷ്യനെ ആദരിക്കുന്നതിനാണോ അമ്മ കുഞ്ഞിലേ മുതൽ എന്നെ പഠിപ്പിച്ചിരുന്നത്? അവളുടെ ഉള്ളു നൊന്തു.
”ന്റെ മോളോട് അച്ഛനെ വെറുക്കാൻ അമ്മ പഠിപ്പിച്ചിട്ടില്ല്യ, പഠിപ്പിക്കുകയും ഇല്ല്യ .അദ്ദേഹത്തിന് ബന്ധങ്ങളുടെ വില അറിയാതെ പോയി. ന്റെ കുട്ടി അങ്ങനെ ആകരുത്, അദ്ദേഹം ന്റെ മോളുടെ അച്ഛനാണ്. എന്നെങ്കിലുമൊരിക്കൽ അദ്ദേഹം തന്റെ തെറ്റു മനസ്സിലാക്കി തിരിച്ചുവരും. ഇപ്പോഴും ഓരോ വേനൽകാലത്തും അദ്ദേഹത്തിന്റെ വരവും കാത്തിരിക്കാറുണ്ട് ഞാൻ“. സൗദാമിനി വിതുമ്പി. തുരുമ്പിച്ച ജനാലകമ്പികൾക്കിടയിലൂടെ തന്റെ ഭർത്താവു നടന്നകന്ന പാടവരമ്പത്തേക്കു കണ്ണുംനട്ട് അവർ നിന്നു.