Kadhajalakam is a window to the world of fictional writings by a collective of writers

ലാസറേട്ടന്റെ ഒപ്പീസ്

ലാസറേട്ടന്റെ ഒപ്പീസ്

കഴിഞ്ഞ രാത്രിയിലും ഞാൻ കേട്ടു. പണ്ടെന്നോ മരിച്ചു പോയ ലാസറേ ട്ടന്റെ പാട്ട് . പാട്ടെന്ന് പറയാൻ കഴിയില്ല മരിച്ചവർക്ക് വേണ്ടി പാടുന്ന ഒപ്പീസിന്റെ വരികൾ . അതെ കൃത്യമായി പറഞ്ഞാൽ ലാസറേട്ടൻ മരിച്ചിട്ട് അടുത്ത മാസം പന്ത്രണ്ട് വർഷം തികയും .പക്ഷേ ഇപ്പോഴും പല രാത്രികളിലും ലാസറേട്ടന്റെ ഒപ്പീസ് ഞാൻ കേൾക്കാറുണ്ട് . ഞാൻ മാത്രമായിരിക്കില്ല എന്റെ അയൽപക്കക്കാരും അങ്ങനെ തന്നെയായിരിക്കും .
ഞാൻ സ്കൂളിൽ പഠിക്കുന്ന സമയം . പഠിക്കാൻ ആഗ്രഹമുണ്ടായിട്ടും മനസ്സ് മറ്റെവിടെയോ അലഞ്ഞ് നടക്കുന്നതിനാൽ തുറന്ന് വച്ചിരിക്കുന്ന പുസ്തകത്തിലെ അക്ഷരങ്ങൾ  അഭിനേതാക്കളായും ക്രിക്കറ്റ് കളിക്കാരായും ആടിതിമിർക്കുകയാണ് . ഈ ക്രിക്കറ്റ് കളിക്കാർ മനോനിലയും സന്ദർഭവും അനുസരിച്ച് വേഷം മാറി ഫുഡ്ബോൾ കളിക്കാരുടെ നിക്കറും ബനിയനും എടുത്തണിയാറുണ്ട് . അതുപോലെ അഭിനേതാക്കൾ നാടകത്തിന്റെ തിരശീലവിട്ട് സിനിമയുടെ വർണ്ണങ്ങളും. അവസാനം ലാസറേട്ടന്റെ ഒപ്പീസ് അകലെ നിന്നും കേൾക്കാൻ തുടങ്ങുമ്പോൾ അമ്മ പറയും "മതിയെടാ പഠിച്ചത്  പുസ്തകം അടച്ച് വച്ചിട്ട് പോയി കിടക്കാൻ നോക്ക് . രാവിലെ കുറച്ച് നേരത്തേ എണീറ്റാൽ മതി"

അത് കേൾക്കേണ്ട താമസം പുസ്തകം മടക്കി കട്ടിലിൽ കയറി പുതപ്പ് പുതയ്ക്കുമ്പോൾ ലാസറേട്ടന്റെ ഒപ്പീസ് അടുത്തു കൂടി പോകുന്നതായിട്ട് കേൾക്കാം .

പലപ്പോഴും ആലോചിച്ചിട്ടുണ്ട് എന്തിനാണ് ലാസറേട്ടൻ ഇങ്ങനെ ഒപ്പീസ് പാടുന്നതെന്ന് . മലയാളത്തിൽ എത്രയോ നല്ല നാടക ഗാനങ്ങളുണ്ട് അല്ലെങ്കിൽ എത്രയോ  സിനിമാ ഗാനങ്ങളുണ്ട് . അതു വല്ലതും പാടുകയാണെങ്കിൽ കേൾക്കാനും എത്രയോ സുഖം .ഒപ്പീസ് കേൾക്കുമ്പോഴേ പേടിയാകും . ആ പേടിയിൽ തന്നെ മരിച്ചു പോയ അല്ലെങ്കിൽ ഞാൻ കണ്ടിട്ടുള്ള ശവശരീരങ്ങളെല്ലാം മനസിൽ ഓടിയെത്തും . പിന്നെ കഴുത്തിൽ കിടക്കുന്ന കൊന്തയിൽ പിടിച്ചു കൊണ്ട് കണ്ണിറുക്കിയടച്ച് ഉറങ്ങാൻ ശ്രമിക്കും . ഒരു ദിവസം വീടിനടുത്തുള്ള രാമൻ കൊല്ലന്റെ ആലയിൽ രാമൻ കൊല്ല ന്റെ പണിയും നോക്കി ഇടയ്ക്ക് മിന്നായം പോലെ എന്നെ എത്തി നോക്കാൻ വരുന്ന പാറുക്കുട്ടിയെയും നോക്കി അങ്ങനെയിരിക്കുംമ്പോൾ അതിലെ ലാസറേട്ടൻ പോകുന്നത് കണ്ട് ഞാൻ രാമൻ കൊല്ലനോട് എന്റെ മനസ്സിൽ തഴച്ചുവളരുന്ന ആ സംശയം ചോദിക്കുകയുണ്ടായി .

"എന്താ രാമേട്ടാ ഈ ലാസറേട്ടൻ  രാത്രിയാകുംമ്പോൾ ഒപ്പീസും പാടി പോകുന്നത് .....?"

രാമൻ കൊല്ലൻ എന്നെ നോക്കിച്ചിരിച്ചു.

"നിനക്ക് ലാസറിന്റെ കഥയൊന്നും അറിയില്ലേ .....?"

" കുറച്ചൊക്കെ ഞാൻ കേട്ടിട്ടുണ്ട് "

ശരിയാണ് ഞാൻ കുറച്ചൊക്കെ ലാസ റേട്ടനെപ്പറ്റി കേട്ടിട്ടുണ്ടായിരുന്നു . ലാസറേട്ടൻ ആറ്റു നോറ്റ് ഒരു കല്യാണം കഴിച്ചു .കല്യാണത്തിന്റെ പിറ്റേ ദിവസം ലാസറേട്ടന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചു പോയി . അന്നു മുതലാണ് ലാസറേട്ടൻ വയറ് നിറയെ പട്ടച്ചാരായവും അടിച്ച് രാത്രിയാകുംമ്പോൾ ഒപ്പീസ് പിടിക്കൊണ്ട് വഴിയിലൂടെ പോയിത്തുടങ്ങിയത് .

പക്ഷേ എന്ത് കൊണ്ടാണ് ലാസറേട്ടന്റെ ഭാര്യ അയാളെ ഉപേക്ഷിച്ച് പോയതെന്ന് എനിക്ക് മനസിലായിരുന്നില്ല .

" അതേ രാമേട്ടാ ..... ലാസറേട്ടന്റെ ഭാര്യ അയാളെ ഉപേക്ഷിച്ചതിനു ശേഷമാണല്ലോ അയാളിങ്ങനെയായത് .എന്തിനാണ് അവരങ്ങനെ ചെയ്തത് ....?"

എന്റെ ചേദ്യം കേട്ട് രാമൻ കൊല്ലൻ ഒന്നു ചിരിച്ചു. എന്നെ സൂക്ഷിച്ചു നോക്കിക്കൊണ്ട് അയാൾ പറഞ്ഞു .

''കുട്ടീ  ..... നിനക്ക് വലുതാവുമ്പോഴേ  അതെല്ലാം മനസിലാകു ."
എന്റെ സംശയങ്ങൾ ബാക്കിയാക്കി രാമൻ കൊല്ലൻ പറഞ്ഞൊഴിഞ്ഞു .

'ഒരു പക്ഷേ നഷ്ട വസന്തത്തെ മറക്കുവാനാണോ അശ്രുബിന്ദുക്കൾ തീർത്ത് ലാസറേട്ടൻ മുന്നിലെ റോസാപ്പൂക്കളെ മറയ്ക്കുന്നത് ....? അതിൽ നിന്നുമുള്ള ഒളിച്ചോട്ടത്തിൽ മരിച്ച ആത്മാക്കളുടെ സംരക്ഷണം തേടിയാണോ ഈ ഒപ്പീസുകൾ .....?'

പഠനത്തിനായി ഞാൻ വീട് വിട്ട് നഗരത്തിലേക്ക് പോയി . ഇടയ്ക്ക് അവധിക്ക് നാട്ടിൽ വരുമ്പോൾ ലാസറേട്ടനെ കാണാറുണ്ടായിരുന്നു . യാളുടെ ഒപ്പീസുകൾ കേൾക്കാറുണ്ടായിരുന്നു .

പീന്നീടെപ്പോഴാണ് ഞാനറിഞ്ഞത് ലാസറേട്ടന് ഒരു ഇരട്ടപ്പേരുള്ളത് . ' ഷണ്ഡൻ ലാസർ ' എന്ത് കൊണ്ടാണ് ലാസറേട്ടൻ ഇങ്ങനെ ആയി എന്നുള്ളതിന് നാട്ടുകാർ കണ്ടു പിടിച്ച ഉത്തരമായിരുന്നു ലാസറേട്ടന്റെ ആ ഇരട്ടപ്പേര് .

അടുത്ത അവധിക്ക് ഞാൻ നാട്ടിൽ വന്നപ്പോഴാണ് ലാസറേട്ടൻ മരിച്ചു പോയീന്നുള്ള സത്യം ഞാനറിയുന്നത് .കുടിച്ച് കുടിച്ച് ഒരു ദിവസം ഒപ്പീസും ചൊല്ലി വഴിയിലൂടെ ലാസറേട്ടൻ നടന്നു പോയതായി ആൾക്കാർ പറഞ്ഞിരുന്നു.  പിറ്റേ ദിവസം ലാസട്ടേന്റെ ഒപ്പീസ് കേൾക്കാതെ വന്നപ്പോൾ ആരോ അയാളെ അന്വേഷിച്ച് അയാളുടെ വീട്ടിലെത്തിയപ്പോഴാണ് കണ്ടത് ലാസറേട്ടൻ മരിച്ചു കിടക്കുന്നത് . വായിലൂടെയും മൂക്കിലൂടെയും ഉറുമ്പുകൾ അരിച്ചിറങ്ങുന്നുണ്ടായിരുന്നെന്ന് .

അന്ന് രാത്രിയിൽ എനിക്ക് ശരിക്കുറങ്ങാൻ കഴിഞ്ഞില്ല . വീട്ടിലെ എന്റെ മുറിയിൽ  ലാസറേട്ടന്റെ ഒപ്പീസ് കേൾക്കാതെ എങ്ങനെ ഉറങ്ങാൻ ....! ആദ്യമാദ്യം പേടി തോന്നിപ്പിക്കുമായിരുന്നെങ്കിലും പിന്നീട് ആ ഒപ്പീസുകൾ എനിക്കിഷ്ടമായി തുടങ്ങിയിരുന്നു.

ലാസറേട്ടനെ ഉപേക്ഷിച്ചു പോയ ആ സ്ത്രീ ഇപ്പോൾ എവിടെ ആയിരിക്കും ....? അവർ അറിയുന്നുണ്ടാകുമോ ലാസറേട്ടന് പിന്നീട് സംഭവിച്ചതെല്ലാം ....?

ഓർമ്മകൾക്ക് പിന്നിലേക്ക് ലാസറേട്ടനെയും അയാളുടെ ഒപ്പീസിനെയും തള്ളിവിട്ട് കുറച്ച് കഴിയുമ്പോഴാണ് എന്റെ ചാച്ചൻ മരിക്കുന്നത്. ചാച്ചനെ അടക്കാൻ സെമിത്തേരിയിൽ ഒപ്പീസ് ചൊല്ലുമ്പോൾ ഞാൻ കണ്ടു .... ചാച്ചന്റെ കുഴിയുടെ രണ്ട് നിര മുകളിൽ ലാസറേട്ടന്റെ കുഴിമാടം .

' നിങ്ങളെനിക്ക് ചെയ്തതിനെല്ലാം
മിശിഹാനാഥൻ പ്രതിഫലമേകും '

അന്നവിടെ കേട്ട ഒപ്പീസ് എനിക്ക് ഇന്നും കേൾക്കാം പക്ഷേ അത് പാടുന്നത് ലാസറേട്ടനാണെന്ന് മാത്രം.

ശ്വാനജന്മം

ശ്വാനജന്മം

ധർമ്മസങ്കടം

ധർമ്മസങ്കടം