Kadhajalakam is a window to the world of fictional writings by a collective of writers

പ്രേമം

പ്രേമം

പലഹാരങ്ങൾ വെച്ച അലമാരയുടെ അരികിലുള്ള ടീവിയിൽ ഓണപ്പരിപാടികൾ തിമിർത്തു നടക്കുന്നു. അവതാരക ഊഞ്ഞാൽ ആടുന്നു, കൂട്ടത്തിൽ ഓണത്തിന് ഊഞ്ഞാലിന്റെ പ്രാധാന്യം വിവരിക്കുന്നുമുണ്ട്. ഊണ് കഴിക്കാൻ ഇരിക്കുന്ന പലരും അത് ശ്രദ്ധിക്കുന്നുമുണ്ട്.

ഞാൻ ഓർത്തു പഴയ ഒരു ഓണക്കാലം.

അത്തവണ തെക്കേ പറമ്പിലെ പുളി മരത്തിൽ ഊഞ്ഞാൽ ഇട്ടു. അന്നാണ് അവളെ ആദ്യമായി കണ്ടത്.

അടുത്ത വീട്ടിൽ പുതിയ താമസക്കാർ വന്നിട്ടുണ്ട് എന്ന് അമ്മ പറഞ്ഞിരുന്നു. ഓണത്തിന്റെ അവധി കഴിഞ്ഞാൽ നിന്റെ സ്കൂളിലേക്ക് പുതിയ മാഷ് വരുന്നുണ്ട് എന്നും പറഞ്ഞു. മാഷിന്റെ മകളാണ് .  അല്പം മടിച്ചു അവൾ ചോദിച്ചത് ഇപ്പോഴും നല്ല ഓർമ ഉണ്ട്.

"ഞാനും കൂടി ഒന്ന് ആടിക്കോട്ടെ ?.."

അന്ന് വലതുകാൽ വെച്ച് കയറിയതാണ് എന്റെ മനസ്സിലേക്ക്..

എത്ര സ്വപ്‌നങ്ങൾ കണ്ടു.  എത്ര ഓണം ഉണ്ടു.. രണ്ടിനും കൃത്യമായ കണക്കില്ല..

"രണ്ടു ഊണും ഒരു മീൻ പൊരിച്ചതും.."

മേശപ്പുറത്തു ഒരു ബലിഷ്ടമായ കൈയിൽ നൂറു രൂപയുടെ നോട്ട്. യാന്ത്രികമായി അത് വാങ്ങി ബാക്കി കൊടുത്തു. ശീലമാണ്, തെറ്റില്ല...

ഇന്ന് കണ്ടില്ലല്ലോ….രാവിലെ ടീച്ചർ നേരത്തെ പോയിരിക്കും  എന്ന് കരുതി. ഉച്ചക്കുള്ള യാത്ര കണ്ടില്ല ഇതുവരെ...ഇത്ര വൈകാറില്ല അവൾ..മനസ്സിൽ എന്തോ ഒരു വല്ലായ്മ...

അത് മുഖത്തുണ്ട്‌ എന്നതിനാൽ ജോസും ശ്രദ്ധിച്ചിരിക്കുന്നു.

"എന്താ ഒരു വൈക്ലബ്യം? .. ടീച്ചറെ കാണാത്തത് കൊണ്ടായിരിക്കും.. അല്ലെ? "

അതെ എന്നു പ്രത്യേകം  പറയേണ്ട കാര്യമില്ല എന്നു അറിയാവുന്നത് കൊണ്ടായിരിക്കും അവൻ തുടരുകയാണ്..

"ചുമ്മാതല്ല ഇന്ന് ടീച്ചറെ കാണാത്തത്.. അവർ ഇന്നലെ പെൻഷൻ പറ്റി.. ഇനി മകളുടെ അടുത്തേക്ക് പോകുകയാണ് എന്നാണ് പാൽക്കാരൻ മണി പറഞ്ഞത്..." 

എച്ചിൽ പാത്രങ്ങൾ എടുത്തു അകത്തേക്ക് നടക്കുന്ന ജോസ്  ഇടക്ക് ഒന്ന് തിരിഞ്ഞു നോക്കി.  വർഷങ്ങളായി താൻ കണ്ടു കൊണ്ടിരുന്ന ദിവസവും നാലു തവണ ആവർത്തിക്കുന്ന കാഴ്ചകൾ ഇനി ഇല്ലല്ലോ എന്നു അവൻ ചിന്തിച്ചതായിരിക്കും.

അവൻ അടുക്കളയിലേക്ക്‌ കടന്നു കഴിഞ്ഞു

കടക്ക് അകത്തു വെളിച്ചം കുറവായിരുന്നത് കൊണ്ട് അവൻ എന്റെ മുഖം കണ്ടു കാണില്ല..

ശരീരം ഒന്ന് വിറക്കുന്നതായും ദൃഷ്ടി മറിയുന്നതായും മാത്രമേ എനിക്ക് തോന്നിയുള്ളൂ...

വീണതും മരിച്ചതും എനിക്ക് ഓർമയില്ല...

         

സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ പ്രലോഭനങ്ങൾ

സ്വർഗ്ഗത്തിലേക്കുള്ള വഴിയിലെ പ്രലോഭനങ്ങൾ

ഒന്നുമില്ലാത്തവർ

ഒന്നുമില്ലാത്തവർ