Kadhajalakam is a window to the world of fictional writings by a collective of writers

നഷ്ടങ്ങൾ ബാക്കിവയ്ക്കുന്നത്

നഷ്ടങ്ങൾ ബാക്കിവയ്ക്കുന്നത്

കുറേ ദിവസങ്ങൾക്ക് മുന്നേയാണ്. കയനിയിലെ വല്ല്യച്ഛൻ (അമ്മയുടെ അച്ഛൻ) മരിച്ചിരിക്കുന്നു . വേദനയോടെ ആണ് ആ വാർത്ത കേട്ടത് . എന്തോ, ഞെട്ടൽ തോന്നിയില്ല . മനസിന്റെ ഉള്ളിലെവിടെയോ അങ്ങനെ ഒരു വാർത്ത ഉടൻ കേൾക്കാൻ ഇടയാകുമെന്നൊരുഒരു തോന്നൽ ഉണ്ടായിരുന്നതു കൊണ്ടായിരിക്കാം. എന്നാൽ,സാധാരണ മറ്റുള്ളവരുടെ വേർപാടിൽ ഉണ്ടാകുന്നത് പോലെ തന്നെ വല്യച്ഛനുമായി ബന്ധപ്പെട്ട ഓർമകളിലേക്ക് ഈവിയോഗ വാർത്തമനസിനെ എടുത്തുകൊണ്ടു പോയി.

കയനി (“അമ്മവീട് ”), എന്റെ ഓർമ്മകളിലെ വിസ്മരിക്കാനാകത്ത ഒരിടമാണ് . പലർക്കും അമ്മ വീട് സ്വർഗമാണ് . അവധിയും അമ്മ വീടും തമ്മിൽ അഭേദ്യമായ ഒരു ബന്ധമുണ്ടെന്നു തോന്നീട്ടുണ്ട് . അവധിക്കാലത്താണല്ലോ ദീർഘമായ ഇടവേളകൾ തകർത്തുല്ലസിക്കാൻ അമ്മവീട്ടിൽ പോകുന്നത് . അത് കൊണ്ടോ എന്തോ , എനിക്കും കയനി ഒരു സ്വർഗം തന്നെയായിരുന്നു .

ഒൻപത് മക്കൾക്കാണ് വല്യച്ചനും വല്യമ്മയും ജന്മം കൊടുത്തത് . രണ്ടു പേർ ചെറുപ്പത്തിലെ ദീനം വന്നു മരിച്ചു പോയിരുന്നു . അവരെ കുറിച്ച് കേട്ടറിവേ ഉണ്ടായിരുന്നൊള്ളൂ . ഈ വലിയ കുടുംബത്തിന്റെ അധിപൻ ആയിരുന്നു വല്ല്യച്ഛൻ . ശാന്തശീലനും മിതഭാഷിയും ആയിരുന്നു. തേങ്ങയിടുന്ന ജോലിയായിരുന്നു ആദ്യകാലങ്ങളിൽ. പിന്നീട് അമ്മാവൻ പിന്ഗാമിയായി. അമ്മയായിരുന്നു കുടുംബത്തിലെ മൂത്ത അംഗം. അത് കൊണ്ട് തന്നെ , വല്യച്ഛന്റെ സ്നേഹത്തിന്റെ വലിയ പങ്കു ഞങ്ങൾ (ഞാൻ , ഏട്ടൻ , ചേച്ചി ) മൂവർ സംഘത്തിനു കിട്ടിക്കാണുമായിരിക്കും. അങ്ങാടിയിലെ തൊഴിലാളി ഹോട്ടലിൽ നിന്ന് വല്ല്യച്ഛൻ മേടിച്ചു തന്നിരുന്ന സുഖിയന്റെയും സേമിയയുടെയും രുചി ഇപ്പോഴും വായിലുണ്ട് . “ചിന്നേന്റെ മക്കളെപ്പഴെ വന്നു“ എന്ന് അവിടെ ഇരിക്കുന്നവരിലാരേലും ഒക്കെ ചോദിക്കും . ഓർക്കുമ്പോൾ, വല്യച്ഛന്റെ മുഖത്തെവാത്സല്യഭാവങ്ങളുടെ കളിയാട്ടമാണ് നെഞ്ചിൽ നിറയുന്നത്.

വരുമാനം എന്ന വാക്ക് മേനി പറയാനും കലഹിക്കനും ഉപയോഗിക്കപ്പെടുന്ന ഈ കാലഘട്ടത്തിൽ, ഉള്ള വരുമാനം കൊണ്ട് എഴു മക്കളെയും പരമാവധി അല്ലലറിയിക്കാതെയും കലഹിക്കാതെയും ഒക്കെ വളർത്തിവലുതാക്കിയ വല്ല്യച്ഛന് , എന്റെ മനസ്സിൽവലിയൊരുസ്ഥാനം തന്നെ ഉണ്ട് . ഇത്രയും കാലം ഏതെങ്കിലും രീതിയിലുള്ള ശകാരമോ , മറ്റോ കേട്ടിട്ടില്ല .എല്ലാ മക്കളെയും സ്നേഹവും സന്തോഷവും കൊടുത്തു വളർത്തി .

പശുവും , തൊഴുത്തും , പാടവും, പറമ്പുമൊക്കെയായിരുന്നു മൂപ്പർക്ക് എല്ലാം . ഒരിക്കൽ ഞാനും അമ്മാവന്റെ മക്കളും ചേർന്ന് പശുവിനുള്ള വയ്ക്കോൽ കൂനയിൽ നിന്ന് ഒരു കന്ന് വൈക്കോൽ എന്തിനോ ഇളക്കി മാറ്റി . അന്ന് മാത്രമാണ് ലേശമെങ്കിലും ശബ്ദം ഉയർത്തി കണ്ടിട്ടുള്ളത്

കുട്ടിക്കാലം കയനിയിൽ ചെന്നാൽ പുരയുടെ ഉയരത്തിൽ കുന്നു കൂട്ടി ഇട്ടിരിക്കുന്ന കറ്റയായിരിക്കും . അതിലാണ് ഞങ്ങളുടെ കളിയൊക്കെ . കളിച്ചു കളിച്ച് ദേഹമാസകലം ചൊറിഞ്ഞു നടക്കാൻ വേറെ ഒരു രസമായിരുന്നു

വല്യച്ഛന്റെ എല്ലാ മക്കളും കൃഷിയിൽ ഒക്കെ ഒരു പോലെ സഹായിക്കുമായിരുന്നു . പാടത്തെ പണിക്കാർക്ക് ഭക്ഷണം വെക്കാനും , കൊണ്ട് കൊടുക്കാനും ഒക്കെ ആയി ചെറിയമ്മമാരും (കൂടെ പേരക്കുട്ടികളായ ഞങ്ങളും ) ചുമടേറ്റി വരാനും മെതിക്കാൻ മുന്കൈ എടുക്കാനും ഒക്കെയായി മാമന്മാരും. ചെറിയൊരു വീട്ടിൽഇത്രയും ആളുകളും വലിയ സ്നേഹത്തോടെയാണ് കഴിഞ്ഞ് പോന്നത്

വല്ല്യച്ഛൻ കോലായ മുറിയിൽ ബെഞ്ചിലാണ് കിടന്നിരുന്നത് . ഞാൻ കോലായിൽ മാമന്മാര്ടെ കൂടെയോ അകത്തെ മുറിയിലോ, ഇടനാഴിയിൽ ചെറിയമ്മമാരുടെ കൂടെയോ കിടക്കും . ബാബുമാമ അടുത്തുള്ള തങ്കേടത്തിയുടെ വീട്ടില് ടോർച്ചുമായി രാത്രി ഉറങ്ങാൻ പോകും . അതൊക്കെ തെളിഞ്ഞ കിടക്കുന്നുണ്ട് ഓർമയിൽ .

മുറികളുടെ എണ്ണം കുറഞ്ഞെന്നോ . മേല്കൂരക്ക് പൊക്കം കുറഞ്ഞുപോയെന്നോ , ഫ്ലാറ്റിൽ വെളിച്ചം പോരെന്നോ ഒക്കെയുള്ള ഇന്നത്തെ പരിഭവങ്ങളെപ്പറ്റിചിന്തിക്കുമ്പോൾ, ആ വീട്ടിൽആർക്കെങ്കിലും അന്നൊക്കെ യാതൊരുവിധസൗകര്യക്കുറവുകളുംതോന്നിയിട്ടില്ലായിരുന്നു . മറിച്ച് , ഒരുപാട് സൗകര്യങ്ങൾ ഉള്ള വലിയൊരു കൊട്ടാരമായിരുന്നു എല്ലാവർക്കും ഞങ്ങളുടെ വീട്.പലപ്പോഴും നമ്മൾ കെട്ടിപ്പൊക്കുന്ന ചുമരുകൾക്കു സ്നേഹം കൊണ്ടുള്ള ചുമരുകളുടെ പൊക്കം പോര എന്ന തിരിച്ചറിവാണ് ഇന്നിന്റെ അനുഭവങ്ങൾനമുക്ക് തരുന്നത് .

കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ല് അന്വർത്ഥമാക്കുന്ന കാഴ്ചകളായിരുന്നു ആഘോഷങ്ങൾ . ഓണം, വിഷു, പെരുന്നാൾ, എല്ലാംതന്നെവലിയ അവേശ ത്തോടെയാണ് ആഘോഷിച്ചു പോന്നത് .

വേലായുധന്റെ (വല്ല്യച്ഛൻ) വീട്ടിലേക്ക് സൊറ പറയാൻ വേലിക്കൽ വന്നിരുന്ന ഹജ്ജുമ്മയും , സഫിയാത്താന്റെ വീട്ടില് നിന്ന് നോമ്പുകാലത്ത് കൊണ്ട് വന്നിരുന്ന തരിക്കഞ്ഞിയും , പപ്പടക്കാരുടെ വീട്ടരികിലെ മുള്ളൻ മടയും , ജാക്കീര് തൊടി(അയൽ വീട് ) യിലേക്കുള്ള കുളിക്കാൻ പോക്കും , അറബീടെം നൂര്ജഹാന്റെ വീടിന്റെ അരികിലൂടെയുള്ള തെണ്ടിനടത്തവും പിന്നെ വല്യമ്മ തന്നയക്കുന്ന കോഴിക്കുഞ്ഞുങ്ങളെ സഞ്ചിയിലാക്കിക്കൊണ്ട് പാടവരമ്പിലൂടെ തിരിച്ചു, വീട്ടിലേക്ക് നിറ കണ്ണ് കളോടെയുള്ള മടക്കവും എല്ലാം നിറമുള്ള ഓർമ്മകൾ എന്നതിനപ്പുറം ജീവിതത്തെ മുന്നോട്ട് നയിക്കാൻ കിട്ടിയ അമൂല്യമായ മുത്തുകളായാണ് അനുഭവപ്പെടുന്നത്

വലിയൊരു ദുഃഖം തന്നെയാണ് വല്യച്ഛന്റെ വേർപാട് . ജീവിതത്തിൽ പാലിക്കേണ്ട മര്യാദയും , മിതത്വവും , പൊതുബോധവും എല്ലാം പറയാതെ പറഞ്ഞിട്ടുണ്ട്, പലപ്പോഴായി. ആ തിരിച്ചറിവ് ഞങ്ങളെ മുന്നോട്ട് നയിക്കട്ടെ. വേർപാടിന്റെ നഷ്ടങ്ങൾ ബാക്കിവെക്കുന്നത് ചെറിയ ചെറിയ വലിയ കാര്യങ്ങളാണ് .

നിറകണ്ണുകളോടെ അവസാനമായി അങ്ങയുടെ പാദങ്ങളിൽ പ്രണാമം അർപ്പിക്കട്ടെ.

സ്വർഗ്ഗം താണ്ടി വന്നവൻ

സ്വർഗ്ഗം താണ്ടി വന്നവൻ

പറഞ്ഞു മറന്ന കഥ

പറഞ്ഞു മറന്ന കഥ