Kadhajalakam is a window to the world of fictional writings by a collective of writers

ചുവപ്പ്

ചുവപ്പ്

അന്ന് കണ്ണുനീരിനു നിറം ചുവപ്പായിരുന്നു.. ഒരുപാട് നാളായി നെഞ്ചിലേറ്റിയ സ്നേഹത്തിന്റെ തുടിപ്പ് ഇറ്റിറ്റായി പെയ്തിറങ്ങുകയായിരുന്നു. നാളിതു വരെ നെയ്തു കൂട്ടിയ സ്വപ്‌നങ്ങൾ.. പ്രതീക്ഷകൾ.. സങ്കൽപ്പങ്ങൾ.. എല്ലാം അന്യം നിന്ന് പോയ ദിവസം..

അശോകമരങ്ങളുടെ തണലിലൂടെ മിണ്ടാതെ മിണ്ടി കടന്നു പോയ മൂന്ന് വർഷങ്ങൾ. രാഷ്ട്രീയ ചിന്തകളില്ലാതിരുന്ന എനിക്ക് ചെഗുവേരയും സ്റ്റാലിനും ഒക്കെ സുപരിചിതരാവാൻ ഒട്ടും താമസമുണ്ടായില്ല. കരുത്താർന്ന കൈപ്പടം ഉയർത്തി മുദ്രാവാക്യങ്ങളോടെ നീ കടന്നു പോവുന്നത് കണ്ണിമ വെട്ടാതെ ഞാൻ നോക്കി ഇരിന്നിട്ടുണ്ട്. നിന്റെ ഉള്ളിലെ ചോരത്തിളപ്പ് എന്റെ ഉള്ളിൽ സ്നിഗ്ധമായ എന്തോ ഒന്ന് വാരി വിതറി. ഞാൻ പോലും അറിയാതെ നീയെന്ന കമ്മ്യൂണിസ്റ്റുകാരനെ ഞാൻ ഇഷ്ട്ടപെട്ടു തുടങ്ങി. പിന്നെ എന്റെ നോട്ടുപുസ്തകങ്ങളിലെ അക്ഷരങ്ങൾക്കെല്ലാം ചുവന്ന അടിവര ഉണ്ടായിരുന്നു. ചുവപ്പ് എന്ന അത് വരെ ശ്രദ്ധിക്കാതെ പോയ നിറം എന്റെ പ്രിയപ്പെട്ടതായി മാറുകയായിരുന്നു. ഞാൻ അറിഞ്ഞിരുന്നില്ല ഞാൻ ചുവപ്പിലൂടെ നിന്നോട് കൂടുതൽ അടുത്ത് കൊണ്ടിരിക്കുകയായിരുന്നു എന്ന്. ചുവപ്പ് എന്ന നിറത്തിനു തീവ്രത എന്നൊരു അർത്ഥം കൂടെ ഉണ്ട് എന്ന് ഞാൻ ശക്തമായി വിശ്വസിച്ചു. കലാലയ ജീവിതത്തിനു ഇത്ര മധുരമുണ്ട് എന്ന് ഞാൻ പ്രതീക്ഷിച്ചിരുന്നില്ല. പുസ്തക താളുകൾക്കിടയിലുള്ള മയില്പീലികൾ സൂര്യനെ കാണിക്കാതെ ഞാൻ കൊണ്ട് നടന്നു. നീ അറിയാതെ എന്റെ ഉള്ളിലെ ഇഷ്ടത്തെ കൊണ്ട് നടന്ന പോലെ.

അങ്ങനെ മൂന്ന് വർഷങ്ങൾ കടന്നു പോയി. വിട പറയലിന്റെ നൊമ്പരത്തോടെ ആ കലാലയത്തിലെ ഓരോ പുൽനാമ്പും നമ്മളെ നോക്കി കണ്ണീർ പൊഴിക്കുന്നത് പോലെ തോന്നി. വിതുമ്പലൊതുക്കി സ്വയം സമാശ്വസിപ്പിക്കാനേ കഴിഞ്ഞുള്ളു. ഉള്ളിന്റെ ഉള്ളിൽ എവിടെയോ ഒരു വിള്ളൽ എനിക്ക് അനുഭവപെട്ടു. എന്തൊക്കെയോ നഷ്ടപ്പെടാൻ പോവുന്ന ഒരു അവസ്ഥ. നീ എന്ന സത്യം ഞാൻ മനഃപൂർവം കണ്ടില്ലെന്നു നടിക്കണോ. തുറന്നു പറയാനുള്ള ധൈര്യം, അതെനിക്കില്ല. അല്ലെങ്കിൽ ഇത്ര നാളുകൾ ഞാൻ വീർപ്പു മുട്ടില്ലായിരുന്നു. എല്ലാ സങ്കടവും ഉള്ളിലൊതുക്കി ആ അവസാന ദിവസത്തെയും പറ്റിക്കാൻ ഞാൻ തയാറായി. 5 .30 ന്റെ ബസ് കിട്ടണം, മഴമൂട്ടം ഉണ്ട്.. ഇരുണ്ടു മൂടിയ ആകാശം.

മഴ പെയ്തു തോർന്ന ആ വൈകുന്നേരം വരാന്തയിലൂടെ നടക്കുമ്പോൾ എന്റെ പാദസ്വരങ്ങളുടെ ദീർഘനിശ്വാസം ഞാൻ കേട്ടു.. നടക്കാനിരിക്കുന്ന നിമിഷം മുൻകൂട്ടി കണ്ടതാവാം അവർ.. പടികളിറങ്ങി നടന്നു നീങ്ങുമ്പോൾ മുത്തശ്ശി മാവിന്റെ ചോട്ടിൽ ഒരാൾ നിക്കുന്നുണ്ടായിരുന്നു.. ഞാൻ നടക്കുമ്പോൾ എന്റെ അടുക്കലേക്കു അയാൾ നടന്നു വരുന്നു.. ഭയപ്പെട്ടു നിക്കുന്ന എന്റെ അരികിൽ വന്നു പറഞ്ഞ വാക്കുകൾ .. "കുട്ടി.. ഇങ്ങനെയൊരു ഇഷ്ട്ടം.. അത് എനിക്കറിയാമായിരുന്നു.. കണ്ടില്ലെന്നു നടിക്കുകയായിരുന്നു.. അത് വേണ്ട.. ശെരി ആവില്ല.. അങ്ങോട്ട് അങ്ങനെ ഇല്ല എന്നല്ല.. പക്ഷെ നമ്മൾ തമ്മിൽ ചേരില്ല.. കുടുംബങ്ങൾ.. ജീവിത സാഹചര്യങ്ങൾ.. എല്ലാം നമുക്കെതിരെ ആണ്.. നിനക്ക് നല്ലൊരു ജീവിതം വന്നു ചേരും.." കണ്ണുനീരിന്റെ കുത്തൊഴുക്കിൽ നടന്നു നീങ്ങുന്ന നിന്റെ മുഖം പോലും ഞാൻ അടുത്ത് കണ്ടില്ല..

ദിവസങ്ങൾ കടന്നു പോയി.. ഒരു അവജ്ഞ.. വെറുപ്പ്.. ദേഷ്യം.. നിസ്സഹായത! എന്റെ മനസ്സിലെ ചുവപ്പിന്റെ നിറം മങ്ങിത്തുടങ്ങിയിരുന്നു..

ഇന്ന് ഈ കതിർമണ്ഡപത്തിൽ ഇരിക്കുന്നതിന് മുൻപ് നിനക്ക് വേണ്ടി അവസാനമായി ഞാൻ ഒഴുക്കിയ കണ്ണുനീരിന്റെ നിറം ചുവപ്പായിരുന്നു.. ഉള്ളിലെ ഇഷ്ടത്തെ കഴുകിക്കളയാനുള്ള ശക്തിയുണ്ടായിരുന്നു ആ കണ്ണുനീരിനു.. മറ്റൊരു പുരുഷന്റെ മുന്നിൽ തല താഴ്ത്തി നിക്കുമ്പോഴും, താലി കഴുത്തിൽ വീഴുമ്പോഴും.. മങ്ങിയ ആ ചുവപ്പിന് എന്നോട് എന്തോ പറയാനുണ്ടെന്നുള്ള പ്രതീക്ഷ! നെറുകയിൽ സിന്ദൂരം പതിഞ്ഞപ്പോൾ ഞാൻ അറിഞ്ഞു എന്റെ ജീവിതത്തിലെ ചുവപ്പിന് ഇപ്പോൾ അർത്ഥം ഭാര്യ എന്നാണെന്ന്!

അച്ഛേടെ മുത്ത്

അച്ഛേടെ മുത്ത്

തോയിബിന്റെ അവശേഷിപ്പുകൾ

തോയിബിന്റെ അവശേഷിപ്പുകൾ