ധർമ്മസങ്കടം
യുട്യൂബ് തുറന്ന്, വളരെ എളുപ്പത്തില്‍ ഉണ്ടാക്കാവുന്ന ഏതെങ്കിലുമൊരു പാചകത്തിന്‍റെ റെസിപ്പി പരതുകയായിരുന്നു ഞാന്‍. ഒന്നു രണ്ടു ഇടങ്ങളില്‍ ഒന്ന് കണ്ണുടക്കി നിന്നെങ്കിലും എന്തോ ഒന്നിന്‍റെ അപര്യാപ്തത എന്നെ അതില്‍ നിന്നൊക്കെ തള്ളി മുന്നോട്ടേക്ക് എറിഞ്ഞുകൊണ്ടിരുന്നു. അങ്ങനെ തട്ടിത്തട്ടി അവസാനം ഞാന്‍ എന്‍റെ ലക്ഷ്യത്തില്‍ എത്തിചേരുക തന്നെ ചെയ്തു.
പനീര്‍ ബട്ടര്‍ മസാല......
സുന്ദരിയായ ഒരു ചെറുപ്പക്കാരി ഷെഫ് സംരംഭത്തിന്‍റെ തുടക്കം എന്നപോലെ പനീര്‍ ചെറിയ സമചതുരത്തിലാക്കി മുറിച്ചെടുക്കാന്‍ തുടങ്ങിയിരിക്കുന്ന. ഇപ്പോള്‍.വെളുത്ത കൊച്ചു ക്യുബ് കളെ കട്ടിംഗ് ബോര്‍ഡിന്‍റെ മൂലയിലേക്ക് കയ്യിലിരുന്ന മൂര്‍ച്ചയേറിയ കത്തി കൊണ്ടു തട്ടിയൊതുക്കുമ്പോള്‍ അവളുടെ മുഖത്തു നിറഞ്ഞു കണ്ട ആത്മാര്‍ഥതയെ ഞാന്‍ മനസ്സുകൊണ്ടു അഭിനന്ദിച്ചു. പനീര്‍, വെജിറ്റേറിയന്‍മാരുടെ നോണ്‍വെജ് എന്നോര്‍ത്തു കൊണ്ട് ഞാന്‍ ആ റെസിപ്പി ഒന്നു മനസ്സിലേക്ക് എഴുതി ചേര്‍ക്കാന്‍ തയ്യാറെടുക്കുമ്പോള്‍ പുറത്തു കോളിംഗ് ബെല്‍ തുടരെ തുടരെ അടിക്കാന്‍ തുടങ്ങി.
വാതില്‍ തുറന്നപ്പോള്‍ ഒന്നിന് പിറകില്‍ ഒന്നായി കൃത്യമായി അകലം പാലിച്ചുകൊണ്ട് വരിവരിയായി മുറ്റത്തു നില്‍ക്കുന്നു കുറച്ചു പേര്‍. വെളുത്ത വസ്ത്രം ധരിച്ചിരുന്ന അവരുടെ എല്ലാം മുഖത്ത് വിരിഞ്ഞുകണ്ട മന്ദഹാസത്തിനും നല്ല തൂവെള്ള നിറമായിരുന്നു. ഒരുവന്റെ കൈയിലിരുന്ന തടിച്ച രശീതിബുക്കും പിന്നെ ഒരു പേനയും ഞാന്‍ ശ്രദ്ധിച്ചു.
"എന്തൊക്കെയാ മാഷെ....സുഖം തന്നെ അല്ലെ.."
ഇയാൾ നേതാവ് തന്നെ. ഞാന്‍ മനസ്സിലോര്‍ത്തു.
അയാള്‍ എന്തൊക്കെയോ പറഞ്ഞ് ഒരു ഇടവേളയ്ക്ക് എന്നപോലെ ഉറക്കെ ചിരിച്ചുകൊണ്ടിരുന്നു. ചോദ്യവും അതിനുള്ള ഉത്തരവും ഒന്ന് രണ്ടു പ്രാവശ്യം തനിയേയും പറഞ്ഞു കേട്ടു. എന്നിട്ട് അതില്‍ ആഹ്ളാദിച്ചിട്ടെന്നപോലെ നിരന്നു നില്‍ക്കുന്ന അണികളെ തിരിഞ്ഞുനോക്കി ചിരിച്ചുകൊണ്ടിരുന്നു. തങ്ങള്‍ മോശം ആവരുതെന്നു നല്ല ബോധ്യമുള്ളവരായിരുന്നു അണികള്‍, അതിനാല്‍ അവരും ചിരിയില്‍ പങ്കുചേര്‍ന്നു.
എനിക്കും ഇവിടെ ഒരു റോള്‍ വേണ്ടേ...വിട്ടുകൊടുക്കാന്‍ തയ്യാറല്ലാത്ത ഞാനും അവരെ നോക്കി ഒന്നു മന്ദഹസിച്ചു, എന്നിട്ട് ഇനിയെന്ത് എന്ന മട്ടില്‍ ബ്ലിംങ്ങസ്യ ഒരു നില്‍പ്പങ്ങ് നിന്നു.
പിന്നെ ഒരു ആംഗ്യഭാഷാപ്രകടനമാണ് അവിടെ അരങ്ങേറിയത്. നേതാവെന്ന് ഞാന്‍ മനസ്സില്‍ കരുതിയിരുന്ന കുറിയ മനുഷ്യന്‍ കണ്ണുകളെ ഒരു പ്രത്യേക തരത്തില്‍ ഒന്ന് വട്ടം കറക്കിയപ്പോള്‍ അതുവരെ അരങ്ങത്തു അപ്രധാനമായ വേഷം ചെയ്തിരുന്ന ഒരു നടന്‍ ഇപ്പോള്‍ പ്രധാന വേഷമണിഞ്ഞുകൊണ്ട്, ഇതുവരെ കയ്യില്‍ ഒളിച്ചും തെളിച്ചും പിടിച്ചിരുന്ന രെസീത്കുറ്റി എന്‍റെ മുന്നിലേക്കു നീട്ടി.
രംഗത്ത് ഇപ്പോള്‍ ഞാനും പ്രധാന നടനും രെസീത്കുറ്റിയും ഒരു കറുത്തനിറമുള്ള പേനയും മാത്രം. അപ്പോള്‍ പുറത്തു തെളിഞ്ഞ സ്ട്രീറ്റ് ലൈറ്റിന്‍റെ പ്രകാശത്തില്‍ ഞങ്ങള്‍ നാലുപേരും മാത്രമായി ഒരു വെള്ളിവെളിച്ചതിനകത്തു നിറഞ്ഞു നിന്നു. ബാക്ക്ഗ്രൌണ്ട് മ്യൂസിക് പോലെ നേതാവിന്‍റെ ഉറക്കെയുള്ള ചിരികള്‍ അപ്പോഴും ഉയര്‍ന്നുകേള്‍ക്കുന്നുണ്ടായിരുന്നു. അതിനിടയില്‍ ചിതറിവീണ ചില സംഭാഷണ ശകലങ്ങളില്‍ നിന്നും ജവാന്മാർ അമ്പലകമ്മറ്റിക്കാര്‍ ആണെന്ന് എനിക്ക് മനസ്സിലായി.
ഇതിനിടയില്‍ പ്രധാന നടന്‍ പേനയുടെ മൂടി മാറ്റി കയ്യില്‍ പിടിച്ച് രണ്ടടി പിറകോട്ടു മാറി, വില്ല് പോലെ അല്പം വളഞ്ഞുനിന്ന് ചിരി ഒട്ടും മായാതെ തന്നെ രെസീത്കുറ്റി എന്‍റെ മുന്നിലേക്കു വീണ്ടും നീട്ടി. ഞാന്‍ അപ്പോള്‍ പ്രസാദം തരുന്ന അമ്പലത്തിലെ പൂജാരിയെ ഓര്‍ത്തു. ഒരഞ്ചു നിമിഷങ്ങൾ ഞാൻ പ്രാർത്ഥനാനിമഗ്നനായി എല്ലാം മറന്ന് പിരിവുകാരുടെ തിരുമുൻപിൽ അങ്ങനെ നിന്നുപോയി. പിന്നെ പ്രസാദം വാങ്ങുന്ന ഭയഭക്തിബഹുമാനങ്ങളാൽ രണ്ടു കയ്യും നീട്ടി രെസീത്കുറ്റിയും പേനയും വാങ്ങി.
"എഴുതിക്കോ മാഷെ......"
എനിക്കുള്ള ഓര്‍ഡര്‍ ആണെന്ന് മനസ്സിലായി.
"എത്രയാ ഉദ്ദേശിക്കുന്നത്......"
വിനയത്തെ ശബ്ദത്തില്‍ അലിയിച്ചു ചേര്‍ത്തുകൊണ്ട് ഞാന്‍ ചോദിച്ചു.
അമ്പലത്തിന്‍റെ കാര്യമല്ലേ ...അപ്പോള്‍ ഇഷ്ടം പോലെ എഴുതിക്കോളു.....മടിക്കേണ്ട.."
ഇത്തവണ അനുമതി തന്നത് നേതാവ് തന്നെ...ശബ്ദഗാംഭീര്യത്തില്‍ നിന്നു തന്നെ ഞാൻ ആ ആജ്ഞ വേർതിരിച്ചറിഞ്ഞു.
എന്നാലും എത്ര കൊടുക്കേണ്ടി വരും?
ഈ ആഴ്ചത്തെ കണക്കില്‍ ഇത് ഉള്‍പ്പെടുത്തിയിരുന്നോ?
എന്ന രണ്ടു ചോദ്യങ്ങള്‍ എന്‍റെ തലയിലേക്ക് ഒരേ സമയം അടിച്ചുകയറിയതിനാല്‍ രണ്ടും ഉത്തരമില്ലാ ചോദ്യങ്ങളായി തലക്കുള്ളില്‍ കിടന്നു വട്ടം തിരിഞ്ഞുകൊണ്ടിരുന്നു. അടുത്തേക്ക് വരാന്‍ മടിച്ച് അകലെ മാറിനിന്നിരുന്ന ചിരിയെ അല്‍പനേരം കടമെടുത്ത് മുഖത്തു ഒട്ടിച്ചുവെച്ചുകൊണ്ട് ഞാന്‍ ആ രെസീത്കുറ്റിയെ ആകെ മൊത്തം ഒന്നുഴിഞ്ഞു.
ഉത്ഘാടനം എന്‍റെ കയ്യുകൊണ്ടാവണമെന്നുള്ള നേതാവിന്‍റെ അഭ്യര്‍ഥനയെ തള്ളിക്കളയാനാവാതെ ഞാന്‍ മുഴുത്ത ഒരു സംഖ്യ തന്നെ എഴുതിച്ചേര്‍ത്തു കൊണ്ട് രെസീത്കുറ്റി ഉത്ഘാടനം ചെയ്തതായി പ്രഖൃാപിച്ചു. തുക നോക്കി സംതൃപ്തനായ നേതാവ് അമ്പലത്തിലെ പുണ്യത്തെ ഒന്നാകെ ഭക്തന്‍റെ മേല്‍ ചൊരിയുന്നത് പോലെ എന്നെ നോക്കി വെളുക്കെ ചിരിച്ചു. ഒപ്പം അണികളും....ആദ്യമൊക്കെ ഇത്തിരി വിഷമം തോന്നിയെങ്കിലും പതിയെ ഞാനും അവരുടെ പൊട്ടിച്ചിരികളുടെ കൂടെക്കൂടി. അവർ ചിരിച്ചുകൊണ്ട് പുറത്തേയ്ക്കും ഞാൻ ചിരിമാഞ്ഞ മുഖവുമായി അകത്തേയ്ക്കും നീങ്ങി.
അപ്പോഴേക്കും ഹിന്ദിക്കാരി ചുള്ളത്തി പനീര്‍ ബട്ടര്‍ മസാല ഉണ്ടാക്കികഴിഞ്ഞിരുന്നു. ഞാൻ ഫ്രിഡ്ജിൽ നിന്ന് ചോറും ഇന്നലത്തെ രസവും പിന്നെ ഇത്തിരി അച്ചാറുമെടുത്ത് മൈക്രോവേവ് ലക്ഷ്യം വച്ച് നടന്നു.