നഷ്ടം
"ഈ സ്ഥലം ഓർമ്മയുണ്ടോ?" തിരികെ ചെന്നിട്ട് ഉടൻ ചെയ്യാനുള്ള കാര്യങ്ങളും അടുത്ത ബിസിനസ് യാത്രയുടെ വിശദമായ ഉള്ളടക്കവും തിരിച്ചും മറിച്ചും ആലോചിച്ചു കൊണ്ടിരുന്ന ഞാൻ ഒന്ന് ഞെട്ടി പുറത്തേക്കു നോക്കി. തീവണ്ടി നീങ്ങിത്തുടങ്ങിയിരുന്നു എങ്കിലും സ്ഥലം ഓർമ്മിക്കാൻ എനിക്ക് ഒട്ടും പ്രയാസപ്പെടേണ്ടി വന്നില്ല. എങ്ങനെ മറക്കാനാണ്? ഇരുപതു വർഷങ്ങൾ കഴിഞ്ഞിരിക്കുന്നു. അവളുടെ ഇഷ്ടം ആദ്യമായി ഒരു ചങ്ങാതിയിൽക്കൂടി പറഞ്ഞതും പിന്നെ ഞങ്ങൾ ഒത്തിരി സ്നേഹം പങ്കുവെച്ചതും കൈകോർത്തു നടന്നതും ഒക്കെ ഈ പ്ലാറ്റ്ഫോമിൽ തന്നെ. കോളേജിൽ നിന്നും വീട്ടിലേക്കും പിന്നെത്തിരിച്ചുമുള്ള ഓരോ യാത്രകൾക്കും ഇവിടെ തീവണ്ടി നിൽക്കുന്ന ഓരോ നിമിഷങ്ങൾക്കും ഒരുത്സവശ്ചായ ആയിരുന്നില്ലെ!
ജാള്യത മുട്ടി നിന്നതിനാലോ അതോ അവളുടെ കണ്ണുകളിലെ ആഴം ഭയപ്പെടുത്തിയതിനാലൊ എന്നറിയില്ല മുഖം കുനിച്ചു ഞാൻ മെല്ലെ പറഞ്ഞു. "എത്ര എത്ര ഓർമകളാണ് .."
തീവണ്ടി വേഗം കൂടുന്നു. അതേ വേഗതയിൽ ഹൃദയം കുതിക്കുന്നു. അച്ഛൻ യയാതിയുടെ വാർദ്ധക്യം ഒരു നിമിഷനേരം കൊണ്ട് സ്വന്തമാക്കി ഒരു പുരുഷായുസ്സ് മുഴുവൻ പെട്ടെന്ന് നടന്നു തീർത്ത പുരുവിനെപ്പോലെ കിതച്ചു കൊണ്ട് ഞാൻ രണ്ടു മൂന്നു വട്ടം പിന്നിലേക്കും മുന്നിലേക്കും വർഷങ്ങൾ നടന്നു തീർത്തു.
"ഇനി മൂന്നാമത്തെ സ്റ്റേഷൻ ആണ്." ഞങ്ങൾ ഒരുമിച്ചാണ് അത് പറഞ്ഞത്. തമ്മിൽ തമ്മിൽ നോക്കിയ കണ്ണുകൾ എന്തോ തിരഞ്ഞു. പുറത്തെ മങ്ങുന്ന വെളിച്ചത്തിലേയ്ക്കു മടങ്ങി.
സഹയാത്രികരുടെ ഏതോ വിരസമായ ചർച്ചക്ക് ഒരു ചെവി കൊടുത്തിരുന്ന ഞാൻ ഒന്ന് മയങ്ങിപ്പോയി. അവളുടെ നനുത്ത സ്പർശവും ശബ്ദവും ആണ് ഉണർത്തിയത്.
"സ്ഥലം ആയി".. ഇറങ്ങേണ്ടേ?
പിടഞ്ഞുണർന്നു ഞാൻ പെട്ടിയും എടുത്തു അവളുടെ പിന്നാലെ പുറത്തിറങ്ങി. ഒരുമിച്ചു പുറത്തേക്കു നടന്നു.
അത്ര നേരം എത്ര ശ്രമിച്ചിട്ടും ചോദിക്കാനാവാതെ എന്റെ മനസ്സിൽ പെരുമ്പറ കൊട്ടിക്കൊണ്ടിരുന്ന ആ ചോദ്യം പുറത്തേക്കുള്ള വാതിലിന്റെ അടുത്തു എത്തിയപ്പോൾ എങ്ങിനെയോ പുറത്തേക്കു വന്നു.
"കുടുംബം , കുട്ടികൾ , ഭ ..ഭർത്താവ്...?"
"ഇല്ല .. കല്യാണം കഴിച്ചിട്ടില്ല .." അവൾ പതുക്കെ നടന്നു. അകന്നു.
ചലനശക്തി നഷ്ടപ്പെട്ടു വേരുകൾ മണ്ണിലേക്ക് താഴ്ത്തി ഞാൻ ഒരു പടുവൃക്ഷമായി. പുരുവിന്റെ ചിതക്ക് വിറകായി ...