തോമയുടെ ആകുലതകൾ
അമ്മച്ചി ഉണ്ടാക്കിയ ചായയും കുടിച്ചുകൊണ്ട്, തണുപ്പകറ്റി ഉമ്മറക്കോലായില്‍ തോമ അലസമായി പുറത്തേക്കു നോക്കി ഇരുന്നു. അടുക്കളയില്‍ നിന്നും വേവുന്ന കപ്പയുടെ കട്ടുമണം ഉമ്മറത്താകെ നിറഞ്ഞു. ചാരുകസേരയില്‍ ഒന്ന് നിവര്‍ന്നിരുന്നു, ചായക്കോപ്പ ചുണ്ടിനോട് മുട്ടിച്ചു. നല്ല മഞ്ഞുള്ള ദിവസം ആണ്.
മുറ്റത്ത് ചിക്കിച്ചികയുന്ന കരിങ്കോഴിപ്പിടച്ചികളെ അവന്‍ ശ്രദ്ധിച്ചു. നല്ല വില കൊടുത്തു വാങ്ങിയതാണ്. കരിങ്കോഴിയുടെ ഇറച്ചിക്കും മുട്ടക്കും നല്ല വില കിട്ടും. വീട്ടിലേക്കു നല്ലൊരു വരുമാനമാര്‍ഗ്ഗമാവും എന്ന ചിന്തയില്‍ തോമ അതിനെ പഞ്ചായത്തില്‍ നിന്ന് വാങ്ങിയതാണ്. കുറെ എണ്ണം ചത്ത് പോയി. ഇപ്പൊ രണ്ടെണ്ണമേ ബാക്കിയുള്ളൂ.
കോഴിയുടെ തൂവലുകളുടെ സൗന്ദര്യം ആസ്വദിച്ചുകൊണ്ടിരിക്കെ അപ്പന്‍ അകത്തുന്നു വിളിച്ചു പറഞ്ഞു "എടാ തോമാ... നീ ഇന്ന് വര്‍ക്കിച്ചന്റെ അടുത്ത് പോണില്ലേ". അസുഖങ്ങള്‍ ബാധിച്ചു തളര്‍ന്നു കിടപ്പിലായ അപ്പന്റെ സ്വരം തീരെ ബലഹീനമായിരുന്നു.
തോമയുടെ മുഖത്ത് ഒരു അലസത കലര്‍ന്ന നീരസഭാവം വിടര്‍ന്നു. അവന്‍ തല തിരിച്ചു കൊണ്ട് പറഞ്ഞു, "ആ പോകാം അപ്പാ".
വര്‍ക്കിച്ചന്‍ അവരുടെ ഒരു അകന്ന ബന്ധു ആണ്. വിദേശത്തേക്ക് പോകാനുള്ള വിസ ഏര്‍പ്പാടാക്കുന്ന ആരെയൊക്കെയോ വര്‍ക്കിച്ചന് പരിചയം ഉണ്ട്, തോമയെ വിദേശത്ത് കൊണ്ടുപോകാന്‍ വര്‍ക്കിച്ചന്‍ ശ്രമിക്കാം എന്ന് പറഞ്ഞിട്ടുള്ളതാണ്. തോമയുടെ അപ്പനുമായുള്ള ബന്ധത്തിന്റെ പേരിലാണ് വര്‍ക്കിച്ചന്‍ സഹായിക്കാമെന്നേറ്റത്.
തോമ കസേരയിൽനിന്നെണീറ്റ് അടുക്കളയിലേക്കു പോയി. അമ്മച്ചി പാത്രം കഴുകുന്നു.
"കഴിക്കാന്‍ എന്നാ അമ്മച്ചി.. കപ്പയാണോ" തോമ ചോദിച്ചു.
"ഹാ .. ഉച്ചക്ക് ഉണക്കമീന്‍ കൂടി ചുട്ടിടിക്കണം" എങ്ങോട്ടും നോക്കാതെ അമ്മച്ചി പറഞ്ഞു.
"കപ്പയും കട്ടന്‍ ചായയും ഒക്കെ തിന്നു നിനക്ക് ജീവിക്കാം. എനിക്കും ജീവിക്കാം. പക്ഷെ അപ്പന് ജീവിക്കണേല്‍ മരുന്ന് വേണം. വില കൂടിയ മരുന്നുകള്‍. അതിനെപറ്റി നിനക്ക് വല്ല ചിന്തയും ഒണ്ടോ എന്റെ തോമായെ?"
സംസാരം പുരോഗമിക്കുന്തോറും അമ്മച്ചിയുടെ ശബ്ദത്തിനു കാഠിന്യം കൂടി കൂടി വന്നു.
തോമ നഖം നടിച്ചുകൊണ്ട് അലക്ഷ്യമായി ചുവരുകളിലേക്ക് നോക്കി.
"എനിക്ക് വിചാരം ഒക്കെ ഒണ്ടമ്മച്ചി...ഇല്ലാത്ത കൊണ്ടാന്നോ ഞാന്‍ ഡിഗ്രി വരെ പഠിച്ചത്? അതിലൊക്കെ ഞാന്‍ വല്ല കുറവും വരുത്തിയിട്ടുണ്ടോ?"
പാത്രം കഴുക്ക് നിര്‍ത്തി തിരിഞ്ഞു നിന്നുകൊണ്ട് അമ്മച്ചി പറഞ്ഞു;
"വര്‍ക്കിച്ചയന്‍ ഇത് എത്രാമത്തെ തവണയാ വിളിക്കുന്നെന്ന് അറിയോ നിനക്ക്. നിന്റെ അപ്പന്റെ പേരിലാ അയാള് ഇതൊക്കെ ചെയുന്നെ.. അല്ലാതെ നിന്റെ കൊണം കൊണ്ടൊന്നുമല്ല...ഇതുപോലുള്ള അവസരം കിട്ടിയാല്‍ കളയുമോ ആരെങ്കിലും? നിനക്കൊന്നു പോയി നോക്കുകയെങ്കിലും ചെയ്തൂടെ?"
" അപ്പനോടുള്ള ബന്ധം കൊണ്ട് അയാള് എനിക്ക് വാഗ്ദാനം ചെയ്യുന്ന ജോലി ഒരു ജോലി ആണോ അമ്മച്ചി? വിദേശത്ത് കൊണ്ടുപോയി അയാള്‍ എന്ത് ജോലി തരുമെന്നാ? അയാള്‍ക്ക് അപ്പനെ അറിയാം, എന്നാ എന്നെ അറിയില്ലല്ലോ. ഞാന്‍ പഠിച്ചതുമായി യാതൊരു ബന്ധവുമില്ലാത്ത എന്തേലും ജോലി ആയിരിക്കും അയാള് തരിക. കാരണം, അയാള്‍ക്ക് അപ്പനോടുള്ള കടപ്പാട് വീട്ടാന്‍ ഉള്ള ഒരു മാര്‍ഗം മാത്രമാണ് ഞാന്‍. അങ്ങനെ അയാള്‍ക്ക് വഴിപാടു കഴിക്കാന്‍ എന്തിനാ അമ്മച്ചി ഞാന്‍ എന്റെ ജീവിതം തുലക്കുന്നെ?"
അമ്മച്ചി ഇഞ്ചിയും ഉള്ളിയും ചതയ്ക്കുവാനായി അരകല്ലില്‍ എടുത്തു വെച്ച് അമ്മിക്കല്ല് കൊണ്ട് ആഞ്ഞു ഒരു ഇടി ഇടിച്ചു. തോമായോടുള്ള ഇത്തിരി ദേഷ്യവും ആ ഇടിയിലുണ്ടായിരുന്നു. പിന്നാലെ, അമ്മിക്കല്ലു മുന്നോട്ടും പിന്നോട്ടും ആയുന്ന താളത്തില്‍ അമ്മച്ചി പറഞ്ഞു;
"നീ കരിങ്കോഴിയെ വളർത്താനെന്നും പറഞ്ഞു നടന്നിട്ട് എന്തായെടാ? വേലി കെട്ടാത്തത് കൊണ്ട് കുറുക്കനും കാട്ടുമാക്കാനും വന്നു പൊന്നിന്‍ വില കൊടുത്ത് വാങ്ങിയ കോഴികളെ പിടിച്ചോണ്ട് പോയി. ഓര്‍മയുണ്ടല്ലോ അല്ലേ. കൂടുതലൊന്നും പറയിപ്പിക്കരുത്. "
"അത് ആദ്യമായിട്ടൊരു കാര്യം തൊടങ്ങുമ്പോ.. ആര്‍ക്കായാലും എന്തേലുമൊക്കെ വീഴ്ച പറ്റുകേലെ അമ്മച്ചി...അല്ലേലും കോഴിവളർത്തലൊക്കെ വല്യ പാടാ...അതൊന്നും ഞാന്‍ ചെയ്ത ശെരിയാവുകേല..കോഴിയെ കണ്ടാല്‍ കുറുക്കന്‍ പിടിക്കും.. ഒടേ തമ്പുരാന്‍ കുറുക്കന് കൊടുത്ത ഭക്ഷണം ആണ് കോഴി. തമ്പുരാന്‍ എഴുതിയ നിയമത്തിനു മീതെ നമ്മള്‍ വേലി കെട്ടിയാല്‍ ശെരിയാകുമോ അമ്മച്ചി..."
അമ്മച്ചി കുറച്ചു നേരത്തേക്ക് ഒന്നും പറഞ്ഞില്ല, അരകല്ലില്‍ മാത്രം ശ്രദ്ധിച്ചു. അവസ്സാനം അരപ്പുവാരി കല്ലുകഴുകുമ്പോള്‍ അമ്മച്ചി പറഞ്ഞു " എനിക്ക് നിന്നെപ്പോലെ തത്വം പറയാനൊന്നും അറിയത്തില്ല. നിന്നെ പഠിപ്പിച്ച ടീച്ചര്‍മാരും നിനക്ക് വേദോപദേശം തന്ന പള്ളീലച്ചന്മാരുമൊക്കെ പറഞ്ഞിട്ടൊണ്ട്, സാമാന്യത്തില്‍ അധികം ബുദ്ധി ഉള്ളവനാണ് നീ എന്ന്. അതുകൊണ്ട് തന്നെയാണ് അപ്പന്‍ വയ്യാതെ കിടപ്പിലായത് പോലും വകവെയ്ക്കാതെ നിന്നെ ഡിഗ്രി പഠിക്കാന്‍ വിട്ടത്. അത് നീ മറക്കരുത് തോമാ..."
അധികം കേള്‍ക്കാന്‍ നില്‍ക്കാതെ തോമ ചായ ഗ്ലാസ് അമ്മച്ചിയുടെ അടുക്കല്‍ വെച്ച ശേഷം പിന്നാമ്പുറത്തെയ്ക്കിറങ്ങി. അമ്മച്ചി അപ്പോഴും അടുക്കളപ്പണിയില്‍ മാത്രം ശ്രദ്ധിച്ചു.
പറമ്പിൽ ഉണങ്ങിവീണ ഒരുതെങ്ങിൽ മടലെടുത്ത് ഓലക്കൂനയ്ക്ക് മുകളിൽ ചാരി പതിയെ കിണറ്റിന്‍ കരയിലേക്ക് അവൻ നടന്നു. ഇന്നലെ രാത്രി അവിടെ എങ്ങോ അലഞ്ഞു തിരിഞ്ഞ ഒരു പൂച്ചക്കുഞ്ഞിനെ തേടിയാണ് ഈ ചെറുയാത്ര. പൂച്ച താഴത്തെപ്പറമ്പിലെ പൊന്തക്കാട്ടില്‍ ഒളിച്ചിരിക്കുന്നു. കിണറിന്റെ അടുത്തായി ഒരു മാവും ഒരു ആഞ്ഞിലിയും ഇടതൂര്‍ന്നു തിങ്ങി വളര്‍ന്നു നില്‍ക്കുന്നുണ്ട്. അതിന്റെ ഒത്ത നടുവിലാണ് പൊന്തക്കാട്. മൂത്ത് പഴുത്ത ആഞ്ഞിലിച്ചക്ക നിലത്തു വീണു തല്ലിച്ചതഞ്ഞതിന്റെ ഗന്ധം അവിടെങ്ങും നിറഞ്ഞുനിന്നു.
തോമ പൊന്തക്കാടിനടുതെക്ക് നടക്കവേ അപ്പു ഓടി വന്നു. അയലത്തെ വീട്ടിലെ കുട്ടിയാണ് അപ്പു. വള്ളിക്കളസം ഇട്ട എട്ട് വയസ്സുകാരന്‍.
"തോമച്ചേട്ടോ.....പൂച്ചക്കുഞ്ഞിനു ജീവന്ണ്ടാ ?" ഭയം കലര്‍ന്ന ആകാംക്ഷയോടെ അവന്‍ ചോദിച്ചു.
അപ്പുവിന്റെ മനസ്സിലെ വേദന അവന്റെ മുഖത്ത് നിന്ന് തോമ വായിച്ചെടുത്തു.
ചിരിച്ചു കൊണ്ട് തോമ പറഞ്ഞു "ഹേയ്...നീയെന്നതാട ഈ പറയുന്നെ....പൂച്ചയോന്നും അങ്ങനെ പെട്ടന്ന് ചാവുകേല...അതിനൊക്കെ ഏതു അവസ്ഥയിലും ജീവിക്കാനുള്ള കഴിവ് തമ്പുരാന്‍ കൊടുത്തിട്ടൊണ്ട്"
അപ്പുവിന്‍റെ മുഖം അല്പം തെളിഞ്ഞു. തോമ അവന്റെ തോളില്‍ കൈ ചുറ്റി ചേര്‍ത്ത് നിര്‍ത്തി.
"ശബ്ദം ഒണ്ടാക്കരുത് കേട്ടോ "
തോമ ചെവിയും കണ്ണും കൂര്‍പ്പിച്ചു. അകത്തു പൂച്ചക്കുഞ്ഞു അവശനിലയില്‍ കിടക്കുന്നു. കണ്ണ് പാതി തുറന്നിട്ടുണ്ട്.
സ്വര്‍ണ നിറത്തിലുള്ള രോമങ്ങള്‍ ഏതാണ്ട് മുഴുവനായും കൊഴിഞ്ഞു തുടങ്ങിയിരിക്കുന്നു. പട്ടികളോ മറ്റു പൂച്ചകളോ കടിച്ചതാകാം, അതിന്റെ പള്ളയില്‍ ഒരു നീണ്ട വൃണവും ഉണ്ട്. എല്ലും തോലുമായ പൂച്ചക്കുഞ്ഞിനെ കണ്ടാല്‍ അത് ആഹാരം കഴിച്ചിട്ട് ദിവസങ്ങളായി എന്ന് ആര്‍ക്കും മനസിലാകും.
അപ്പുവിന്റെ കണ്ണുകള്‍ക്ക് ഇത് താങ്ങാവുന്നതിലും ഭേദമായിരുന്നു. അവന്‍ നിക്കറിന്റെ പോക്കറ്റില്‍ നിന്നും രണ്ടു ബിസ്ക്കറ്റ് എടുത്തു. " തോമച്ചേട്ടാ.....ഇത് കൊടുക്ക്, കഴിച്ചില്ലെങ്കി അത് ചാകും". അപ്പുവിന്റെ ശബ്ദം ഇടറി. തോമയെയും പൂച്ചയെയും അപ്പു മാറി മാറി നോക്കി. തോമ ബിസ്ക്കറ്റ് കൈയില്‍ പിടിച്ചു രണ്ടടി മുന്നോട്ടു നീങ്ങിയപ്പോള്‍ പൂച്ച കിടന്ന കിടപ്പില്‍ നിന്നെണീറ്റ് മാറിക്കിടന്നു. അതിന്റെ കണ്ണുകളില്‍ ഭയം നിഴലിച്ചു. ബിസ്ക്കറ്റ് ചെറുതായി അടര്‍ത്തി ഒരു കഷണം അതിന്റെ നേര്‍ക്കെറിഞ്ഞു കൊടുത്തു തോമാ. എണീറ്റ് നില്ക്കാന്‍ പോലും പ്രയാസപ്പെട്ടിരുന്ന പൂച്ചക്കുഞ്ഞ് , ഭയത്തിന്റെ ആധിക്യം കൊണ്ട് ചാടി മാറി. തോമയുടെ നേര്‍ക്ക് അത് ഇടറിയ ശബ്ദത്തില്‍ തന്നാലാവും ചീറുകയും ചെയ്തു. എന്നിട്ട് അല്പം കൂടെ പുറകിലേക്ക് മാറി പോന്തക്കാടിനുള്ളിലേക്ക് കയറിക്കിടന്നു.
നിസ്സഹായനായ തോമ പൊന്തക്കാടിലേക്ക് നോക്കി ദീർഘമായൊന്ന് നിശ്വസിച്ചു. അപ്പുവിന്റെ കണ്ണുകളില്‍ കണ്ണുനീര്‍ പൊടിഞ്ഞു തുടങ്ങിയിരുന്നു.
"ചെലപ്പോ കുറെക്കഴിഞ്ഞു നമ്മള്‍ പോയിക്കഴിയുമ്പോള്‍ അത് ആ ബിസ്കറ്റ് എടുത്തു തിന്നുമായിരിക്കും.." തോമ പറഞ്ഞു.
അപ്പു ചോദിച്ചു " എന്താ ഇപ്പൊ തിന്നാല്‍?"
"അത് പേടിച്ചു പോയി.. അതാ കാര്യം..ഞാന്‍ ബിസ്കറ്റ് എറിഞ്ഞപ്പോള്‍ കല്ല് എറിയുകയാന്നു കരുതിക്കാണും.. അതിനു എല്ലാരേയും എല്ലാത്തിനെയും പേടിയാ.." തിരികെ നടക്കുമ്പോള്‍ തോമ പറഞ്ഞു.
"അതിനു നമ്മള്‍ അതിനെ ഒന്നും ചെയ്യാന്‍ വന്നതല്ലലോ തോമാച്ചേട്ടാ ...നമ്മള്‍ അതിനെ രക്ഷിക്കുകയല്ലേ ചെയ്യുന്നേ..."
അപ്പു ആരോടെന്നില്ലാതെ പറഞ്ഞു.
"പക്ഷെ അത് നമുക്ക് അല്ലെ അറിയൂ. അതിനു അറിയില്ലാലോ..കാരണം അതിനു നമ്മളെപ്പോലെ വിവേകം ഇല്ല. കര്‍ത്താവു അങ്ങനെ അതിനെ സൃഷ്ട്ടിച്ചേക്കുന്നെ"
അത് പറഞ്ഞു കഴിഞ്ഞപ്പോള്‍ തോമയുടെ ഉള്ളില്‍ പരാജയബോധവും ദുഖവും, മാറി മാറി രൂപപെട്ടു. ദൈവത്തിന്റെ പ്രതിരൂപത്തില്‍ സൃഷ്ട്ടിക്കപെട്ടതാണ് മനുഷ്യന്‍. എന്നിട്ടും മനുഷ്യന് ചിലപ്പോള്‍ ഒരു പൂച്ചക്കുഞ്ഞിനെപ്പോലും രക്ഷിക്കാന്‍ കഴിയാന്‍ വയ്യാതെ നിസ്സഹായരാവുന്നത് എന്തുകൊണ്ടായിരിക്കും? എത്ര സങ്കീര്‍ണ്ണമാണ് ഈ ലോകവും ഇവിടുത്തെ ജീവിതങ്ങളും എന്ന് തോമ ഓര്‍ത്തു.
"നീ വീട്ടില്‍ പൊയ്ക്കോ.. നമുക്കിനി ഉച്ച കഴിഞ്ഞു നോക്കാം" അപ്പുവിനെ വീട്ടില്‍ പറഞ്ഞയയ്ക്കാന്‍ തോമ ശ്രമിച്ചു.
മനസ്സില്ലാമനസ്സോടെ അപ്പു പുറകിലേക്ക് നടന്നു. വീട്ടില്‍ പോകാതെ വീണ്ടും അവന്‍ ആ പൊന്തക്കാടിനടുത്തു ചെന്ന് ചുറ്റിപറ്റി നിന്നു.
തോമ വീണ്ടും ചാരുകസേരയിലമര്‍ന്നു. അപ്പോഴാണ് പടി കടന്നു അകത്തേക്ക് വരുന്ന പ്രകാശനെ തോമ കാണുന്നത്. പ്രകാശനും തോമയും സ്കൂളില്‍ ഒന്നിച്ചായിരുന്നു. പക്ഷെ പ്രകാശന്‍ പത്താം ക്ലാസ്സില്‍ വെച്ച് പഠിപ്പ് നിര്‍ത്തിയ ശേഷം അച്ഛന്റെ കൂടെ മരപ്പണിക്ക് പോയി.
"കേറി വാ പ്രകാശെ.. എന്നാ ഒണ്ടെട വിശേഷം..??"
തോമ ചോദിച്ചു.
പ്രകാശന്‍ തെളിഞ്ഞ മുഖഭാവത്തില്‍ പറഞ്ഞു.. "ഡാ ഞാന്‍ ഗള്‍ഫില്‍ പോകുവാ.. നമ്മടെ വര്‍ക്കിച്ചനില്ലേ.. അയാള്‍ ഏര്‍പ്പാടാക്കി തന്നതാ.. ഇത്തിരി കാശു കൈയിന്നു പോയി, എന്നാലും എനിക്ക് ഒരു ജോലി ശരിയായിട്ടുണ്ട്"
"എന്നാ ജോലിയാടാ" തോമ ചോദിച്ചു.
"മരപ്പണി തന്നാട.. ഒരു ഫാക്ടറില്"
തോമ പറഞ്ഞു " നല്ല കാര്യം.. പോയിട്ട് വാടാ"
പ്രകാശന്‍ പടിയിറങ്ങി.
അപ്പു അപ്പോഴും പൂച്ചയെ രക്ഷിക്കാന്‍ ശ്രമിക്കുകയായിരുന്നു. പൂച്ച വീണ്ടും വീണ്ടും പൊത്തിനുള്ളിലേക്ക് കയറിയിരുന്നു. എത്ര വെട്ടിയാലും വീണ്ടും വളര്‍ന്നു വരുന്ന പൊന്തക്കാടുകള്‍ പറമ്പിലാകെ നിറഞ്ഞു തിങ്ങുന്നതായി തോമ കണ്ടു. തന്‍റെ മാനസിക വ്യാപാരങ്ങളിലും തത്ത്വങ്ങളിലും മുഴുകി തോമ ചാരുകസേരയില്‍ വീണ്ടും അമര്‍ന്നിരുന്നു.