മുഖമില്ലാത്തവർ
ഒരു നാൾ, ഒരു രാത്രി, എന്റെ കട്ടിലിന്റെ ചുറ്റുനിന്നും നാലുപേർ എന്റെ അടുത്തുവന്നു. അരണ്ട വെളിച്ചത്തിലും അവരുടെ കയ്യിലുണ്ടായിരുന്ന യന്ത്രഭാഗങ്ങൾ അഴിച്ചെടുക്കാനുള്ള ഉപകരണങ്ങൾ ഞാൻ കണ്ടു.
അവർ എന്റെ അടുത്തേക്ക് വന്നു. രണ്ടുപേർ എന്റെ രണ്ടു ചെവികൾക്കും താഴെ ഉപകരണങ്ങൾകൊണ്ട് അഴിക്കാൻ തുടങ്ങി. ഒരാൾ നെറ്റിക്കുമേലെയും മറ്റൊരാൾ താടിക്കുതാഴെയും. കൺതുറന്നില്ലെങ്കിലും എല്ലാംഞാൻ കാണുന്നുണ്ടായിരുന്നു. എനിക്കു ചലിക്കാൻ കഴിയുന്നുണ്ടായിരുന്നില്ല. ഹൃദയമിടിപ്പുമാത്രം ഞാൻ അറിഞ്ഞു.
മുഖം പാതി ഇളകിത്തുടങ്ങി. അഴിക്കുന്നതിനിടയിൽ ഒരാൾ കുറച്ചു നേരം മാറിനിന്ന് ഒരു സിഗരറ്റുവലിച്ചു. വീണ്ടും അയാൾ അവരോടൊപ്പം കൂടി. ആരും പരസ്പരം സംസാരിച്ചതേയില്ല. കുറെ നേരത്തെ ശ്രമഫലമായി അവരെന്റെ മുഖം ഇളക്കിയെടുത്തു.
ഈ സമയമത്രയും എനിക്ക് വേദനിച്ചിരുന്നില്ല. അവർ എന്റെ മുഖം തിരിച്ചും മറിച്ചും നോക്കിയതിനുശേഷം ഒന്നും മിണ്ടാതെ നടന്നകന്നു.
ഞാൻ അഗാധ ചിന്തയിലാണ്ടു. എന്റെ പ്രശ്നം നാളെ മുതൽ ഞാൻ എങ്ങനെ പുറത്തേക്കിറങ്ങും, എങ്ങനെ ജനങ്ങളെ അഭിമുഖീകരിക്കും എന്നായിരുന്നു. അവരെന്നെ കൂട്ടമായി നിന്നു പരിഹസിക്കും. സമൂഹത്തിൽ നിന്നും ഒറ്റപ്പെടുത്തും, തീർച്ച.
രാവിലെ എണീറ്റു കുറെ നേരം മുകളിലേക്കു നോക്കി കിടന്നു. പിന്നെ മെല്ലെ എണീറ്റു കണ്ണാടിയിൽ നോക്കി. മുഖം നഷ്ടപ്പെട്ട എന്റെ തലയുടെ മുൻഭാഗം ഞാൻ കണ്ടു. ഏതൊരാൾക്കും അവജ്ഞ തോന്നുന്ന തരത്തിൽ വികൃതമായ മുഖം.
മടിച്ചു മടിച്ചു ഞാൻ വസ്ത്രം മാറി ഓഫീസിൽ പോവാൻ തയ്യാറായി. പക്ഷെ തെരുവിന്റെ ഓരത്തു ബസ് കാത്തു നിൽക്കുമ്പോഴും ആരും എന്നെ ഗൗനിച്ചതേയില്ല. അവരുടെയൊക്കെ മനസ്സുകൾ വേറെയെവിടെയൊക്കയോ ആയിരുന്നു. പരിഭ്രമത്താൽ തെരുവിന്റെ ഒരു ഓരത്ത് ഞാൻ പതുങ്ങി നിന്നു. ബസ് കാത്തു നിൽക്കുന്നവരിലും, വഴിയിലൂടെ നടന്നു പോകുന്ന പലർക്കും മുഖമില്ലായിരുന്നു എന്നത് അപ്പോഴാണു ഞാൻ ശ്രദ്ധിച്ചത്. ഒരു ചമ്മലോ പതർച്ചയോ ഇല്ലാതെ അവർ എന്റെ മുന്നിലൂടെ കടന്നു പോയ്കൊണ്ടിരുന്നു. ചാടി കുതിച്ചു വന്ന ബസിലെ ഡ്രൈവർക്കും മുഖമുണ്ടായിരുന്നില്ല. ക്ളീനർക്കും കണ്ടക്റ്റർക്കും മുഖം പാതി മാത്രം. യാത്രക്കാരിൽ ഭൂരിഭാഗത്തിനും മുഖമുണ്ടായിരുന്നില്ല.
എങ്ങനെയോ കൈവന്ന ആത്മവിശ്വാസം കൈമുതലാക്കി ഞാൻ എന്റെ മുഖമില്ലാത്ത തലയുയർത്തി ബസിലെ ഒഴിഞ്ഞ സീറ്റിൽ അമർന്നിരുന്നു. ബസിന്റെ സീറ്റിലിരുന്നു പുറത്താക്കു നോക്കി ഇരിക്കുമ്പോഴും വഴിയരികിലൂടെ പോകുന്നവരുടെ മുഖം ഞാൻ ശ്രദ്ധച്ചതേയില്ല.
ഓഫീസിലെത്തിയപ്പോഴേക്കും ഞാനക്കാര്യങ്ങളെല്ലാം മറന്നിരുന്നു. മുഖമുള്ളതും ഇല്ലാത്തതും എന്നെ സംബന്ധിച്ചു ഒരു പ്രശ്നമല്ലാത്ത രീതിയിൽ ഞാൻ എന്റെ ജോലിയിലേക്കു കടന്നു.