മാർജ്ജാരം
" All the perfumes of Arabia will not
sweeten this little hand" Macbeth
ധന്യമായ ഗൃഹാതുരചിന്തകളുള്ളവർക്കും, പൊൻവെയിലിൽ ചിരിച്ചുല്ലസിക്കുന്ന ചോളപ്പാടങ്ങളും കൊടിയുയർത്തിയ ക്ഷേത്രങ്ങളിൽ നിന്നുതിരുന്ന മീരാ ഭജൻസും ഏറെയിഷ്ടപ്പെടുന്നവർക്കും ആനന്ദം പ്രദാനം ചെയ്യുന്നൊരു തെളിമാന ദിവസമായിരുന്നു അത്. നീത്താ അജ്ഗൗക്കർ, ബംഗ്ലാവിലെ തന്റെ കിടപ്പുമുറിയിലിരുന്നു കൊണ്ട് പതിവ് ചോദ്യം ചോദിച്ചു തുടങ്ങി:
" ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു?"
പിന്നെയവർ, തന്റെ വെളുത്തതും ശുഷ്കിച്ചതുമായ കൈവിരലുകൾ മടക്കി( എന്നാൽ ക്യൂട്ടക്സിട്ട്, പോളീഷ് ചെയ്ത് വെടിപ്പാക്കിയവ) എണ്ണി തുടങ്ങി.
ഒന്ന്, രണ്ട്, മൂന്ന്...വീണ്ടും ഒന്നുകൂടി എണ്ണി. ഒന്ന്, രണ്ട്, മൂന്ന്...
ഒന്നാമത്തേതിനും മൂന്നാമത്തേതിനും മാത്രമല്ലേ പേരുള്ളു. രണ്ടാമത്തേതിനില്ലല്ലോ. അവർ ചിന്തിച്ചു. മറ്റു രണ്ടുപേരേയും പോലെ അത് എന്റെ മുലകുടിച്ചിട്ടില്ലല്ലോ. തൊട്ടിലിൽ കിടന്ന് താലോലമാടുകയും മോണകാട്ടി ചിരിക്കുകയും ചെയ്തിട്ടില്ലല്ലോ. പ്രീഫെക്ട് എന്ന ബാഡ്ജ് തൂക്കിയ ഷർട്ടും ഞൊറിയുള്ള പാവാടയും ധരിച്ചുകൊണ്ട് സ്കൂളിൽ പോയിട്ടില്ലല്ലോ. കൗമാരങ്ങളിൽ, നെഞ്ചിലൊരു നിലാപ്പുഴയൊഴുക്കുകയും, ആൺകുട്ടികൾ നൽകിയ റോസാ പുഷ്പങ്ങൾ വാങ്ങി, മിനുത്ത കവിളുകളിൽ ചെഞ്ചായ രേണുക്കൾ പകരുകയും ചെയ്തിട്ടില്ലല്ലോ. സ്വന്തമായി പറന്നു പോകാനൊരു ലോകവും അവൾ സൃഷ്ടിച്ചില്ല . അമ്മേയെന്ന് വിളിക്കാനും പഠിച്ചില്ല. ജനിച്ചുവെന്നേയുള്ളു. ഉടൻ പോവുകയും ചെയ്തു.
പിന്നീട് അവർ പണ്ട് പഠിപ്പിച്ച ഷേക്സ്പിയർ കൃതികളെ ഓർത്ത് ഓരോന്ന് പറയാൻ തുടങ്ങി:
" വിധി സഹോദരികളെ ആർത്തട്ടഹസിക്ക്. ഇരുൾഭൂതമേ വന്നെന്നെ പിടിച്ചോ. ഈ പൂച്ചയ്ക്കിത്ര കാര്യവിവരവും വികാരവുമുണ്ടായിരുന്നെന്ന് ആരു നിരൂപിച്ചു! പല്ലവീ കുറച്ച് സോപ്പും വെള്ളവും കൊണ്ടെത്താ. ലേഡി മാക്ബത്തിന് എത്ര മക്കളുണ്ടായിരുന്നു? ഒന്ന്, രണ്ട്.."
"മൂപ്പത്തിയാർക്ക് വീണ്ടും പിരിയിളകീന്നാ തോന്നണേ. ഇനിയിവിടെ ഒരു വക ജോലി ചെയ്യാൻ സമ്മതിക്കില്ല"
വീട്ടുജോലിക്കായി വന്നിരുന്ന പല്ലവി അടുക്കളയിൽ നിന്നുകൊണ്ട് പിറുപിറുത്തു.
പൂച്ച ഏതാണ്ട് ഉപവസിക്കുന്നു എന്നൊരു മട്ടിലായിരുന്നു. അത് സോഫയിൽ നിന്ന് താഴേക്ക് ചാടി ഒന്നു ഞെളിഞ്ഞ് നിവർന്ന് കോട്ടുവായിട്ടു. പിന്നെ ഏതാനും അടി മുന്നോട്ട് വന്ന് അലമാരയിലെ കണ്ണാടിയിൽ കുറച്ചുനേരം നോക്കി നിന്നു. അതിനങ്ങനെയൊരു പതിവുണ്ട്. ക്യാറ്റ് ഫുഡ് ഉടനെങ്ങും കിട്ടാൻ വഴിയില്ല. പല്ലവിയുടെ അടുക്കളത്തിരക്ക് കഴിഞ്ഞാലെ പൂച്ചയ്ക്കുള്ളത് എടുത്തു വയ്ക്കൂ. അത് വീണ്ടും സോഫയിലേക്ക് കയറി, ജനാലയിലൂടെ അടുത്തുള്ള കണിക്കൊന്നയിൽ അണ്ണാറക്കണ്ണൻമാർ ചിലയ്ക്കുന്നത് നോക്കിയിരുന്നു. പിന്നീട് വീണ്ടും ചുരുണ്ട് കിടന്നുള്ളൊരുറക്കത്തിന് വട്ടം കൂട്ടി.
ഇരുൾനിറഞ്ഞൊരു മൂകതയായിരുന്നു ബംഗ്ലാവിലാകമാനമുണ്ടായിരുന്നത്. കഴിഞ്ഞ കുറേക്കാലമായി അങ്ങനെതന്നെയാണ്. പ്രഭാതങ്ങളിൽ ജനാലകൾക്കിടയിലൂടെ കടന്നുവരുന്ന സൂര്യരശ്മികളും രാത്രികാലങ്ങളിൽ വല്ലപ്പോഴും വീഴുന്ന നിലാവുമൊഴിച്ചാൽ ഏറെക്കുറേ ഇരുൾ നിറഞ്ഞതായിരുന്നു അവിടെല്ലാം. വെളിച്ചത്തെ പ്രതിബിംബിപ്പിക്കുന്ന മിനുസമേറിയ പ്രതലങ്ങൾ വിരളമായിരുന്നു. തെളിമയാർന്ന മനുഷ്യമനസ്സുകളും ജാസ്തി.
പകൽ സമയങ്ങളിൽ പല്ലവി ഒരു ലൈറ്റോ മറ്റോ ഇടുകയാണെങ്കിൽ നീത്താ അജ്ഗൗക്കർ വല്ലാതെ ഒച്ചയെടുക്കും:
"എനിക്കിഷ്ടമില്ലാന്നറിയില്ലേ..ലൈറ്റണയ്ക്ക്. ഒന്നും ഇതുവരെ പഠിച്ചില്ലാ ല്ലേ?"
അവരുടെ തന്നെ ശബ്ദമൊഴിച്ചാൽ ബംഗ്ലാവ് ആകെ മൂകമായിരുന്നു. എന്നാൽ പുറത്ത്, പകലെങ്ങും കിളികളുടെ ശബ്ദമുണ്ട്. വല്ലപ്പോഴും അണ്ണാറക്കണ്ണൻമാർ ചിലച്ചുകൊണ്ട് ജനൽ കടന്ന് വരാറുണ്ട്. ചിലപ്പോഴൊക്കെ ഒരു അരിപ്രാവോ തത്തമ്മയോ മുറിക്കകത്തേക്ക് അകപ്പെട്ട് ചിറകടിച്ച് ചുറ്റിക്കറങ്ങി തിരിച്ചുപോകും. അപ്പോഴൊക്കെ പൂച്ച മുകളിലേക്ക് വട്ടംചുറ്റി വീക്ഷിച്ചതിന് ശേഷം തന്റെ പതിവ് സോഫയിൽ കൈ കാലുകൾ നിവർത്തി അലസതയോടെ കിടക്കുമെന്നല്ലാതെ അതിന് അണ്ണാറക്കണ്ണൻമാരിലും പക്ഷികളിലുമൊന്നിലും താല്പര്യമുണ്ടായിരുന്നില്ല.
പലപ്പോഴും നീത്തായുടെ മുറിയിൽ നിന്ന് തേങ്ങിക്കരച്ചിലുകൾ കേട്ടിരുന്നു. വലിയ ഒപ്പാരും ഹൃദയം നുറുങ്ങുന്ന തേങ്ങലും തന്നെ.
" അമ്മയെന്തിനിങ്ങനെ ഒരാവശ്യവുമില്ലാതെ കരയുന്നു? അവിടിങ്ങനെ ഒറ്റയ്ക്ക് കഴിയാതെ ഞങ്ങളുടെ കൂടെ വന്നു താമസിച്ചുകൂടേ? ഞങ്ങൾക്കൊരു കൂട്ടുമാകും. പിള്ളേർക്ക് എന്തിഷ്ടമാണെന്നോ അവരുടെ അമ്മൂമ്മയെ!"
അമേരിക്കയിൽ സെറ്റിൽഡ് ആയ മക്കൾ അൻജിതയും അൻവിതയും ഫോൺ വിളിക്കുമ്പോഴൊക്കെ നിർബന്ധിച്ചുകൊണ്ടിരുന്നു.
എന്നാലവരൊട്ട് പോകില്ല. താൻ ജനിച്ച് വളർന്ന സിന്ധുദുർഗിലെ ചോളപ്പാടങ്ങളേയും കണ്ട്, ഓർമ്മകളിൽ നീന്തിത്തുടിച്ച് ശിഷ്ടകാലം ജീവിക്കാനാണ് നീത്താ ആഗ്രഹിച്ചത്.
ഒരിക്കലൊരു ഇന്റർവ്യൂവിൽ അവർ പറഞ്ഞു:
" ഒരു പെൺകുട്ടി ഓർമ്മിക്കാനാഗ്രഹിക്കുന്നത് അവളുടെ കൗമാരം മുതലുള്ള ജീവിതമാകാം. പ്രണയത്തിന്റെ രശ്മികൾ അവൾ തിരിച്ചറിയുന്ന കാലമാണത്. അന്നുമുതലാണ് അവൾ ജീവിച്ച് തുടങ്ങുന്നത്. ഒരു വേഴാമ്പലിനെപോലെ അവൾ പ്രണയത്തിന്റെ ആദ്യ ശ്വേതരേണുക്കളെ കാത്തിരിക്കുന്നു. അത് എക്കാലവും ഓർമ്മയിൽ പച്ചപ്പോടെ നിലകൊള്ളും. എന്നെ സംബന്ധിച്ചിടത്തോളും അവ സിന്ധുദുർഗിലെ ഞങ്ങളുടെ ചോളപ്പാടങ്ങളുമായി ബന്ധപ്പെട്ടുകിടക്കുന്നു. എന്റെ ഭർത്താവ് നീലേഷ് അജ്ഗൗക്കറെ കണ്ടതു മുതൽ അവ തുടങ്ങുകയാണെന്നും വേണമെങ്കിൽ പറയാം. അതിന് മുൻപുള്ള ഓർമ്മകളെ വെടിയുവാൻ ഞാനൊരുക്കമാണ്. സന്നദ്ധയുമാണ്. ഒരു പക്ഷേ എന്റെ മാത്രം അഭിപ്രായമാകാമിത്"
ഇരുളടഞ്ഞ മുറിയിൽ, നീത്താ, മുഖത്തൊരു പുഞ്ചിരിയുമായി കണ്ണടച്ചു കിടക്കുമ്പോഴെല്ലാം പല്ലവി മനസ്സിൽ പറഞ്ഞു:
"മൂപ്പത്തിയാര് കെട്ടിയോനുമായുള്ള പണ്ടത്തെ പ്രേമരംഗങ്ങളെല്ലാം ഓർത്തെടുക്കുകയാണ്"
തങ്ങളുടെ തന്നെ പാടത്ത്, ആടിയുലഞ്ഞുല്ലസിക്കുന്ന ചോളങ്ങൾക്കിടയിലൂടെ നവവരനും നവവധുവും കൈകോർത്തു നടന്ന കാലത്തെക്കുറിച്ച് അവർ ഓർത്തു രസിച്ചു. മരത്തണലിൽ വിരിച്ച പരവതാനിയിൽ, ഭർത്താവിന്, സ്വന്തം കൈകൾ കൊണ്ടുണ്ടാക്കിയ വിഭവങ്ങൾ വിളമ്പിക്കൊടുക്കുമ്പോൾ അനുഭവിച്ചിരുന്ന നിർവൃതിയും സന്തോഷവും അവർ വീണ്ടും ആസ്വദിക്കാൻ കൊതിച്ചു. വയൽച്ചെടികൾക്കിടയിൽ കെട്ടിപ്പുണർന്ന് ചുംബിച്ച് കിടക്കുമ്പോൾ ഭർത്താവ്, മാനത്ത് പറക്കുന്ന വയൽക്കൊതി കത്രികകളേയും ഞാറ്റുവേലക്കിളികളേയും ചൂണ്ടിക്കാണിച്ചു കൊടുക്കും. അദ്ദേഹം ഡോക്ടറായിരുന്നെങ്കിലും പക്ഷി നിരീക്ഷണത്തിൽ വലിയ കമ്പമുള്ളയാളായിരുന്നു. നിലാവുള്ള രാവുകളിൽ, സൽവാർ കമ്മീസ് ധരിച്ച ഭാര്യയുടെ മടിയിൽ തല വച്ച് കിടന്നുകൊണ്ട് ചിലപ്പോൾ അദ്ദേഹം പറയും:
" നിശബ്ദരായിരുന്നാൽ നമുക്ക് രാപ്പാടിയുടെ പാട്ട് കേൾക്കാം"
അത് കേൾക്കുമ്പോൾ നീത്താ ശുണ്ഠിയെടുക്കും.
" ന്നാ എന്നെ വിട്ടിട്ട് രാപ്പാടിയുടെ കൂടെ പൊയ്ക്കോ"
ദേഷ്യം വരുമ്പോൾ ഭാര്യയുടെ കവിളിലേയും കണ്ണുകളിലേയും ശോഭകൂടുന്നത് കാണാൻ അദ്ദേഹത്തിനിഷ്ടമായിരുന്നു.
നിന്റെ ചന്തം കാണാനാണ് ഇങ്ങനെ ദേഷ്യം പിടിപ്പിക്കുന്നതെന്നും പറഞ്ഞ് അദ്ദേഹമൊരു രമ്യത കൈവരിക്കാൻ ശ്രമിക്കും. ഇതൊക്കെയാണ് നീത്താ ഇപ്പോൾ ഓർത്ത് രസിക്കാറ്.
മധുവിധു കാലത്തുതന്നെ അവർ അറിയപ്പെട്ടു തുടങ്ങിയിരുന്നു. 'എലിസബത്തൻ സാഹിത്യകൃതികളിലെ സ്ത്രീശബ്ദങ്ങൾ' എന്ന വിഷയത്തിൽ ഡോക്ടറേറ്റ് സ്വീകരിക്കാനായി , കുടുംബത്തോടൊപ്പം പ്രതിശ്രുതവരനുമൊത്താണ് നീത്താ എത്തിയത്. ഒരു കാലഘട്ടത്തിന്റെ തന്നെ ഏറ്റവും വലിയ ഷേക്സ്പിയർ നിരൂപക എന്ന ബഹുമതിയാണ് പിൽക്കാലത്ത് അവരെ കാത്തിരുന്നത്. ഇന്ത്യയിൽ പ്രൊഫസർ ആയിരിക്കുമ്പോൾ തന്നെ, റോയൽ ഷേക്സ്പിയർ കമ്പനിയുടേയും ഓക്സ്ഫോർഡ് യൂണിവേഴ്സിറ്റിയുടേയും ക്ഷണം സ്വീകരിച്ച് ലണ്ടനിൽ നിരവധി പ്രഭാഷണങ്ങൾ നടത്തി. ' ബ്രാഡ്ലി പറയാത്തത്', ദി ബാർഡ് ദി ഫെമിനിസ്റ്റ് ' എന്നീ പ്രബന്ധങ്ങൾ ഷേക്സ്പിയർ നിരൂപണത്തിൽ പുതിയ മാനങ്ങൾ സൃഷ്ടിച്ചു.
ഇന്ത്യയിൽ നിന്ന് ഇത്ര ശക്തമായൊരു സ്ത്രീപക്ഷ വാനാമ്പാടിയോ എന്നത്ഭുതപ്പെട്ടുകൊണ്ടിരുന്ന അക്കാലത്തെ ശ്രോതാക്കളുടെ മുന്നിൽ, തന്റെ യൗവ്വനകാലത്ത് തന്നെ നീത്താ മനസ്സ് തുറന്നിരുന്നു:
" വ്യക്തിപരമായി ഞാനൊരു ഫെമിനിസ്റ്റൊന്നുമല്ല. അങ്ങനെയാവാൻ കഴിയുമെന്നും തോന്നുന്നില്ല. കുപ്പിവളകളിലും, കൺമഷിയിലും കൊലുസിലുമെല്ലാം ചഞ്ചലപ്പെടുന്ന ഒരു പെൺമനസ്സാണ് എനിക്കുമുള്ളത്. മാത്രവുമല്ല ഞാനൊരു പ്രണയത്തിലുമാണ്. മിസ്റ്റർ നീലേഷ് അജ്ഗൗക്കർ അച്ഛന്റെ ഉറ്റ സുഹൃത്തിന്റെ മകനാണ്. അത്രയ്ക്ക് വിശുദ്ധയുമല്ല ഞാൻ. ഒരിക്കൽ എന്റെ വായനാമുറിയിലേക്ക് അദ്ദേഹം കയറിവന്നു. അഗാധമായ വായനയിലായിരുന്നു ഞാൻ. നിരൂപിച്ചിരിക്കാതെ അദ്ദേഹമെന്നെ, ബൃഹത്തായ നാല് പുസ്തകങ്ങൾക്കിടയിൽ വച്ച് പുണർന്നു ചുംബിച്ചു. ബെറ്റ്വീൻ ഫെയറി ക്വീൻ ആൻഡ് ടെംപെസ്റ്റ്. ബെറ്റ്വീൻ കാന്റർബറി ടേൽസ് ആൻഡ് സാംസൺ ആഗണിസ്റ്റസ്"
" എ വൈഡ് സ്പാൻ ഓഫ് ത്രീ ഹൺഡ്രഡ് ഇയേഴ്സ്" ശ്രോതാക്കളിലൊരു വിദ്വാൻ വിളിച്ചു പറഞ്ഞു. സദസ്സ് പൊട്ടിച്ചിരിച്ചു കരഘോഷം മുഴക്കി. ഇങ്ങനെ തന്റെ ജീവിതത്തിൽ കടന്നുപോയ നല്ല സായാഹ്നങ്ങളെയോർത്ത് ഒരു പുഞ്ചിരിയോടെ അവർ കിടക്കാറുണ്ട്.
ചിലപ്പോൾ മുറിക്കകത്തിരിക്കുമ്പോൾ, ജനാലയിലൂടെ നോക്കിക്കൊണ്ട് അവർ പല്ലവിയോട് ചോദിക്കും:
" പല്ലവി ആരാ അവിടെ വാതിലിൽ വന്നു നിൽക്കുന്നത്? ആരൊക്കയാ പുറത്ത്?"
"ആരുമില്ല നാനി. നാനിക്ക് വെറുതെ തോന്നുന്നതാണ്"
" നീ വരാന്തയിലേക്ക് ചെന്ന് നോക്ക്. കാണുന്നില്ലേ? അതാ നോക്ക്. ആരൊക്കെയാ കണിക്കൊന്നയുടെ ചുവട്ടിൽ വരിവരിയായിരിക്കുന്നത്? പാടത്തെ പണിക്കാരാണോ? അവർക്ക് ചപ്പാത്തിയും ഭാജിയും എടുത്ത് കൊടുക്ക്. ഡോക്ലായുണ്ടെങ്കിൽ അതും. വിശന്നിരുത്താൻ പാടില്ലാന്നറിയില്ലേ?"
"അവിടെയാരുമിരിപ്പില്ല. ഉണ്ടെങ്കിൽ ഞാൻ ആഹാരം കൊടുക്കില്ലേ നാനി? ആ വാതിലടച്ചു കിടന്നോളൂ"
കുറച്ചുനേരം നിശബ്ദം. പിന്നെയും ചോദിക്കും:
" ആരാ വന്നത്? നീലേഷാണോ. കൂജയിലെ വെള്ളമെടുത്ത് കൊടുക്ക്. ഞാൻ കിടക്കുകയാണെന്ന് പറയ്. ഫ്ലാസ്കിൽ കാപ്പിയുണ്ടാക്കിക്കൊണ്ട് മേശപ്പുറത്ത് വയ്ക്ക്. അധികം മധുരം വേണ്ട"
" ഡാക്കിട്ടർ മരിച്ചില്ലേ നാനി? പിന്നെയെങ്ങനാ ഇപ്പോ വരിക?"
"മരിച്ചുവോ? എങ്ങനേ?"
ഈ കിളവിയെക്കൊണ്ട് തോറ്റു എന്നും പറഞ്ഞ് പല്ലവി പിറുപിറുക്കും.
കുറച്ചു സമയത്തിനുള്ളിൽ ചിലപ്പോൾ ഉച്ചത്തിലൊരു തേങ്ങൽ കേൾക്കാം.
" നമ്മുടെ കുഞ്ഞ് പോയില്ലേ! ഞാനൊന്നുണർന്നു ചുംബിക്കുന്നതിന് മുൻപേ ജീവനെടുത്തില്ലേ! അയ്യോ ഇനി ഡോക്ടർമാരാരെങ്കിലും കൊന്നതാകുമോ? കൂടെയുള്ളവരോട് ചോദിക്കാമായിരുന്നില്ലേ? എനിക്കൊന്നുകൂടി അവളെ ഗർഭം ധരിക്കാൻ കഴിഞ്ഞെങ്കിൽ!
എന്താ ഒന്നും മിണ്ടാത്തത്. ഇങ്ങടുത്ത് വന്നിരിക്കണം. പല്ലവിയെവിടെ? പുതിയ ഒരു ബ്ലാങ്കറ്റും തലയിണയും ഇങ്ങെടുക്ക്. അയ്യോ നമ്മുടെ കുഞ്ഞു പോയി!"
"നാനി ഇങ്ങനെ തേങ്ങിക്കരയാൻ മാത്രം ഇവിടെന്തുണ്ടായി? അയൽപക്കത്താൾക്കാരില്ലേ! ദയവ് ചെയ്ത് കരയാതിരിക്കു"
പല്ലവി മുറിയുടെ വാതിൽക്കൽ വന്ന് ദേഷ്യപ്പെട്ടിട്ട് അടുക്കളയിലേക്ക് തിരികെ പോകും.
ഒരു പാതിമയക്കത്തിൽ ഞെരിപിരികൊണ്ട് ചിലപ്പോൾ അവർ പറയും:
" ആരാ അത്? പ്രൊഫസ്സർ തിമോത്തി കോൾമാനോ? ഞാൻ വരില്ലായെന്ന് എത്ര പ്രാവശ്യം പറഞ്ഞു! അങ്ങ് പൊയ്ക്കോളു. എന്റെ കൈയ്യിൽ മുത്തമിട്ടുകൊണ്ടിങ്ങനെ മുട്ടുകുത്തിയിരിക്കണ്ടാ...
മിസ്റ്റർ എഡ്മണ്ട് ഹീനിയോ? അയ്യോ വെറുതെയിരിക്കൂ. നീലേഷ് അടുത്ത റൂമിലുണ്ട്. കണ്ടാൽ എന്തു വിചാരിക്കും! ഒരിക്കലെന്നെ ചുംബിച്ചപ്പോൾ എതിർത്തില്ലായെന്നും പറഞ്ഞ് എപ്പോഴുമോ? വേണ്ടാ.. വേണ്ടാ.."
ഈ സമയമെല്ലാം പല്ലവി പതുങ്ങി വന്ന് ചെവി വട്ടം പിടിച്ചു കേൾക്കും. പിന്നെ കൂട്ടുകാരിയോ മറ്റോ വിളിക്കുമ്പോൾ വള്ളിപുള്ളി തെറ്റാതെ പകരുകയും ചെയ്യും.
" കിളവി ചില്ലറക്കാരിയൊന്നുമല്ല. ഇപ്പോഴൊക്കെയല്ലേ കള്ളി വെളിച്ചത്താവണത്. വലിയ എഴുത്തും പത്രാസ് കാരിയുമൊക്കെയായിരുന്നില്ലേ. ആരൊക്കെ എവിടെയൊക്കെയുണ്ടായിരുന്നുവെന്ന് ആരറിഞ്ഞു! നല്ല കാലത്ത് ആരും കൊതിച്ചുപോണ ചന്തമായിരുന്നൂന്നല്ലേ പറഞ്ഞ് കേക്കണ്! മാത്രവുമല്ല മൂപ്പത്തിയാര് കുറേക്കാലം ബോംബെയിലും സായിപ്പിന്റെ നാട്ടിലുമൊക്കെയായിരുന്നില്ലേ. അവിടെയൊക്കെയുള്ളവരാകും. ഡാക്കിട്ടർ മരിച്ചപ്പോൾ കുറേ സായിപ്പിൻമാർ വന്നത് എനിക്കോർമ്മയുണ്ട്"
ഉണർന്നൊന്നു ചുംബിക്കുന്നതിന് മുന്നേ പോയ കുഞ്ഞിനെയോർത്ത്, ഭർത്താവിനും കുട്ടികളോടുമൊത്ത് സമ്പുഷ്ടമായൊരു കുടുംബജീവിതം നയിക്കുന്ന കാലത്തൊന്നും നീത്താ വിഷമിച്ചിരുന്നില്ല. ഒരേ സമയം കുടുംബിനിയായും, എഴുത്തുകാരിയായും, അദ്ധ്യാപികയായും, പ്രഭാഷകയായും ശോഭിച്ച നിർമ്മലമായ ജീവിതകാലത്തൊന്നും ഓർമ്മയിൽ ആ കുഞ്ഞ് കടന്നുവന്നില്ല എന്നുവേണം പറയാൻ. എന്നാൽ ഇപ്പോഴാകട്ടെ, അവരുടെ വാർദ്ധക്യ സ്വപ്നങ്ങളിൽ, നോവുണർത്തുന്ന ഓർമ്മകളിൽ അത് വന്ന് മോണകാട്ടിച്ചിരിച്ചു. അമ്മേ എന്ന് വിളിക്കാൻ ശ്രമിച്ചു. മുലപ്പാലിനായി കൊതിച്ചു.
എല്ലാ തേങ്ങലുകളും അവസാനം ആ കുഞ്ഞിലെത്തി നിന്നു. തനിക്കവളെ ഒന്നുകൂടി അവളെ ഗർഭം ധരിക്കണം എന്നാരോടെന്നില്ലാതെ പറയുന്ന വേളകളിലെല്ലാം, അതു കേൾക്കുന്ന പല്ലവി ഉള്ളിൽ പൊട്ടിച്ചിരിക്കും.
" വയസ്സാൻ കാലത്ത് പെറ്റെണീക്കാനുള്ള കിളവിയുടെ ഒരു പൂതി"
മക്കൾ കുടുംബസമ്മേതം അവധിക്കാലമാഘോഷിക്കാൻ വരുമ്പോളെല്ലാം അമ്മയെക്കൊണ്ടൊരു റെഗുലർ മെഡിക്കൽ ചെക്കപ്പ് നടത്തിക്കാറുണ്ട്. അമ്മയിൽ ഈയിടെയുണ്ടായ മാറ്റങ്ങളെക്കുറിച്ച് ഡോക്ടറോട് സംസാരിച്ചപ്പോൾ അദ്ദേഹവും പറഞ്ഞിതിങ്ങനെയാണ്:
" കുറച്ചൊക്കെ കണ്ടില്ലെന്ന് നടിക്കണം. കുറേ നമ്മളും അംഗീകരിച്ചു കൊടുക്കണം. വയസ്സായാൽ എല്ലാവരും ഇങ്ങനെയൊക്കെയല്ലെ. ഹാലൂസിനേഷൻ കാരണം പറയുന്നകാര്യങ്ങളെ മറുത്തുപറയാൻ നിൽക്കണ്ടാ എന്നു പറയു കൂടെ നിൽക്കുന്ന ആ കുട്ടിയോട്. കടുത്ത വിഷാദത്തിലാണെന്ന് തോന്നുന്ന സമയത്ത്, ഉറക്കഗുളികകളോ മൂർച്ചയുള്ള വസ്തുക്കളോ അടുത്തു വയ്ക്കാതിരിക്കാൻ ശ്രദ്ധിച്ചാൽ മതി"
മണി പന്ത്രണ്ടടിച്ചു.
ക്ലോക്കിന്റെ ശബ്ദം കേട്ടപ്പോൾ പൂച്ച കണ്ണു തുറന്നെണീറ്റ് വീണ്ടും ഞെളിഞ്ഞു നിവർന്നു. സോഫയിലിരുന്നു കൊണ്ട് വാലും ശരീരവും കാലുകളും നക്കിത്തുടച്ചു വൃത്തിയാക്കി. പിന്നെ താഴേക്ക് ചാടി
അടുക്കളയിലേക്ക് നടന്നു ചെന്നു.
" കിടന്നു വിളിക്കണ്ട. നാനിക്കുള്ള ഭക്ഷണം എടുത്ത് വച്ചിട്ട് തീറ്റി തരാം" പല്ലവി അല്പം കെറുവിപ്പോടെ പറഞ്ഞു.
ഉച്ചഭക്ഷണവും, പുതിയ മാഗസീനും, പത്രവും ഏതാനും കത്തുകളുമൊക്കെ മേശപ്പുറത്ത് നിരത്തി വച്ചതിന് ശേഷം, പല്ലവി അലമാരയിൽ നിന്ന് കുറച്ച് ക്യാറ്റ്ഫുഡും പാലുമെടുത്ത് താഴേക്ക് വച്ചുകൊടുത്തു.
ഭക്ഷണം കഴിക്കുന്ന നേരത്താണ് നീത്താ കത്തുകളും മാഗസിനുകളുമൊക്കെ വായിച്ചിരുന്നത്. ഈയിടെയായി അതിലും വലിയ താല്പര്യമുണ്ടായിരുന്നില്ല. ഏതെങ്കിലും മാഗസിൻ മറിച്ചുനോക്കി " നാനിയെപ്പറ്റി ഇതാ എഴുതിയിരിക്കുന്നു" എന്നോ മറ്റോ പല്ലവി പറയുകയാണെങ്കിൽ മാത്രം പേരിന് അതൊന്ന് വായിച്ചുനോക്കും. തന്നെപ്പറ്റി പുകഴ്ത്തിയാണ് എഴുതിയിരിക്കുന്നതെങ്കിൽ വിരസതയോടെ മാഗസിൻ മടക്കിക്കൊണ്ട് അവർ പറയും:
"ഇതൊക്കെ എടുത്തങ്ങ് അലമാരിയിൽ വച്ചേക്ക്"
കുറേക്കാലം മുമ്പുതന്നെ പ്രശംസകളെല്ലാം അവർ മടുത്തുപോയിരുന്നു.
അമ്മയ്ക്ക് പത്മശ്രീ കിട്ടിയതറിയിക്കാൻ മക്കൾ സന്തോഷത്തോടെ വിളിച്ചപ്പോൾ അവാർഡൊക്കെ കൊണ്ടുപോയി കടലിൽ കളയ്, എനിക്ക് തീരെ താല്പര്യമില്ലാ, ഞാൻ പോവില്ലാ ഇതിനൊന്നും എന്നൊക്കെയായിരുന്നു അവരുടെ മറുപടി.
" അമ്മ വാശി കളയുന്നുണ്ടൊ.. അർഹിക്കപ്പെട്ട അവാർഡ് തിരസ്കരിക്കേ? അമ്മയ്ക്ക് വേണ്ടങ്കിലും ഞങ്ങൾക്ക് വേണം" ഇളയമകൾ ദേഷ്യത്തോടെ പറഞ്ഞു. വളരെ നിർബന്ധിച്ചിട്ടാണ് മക്കൾക്ക് അമ്മയെകൊണ്ട് ചടങ്ങിൽ പങ്കെടുപ്പിക്കാൻ കഴിഞ്ഞത്.
കുറേ വർഷങ്ങളായി ഇന്റ്റർവ്യൂകളും അനുവദിച്ചിരുന്നില്ല അവർ. എൻഡിടിവിയിൽ നിന്ന് ഒരിക്കലൊരു മാധ്യമ പ്രവർത്തക അഭിമുഖത്തിനായി സമയം ചോദിച്ചപ്പോൾ അവർ പറഞ്ഞു:
" പറയേണ്ടതെല്ലാം പറഞ്ഞുകഴിഞ്ഞില്ലേ? എഴുതിയും കഴിഞ്ഞു. ഇനിയൊന്ന് സ്വസ്ഥയാകട്ടെ"
കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം ഒരു നെടുവീർപ്പോടുകൂടി അവർ കൂട്ടിച്ചേർത്തു:
" ഒന്നും പറയേണ്ടിയിരുന്നില്ലാ ന്ന് തോന്ന്ണു"
ഭക്ഷണത്തിനുശേഷം പൂച്ച നാവ് നീട്ടി തുടച്ചുകൊണ്ട് ഹാളി ലേക്ക് വന്ന് നീത്തായുടെ മുഖത്തേക്ക് നോക്കി നിന്നു.
" അസത്തേ! നീ ഇങ്ങനെ നോക്കുന്നതെന്തിന്? ഒന്നും കൊടുത്തില്ലേ ഇതിന് പല്ലവീ?"
"ഉവ്വല്ലോ"
പൂച്ച നോക്കുന്നതിനും എന്റെ മേക്കത്തിട്ട് കയറിക്കോ എന്ന് പല്ലവി പിറുപിറുത്തു.
പൂച്ച പതുക്കെ നടന്ന് ജനാലയ്ക്കരികിലെത്തി മുകളിലോട്ട് ചാടിക്കയറി പുറത്തേക്ക് നോക്കിയിരുന്നു. അതിരുകളില്ലാതെ നിവർന്നു കിടക്കുന്ന ചോളപ്പാടങ്ങൾ. ദൂരെയാകാശത്ത് വട്ടമിട്ട് പറക്കുന്ന ഏതാനും പരുന്തുകൾ. എന്തൊക്കെയോ ചിന്തകളിൽ മുഴുകിയെന്നവണ്ണം അതങ്ങനെ നോക്കിയിരിക്കുന്ന കാഴ്ച നീത്തായ്ക്ക് അലോസരമുണ്ടാക്കി.
" പല്ലവീ ഇങ്ങ് വന്ന് കർട്ടൻ നിവർത്തിയിട്. പൂച്ചയെ എടുത്ത് നിലത്തേക്ക് നിർത്ത്" അവർ പറഞ്ഞു.
ഏതാനും വർഷങ്ങൾക്ക് മുൻപ് ഒരു വെക്കേഷൻ സമയത്തായിരുന്നു പൂച്ചയെ അവിടേക്ക് കൊണ്ടു വന്നത്. അവധിക്കാലം ആസ്വദിക്കാൻ നാട്ടിലുണ്ടായിരുന്ന പേരക്കുട്ടികൾക്കെല്ലാം പൂച്ചക്കുട്ടിയെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷമായി. സിന്ധുദുർഗിൽ നിന്ന് മുംബൈയിലെ ബന്ധുവീട്ടിലേക്കുള്ള യാത്രയിൽ, കാറിൽ വച്ച്, അമ്മയുടെ ടാബിൽ വെറുതെ തിരയുമ്പോഴാണ് കുട്ടികൾ അത് കണ്ടത്. മുംബൈയിൽ നടക്കുന്ന അഡോപ്റ്റത്തോണിനോടനുബന്ധിച്ച് ഒരു ഓൺലൈൻ പരസ്യം,
'സുന്ദരിയും ആരോഗ്യവതിയും ഒന്നരമാസം പ്രായമുള്ളതുമായ പൂച്ചക്കുഞ്ഞിനെ അഡോപ്റ്റ് ചെയ്യാൻ താല്പര്യമുള്ളവർ വിളിക്കുക'
കൂടെ ചേർത്തിരുന്ന ഫോട്ടോകൾ കണ്ടപ്പോൾ അൻജിതയുടെ മക്കൾ ഹൻസിനിയും സ്വർദ്ദുനിയും വാശി പിടിച്ചു,
"പൂച്ചക്കുഞ്ഞിനെ നമുക്ക് അഡോപ്റ്റ് ചെയ്യാമമ്മേ. എന്ത് ഭംഗിയാ അതിനെക്കാണാൻ!"
കൂടെയുണ്ടായിരുന്ന കസിൻ സൻവിദ് ടാബ് വാങ്ങി പൂച്ചശാസ്ത്രം തേടി വിക്കിപീഡിയായിലേക്കിറങ്ങി.
" പൂച്ച. ഫെലിസ് കാറ്റസ്. കിംഗ്ഡം അനിമേലിയ. ഫൈലം കോർഡേറ്റാ, ക്ലാസ്സ് മാമ്മേലിയ, ഓർഡർ കാർണിവോറാ.... "
എല്ലാവരും കേൾക്കെ അവൻ വിളിച്ചു പറഞ്ഞു. പൂച്ചക്കുഞ്ഞുങ്ങളെ എങ്ങനെ പരിപാലിക്കാം എന്നതിനെക്കുറിച്ചായിരുന്നു പിന്നെയവന്റെ പര്യടനം.
തൂവെള്ള പൂച്ചക്കുഞ്ഞ്. കുഞ്ഞിക്കാലുകൾ, ഇളംചെവി, ചെറുമീശ, അറ്റത്തേക്ക് പോകുന്തോറും കനം കൂടുന്ന മനോഹരമായ വാൽ.
ഒരു മാസം കഴിഞ്ഞ് നമ്മൾ തിരിച്ചു പോകില്ലേ. അപ്പോഴോ എന്നു ചോദിച്ചിട്ടൊന്നും കുട്ടികളടങ്ങിയില്ല. പറഞ്ഞ സ്ഥലത്തുപോയി പൂച്ചക്കുട്ടിയെ ഏറ്റുവാങ്ങേണ്ടി വന്നു.
തിരികെ സിന്ധുദുർഗിലെത്തി അമ്മൂമ്മയെ കണ്ടപ്പോൾ ഹൻസിനിയും സ്വർദ്ദുനിയുംകൂടി തുള്ളിച്ചാടി ഒരേ സ്വരത്തിൽ പറഞ്ഞു:
" അമ്മുമ്മേ ഞങ്ങളൊരു കൂട്ടുകാരിയേയും കൂടി കൂട്ടിയിട്ടുണ്ട്" ഇതിനോടകം നിമ്മിയെന്നോ മറ്റോ പേരിട്ട പൂച്ചക്കുഞ്ഞിനെയെടുത്ത് അമ്മൂമ്മയുടെ മടിയിലേക്ക് വച്ചുകൊടുത്തു.
"കൊള്ളാല്ലോ കൂട്ടുകാരി.. പക്ഷെ പോകുമ്പോൾ നിങ്ങളെങ്ങനെയിതിനെ കൊണ്ടുപോകും? ഫ്ലൈറ്റിൽ സമ്മതിക്കുമോ?"
" പിള്ളേരുടെ കമ്പമൊക്കെ കുറച്ചുനാൾ കഴിയുമ്പോൾ പോകില്ലേമ്മേ. അല്ലെങ്കിൽ തന്നെ അവിടെയില്ലാത്തതാണോയിത്. ഡാഡിയുണ്ടായിരുന്നേൽ വളരെ സന്തോഷമാകുമായിരുന്നു. ഡാഡിക്കായിരുന്നല്ലോ പക്ഷികളോടും മൃഗങ്ങളോടുമൊക്കെ അത്രയ്ക്ക് സ്നേഹം" മകൾ പറഞ്ഞു.
പൂച്ചക്കുഞ്ഞ് എല്ലാവരോടും എളുപ്പമിണങ്ങി. പന്തു തട്ടിക്കളിക്കുകയും മുറ്റത്തെ മരത്തിൽ അള്ളിപ്പിടിച്ചു കയറുകയും ചെയ്യുന്ന നിമ്മിയെ കണ്ടപ്പോൾ കുട്ടികൾക്ക് കൗതുകമായി. അയലത്തെ നായയെ കണ്ടാൽ പൂച്ച ദേഹം വളച്ച് രോമമെല്ലാം എഴുന്നേൽപിച്ച് ഒരു നില്പ് നിൽക്കും. എന്നിട്ട് വീടിനുള്ളിലേക്ക് ഓടിയൊളിക്കും. അണ്ണാനോ മറ്റോ വീടിനുള്ളിലേക്ക് കയറി വന്നാൽ ചാടിപിടിക്കാനായി പിന്തുടർന്നോടും. ജനാലയ്ക്കരികിൽ കൂടുകെട്ടിയ കുരുവികളെ പിടിയ്ക്കാനെന്നവണ്ണം സോഫയിൽ നിന്നുയർന്നു ചാടും. നീത്തായുടെ മുറിയിലേക്ക് ചെന്ന് ബുക്ക്ഷെൽഫിലേക്ക് അള്ളിപ്പിടിച്ച് കയറി അവരെഴുതിയ ബുക്കുകളുടെമേൽ കിടന്നുറങ്ങും.
നെറ്റിൽ നിന്ന് ഉത്തരം കിട്ടാത്ത ചോദ്യങ്ങൾക്കെല്ലാം കുട്ടികൾ അമ്മുമ്മയെയാണ് ആശ്രയിച്ചിരുന്നത്.
" അമ്മൂമ്മേ നിമ്മിയ്ക്കൊരു മണികെട്ടിയാൽ അവൾക്കിഷ്ടാകുമോ?"
സ്വർദ്ദുനി ചോദിച്ചു.
"കെട്ടിക്കോളു. പക്ഷെ പൊതുവെ പൂച്ചകൾക്കിതൊന്നും ഇഷ്ടമല്ല. ദേഹം വൃത്തിയായിരിക്കണമെന്നാ അതിനുള്ളത്. കണ്ടിട്ടില്ലേ എപ്പോഴും അത് ശരീരം നക്കിത്തുടച്ചു വൃത്തിയാക്കുന്നത്?"
"അമ്മൂമ്മേ നമ്മൾ പോയാൽ നിമ്മി ഞങ്ങളെ ഒരുപാട് മിസ്സ് ചെയ്യുമോ?" സൻവിദ് ചോദിച്ചു.
"അറിയില്ല കുട്ടിയേ.. പൂച്ച വളരെ സെൻസിറ്റീവായ ജീവിയാണെന്നാ തോന്നുന്നേ.."
അവധിക്കാലം കഴിഞ്ഞ് കുട്ടികൾ തിരികെ മടങ്ങി. ഇടയ്ക്കിടെ ഫോൺ ചെയ്യുമ്പോഴെല്ലാം കുട്ടികൾ തങ്ങളുടെ പ്രിയപ്പെട്ട നിമ്മിയുടെ വിശേഷങ്ങൾ ചോദിച്ചു. അപ്പോഴെല്ലാം പല്ലവി പൂച്ചയുടെ ഒരു ഫോട്ടോയെടുത്ത് വാട്സാപ്പിലൊ മറ്റോ അയച്ചുകൊടുക്കും. കൂട്ടുകാരിയുടെ വളർച്ചയുടെ വിവിധ ഘട്ടങ്ങൾ കുട്ടികൾ ഫോട്ടോയിലൂടെയും ചെറിയ വീഡിയോകളിലൂടേയും കണ്ടു രസിച്ചു.
നല്ല ആരോഗ്യത്തോടെ വളർന്ന പൂച്ചയാകട്ടെ വീടിനുള്ളിലും പുറത്തും ഓടിച്ചാടി നടക്കുകയും ഇടയ്ക്കിടെ, പക്ഷികളെ പിടിയ്ക്കാനെന്നവണ്ണം മരങ്ങളിൽ വലിഞ്ഞു കയറുകയും ചെയ്തുകൊണ്ടിരുന്നു. ഉറക്കത്തിനായി അത് വിലകൂടിയ സോഫകളോ, നീത്തായുടെ കട്ടിലിന്റെ ഒരു വശമോ കണ്ടെത്തി. സ്നേഹം കാട്ടിക്കൊണ്ടത് അവരുടെ മടിയിലേക്ക് കയറുകയോ, അടുക്കളയിൽ പല്ലവിയുടെ അടുത്തു ചെന്ന് കാലുകളിൽ മുട്ടിയുരുമ്മുകയോ ചെയ്തു.
ഒരു നാൾ പുറത്ത് ആൺപൂച്ച കരയുന്നതു കേട്ടപ്പോൾ പല്ലവി പറഞ്ഞു:
" നല്ല കഥയായി. ഇനിയിപ്പോയെത്രയാണാവോ പെറ്റുകൂട്ടാൻ പോണത്. ഇവിടെമാകെ പൂച്ചകളെക്കൊണ്ട് നിറയും.
"സ്പേയിംഗ് ചെയ്യിക്ക്" മകൾ വിളിച്ചപ്പോൾ പറഞ്ഞു.
" സിന്ധുദുർഗിൽ തന്നെ ക്ലിനിക്കുണ്ടല്ലോ. അമ്മയോട് കൂടി നീയും പൊയ്ക്കോ. അവിടെ വരെ പോകുന്ന കാര്യമല്ലേയുള്ളു. ഡ്രൈവറോട് അല്പം നേരത്തെ വരാൻ പറഞ്ഞാൽ മതി"
കാറിൽ, നീത്തായുടെ മടിയിൽ, പൂച്ച പുറം കാഴ്ചകൾ നോക്കി കൗതുകത്തോടെയിരുന്നു. കാറിനുള്ളിലേക്ക് എങ്ങനെയോ ഒരു ചിത്രശലഭം അകപ്പെട്ടപ്പോൾ ചാടിപ്പിടിക്കാനായി അതൊരു ശ്രമം നടത്തി.
എന്നാൽ ക്ലിനിക്കിൽ നിന്ന് മടങ്ങിവന്ന് ഏതാനും ദിവസങ്ങൾ കഴിഞ്ഞപ്പോൾ പൂച്ചയിൽ ചില മാറ്റങ്ങൾ കണ്ടു തുടങ്ങി. അത് നിശബ്ദയായി. തീറ്റ കുറഞ്ഞു. അല്പം മെലിഞ്ഞു. ചിലപ്പോഴൊക്കെ പൂച്ച അലമാരയിലെ കണ്ണാടിയിൽ കുറച്ചു നേരം നോക്കി നിന്ന ശേഷം മേശയ്ക്കടിയിൽ വന്ന് മ്ലാനതയോടെ ഇരിക്കും. തുറന്നിട്ട ജാലകത്തിലൂടെ ചോളപ്പാടങ്ങളെ നോക്കിയിരിക്കുന്നത് അതൊരു പതിവാക്കി. ഒരു ശോകഭാവത്തോടെ,:ഉള്ളിൽ ധാർഷ്ട്യം നിറഞ്ഞ ചിന്തകൾ സ്വരുക്കൂട്ടുകയാണെന്ന് തോന്നും കണ്ടാൽ. കണ്ടൻ പൂച്ചകളുടെ വിളി അത് പാടെ നിരാകരിച്ചു. പുറത്തേക്കൊന്നും പോയതുമില്ല. വീട്ടിലേയ്ക്ക് അതിക്രമിച്ച് കയറിയ പക്ഷികളേയും അണ്ണാറക്കണ്ണൻമാരേയും അവഗണിച്ചുകൊണ്ട് നിശബ്ദമായുള്ള ആ ഇരിപ്പു തുടർന്നു.
നീത്തായുടെ ഏകാന്തതയിലെ അസ്വസ്ഥമായ മനസ്സിൽ നിസ്സാരമായൊരു പൂച്ചയുടെ നിശബ്ദത നിഴൽ വിരിച്ചു. ആരെയും ഗൗനിക്കാതെ, ഹൃദയത്തിലൊരു ഉൾപ്പക പേറിക്കൊണ്ടെന്നവണ്ണം പൂച്ച ജനാലയ്ക്കരികിൽ ഉറങ്ങാതിരിക്കുന്നത് അവരെ കൂടുതൽ അസ്വസ്ഥയാക്കി. സ്വപ്നങ്ങളിൽ വന്ന് മോണകാട്ടി ചിരിച്ചുകൊണ്ടിരുന്ന കുഞ്ഞ് എങ്ങോ മാഞ്ഞുപോയിരുന്നു. വാർദ്ധക്യവും, ഏകാന്തതയും, വിഷാദവുമെല്ലാം ചേർന്ന് മനസ്സിന്റെ താളം താറുമാറാക്കിയപ്പോൾ, വിഷം കലർന്ന സ്മൃതിയുമായി അവർ, തന്നെ അനശ്വരയാക്കിയ മാക്ബത്തിലെ കഥാപാത്രങ്ങളുടെയിടയിലേക്ക് ഇടയ്ക്കിടെ അറിയാതെ ഊളിയിട്ടു.
മാക്ബത്ത് നാടകത്തിലെ കഥാപാത്രങ്ങളുടെ, പ്രത്യേകിച്ച് മാക്ബത്ത് പ്രഭ്വിയുടെ കഥാപാത്ര ചിത്രീകരണത്തെ ഇടകീറി പരിശോധിച്ച്, മനശ്ശാസ്ത്രപരമായൊരു സാഹിത്യ പഠനം നടത്തിയതിനാണ് പശ്ചാത്യലോകം അവരെ അനശ്വരയാക്കിയത്. രണശൂരനായ മാക്ബത്ത്, തന്റെ ഉറക്കത്തെ കൊന്നുകളഞ്ഞു എന്നുപറഞ്ഞ് വിലപിക്കുന്നത് അവരുടെ മുറിവേറ്റ ഭാവനയിൽ നിറഞ്ഞുനിന്നു. അതിനുപരി, തന്റെ ഭർത്താവിലെ ആർദ്രതയുടെ മധുരക്ഷീരം വറ്റിച്ച്, അദ്ദേഹത്തെ ഒരു കൊലമാല തീർക്കുവാൻ പ്രാപ്തനാക്കിയ ലേഡി മാക്ബത്തിന്റെ അസ്തിത്വത്തിലേക്ക് അവർ സ്വയം സമരസപ്പെട്ടു. ലേഡി മാക്ബത്തിന് മക്കളില്ല. അവർ പ്രസവിച്ചിട്ടില്ല. എന്നാലവർ ഭർത്താവിനെ പൊന്നുപോലെ സ്നേഹിച്ചിരുന്നില്ലേ? കഥാപാത്രത്തിലെ സ്നേഹത്തിന്റേയും, ഉണങ്ങിവരണ്ട
പിള്ളയില്ലാ സ്വരൂപത്തിന്റേയും, അതോടൊപ്പം സ്ത്രീയുടെ നേരെ പാതകം ചെയ്യുന്ന ജനതയോടുള്ള വെറുപ്പുമൊക്കെ കലർന്ന സ്വഭാവരസക്കൂട്ടാണ് നീത്താ പഠന വിധേയമാക്കിയത്. എന്നാൽ അവസാനം ലേഡി മാക്ബത്ത്, നിഷ്കളങ്കനായ ഡങ്കന്റെ രക്തം പുരണ്ട തന്റെ കൈകളേയും, അവ നിവർത്തിച്ച കൃത്യങ്ങളേയും തള്ളിപ്പറഞ്ഞ് വിലപിക്കുകയും ചെയ്യുന്നു. കവിയുടെ കൈയ്യൊപ്പ് പതിഞ്ഞ കഥാപാത്രത്തിന്റെ കണ്ണുകളിൽ വറ്റാത്ത നീരുറവകൾ ഉണ്ടായിരുന്നുവെന്ന്, ഹൃദയത്തിലെവിടെയോ ആർദ്രതയുടെ മുത്തുകൾ സൂക്ഷിച്ചിരുന്നുവെന്ന് ഒരിക്കൽ നീത്താ തന്റെ യൗവ്വനം തുടിച്ചു നിൽക്കുന്ന പുഞ്ചിരിയോടെ പ്രസംഗിച്ചിരുന്നു. ഇന്ന് സദസ്സും കരഘോഷങ്ങളോന്നുമില്ലാത്ത ഏകാന്തതയിൽ, വിഷാദത്തിന്റെ പാരമ്യതയിൽ, കഥാപാത്രത്തിന്റെ വികാരങ്ങളെ അവർ സ്വയം ഏറ്റെടുത്തു.
തന്നെ നോക്കുന്ന പൂച്ചയെ കാണുമ്പോൾ അവരൊരു തേങ്ങലോടെ പറയും:
" എന്നെയിങ്ങനെ നോക്കുന്നതെന്തിന്? നിന്നെയൊരു പാഴ്ജന്മമാക്കി മാറ്റിയത് ഞാനെന്ന് കരുതിയോ ഈ നോട്ടം? തേവിടിശ്ശീ പറ.. നിന്റെ ഭ്രൂണ പിണ്ഡത്തെ ചുട്ടെരിച്ചത് ഞാനോ? പോ.. എന്നെ നോവിയ്ക്കാതെ പുറത്ത് പൊയ്ക്കോ ..ദൈവമേ! ഈ പൂച്ചയ്ക്കിത്ര തിരിച്ചറിവുണ്ടായിരുന്നു എന്ന് ആരു കണ്ടു!"
അപ്പോൾ പല്ലവി മനസ്സിൽ ചിരിയൊതുക്കും.
" ഇതു നല്ല കൂത്ത്. ഭ്രാന്ത് പിടിച്ചാൽ മനുഷ്യർ ഇങ്ങനെയുമുണ്ടോ! പെറാൻ പോണില്ലെന്ന് ആ പൂച്ചയ്ക്കെങ്ങനെയറിയാം?എന്തായാലും അന്ന് ചെയ്തത് നന്നായി. അല്ലെങ്കിൽ അതിന്റെ പേറുകൂടി ഞാനെടുക്കേണ്ടി വന്നേനെ!"
മണി നാലടിച്ചു.
ചായ ഉണ്ടാക്കാനായി കെറ്റിലിൽ വെള്ളം നിറച്ച്, സ്വിച്ച് ഓൺ ചേയ്തതിനു ശേഷം പല്ലവി പതിവുപോലെ ലാൻഡ് ഫോണിൽ നിന്ന് അടുത്ത വീട്ടിൽ ജോലി ചെയ്തിരുന്ന കൂട്ടുകാരിയെ വിളിച്ചു.
" കിളവിക്കിന്നല്പം കൂടുതലാ. ഒരേ നിലവിളിയും പിച്ചും പേയും പറച്ചിലും. ഉച്ചയ്ക്കും ഒന്നും കഴിച്ചില്ല. കുറച്ചു ദിവസമായി ഏതോ ഒരുത്തിയ്ക്ക് എത്ര മക്കളുണ്ടായിരുന്നു എന്നും ചോദിച്ചു കൊണ്ടാണിരിപ്പ്. അങ്ങനെയൊരുത്തി ഇവിടെങ്ങും ഉള്ളതായി എനിക്കറിയില്ല. ബോംബെയിലോ മറ്റോ ഉള്ളതായിരിക്കും. കുറച്ചു ദിവസം മുമ്പ് പറയേണ് ഡാക്കിട്ടർ പണ്ടുപയോഗിച്ച കത്തികളൊക്കെയെടുത്ത് കഴുകി വെടിപ്പാക്കി വയ്ക്കാൻ. വയസ്സാം കാലത്ത് കിളവി എന്തൊക്കെ ചെയ്തു കൂട്ടുമോ ആവോ? ഇങ്ങനെ കെടന്ന് നിലവിളിച്ചാ എന്ത് ചെയ്യും? നമ്മളെക്കൊണ്ട് കൈ കാര്യം ചെയ്യാൻ പറ്റണ കാര്യമാണായിത്? അമേരിക്കക്കാരികള് നാളെ വിളിക്കമ്പോ പറയണം. ആരെങ്കിലും വന്ന് നിൽക്കട്ടെ. സിന്ധുദുർഗില് ബന്ധുക്കളുണ്ടെന്ന് പറഞ്ഞിട്ട് ഒരു കച്ചിത്തുരുമ്പിന്റെ ഗുണമില്ല. ഒരു സഹകരണോല്ലാത്ത കൂട്ടങ്ങളും കുടുംബവും. അതെങ്ങനാ.. പണമുണ്ടായിട്ടെന്ത്? മനുഷ്യരായ നിലത്ത് ജീവിക്കണം"
പതിവ് സംഭാഷണം കഴിഞ്ഞ് പല്ലവി ചായയുണ്ടാക്കി ഫ്ലാസ്കിൽ പകർന്നു വച്ചു. മറ്റു ജോലികളെല്ലാം വേഗത്തിൽ തീർത്ത് കണ്ണാടിയുടെ മുന്നിൽ വന്ന് അണിഞ്ഞൊരുങ്ങി. പൂച്ച ജനാലയ്ക്കരികിൽ തന്നെയിരിപ്പുണ്ട്.
"നാനി ചായ കപ്പിലെടുത്ത് മേശപ്പുറത്ത് വച്ചിട്ടുണ്ട്. രാത്രിയിലേക്കുള്ള ബട്ടൂരെയും സോയാബീനുമുണ്ട്. പുറത്തേക്കൊന്നുമിറങ്ങണ്ടാട്ടോ.. കുറച്ചു കഴിഞ്ഞാൽ മഞ്ഞിറങ്ങും. നേരത്തെ ആഹാരം കഴിച്ചു കിടന്നോളു. ഞാനിറങ്ങുകയാണ്. വാതിലടച്ചേക്കു"
പൂച്ചയുടെ അടുത്ത് ചെന്ന് പല്ലവി അതിനെയെടുത്ത് നിലത്തു വിട്ടു.
" താഴെയിറങ്ങെടീ.. ഇനിയിതു കണ്ടിട്ടുവേണം അവരെന്റെ നേരെ ചാടി കടിക്കാൻ .തീറ്റിയെടുത്ത് ഫ്രിഡ്ജിനു താഴെ വച്ചിട്ടുണ്ട്. വിശക്കുമ്പോ പോയി കഴിച്ചോ"
ചുരിദാറിന്റെ ഷാൾ വലിച്ചിട്ട് പല്ലവി പുറത്തേക്കിറങ്ങി.
അസ്തമന സൂര്യന്റെ കിരണങ്ങൾ ബംഗ്ലാവിലേക്ക് എത്തിനോക്കി കൊണ്ടിരുന്നു. കുറച്ചു കഴിഞ്ഞപ്പോൾ നീത്തായുടെ മുറിയിൽ നിന്ന് വീണ്ടും തേങ്ങലുകൾ ഉയർന്നു കേട്ടു.
" ആരാത് പുറത്ത്? ബാൽറാമോ ? കാളകളെ പൂട്ടി വന്നിട്ട് ഇതുവരെ ഒന്നും കഴിച്ചില്ലേ? അവറ്റയ്ക്ക് കുറച്ചു ചോളം വെട്ടിക്കൊടുക്ക്. തുടർന്നവർ പുറത്തേയ്ക്ക് വന്ന് മേശപ്പുറത്തിരുന്ന ബട്ടൂരെയും കറിയും ഒരു പ്ലേറ്റിലെടുത്ത് പുറത്തേയ്ക്ക് പടിയിറങ്ങിച്ചെന്നു. ജനാലയ്ക്കരികിൽ ഇരുപ്പുറപ്പിച്ചിരുന്ന പൂച്ച അവരെ കണ്ടപ്പോൾ താഴേക്ക് ചാടി സോഫയ്ക്കടിയിലേക്ക് ഒളിച്ചു. കൈയ്യിൽ പ്ലേറ്റ് പിടിച്ചുകൊണ്ട് പാടത്തിന്റെ അതിരോളം ചെന്ന് നീത്താ ദൂരേയ്ക്ക് നോക്കി നിന്നു. മഞ്ഞിറങ്ങാൻ തുടങ്ങിയിരുന്നു. വീശിയടിച്ച ചെറുകാറ്റിൽ നരച്ച തലമുടി പാറിക്കളിച്ചു. ഏറെ നേരം അങ്ങനെ നോക്കി നിന്നശേഷം അവർ തിരികെ നടന്നു. മുറിയിലെത്തി, അലമാരയിൽ നിന്ന് താനെഴുതിയ പുസ്തകങ്ങളിൽ ചിലതെടുത്ത് മറിച്ച് നോക്കാൻ തുടങ്ങി.
സൂര്യൻ അസ്തമിച്ചു കഴിഞ്ഞിരുന്നു. മുറികളിൽ ഇരുട്ടു വീണപ്പോൾ കരച്ചിൽ ഉച്ചത്തിലായി. പിന്നെയവർ ആരോടെന്നില്ലാതെ പലതും സംസാരിച്ചുകൊണ്ടിരുന്നു.
" സ്വാതന്ത്ര്യം കിട്ടിയ നാളുകളിൽ ഗാന്ധിജിയുടെ മുന്നിൽ പൈശാചികമായൊരു മാക്ബത്ത്- ബാങ്കോ ഗെയിം!"
മറിച്ചു നോക്കിയ പുസ്തകങ്ങളിൽ താൻ പണ്ടെഴുതിയ രാഷ്ട്രീയ ചുവയുള്ള ലേഖനങ്ങൾ പ്രജ്ഞയിൽ കുഴഞ്ഞു മറിയുകയാണ്.
" സുഭാഷിനേയും വംശത്തേയും മുച്ചൂടും മുടിച്ചില്ലേ! ഒടുങ്ങിപ്പോ! അതാ വിഷലിപ്തമായൊരു കഠാര! അത് അധികാരചഷകത്തിൽ നിന്ന് മോന്തുന്നു.. മാറിപ്പോ! എന്നെ അലട്ടരുത്.."
കുറച്ചു നേരത്തെ നിശബ്ദതയ്ക്കുശേഷം വീണ്ടുമവർ തേങ്ങിക്കരഞ്ഞു കൊണ്ടിരുന്നു.
പൂച്ച ഇരുളടഞ്ഞ മുറികളിലെല്ലാം കയറിയിറങ്ങി റോന്തുചുറ്റിയതിനുശേഷം തിരികെ വന്ന് സോഫയിൽ കയറി നിവർന്നു കിടന്നു.
" അൻജൂ അൻവിയെ ഇങ്ങനെ ഓടിക്കാതെ! അവൾ വീഴും. ഒന്നിങ്ങു വരാമോ. അൻജുവിതാ മരത്തിൽ കയറുന്നു. പറഞ്ഞിട്ടനുസരിക്കുന്നില്ലാ.. അയ്യോ എന്റെ കുഞ്ഞ് കൺതുറക്കുന്നതിന് മുന്നേ പോയല്ലോ.. ദൈവമേ നോവിക്കാതെയെന്നെ കൊന്നുതരേണമേ! പൂച്ചേ നീ എങ്ങോട്ടെങ്കിലും പോയി രക്ഷപ്പെട്ടോ.. ഇവിടെ നിൽക്കേണ്ടാ.. ഓടി പൊയ്ക്കോ!"
കുറച്ചു കഴിഞ്ഞ് വലിയൊരു നിലവിളി കേട്ടു. പിന്നെ പതിയെയുള്ള തേങ്ങലും മൂളലും.
ഒരാൾ ഊക്കോടെ തലയടിച്ച് നിലത്തുവീഴുന്നതു പോലുള്ള ശബ്ദം കേട്ടാണ് പൂച്ച തലയുയർത്തി ചുറ്റും നോക്കിയത്. പിന്നെയത് വീണ്ടും ചുരുണ്ട് കിടന്നുറക്കമായി. കുറേ സമയത്തിനുശേഷം അതെണീറ്റ് മൂരി നിവർന്ന് കോട്ടുവായിട്ടു. അടുക്കളയിലേക്ക് ചെന്ന് ഫ്ലിഡ്ജിനു താഴെ പിഞ്ഞാണത്തിൽ വച്ചിരുന്ന ക്യാറ്റ്ഫുഡ് കഴിക്കാൻ തുടങ്ങി. മതിയായപ്പോൾ തിളങ്ങുന്ന കണ്ണുകളുമായി അത് വീണ്ടും മുറികളിൽ റോന്തുചുറ്റി. നീത്തായുടെ മുറിയിലേക്ക് കയറി നിലത്തെ തണുത്തുറഞ്ഞ ശരീരത്തിൽ വെറുതെ മുട്ടിയുരുമ്മി. നിലത്തെ രക്തം കാലുകളിൽ പുരണ്ടപ്പോൾ അതൊന്ന് മടിച്ചു നിന്നു. പിന്നെ മണത്തുനോക്കി കരുതലോടെ തളം കെട്ടിക്കിടന്ന രക്തത്തെ ചാടിക്കടന്ന് ഡൈനിംഗ് റൂമിലേക്ക് വന്നു. പുറത്ത് നിലാവുണ്ടായിരുന്നു. അത് വീണ്ടും ജനാലയിലേക്ക് കയറി ആകാശത്ത് മേഘശകലങ്ങൾ നീങ്ങി പോകുന്നത് കുറേ നേരം നോക്കിയിരുന്നു. പിന്നെ ഉറക്കച്ചടവോടെ സോഫയിലേക്ക് ചാടിയിറങ്ങി.
ഒരിക്കൽ നീത്താ, ഷേക്സ്പിയറുടെ വരികൾ പഠിപ്പിച്ചിരുന്നു.
" അവൾക്ക് ഇതിനുശേഷം മരിക്കാമായിരുന്നു. അതിനനുയോജ്യമായൊരു സമയവുമുണ്ടാകുമായിരുന്നു. നമ്മുടെ ഇന്നലെകളെല്ലാം പൊടിയണിഞ്ഞ മരണത്തിലേക്ക് വിഡ്ഢികൾക്ക് വിളക്കു കാണിച്ചുകൊടുക്കുകയാണുണ്ടായിട്ടുള്ളത്. ഹോ! അണഞ്ഞ് മുടിയ് ഹ്രസ്വമായ ജീവിതദീപമേ! ജീവിതം വെറുമൊരു വിഡ്ഢി പറഞ്ഞ കഥയത്രേ! ശബ്ദകോലാഹലങ്ങൾ നിറഞ്ഞ, മാനങ്ങളില്ലാത്ത ഒരു കഥ. എല്ലാ പെൺമനസ്സുകളിലും മാക്ബത്ത് പ്രഭ്വിയുടെ ഒരു ഛായ നിഴലിക്കുന്നില്ലേ? ഭർത്താവിന്റെ ധീരതയിൽ അഭിമാന പുളകിതയായി നിശബ്ദതയോടെ അദ്ദേഹത്തെ കാത്തിരിക്കുന്നവൾ. ആരും കാണാതെ കരയുന്നവൾ. ശപിക്കപ്പെട്ട ജീവിതത്തിലും പാൽ ചുരത്താൻ വെമ്പുന്നവൾ.. അന്ത്യ ശ്വാസം വരെ രാജാവിന് സാന്ത്വനമേകുന്നൊരു രാജ്ഞി. പിന്നെയവൾ മരണം പൂകി അജയ്യയാകും. അതിനായി അവൾ, തന്റെ ജീവിതനർത്തനങ്ങളിലെപ്പോഴെങ്കിലും ഒരു കൈക്കുമ്പിൾ നിറയെ ഹെംലോക്കോ, ഞരമ്പുകൾ വെട്ടിയൊഴുക്കാൻ ഒരു കഠാരയൊ കരുതി വയ്ക്കും. ആത്മാവുള്ള ഒരു കഠാര അവളുടെ കിടപ്പറയിൽ ഒളിച്ചിരിക്കും. ആജ്ഞയ്ക്കായി കാത്തിരിക്കും. പ്രജ്ഞയിൽ പതിയിരിക്കും"
നേരം പുലർന്നപ്പോൾ ലാൻഡ് ഫോണും മൊബൈലും തുടരെത്തുടരെ മുഴങ്ങിക്കൊണ്ടിരുന്നു. അമ്മ ഫോൺ എടുക്കാത്തതു കൊണ്ട് മക്കൾ വ്യാകുലപ്പെട്ടതാവണം. സൂര്യ രശ്മികൾ പതിച്ചപ്പോൾ പൂച്ച മെല്ലെ ഉണർന്നെണീറ്റ് താഴേക്ക് ചാടി അലമാരയുടെ അടുത്തേക്ക് ചെന്നു. പതിവില്ലാതെ ശവംതീനി ഉറുമ്പുകൾ വരിവയ്ക്കുന്നത് കണ്ട് അത് കൗതുകത്തോടെ അടുത്തേക്ക് വന്ന് മണത്തു നോക്കുകയും കൈ കൊണ്ട് തട്ടി നോക്കുകയും ചെയ്തു. രോമങ്ങൾക്കിടയിൽ ഉറുമ്പുകൾ പറ്റിപ്പിടിച്ചപ്പോൾ അത് കൈ കുടഞ്ഞ് ദൂരേക്ക് മാറി . പിന്നെ ജനാലയിലേക്ക് ചാടിക്കയറി, മരച്ചില്ലകൾ കാറ്റത്താടുന്നത് നോക്കിയിരുന്നു. പല്ലവി ഓടി വരുന്നത് കണ്ട് പൂച്ച കരഞ്ഞുകൊണ്ട് താഴേക്ക് ചാടി അടുക്കളയിലേക്ക് നടന്നു. പതിവായി കിട്ടാറുള്ള പാൽ നേരത്തെ കിട്ടും എന്നായിരിക്കണമതിന്റെ ചിന്ത.
ഒന്നു പറഞ്ഞാൽ ശരിയാണ്. നിഷ്കളങ്കയായ ഒരു സ്ത്രീയുടെ മനസ്സാക്ഷിയിൽ കേവലമൊരു മാർജ്ജാരവികാരം ആഴത്തിലുള്ള മുറിവുകൾ സൃഷ്ടിച്ചേക്കാം. പിന്നെയവൾ ജീവിതനാടകം അവസാനിപ്പിച്ച്, ദീപങ്ങൾ കെട്ടണഞ്ഞ്, വെറുമൊരു അഴുകിയ മാംസമായി, രാഷ്ട്രം അർപ്പിക്കാനിരിക്കുന്ന ഉപചാരങ്ങളേയും, ഒരു നെടുനീള പതാകയേയും, കുറച്ചു പുഷ്പത്തുണ്ടുകളേയും കാത്ത് പൊടി നിറഞ്ഞ ഭൂമിയിൽ കിടന്നേക്കാം.
നിരവധി തവണ കോളിംഗ് ബെല്ലിലും ഫോണിലുമൊക്കെ ശ്രമിച്ചതിന് ശേഷം പല്ലവി, ഭീതിയോടെ വാതിലിൽ മുട്ടിക്കൊണ്ടിരുന്നു.