പഴയ ചിത്രങ്ങൾ
മനസ്സ് അസ്വസ്ഥമായിരുന്നു വേലിയേറ്റ സമയത്തെ കടൽ പോലെ പ്രക്ഷുബ്ദവും.മണിക്കൂറുകൾ തിരിഞ്ഞും മറിഞ്ഞും കിടന്നിട്ടും ഉറക്കം ചിന്തകളെ വിഴുങ്ങുന്നില്ല .അയാൾ എഴുന്നേറ്റ് ഒരു സിഗെരെറ്റിനു തീ കൊളുത്തി .ജനൽ വാതിൽ തുറന്നപ്പോൾ തണുത്ത കാറ്റ് അകത്തേക്കു ഒഴുകി വന്നു .തെരുവ് ഇരുട്ടിൽ ഉറങ്ങി കിടക്കയാണ്. എവിടെ നിന്നോ പ്രഭാത ഗീതങ്ങളുടെ നേർത്ത ശബ്ദങ്ങൾ.
ക്ലോക്കിൽ സമയം 4 മണി. കലേണ്ടറിൽ കണ്ണുടക്കിയപ്പോൾ അയാൾ ശ്രദ്ദിച്ചു. അതെ, ഇന്നാണവളുടെ വിവാഹം .പുകച്ചുരുളുകൾ പുറത്തെ ഇരുട്ടിൽ അലിഞ്ഞു ഇല്ലാതാകയുന്നതും നോക്കി അയാൾ പുകച്ചുകൊണ്ടേ ഇരുന്നു .
ആഴ്ചാവസാനം പതിവ് പോലെ ഓഫീസ് മുറിയിലെ നാലു ചുമരുകൾക്കുള്ളിൽ ഇരുന്നു ചടച്ചതിന്റെ മടുപ്പു മാറ്റാൻ മദ്യ സൽക്കാരത്തിന് കോപ്പു കൂട്ടുമ്പോളാണ് ആ ഫോൺ കാൾ വരുന്നത്.
"ഹലോ അരുൺ അല്ലെ "
അപ്രതീക്ഷിതമായി ആ ശബ്ദം മറുതലക്കൽ നിന്ന് കേട്ടതിന്റെ ഞെട്ടൽ ഒളുപ്പിച്ചു വച്ച് പറഞ്ഞു
"അതെ, വർഷയല്ലേ പറഞ്ഞോളൂ"
ഒരു നിമിഷത്തെ നിശബ്ദതയ്ക്കു ശേഷം പതിവ് ശൈലിയിൽ ഒഴുക്കോടെ…
"എന്റെ വിവാഹം ആണ് അടുത്ത മാസം .തീർച്ചയായും വരണം. ഇൻവിറ്റേഷൻ വാട്സപ്പ് ചെയ്യാം " .
"കൺഗ്രാറ്സ്, തീർച്ചയായും വരും"
പിന്നെയും എന്തെക്കെയോ ഹൃദയത്തിൽ തൊടാതെ സംസാരിച്ച് സ്വയം മുറിവേൽക്കാതെയും പരസ്പരം വേദനിപ്പിക്കാതെയും അവസാന സംഭാഷണവും തീർന്നെങ്കിലും ഓർമകളുടെ കയ്പ്പും ചവർപ്പും ഛർദ്ദിച്ചു കളയാൻ ആ രാത്രി മുഴുവൻ അയാൾക്ക് മദ്യപിക്കേണ്ടി വന്നു.
അവസാന പുകയും എടുത്ത് സിഗെരെറ്റ് വലിച്ചെറിഞ്ഞ് മറ്റൊന്നിനു തീ കൊളുത്തികൊണ്ട് അയാൾ ഫോണിലെ ടച്ച് സ്‌ക്രീനിൽ വിരലോടിച്ച് ചില പഴയ ചിത്രങ്ങൾ തിരഞ്ഞു. ഒരുമിച്ച് ജീവിക്കണമെന്ന് കരുതിയ കാലത്തെന്നോ അവൾക്കൊപ്പം പകർത്തിയ ചിത്രങ്ങൾ.
ഓരോ ചിത്രവും ഓർമകളുടെ ഓരോ സ്മാരകങ്ങൾ ആണെന്ന് അയാൾക്ക് തോന്നി. ഓർമകളിൽ ജീവിക്കുമ്പോൾ പുതിയ കാഴ്ചകളും അനുഭവങ്ങളും കാണാതെ പോകുന്നു. ജീവിതം വിരസമായി തോന്നുന്നു.
അതെ, പുതിയ കാഴ്ചകൾ പകർത്തുവാൻ പഴകിയവ മായ്ക്കേണ്ടിയിരിക്കുന്നു. അയാൾ ഫോണിലെ ചിത്രങ്ങൾ ഓരോന്നും ഡിലീറ്റ് ചെയ്തു.
തെരുവ് ഉണർന്നു കഴിഞ്ഞിരിക്കുന്നു. വഴിയാത്രക്കാരുടെയും കച്ചവടക്കാരുടെയും ശബ്ദ ബഹളങ്ങൾ, ക്ഷേത്രത്തിലെ പ്രാർത്ഥന ഗീതങ്ങൾ. തെരുവിനിരുവശത്തും പൂക്കൾ വിൽക്കുന്ന സ്ത്രീകളുടെ കൂട്ടങ്ങൾ. അവരുടെ കുട്ടകളിൽ മുല്ലയും ,ജമന്തിയും, പനിനീർ പൂക്കളും പേരറിയാത്ത മറ്റേതോ പൂക്കളും. ഇപ്പോൾ തെരുവിലെ കാറ്റിന് എപ്പോഴത്തെയും പോലെ വിയർത്തു നാറിയ വസ്ത്രത്തിന്റെ ദുർഗന്ധം ഇല്ല. പൂക്കളുടെ സുഗന്ധവും പ്രഭാതത്തിന്റെ നൈർമല്ല്യവും മാത്രം.