Kadhajalakam is a window to the world of fictional writings by a collective of writers

സാന്‍ഡ് പേപ്പര്‍

സാന്‍ഡ് പേപ്പര്‍

അവനിതു പ്രശ്നമാക്കും തീര്‍ച്ച. അല്ലേലും എനിക്കിട്ടു പണിയുക എന്നതായിരുന്നല്ലൊ അവനെന്നും താല്‍പര്യം. നിങ്ങള്‍തന്നെ പറയൂ, അതിനുമാത്രം എന്തു തെറ്റാണ് ഞാന്‍ ചെയ്തതെന്ന്.ഏതോ ഒരു ദ്രോഹി, "ഈ അത്യപൂര്‍വ്വ കലാസൃഷ്ടി കാണൂ" എന്ന ടാഗോടെ അയച്ച വാട്സ്സാപ് വീഡിയൊ, സ്വന്തം ഫ്രണ്ട്സ് ഗ്രൂപ്പില്‍ ഷെയര്‍ ചെയ്തതാണൊ ഇത്ര വലിയ പാതകം?

ആരറിഞ്ഞു അതിന്റെ അവസാനമിങ്ങനെയൊരു ചതി ഒളിഞ്ഞിരിപ്പുണ്ടെന്ന്?

അല്ല ഞാനാലോചിക്കുകയായിരുന്നു, എന്നുമുതലാണ് ഇവനെന്റെ ജീവിതത്തില്‍ പ്രതിനായകവേഷം കെട്ടി ഇടപെടലുകള്‍ നടത്തിത്തുടങ്ങിയതെന്ന്? ലക്ഷ്മണ്‍ പോറ്റിയുടെ തേൻ വരിക്കച്ചക്കത്തോട്ടം കൈയേറിയ ദിവസമാണോ?

അതിനു ഇവന്‍റെ സഹായമില്ലാതെ തന്നെ തട്ടുകിട്ടിയതാണല്ലൊ. അതിന് ഒരാഴ്ച മുന്‍പാണ് നടവഴിയില്‍ വാരിക്കുഴികുത്തി  നടത്തിയ പരീക്ഷണത്തിന് നമ്മുടെ കഥാനായകന്‍റെ സഹായത്താ‍ല്‍ വാസവനമ്മാവന്‍റെ താലിബാന്‍ മോഡൽ പീഡനമേറ്റത്. അല്ലെങ്കിൽതന്നെയും എന്ത് പരീക്ഷണങ്ങളെയാണ് ഏതെങ്കിലുമൊരു വീട്ടുകാർ പ്രോത്സാഹിപ്പിച്ചിട്ടുള്ളത്?  ദേവയാനിചേച്ചിയുടെ പറമ്പിൽ, കഴിഞ്ഞ മഴയ്ക്ക്മുമ്പ് കെട്ടിയുയർത്തിയ ഇടക്കയ്യാല ഇടിച്ചിട്ടതാണ് അമ്മാവനെ പ്രകോപിതനാക്കിയതെന്ന് വിചാരണവേളയില്‍ വെളിപ്പെട്ടതാണ്. കൂടാതെ ദൊ ലവന്‍റെ സാക്ഷിമൊഴി വേറെയും. എനിക്കു തല്ലുകിട്ടാവുന്ന എല്ലാക്കേസിലും ലവനായിരിക്കും പ്രധാന സാക്ഷി.

എട്ടാം ക്ലാസില്‍ വച്ചാണോ? അതെ എട്ടാംക്ലാസില്‍ വച്ചു തന്നെ. അവന്‍ ശരിക്കുമൊരു  പ്രതിസന്ധിയായിട്ടാണെന്റെ ജീവിതത്തിലവതരിച്ചത്. ചരിത്രം നമ്മെ പഠിപ്പിക്കുന്നതങ്ങനെയാണ്. എല്ലാ പുരോഗമന ചിന്താഗതിക്കാരുടെയും ജീവിതത്തിന്റെ ഗതിമാറ്റം സംഭവിക്കുന്നത് ഏതാണ്ട് ഈ സമയത്താണല്ലൊ? ചിരിക്കണ്ട, സീരിയസ്സായൊരുകാര്യം പറഞ്ഞുവരുന്നതിനിടയില്‍, വെറുതെ ചിരിച്ചു തള്ളണ്ട.

അക്കാലത്ത് ഞാനുമൊരു പുരോഗമന ചിന്താഗതിക്കാരനായിരുന്നു. വ്യവസ്ഥാപിത ചട്ടങ്ങള്‍ക്കെതിരെ സ്വയം തെളിച്ച വഴികളിലൂടെ, മാറ്റങ്ങള്‍ക്ക്  ശ്രമിക്കുന്നവരാണല്ലൊ മേല്‍പറഞ്ഞ ഗണത്തില്‍പെടുന്നത്.

സ്ഥിരമായി  സ്കുളിലും ട്യൂഷൻ  ക്ലാസ്സിലും കയറുക,. പാഠപുസ്തകങ്ങളെ അന്ധമായി ആശ്രയിക്കുക തുടങ്ങിയ പഴഞ്ചൻ വിദ്യാഭ്യാസ രീതികളോട് ഞങ്ങള്‍ക്കെതിര്‍പ്പായിരുന്നു. സമൂഹത്തില്‍ നിന്നും പ്രകൃതിയില്‍ നിന്നുമാകണം പഠനമെന്ന് ഞങ്ങൾ ഉറച്ചു വിശ്വസിച്ചു. എങ്കിലും സ്കൂള്‍ സമരങ്ങള്‍, വഴിതടയല്‍ തുടങ്ങിയ രീതികളോടെന്നും അനുഭാവ  മനോഭാവം തന്നെയായിരുന്നു.. പാഠ്യേതര വിഷയങ്ങളിലുള്ള താൽപര്യം മാത്രമായിരുന്നു ഇതിന്റെയൊക്കെ പിന്നിൽ. എന്നാൽ ലോ ലവന്‍ അന്നു തന്നെ വിരുദ്ധ ചേരിയിലായിരുന്നു. പൊടിമീശ കറുപ്പിക്കല്‍, പുകവലി പരിശീലനം തുടങ്ങിയ മറ്റു കലാവാസനകള്‍ പരിപോഷിപ്പിക്കുന്ന കാര്യത്തിലും ലവന് യാതൊരു താല്‍പര്യങ്ങളുമില്ലായിരുന്നു. പ്രൊഫ. സുമേഷ്എന്ന ഞങ്ങളുടെ ഗുരുവിന്റെ അഭിപ്രായത്തില്‍ ലവന്‍ അതുവരെ പുരുഷനായിട്ടില്ലായിരുന്നു. സുമേഷ് ഗുരുവിന്റെ അഭിപ്രായത്തില്‍, മീശ വരുന്നതും പുകവലിക്കാനറിയുന്നതുമായിരുന്നു പുരുഷ പദവികിട്ടാനുള്ള യോഗ്യതാ പരീക്ഷ.

എത്ര കരി പുരട്ടിയിട്ടും, സാബുച്ചേട്ടന്‍റെ റേസറിനാല്‍ വടിച്ചിട്ടും എനിക്കിന്നും അവന്‍റെയത്ര മീശവന്നിട്ടില്ല. ഗു‍ണമൊന്നുമുണ്ടായില്ലാ എന്നു മാത്രമല്ല, മേല്‍പ്പറഞ്ഞ കലാപരിശീലന വിവരങ്ങള്‍ വീട്ടിലെത്തുകയും കണക്കിന് പരിഹാസവുംതല്ലും ലോഭമില്ലാതെ  കിട്ടിക്കൊണ്ടുമിരുന്നു. ആ കാര്യങ്ങളിൽ വീട്ടുകാരുടെ ചാരനും ലവന്‍ തന്നെ.

ലവനെന്നു പറഞ്ഞാല്‍ വാസവനമ്മാവന്‍റെ ഇളയപുത്രന്‍.സന്ദീപ് വി. വേലിക്കല്‍. അവന്‍റെ പേരില്‍തന്നെ വേലിയും വള്ളിക്കെട്ടും ഒളിഞ്ഞിപ്പുണ്ടെന്ന കാര്യം സുമേഷ് ഗുരുവാണ് കണ്ടെത്തിയത്.

മേല്‍ പറഞ്ഞ ഗതിവിഗതിക‍ള്‍ മാറ്റിയ സംഭവങ്ങളുടെ തുടക്കം, സുമേഷ് ഗുരുവിന്‍റെ കൈയിലെ പുണ്യപുരാതന വിജ്ഞാനകോശത്തില്‍ നിന്നുമായിരുന്നു..

ഞങ്ങള്‍, അത്യാധുനിക പുരോഗമനവാദികളുടെ ,പാഠ്യേതരജിജ്ഞാസകളുടെ, റഫറന്‍സ് ഗ്രന്ഥമായത് മാറി. ജിജ്ഞാസ വളര്‍ന്ന് ഡിഗ്രിക്കു പഠിക്കുന്ന സാബുച്ചേട്ടന്‍റെ കയ്യിലെ വര്‍ണ്ണശബളമായ ഗ്രന്ഥം ചൂണ്ടുന്നതുവരെയെത്തി കാര്യങ്ങള്‍. ലവനിതില്‍ വിജ്ഞാനവും താല്‍പര്യവും കുറവായതിരുന്നതിലാകാം ഇത്തരം വിവരങ്ങൾ വീട്ടിലറിഞ്ഞിരിന്നില്ല.

പക്ഷെ അന്ന് സ്കൂളിലെക്കുള്ള വഴിമദ്ധ്യേയാണ് ഞങ്ങളുടെ ഗ്രന്ഥവും വിശകലനങ്ങളും  ലവന്‍റെ ശ്രദ്ധയിപ്പെടുന്നത്. ചാരക്കണ്ണുകളെത്തിയപാടെ മുന്നറിയിപ്പും വന്നു.

"കൊണ്ടു കളഞ്ഞോണം ഇപ്പൊള്‍ത്തന്നെ. അല്ലെല്‍ അമ്മായിയോട് പറയും"

സാബുച്ചേട്ടനോടും പറയുമെന്ന ഭീക്ഷണികൂടെയെത്തി. ഞാന്‍ ശരിക്കുമൊന്ന് പതറി. ഇത്തരമൊരു വിവരം വീട്ടിലെത്തിയാലുള്ള ബാല ലീലകളോര്‍ത്തപ്പോള്‍ ഉള്ളൊന്നു കാളി. ഇത്തരത്തിലുള്ള ബാലപീഢനങ്ങള്‍ ചോദ്യം ചെയ്യാന്‍ ബാലാവകാശ കമ്മീഷനോ ചൈല്‍ഡ് ഹെൽപ്പ് ലൈനോ  ഇല്ലാതിരുന്ന കാലമാണെന്നോർക്കണം.

സുമേഷും ഗോപനും ധൈര്യം പക൪ന്നുതന്ന് കൂടെയെത്തി. 

"അവനെ പോകാന്‍ പറ..പുസ്തകം സാബു ചേട്ടന്‍റെയല്ലെ.അപ്പോളയാളല്ലെ ഒന്നാം പ്രതി..നിന്നെയാര്‍ക്കുമൊന്നും ചെയ്യാനാകില്ല"

സുരേഷിന്‍റെ നിയമോപദേശത്താൽ  ഞാന്‍ ധൈര്യം വീണ്ടെടുത്തു..നമ്മുടെ മുഖ്യന്‍പോലും ഇതുപോലുള്ള നിയമൊപദേശം തട്ടികളയില്ല.

"നീയാരാ എന്‍റെ വ്യക്തിഗതകാര്യത്തിലിടപെടാന്‍?  നീ നിന്‍റെ കാര്യം നോക്കിയാല്‍ മതി"എന്നില്‍ ധൈര്യമണര്‍ന്നു..

അവന്‍റെ ഭീക്ഷണി കാര്യമാക്കാന്‍ പോയില്ല. അകന്ന ബന്ധുകൂടിയായ നമ്മുടെ ഡ്രോയിംഗ് ടീച്ചറിന്‍റെ ക്ലാസുവരെമാത്രമെ എന്‍റെയാ അതിരുകടന്ന ആത്മവിശ്വാസത്തിന് ആയുസ്സുണ്ടായിരുന്നുള്ളു. തുടര്‍ന്നുണ്ടായ, ഹെഡ്മാഷിന്‍റെ ആദ്യചൂരല്‍ മുരള്‍ച്ചയില്‍ തന്നെ അതുവരെ സംഭരിച്ച ധൈര്യമെല്ലാം ചോര്‍ന്ന് സ്റ്റാഫ്റൂമില്‍ പട൪ന്നു.. സഹകുറ്റവാളികളുടെ വിവരങ്ങളും, അതിന് മുമ്പ് പങ്കുണ്ടായിരുന്ന കൂട്ടുത്തരവാദിത്ത്വമുള്ള മുഴുവന്‍ കേസുകളും വെളിയില്‍ വന്നെങ്കിലും തെളിവില്ലാത്ത കാരണത്താല്‍ കൂട്ടു പ്രതികള്‍ക്ക് ശിക്ഷായിളവുകിട്ടി..ഞാനൊറ്റപ്പെട്ടു..

വീട്ടിലെ വിചാരണക്കിടയില്‍ സാബുചേട്ടന്‍റെ പേരുപറഞ്ഞാല്‍ രക്ഷപ്പെടാമെന്ന നിയമോപദേശവും തെറ്റാണെന്ന് തെളിഞ്ഞു..ദേ പുട്ട് ചേട്ടനെപ്പോലെ ഞാനും പെട്ടുവെന്ന് പറഞ്ഞാമതിയല്ലോ. .ഒരു സപ്പോര്‍ട്ടിനുപ്പോലും ഒറ്റ ഫാന്‍സുകാരെയും  കണ്ടില്ല പേരിനുപോലും ന്യായീകരിക്കാന്‍ ഒരുത്തനും തയ്യാറായതുമില്ല. സാബുച്ചേട്ടന്‍ എന്‍റെ പൂര്‍വ്വകാല ചരിത്രം വിളമ്പി തടിയൂരി. അല്ലെങ്കിലും വീട്ടിലെ ഹൈക്കമാന്‍ഡില്‍ പണ്ടെ നല്ല പിടിപാടുള്ളവരങ്ങനാ.. എന്തു നാറിയ പണികാണിച്ചാലും രക്ഷപ്പെടും..

ആ ദുരന്തം നടന്ന ദിവസിത്തിനും അടുത്ത ദിവസങ്ങള്‍ക്കും ശേഷം, കര്‍ശന ഉപാധികളൊടെ ജാമ്യത്തിലിറങ്ങി. സഹകുറ്റവാളികളുടെ നേതൃത്വത്തില്‍ കൂടിയ അനുശോചനയോഗത്തില്‍ ലോ ലവന്‍റെ ചാരപ്രവൃത്തിയെ ശക്തമായ ഭാഷയില്‍ അപലപിച്ചു..ആ  യോഗത്തി‍ല്‍ വച്ചാണ് സുമേഷ് ഗുരു ലവനൊരു പേര് നി൪ദ്ദേശിച്ചത്.. അവന്‍ സന്ദീപല്ല  "സാന്‍ഡ് പേപ്പര്‍" ആണ്..ഉരപ്പന്‍ സാന്‍ഡ് പേപ്പര്‍ .ലവന് ഇതിലും അനുയോജ്യമായ മറ്റൊരു വട്ടപ്പേരു കിട്ടാനില്ലായിരുന്നു.

നീണ്ട മുപ്പത് വ൪ഷങ്ങൾ കഴിഞ്ഞിട്ടും അന്നത്തെ ഞെട്ടല്‍ ഇന്നും മാറിയിട്ടില്ല..  ഫോണിന്‍റെ പരസ്യത്തിലെ പട്ടിയെപ്പോലെ ഇന്നുമവന്‍റെ ചാരക്കണ്ണുകളെന്നെ വിടാതെ പിന്തുടരുന്നുണ്ട്.

ഞാന്‍ കുടുംബ പാരമ്പര്യം പിന്‍തുടര്‍ന്നു ഖദറിട്ടപ്പോള്‍ ലവന്‍ കമ്യൂണിസ്റ്റായി എന്നെ വിമര്‍ശിക്കുവാന്‍ തുടങ്ങി...വാട്സപ്പിലും ഫെയ്സ് ബുക്കിലുമെല്ലാമവനുണ്ട്..അതിലുമവന്‍റെ വിമര്‍ശന ചാരക്കണ്ണുകൾ പ്രവർത്തിക്കുന്നു.

കഴിഞ്ഞ ദിവസമവന്‍റെ നേതാവിനെ ട്രോളിയൊരു ചേച്ചിയുടെ പടം ഗ്രൂപ്പിലിട്ടതിനെന്തായിരുന്നു പുകില്! സ്ത്രീ അംഗങ്ങളോട് മാപ്പു പറയിപ്പിച്ചു...അങ്ങനെയുള്ളവന്‍ ഈ വീഡിയൊ കണ്ടാല്‍ ക്ഷമിക്കുമോ?..സഹഖദറികള്‍ പോലും ക്ഷമിക്കില്ല..അത്രക്കുള്ള പണിയായിപ്പോയി...ദ്രോഹി...പോസ്റ്റിയവനെകണ്ടാല്‍ കൊല്ലാനുള്ള കലിയുണ്ട്.

പലപ്പോഴുമോര്‍ത്തിട്ടുള്ളതാണ് ലവനെയങ്ങ് തട്ടികളഞ്ഞാലോയെന്ന്. തട്ടല്‍ നമ്മുടെ പാര്‍ട്ടി പറഞ്ഞ കളിയല്ലാത്തതുകൊണ്ട് വേണ്ടാന്നു വച്ചു.. വേണേല്‍ ക്വട്ടേഷന്‍ കൊടുക്കാം..അതു പാര്‍ട്ടിയനുവദിക്കുന്നുണ്ട്. കൂടാതെ  അതാണല്ലൊ പുതിയ ട്രെന്‍ഡ്. പുട്ടിന്‍റെ ചേട്ടന്‍ പെട്ടെങ്കിലും അതാണ് സേയ്ഫ്.

ഒാരോന്നോര്‍ത്ത് നടക്കുന്നതിനിടയില്‍ നടപ്പ് റോഡിലേക്ക് മാറിയതറിഞ്ഞില്ല...വലിയ ശബ്ദത്തോടെ വാഹനം ബ്രേക്കിടുന്ന ശബ്ദം കേട്ടാണ് ചിന്തയില്‍ നിന്നുണര്‍ന്നത്....അകമ്പടിയായി  ഡ്രൈവർമാരുടെ  തെറിയും..

"ചാകാനിറങ്ങിയതാണോടാ" പോലീസ് വാനിന്റെ  രൂപം തെളിഞ്ഞു ..കൂടെ യേമാന്‍റെയും.എന്‍റെ ഖദര്‍ കണ്ടാകാം, അദ്ദേഹം സ്വരമൊന്നു മയപ്പെടുത്തി.

"കള്ളു കുടിച്ചാ‍ല്‍ വീട്ടിപ്പൊയ്ക്കൂടേ. മറ്റു‍ള്ളവരെ മെനക്കെടുത്താന്‍"

ഞാന്‍ ക്ഷമാപൂ൪വ്വം റോഡരികിലേക്ക് മാറി..വാന്‍ മുന്നോട്ട് ഒാടിപ്പോയി. ഇനിയിപ്പോള്‍ ലവന്‍റെ പണിയാണൊ?..അല്ലാതെ ഈ വഴി പൊലീസു വരേണ്ട കാര്യമെന്താ?.വന്നാല്‍ തന്നെ ഞാൻ കള്ളുകുടിച്ചതെങ്ങനെയറിഞ്ഞു? ഉരപ്പന്‍റെ പണിതന്നെ..കള്ളുകുടിക്കാന്‍ കയറുന്നത് ലവന്‍ കണ്ടിരിക്കും..

എന്നെയിങ്ങനെ ഉരച്ചുരച്ചു ഉപദേശിച്ചു നന്നാക്കാനിവനാരാ സോണിയാജിയുടെ പുത്രനൊ? അതൊ ഗാന്ധിജിയുടെ പൗത്രനൊ?...അല്ലാ ആരായിവരൊക്കെ? അതൊക്കെയാര്‍ക്കറിയണം?..സോറി. ഇടക്കിടക്ക് രാഷ്ട്രീയ അസ്ക്കിത വന്നതാ..

എന്‍റെ സംശയം ബലപ്പെടുത്തിക്കൊണ്ട് ദെ ലവന്‍ മുന്നില്‍. കൈയില്‍ ടോര്‍ച്ചുമുണ്ട്..

"നീയെന്താണിത്ര താമസിച്ചത്?..വീട്ടിലമ്മായി ഭയന്നിരിക്കുകയാ..ഇതാ ടോര്‍ച്ച് പിടിക്ക്. അപ്പടി കുഴിയാണ്. തട്ടി വീഴും"

എന്നത്തെയും പോലെ മൈന്‍ഡ് ചെയ്യാതെ അവനെ തള്ളി മാറ്റി ഞാൻ മുന്നോട്ട് പോയി. ഒരു ചുവടു വച്ചപ്പോൾ തന്നെ  എന്തിലൊ തട്ടി ഞാൻ വീഴാന്‍ പോയി. അവനെത്തി പിന്നില്‍ നിന്നുംപിടിച്ചു. പെട്ടെന്നു വേച്ചുപോയ ഞാന്‍ നിയന്ത്രണം വീണ്ടെടുത്തു അവന്‍റെ കൈ തട്ടി മാറ്റി..

"നിന്‍റെ സഹായമെനിക്കു വേണ്ട..നീ നിന്‍റെ വഴിക്കു പോ!"

വേച്ചു വേച്ചു മുന്നോട്ടു നടക്കുന്നതിനിടയില്‍..മനസിലുറപ്പിച്ചു.ക്വട്ടേഷനെങ്കില്‍ ക്വട്ടേഷന്‍.ഇനി സഹിക്കാന്‍ പറ്റില്ല. ഇരുട്ടില്‍ തപ്പി മുന്നോട്ട്. പിന്നാലെ ടോര്‍ച്ചുമായി നിഴലു പോലെ ദൊ ലവനും...

അയാൾ

അയാൾ

കാർത്തിക

കാർത്തിക