തിരുവാതിര ഞാറ്റുവേല
ചുമന്ന കനലിന്റെ മുകളിൽ ഇരുമ്പുഗ്രില്ലിന്റെ അകത്തിരുന്ന കോഴിക്കാലുകൾ വെന്തുവന്നു . പുറത്തു മഴ തകർക്കുകയാണ് . ഇടക്കിടയ്ക്ക് വീശുന്ന കാറ്റിൽ തെറിച്ചുവരുന്ന മഴത്തുള്ളികൾ പഴുത്തിരിക്കുന്ന കൽക്കരി അടുപ്പിൽ വീണു ആവിയായി പൊങ്ങി . കരിയാതിരിക്കുവാൻ ഗ്രില്ല് മറിച്ചുവയ്ച്ചു . കൂടെ ചെറിയ ബ്രെഷ് കൊണ്ട് ഒലിവു എണ്ണ തേയ്ച്ചു കൊടുത്തു . എണ്ണയും കോഴിയുടെ നെയ്യും താഴത്തേയ്ക്ക് പതിക്കുമ്പോൾ കനലുകളിൽ തീയാളി കെട്ടു .
മേശമേൽ ഇരിക്കുന്ന വയസ്സൻ സന്യാസിയുടെ തല തിരിച്ച് ഉള്ളിലെ ദ്രാവകം ഗ്ലാസ്സിലേയ്ക്ക് പകർന്നു . ഇരുണ്ട് ചുമന്ന ഇളം വെട്ടത്തിൽ തിളങ്ങുന്ന സന്യാസി കുളിർമയുള്ള ജലസ്പർശം കൊതിച്ച് ഗ്ലാസ്സിനടിയിൽ കിടന്നു . കാലു മുകളിലെ കൈപ്പിടിയിൽ കയറ്റിവയ്ച്ച ചാരുകസേരയിൽ നിവർന്നുകിടന്നു . വലിയമ്മാവന്റെയാണ് ചാരുകസേര . പണ്ട് ഉമ്മറത്തു ഗംഭീരത്തോടു വിലസിയിരുന്ന അംഗം . അച്ഛന്റെ അമ്മാവനെ കണ്ടിട്ടില്ല കേട്ട അറിവുമാത്രം . അന്ന് ആ കസേരയിൽ ഒന്ന് കയറാൻ കൊതിച്ചതിന്റെയും അതിനു സാഹസപ്പെട്ടപ്പോൾ കിട്ടിയ അടിയുടെയും മറ്റും കഥകൾ പറയുമ്പോൾ അച്ഛന് നൂറുനാവാണ് .
കമ്മ്യൂണിസ്റ്റായ അച്ഛന്റ കഥകളിലെ വിരസവും പരുക്കനുമായ സംഭവങ്ങളെക്കാൾ എന്നും കേൾക്കാൻ ഇഷ്ടപ്പെട്ടത് വലിയമ്മ വന്റെ കഥകളിലെ വീര്യവും നിറപ്പകുട്ടുകളുമായിരുന്നു. കൃഷിക്കാരനായായിരുന്നു അമ്മാവൻ . നീണ്ട് കിടക്കുന്ന വയലുകളും വിയർപ്പ് വിളയിച്ച കൃഷിയിടങ്ങളും പശുക്കൾ നിറഞ്ഞ തൊഴുത്തും വേലക്കാരും മക്കളും മരുമക്കളും ഭാര്യയും എല്ലാവരേയും ഭരിച്ച് കൊണ്ട് അമ്മാവനും.
രാവിലെ എഴുന്നേറ്റ് ഒരു പോക്കാണ് . വയലിലെ വെള്ളം തിരിക്കലും മട പൊട്ടലും കൃഷിയിടങ്ങളിലെ പന്നികുത്തിയതും എല്ലാം പരിഹരിച്ച് ചെറുമന്മാരെ ചീത്ത പറഞ്ഞ് വെയിൽ പതിയെ ഉറയ്ക്കും മുൻപ് വീട്ടിൽ തിരിച്ചെത്തും . ഒരു വലിയ പാത്രത്തിലെ പഴംങ്കഞ്ഞിയും മോരും അറയ്ക്കകത്ത് വലിയ അണ്ഡാവിൽ ഇട്ട് വയ്ച്ചിരിക്കുന്ന ചുമന്ന കണ്ണിമാങ്ങായിലൊന്നും കാന്താരി മുളകും കുട്ടി അമ്മായി അടുത്ത് കൊണ്ട് ചെന്ന് വയ്ക്കും . ഞെരടി വലിച്ചൊരു കുടിയുണ്ട്. കുടിച്ച് ഒരു ഏമ്പക്കവും വിട്ട് എഴുനേൽക്കുമ്പോൾ ദേഹം മുഴുവൻ വിയർപ്പ് തുള്ളികൾ നിറയും . വിശുപാളയും കൊണ്ട് വരാന്തയിലെ കസേരയിൽ അങ്ങ് കിടക്കും .
ആ കിടപ്പിലായിരിക്കും ദിവസത്തെ എല്ലാ തീരുമാനങ്ങളും എടുക്കുക . തെങ്ങ് കയറാൻ പോവണ്ട പറമ്പ് , അതിനുള്ള ആളുകൾ ,ചരക്കുകളുമായി ചന്തക്ക് പോകണ്ടവർ , വീട്ടിലെ അംഗങ്ങളുടെ അവലാതി കേൾക്കലും തിർപ്പും ... അങ്ങനെയങ്ങനെ ..
ആ ഇടയ്ക്കാണ് നാട്ടിൽ കരയോഗം ഉണ്ടാക്കാൻ പ്രമാണിമാർ മുമ്പോട്ടിറങ്ങിയത് . സാക്ഷാൽ മന്നത്ത് പദ്മനാഭനെ തന്നെ കൊണ്ട് വരാൻ തീരുമാനിച്ചു . തറവാടിനോടടുത്ത് കുറച്ച് സ്ഥലം വെട്ടിവെടുപ്പാക്കി ചാണകം മെഴുകി മേഞ്ഞു . മന്നം വരുന്ന സമയം അടുത്തു .തറവാട്ടിലെ കുട്ടികളും മുതിർന്നവരും അതിന്റെ ആഘോഷത്തിലാണ് . പല കൃഷിപ്പണികളും മുടങ്ങി . മന്നത്തോടെതിർപ്പില്ലങ്കിലും അംഗങ്ങളുടെ പുതിയ ശീലം അമ്മാവനു പിടിച്ചില്ല .അവസാനം മന്നം വന്ന് കരയോഗം കുടുന്നതിനിടയിൽ വന്ന അമ്മാവൻ കാണുന്നത് തുറന്ന് കിടക്കുന്ന തൊഴുത്തും തോടിയിലൂടെ നടക്കുന്ന പശുക്കളേയും ആണ് .ആരോ ധൃതിയിൽ അടയ്ക്കാൻ മറന്നതാണ് . കോപത്തോടെ കരയോഗത്തിലെത്തിയ അമ്മാവൻ പൊട്ടിത്തെറിച്ചു .ആ ഹാ മന്നത്തിനെയാണൊ വീട്ടിൽ കയറ്റിയത് ഞാനോർത്തു മന്ദത്തേയാണന്ന് . ആദ്യം ഒന്നമ്പരന്നു എങ്കിലും കാര്യങ്ങൾ മനസ്സിലായപ്പോൾ മന്നത്തിന് ചിരിയായി .തുടർന്നു സൗഹ്യദമായി .പിറ്റെ ദിവസം മന്നം ചങ്ങനാശ്ശേരിക്ക് മടങ്ങിയത് പിടിയരിക്ക് പകരം ഒരു കാളവണ്ടി നിറയേ സാധനങ്ങളുമായിട്ടായിരുന്നു .
അമ്മാവന്റ ഉച്ചയൂണ് വളരെ പ്രസിദ്ധമായിരുന്നു . അടുക്കളയിലൊ അകത്തോ ആയിരുന്നില്ല ഇരുപ്പ് .മുന്പിൽ വരാന്തയിൽ പലകയിട്ടിരിക്കും . ഇലയിൽ ഒരോന്ന് വന്ന് നിറയും കുറച്ച് ഒരുള ഉരുട്ടി ഇലയുടെ ഒരു ഭാഗത്ത് വയ്ക്കും. വീട്ടിലെ കുട്ടികളാണ് അതിന്റെ അവകാശികൾ .ഒരോരുത്തരായി വന്നെടുത്ത് തിന്നും. തീരെ ചെറിയ കട്ടികളാണങ്കിൽ വായിലിട്ട് കൊടുക്കും .അതിന്റെ പ്രത്യേക സ്വാദിന് അച്ഛൻ സാക്ഷി . ഊണ് കഴിക്കുമ്പോൾ പടിപ്പുര തുറന്ന് തന്നെ കിടക്കും . വരുന്ന എല്ലാവർക്കും അടുക്കള വശത്ത് ചോറുണ്ട് . അതും എല്ലാ വിഭവങ്ങളോടും കൂടി .
അമ്മാവൻ ഉണ്ടാക്കിയതിൽ പലതും നശിപ്പിച്ചതായിരുന്നു മുത്തമരുമകനായ അച്ഛൻ നാടു നന്നാക്കിയത് .കമ്മ്യൂണിസവും നിരീശ്വരവാദവും തലയ്ക്ക് പിടിച്ച് ഇടമറുകിനേയും kt തോമസിനേയും എല്ലാം ഒളിവിൽ താമസ്സിപ്പിച്ച തട്ടിൻപുറം .അവസാനം നമ്പൂരിപ്പാട് ഓലകൊടുത്ത് വിട്ട് അമ്മാത്തെ സ്വത്ത് ഭാഗിച്ച് സംരക്ഷിച്ചപ്പോൾ സ്വന്തം കാര്യം നോക്കാതെ കുടികിടപ്പുകാർക്ക് ഭാഗം കൊടുത്ത് ഒന്നുമല്ലാതെ നിന്ന അച്ഛൻ . തറവാടും അമ്മയുടെ കഴിവു കൊണ്ട് നേടിയ ഭൂമിയും മാത്രം ബാക്കി . ഒറ്റ മകനായ എനിക്ക് അതെല്ലാം തന്ന് കാലയവനികയിൽ മറഞ്ഞവർ . നഗരത്തിരക്കിൽ ഇടയക്ക് ഓടി ഒളിക്കാനുള ഒരു തുരുത്തായി തറവാടും ചുറ്റും കാടുപിടിച്ചു കിടക്കുന്ന ഭുമിയും.
പുറത്തെ മഴയൊന്നടങ്ങി .പക്ഷെ മനസ്സ് കലുഷിതമാണ്. കഴിഞ്ഞ കുറച്ച് ആഴ്ച സംഭവബഹുലമാണ് . ഓഫീസ് പ്രശ്നങ്ങൾ . ഡയറക്ടർക്ക് നഷ്ടമായ ഒരു ഡീലിന്റെ വിഷമം മുഴുവൻ തീർത്തത് എന്റെ മേൽ . ടാർഗറ്റ് എത്തിച്ചിട്ടും മീറ്റിംങ്ങിൽ ജൂനിയേഴ്സിന്റ മുമ്പിൽ വയ്ച്ചുള്ള അപമാനം . വലിയ പ്രശ്നങ്ങൾ മറയ്ക്കാൻ ചെറിയ പ്രശ്നങ്ങൾ ഉണ്ടാക്കി ശ്രദ്ധ തിരിക്കുക എന്ന പുതു മാനേജ്മെന്റ് കൗശലം ആണെന്ന് മനസ്സിലായായിരുന്നു . ക്ഷമ ശീലമായത് കൊണ്ട് എല്ലാം കേട്ട് തല കുനിച്ച് നിന്നു . മീറ്റിങ്ങ് കഴിഞ്ഞ് കാബിനിൽ ചെന്ന് പേപ്പർ നീട്ടിയപ്പോൾ ഡയറക്ടറുടെ മുഖത്തെ വിളർച്ച കണ്ടു .വായിച്ചു കഴിഞ്ഞപ്പോൾ രാജികത്തല്ല അവധി അപേക്ഷയാണന്ന് കണ്ട അശ്വാസം മുഖത്ത് . ആ അവധിയാണ് ഇപ്പോൾ അസ്വദിക്കുന്നത് . വയസ്സൻ സന്യാസിയുടേയും ചുട്ട കൊഴിയുടേയും വലിയമ്മാവന്റെ ഓർമ്മയുടെയും കൂടെ തറവാട്ടിൽ . സന്യാസിയെ ജലസ്പർശമില്ലാതെ അകത്താക്കി മൊരിഞ്ഞ കോഴിയുടെ കഷണം മേമ്പോടിക്ക് കൂടെപ്പോയി . മിന്നിക്കോണ്ടിരിക്കുന്ന മൊബെൽ ഫോൺ കൈയ്യിലെടുത്തു .
രാവിലെ എഴുനേറ്റപ്പോൾ രാത്രിയിലെ മഴ ചെറുതായ് തുവിക്കോണ്ടിരുന്നു . സൂര്യൻ മടിച്ച് മടിച്ച് ഒളിഞ്ഞ് നോക്കുന്നുണ്ട് . മേശമേൽ കാലിയായ കുപ്പിയും എല്ലിൻ കഷണങ്ങളും . എപ്പോഴാണ് ഉറങ്ങിയത് ? ഓർമ്മയില്ല .മൊബൈൽ വിറച്ച് കൊണ്ടിരിക്കുന്നു . മെസെജുകളാണ് . പതിയെ എടുത്തു . ഓഫീസ് ഗ്രൂപ്പാണ് . അണ് റീഡ് മേസ്സേജുകളുടെ ഒരു കൂട്ടം .എല്ലാവരും ചോദിക്കുന്നത് എന്റെ രാജിയേപ്പറ്റിയാണ് . ഞാനോ? രാജിയോ ? ഈ മെയിലിന്റെ സെൻറ്റ് ബോക്സിൽ കിടന്നിരുന്ന നെടുനീളൻ രാജികത്ത് ഇന്നലെ രാത്രിയിലെ സമയം കാണിച്ചു . ഡയറക്ടറുടെ മിസ്സ് കോളുകളും കൂട്ടുകാരുടെ മെസ്സേജുകളും അവഗണിച്ച് മൊബൈൽ ഓഫാക്കി. വീട് തുറന്ന് പുറത്തേയ്ക്കിറങ്ങി . മഴച്ചാറ്റലിനിടയിലുടെ വരുന്ന സ്വർണ്ണ സൂര്യരശ്മികൾ ... പക്ഷികൾ പറവകൾ ... ഇല മുറ്റി നില്കുന്ന മരങ്ങൾ .... തുമ്പയുടെ ഒരു കൊത്തിനു വേണ്ടി കൊതിക്കുന്ന ഭൂമി... നടക്കുമ്പോൾ നട്ടെല്ലിന് നല്ല ഉറപ്പുള്ള പോലെ തോന്നി . തലയ്ക്ക് നല്ല ഉയർച്ചയും . തൊഴുത്തിന്റെ ചാരത്ത് തൂക്കിയിട്ടിരുന്ന തുമ്പാവലിച്ചെടുക്കുമ്പോൾ മുകളിൽ നിന്ന് അനുഗ്രഹവർഷം പോലെ മഴ.