Kadhajalakam is a window to the world of fictional writings by a collective of writers

ഉയിർപ്പിന്റെ നഷ്ടം

ഉയിർപ്പിന്റെ നഷ്ടം

കടലുകടന്ന്‍ അയർലണ്ടിൽ എത്തിയിട്ടും നാട്ടിലെ ആന്ഗ്ലിക്കൻ പള്ളി പാരമ്പര്യം വിടാൻ ഞാൻ തയാറായില്ല. തേടി കണ്ടു പിടിച്ചു ഒരു ഇഗ്ലിഷ് പള്ളി. വീട്ടീന്നു പോരുമ്പോൾ അമ്മ പ്രത്യേകം പറഞ്ഞതാണ് തലമുറയായി പിന്തുടരുന്ന ഈ കുടുംബ പാരമ്പര്യം കാത്തു സൂക്ഷിക്കണമെന്ന്.

അയർലണ്ടിന്റെ വടക്ക് ഭാഗത്തുള്ള ഈ ചെറിയ പട്ടണത്തിലെ കൊച്ചു പള്ളിയിൽ കൂടുതലും ഐറിഷും ബ്രിട്ടിഷുകാരും. ഞാനും കുടുംബവും ഏക ഇന്ത്യാക്കാർ. ആരാധനാക്രമങ്ങൾ ഒക്കെ എനിക്ക് വളരെ പരിചിതം.
ഞാനും ഭാര്യയും രണ്ടു കൊച്ചു കുട്ടികളും. പള്ളിയിൽ എന്റെ കുട്ടികളെ കണ്ടപ്പോൾ അവരു പറഞ്ഞു
“ദൈയ്‌ ലുക്ക്‌ വെരി ക്യൂട്ട് ആന്‍ഡ്‌ സ്മാര്‍ട്”
എനിക്ക് സന്തോഷമായി. എന്റെ മക്കളെക്കുറിച്ച് ആദ്യമായിട്ടാണ് ആരെങ്കിലും ഇങ്ങനെയൊരു നല്ല കാര്യം പറയുന്നത്. പക്ഷെ എന്റെ ആ സന്തോഷം അധികം നീണ്ടു നിന്നില്ല. കാരണം ഒരു ഇന്ത്യാക്കാരൻ സുഹൃത്ത് എന്നോട് പറഞ്ഞു, അവര്‍ പുറമേ അങ്ങനെ പറഞ്ഞാലും നേരെ എതിരാണ് മനസ്സിൽ ചിന്തിക്കുന്നതെന്ന്. അതായത് ‘ദൈയ്‌ ലുക്ക്‌ അഗ്ളി’ എന്ന്.
എന്തായാലും കുഴപ്പമില്ല ആദ്യത്തേത് തന്നെ ഞാൻ വരവ് വെച്ചിരിക്കുന്നു. എന്റെ കുട്ടികൾക്ക് ആദ്യമായി കിട്ടിയ ഒരു അന്ഗീകാരമല്ലേ. അതും വിദേശികളിൽ നിന്നും. ഇരിക്കട്ടെ.
ഒരു വർഷം കഴിഞ്ഞു. ഇപ്പോഴും ഞങ്ങൾ മാത്രമേ ആ പള്ളിയിൽ ഇന്ത്യാക്കാരായി ഉള്ളു. ഒരു ദിവസം പാസ്ടർ പറഞ്ഞു:
“സ്വാഗത (വെൽക്കം) മിനിസ്ത്രിയിൽ കൂടുതലു പേരെ വേണം”. “ നിന്നെ ഞാൻ ശുപാർശ ചെയ്തിട്ടുണ്ട്” “നീ സഹകരിക്കണം”. ഞാൻ സമ്മതം മൂളി.
‘അഷർ’ എന്നൊരു ജോലിയുണ്ട്. പള്ളിയുടെ പ്രധാന കവാടത്തിലൂടെ കടന്നു വരുന്ന മനുഷ്യരെ അഭിവാദനം ചെയ്യണം. ഒരു സായിപ്പിന്റെ കീഴിൽ പരിശീലനമുണ്ടായിരുന്നു. അയാൾ ജോലികൾ വിശദീകരിച്ചു. വരുന്നവരെ പുഞ്ചിരിയോടു കൂടി എതിരേൽക്കണം. ആരാധനാ പുസ്തകം കൊടുക്കണം,. അവർക്ക് ഇരിപ്പിടങ്ങൾ കാണിച്ചു കൊടുക്കണം. പള്ളി കഴിയുമ്പോൾ പുസ്തകങ്ങൾ അടുക്കി വക്കണം, പള്ളി മണിയടിക്കണം തുടങ്ങിയവ.
ഈ രാജ്യത്ത് ഈ ജോലികളെല്ലാം വൈദികനും പള്ളിക്കാരും കൂടി തന്നെ ചെയ്യണം, പ്രതിഫലമില്ലാതെ. പള്ളികൾക്ക് വരുമാനം കുറവ്. പള്ളിയിൽ പോകുന്ന ക്രിസ്ത്യാനികളും കമ്മി.
നാട്ടിലാണെങ്കിൽ കപ്യാർ എന്നൊരു തസ്ഥികയുണ്ട്. വീടുകളിൽ പോയി മാസപ്പിരുവ് നടത്തുക, പള്ളിയും പരിസരങ്ങളും വൃത്തിയാക്കുക, പള്ളി മണി അടിക്കുക തുടങ്ങിയവയാണ് തൊഴിലിന്റെ ചുരുക്കം. സാധാരണ പള്ളികളിൽ ഏറ്റവും നിർധനരായ ആരെങ്കിലും ആ ജോലി ഏറ്റെടുക്കും. വലിയ വരുമാനമൊന്നുമില്ല. അവർക്ക് സമൂഹത്തിലും പളളിയിലും വലിയ സ്ഥാനവുമില്ല. പള്ളി കാര്യങ്ങളിൽ വല്ല കുറ്റവും സംഭവിച്ചാൽ കുതിരകയറാൻ ഒരാൾ.
എന്റെ ആദ്യത്തെ ദിവസം വന്നു. രാവിലെ തന്നെ ഞാൻ കുളിച്ചൊരുങ്ങി വളരെ നേരത്തെ ചെന്നു സ്ഥാനം പിടിച്ചു. ഞാൻ സൂട്ടും ടൈയും ധരിക്കാൻ മറന്നില്ല. എന്റെ കൂടെ മറ്റു മൂന്നു പേരുമുണ്ട്.. ലീഡർ എത്തി ഓരോരുത്തരും ചെയ്യേണ്ട ജോലികൾ പറഞ്ഞു തന്നു. എനിക്കിന്ന് രണ്ടു ജോലികളാണ്. ആളുകൾക്ക് സീറ്റ് കാണിച്ചു കൊടുക്കുക, മണിയടിക്കുക.
ആളുകൾ വന്നു തുടങ്ങുന്നതെയുളളു. അതിനു മുന്‍പ് മണി എവിടെ എന്നു കണ്ടു പിടിക്കാൻ ഞാൻ ശ്രമം ആരംഭിച്ചു. പുറത്തു നല്ല തണുപ്പുണ്ട്. മഞ്ഞു കാലം. ഞാൻ തണുത്തു വിറച്ചു പള്ളിക്ക് ചുറ്റും രണ്ടു പ്രാവശ്യം വലം വെച്ചു. ഓരോ മുക്കിലും മൂലയിലും നോക്കി. പക്ഷെ മണി കണ്ടെത്താനായില്ല.
എന്റെ നാട്ടിലെ പള്ളിയിൽ മുൻപിലെ പ്രധാന കവാടത്തിന്റെ മുകളിലെ കുരിശിന്റെ താഴെയാണ് അതിന്റെ സ്ഥാനം. മണിയുടെ നടുക്കുള്ള ദണ്ടിൽ നിന്നും ഒരു ചണ ചരട് താഴേക്കു തൂക്കിയിട്ടിരിക്കും. അതിൽ പിടിച്ചു വലിച്ചാണ് മണി മുഴക്കുന്നത്.
കേരളത്തിൽ മണി പള്ളിയുടെ പ്രൌഡിയുടെ പ്രതീകമാണ്. ചിലപ്പോൾ അത് ആരെങ്കിലും സംഭാവന ചെയ്തതാകാം. അവരുടെ പേരും വീട്ടു പേരും വലിയ അക്ഷരത്തിൽ മണിയിൽ കൊത്തി വെക്കും. ‘പാണൻതലക്കൽ ഇടിച്ചാണ്ടി വക’ അല്ലെങ്കില്‍ ‘മുരുപ്പേൽ വറീത് മേമ്മോറിയൽ’ തുടങ്ങിയവ.
ഞാൻ പള്ളി വക എൽപി സ്കൂളിൽ പഠിക്കുമ്പോൾ മണി അടിക്കുന്നതു ഒരു പ്യൂൺ ജോര്‍ജ് ആയിരുന്നു. ‘ചേങ്ങല’ എന്നാണ് സ്കൂളിലെ മണിക്ക് പറയുന്നത്. വട്ടത്തിൽ പരന്ന ഒരു ചെമ്പു തകിട്. അതിന്റെ മധ്യ ഭാഗത്ത് തന്നെ അടിക്കണം. അടി കൊണ്ട് മണിയുടെ മധ്യ ഭാഗം വെളുത്തിരുന്നു. അത് അടിക്കുന്നത് ജോര്‍ജിന്റെ മൌലിക അവകാശമാണ്. അതിൽ കൈകടത്താൻ അയാൾ ആരെയും അനുവദിച്ചിരുന്നില്ല. എന്നാൽ എന്റെ ഒരു സുഹൃത്ത് ചാണ്ടിയുണ്ടായിരുന്നു. അപ്പന് ചായക്കട ബിസിനസ്സ്. അവൻ ഉഴുന്ന് വടയും ബോളിയും മോഷ്ടിച്ചു കൊണ്ട് വന്നു ജോർജിനു കൈക്കൂലി കൊടുക്കും. മണിയിൽ ഒന്ന് കൈവെക്കാൻ. അങ്ങനെ അവനു ചില അവസരങ്ങൾ കിട്ടി. കൂടെ അവന്റെ ഉറ്റ സുഹൃത്തായ എനിക്കും.
ഒരിക്കൽ പ്യൂൺ ജോർജ് അവധിയെടുത്ത ദിവസം. ഞങ്ങൾ സ്വയം ആ ഡ്യൂട്ടി ഏറ്റെടുത്തു. ആരും പറയാതെ. അന്ന് ഹെഡ് മാസ്റ്റർ ഐപ്പ് സാറിന്റെ ചൂരലിന്റെ രുചിയറിഞ്ഞു. ആ പാട് ഇപ്പോഴും എന്റെ ചന്തിക്കുണ്ട്. ഹെഡ് മാസ്ടർക്ക് ഒരു ‘കിലുക്ക് മണി’ ഉണ്ട്. കുട്ടികളെ ‘വെളിക്കു വിടാൻ (ഇടവേള)’ സമയത്ത് അത് കിലുക്കും.
എന്റെ നാട്ടിലെ ആലയ മണി ഞയറാഴ്ച നാലു പ്രാവശ്യം ശബ്ദിക്കും. ആദ്യത്തേത് രാവിലെ ആറു മണിക്ക്, ഇന്ന് ഞായറാഴ്ച ആണെന്ന് ഓർമ്മിപ്പിക്കാൻ. പിന്നീട് ഒൻപതു മുതൽ പത്തു വരെ അര മണിക്കൂർ ഇടവിട്ടു മൂന്നു പ്രാവശ്യം. ഒന്നാം മണി അടിക്കുമ്പോൾ മുതൽ അമ്മ തുടങ്ങും ഞങ്ങളെ ധൃതി വെപ്പിക്കാൻ.
പിന്നെ ഒരു കൂട്ട മണിയുണ്ട്. എന്തെങ്കിലും ഒരു ചടങ്ങ് കഴിഞ്ഞു എന്നറിയിക്കാൻ. ആരെങ്കിലും മരിച്ചാൽ ഓരോ അടിയും നിർത്തി നിർത്തി ഇടവേള കൊടുത്താണ് അടിക്കാറുള്ളത്. ശവ മണി. ആ മണി കേട്ടാൽ എല്ലാവരും പള്ളിയിലേക്ക് ഓടും ആരാ മരിച്ചതെന്ന് അറിയാൻ.
“ഇത് ആ പാവം സാറാമ്മയാരിക്കും” “കുറെ നാളായി കിടന്നു നരകിക്കുന്നു” “ ഇനിയും കഷ്ട്ടപ്പെടാതെ നേരത്തെയങ്ങു പോയല്ലോ” അല്ലെങ്കിൽ “ആരാണാവോ ദൈവമേ” “ആരും അസുഖമായി കിടപ്പുളളതായി അറിവില്ലല്ലോ” “പെട്ടെന്നുള്ള വല്ല മരണമായിരിക്കാം” ഇങ്ങനെ പോകുന്നു സംസാരങ്ങൾ.
ഒരിക്കൽ ശവമണി കേട്ടു ഞങ്ങൾ ഓടി ചെന്നപ്പോൾ മാത്തൂട്ടി മണി അടിക്കുന്നു. “ആരാടോ മരിച്ചത്?” ആൾക്കാർ ആകാംക്ഷപൂർവം ചോദിച്ചു.
“മാത്തൂട്ടി ചത്തു”. അയാൾ തനിക്കുവേണ്ടിതന്നെ മണി അടിക്കയാണ്. കളളു കുടിച്ചു പകുതി ബോധത്തിൽ. പിന്നെ തലതല്ലിയൊരു പൊട്ടിക്കരച്ചിലാണ്.
ചിലപ്പോൾ മണി പൊട്ടും. അപ്പോൾ അത് അപശബ്ദം കേൾപ്പിക്കും. അത് നന്നാക്കുന്നതു വരെ സ്കൂളിലെ ചേങ്ങലയാണ് പകരക്കാരൻ.
അങ്ങനെ നാട്ടിലെ മണികളെക്കുറിച്ച് കുറെ ഓർമ്മകൾ.
ക്ഷമിക്കണം ഞാൻ കുറെ കാടു കയറിപ്പോയി. ഞാൻ ഇപ്പോഴും ആ ‘പ്രൌഢിയുടെ പ്രതീകത്തെ’ തേടുകയാണ്. കണ്ടെത്താനായില്ല. അവസാനം ലീഡർ സായിപ്പ് തന്നെ ശരണം. പള്ളിക്കകത്ത് പ്രധാന വാതിലിന്റെ ഭിത്തിയുടെ ഒരു മൂലയിലേക്ക് അയാൾ ചൂണ്ടി കാണിച്ചു. ഒരു ആണിയിൽ തൂക്കിയിട്ടിരിക്കുന്ന മെലിഞ്ഞ ചെറിയ ഒരു സ്റ്റീല്‍ ദണ്ട്. ഏകദേശം ഒന്നര അടി നീളം കാണും. എന്റെ തള്ള വിരലും ചൂണ്ട് വിരലും ചേർത്ത് വളച്ചു പിടിക്കാവുന്നത്ര വണ്ണവും. കൂടെ തടി കൊണ്ടുള്ള കൊട്ടുവടി പോലുള്ള ഒരു സാധനവും. എനിക്ക് എന്നോട് തന്നെ ഒരു നാണക്കേട് തോന്നി. ഈ മണിയാണോ ഞാൻ അടിക്കേണ്ടത്? ഇതൊരു മണിയാണോ? പള്ളിമണി കുടുംബത്തിന് തന്നെ നാണക്കേട് വരുത്തി വെക്കുമല്ലോ ഈ മണി. ഈ സായിപ്പന്മാർ ഇത്ര പിശുക്കന്മാരാണോ? ഒരു ശരിയായ മണി വാങ്ങിക്കാൻ ഇവർക്കാവില്ലേ? .
ഞാൻ മണി കൈയിൽ എടുത്തു. വളരെ കനം കുറവ്. വർഷങ്ങളായി അടിയേറ്റതിന്റെ പാടുകൾ ഉടലിൽ ഉണ്ട്. അത് അടിക്കുന്ന വിധം ലീഡർ കാണിച്ചു തന്നു. അതിന്റെ ഏറ്റവും മുകളിൽ  ‘കൊട്ടു വടി’ കൊണ്ട് അടിക്കണം. മുകൾ ഭാഗത്ത് മാത്രമേ അടിക്കാവു. അപ്പോൾ താഴെയുള്ള ഭാഗം പ്രകമ്പനം കൊണ്ട് ശബ്ദം പുറപ്പുടുവിക്കും. ആളുകൾ തെറ്റായി മർദ്ദിച്ചതിന്റെ പാടുകളാണ് താഴേക്കു കാണുന്നത്. ചളുക്കങ്ങൾ. പള്ളി തുടങ്ങുന്നതിനു പത്തു മിനുട്ട് മുൻപും അഞ്ചു മിനിട്ട് മുൻപും മണി കൊട്ടണം. ഓരോ പ്രാവശ്യവും എത്ര വീതം അടിക്കണമെന്നു ഞാൻ ചോദിച്ചില്ല. അയാൾ പറഞ്ഞുമില്ല. പത്ത് എന്ന ഒരു അക്കം ഞാൻ തന്നെ തിരഞ്ഞെടുത്തു. ഒരു വിധം ഭംഗിയായി ആ കൃത്യം നിർവഹിച്ചു.
മാസത്തിൽ ഒരു പ്രാവശ്യമേ എനിക്ക് ഈ ‘അഷർ’ ഡ്യൂട്ടി ഉള്ളു. മറ്റു ദിവസങ്ങളിൽ ഞാൻ ഈ ജോലി ചെയ്യുന്നവരെ ശ്രദ്ധിക്കും. ചിലർ മണി അടിക്കാൻ മറന്നു പോകും. അതൊരു തെറ്റായി ആരും കാണുന്നില്ല. ചിലർ മണിയുടെ ശരീര ഭാഗത്ത് തന്നെ അടിക്കും, തല ഭാഗത്തിന് പകരം. ചിലർ ഒറ്റപ്രാവശ്യം മാത്രം കൊട്ടും. എന്റെ അമ്മയുടെ ഭാഷയിൽ പറഞ്ഞാൽ “എത്തിക്കൽ പരിപാടി”. വെറുതെ പേരിനും മാത്രം ചെയ്യുന്നു അഥവാ ചെയ്തു എന്ന് വരുത്തി തീർക്കാൻ ചെയ്യുന്ന പ്രവർത്തി എന്നർഥം.
ഒരവസരം കിട്ടിയപ്പോൾ പാസ്ടറോട് നാട്ടിലെ മണിയെക്കുറിച്ചു പറഞ്ഞു. നാട്ടിൽ മണി പള്ളിക്ക് പുറത്താണെന്നും മണി നാദം കേട്ടാണ് ആളുകൾ ഉണരുന്നതെന്നും, പള്ളിയിൽ സമയത്ത് വരുന്നതെന്നും പറഞ്ഞു. ഈ നാട്ടിൽ അതിന്റെ ആവശ്യമില്ലെന്നും, പള്ളിക്കകത്ത് പ്രവേശിച്ച ആളുകൾ  ‘വരാന്ത’യിൽ നിന്നും അകത്ത് കടന്നിരിക്കാനുള്ള ഒരു അറിയിപ്പാണ് ഈ മണിയടി എന്നും പാസ്റ്റർ പറഞ്ഞു. മണി നാദം പള്ളിക്ക് പുറത്തു കേട്ടാൽ ചുറ്റുപാടുമുള്ള വീട്ടുകാർ പരാതിപ്പെടുമത്രേ. അതവരുടെ ഉറക്കം കെടുത്തും. പിന്നെ ശബ്ദ മലിനീകരണവും..
മൂന്നാലുമാസം കഴിഞ്ഞപ്പോൾ ഒരു മലയാളി കുടുംബവും കൂടി പള്ളിയിൽ എത്തി. എനിക്ക് സന്തോഷമായി. എന്റെ ഇവിടുത്തെ അനുഭവങ്ങൾ പങ്കുവെക്കാൻ ആളായല്ലോ. അതും നമ്മുടെ സ്വന്തം ഭാഷയിൽ. എന്നാൽ എന്റെ സന്തോഷം അധികം നീണ്ടു നിന്നില്ല. എഞ്ചിനീയറായ അയാളും ഭാരൃയും ഒരു പൊങ്ങച്ചക്കാരാണെന്നു മനസ്സിലാക്കാൻ അധികം സമയം വേണ്ടി വന്നില്ല. അയാളുടെ അച്ഛൻ നാട്ടിൽ ജഡ്ജി ആണത്രേ. അത് എന്നെ കൂടെക്കൂടെ ഓർമ്മിപ്പിക്കാന്‍ അയാൾ മറന്നില്ല.
താമസിയാതെ എന്റെ കൂടെത്തന്നെ അയാൾ പള്ളി സേവനത്തിനു വന്നു. അയാളുടെ മുൻപിൽ എനിക്ക് ഒരു അപകർഷതാബോധം. കാരണം അയാളും ഭാര്യയും നന്നായി ഇഗ്ലിഷ് പറയും. എനിക്കാണെങ്കിൽ ആഗ്ലെയ ഭാഷ ‘സ്വാഹ’. അയാൾ ആളുകളെ നന്നായി സ്വാഗതം പറഞ്ഞു, കുശലം ചോദിച്ചു. പുറത്തെ കാലാവസ്ഥയെക്കുറിച്ചും അയർലണ്ടിലെ രാഷ്ട്രീയ സാഹചര്യങ്ങളെക്കുറിച്ചും സംസാരിച്ചു. പിന്നെ ഐറിഷ് നൃത്തത്തെക്കുറിച്ചും സെയ്ന്റ് പാട്രിക് ദിനത്തെക്കുറിച്ചും. എനിക്ക് പൊതുവിജ്ജാനം നന്നേ കമ്മി. പിന്നെ ഭാഷാ പാടവം കുറവും. ഞാനും ഭാര്യയും വെറും നാട്ടിൻ പുറത്തുകാർ. ഞാൻ മെയിൽ നേഴ്സ്, ഭാര്യയോ ഹൌസ് വൈഫും. ഞാൻ പതുക്കെ ഉൾവലിഞ്ഞു. മണി അടിക്കുക, പുസ്തകങ്ങൾ അടുക്കി വക്കുക, ജനലുകളുടെ ബ്ലൈണ്ട് (കർട്ടൻ) പൊക്കി വക്കുക മുതലായ ജോലികളിൽ മുഴുകി.
ആദ്യത്തെ ദിവസം തന്നെ മണി അടിക്കുന്ന വിധം ഞാൻ അയാളെ കാണിച്ചു.
“ഇതെന്തൊരു കളിയാ?. “ഇവിടെ കപ്യാരൊന്നുമില്ലേ ഈ പണിക്കൊക്കെ”
അയാൾ ചോദിച്ചു. അയാൾ അതിൽ തീരെ താല്പര്യം കാണിച്ചില്ല. എന്തോ നാണക്കേട് പോലെ. ജഡ്ജിയുടെ മകൻ പള്ളിയിൽ മണി അടിക്കുകയോ?
മണി അടിക്കുന്ന സമയം വരുമ്പോൾ അയാൾ തല തിരിച്ചു നില്‍ക്കും. മറ്റു കാര്യങ്ങൾ ചെയ്യുന്നതിൽ ധൃതി കാട്ടും. വെള്ളക്കാരെ കെട്ടിപ്പിടിക്കുന്നതിലും സായിപ്പു കുഞ്ഞുങ്ങളുടെ കവിളിൽ നുളളുന്നതിലും വ്യാപൃതനാവും. പിന്നെ ഞാൻ തന്നെ ആ പ്രവർത്തി ഏറ്റെടുക്കും.
ഓരോ ഞായറാഴ്ച്ചകൾ കഴിയുന്തോറും മണി അടിക്കുന്നതിൽ ഞാൻ കൂടുതൽ പ്രാവീണ്യം കാട്ടി. കൂടുതൽ ആളുകൾ എന്നെ ശ്രദ്ധിക്കാൻ തുടങ്ങി.
“യൂ ആർ ഡൂയിംഗ് എ ഗുഡ് ജോബ്‌”
“യു ആർ ഗ്രയിറ്റ്‌ അറ്റ്‌ ദിസ്‌ ”
“ഐ കം ഏർലി ടു ഹിയർ ദി ബെൽ റിങ്ങിംഗ്” “ഇറ്റ്‌ ബ്രിന്ഗ്സ് ഫോണ്ട് മേമരീസ്‌ ഓഫ് മൈ ഹോം ചർച്ച്”
അങ്ങനെ പോയി കമന്റുകൾ. കെട്ടിപ്പിടിക്കലുകൾ, അഭിനന്ദനങ്ങൾ. എന്റെ സഹമലയാളിക്ക് ഇതൊന്നും പിടിച്ചതായി തോന്നുന്നില്ല.
വീണ്ടും ഒരു ഈസ്റർ ദിവസം. കർത്താവ്‌ മരിച്ചിട്ട് ഉയർത്തെഴുന്നെററതിന്റെ ഓർമ്മ ദിവസം. ഇന്ന് എനിക്ക് പള്ളിയിൽ ഡ്യൂട്ടി ഉണ്ട്. ഞാൻ ഇന്ന് പുതിയ ഒരു പരീക്ഷണം നടത്തി. വേറെ ഒരു താളത്തിൽ കുറെ ഏറെ നേരം മണി മുഴക്കി. ദണ്ട് കൊണ്ട് മണിയുടെ ഉച്ചിയിൽ സാധാരണയിലും ശക്തിയായ പ്രഹരങ്ങൾ. ഒന്നിന് പകരം ഒന്നര മണി. അതായത് ഒരു കൊട്ടും പിന്നെ ഒരു പകുതി കൊട്ടും. ഓരോ മണിയടിയും പത്തിന് പകരം ഇരുപത്തിയഞ്ചു പ്രാവശ്യം വീതം. പതിവ് രണ്ടു പ്രാവശ്യത്തിനു പകരം ഇന്ന് മൂന്നു പ്രാവശ്യം അഞ്ചു മിനിട്ട് ഇടവേളയിട്ടു്. വീണ്ടും അഭിനന്ദനങളുടെ പൂച്ചെണ്ടുകള്‍. മൂന്നാമത്തെ മണി അടിച്ചു കഴിഞ്ഞപ്പോൾ എന്തോ ആലോചിച്ചു ഞാൻ വിതുമ്പിപ്പോയി.
ആരാധനയുടെ അവസാനം പരസ്യങ്ങൾ വായിക്കുന്ന ഒരു സമയമുണ്ട്. ആ സമയത്ത് അടുത്ത ആഴ്ചയിലെ പ്രോഗ്രാമുകൾ, കഴിഞ്ഞ ആഴ്ചയിലെ സംഭവങ്ങള്‍ ഒക്കെ പാസ്ടർ പറയും. അതിനിടയിൽ പാസ്ടർ ഒരു പ്രഖ്യാപനം നടത്തി. ഈ മാസത്തെ ‘വോളണ്ടിയർ ഓഫ് ദി മന്ത്” ആയി എന്നെ തിരഞ്ഞെടുത്തിരിക്കുന്നു. ‘അഷർ’ എന്ന ജോലിയിൽ ഞാൻ കാണിക്കുന്ന താല്പ്പര്യത്തിനും പ്രത്യേകമായും മണി അടിക്കുന്നതിന്റെ പ്രാവീണൃത്തിനും.. ഞാൻ മുന്‍പോട്ടു പോയി അത് വാങ്ങി. നീണ്ട കരഘോഷം. തിരികെ വന്നു ആരുമില്ലാത്ത ഒരു മുറിയിലേക്ക് പോയി തുറന്നു നോക്കി. ചെറിയ ഒരു പള്ളി മണി. നമ്മുടെ നാട്ടിലെ മണിയുടെ തനി സ്വരൂപം. എനിക്ക് കരച്ചിലടക്കാൻ കഴിഞ്ഞില്ല. നെടുങ്ങാടപ്പള്ളി ചാമക്കാലാ വീട്ടിൽ കപ്യാര്‍ ചാക്കൊച്ചേട്ടന്റെ മകന് ആദ്യമായി കിട്ടുന്ന അംഗീകാരമാണ് ഇത്. അതും ഈസ്ററർ ദിവസം. മൂന്നു കൊല്ലം മുന്‍പ് അപ്പൻ മരിച്ച ദിവസം തന്നെ. കപ്യാരായിരുന്ന ആ അപ്പന്റെ കഴിവാണ് മണിയടിക്കാൻ അപ്പന്റെ പ്രിയപ്പെട്ട ഈ ഇളയ മകന് കിട്ടിയതെന്ന് ഈ വിദേശ നാട്ടിൽ ആരും അറിയുന്നുണ്ടാവില്ല. അപ്പന് നീണ്ട നാല്പെത്തെട്ടു വർഷത്തെ പള്ളി സേവനത്തിലും കിട്ടാതെ പോയ അംഗീകാരം.
തിരികെ വീട്ടിലേക്കു വരുമ്പോൾ ഞാൻ ഭാര്യയോടു പറഞ്ഞു. അവസാന മണി അടിക്കുന്നതിനു മുന്‍പു തന്നെ എന്നും പള്ളിയിൽ ചെല്ലണമെന്ന് നിന്നോടു ഞാൻ പറയുന്നതു എന്തിനാണെന്ന് അറിയാമോ? അപ്പൻ എൺപത്തഞ്ചു വയസ്സായിട്ടും തന്റെ ജോലി വിടാൻ തയാറായില്ല. താൻ ജോലി സമയം തളർന്നു വീണു പോയാലും പള്ളിയിലെ മൂന്നാം മണി മുടങ്ങരുത് എന്ന് നിർബന്ധമായിരുന്നു അപ്പൻ. ആ ആശങ്ക കൊണ്ടാണ് മകനോട്‌ നേരത്തെ എത്തണം എന്ന് പറഞ്ഞിരുന്നത്.
അപ്പൻ ശങ്കിച്ചതുപോലെ പോലെ സംഭവിച്ചു. കുഴഞ്ഞു വീണപ്പോൾ ഞാൻ അടുത്തു തന്നെ ഉണ്ടായി. ആ അവസാന മണി മുടക്കാതെ…
ആ മൂന്നാം മണി...

സ്നേഹമാപിനി

സ്നേഹമാപിനി

മലമുകളിലേക്കൊരു യാത്ര

മലമുകളിലേക്കൊരു യാത്ര