Kadhajalakam is a window to the world of fictional writings by a collective of writers

പള്ളിക്കൂടം

പള്ളിക്കൂടം

പഴയ പ്രൈമറി സ്കൂളിന്റെ വരാന്തയിൽനിന്ന് നാല്പത് വർഷം അപ്പുറമുള്ള ഓർമകളിൽ തിരഞ്ഞു, ഉറഞ്ഞുപോയ ഓർമകളിൽ നിന്ന് അഗ്നി കത്തിക്കാനുള്ള ശ്രമം. തെളിയാത്ത ഓർമകളുടെ പാളികൾക്കിടയിൽ നിന്ന് മകന്റെ ചോദ്യം എന്നെ ഉണർത്തി.

‘അച്ഛാ ഇതാണോ അച്ഛൻ പഠിച്ച ഒന്നാം ക്ലാസ്സ്'.

അതെ ചുവരുകളും നിറം മങ്ങിയ ബ്ലാക്‌ബോർഡും അവനു കാണിച്ചു കൊടുത്തു.

‘എന്റെ ക്ലാസ്സിൽ രണ്ട് ബോർഡുണ്ട്'. യു.കെ.ജിക്കാരന്റെ അഹങ്കാരം, എന്നെ അമ്പരപ്പിച്ചു.

ഒരു ദിവസം അച്ഛൻ പഠിച്ച സ്കൂളിൽ കൊണ്ടുപോയി കാണിക്കാമെന്നു നല്കിയ വാഗ്ദാനം പാലിക്കാനാണ് അവനെ ഇവിടെ കൊണ്ടുവന്നത്.ഞങ്ങൾ 116 വർഷം പഴക്കമുള്ള സ്കൂൾ മുത്തശ്ശിക്ക് ചുറ്റും പതിയെ നടന്നു.പ്രായം കൊണ്ട് നിറം മങ്ങിയ ഓടുകളും കുമ്മായ ചുവരുകളും, പിറകിലെ പുളിമരം അവിടുന്നില്ല. ഞങ്ങൾക്ക് ഉച്ചയ്ക്ക് വേവിച്ച ചോളം കിട്ടിയിരുന്നത് പുളിമരത്തിന്റെ ചുവട്ടിലുള്ള ചോളപ്പുരയിൽ നിന്നാണ്.ആരോഗ്യമുള്ള യുവത്വത്തെ വാർത്തെടുക്കാൻ സർക്കാരിന്റെ ശ്രമം, വേവിച്ച ചോളത്തിനു ഒരു ചെറു ചുവയുണ്ടായിരുന്നു.ചോളം തിന്നാൻ ഞാൻ വീട്ടിൽ നിന്നു പഞ്ചസാര പൊതിഞ്ഞു കൊണ്ടുവരുമായിരുന്നു .ചെറു പൊതിയഴിച്ചു പഞ്ചാര ചൂടുള്ള ചോളത്തില് വെരവി തിന്നു൦. ഇതു കണ്ടുപിടിച്ച അടുത്തിരുന്ന കൂട്ടുകാർ, എന്റെ ചോളം കയ്യിട്ടു വാരിയെടുക്കും ഇതു കേട്ടുഅവൻ തുള്ളിച്ചിരിച്ചു.

പണ്ട് പഠിക്കാൻ കയ്യിൽ പിടിക്കാനുള്ള പുസ്തകവും സ്ലേറ്റും മാത്രമേ ഉണ്ടായിരുന്നുള്ളൂ. അങ്ങനെയൊക്ക പഠിച്ചാണ് ഇന്ന് നമ്മുടെ നാടുഭരിക്കുന്ന ഭരണാധികാരികളും ന്യായാധിപൻ മാരും ഉന്നതഉദ്യോഗസ്ഥരും ഒക്കെ ഉണ്ടായിട്ടുള്ളത്, അവരുടെ തെളിഞ്ഞ ചിന്തകൾക്ക് വഴികാട്ടിയത് ഇവിടുന്ന് കിട്ടിയ അറിവുകൾ ആണ്.

‘അച്ഛാ നോക്കൂ’, മകന്റെ വിളി എന്നെ ചിന്തയിൽ നിന്ന് ഉണർത്തി.

‘ഈ സ്കൂളിന്റെ ജനലിനു കമ്പികളില്ല, ഞാനും അൽഫിയാനുമൊക്കെ അറിയാതങ്ങു പുറത്തേക്ക്‌ ചാടി പോകും’ അതുകൊണ്ടു ഞാനീ സ്കൂളിൽ പഠിക്കുന്നില്ല. യു. കെ.ജി ക്കാരന്റെ തിരിച്ചറിവ് എന്നെ അത്ഭുതപ്പെടുത്തി..'ദാ നോക്കൂ ഇവിടുത്തെ ഒരു ബെഞ്ചിന്റെ കാല് ഇളകിയിരുന്നു', സാറ് പോയ്ക്കഴിയുമ്പോൾ ഇളകിയ കാല് ഊരി മാറ്റി ഞങ്ങൾ വരി വരി യായി നെരങ്ങൽ കളിക്കും,ഓർമകളിൽ നിന്ന് പതുക്കെ പഴയ മുഖങ്ങൾ തെളിഞ്ഞു വരുന്നു.മഴ പെയ്യുമ്പോൾ ഈ മുറ്റത്തു നറച്ചു മഴ വെള്ളം കെട്ടും, അപ്പോൾ വെള്ളത്തിൽ ഞങ്ങളെ അത്ഭുത പെടുത്തികൊണ്ടു പച്ചവരമാക്രികൾ മുങ്ങി, പൊങ്ങി കളിക്കും.

‘മാക്രിയോ’ മകന് അത്ഭുതം

അതേ ‘തവള, മാക്രി, ഫ്രോഗ്’

‘ഫ്രോഗിന്റെ സ്പെല്ലിങ് തെറ്റിച്ചതിന് അച്ഛന് അടികൊണ്ടിട്ടുണ്ടോ’ അവൻ ചോദിച്ചു

“ഈ സ്കൂളിൽ അന്ന് ഫ്രോഗിന്റെ സ്പെല്ലിങ് പഠിപ്പിച്ചിരുന്നില്ല”

'അയ്യോ ഫ്രോഗിന്റെ സ്പെല്ലിങ് പഠിപ്പിക്കാത്ത ഈ സ്കൂളിലാണോ അച്ഛൻ പഠിച്ചത്'.

'വാ നമുക്കുപോകാം'. അവൻ എന്റെ കയ്യ് പിടിച്ചു വലിച്ചു.

'പിന്നിലൊരു മുത്തശ്ശിയുടെ ഗദ്ഗദം ഉയർന്നുവോ'

കൈയ്യിൽ പിടിച്ചു വലിച്ചുകൊണ്ടു അവൻ പടികളിറങ്ങി.

സായാഹ്നത്തിലെ കുരുവി

സായാഹ്നത്തിലെ കുരുവി

ക്വട്ടേഷൻ

ക്വട്ടേഷൻ